പാല്‍ നിറഞ്ഞ് ചുരത്തി നില്‍ക്കുന്ന മുലക്കാമ്പിലേക്ക് തൊഴുത്തില്‍നിന്നും പരിസരങ്ങളില്‍നിന്നും കടന്നുകയറുന്ന ബാക്ടീരിയകളും ഫംഗസുകളും വഴിയും ചില സാംക്രമികരോഗങ്ങള്‍ കാരണവുമാണ് പശുക്കള്‍ക്ക് അകിടുവീക്കം ഉണ്ടാവുന്നത് എന്നാണ് നമ്മള്‍ പൊതുവെ കരുതുന്നത്. പശുക്കള്‍ക്ക് അകിടുവീക്കം പിടിപെടുന്ന വഴികള്‍

പാല്‍ നിറഞ്ഞ് ചുരത്തി നില്‍ക്കുന്ന മുലക്കാമ്പിലേക്ക് തൊഴുത്തില്‍നിന്നും പരിസരങ്ങളില്‍നിന്നും കടന്നുകയറുന്ന ബാക്ടീരിയകളും ഫംഗസുകളും വഴിയും ചില സാംക്രമികരോഗങ്ങള്‍ കാരണവുമാണ് പശുക്കള്‍ക്ക് അകിടുവീക്കം ഉണ്ടാവുന്നത് എന്നാണ് നമ്മള്‍ പൊതുവെ കരുതുന്നത്. പശുക്കള്‍ക്ക് അകിടുവീക്കം പിടിപെടുന്ന വഴികള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാല്‍ നിറഞ്ഞ് ചുരത്തി നില്‍ക്കുന്ന മുലക്കാമ്പിലേക്ക് തൊഴുത്തില്‍നിന്നും പരിസരങ്ങളില്‍നിന്നും കടന്നുകയറുന്ന ബാക്ടീരിയകളും ഫംഗസുകളും വഴിയും ചില സാംക്രമികരോഗങ്ങള്‍ കാരണവുമാണ് പശുക്കള്‍ക്ക് അകിടുവീക്കം ഉണ്ടാവുന്നത് എന്നാണ് നമ്മള്‍ പൊതുവെ കരുതുന്നത്. പശുക്കള്‍ക്ക് അകിടുവീക്കം പിടിപെടുന്ന വഴികള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാല്‍ നിറഞ്ഞ് ചുരത്തി നില്‍ക്കുന്ന മുലക്കാമ്പിലേക്ക് തൊഴുത്തില്‍നിന്നും പരിസരങ്ങളില്‍നിന്നും കടന്നുകയറുന്ന ബാക്ടീരിയകളും ഫംഗസുകളും വഴിയും ചില സാംക്രമികരോഗങ്ങള്‍ കാരണവുമാണ് പശുക്കള്‍ക്ക് അകിടുവീക്കം ഉണ്ടാവുന്നത് എന്നാണ് നമ്മള്‍ പൊതുവെ കരുതുന്നത്. പശുക്കള്‍ക്ക് അകിടുവീക്കം പിടിപെടുന്ന വഴികള്‍ പ്രധാനമായും ഇവ തന്നെയാണെങ്കിലും ഈ വഴികളിലൂടെ മാത്രമല്ല, തീറ്റക്രമത്തില്‍ പിഴവു വന്നാലും പശുക്കള്‍ക്ക് അകിടുവീക്കം പിടിപെടാം. 

ഈയിടെ പാലക്കാട് ജില്ലയില്‍ ഒരു ഡെയറി ഫാമില്‍ അഞ്ചോളം പശുക്കളില്‍ നിശബ്ദ അകിടുവീക്കം/സബ് ക്ലിനിക്കല്‍ മാസ്‌റ്റൈറ്റിസ് കണ്ടെത്തുകയുണ്ടായി. ലക്ഷണങ്ങള്‍ കാര്യമായി പുറത്ത് ശ്രദ്ധയില്‍പ്പെടുകയില്ലെങ്കിലും പാലിന്റെ അളവും ഗുണനിലവാരവും ക്രമേണ കുറഞ്ഞുവരുന്ന രീതിയിലുള്ള രോഗമാണ് സബ് ക്ലിനിക്കല്‍ മാസ്‌റ്റൈറ്റിസ്. ചികിത്സകള്‍ പലതും നല്‍കി, പരിപാലനക്രമങ്ങള്‍ മാറ്റി എങ്കിലും പ്രശ്‌നം മാറിയില്ല. ഒടുവില്‍ തീറ്റയില്‍ മാറ്റം വരുത്തിയതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്. പശുക്കള്‍ക്ക് നിത്യവും ഉയര്‍ന്ന അളവില്‍ നല്‍കിയിരുന്ന ഗുണമേന്മ കുറഞ്ഞ ബിയര്‍ വേസ്റ്റും കപ്പപ്പൊടിയും ആയിരുന്നു ഇവിടെ വില്ലന്‍. 

ADVERTISEMENT

എങ്ങനെയാണ് തീറ്റ അകിടുവീക്കത്തിന് കാരണമാവുന്നത്? ബിയര്‍ വേസ്റ്റും കപ്പപ്പൊടിയും വില്ലന്‍ ആയത് എങ്ങനെയാണ്? അതറിയണമെങ്കില്‍ പശുക്കളുടെ സബ് അക്യൂട്ട് റൂമിനെല്‍ അസിഡോസിസ് (സറ) എന്ന ഉപാപചയ രോഗാവസ്ഥയെ കുറിച്ച് അല്‍പം അറിയണം.

തീറ്റയും സറയും അകിടുവീക്കവും തമ്മിലെന്ത്?

സൂക്ഷ്മാണുക്കളുടെ സഹായത്തോടെ നാരുകള്‍ അടങ്ങിയ പരുഷാഹാരങ്ങള്‍ ദഹിപ്പിക്കുന്നതിന് വേണ്ടിയാണു കന്നുകാലികളുടെ ദഹനവ്യൂഹം തയാറാക്കപ്പെട്ടിരിക്കുന്നത്. അയവെട്ടല്‍ പ്രക്രിയയും 4 അറകളുള്ള ആമാശയ വ്യൂഹത്തിലെ ആദ്യ അറയായ റൂമെനിലെയും റെറ്റിക്കുലത്തിലേയും കോടാനുകോടി മിത്രാണുക്കളും ദിവസവും നൂറു ലീറ്ററിലധികം ഉല്‍പാദിപ്പിക്കപ്പെടുന്ന ഉമിനീരുമെല്ലാം നാരുകളുടെ സുഗമമായ ദഹനത്തിനുവേണ്ടിയും മാംസ്യനിര്‍മാണത്തിനുവേണ്ടിയും കന്നുകാലികള്‍ക്ക് പ്രകൃതി ഒരുക്കി നല്‍കിയ സംവിധാനങ്ങളാണ്. നാര് സമൃദ്ധമായി അടങ്ങിയ തീറ്റപ്പുല്ല്, വൈക്കോല്‍ തുടങ്ങിയ പരുഷാഹാരങ്ങള്‍ക്ക് പകരം ധാന്യപ്പൊടികള്‍, ബിയര്‍ വേസ്റ്റ്, കപ്പ വേസ്റ്റ് തുടങ്ങിയ നാരളവ് കുറഞ്ഞതും എളുപ്പം ദഹിക്കുന്നതും ഊര്‍ജ്ജസമൃദ്ധവുമായ സാന്ദ്രീകൃതതീറ്റകള്‍ അധിക അളവില്‍ പശുക്കള്‍ക്ക് നല്‍കുന്നത് ആമാശയ അറയായ റൂമെന്‍ അഥവാ പണ്ടത്തിലെ അമ്ലക്ഷാരനില 5.5 - 6 വരെ താഴുന്നതിന് ഇടയാക്കും. ഇത്തരം സാന്ദ്രികൃത തീറ്റകള്‍ നിത്യവും അധിക അളവില്‍ ഉള്‍പ്പെടുത്തുന്നതോടെ പണ്ടത്തിലെ അമ്ലനില ഈ നിരക്കില്‍നിന്നും മാറ്റമില്ലാതെ ഏറെ നേരം നിലനില്‍ക്കും. സബ് അക്യൂട്ട് റൂമിനെല്‍ അസിഡോസിസ് അഥവാ സറ എന്നാണ് അമ്ല നില ഉയര്‍ന്നുനില്‍ക്കുന്ന ഈ ഉപാപചയാവസ്ഥ അറിയപ്പെടുന്നത്. 

ആമാശയ അമ്ലത കൂടുതല്‍ സമയം ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യം റൂമെനില്‍ കാണപ്പെടുന്ന നാരുകളുടെ ദഹനത്തിന് സഹായിക്കുന്ന ബാക്റ്റീരിയകളും പ്രോട്ടോസോവകളും അടക്കമുള്ള മിത്രാണുക്കള്‍ നശിക്കുന്നതിനും ഉപദ്രവകാരികളായ ബാക്റ്റീരിയ അണുക്കള്‍ പെരുകുന്നതിനും ഇടയാക്കും. മാത്രമല്ല , അമിത അമ്ലത കാരണം പണ്ടത്തിലെ ദഹനപ്രക്രിയയില്‍ വലിയ പങ്ക് വഹിക്കുന്ന പണ്ടത്തിലെ പാപ്പില്ലകള്‍ എന്ന സൂക്ഷ്മ ആഗിരണ കോശങ്ങളുടെ ശക്തി ക്ഷയിക്കുകയും ക്ഷതമേല്‍ക്കുകയും ചെയ്യും. പണ്ടത്തില്‍ പെരുകുന്ന ഉപദ്രവകാരികളായ രോഗാണുക്കള്‍ ക്ഷതമേറ്റ പാപ്പില്ലകള്‍ വഴി രക്തത്തിലേക്കും അകിടുകള്‍ ഉള്‍പ്പെടെ മറ്റു ശരീര അവയവങ്ങളിലേക്കും കടന്നുകയറുകയും എക്‌സോടോക്‌സിനുകള്‍ എന്ന് പേരായ വിഷവസ്തുക്കള്‍ പുറന്തള്ളുകയും ചെയ്യും. ഒപ്പം പശുവിന്റെ സ്വാഭാവിക പ്രതിരോധ ശേഷി കുറയുകയും ചെയ്യും. ഇത് അകിടുവീക്കത്തിനും നിശബ്ദ അകിടുവീക്കത്തിനും വഴിയൊരുക്കുമെന്ന് പുതിയ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല കുളമ്പുകളുടെ നാശം അഥവാ ലാമിനൈറ്റിസ്, കരള്‍ നാശം, പാലില്‍ കൊഴുപ്പിന്റെ അളവ് കുറയല്‍, വന്ധ്യത തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും റൂമിനെല്‍ അസിഡോസിസ്  കാരണമാവും. പശുക്കളുടെ തീറ്റ ശാസ്ത്രീയവും സമീകൃതവും സന്തുലിതവുമാവേണ്ടത് അകിടുവീക്കം തടയാന്‍ പ്രധാനമാണെന്ന് ചുരുക്കം.

ADVERTISEMENT

അകിടുവീക്കം തടയാന്‍ തീറ്റയില്‍ ശ്രദ്ധിക്കേണ്ടത് 

പുല്ലും വൈക്കോലും അടക്കമുള്ള തീറ്റയെടുക്കുന്നത് ക്രമേണ കുറയല്‍, ഇടവിട്ടുള്ള വയറിളക്കം, ചാണകത്തില്‍ ദഹിക്കാതെ കിടക്കുന്ന തീറ്റയാവശിഷ്ടങ്ങള്‍, ചാണകം അയഞ്ഞും പതഞ്ഞ് കുമിളകളോടും കൂടി പുറത്തുവരല്‍, പാലിലെ കൊഴുപ്പ് ക്രമേണ കുറയല്‍, പശുക്കള്‍ക്ക് ക്ഷീണം, മെലിച്ചില്‍, കുളമ്പുകേട് തുടങ്ങിയവയെല്ലാം സബ് അക്യൂട്ട് റൂമിനല്‍ അസിഡോസിസ് എന്ന രോഗാവസ്ഥയുടെ സൂചനകളാണ്. സബ് അക്യൂട്ട് റുമിനല്‍ അസിഡോസിസും അതുകാരണം ഉണ്ടാവുന്ന ഒട്ടേറെ പ്രശ്‌നങ്ങളും തടയാന്‍ ഏറ്റവും പ്രധാനം തീറ്റക്രമീകരണം തന്നെയാണ്. ഈ മേഖലയില്‍ വിദഗ്ധരും അനുഭവപരിചയമുള്ളവരുമായ ആളുകളുടെ സഹായത്തോടെ പാലുല്‍പാദനത്തിന് അനുസരിച്ച് പശുക്കള്‍ക്ക് നല്‍കുന്ന സാന്ദ്രീകൃത തീറ്റകള്‍ ശാസ്ത്രീയവും സമീകൃതവും സന്തുലിതവുമായി ക്രമീകരിക്കണം. അധിക അളവില്‍ സാന്ദ്രീകൃതതീറ്റകള്‍ നല്‍കുന്നത് തീര്‍ച്ചയായും ഒഴിവാക്കണം. യൂറിയയുടെ അളവ് ഉയര്‍ന്ന, വില കുറഞ്ഞ തീറ്റകള്‍ കാലികള്‍ക്ക് വാങ്ങി നല്‍കുന്നത് ഒഴിവാക്കണം.

ഒരു പശുവിന് അതിന്റെ ശരീരഭാരത്തിന്റെ 3-3.8 ശതമാനം ഖരാഹാരം (ഡ്രൈമാറ്റര്‍) ദിവസവും തീറ്റയായി വേണ്ടതുണ്ട്. ഖരാഹാരത്തിന്റെ അടിസ്ഥാനത്തില്‍ ദിവസേന നല്‍കുന്ന തീറ്റയില്‍ പരുഷാഹാരങ്ങളും സാന്ദ്രീകൃതാഹാരങ്ങളും തമ്മിലുള്ള അനുപാതം 60:40 ആയി നിലനിര്‍ത്തണം. കൂടുതല്‍ സാന്ദ്രീകൃത തീറ്റ നല്‍കുന്ന 10-15 ലീറ്ററിന് മുകളില്‍ പാലുല്‍പാദനമുള്ള അത്യുല്‍പ്പാദനശേഷിയുള്ള പശുക്കളാണെങ്കില്‍ ഖരാഹാരത്തിന്റെ അടിസ്ഥാനത്തില്‍ തീറ്റയില്‍ ഏറ്റവും ചുരുങ്ങിയത് 50 ശതമാനം എങ്കിലും പരുഷാഹാരങ്ങള്‍ ഉള്‍പ്പെടുത്തണം. 

ഉദാഹരണത്തിന് പ്രതിദിനം പത്തു ലീറ്റര്‍ പാല്‍ ഉല്‍പദിപ്പിക്കുന്ന, 6 കിലോഗ്രാം കാലിത്തീറ്റ നല്‍കുന്ന (ശരീരസംരക്ഷണത്തിന് 2 കിലോഗ്രാം, ഉല്‍പ്പാദിപ്പിക്കുന്ന ഓരോ ഒരു ലീറ്റര്‍ പാലിനും 400 ഗ്രാം വീതം ആകെ 4 കിലോഗ്രാം, ഇങ്ങനെ പ്രതിദിനം മൊത്തം 6 കിലോ സാന്ദ്രീകൃത തീറ്റ) പശുവിന് 6 കിലോഗ്രാം (50 %) പരുഷാഹാരവും ഖരരൂപത്തില്‍ ലഭിക്കണം. ഒരു കിലോഗ്രാം പരുഷാഹാരം ഖരരൂപത്തില്‍ പശുവിന് ലഭിക്കണമെങ്കില്‍ പച്ചപുല്ലാണ് നല്‍കുന്നതെങ്കില്‍ 5 കിലോഗ്രാം എങ്കിലും നല്‍കണം. കാരണം പച്ചപ്പുല്ലില്‍ 20 ശതമാനം മാത്രമാണ് ഖരാംശമുള്ളത്, ബാക്കി 80 ശതമാനവും വെള്ളമാണ്. എന്നാല്‍ വെള്ളത്തിന്റെ അളവ് തീരെകുറഞ്ഞ സാന്ദ്രീകൃതാഹാരങ്ങളില്‍ 92-96 ശതമാനം വരെ ഖരപദാര്‍ഥങ്ങളാണ്. 6 കിലോഗ്രാം പരുഷാഹാരം ഖരരൂപത്തില്‍ ലഭിക്കണമെങ്കില്‍ 25-30  കിലോഗ്രാം എങ്കിലും തീറ്റപ്പുല്ല് പശുവിന് വേണമെന്ന് ചുരുക്കം.

ADVERTISEMENT

താല്‍ക്കാലികമായുണ്ടാവുന്ന പാലുല്‍പാദനവര്‍ധനയ്ക്കുവേണ്ടി അധിക അളവില്‍ ബിയര്‍ വേസ്റ്റ്, കപ്പപ്പൊടി, ചോളപ്പൊടി ഉള്‍പ്പെടെയുള്ള ധാന്യപ്പൊടികള്‍ തുടങ്ങിയ നാരളവ് കുറഞ്ഞതും എളുപ്പം ദഹിക്കുന്നതും ഊര്‍ജ്ജസമൃദ്ധവുമായ സാന്ദ്രീകൃതതീറ്റകള്‍ അധിക അളവില്‍ പശുക്കള്‍ക്ക് നല്‍കുന്നത് തീര്‍ച്ചയായും ഒഴിവാക്കണം. കാലിത്തീറ്റയായി നല്‍കുന്ന മാംസ്യസമൃദ്ധമായ പെല്ലറ്റ് അധിക അളവില്‍ നല്‍കുന്നതും അപകടം തന്നെ. ഒരു ദിവസം ആകെ നല്‍കേണ്ട സാന്ദ്രീകൃത തീറ്റ ഒറ്റയടിക്ക് നല്‍കാതെ രാവിലെയും വൈകിട്ടുമായി രണ്ടോ മൂന്നോ തവണകളായി വീതിച്ച് നല്‍കുക. തീറ്റപ്പുല്ല് ചാഫ് കട്ടറില്‍ ഇട്ട് അരിഞ്ഞ് സാന്ദ്രീകൃതത്തീറ്റയോടൊപ്പം ചേര്‍ത്ത് ടിഎംആര്‍ രൂപത്തില്‍ നല്‍കുന്നതും അസിഡോസിസ് പ്രതിരോധിക്കാന്‍ ഫലപ്രദമാണ്. എന്നാല്‍ തീറ്റപ്പുല്ല്, പൈനാപ്പിള്‍ ഇല തുടങ്ങിയ പരുഷതീറ്റകള്‍ അരിഞ്ഞു നല്‍കുമ്പോള്‍ തീരെ ചെറുതായി അരിയാതിരിക്കാന്‍ ശ്രദ്ധിക്കണം.

കറവപ്പശുക്കള്‍ക്ക് കൂടുതല്‍ പാല്‍ചുരത്താനായി രുചിയേറിയ, എളുപ്പം ദഹിക്കുന്ന, അന്നജപ്രധാനമായതും നാരളവ് കുറഞ്ഞതുമായ ഏത് സാന്ദ്രീകൃതതീറ്റ നല്‍കുമ്പോഴും അധിക ലാക്ടിക് അമ്ലം കാരണം ഉണ്ടാവുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതല്‍ എന്നനിലയില്‍ അപ്പക്കാരം (സോഡിയം ബൈ കാര്‍ബണേറ്റ്) നല്‍കാം. ആകെ സാന്ദ്രീകൃതതീറ്റയുടെ ഒരു ശതമാനം വരെ അപ്പക്കാരം നല്‍കാവുന്നതാണ്. പശുക്കളുടെ തീറ്റയില്‍ യീസ്റ്റ്, ലാക്ടോബാസില്ലസ് തുടങ്ങിയ മിത്രാണുക്കള്‍ അടങ്ങിയ ഫീഡ് അപ്പ് യീസ്റ്റ് പോലുള്ള പ്രോബയോട്ടിക് മിശ്രിതങ്ങള്‍ ഉള്‍പ്പെടുത്തുന്നതും അകിടുവീക്കം പ്രതിരോധിക്കാന്‍ ഫലപ്രദമാണെന്ന് പുതിയ ഗവേഷണങ്ങള്‍  പറയുന്നു. പ്രോബയോട്ടിക്കുകള്‍ തീറ്റയില്‍ ഉള്‍പ്പെടുത്തുന്നത് പണ്ടത്തിലെ മിത്രാണുക്കളുടെ സാന്ദ്രത കൂട്ടാനും ഉപദ്രവകാരികളായ അണുക്കളുടെ പെരുപ്പം തടയാനും  സഹായിക്കും. പണ്ടത്തിലെ അമ്ല-ക്ഷാര നിലയെ ക്രമീകരിച്ച് നിര്‍ത്താന്‍ സഹായിക്കുന്ന റെഡിമെയ്ഡ് റൂമന്‍ ബഫറുകളും ഇന്ന് വിപണിയിലുണ്ട്.

English summary: What causes mastitis in dairy cows?