ADVERTISEMENT

നറുംപാലിന്റെ രുചി നാവിനൊരനുഭൂതിയാണ്. എന്നാൽ, പശുവിൻ പാലിന്റെ ഇളംമധുരമുള്ള രുചിയെ ചോർത്തിക്കളയുന്ന രുചിമാറ്റങ്ങളും പാലിനു സംഭവിക്കാറുണ്ട്. ഇതിൽ പ്രധാനമാണ് ഉപ്പുരസം. പാലിൽ സോഡിയം, ക്ലോറൈഡ് എന്നീ രണ്ട് രാസഘടകങ്ങളുടെ അളവ് സാധാരണ നിലയിൽ നിന്നും കൂടുന്നതാണ് ഈ ഉപ്പുരസത്തിനു കാരണം. രക്തത്തിൽനിന്നാണ് പാലിലേക്ക് സോഡിയത്തിന്റെയും ക്ലോറൈഡിന്റെയും അമിതമായ ഒഴുക്കുണ്ടാകുന്നത്. ഇതിന് ഒന്നിലധികം കാരണങ്ങൾ ഉണ്ടെങ്കിലും പ്രധാനം അകിടുവീക്കം തന്നെ.

അകിടിലുണ്ടാവുന്ന ചെറുപോറലുകളിലൂടെയും മുലക്കണ്ണിലൂടെയും ചില സാഹചര്യങ്ങളിൽ രക്തത്തിലൂടെയുമെല്ലാം അകിടിനുള്ളിൽ കയറുന്ന രോഗാണുക്കൾ പാൽ ചുരത്തി നിറഞ്ഞുനിൽക്കുന്ന അകിടിൽ എളുപ്പത്തിൽ രോഗമുണ്ടാക്കും. രോഗാണുവിന്റെ സ്വഭാവവും രോഗതീവ്രതയും അനുസരിച്ച് ഈ രോഗലക്ഷണങ്ങളിലും തീവ്രതയിലും വ്യത്യാസങ്ങൾ ഉണ്ടാകും. 

അകിടുവീക്കം ബാധിച്ച് അണുക്കൾ പെരുകി അകിടിലെ സ്ഥരങ്ങളുടെ ശക്തി ക്ഷയിക്കുമ്പോൾ ചുറ്റുമുള്ള ചെറു രക്തക്കുഴലുകളിൽനിന്ന് സോഡിയവും ക്ലോറൈഡുമെല്ലാം പാലിലേക്ക് അരിച്ചിറങ്ങും. ഇതാണ് ഉപ്പുരസത്തിലേക്ക് നയിക്കുന്നത്. 

അകിടിന്റെയും പാലിന്റെയും നിറവും രൂപവും വ്യത്യാസപ്പെടുന്നതടക്കമുള്ള അകിടുവീക്കത്തിന്റെ ലക്ഷണങ്ങൾ ഒന്നും പുറത്ത് പ്രകടമാകാത്ത രീതിയിൽ പശുക്കളിൽ കാണുന്ന അകിടുവീക്കമായ സബ് ക്ലിനിക്കൽ മാസ്‌റ്റൈറ്റിസ് അഥവാ നിശബ്ദ അകിടുവീക്കം ബാധിച്ച പശുക്കളുടെ പാലിൽ മിക്കവാറും ഉപ്പുരസമുണ്ടാകാറുണ്ട്. ഇതിന്റെ കാരണവും ബാക്ടീരിയകളുടെ പെരുപ്പവും അകിടിന്റെ ഉൾസ്തരങ്ങൾക്കുണ്ടാകുന്ന നാശവും തന്നെ.

പാലിന് ഉപ്പുരസം ശ്രദ്ധയിൽ പെട്ടാൽ ആദ്യം വേണ്ടത് അകിടുവീക്കമാണോ എന്നത് പരിശോധിക്കുകയാണ്. ലക്ഷണങ്ങൾ ഒന്നും പുറത്തേക്കു പ്രകടമാകാത്ത സബ് ക്ലിനിക്കൽ മാസ്‌റ്റൈറ്റിസ് ആണെങ്കിൽ രോഗം മുൻകൂട്ടി തിരിച്ചറിയാനും രോഗതീവ്രത മനസിലാക്കാനും കാലിഫോർണിയ മാസ്‌റ്റൈറ്റിസ് ടെസ്റ്റ് വഴി സാധിക്കും. ഈ പരിശോധന മിക്കവാറും എല്ലാം മൃഗാശുപത്രികളിലും ലഭ്യമാണ്. അകിടുവീക്ക നിർണയം നടത്തി രോഗതീവ്രത അനുസരിച്ച് ആവശ്യമെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം ആന്റിബയോട്ടിക് അടക്കമുള്ള  അകിടുവീക്ക ചികിത്സകൾ നൽകേണ്ടതും പ്രധാനമാണ്. 

ട്രൈസോഡിയം സിട്രേറ്റ് പൊടി പശുവിന്റെ 100 കിലോഗ്രാം ശരീരതൂക്കത്തിന് 3 ഗ്രാം എന്ന അളവിൽ തുടർച്ചയായ രണ്ടാഴ്ച കറവപ്പശുക്കൾക്ക് നൽകുന്നത് ഉപ്പുരസം തടയാൻ ഫലപ്രദമാണ്. രോഗകാരിയായ ബാക്ടീരിയകളുടെ വളർച്ച ത്വരിതപ്പെടുത്തുന്ന പാലിന്റെ അമിത ക്ഷാരനില നിർവീര്യമാക്കാനും പാലിന്റെ സാധാരണ അമ്ല - ക്ഷാര നില കൈവരിക്കാനും ട്രൈസോഡിയം സിട്രേറ്റ് പൗഡർ നേരിട്ടോ ഈ ഘടകം അടങ്ങിയ വിപണിയിൽ ലഭ്യമായ അവാസിട്രേറ്റ്, മമ്മീഡിയം, പ്രീ മാസ്റ്റ്, മാസ്റ്റിഗാർഡ് പോലുള്ള റെഡിമെയ്‌ഡ്‌ പൗഡറുകളോ നൽകുന്നത് സഹായിക്കും.

English summary: Why Does Milk Taste Salty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com