പാത്രമറിഞ്ഞ് തീറ്റ പാകത്തിന് വെളിച്ചവും; മുടക്കമില്ലാതെ മുട്ട കിട്ടാൻ പത്തു കാര്യങ്ങൾ
Mail This Article
പോഷകങ്ങളുടെ പവർഹൗസ് എന്നാണ് മുട്ടയെ ഭക്ഷ്യശാസ്ത്രം വിശേഷിപ്പിക്കുന്നത്. കഴിക്കുന്ന മുട്ട ജൈവനാണെങ്കിൽ പോഷകപ്പെരുമ ഒരു പടികൂടി മുന്നിലായിരിക്കും. നാടൻ മുട്ടയ്ക്കു വേണ്ടി വീട്ടുവളപ്പിൽ നാടൻ രീതിയിൽ കോഴിവളർത്തൽ സംരംഭങ്ങൾ നടത്തുന്നവരും കൂടുകളിൽ ഉൽപാദനക്ഷമതയേറിയ മുട്ടക്കോഴികളെ വളർത്തുന്നവരുമെല്ലാം കേരളത്തിൽ ഇന്ന് ഒരുപാടുണ്ട്. വളർത്തുരീതികൾ ഏതായാലും മുട്ടക്കോഴികൾ മുടക്കമില്ലാതെ മുട്ടയിടാൻ അറിയേണ്ട ചില കാര്യങ്ങളിതാ...
കോഴികളെ തിരഞ്ഞെടുക്കുമ്പോൾ
രണ്ട് മാസത്തിനു മുകളിൽ പ്രായമെത്തിയ, ആവശ്യമായ രോഗപ്രതിരോധ കുത്തിവയ്പുകള്‍ നല്‍കിയ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്താനായി വാങ്ങുന്നതാണ് അഭികാമ്യം. വിശ്വാസ്യതയുള്ള സർക്കാര്‍ അംഗീകൃതവുമായ നഴ്സറികളില്‍ നിന്നോ, സര്‍ക്കാര്‍, സര്‍വകലാശാല ഫാമുകളില്‍ നിന്നോ കോഴിക്കുഞ്ഞുങ്ങളെ വാങ്ങാം. അധിക തൂക്കമുള്ള കോഴികളെ വാങ്ങരുത്. ഉദാഹരണത്തിന് 4 മാസം പ്രായമെത്തിയ ബിവി 380 ഇനം കോഴിക്ക് ശരാശരി 1.6 മുതൽ 2 കിലോ വരെ ശരീരതൂക്കമുണ്ടാവും. തൂക്കം ഇതിലും കൂടുതലാണെങ്കിൽ ശരീരത്തിൽ കൊഴുപ്പടിഞ്ഞ് മുട്ടയിടൽ വൈകാൻ സാധ്യത കൂടുതലാണ്. ഒരു ദിവസം പ്രായത്തിലാണ് മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വാങ്ങുന്നതെങ്കിൽ മൂന്നാഴ്ച പ്രായമെത്തുന്നതു വരെ കൃതിമ ചൂട് നൽകുന്നതിനായി ബ്രൂഡിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. ഒരു കോഴിക്കുഞ്ഞിന് ഒരു വാട്ട് എന്ന കണക്കില്‍ ഇൻഫ്രാറെഡ് ബള്‍ബുകള്‍ ക്രമീകരിക്കാം. 150 -250 കോഴികൾക്ക് 250 വാട്ടിന്റെ ഒരു ഇൻഫ്രാറെഡ് ബൾബ് മതിയാകും.
മുട്ടക്കോഴിക്കുഞ്ഞുങ്ങൾക്ക് പ്രത്യേകം ചിക്ക് സ്റ്റാർട്ടർ തീറ്റയും പ്രതിരോധ കുത്തിവയ്പുകളും നൽകണം.
കോഴിക്കും പാത്രമറിഞ്ഞ് തീറ്റ
മുട്ടയിടാൻ ആരംഭിച്ച ഒരു കോഴിക്ക് ഒരു ദിവസം വേണ്ടത് 100-120 ഗ്രാം വരെ തീറ്റയാണ്. ഹൈടെക്ക് കൂടുകളില്‍ പൂർണസമയം അടച്ചിട്ട് വളര്‍ത്തുന്ന BV 380 പോലുള്ള കോഴികളുടെ അത്യുല്‍പ്പാദനക്ഷമത പൂർണമായും കൈവരിക്കണമെങ്കില്‍ ദിവസം 100-120 ഗ്രാം ലയര്‍ തീറ്റ തന്നെ നല്‍കേണ്ടിവരും. ഗ്രാമശ്രീ, ഗ്രാമലക്ഷ്മി പോലുള്ള സങ്കരയിനം കോഴികള്‍ക്ക് മുട്ടയുല്‍പ്പാദനം മെച്ചപ്പെടുത്താന്‍ മുട്ടക്കോഴികൾക്ക് പ്രത്യേകമായുള്ള സമീകൃതാഹരമായ ലയര്‍ തീറ്റ 30-40 ഗ്രാം വരെ ദിവസവും നല്‍കാവുന്നതാണ്.
മുട്ടക്കോഴിക്കർഷകർക്ക് വേണമെങ്കിൽ വീട്ടിൽ തന്നെ കോഴിത്തീറ്റ ഉണ്ടാക്കാം. 100 കിലോ തീറ്റയുണ്ടാക്കാൻ 58 കിലോ അരി,ഗോതമ്പ് മുതലായ ധാന്യങ്ങൾ, 40 കിലോ തേങ്ങാപ്പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, പരുത്തിക്കുരുപ്പിണ്ണാക്ക് തുടങ്ങിയ പിണ്ണാക്കുകൾ, 0.25 കിലോ ഉപ്പ്, 2 കിലോ ധാതുലവണമിശ്രിതം എന്നിവ ചേർക്കാം. വീട്ടിലെ മിച്ചാഹാരം, അടുക്കളയില്‍ നിന്നുള്ള ഭക്ഷ്യ അവശിഷ്ടങ്ങള്‍, വില കുറഞ്ഞ ധാന്യങ്ങള്‍, ധാന്യതവിട്, പിണ്ണാക്ക്, പച്ചക്കറി അവശിഷ്ടങ്ങള്‍ എന്നിവയെല്ലാം വീട്ടുവളപ്പിൽ മേഞ്ഞ് വളരുന്ന കോഴികള്‍ക്ക് ആഹാരമായി നല്‍കാം. ഒപ്പം മുറ്റത്തും, പറമ്പിലും, ചിക്കിചികഞ്ഞ് അവര്‍ സ്വയം ആഹാരം കണ്ടെത്തുകയും ചെയ്യും.
അസോള, വാഴത്തട, അഗത്തിച്ചീര, ചീര, ചെമ്പരത്തിയില, പപ്പായയില തുടങ്ങിയ പച്ചിലകളും, തീറ്റപ്പുല്ലും അരിഞ്ഞ് കോഴികള്‍ക്ക് നല്‍കാം. ശരീരത്തിൽ കൊഴുപ്പ് അടിയാനും മുട്ടയുൽപ്പാദനം തടസ്സപ്പെടാനും ഇടയാക്കുമെന്നതിനാൽ പച്ചയും വേവിച്ചതുമായ ധാന്യങ്ങൾ അധിക അളവിൽ കോഴികൾക്ക് നൽകുന്നത് ഒഴിവാക്കണം. കരളിൽ കൊഴുപ്പടിഞ്ഞ് കൂടിയ കോഴികളുടെ മുട്ടയുൽപാദനം കുറയുന്നതായും മുട്ടത്തോടിന്റെ കട്ടികുറയുന്നതായും കാണാറുണ്ട്. ഇങ്ങനെ മുട്ടത്തോടിന്റെ കട്ടികുറയുന്ന കോഴികൾക്ക് കാത്സ്യം, ജീവകം ഡി എന്നിവയടങ്ങിയ ധാതുജീവകമിശ്രിതങ്ങൾക്കൊപ്പം കോളിൻ എന്ന ഘടകം അടങ്ങിയ ഒരു ലിവർ ടോണിക്ക് കൂടി നൽകുന്നത് ഫലപ്രദമാണ്.
കോഴികളെ വാങ്ങികൊണ്ടുവരുമ്പോൾ അവയ്ക്ക് നിലവിൽ കൊടുക്കുന്ന തീറ്റയും കൊണ്ടുവരണം. മുൻപ് കൊടുത്തിരുന്ന തീറ്റ തന്നെ ഒരാഴ്ച നൽകി ക്രമേണ മാത്രമേ പുതിയ തീറ്റയിലേക്ക് മാറാവു. നിലവിൽ നൽകുന്ന തീറ്റക്കൊപ്പം പുതിയ തീറ്റ ചേർത്തു നൽകി ഘട്ടംഘട്ടമായി പൂർണമായും പുതിയ തീറ്റയിലേക്ക് മാറുന്നതാണ് അഭികാമ്യം.
വേണം മുടക്കമില്ലാതെ കാത്സ്യം; ബാക്കിയാക്കരുത് ഒരു പൊടി പോലും ലയർതീറ്റ
മുട്ടയുൽപ്പാദനത്തിന് കാത്സ്യം പ്രധാനമായതിനാൽ കാത്സ്യം അടങ്ങിയ ധാതുമിശ്രിതങ്ങൾ തീറ്റയിൽ ഉൾപ്പെടുത്തുന്നത് ഉചിതമാണ്. ഒരു കോഴിക്ക് ദിവസേന അഞ്ച് ഗ്രാം എന്ന കണക്കിൽ കക്കത്തോട് പൊടിച്ച് തീറ്റയിൽ ഉൾപ്പെടുത്തുന്നത് കാത്സ്യം നൽകാനുള്ള ചെലവുകുറഞ്ഞ മാർഗമാണ്. കോഴികൾ ലയർ തീറ്റ കഴിക്കുമ്പോൾ ഒരു പൊടി പോലും ബാക്കിയില്ലാതെ കോഴികൾ കഴിച്ചു എന്നുറപ്പാക്കണം. ലയർ തീറ്റയിലെ പൊടിഭാഗം പാത്രത്തിൽ ബാക്കിയുണ്ടെങ്കിൽ തീറ്റപ്പാത്രം നന്നായി ഇളക്കി നൽകി കോഴികൾ കഴിച്ചു എന്നുറപ്പാക്കണം. കോഴിതീറ്റയിലെ ധാതു ജീവകങ്ങൾ ഏറെയും അടങ്ങിയിട്ടുള്ളത് അവസാനം ബാക്കിയാവുന്ന പൊടിയിലായതിനാൽ കഴിച്ചില്ലെങ്കിൽ മുട്ടയുൽപ്പാദനം കുറയും.
മുട്ടയുൽപ്പാദനം കുറയ്ക്കും പൂപ്പൽ വിഷം
തീറ്റയിലെ പൂപ്പല്‍ വിഷബാധ കോഴികള്‍ക്കും മാരകമാണ്. പൂപ്പലുകൾ പുറന്തള്ളുന്ന അഫ്ലാടോക്സിൻ എന്ന വിഷം കരളിനെ ബാധിച്ച് മുട്ടയുൽപാദനവും തീറ്റപരിവർത്തനശേഷിയും വളർച്ചനിരക്കും കുറയുന്നതിന് കാരണമാകും. മുട്ടത്തോടിന്റെ ഗുണമേന്മ നിർണയിക്കുന്ന ജീവകം ഡി-യുടെ ഉപാപചയമടക്കം മുട്ടയുൽപ്പാദനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് കരൾ. മാത്രമല്ല കരളിൽ മുഴകൾ രൂപം കൊള്ളുന്നതടക്കമുള്ള പ്രശ്നങ്ങൾക്കും തീവ്രവിഷബാധയിൽ കോഴികളുടെ അകാലമരണത്തിനും പൂപ്പൽ വിഷം വഴിയൊരുക്കും. തീറ്റച്ചാക്കുകള്‍ തണുത്ത കാറ്റടിക്കാത്ത മുറിയില്‍ തറയില്‍ നിന്ന് ഒരടി ഉയരത്തിലും ഭിത്തിയില്‍ നിന്ന് ഒന്നരയടി അകലത്തിലും മാറി മരപലകയുടെയോ ഇരുമ്പ് പലകയുടെയോ മുകളില്‍ വേണം സൂക്ഷിക്കാന്‍. നനഞ്ഞ കൈ കൊണ്ടോ പാത്രങ്ങള്‍ കൊണ്ടോ തീറ്റ കോരിയെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഈര്‍പ്പം കയറാത്ത രീതിയില്‍ അടച്ച് സൂക്ഷിക്കണം.വലിയ തീറ്റച്ചാക്കില്‍ നിന്നും നിത്യവും നേരിട്ട് എടുക്കുന്നതിന് പകരം ചെറിയ ചാക്കുകളിലേക്കും പാത്രങ്ങളിലേക്കും മാറ്റി ദിവസേന ആവശ്യമായ തീറ്റ മാത്രം എടുത്തുപയോഗിക്കാം. ഇതുവഴി വലിയ തീറ്റചാക്കില്‍ പൂപ്പല്‍ബാധ തടയാം. ചാക്കിലെ തീറ്റയ്ക്കുള്ളിൽ നിന്നും അസാധാരണമായി ചൂട് അനുഭവപ്പെട്ടാൽ ആ തീറ്റ കൊടുക്കുന്നത് ഒഴിവാക്കുക. നനവുള്ള തീറ്റപാത്രങ്ങളിൽ തീറ്റ ഇട്ടുകൊടുക്കാതിരിക്കാനും ശ്രദ്ധിക്കുക. പൂപ്പല്‍ ബാധിച്ച തീറ്റകള്‍ ഒരു കാരണവശാലും കോഴികള്‍ക്ക് നല്‍കാന്‍ പാടില്ല.
മുട്ടക്കോഴിക്ക് വെള്ളം പ്രധാന പോഷകം
മുട്ടക്കോഴികൾക്ക് നൽകുന്ന ഏറ്റവും പ്രധാന പോഷകമാണ് വെള്ളം. കഴിക്കുന്ന തീറ്റയുടെ രണ്ടര മടങ്ങ് കുടിവെള്ളം കോഴികൾക്ക് ദിവസവും ആവശ്യമുണ്ട്. കോഴികള്‍ക്ക് ശുദ്ധമായ കുടിവെള്ളം നല്‍കുന്ന കാര്യത്തില്‍ ഒരു വീഴ്ചയുമരുത്. ഇടതടവില്ലാതെ കോഴികൾക്ക് ശുദ്ധജലം ഉറപ്പാക്കാനുള്ള ക്രമീകരണങ്ങൾ കൂട്ടിൽ വേണം. മലിനജലം അകത്തെത്തിയാല്‍ കോളിബാസില്ലോസിസ്, സാല്‍മണെല്ലോസിസ്, കോക്സിഡിയോസിസ് അടക്കമുള്ള രോഗങ്ങള്‍ കോഴികളെ എളുപ്പം ബാധിക്കും. മാത്രമല്ല തീറ്റപരിവർത്തനശേഷിയും വളർച്ചാനിരക്കുമൊക്കെ കുറയാനും മരണനിരക്ക് കൂടാനും മലിനജലം വഴിയൊരുക്കും.
ഫാമുകളിലെ കുടിവെള്ള പരിശോധന നടത്തി വെള്ളത്തിന്റെ ഗുണനിലവാരവും രോഗാണുക്കളുടെ തോതുമെല്ലാം നിർണയിക്കുന്നത് ഏറെ അഭികാമ്യമാണ്. പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ പോലും വർഷത്തിൽ രണ്ടു തവണ ഫാമുകളിൽ ജലപരിശോധന നടത്തേണ്ടത് പ്രധാനമാണ്. ജലസ്രോതസ്സിൽ നിന്നും, ജലസംഭരണികളായ ടാങ്കുകളിൽ നിന്നും നിപ്പിളുകളിൽ നിന്നും വെള്ളം പ്രത്യേകമായി ശാസ്ത്രീയ രീതിയിൽ ശേഖരിച്ച് ജലപരിശോധന നടത്തണം. കോളിഫോം, സാൽമൊണെല്ല തുടങ്ങിയ അപകടകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്താനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും വെള്ളത്തിന്റെ അമ്ല ക്ഷാരനില ആവശ്യമായ ക്രമീകരണങ്ങൾ നടത്താനും ജലപരിശോധന സഹായിക്കും ഇതിനുള്ള സൗകര്യം വെറ്ററിനറി കോളേജുകളിലും മറ്റ് സ്വകാര്യ ലാബുകളിലും ഉണ്ട്.
മലിനീകരണത്തിന്റെ തീവ്രത അനുസരിച്ച് ആയിരം ലീറ്റര്‍ വെള്ളത്തില്‍ 10 മുതൽ 40 ഗ്രാം വരെ ബ്ലീച്ചിങ് പൗഡര്‍ (35 ശതമാനം ക്ലോറിൻ അടങ്ങിയത് ) ചേര്‍ത്ത് വെള്ളം ശുദ്ധീകരിക്കാം.കർഷകർക്ക് സ്വീകരിക്കാവുന്ന ഏറ്റവും ചിലവ് കുറഞ്ഞ ജലശുദ്ധീകരണ മാർഗവും ഇത് തന്നെ ക്ലോറിൻ ഉപയോഗിച്ചുള്ള ജലശുദ്ധീകരണത്തിന് മുൻപായി ജലത്തിന്റെ അമ്ല–ക്ഷാര നില നിർണയിക്കേണ്ടത് ഫലപ്രാപ്തിക്ക് പ്രധാനമാണ് . അമ്ല–ക്ഷാര നില 6.5 - 7.5 ഇടയിൽ ആയിരിക്കുന്നതാണ് ക്ലോറിൻ ഉപയോഗിച്ചുള്ള ജലശുദ്ധീകരണത്തിന് ഉത്തമം. അണുവിമുക്തമാക്കി രണ്ടു മണിക്കൂറിന് ശേഷം കോഴികള്‍ക്ക് കുടിക്കാനായ് നല്‍കാം.
ജലം ശുദ്ധീകരിക്കുന്നതിനായി ക്ലോറിന്‍ ടാബ്ലറ്റുകളും ഇന്ന് ലഭ്യമാണ്. 20 ലീറ്റര്‍ വെള്ളത്തില്‍ 500 മില്ലി ഗ്രാം ക്ലോറിന്‍ ടാബ്ലറ്റ് ഇട്ട് ശുചീകരിച്ച ജലം അരമണിക്കൂറിന് ശേഷം കോഴികൾക്ക് കുടിക്കാനായി നല്‍കാം. ക്വാര്‍ട്ടര്‍നറി അമോണിയം അടങ്ങിയ സൊക്രീന (Virbac Liquid Sokrena-Ws) , സൈസെപ്റ്റ്, സൂപെറോക്‌സ് ( SUPEROX) പോലുള്ള പൗൾട്രി ഫാമിൽ ഉപയോഗിക്കാവുന്ന റെഡിമെയ്ഡ് ജലശുദ്ധീകരണലായനികളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. സൊക്രീന ജലശുദ്ധീകരണ ലായനി 1 മില്ലി വീതം 10 ലീറ്റർ വെള്ളത്തിൽ ചേർത്ത് ഉപയോഗിക്കാം. അര ലീറ്റർ, അഞ്ചു ലീറ്റർ പാക്കുകളിൽ ഇവ വിപണിയിൽ ലഭ്യമാണ്.
തീറ്റയ്ക്കൊപ്പം വേണം പാകത്തിന് വെളിച്ചം
മുട്ടയുല്‍പ്പാദനകാലയളവിലുള്ള കോഴികള്‍ക്ക് ഉല്‍പ്പാദനമികവിന് നല്ല മേന്മയുള്ള തീറ്റ മാത്രം പോര. 12 മണിക്കൂർ പകല്‍വെളിച്ചവും നാല് മണിക്കൂർ വൈകുന്നേരമോ അതിരാവിലെയോയുള്ള കൃത്രിമവെളിച്ചവും ഉള്‍പ്പെടെ ദിനേനെ 16 മണിക്കൂര്‍ പ്രകാശം ഉറപ്പുവരുത്താനും ശ്രദ്ധവേണം. എങ്കിൽ മാത്രമേ ശരീരത്തിൽ ഹോർമോൺ പ്രവർത്തനങ്ങൾ കൃത്യമായി നടന്ന് മുട്ടയുൽപാദനം കാര്യക്ഷമമായി നടക്കുകയുള്ളൂ. ഫോട്ടോ പിരിയഡ് എന്നാണ് ഈ പ്രകാശ ഉത്തേജനകാലയളവ് അറിയപ്പെടുന്നത്. മുട്ടയുൽപാദനം ആറ് മാസത്തിന് മുകളിലാണെങ്കില്‍ ദിവസം 17 മണിക്കൂര്‍ വെളിച്ചം ലഭിക്കണം. എന്നാൽ വെളിച്ചം ഈ പരിധിയിലുമേറിയാല്‍ ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്ന് മറക്കരുത്.
BV 380 അടക്കമുള്ള അത്യുൽപ്പാദനമുള്ള കോഴികൾക്ക് പ്രകാശഉത്തേജനം നൽകേണ്ടത് 16–ാം ആഴ്ച പ്രായമെത്തുന്നതു മുതലാണ്. ഒറ്റയടിക്ക് പതിനാറ് മണിക്കൂർ വെളിച്ചം നൽകുകയല്ല മറിച്ച് ഘട്ടം ഘട്ടമായി വേണം പ്രകാശഉത്തേജനം നൽകാൻ. തുടക്കത്തിൽ ഒരു മണിക്കൂർ ലൈറ്റിട്ട് വെളിച്ചം നൽകാം. ഇതിനായി രാവിലെ നാലര മുതൽ സൂര്യനുദിക്കുന്നത് വരെയും വൈകിട്ട് സൂര്യാസ്തമയത്തിന് ശേഷം ഏഴര വരെയും ലൈറ്റിട്ട് നൽകാം. തൊട്ടടുത്ത രണ്ട് ആഴ്ചകളിൽ ഓരോ ആഴ്ചയിലും വെളിച്ചത്തിന്റെ ദൈർഘ്യം മുപ്പത് മിനിറ്റ് വീതം കൂട്ടി മൊത്തം പതിനാറ് മണിക്കൂർ വെളിച്ചം നൽകുക. ഫ്ലൂറസെന്റ് ബൾബുകൾ, ഇൻകാന്റസെന്റ് ബൾബുകൾ, ഇൻഫ്രാറെഡ് ബൾബുകൾ എന്നിവയെല്ലാം പ്രകാശത്തിന്റെ സ്രോതസ്സായി ഉപയോഗിക്കാം. 14 -23 വാട്ടുള്ള സിഎഫ്എൽ ഉപയോഗിക്കുന്നത് ശരിയായ തീവ്രതയുള്ള പ്രകാശം ഒരേയളവിൽ കോഴികൾക്ക് കിട്ടുന്നതിന് സഹായിക്കും. തീവ്രത കുറവായതിനാലും വൈദ്യതി ഉപയോഗം അധികമില്ലാത്തതിനാലും സിഎഫ്എൽ ബൾബുകളാണ് മെച്ചം.
പത്ത് ചതുരയടിക്ക് ഒരു വാട്ട് എന്ന അളവിൽ ലൈറ്റുകൾ ക്രമീകരിക്കാം. രണ്ട് സിഎഫ്എൽ ബൾബുകൾ തമ്മിൽ 20 അടി അകലത്തിലും താരനിരപ്പിൽ നിന്നും 8-9 അടി ഉയരത്തിലും ക്രമീകരിക്കാവുന്നതാണ്. മഴക്കാലത്ത് പകല്‍വെളിച്ചം കുറയാനിടയുള്ളതിനാല്‍ സിഎഫ്എൽ ബള്‍ബുകള്‍/ ട്യൂബുകൾ ഒരുക്കി കൃത്രിമവെളിച്ചം ഉറപ്പുവരുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. വെളിച്ചം കുറയാൻ ഇടയുള്ളതിനാൽ പകൽ മുഴുവനും ട്യൂബുകൾ ഇട്ട് നൽകാം. മുട്ടയിട്ട് തുടങ്ങിയിട്ടില്ലാത്ത കോഴികള്‍ക്ക് ഈ രീതിയില്‍ അധികവെളിച്ചം നല്‍കാന്‍ പാടില്ല.
പ്രതിരോധ കുത്തിവയ്പുകൾ നൽകുന്നതിൽ വീഴ്ച വേണ്ട
മുട്ടക്കോഴികളെ ബാധിക്കുന്ന കോഴിവസന്ത, ഫൗൾ പോക്സ് എന്നീ വൈറസ് രോഗങ്ങൾ തടയാൻ ഫലപ്രദമായ വാക്സീനുകൾ ലഭ്യമായതിനാല്‍ അവ യഥാവിധി നൽകി കോഴികളെ സുരക്ഷിതമാക്കാന്‍ കര്‍ഷകര്‍ ശ്രദ്ധിക്കണം. നാടന്‍ കോഴികള്‍ക്കും ജൈവരീതിയിൽ അഴിച്ചുവിട്ട് വളർത്തുന്ന കോഴികൾക്കുമെല്ലാം വാക്സീൻ നൽകണം. വിരിഞ്ഞിറങ്ങുന്ന കോഴിക്കുഞ്ഞുങ്ങള്‍ക്ക് 5-7 ദിവസം പ്രായമെത്തുമ്പോള്‍ കോഴിവസന്ത തടയാനുള്ള ആദ്യ പ്രതിരോധ വാക്സീനായ എഫ് സ്‌ട്രെയിൻ / ലസോട്ട സ്‌ട്രെയിൻ വാക്സിൻ ഒരു തുള്ളി കണ്ണിലോ മൂക്കിലോ ഒഴിച്ച് നല്‍കണം. തുടര്‍ന്ന് 21 ദിവസം പ്രായമെത്തുമ്പോള്‍ ലസോട്ട ബൂസ്റ്റര്‍ വാക്സീൻ നൽകണം. ഇത് കണ്ണിലോ മൂക്കിലോ ഓരോ തുള്ളിയായോ കുടിവെള്ളത്തിൽ ചേർത്തോ നൽകാം. കോഴിവസന്ത തടയാനുള്ള അടുത്ത പ്രതിരോധകുത്തിവയ്‌പായ ആർ 2 ബി അല്ലെങ്കിൽ ആർഡികെ വാക്‌സീൻ മുട്ടക്കോഴികള്‍ക്ക് 8 ആഴ്ചയും, 16 ആഴ്ചയും 40 ആഴ്ചയും പ്രായമെത്തുമ്പോൾ ത്വക്കിനടിയിൽ കുത്തിവയ്പായി നല്‍കണം. രോഗപ്പകര്‍ച്ച കൂടുതലുള്ള സ്ഥലങ്ങളില്‍ ഓരോ ആറ് മാസം കൂടുമ്പോള്‍ കോഴിവസന്ത പ്രതിരോധ കുത്തിവയ്പ് ആവര്‍ത്തിക്കുന്നത് ഉചിതമാണ്. കോഴിവസന്ത തടയാൻ കുഞ്ഞുങ്ങളായിരിക്കുമ്പോൾ ഘട്ടം ഘട്ടമായി നൽകുന്ന വീര്യം കുറഞ്ഞ എഫ് / ലസോട്ട തുടങ്ങിയ വാക്സിനുകൾ കൃത്യമായി ലഭിക്കാത്ത കോഴികളുണ്ടാവാം. ഈ കോഴികൾക്ക് 8, 16 ആഴ്ച പ്രായമെത്തുമ്പോൾ നൽകുന്ന ആര്‍ 2 ബി / ആർഡികെ കുത്തിവയ്പുകൾ നേരിട്ട് നൽകരുത്. ചെറുപ്രായത്തിൽ വാക്സിനുകൾ നൽകാത്തതും നൽകിയതായി ഉറപ്പില്ലാത്തതുമായ കോഴികൾക്ക് ആദ്യ ഘട്ടത്തിൽ ലസോട്ട വാക്സിൻ നൽകണം. ഇതിനു ശേഷം രണ്ടാഴ്ച കഴിയുമ്പോൾ ആര്‍ 2 ബി / ആർഡികെ വാക്സീൻ കുത്തിവെയ്പായി നൽകുന്നതാണ് അഭികാമ്യം. ലസോട്ട വാക്‌സിൻ ഏത് പ്രായത്തിലുള്ള കോഴികൾക്കും സുരക്ഷിതമായി നൽകാവുന്നതാണ് . കോഴിവസൂരി അഥവാ ഫൗൾ പോക്സ് തടയാനുള്ള വാക്സിൻ 6-8 ആഴ്ചയിലും 18-20 ആഴ്ച പ്രായത്തിലും കോഴികൾക്ക് നൽകാം. കോഴിവസന്ത, കോഴിവസൂരി വാക്സീനുകൾ സർക്കാർ മൃഗാശുപത്രികൾ വഴി ലഭ്യമാക്കുന്നുണ്ട്.
വിരകൾ മുട്ടക്കോഴികളിലും പ്രശ്നക്കാർ
ഏഴ് ആഴ്ച പ്രായമെത്തിയതോ അതിനു മുകളിലോ പ്രായമുള്ള എല്ലാ കോഴികൾക്കും ആന്തര പരാദങ്ങളെ നിയന്ത്രിക്കുന്നതിനായുള്ള വിരമരുന്നുകൾ നൽകണം. വീട്ടുമുറ്റത്ത് അഴിച്ചുവിട്ട് വളർത്തുന്ന കോഴികൾക്ക് ഓരോ ഇടവിട്ട മാസങ്ങളിലും, വാക്സീൻ നൽകുന്നതിന് ഒരാഴ്ച മുൻപും വിരയിളക്കുന്നതിനായുള്ള മരുന്നുകൾ നൽകണം. ആൽബെൻഡസോൾ, ഫെൻബെൻഡസോൾ, മേബൻഡസോൾ, മോറാന്റെൽ, പൈപ്പറാസീൻ, ഐവർ മെക്റ്റിൻ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയ മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായ അളവ് കണക്കാക്കി കോഴികൾക്ക് നൽകാം.
വിരമരുന്നുകൾ നേരിട്ടോ കുടിവെള്ളത്തിലോ നൽകാം. കുടിവെള്ളത്തിലാണ് വിരമരുന്ന് നൽകുന്നതെങ്കിൽ കോഴികളുടെ എണ്ണം, തൂക്കം എന്നിവയുടെ അടിസ്ഥാനത്തിൽ ആവശ്യമായ അളവ് മരുന്ന് കലക്കിയ വെള്ളം കൂട്ടിൽ വയ്ക്കാം. 2 മണിക്കൂർ സമയംകൊണ്ട് കോഴികൾ കുടിച്ച് തീരുന്ന കുറഞ്ഞ അളവ് വെള്ളത്തിൽ വേണം വിരമരുന്നുകൾ ചേർത്ത് വയ്ക്കേണ്ടത്. മരുന്ന് നൽകേണ്ട മാത്രയോ ക്രമമോ പാലിക്കാതെ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വിരമരുന്നുകൾ വാങ്ങി കോഴികൾക്ക് നൽകുന്നതിൽ കാര്യമില്ല. വിരമരുന്നുകൾ നൽകുമ്പോഴുള്ള ക്ഷീണം ഒഴിവാക്കാൻ വിരയിളക്കുന്നതിനു മൂന്ന് ദിവസം മുൻപും ശേഷവും കോഴികൾക്ക് ധാതു ജീവക മിശ്രിതങ്ങൾ വെള്ളത്തിൽ ചേർത്ത് നൽകുന്നത് ഉചിതമാണ്. കോഴിപ്പേൻ ഉൾപ്പെടെയുള്ള ബാഹ്യ പരാദങ്ങളെ നിയന്ത്രിക്കാനുള്ള മരുന്നുകൾ രണ്ട് മാസത്തിൽ ഒരിക്കൽ കൂട്ടിലും പരിസരങ്ങളിലും കോഴികളുടെ ശരീരത്തിലും തളിക്കണം.
കൊക്ക് മുറിച്ചാൽ പലതുണ്ട് നേട്ടം
കോഴികൾ തമ്മിൽ കൊത്തുകൂടൽ, തൂവൽ കൊത്തി പറിക്കൽ, മുട്ട കൊത്തിക്കുടിക്കൽ, തീറ്റ പാഴാക്കൽ, തീറ്റ മിശ്രിതത്തിൽനിന്നും ഏതെങ്കിലും ഒരു തീറ്റ ഘടകം മാത്രം കൊത്തിയെടുത്തു തിന്നൽ എന്നിവയെല്ലാം മുട്ടക്കോഴികളിൽ സാധാരണകാണുന്ന പ്രശ്നങ്ങളാണ്. കോഴികളെ തിങ്ങിപാർപ്പിക്കൽ, പോഷകാഹാരത്തിന്റെ കുറവ് എന്നിവയെല്ലാം ഈ പ്രശ്നങ്ങളുടെ കാരണമാകാം. മുട്ടക്കോഴികളുടെ കൊക്ക് ശാസ്ത്രീയമായി മുറിക്കുന്നതിലൂടെ മേൽസൂചിപ്പിച്ച പ്രശ്നങ്ങൾ ഒരു പരിധിവരെ തടയാൻ സാധിക്കും. ഡീബീക്കിങ് എന്നാണ് കൊക്കു മുറിക്കൽ അറിയപ്പെടുന്നത്. കോഴിയുടെ മേൽകൊക്കിന്റെ മൂന്നിൽ രണ്ടു ഭാഗവും കീഴ് കൊക്കിന്റെ മൂന്നിൽ ഒരുഭാഗവും മുറിച്ചൊഴിവാക്കുകയാണ് ഡീബീക്കിങിൽ ചെയ്യുന്നത്. മുട്ടക്കോഴികുഞ്ഞുങ്ങൾക്ക് 10-14 ദിവസം പ്രായമെത്തുമ്പോൾ ആദ്യ ചുണ്ടുമുറിക്കൽ നടത്താം. പിന്നീട് 14-16 ആഴ്ച പ്രായമെത്തുമ്പോൾ ഡീബീക്കിങ് നടത്താം. ഡീബീക്കിങ് നടത്തിയതിന് ശേഷം അഞ്ച് ദിവസം കോഴികൾക്ക് ധാതുജീവക മിശ്രിതങ്ങളും ആന്റിബയോട്ടിക്ക് മരുന്നുകളും നൽകണം. മുൻപ് കരിച്ചും മൂർച്ചയുള്ള ബ്ലേഡുപയോഗിച്ചുമെല്ലാമാണ് ഡീബീക്കിങ് നടത്തിയിരുന്നതെങ്കിൽ ഇന്ന് വൈദ്യുതിയിൽ എളുപ്പം പ്രവർത്തിക്കാവുന്ന ഡിബീക്കറുകൾ ലഭ്യമാണ്. മുട്ടക്കോഴി വളർത്തൽ കേന്ദ്രങ്ങളിലും എഗ്ഗർ നഴ്സറികളിലും തീർച്ചയായും വാങ്ങി സൂക്ഷിക്കേണ്ട ഉപകരണമാണിത്.
ജൈവസുരക്ഷ
കോഴി വളർത്തു കേന്ദ്രങ്ങളിൽ ജൈവസുരക്ഷയ്ക്ക് വലിയ പ്രാധാന്യമുണ്ട്. തീറ്റപ്പാത്രങ്ങൾ, കുടിവെള്ള പാത്രങ്ങൾ, കേജ് രീതിയിൽ ആണെങ്കിൽ കാഷ്ടം ശേഖരിക്കുന്ന ട്രേ എന്നിവ നിത്യേനെ പൊട്ടാസ്യം പെര്‍മാംഗനേറ്റ് (1:1000), ബ്ലീച്ചിങ് പൗഡർ, വിപണിയിൽ ലഭ്യമായ ഗ്ലൂട്ടറാൽഡിഹൈഡ് അടങ്ങിയ കൊർസോലിൽ ( KOHRSOLIN) പോലുള്ള ലായകങ്ങൾ തുടങ്ങിയ ഏതെങ്കിലും അണുനാശിനികൾ ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. ഈച്ചകളും കൊതുകുകളും പെരുകാത്ത വിധത്തിൽ ജൈവമാലിന്യങ്ങൾ കൃത്യമായ ഇടവേളകളിൽ കൂട്ടിൽ നിന്നും നീക്കം ചെയ്യണം. ബാഹ്യപരാദങ്ങളെ നിയന്ത്രിക്കാന്‍ ആഴ്ചയില്‍ രണ്ട് തവണ കൂടിനടിയിൽ കുമ്മായവും ബ്ലീച്ചിങ് പൗഡറും ചേര്‍ത്ത മിശ്രിതം വിതറാം. ഒരു കിലോ കുമ്മായത്തില്‍ 250 ഗ്രാം വീതം ബ്ലീച്ചിങ് പൗഡര്‍ ചേര്‍ത്ത് പ്രയോഗിക്കാം.
കൂടുകളില്‍ കോഴികളെ തിങ്ങിപ്പാര്‍പ്പിക്കാതെ മതിയായ സ്ഥലം ഒരുക്കി നല്‍കണം. മൂന്ന് മുതൽ അഞ്ചു വരെ എണ്ണം കോഴികൾക്ക് കൂട്ടിൽ ഒരു ചതുരശ്ര മീറ്റർ സ്ഥലം നൽകണം. വെള്ളകലര്‍ന്ന വയറിളക്കം,കാഷ്ടത്തിൽ രക്താംശം, കൂട്ടമായി കൂടിന്‍റെ ഒരു മൂലയില്‍ തലതാഴ്ത്തി തൂങ്ങി നില്‍ക്കല്‍, മുഖത്തോ കണ്ണുകളിലോ പൂവിലോ താടയിലൊ കാൽമുട്ടിലോ വീക്കം, തീറ്റമടുപ്പ്,ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, ശ്വാസമെടുക്കുമ്പോൾ കുറുകൽ ശബ്ദം,കൂട്ടമായി വളർത്തുന്ന കോഴികളിൽ ഏതാനും കോഴികളുടെ പെട്ടെന്നുള്ള മരണം തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സയും വിദഗ്ധോപദേശവും തേടണം. നല്ല വയറിളക്കം കാണിക്കുന്ന കോഴികൾക്ക് നേർപ്പിച്ച പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി 5-10 മില്ലി വീതം ദിവസവും നൽകുന്നത് ഫലപ്രദമാണ്. ആവശ്യമെങ്കിൽ ആന്റിബയോട്ടിക് ചികിത്സകൾ വേണ്ടിവരും. കോഴികളുടെ സ്വാഭാവിക പ്രതിരോധശക്തി വർധിപ്പിക്കാന്‍ തീറ്റയോടൊപ്പം ലിവര്‍ ടോണിക്കുകള്‍, മള്‍ട്ടി വൈറ്റമിന്‍ മരുന്നുകള്‍, മിത്രാണുമിശ്രിതങ്ങളായ പ്രോബയോട്ടിക്കുകള്‍ എന്നിവ നിത്യവും നൽകുന്നത് അഭികാമ്യമാണ്. കോഴികൾ പെട്ടന്ന് ചത്തുപോയാൽ ജഡ പരിശോധന നടത്തി കാരണം കണ്ടെത്തണം.
English summary: Layer Poultry Farming Guide For Beginners