മുടക്കുമുതൽ ഇരട്ടിയായി തിരിച്ചുനൽകും; വളർത്തുമൃഗങ്ങൾക്ക് പ്രോബയോട്ടിക്കുകള്‍ നല്‍കിയാല്‍ പലതുണ്ട് നേട്ടം
ആട്, പശു, എരുമ തുടങ്ങിയ അയവെട്ടുന്ന മൃഗങ്ങളുടെ ദഹനപ്രവര്‍ത്തനങ്ങളും പോഷകാഗിരണവും പ്രധാനമായും നടക്കുന്നത് സൂക്ഷ്മാണുക്കളുടെ സഹായത്തോടെയാണ്. പശുവിന്റെയും ആടിന്റെയുമെല്ലാം ആമാശയവ്യൂഹത്തിലെ ആദ്യ അറയായ പണ്ടം അഥവാ റൂമനില്‍ ദഹനപ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ നടത്തുന്നതിനായി അനേകലക്ഷം സൂക്ഷ്മാണുക്കളാണ്
ആട്, പശു, എരുമ തുടങ്ങിയ അയവെട്ടുന്ന മൃഗങ്ങളുടെ ദഹനപ്രവര്‍ത്തനങ്ങളും പോഷകാഗിരണവും പ്രധാനമായും നടക്കുന്നത് സൂക്ഷ്മാണുക്കളുടെ സഹായത്തോടെയാണ്. പശുവിന്റെയും ആടിന്റെയുമെല്ലാം ആമാശയവ്യൂഹത്തിലെ ആദ്യ അറയായ പണ്ടം അഥവാ റൂമനില്‍ ദഹനപ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ നടത്തുന്നതിനായി അനേകലക്ഷം സൂക്ഷ്മാണുക്കളാണ്
ആട്, പശു, എരുമ തുടങ്ങിയ അയവെട്ടുന്ന മൃഗങ്ങളുടെ ദഹനപ്രവര്‍ത്തനങ്ങളും പോഷകാഗിരണവും പ്രധാനമായും നടക്കുന്നത് സൂക്ഷ്മാണുക്കളുടെ സഹായത്തോടെയാണ്. പശുവിന്റെയും ആടിന്റെയുമെല്ലാം ആമാശയവ്യൂഹത്തിലെ ആദ്യ അറയായ പണ്ടം അഥവാ റൂമനില്‍ ദഹനപ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ നടത്തുന്നതിനായി അനേകലക്ഷം സൂക്ഷ്മാണുക്കളാണ്
ആട്, പശു, എരുമ തുടങ്ങിയ അയവെട്ടുന്ന മൃഗങ്ങളുടെ ദഹനപ്രവര്‍ത്തനങ്ങളും പോഷകാഗിരണവും പ്രധാനമായും നടക്കുന്നത് സൂക്ഷ്മാണുക്കളുടെ സഹായത്തോടെയാണ്. പശുവിന്റെയും ആടിന്റെയുമെല്ലാം ആമാശയവ്യൂഹത്തിലെ ആദ്യ അറയായ പണ്ടം അഥവാ റൂമനില്‍ ദഹനപ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ നടത്തുന്നതിനായി അനേകലക്ഷം സൂക്ഷ്മാണുക്കളാണ് ഇടതടവില്ലാതെ പണിയെടുക്കുന്നത്. ദഹനത്തെയും പോഷകനിര്‍മ്മാണത്തേയും സഹായിക്കുന്ന ഈ മിത്രാണുക്കളില്‍ 80 ശതമാനത്തോളം ബാക്ടീരിയകളാണ്. ബാക്കി 20 ശതമാനം പ്രോട്ടോസോവ ഇനത്തില്‍പ്പെട്ട സൂക്ഷ്മാണുക്കളും മിത്രാണുകുമിളുകളുമാണ്. പൂർണ്ണാരോഗ്യമുള്ള ഒരു പശുവിന്റെ പണ്ടത്തിൽ നിന്നും ശേഖരിക്കുന്ന ഒരു മില്ലിദ്രാവകത്തില്‍ ഒരു ലക്ഷം കോടിയിലധികം മിത്രാണുക്കളായ ബാക്റ്റീരിയകളും ഒരു ദശലക്ഷത്തിലധികം പ്രോട്ടോസോവകളും ഉണ്ടാവും എന്നാണ് ഏകദേശ കണക്ക്. ഇരുന്നൂറിൽ പരം ഇനം ബാക്ടീരിയകളും ഇരുപതിലേറെ ഇനം പ്രോട്ടോസോവകളും ഈ ലക്ഷോപലക്ഷം സൂക്ഷ്മാണുക്കളിലുണ്ട്. പണ്ടത്തില്‍ വച്ച് ഈ സൂക്ഷ്മാണുക്കള്‍ പെരുകുകയും പുതുക്കുകയും ചെയ്യും. കന്നുകാലികള്‍ക്ക് നല്‍കുന്ന പുല്ലും, പെല്ലറ്റും, പിണ്ണാക്കുമെല്ലാം തരാതരംപോലെ ദഹിപ്പിച്ച്, നാരുകളെ പലവിധ ഫാറ്റി അമ്ലങ്ങളായും മാംസ്യമാത്രകളെ സൂക്ഷ്മാണുമാംസ്യമാത്രകളായും (മൈക്രോബിയൽ പ്രോട്ടീൻ) പരിവര്‍ത്തനം ചെയ്ത് ആഗിരണം ചെയ്യാന്‍ പാകത്തിന് തയ്യാറാക്കി നല്‍കുന്ന ആമാശയത്തിനുള്ളിലെ ആത്മാർഥയുള്ള പാചകക്കാരാണ് ഈ മിത്രാണുക്കള്‍ എന്ന് ചുരുക്കം.
പണ്ടത്തിനുള്ളിലെ മിത്രാണുക്കളുടെ സേവനങ്ങൾ തീറ്റയുടെ ദഹനപ്രവർത്തനത്തിലും പോഷകനിർമാണത്തിലും മാത്രമായി ഒതുങ്ങുന്നതല്ല. ദഹനവ്യൂഹത്തിൽ ഉപദ്രവകാരികളായ അണുക്കളുടെ പെരുപ്പം തടയൽ, ദഹനവ്യൂഹത്തിലെ ശ്ലേഷ്മസ്തരങ്ങളെ ഉപദ്രവകാരികളായ അണുക്കളിൽ നിന്നും സംരക്ഷിക്കൽ , ആമാശയവ്യൂഹത്തിലെത്തുന്ന വിഷവസ്തുക്കളെ നിർവീര്യമാക്കൽ, ജീവകം ബി, ജീവകം കെ തുടങ്ങിയവയുടെ തുടർച്ചയായ ഉൽപാദനം, ശരീരത്തിന് പ്രതിരോധ ശേഷി നൽകൽ തുടങ്ങി മിത്രാണുക്കൾ കന്നുകാലികൾക്ക് നൽകുന്ന സേവനങ്ങളുടെ പട്ടിക വിപുലമാണ്. ഈ സൂക്ഷ്മാണുക്കൾ നിലനിൽക്കാനും അവയുടെ വംശവർധനയ്ക്കും വേണ്ടി ചില പ്രത്യേക സാഹചര്യങ്ങളും അത്യാവശ്യമാണ്. റൂമനിലെ അമ്ലത( PH) 6-7 ആയിരിക്കണം. ഊഷ്മാവ് 38-42 ഡിഗ്രി സെൽഷ്യസ് വേണം.
പണ്ടത്തിനുള്ളില്‍ ഉയര്‍ന്ന അളവില്‍ മിത്രാണുക്കള്‍ ഉണ്ടെങ്കില്‍ ദഹനപ്രവര്‍ത്തനവും പോഷകാഗിരണവും കൂടുതല്‍ കാര്യക്ഷമമായി നടക്കും. അത് കന്നുകാലികളുടെ വളര്‍ച്ചയിലും ഉല്‍പ്പാദനത്തിലുമെല്ലാം പ്രതിഫലിക്കും. പണ്ടത്തിനുള്ളില്‍ മിത്രാണുക്കളുടെ സാന്ദ്രത വർധിപ്പിച്ചാല്‍ അത് കന്നുകാലികളുടെ ആരോഗ്യത്തിനും ഉല്‍പ്പാദനത്തിനും ഏറെ ഗുണകരമാണന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. പണ്ടത്തിനുള്ളില്‍ സ്വാഭാവികമായി കണ്ടുവരുന്ന മിത്രാണുക്കളുടെ സാന്നിധ്യവും സാന്ദ്രതയും കൂടിയ അളവില്‍ ഉറപ്പുവരുത്തുന്നതിനായും, മിത്രാണുക്കൾ നശിച്ചുപോവുന്ന സാഹചര്യങ്ങളിൽ അവയുടെ സാന്ദ്രത വീണ്ടെടുക്കുന്നതിനായും കര്‍ഷകര്‍ക്ക് തങ്ങളുടെ ഉരുക്കള്‍ക്ക് നല്‍കുന്ന റെഡിമെയ്ഡ് മിത്രാണുമിശ്രിതമാണ് പ്രോബയോട്ടിക്കുകള്‍. ലാക്ടോബാസില്ലസ്, ബിഫിഡൊബാക്ടീരിയം, സക്കറോമൈസസ് / യീസ്റ്റ് തുടങ്ങിയ ബാക്ടീരിയകളാണ് പ്രോബയോട്ടിക് മിത്രാണുമിശ്രിതത്തിലെ പ്രധാന ഘടകങ്ങള്‍.
പശുക്കൾക്ക് പ്രോബയോട്ടിക്കുകള്‍ നൽകിയാൽ പലതുണ്ട് ഗുണങ്ങൾ
ഒരു വെടിക്ക് രണ്ടുപക്ഷി എന്നൊരു പഴഞ്ചൊല്ല് നമുക്കുണ്ട്. എന്നാല്‍, പ്രോബയോട്ടികളെ കുറിച്ചാണ് പറയുന്നതെങ്കില്‍ ഈ ചൊല്ലിന് ഒരല്‍പ്പം തിരുത്ത് വേണ്ടിവരും. പ്രോബയോട്ടിക്കുകള്‍ നല്‍കിയാല്‍ നേട്ടം ഒന്നും രണ്ടുമല്ല പലതാണ്. പ്രോബയോട്ടിക്കുകള്‍ നല്‍കി പണ്ടത്തിനുള്ളില്‍ മിത്രാണുക്കളുടെ സാന്ദ്രത വർധിപ്പിക്കുന്നത് കന്നുകാലികളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുമെന്നും, ഉല്‍പ്പാദനത്തെ ഉയര്‍ത്തുമെന്നും വിവിധ പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്. മിത്രാണുക്കളുടെ സാന്ദ്രത ഉയരുംതോറും തീറ്റപ്പുല്ലിൽ അടങ്ങിയ വിവിധതരം നാരുകളുടെ അരവും ദഹനവും കൂടുതല്‍ കാര്യക്ഷമമാവുകയും കറവപ്പശുക്കളില്‍ ഉല്‍പ്പാദനവും പാലിന്റെ ഫാറ്റ്, എസ്എൻഎഫ് ഉൾപ്പെടെ ഗുണനിലവാരം മെച്ചപ്പെടുകയും ചെയ്യും.
കാലിത്തീറ്റ / പെല്ലറ്റ്, ധാന്യപ്പൊടികൾ , ബിയർ വേസ്റ്റ് പോലുള്ള സാന്ദ്രീകൃത തീറ്റകള്‍ അധിക അളവില്‍ നല്‍കുമ്പോള്‍ കന്നുകാലികളുടെ ആമാശയത്തിലെ അമ്ലനില ഏറെ നേരം ഉയർന്നുനിൽക്കുന്നത് അത്യുൽപദനമുള്ള പശുക്കളിൽ പ്രധാനപ്പെട്ട ഒരു ഉപാപചയപ്രശ്നമാണ്. സബ് അക്യൂട്ട് റൂമിനെൽ അസിഡോസിസ് എന്നറിയപ്പെടുന്ന ഈ പ്രശ്നം ഉരുക്കളുടെ ആരോഗ്യത്തെ പലവിധത്തില്‍ ബാധിക്കും. വയറിളക്കം, ഇടക്കിടെയുള്ള അകിടുവീക്കം, പാലിൽ കൊഴുപ്പ് കുറയൽ, കുളമ്പുകൾക്ക് തേയ്മാനം തുടങ്ങി സബ് അക്യൂട്ട് റൂമിനെൽ അസിഡോസിസ് കാരണം ഉണ്ടാവുന്ന പ്രശ്നങ്ങൾ നിരവധിയുണ്ട്. ദഹനപ്രവർത്തനങ്ങൾ താറുമാറാകുകയും ചെയ്യും. സ്വാഭാവികമായി കാണുന്ന മിത്രാണുക്കൾ നശിക്കുന്നതിനും ഉപദ്രവകാരികളായ അണുക്കള്‍ പെരുകുന്നതിനും പണ്ടത്തിലെ ഉയര്‍ന്ന അമ്ലനില വഴിയൊരുക്കും. ഇത്തരം സാഹചര്യങ്ങളില്‍ ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാനും, അമ്ലനിലയിലുണ്ടാക്കാവുന്ന വ്യതിയാനങ്ങള്‍ ഒഴിവാക്കാനും ദഹനത്തിനാവശ്യമായ മിത്രാണുക്കളുടെ സാന്നിധ്യം ഉറപ്പാക്കാനും പ്രോബയോട്ടിക് മിശ്രിതങ്ങള്‍ നല്‍കാവുന്നതാണ്. ഗുരുതരമായ സംക്രമികരോഗങ്ങളിൽനിന്നും ചികിത്സയിലൂടെ രക്ഷപ്പെടുന്ന പശുക്കൾക്കും കിടാക്കൾക്കും ശരീരക്ഷീണം മറികടന്ന് പഴയ ആരോഗ്യവും ഉൽപാദനവും വീണ്ടെടുക്കാൻ പ്രോബയോട്ടിക്കുകൾ നൽകുന്നത് ഫലപ്രദമാണ്.
കന്നുകാലികള്‍ക്കാവശ്യമായ മാംസ്യത്തിന്റെയും ജീവകങ്ങളുടെ ഉല്‍പ്പാദകര്‍ കൂടിയാണ് മിത്രാണു സൂക്ഷ്മാണുക്കള്‍. അതിനാല്‍ ഇവയുടെ സാന്ദ്രത ഉയരും തോറും ആമാശയത്തിനുള്ളില്‍ പോഷകോല്‍പ്പാദനവും വർധിക്കും. വളര്‍ച്ചാപ്രായത്തിലുള്ള കിടാക്കളിലും, മാംസോല്‍പ്പാദനത്തിനായ വളര്‍ത്തുന്ന ഉരുക്കളിലും തീറ്റപരിവര്‍ത്തശേഷി ഉയർത്തുന്നതിനും ശരീരതൂക്കം വർധിപ്പിക്കുന്നതിനും മിത്രാണുമിശ്രിതങ്ങള്‍ മുതല്‍കൂട്ടാവും. കുഞ്ഞുപശുക്കിടാക്കളിലും ആട്ടിന്‍കുഞ്ഞുങ്ങളുമെല്ലാം കോളിഫോം പോലുള്ള ഉപദ്രവകാരികളായ ബാക്ടീരിയകള്‍ കാരണം ഉണ്ടാവുന്ന വയറിളക്കം തടയാന്‍ നല്‍കാവുന്ന പ്രതിരോധ മിശ്രിതം കൂടിയാണ് പ്രോബയോട്ടിക്കുകള്‍. തള്ളയിൽ നിന്നും കുഞ്ഞുങ്ങളെ വേർപിരിക്കൽ / വീനിങ് രോഗങ്ങള്‍, കാലാവസ്ഥയിലുണ്ടാവുന്ന മാറ്റങ്ങള്‍, ദീര്‍ഘദൂരയാത്ര തുടങ്ങിയ ഘടങ്ങള്‍ കന്നുകാലികളില്‍ ശരീരസമ്മര്‍ദ്ദമുണ്ടാക്കും. ഇത്തരം സമ്മര്‍ദ്ദം സാഹചര്യങ്ങള്‍ ഉല്‍പ്പാദനത്തെ ബാധിക്കുമെന്ന് മാത്രമല്ല രോഗാണുക്കളുടെ വളര്‍ച്ചയെ വേഗത്തിലാക്കുകയും ചെയ്യും. സമ്മര്‍ദ്ദമുണ്ടാവുന്ന ഇത്തരം സാഹചര്യങ്ങളെ തരണം ചെയ്യാന്‍ കന്നുകാലികളെ പ്രാപ്തമാക്കാന്‍ മിത്രാണു മിശ്രിതങ്ങള്‍ ഒരു പരിധിവരെ സഹായിക്കും.
പ്രോബയോട്ടിക്കുകൾ പശുക്കള്‍ക്ക് മാത്രമല്ല മറ്റു മൃഗങ്ങള്‍ക്കും
കന്നുകാലികളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണെങ്കിലും നായ, പന്നി, മുയൽ, കോഴികൾ തുടങ്ങിയ വളര്‍ത്തുജീവികളുടെ ദഹനപ്രവര്‍ത്തനങ്ങളിലും സൂക്ഷ്മാണുക്കള്‍ പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രോബയോട്ടിക് മിശ്രിതങ്ങള്‍ നല്‍കുന്നത് ഇവയ്ക്കും പ്രയോജനപ്രദമാവും. ബ്രോയിലര്‍ കോഴികളില്‍ തീറ്റപരിവര്‍ത്തനശഷി ഉയര്‍ത്തുന്നതിനും, വളര്‍ച്ചാനിരക്ക് വേഗത്തിലാക്കുന്നതിനും കുഞ്ഞുങ്ങളില്‍ മരണനിരക്ക് കുറയ്ക്കുന്നതിനും പ്രോബയോട്ടിക്കുകള്‍ തുണയാവും. മുട്ടക്കോഴികളിലാവട്ടെ മുട്ടയുല്‍പ്പാദനമികവാണ് പ്രോബയോട്ടിക്കുകൾ നല്‍കുന്ന ഗുണം. കോഴികള്‍ക്ക് മാത്രമല്ല ഓമനപക്ഷികള്‍ക്കും താറാവുകള്‍ക്കുമെല്ലാം മിത്രാണു മിശ്രിതങ്ങള്‍ നല്‍കുന്നത് എപ്പോഴും നേട്ടം തന്നെ. നായ, പന്നി, പൂച്ച, മുയല്‍ തുടങ്ങിയ വളര്‍ത്തുമൃഗങ്ങളില്‍ വളര്‍ച്ചനിരക്കും രോഗപ്രതിരോധ ഗുണവും മെച്ചപ്പെടുത്താന്‍ പ്രോബയോട്ടിക്കുകള്‍ ഉപയോഗപ്പെടുത്താം. പ്രത്യേകിച്ച് ശരീരസമ്മര്‍ദ്ദമുണ്ടാക്കുന്ന സമയങ്ങളില്‍ പ്രോബയോട്ടിക്കുകളില്‍ അടങ്ങിയ മിത്രാണുക്കള്‍ അരുമകളുടെ ആരോഗ്യസംരക്ഷകരായി മാറും.
പ്രോബയോട്ടിക്കുകളും, സിംബയോട്ടിക്കുകളും മുടക്കുമുതൽ ഇരട്ടിയായി തിരിച്ചുനൽകും
വളര്‍ത്തുമൃഗങ്ങള്‍ക്ക് നല്‍കാവുന്ന പ്രോബയോട്ടിക്കുകളില്‍ ഏറ്റവും പരിചിതമായതും, എളുപ്പത്തില്‍ ലഭ്യമായതും വീട്ടില്‍ ഉപയോഗിക്കുന്ന യീസ്റ്റ് ആണ്. പ്രോബയോട്ടിക് ആയി യീസ്റ്റ് ദിവസം 2 ഗ്രാം എന്ന അളവില്‍ കന്നുകുട്ടികൾക്കും അഞ്ച് ഗ്രാം അളവിൽ കറവയുള്ള പശുക്കള്‍ക്കും നൽകാം.
ലാക്ടോബാസില്ലസ്, ബിഫിഡൊബാക്ടീരിയം, പ്രൊപ്പിയോണി ബാക്ടീരിയ, യീസ്റ്റ് / സക്കറോമൈസസ് സെര്‍വീസിയ) തുടങ്ങിയ ഉപകാരികളായ അണുക്കളെ തരാതരം പോലെ ഉള്‍പ്പെടുത്തി തയാറാക്കിയ ഒട്ടേറെ റെഡിമെയ്ഡ് പ്രോബയോട്ടിക്കുകളും ഇന്ന് വിപണിയില്‍ സുലഭമായി ലഭ്യമാണ്. ഫീഡ് അപ് യീസ്റ്റ്, പീബയോട്ടിക്, എക്കോട്ടാസ് തുടങ്ങിയവയെല്ലാം ഇവയില്‍ ചിലതാണ്.
ഉപകാരികളായ പ്രോബയോട്ടിക് അണുക്കള്‍ക്കൊപ്പം അവയുടെ വളര്‍ച്ചയ്ക്കും പെരുക്കത്തിനും വേണ്ട അനുകൂല സാഹചര്യം ഒരുക്കി നല്‍കുന്ന പ്രീബയോട്ടിക് ഘടകങ്ങളും എന്‍സൈമുകളും ചേര്‍ത്ത് ഒരു പടി കൂടി മികച്ചതാക്കിയ സിംബയോട്ടിക്ക് എന്നറിയപ്പെടുന്ന പ്രോബയോട്ടിക്- പ്രീബയോട്ടിക് മിശ്രിതങ്ങളും ഇന്ന് വിപണിയിലുണ്ട്. പ്രോബയോട്ടിക്കുകളും, സിംബയോട്ടിക്കുകളും വാങ്ങുന്നതിന് മുടക്കുന്ന പണം പ്രയോജനങ്ങള്‍ ഏറെയുള്ളതിനാല്‍ മറ്റൊരുവഴിയിൽ ഇരട്ടിയായി കര്‍ഷകന്‍ തന്നെ തിരിച്ചുകിട്ടുമെന്നത് തീര്‍ച്ചയാണ്. മാത്രമല്ല ഫാമുകളിലും മറ്റും അധികമായി ആന്റിബയോട്ടിക് മരുന്നുകള്‍ ഉപയോഗിക്കേണ്ടിവരുന്ന സാഹചര്യങ്ങളെ ഒഴിവാക്കാനും പ്രോബയോട്ടിക്കുകൾ സഹായിക്കുമെന്ന് ശാസ്ത്രം പറയുന്നു.
English summary: The Potential Benefits of Probiotics in Animal Production and Health