ഭാഗം-2 പുത്തൻ പണമെത്തുന്ന വഴി എളുപ്പം തുറക്കുന്ന മൃഗസംരക്ഷണസംരംഭമാണ് പോത്ത് വളർത്തൽ. പോത്ത് വളര്‍ന്ന് ശരീരതൂക്കം കൂടും‌ന്തോറും പോത്തില്‍നിന്ന് കിട്ടുന്ന ആദായവും പോത്തുപോലെ വളരും. മുടക്കുന്ന പണം അധികം അധ്വാനമോ നഷ്ടസാധ്യതയോ ഇല്ലാതെ മൂന്നും നാലും ഇരട്ടി ആദായമാക്കി പോത്തുകൃഷി മടക്കിനല്‍കും. പോത്തുകളെ

ഭാഗം-2 പുത്തൻ പണമെത്തുന്ന വഴി എളുപ്പം തുറക്കുന്ന മൃഗസംരക്ഷണസംരംഭമാണ് പോത്ത് വളർത്തൽ. പോത്ത് വളര്‍ന്ന് ശരീരതൂക്കം കൂടും‌ന്തോറും പോത്തില്‍നിന്ന് കിട്ടുന്ന ആദായവും പോത്തുപോലെ വളരും. മുടക്കുന്ന പണം അധികം അധ്വാനമോ നഷ്ടസാധ്യതയോ ഇല്ലാതെ മൂന്നും നാലും ഇരട്ടി ആദായമാക്കി പോത്തുകൃഷി മടക്കിനല്‍കും. പോത്തുകളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാഗം-2 പുത്തൻ പണമെത്തുന്ന വഴി എളുപ്പം തുറക്കുന്ന മൃഗസംരക്ഷണസംരംഭമാണ് പോത്ത് വളർത്തൽ. പോത്ത് വളര്‍ന്ന് ശരീരതൂക്കം കൂടും‌ന്തോറും പോത്തില്‍നിന്ന് കിട്ടുന്ന ആദായവും പോത്തുപോലെ വളരും. മുടക്കുന്ന പണം അധികം അധ്വാനമോ നഷ്ടസാധ്യതയോ ഇല്ലാതെ മൂന്നും നാലും ഇരട്ടി ആദായമാക്കി പോത്തുകൃഷി മടക്കിനല്‍കും. പോത്തുകളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാഗം-2

പുത്തൻ പണമെത്തുന്ന വഴി എളുപ്പം തുറക്കുന്ന മൃഗസംരക്ഷണസംരംഭമാണ് പോത്ത് വളർത്തൽ. പോത്ത് വളര്‍ന്ന് ശരീരതൂക്കം കൂടും‌ന്തോറും പോത്തില്‍നിന്ന് കിട്ടുന്ന ആദായവും പോത്തുപോലെ വളരും.

ADVERTISEMENT

മുടക്കുന്ന പണം അധികം അധ്വാനമോ നഷ്ടസാധ്യതയോ ഇല്ലാതെ മൂന്നും നാലും ഇരട്ടി ആദായമാക്കി പോത്തുകൃഷി മടക്കിനല്‍കും. പോത്തുകളെ വളര്‍ത്തി തുടങ്ങിയ ഉടന്‍ തന്നെ  വരുമാനം പോക്കറ്റിലെത്തില്ലെങ്കിലും അവയെ ക്ഷമയോടെ പരിപാലിച്ച് വളര്‍ത്തിയാല്‍ ഒന്ന്- ഒന്നര വര്‍ഷത്തിനകം ലാഭമുറപ്പ്. ലഭ്യമായ പരിമിത സൗകര്യങ്ങളില്‍ വളര്‍ത്താം എന്നതും തീറ്റച്ചെലവ് ഉള്‍പ്പെടെയുള്ള പരിപാലനച്ചെലവ് കുറവാണെന്നുള്ളതും കാര്യമായ രോഗങ്ങളൊന്നും ഉരുക്കൾക്ക് പിടിപെടില്ലെന്നതും പരിപാലിക്കാൻ വലിയ അധ്വാനഭാരമില്ലെന്നതുമൊക്കെ പോത്തുവളര്‍ത്തലിന്റെ അനുകൂലതകളാണ്. കേരളത്തിൽ പോത്തിറച്ചിക്കു വലിയ വിപണിയുള്ളപ്പോഴും പോത്തുൽപാദനവും ആവശ്യകതയും തമ്മിൽ വലിയ വിടവാണുള്ളത്. കശാപ്പിനായി ഉരുക്കളിൽ ഏറിയപങ്കുമെത്തുന്നത് അയൽ സംസ്ഥാനങ്ങളിൽനിന്നുമാണ്. മാംസാഹാരപ്രിയർ ഏറെയുള്ള നമ്മുടെ സംസ്ഥാനത്ത് മാംസോൽപാദനത്തിനായി വാണിജ്യാടിസ്ഥാനത്തിലുള്ള പോത്ത് വളര്‍ത്തല്‍ സംരംഭങ്ങള്‍ക്ക് മികച്ച സാധ്യതകളാണുള്ളത്.  

പോത്തുകൃഷി പണമെത്തുന്ന ആദായവഴിയാണെങ്കിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

1. മുറയെങ്കിൽ ലാഭമുറപ്പ്; വളർത്താൻ അഞ്ചാറുമാസമെങ്കിലും പ്രായമെത്തിയ പോത്തിൻകുട്ടന്മാർ മതി

പോത്തുകൃഷിയിലക്ക് കടന്നുവരുന്ന സംരംഭകര്‍ തുടക്കത്തില്‍ നാലോ അഞ്ചോ പോത്തിന്‍ കിടാക്കളെ വാങ്ങി ഫാം ആരംഭിക്കുന്നതാവും അഭികാമ്യം. മികച്ച വിപണി കണ്ടെത്താന്‍ കഴിഞ്ഞാൽ ഘട്ടം ഘട്ടമായി കൂടുതല്‍ പോത്തിന്‍ കിടാങ്ങളെ വാങ്ങി ഫാം വിപുലപ്പെടുത്താം. നാല് മാസം വരെ പ്രായത്തിൽ പോത്തിൻ കുട്ടന്മാർക്ക് രോഗങ്ങൾ വരാൻ സാധ്യത കൂടുതലാണ്.

ADVERTISEMENT

അതിനാൽ അഞ്ച് - ആറ് മാസമെങ്കിലും പ്രായമെത്തിയ  മികച്ച ആരോഗ്യമുള്ള നല്ല ഇനത്തില്‍പ്പെട്ട പോത്തിന്‍ കിടാക്കളെ വളർത്തുന്നതിനായി വാങ്ങുന്നതാണ് ഉത്തമം. മുറയിനത്തില്‍പ്പെട്ട പോത്തിന്‍ കിടാക്കളെയോ, മുറ പോത്തുകളുമായി  ക്രോസ് ചെയ്ത് ഉണ്ടായ നല്ല ശരീരവളർച്ചയുള്ള  സങ്കരയിനം പോത്തിന്‍ കുട്ടികളെയോ (അപ്ഗ്രേഡഡ് മുറ ) വളര്‍ത്താനായി തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. മികച്ച ആരോഗ്യവും വളർച്ചയുമുള്ള മുറ ഇനത്തിൽപ്പെട്ട പോത്തിൻ കിടാങ്ങൾക്ക് ആറു  മാസം പ്രായത്തില്‍ ശരാശരി 80 കിലോഗ്രാമോളം ശരീരതൂക്കമുണ്ടാവും. ഒരു കിലോ ശരീരതൂക്കത്തിന് 140-180 രൂപയാണ് ഇപ്പോഴത്തെ വിപണി വില.

ചുരുങ്ങിയ വിലയ്ക്ക് ലഭിക്കുന്ന നാടന്‍ പോത്തുകള്‍ക്ക് തീറ്റപരിവര്‍ത്തനശേഷിയും വളര്‍ച്ചാനിരക്കും രോഗപ്രതിരോധശേഷിയുമെല്ലാം കുറവായതിനാല്‍ സംരംഭകന് പ്രതീക്ഷിച്ച ആദായം കിട്ടില്ല.

2. തൊഴുത്തിൽനിന്ന് പുറത്തിറക്കാതെ പോത്തുകൃഷി വേണ്ട

യഥേഷ്ടം മേയാൻ സ്ഥലമുള്ള പ്രദേശം വേണം പോത്ത് കൃഷി തുടങ്ങുന്നതിനായി തിരഞ്ഞെടുക്കേണ്ടത്. വെള്ളത്തിന്റെ ലഭ്യതയും ഉറപ്പാക്കണം. മുഴുവന്‍ സമയവും തൊഴുത്തില്‍തന്നെ കെട്ടിയിട്ട് പുറത്തിറക്കാതെ വളര്‍ത്തുന്ന രീതി പോത്തുകൃഷിക്ക് അഭികാമ്യമല്ല.

ഭൂനിരപ്പിൽ നിന്നും ഉയർന്ന, വെള്ളക്കെട്ടുണ്ടാവാത്ത സ്ഥലത്ത് വേണം തൊഴുത്തുകള്‍ നിര്‍മിക്കേണ്ടത്. 

പോത്തുകളുടെ എണ്ണമനുസരിച്ച് ഒറ്റവരിയായോ രണ്ടു വരിയായോ തൊഴുത്ത് പണികഴിപ്പിക്കാം. രണ്ടു വരിയായാണ് തൊഴുത്ത് ഒരുക്കുന്നതെങ്കില്‍ പോത്തുകളെ മുഖാമുഖം കെട്ടുന്ന രീതിയില്‍ തൊഴുത്ത് നിര്‍മ്മിക്കുന്നതാണ് അഭികാമ്യം. രണ്ട് വരികള്‍ക്കുമിടയില്‍ 2.5 മീറ്റര്‍ ഇടയകലം നല്‍കാം. തറനിരപ്പില്‍ നിന്ന് 4 മീറ്റര്‍ ഉയരത്തില്‍ വേണം  മേല്‍ക്കൂര നിര്‍മിക്കേണ്ടത്. ഓലമേഞ്ഞ് മുകളില്‍ സില്‍പോളിന്‍ വിരിച്ചോ അലൂമിനിയം ഷീറ്റുകൊണ്ടോ മേല്‍ക്കൂരയൊരുക്കാം. തൊഴുത്തിന്റെ വശങ്ങളിലുള്ള ഭിത്തികൾക്ക് മൂന്നടിയില്‍ അധികം ഉയരം പാടില്ല.  

ADVERTISEMENT

3. പാത്രമറിഞ്ഞ് പോത്തിന് തീറ്റ

ഫാമിനോട് ചേര്‍ന്ന് തരിശ് കിടക്കുന്ന നെല്‍പ്പാടങ്ങൾ, തെങ്ങ്, കമുക്, റബര്‍, എണ്ണപ്പനത്തോട്ടങ്ങള്‍ എന്നിവയുണ്ടെങ്കില്‍ പകല്‍ മുഴുവന്‍ പോത്തുകളെ ഇവിടെ മേയാന്‍ വിട്ട് വളര്‍ത്താം. മതിവരുവോളം മേഞ്ഞ് പോത്തുകള്‍ വയറ് നിറയ്ക്കും. മേച്ചില്‍പ്പുറങ്ങളില്‍ പച്ചപ്പുല്ലിന് ക്ഷാമമുള്ള സാഹചര്യത്തിൽ പോത്തിനെ വളര്‍ത്താന്‍ തീറ്റപ്പുല്‍ കൃഷിയെ ആശ്രയിക്കേണ്ടിവരും.

പോത്തു വളര്‍ത്തല്‍ ആരംഭിക്കുന്നതിനു രണ്ടര മാസങ്ങള്‍ക്ക് മുന്‍പ് തന്നെ തീറ്റപ്പുല്‍കൃഷിക്കുള്ള ഒരുക്കങ്ങള്‍  ആരംഭിക്കണം. വളരുന്ന ഒരു പോത്തിന് അതിന്‍റെ ശരീരതൂക്കത്തിന്‍റെ പത്ത് ശതമാനം എന്ന അളവില്‍ തീറ്റപ്പുല്ല് പ്രതിദിനം ( 250 കി.ഗ്രാം. ശരീരതൂക്കമുള്ള ഒരു പോത്തിന് 25 കി.ഗ്രാം തീറ്റപ്പുല്ല് ) വേണ്ടിവരും. തോട്ടങ്ങളില്‍ ഇടവിളയായോ തനിവിളയായോ തീറ്റപ്പുൽകൃഷി ചെയ്യാം. തീറ്റപ്പുല്ലിന് ക്ഷാമമുള്ള സാഹചര്യത്തിൽ വൈക്കോൽ നൽകാം. ആവശ്യമായ വൈക്കോല്‍ മുന്‍കൂട്ടി തന്നെ വാങ്ങി സംഭരിക്കാന്‍ സംരംഭകര്‍ ശ്രദ്ധിക്കണം.  വൈക്കോൽ നൽകുമ്പോൾ ജീവകം എയുടെയും മറ്റു പോഷകങ്ങളുടെയും ന്യൂനത പരിഹരിക്കുന്നതിനായി മീനെണ്ണ പോത്തുകൾക്ക് നൽകുന്നത് നന്നാവും. തീറ്റപ്പുല്ലടക്കമുള്ള പരുഷാഹാരങ്ങള്‍ക്ക് പുറമെ പിണ്ണാക്കും തവിടും ധാന്യങ്ങളും സമാസമം ചേര്‍ത്ത് തീറ്റമിശ്രിതം തയാറാക്കി ഒരു പോത്തിന് ശരീരതൂക്കത്തിന്റെ അടിസ്ഥാനത്തിൽ 1-2 കിലോഗ്രാം വരെ സാന്ദ്രീകൃതാഹാരമായി ദിവസവും നല്‍കണം.

പുളിങ്കുരുപ്പൊടി, ചോളപ്പൊടി, മരച്ചീനിപ്പൊടി, ഗോതമ്പ് തവിട് തുടങ്ങിയ ഊര്‍ജ്ജസാന്ദ്രതയുയര്‍ന്ന തീറ്റകള്‍ ഒറ്റക്കോ മിശ്രിതമായോ  ഒന്ന് മുതൽ ഒന്നര കിലോഗ്രാം വരെ തീറ്റയില്‍ ഉള്‍പ്പെടുത്തിയാല്‍ വളര്‍ച്ച വേഗത്തിലാവും.

4. തീറ്റ മാറ്റുന്നത് ക്രമേണ മതി, പോത്തിനും വേണം പോഷകാഹാരം

പോത്തുകളുടെ തീറ്റയിൽ പെട്ടന്ന് മാറ്റങ്ങൾ വരുത്തുന്നത് ഒഴിവാക്കണം. മറ്റു സ്ഥലങ്ങളിൽ നിന്ന് പോത്തുകളെ കൊണ്ടു വരുമ്പോൾ അവ നിലവിൽ കഴിക്കുന്ന തീറ്റ കുറച്ച് ദിവസത്തേക്കുള്ളത് കൂടി കൊണ്ടുവരാൻ ശ്രദ്ധിക്കുക. പഴയ തീറ്റയിൽ പുതിയ തീറ്റ ചേർത്ത് നൽകി ഘട്ടം ഘട്ടമായി മാത്രമേ പുതിയ തീറ്റയിലേക്ക് പൂർണമായും മാറാവൂ. പോത്തിൻ കുട്ടികൾക്ക് ചോറ്, കഞ്ഞി പോലുള്ള എളുപ്പം ദഹിക്കുന്ന അന്നജം അധികതോതിൽ അടങ്ങിയ തീറ്റകൾ നൽകുന്നത് ഒഴിവാക്കണം, ഇത് ദഹനക്കേടിനും ആമാശയ അമ്ലനില ഉയരുന്നതിനും കിടാക്കളുടെ മരണത്തിനും ഇടയാക്കും. തീറ്റയുടെ അധികച്ചെലവ് കുറയ്ക്കുന്നതിന് നമ്മുടെ ചുറ്റുവട്ടങ്ങളില്‍ നിന്ന് തന്നെ ലഭ്യമാവുന്ന പാരമ്പര്യേതരതീറ്റകള്‍ പോത്തുകളുടെ ദൈനംദിന തീറ്റയില്‍ ഉള്‍പ്പെടുത്താൻ ശ്രമിക്കണം. താരതമ്യേന പരുക്കനായ പാരമ്പര്യേതര തീറ്റകള്‍ ദഹിപ്പിക്കാനുള്ള ശേഷി പോത്തുകൾക്ക് പശുക്കളേക്കാൾ ഏറെയുണ്ട്. മതിയായ പോഷകങ്ങള്‍ അടങ്ങിയ ധാതുജീവകമിശ്രിതം ( ഉദാഹരണം- അഗ്രിമിൻ, ന്യൂട്രിസെൽ പൗഡർ) പതിവായി 30 ഗ്രാം വരെ തീറ്റയില്‍ നൽകുന്നതും വളർച്ച വേഗത്തിലാക്കും. ഒപ്പം വേണ്ടുവോളം ശുദ്ധമായ കുടിവെള്ളം പോത്തിൻ കിടാക്കൾക്ക് ഉറപ്പാക്കണം. പോത്തിന്‍ കിടാക്കളെ മേയ്ക്കാന്‍ വിടുന്ന പറമ്പുകളില്‍ ചെറിയ സിമന്റ് ടാങ്കുകള്‍ പണിത് അവയ്ക്ക് കുടിക്കാനുള്ള വെള്ളം നിറച്ചുകൊടുക്കണം. 

5. പോത്തിന് കുളമില്ലെങ്കിലും കുഴപ്പമില്ല; പക്ഷേ കുളം കുഴിച്ച് കുഴപ്പത്തിലാവരുത്

പകൽ കൂടുതൽ സമയവും വെള്ളത്തിൽ മുങ്ങികിടന്ന് മേനി തണുപ്പാക്കാൻ ഇഷ്ടപ്പെടുന്നവരാണ് പോത്തുകൾ. വല്ലോയിങ് എന്നാണ് പോത്തുകളുടെ വെള്ളത്തോടുള്ള ഇഷ്ടം അറിയപ്പെടുന്നത്. ഫാമിൽ പോത്തിന് മുങ്ങി കിടക്കാൻ പാകത്തിന് കുളം, കോൺക്രീറ്റ് ടാങ്ക് ഉൾപ്പെടെ വല്ലോയിങ് ക്രമീകരണങ്ങൾ ഒരുക്കുന്നത് പോത്തുകളുടെ ശരീരസമ്മർദ്ദം കുറച്ച് വളർച്ച വേഗം ത്വരിതപ്പെടുത്താൻ ഗുണകരമാണ്. എന്നാൽ പോത്തുവളർത്തലിന് കുളവും ജലാശയങ്ങളും കൂടിയേ തീരു എന്ന ധാരണ തെറ്റാണ്. പോത്തുകൾക്ക് മതിവരുവോളം മേനി തണുപ്പിക്കാൻ ഫാമുകളോട് ചേർന്ന് ജലാശയങ്ങൾ ഉണ്ടെങ്കിൽ നല്ലത് എന്നു മാത്രം. എന്നാൽ കെട്ടികിടക്കുന്ന വെള്ളക്കെട്ടുകളിൽ പോത്തുകളെ ഇറക്കരുത്. ഫാമിനോട് ചേർന്ന് പോത്തിന് മുങ്ങിക്കിടക്കാൻ പാകത്തിന് കൃതിമ ജലാശയങ്ങളോ കോൺക്രീറ്റ് ടാങ്കുകളോ പണി കഴിപ്പിക്കുന്നുണ്ടങ്കിൽ വെള്ളം എല്ലാ ദിവസവും മാറ്റി വൃത്തിയായി പരിപാലിക്കണം. അല്ലെങ്കിൽ പോത്തുകൾക്കിടയിൽ ജലജന്യ അണുബാധകൾ പടരും. ഫാമിൽ വെള്ള ടാങ്കുകൾ പണി കഴിപ്പിക്കാൻ സാഹചര്യമില്ലെങ്കിൽ ദിവസം മുന്നോ നാലോ തവണ പോത്തുകളുടെ ശരീരത്തിൽ നന്നായി വെള്ളം നനച്ച് നൽകിയാലും മതി.

6. പോത്തുകൃഷിക്കും വേണം ജൈവസുരക്ഷ

ഒരു വയസ്സ് പ്രായമെത്തുന്നത് വരെ പോത്തിന്‍ കുട്ടികളുടെ ആരോഗ്യത്തില്‍ പ്രത്യേക ശ്രദ്ധവേണം. തൊഴുത്ത് ദിവസവും ജൈവമാലിന്യങ്ങൾ നീക്കി  ബ്ലീച്ചിങ് പൗഡറോ കുമ്മായമോ ചേർത്ത വെള്ളത്തിൽ കഴുകി വൃത്തിയാക്കണം. ശരീരത്തില്‍നിന്നും ബാഹ്യപരാദങ്ങളെ അകറ്റാനായി  വേപ്പെണ്ണ, പൂവ്വത്തെണ്ണ തുടങ്ങിയ ജൈവപരാദനാശിനികളും, പൈറത്രോയിഡ്  ഗണത്തില്‍പ്പെട്ട ഫ്ലുമത്രിന്‍, ഡെല്‍റ്റാമെത്രിന്‍, സൈപെർമെത്രിൻ തുടങ്ങിയ രാസപരാദനാശിനികളും ഉപയോഗിക്കാം. ബാഹ്യപരാദങ്ങളെ നിയന്ത്രിക്കാന്‍ ആഴ്ചയില്‍ രണ്ടു തവണ വളക്കുഴിയില്‍ കുമ്മായവും ബ്ലീച്ചിങ് പൗഡറും ചേര്‍ത്ത മിശ്രിതം വിതറാം. ഒരു കിലോ കുമ്മായത്തില്‍ 250 ഗ്രാം വീതം ബ്ലീച്ചിങ് പൗഡര്‍ ചേര്‍ത്ത് പ്രയോഗിക്കാം. വളക്കുഴിയിൽ  സംഭരിക്കുന്ന ചാണകം ജൈവവളമായി പ്രയോജനപ്പെടുത്താം. മൂത്രവും തൊഴുത്ത് കഴുകുന്ന  വെള്ളവും സ്ലറി ടാങ്കില്‍ സംഭരിച്ച് പിന്നീട് തീറ്റപ്പുല്‍കൃഷിക്കായി ഉപയോഗപ്പെടുത്താം.

7. വിരബാധകളും രക്താണുബാധകളും പോത്തു കൃഷിയിലെ വില്ലന്മാർ

നാടവിരകള്‍, പത്രവിരകള്‍, ഉരുളന്‍ വിരകള്‍ എന്നിങ്ങനെ പോത്തുകളുടെ ശരീരത്തില്‍ കയറിക്കൂടുന്ന പരാദങ്ങള്‍ ഏറെയുണ്ട്. ഉൻമേഷക്കുറവ്, വിളര്‍ച്ച, മെലിച്ചില്‍, തീറ്റയോട് മടുപ്പ്, ഇടവിട്ടുള്ള വയറിളക്കം എന്നിവയെല്ലാം വിരബാധയുടെ പൊതുവായ ലക്ഷണങ്ങളാണ്. പോത്തിന്‍കുട്ടികളുടെ  വളര്‍ച്ചനിരക്ക് കുറയുന്നതിനും അകാല മരണത്തിനും വിരബാധ വഴിയൊരുക്കും. അന്യസംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്ന പോത്തിന്‍കുട്ടികളില്‍ വിരബാധ വളരെ കൂടുതലായാണ് പൊതുവെ കാണാറുള്ളത്.

പോത്തിൻ കുട്ടികളുടെ സൈലന്റ് കില്ലർ എന്ന് വിശേഷിപ്പിക്കുന്ന പാരാകൂപ്പേറിയ എന്ന ഉരുണ്ട വിരകളും ഫാഷിയോള എന്ന കരൾ കൃമികളും  മറുനാട്ടിൽ നിന്നെത്തുന്ന പോത്തുകളിൽ വ്യാപകമാണ്. പോത്തിനെ വാങ്ങി ഫാമിലെത്തിച്ചതിന് മൂന്നോ നാലോ ദിവസങ്ങൾ കഴിഞ്ഞയുടൻ ആന്തര പരാദങ്ങളെയും ബാഹ്യ പരാദങ്ങളെയും നശിപ്പിക്കാനുള്ള വിരമരുന്നുകൾ നൽകണം.

ഒരാഴ്ചത്തെ ഇടവേളകളില്‍ ഡോക്ടറുടെ നിർദ്ദേശപ്രകാരം  രണ്ട് തരം  ആന്തര പരാദനാശിനികള്‍  ഉപയോഗിച്ച് വിരയിളക്കുന്നത്  നല്ലതാണ്. ആന്തരപരാദങ്ങള്‍ക്കൊപ്പം ബാഹ്യപരാദങ്ങളെ അകറ്റുന്ന ഐവര്‍മെക്ടിന്‍ (Ivermectin) മരുന്ന് കുത്തിവയ്പ്പായോ ഗുളികരൂപത്തിലോ നല്‍കുന്നത് ഈ ഘട്ടത്തില്‍ ഫലപ്രദമാണ്.

ആറ് മാസം പ്രായമെത്തുന്നതുവരെ മാസത്തില്‍ ഒരു തവണ നിര്‍ബന്ധമായും വിരമരുന്ന് നല്‍കണം. പിന്നീട് ഒന്നര വയസ്സ് വരെ 2 മാസം ഇടവിട്ട് വിരമരുന്ന് നല്‍കിയാല്‍ മതിയാവും. പാടത്തും വെള്ളക്കെട്ടുള്ള പ്രദേശത്തും മേയാന്‍വിട്ട് വളര്‍ത്തുന്ന പോത്തുകളില്‍ പണ്ടപ്പുഴു, രക്തക്കുഴല്‍ വിരകള്‍ തുടങ്ങിയ വിരബാധകള്‍ക്ക് കൂടുതല്‍ സാധ്യതയുണ്ട്. ഇടവിട്ടുള്ള വയറുസ്തംഭനം, രൂക്ഷഗന്ധത്തോടുകൂടിയ വയറിളക്കം, രക്തം കലര്‍ന്ന ചാണകം എന്നിവയെല്ലാം ഇത്തരം വിരബാധകളുടെ ലക്ഷണമാകാം. കൃമികളെയും, പണ്ടപ്പുഴുക്കളെയും ഒക്കെ നശിപ്പിക്കാന്‍ പ്രത്യേകം മരുന്നുകള്‍  നല്‍കേണ്ടതിനാല്‍ ചാണക പരിശോധന പ്രധാനമാണ്. പശുക്കളിൽ കാണുന്നത് പോലെ അനാപ്ലാസ്മ, തൈലേറിയ, ബബീസീയ, ട്രിപ്പാനോസോമ തുടങ്ങിയ രക്താണു രോഗങ്ങളും പോത്തുകളിൽ ഇന്ന് വ്യാപകമാണ്. രക്തപരിശോധനയാണ് ഇത്തരം രോഗങ്ങൾ നേരത്തെ തിരിച്ചറിയാനുള്ള മാർഗം.

8. പോത്തിനും വേണം പ്രതിരോധകുത്തിവയ്പ്

പോത്തിൻ കുട്ടികളെ ദൂരസ്ഥലങ്ങളിൽ നിന്ന് വാങ്ങി വാഹനങ്ങളിൽ കൊണ്ടുവരുമ്പോൾ യാത്രാ സമ്മർദ്ദം കാരണം കുരലടപ്പൻ രോഗം വരാനിടയുണ്ട്. പനി, മൂക്കിൽ നിന്ന് നീരൊഴുക്ക്, ശ്വാസമെടുക്കാനുള്ള പ്രയാസം എന്നിവയെല്ലാമാണ് ലക്ഷണങ്ങൾ. ദീർഘദൂര യാത്രയുടെ സാഹചര്യത്തിൽ മുൻകൂറായി പോത്തുകൾക്ക് കുരലടപ്പൻ തടയാനുള്ള ആന്റിബയോട്ടിക് നൽകുന്നത് ഉചിതമാണ്. യാത്ര തുടങ്ങുന്ന സ്ഥലത്ത് നിന്ന് ആന്റിബയോട്ടിക് നൽകുന്നത് ആരംഭിച്ച് യാത്ര അവസാനിപ്പിക്കുമ്പോൾ മരുന്നിന്റെ കോഴ്സ് പൂർത്തിയാക്കണം.

പശുക്കള്‍ക്ക് നല്‍കുന്നത് പോലെ തന്നെ ആറു മാസം പ്രായമെത്തുമ്പോൾ കുളമ്പുരോഗം തടയാനുള്ള പ്രതിരോധകുത്തിവയ്‌പും കുരലടപ്പൻ രോഗം തടയാനുള്ള പ്രതിരോധകുത്തിവയ്‌പും പോത്തുകൾക്ക് നൽകണം.  ആറു മാസത്തെ ഇടവേളകളിൽ  കുളമ്പ് രോഗം കുത്തിവയ്‌പും ഒരു വർഷം കൂടുമ്പോൾ കുരലടപ്പൻ രോഗം  പ്രതിരോധകുത്തിവയ്‌പും ആവർത്തിക്കണം .

9. പോത്തിനെ ഇൻഷൂർ ചെയ്യാം

പോത്തിൻ കുട്ടികൾ പെട്ടന്ന് ചത്തുപോയാൽ ഡോക്ടറുമായി ബന്ധപ്പെട്ട് നിർബന്ധമായും പോസ്റ്റ് മോർട്ടം പരിശോധന നടത്തി രോഗകാരണം കണ്ടെത്തണം. പോത്തിൻ കുട്ടികളെ ചുരുങ്ങിയ പ്രീമിയത്തിൽ ഇൻഷൂർ ചെയ്ത് സാമ്പത്തികസുരക്ഷിതമാക്കാനുള്ള വഴികളും ഇന്നുണ്ട്.  നാഷണൽ ഇൻഷൂറൻസ്, യുണൈറ്റഡ് ഇന്ത്യ തുടങ്ങിയ സ്‌ഥാപനങ്ങൾ പോത്തുകുട്ടികൾക്ക്  ഇൻഷൂറൻസ് പോളിസികൾ ലഭ്യമാക്കുന്നുണ്ട്.

10. പോത്തിലെ ആദായവഴി

നല്ല ജനുസിൽ പെട്ട പോത്തുകള്‍ 14 മാസം പ്രായമെത്തുന്നത് വരെ ദിനംപ്രതി 700 ഗ്രാം മുതല്‍ 1200 ഗ്രാം വരെ വളരും. കശാപ്പ് ചെയ്യുന്ന ഉരുക്കളിൽ നിന്ന് കിട്ടുന്ന ഭക്ഷ്യയോഗ്യമായ എല്ല് അടക്കമുള്ള മാംസത്തിന്റെ അളവാണ് ഡ്രസ്സിങ് ശതമാനം. പോത്തുകളിൽ ഇത് ശരാശരി  50  - 55 ശതമാനം വരെയാണ്. അതായത് 250 കിലോ ശരീരതൂക്കമുള്ള ഒരു പോത്തിനെ  കശാപ്പ് ചെയ്താൽ അതിൽ നിന്നും 140 കിലോയോളം ഉപയോഗപ്രദമായ എല്ലോട് കൂടിയ മാംസം ലഭിക്കും. തീറ്റപരിവർത്തന ശേഷി, വളർച്ച നിരക്ക്, തീറ്റച്ചിലവ്‌, ഇറച്ചിയുടെ ഗുണമേന്മ, ഉപഭോക്താക്കളുടെ താൽപര്യം  എന്നിവ ചേർത്ത് പരിഗണിക്കുമ്പോൾ  ഒന്നര - രണ്ട്  വയസ് പ്രായമെത്തുമ്പോള്‍ തന്നെ പോത്തുകളെ മാംസവിപണിയില്‍ എത്തിക്കുന്നതാണ് സംരംഭകന്  ലാഭകരം. പോത്തിന് മോഹവില ലഭിക്കുന്ന അവസരങ്ങള്‍ മുന്‍കൂട്ടി കണ്ട് ഇടനിലക്കാരെ ഒഴിവാക്കി പോത്തിനെ വിപണിയിലെത്തിക്കുന്നതാണ് പോത്തു കൃഷിയുടെ ആദായവഴി.

English summary: Rearing Buffaloes for Meat Production- Don't forget these 10 things