വിളവ് കൂട്ടിയിട്ടെന്തു പ്രയോജനം? വിളവ് കൂട്ടിയാൽ വരുമാനം കൂടുമോ?: കർഷകന്റെ പ്രതികരണക്കുറിപ്പ്
ഡിസംബർ ലക്കം കർഷകശ്രീ മാസികയിൽ കൃഷിവകുപ്പ് അസി. ഡയറക്ടർ പ്രമോദ് മാധവൻ എഴുതിയ ‘ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല്’ എന്ന ലേഖനം ചർച്ചാവിഷയമായിരിക്കുകയാണ്. ഒരു ചതുരശ്രമീറ്റർ ഒരു കിലോ നെല്ല് ഉൽപാദിപ്പിച്ച കർഷകനെക്കുറിച്ച് പ്രമോദ് മാധവൻ എഴുതിയ ലേഖനം കഴിഞ്ഞ ദിവസം മനോരമ ഓൺലൈൻ കർഷകശ്രീ
ഡിസംബർ ലക്കം കർഷകശ്രീ മാസികയിൽ കൃഷിവകുപ്പ് അസി. ഡയറക്ടർ പ്രമോദ് മാധവൻ എഴുതിയ ‘ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല്’ എന്ന ലേഖനം ചർച്ചാവിഷയമായിരിക്കുകയാണ്. ഒരു ചതുരശ്രമീറ്റർ ഒരു കിലോ നെല്ല് ഉൽപാദിപ്പിച്ച കർഷകനെക്കുറിച്ച് പ്രമോദ് മാധവൻ എഴുതിയ ലേഖനം കഴിഞ്ഞ ദിവസം മനോരമ ഓൺലൈൻ കർഷകശ്രീ
ഡിസംബർ ലക്കം കർഷകശ്രീ മാസികയിൽ കൃഷിവകുപ്പ് അസി. ഡയറക്ടർ പ്രമോദ് മാധവൻ എഴുതിയ ‘ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല്’ എന്ന ലേഖനം ചർച്ചാവിഷയമായിരിക്കുകയാണ്. ഒരു ചതുരശ്രമീറ്റർ ഒരു കിലോ നെല്ല് ഉൽപാദിപ്പിച്ച കർഷകനെക്കുറിച്ച് പ്രമോദ് മാധവൻ എഴുതിയ ലേഖനം കഴിഞ്ഞ ദിവസം മനോരമ ഓൺലൈൻ കർഷകശ്രീ
ഡിസംബർ ലക്കം കർഷകശ്രീ മാസികയിൽ കൃഷിവകുപ്പ് അസി. ഡയറക്ടർ പ്രമോദ് മാധവൻ എഴുതിയ ‘ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല്’ എന്ന ലേഖനം ചർച്ചാവിഷയമായിരിക്കുകയാണ്. ഒരു ചതുരശ്രമീറ്റർ ഒരു കിലോ നെല്ല് ഉൽപാദിപ്പിച്ച കർഷകനെക്കുറിച്ച് പ്രമോദ് മാധവൻ എഴുതിയ ലേഖനം കഴിഞ്ഞ ദിവസം മനോരമ ഓൺലൈൻ കർഷകശ്രീ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനൊപ്പം ഓർഗാനിക് ഫാമിങ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് കെ.പി.ഇല്യാസിന്റെ കുറിപ്പും ചർച്ചയായിട്ടുണ്ട്. ഇല്യാസ് എഴുതിയ ‘വിളവ് കൂട്ടിയിട്ടെന്തു പ്രയോജനം?’ വായിക്കാം...
വിളവ് കൂട്ടിയിട്ടെന്തു പ്രയോജനം?
കൃഷി ഉദ്യോഗസ്ഥരിൽ വ്യത്യസ്ഥനും കൃഷിയുമായി ബന്ധപ്പെട്ട് നിരന്തരം വിശദമായ നല്ല ലേഖനങ്ങൾ എഴുതിക്കൊണ്ടിരിക്കുന്ന സുഹൃത്തായ ശ്രീ പ്രമോദ് മാധവന്റെ ഒരു ലേഖനത്തിനോടുള്ള പ്രതികരണക്കുറിപ്പാണിത്. ആരോഗ്യകരമായ ചർച്ചയ്ക്ക് ഇത് വഴിതെളിയിക്കുമെന്ന് കരുതട്ടെ!
അദ്ദേഹം ഈയിടെ എഴുതിയ ഒരു ലേഖനത്തിൽ അവകാശപ്പെടുന്നത് ഒരു ചതുരശ്ര മീറ്ററിൽ നിന്ന് ഒരു കിലോ നെല്ല് ഉൽപാദിപ്പിക്കാം എന്നാണ്. ഏകദേശം 10,000 ചതുരശ്ര മീറ്ററാണ് ഒരു ഹെക്ടർ. അതായത് ശ്രമിച്ചു കഴിഞ്ഞാൽ ഒരു ഹെക്ടറിൽ നിന്ന് 10,000 കിലോ വരെ നെല്ലുണ്ടാക്കാം എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. 'ശരിയായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് അതീവ പരിചരണത്തിലൂടെ കൃഷി ചെയ്ത എടപ്പാൾ കോലൊളമ്പ് കോൾപ്പടവിലെ നെൽക്കർഷകനായ അബ്ദുൽ ലത്തീഫിന് 10,108 കിലോ നെല്ല് കിട്ടിയെന്നാണ് അദ്ദേഹം പറയുന്നത്. ഒരു ചതുരശ്ര മീറ്ററിലെ മാത്രം നെല്ലളന്ന് അത് മൾട്ടിപ്ലൈ ചെയ്തതാണോന്നറിയില്ല.
ഇനിയങ്ങനെ അത്രയും വിളവ് ലഭിച്ചെന്നു തന്നെ കരുതുക! എല്ലാ വർഷവും ഇതേ വിളവ് ഇതേ പാടശേഖരത്തിൽനിന്ന് ലഭിക്കാറുണ്ടോ? എല്ലാ കണ്ടത്തിൽ നിന്നും ഏകദേശം ഒരേ വിളവാണോ ലഭിക്കുന്നത്? കോൾപ്പടവിലെയോ അതല്ലെങ്കിൽ കേരളത്തിലെ മറ്റു പാടശേഖരങ്ങളിലോ ഈ രീതിയിൽ 'മെച്ചപ്പെട്ട സാങ്കേതിക വിദ്യകൾ' ഉപയോഗിച്ചു കഴിഞ്ഞാൽ ഇത്രയും വിളവു ലഭിക്കുമോ. ഇതെല്ലായിടത്തും സാധിക്കുമോ? ഇത് എത്ര കണ്ട് പ്രായോഗികമാണ്?
കൃഷി ശാസ്ത്രജ്ഞരും കാർഷിക ഉദ്യോഗസ്ഥരും എല്ലാ കാലത്തും പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു സ്ഥിരം വാദമാണ് വിളവ് വർധിപ്പിക്കൂ.. വിളവ് വർധിപ്പിക്കൂ.. എന്നുള്ളത്.
അനാവശ്യമായ അധികച്ചെലവ് വരുത്തി വിളവ് വർധിപ്പിച്ചിട്ടെന്തു കാര്യം? വിളവ് കൂട്ടിയാൽ വരുമാനം കൂടുമോ? യഥാർഥത്തിൽ വിളവ് കൂടുമ്പോൾ എന്താണ് സംഭവിക്കുന്നത്?
അമിത വിളവെന്ന് പറയുന്നതു താല്‍ക്കാലികമായി കർഷകരെ കബളിപ്പിക്കുന്ന ഒരു പ്രക്രിയയാണ്. വിളവ് വർധിപ്പിച്ചാൽ വരുമാനം കൂടുമെന്നും പട്ടിണി മാറുമെന്നുമൊക്കെ പറയുന്നത് ഒരു വലിയ മിഥ്യയാണ്. യഥാർഥത്തിൽ വലിയ വിളവെന്ന് പറയുന്നത് ഒരു വലിയ കെണിയാണ്! കർഷകരെ പതുക്കെ ദുരിതലേക്കു നയിക്കുന്ന കെണി. കർഷകരെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന കെണി. കൃഷിയിടങ്ങൾ ഇല്ലാതാക്കുന്ന കെണി. പ്രാദേശിക ഭക്ഷ്യ സ്വാശ്രയത്തം തകർക്കുന്ന കെണി. നാട്ടുവിത്തുകളും നാട്ടു ഭക്ഷ്യസംസ്കാരവും വിളകളും തകർക്കുന്ന കെണി, മാർക്കറ്റിന് വില കുറഞ്ഞ വിളകൾ ലഭ്യമാക്കാനുള്ള കെണി. കൃഷി ചെലവേറിയതാക്കുന്ന കെണി. ചെറുകിട കർഷകരുടെ വരുമാനം തകർക്കുന്ന, അവരെ കടക്കെണിയിലാക്കി ആത്മഹത്യയിലേക്കു തള്ളിവിടുന്ന ഒരു വലിയ കെണിയാണ് വലിയ വിളവെന്ന് പറയുന്നത്. എന്തിന്, കർഷകരുടെ കൈയിലുള്ളത് മുഴുവൻ പെറുക്കിയെടുത്ത് കുറഞ്ഞ സ്ഥലത്ത് കൃഷി ചെയ്ത് പറ്റാവുന്ന വിളവുണ്ടാക്കിയാൽ പോലും വിപണിയിൽ ന്യായവില ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത അവസ്ഥ സൃഷ്ടിക്കുന്ന സാഹചര്യമാണ് അമിത വിളവെന്ന് പറയുന്നത്!
അമിത വിളവെന്ന് പറയുന്നത് എല്ലാവർക്കും സാധ്യമായ ഒന്നല്ല. അത് ജൈവമായാലും രാസമായാലും! കാർഷിക മേഖലയുടെ വരേണ്യ വൽക്കരണമാണ് അമിത വിളവ്! ചില വിളകൾ ചില സ്ഥലങ്ങളിൽ കേന്ദ്രീകരിക്കുന്നു. ആ വിളയ്ക്ക് കൂടുതൽ വിളവ് ലഭിക്കുന്ന സ്ഥലങ്ങളിൽ മാത്രം അത് ലാഭകരമാകുന്നു. ഏകവിള സമ്പ്രദായത്തെ അത് പ്രോത്സാഹിപ്പിക്കുന്നു. പ്രാദേശികമായ കാർഷിക ആവാസവ്യവസ്ഥയെ അത് തകിടം മറിക്കുന്നു. ചെറിയ വിളവുണ്ടാക്കുന്നവരെ, ചെറുകിട കർഷകരെ കൃഷിയിടങ്ങളിൽ നിന്ന് പുറംതള്ളുന്ന പ്രക്രിയയാണ് അമിത വിളവ്!
ശരിക്കും വലിയ വിളവുണ്ടാക്കാൻ വേണ്ടി പുറപ്പെടുന്നവർ എന്താണ് ചെയ്യുന്നതെന്ന് നോക്കാം.
താരതമ്യേന വിളവ് കൂടിയ വളക്കൂറുള്ള പ്രദേശങ്ങളിൽ കൂടുതൽ സ്ഥലമെടുത്ത് കൂടുതൽ ചെലവ് ചെയ്ത് വില കൂടിയ വിത്തും വളവും വാങ്ങി, സ്ഥലമുടമയ്ക്ക് ചോദിക്കുന്ന തുക പാട്ടവും നൽകി കൃഷി തുടങ്ങുന്നു. 'അതീവ കൃഷി പരിചരണത്തിലൂടെ' താല്ക്കാലികമായി വിളവ് വർധിപ്പിക്കുന്നു. അമിത വിളവായതിനാൽ വില കുറച്ചു കുറഞ്ഞാലും കുഴപ്പമില്ല. അതിലൂടെ കുറച്ച് കാലത്തേക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്നു.
അതുകണ്ട് അവിടുത്തെ തൊഴിലാളികളും സ്ഥലയുടമകളും കൂലിയും പാട്ടത്തുകയും വർധിപ്പിക്കുന്നു.. ആ പ്രദേശത്തെ ശരാശരി കൂലിയും പാട്ടത്തുകയും കുറഞ്ഞ കാലം കൊണ്ട് കൂടാൻ തുടങ്ങും. മണ്ണിന്റെ ഫലഭൂയിഷ്ഠതയും വിത്തിന്റെ ഗുണമേന്മയും കുറയുന്നതനുസരിച്ച് വിളവ് കുറയാൻ തുടങ്ങും. പക്ഷേ കൂടിയ കൂലിച്ചെലവ് കുറയില്ല. കുറഞ്ഞ സ്ഥലത്ത് കൃഷി ചെയ്ത് വരുമാനം ഉണ്ടാക്കുന്നവർ, വീട്ടാവശ്യത്തിനും മറ്റുമായി നെൽകൃഷി ചെയ്യുന്നവർക്കൊന്നും ഈ കൂലിചെലവ് താങ്ങാൻ പറ്റാതെയാകുന്നു. അവർ നെൽകൃഷി ഉപേക്ഷിക്കാനിടയാകുന്നു. അവർ 'ശാസ്ത്രീയ കൃഷി രീതികൾ പിന്തുടരാത്തതു കൊണ്ടാണ് വിളവ് കുറഞ്ഞു പോയതെന്ന് പറഞ്ഞ്' കൃഷി ഉദ്യേഗസ്ഥർ അവരെ കുറ്റപ്പെടുത്തുന്നു.
'അതീവ പരിചരണം' കൊടുത്ത് ചെയ്യുന്ന കൃഷി എല്ലാവർക്കും സാധ്യമല്ലെന്ന് നാം മനസ്സിലാക്കണം! എല്ലാം കൃഷിയിടങ്ങളും ഒരുപോലെയല്ല, കർഷകരുടെ സാഹചര്യങ്ങളും ഒരുപോലെയല്ല. ഏകരൂപമല്ലാത്ത കൃഷിയിടങ്ങളിൽ നിന്നും കാർഷിക സാഹചര്യങ്ങളിൽ നിന്നും എങ്ങിനെയാണ് ഒരുപോലെ വിളവുണ്ടാക്കാൻ പറ്റുക?
കേരളത്തിൽ നെൽകൃഷി മേഖലയിൽ സംഭവിച്ചത് ഇതൊക്കെയാണ്. ഇപ്പോൾ കുട്ടനാട്ടിലും കോൾപ്പാടത്തുമൊക്കെ സംഭവിച്ചു കൊണ്ടിരിക്കുന്നതും ഇതാണ്. ഒന്നും രണ്ടും ഏക്കർ കൃഷി ചെയ്യുന്ന ചെറുകിട കർഷകർ ഇല്ലാതെയായിക്കൊണ്ടിരിക്കുന്നു.
1960കൾക്ക് മുമ്പ് കേരളത്തിലെ നെൽകൃഷി 'മെച്ചപ്പെട്ട സാങ്കേതിക വിദ്യകൾ' ഉപയോഗിക്കാത്തതിനാൽ നാടൻ വിത്തുകൾ ഉപയോഗിച്ച് ചെയ്യുന്ന പ്രാകൃതവും അപരിഷ്കൃതവുമായതു കൊണ്ടായിരുന്നല്ലോ വിളവ് വർധിപ്പിക്കാനെന്ന പേരിൽ സങ്കരയിനം വിത്തുകളും രാസകീടനാശിനികളും കൊണ്ടുവന്നത്. എന്നിട്ട് കേരളത്തിലെ മൊത്തം നെല്ലുൽപാദനം കൂടിയോ? കർഷകരുടെ വരുമാനം കൂടിയോ?
ഈ പറയുന്ന അത്യുൽപാദന ശേഷിയുള്ള വിത്തുകളും 'ശാസ്ത്രീയ രാസവളങ്ങളും, കീടനാശിനികളെല്ലാം ഉപോഗിച്ച്' ഹെകടർ/വിളവ് വർധിപ്പിച്ചിട്ടും എന്തു കൊണ്ട് കേരളത്തിലെ മൊത്തം നെല്ലുൽപാദനം വർധിച്ചില്ല. 1970കളിൽ 9 ലക്ഷം ഹെക്ടറുണ്ടായിരുന്ന നെൽകൃഷി എങ്ങിനെ ഇപ്പോൾ രണ്ട് ലക്ഷം ഹെക്ടറായി കുറഞ്ഞു?
ഓരോ വർഷം ഹെക്ടർ/വിളവ് വർധിക്കുമ്പോഴും മൊത്തം ഉൽപാദനം കുറഞ്ഞു കൊണ്ടിരിക്കുന്നു. കൃഷിയിടങ്ങളും കുറഞ്ഞു കൊണ്ടിരിക്കുന്നു. ചെറുകിട നെൽകർഷകർ ഇല്ലാതെയായി. സ്വന്തം ആവശ്യത്തിന് നെൽകൃഷി ചെയ്തിരുന്നവർ പോലും ചെലവ് താങ്ങാൻ പറ്റാത്തതിനാൽ മാർക്കറ്റിൽ നിന്ന് അരി വാങ്ങിക്കഴിക്കേണ്ട ഗതികേടിലെത്തി.
ഹെക്ടറിന് ശരാശരി 2.8 ടൺ വരെ വിളവ് ലഭിക്കുന്ന കേരളത്തിലെ നെൽകൃഷി ഹെക്ടറിന് വെറും 1.8 ടൺ മാത്രം വിളവ് ലഭിക്കുന്ന ചത്തീസ്ഗഡിനെ അപേക്ഷിച്ച് ഓരോ വർഷം കൂടുംതോറും കുറഞ്ഞു കൊണ്ടിരിക്കുന്നു. ചത്തീസ്ഗഡിൽ അഞ്ചു വർഷം കൊണ്ടു അഞ്ചു ലക്ഷം ഹെക്ടർ നെൽകൃഷിയാണ് വർധിച്ചത്. ചത്തീസ്ഗഡിലെ ദന്തേവാഡ എന്ന ഒരു ജില്ല പൂർണമായും ജൈവകൃഷിയാണ് അവലംബിക്കുന്നത്! മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്, അധികം രാസവളങ്ങളോ കീടനാശിനികളോ അതിതീവ്ര കാർഷിക മുറകളോ 'മെച്ചപ്പെട്ട സാങ്കേതിക വിദ്യകളോ' ഉപയോഗിക്കാത്ത, വിളവ് കുറവുള്ള, ചെറിയ ചെറിയ കൃഷിയിടങ്ങളുള്ള, ചത്തീസ്ഗഡിൽ എങ്ങിനെയാണ് നെൽകൃഷി ലാഭകരമാകുന്നത്!
കാരണം "വിലയാണ് മുഖ്യം ബിഗിലേ". ചെലവ് കുറവും വില കൂടുതലുമാണവിടെ! സർക്കാർ ഇപ്പോൾ 31 രൂപയാണ് ഒരു കിലോ നെല്ല് സംഭരിച്ചാൽ നൽകുന്നത്. കേരളത്തിൽ ഇപ്പോഴും 28.20 രൂപയാണ്. കേരളത്തിലെ പോലെയല്ല കൃത്യമായി സംഭരണ വിതരണ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടവിടെ!
കാർഷിക മേഖലയിലെ കർഷകർ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ നേരിടാനോ പരിഹരിക്കാനോ ശ്രമിക്കാത്ത ഉദ്യോഗസ്ഥരും കാർഷിക വിദഗ്ധരുമാണ് വിളവ് കൂട്ടാൻ വേണ്ടി എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്!
അവർ സംഭരണ വിതരണ സംവിധാനങ്ങളിലെ അപാകതകൾ പരിഹരിക്കാൻ ശ്രമിക്കില്ല, വന്യമൃഗശല്യത്തിനെരെയുള്ള പരിഹാര നടപടി സ്വീകരിക്കില്ല, കാലാവസ്ഥ വ്യതിയാനം മൂലം വിളനഷ്ടം സംഭവിക്കാൻ സാഹചര്യമുള്ള മേഖലയിൽ മുൻകരുതലെടുക്കില്ല. കൃത്യമായി കൃഷിക്ക് വേണ്ട ആനുകൂല്യങ്ങൾ സമയത്തിന് നൽകാൻ തയാറാകില്ല. നെൽകൃഷിയും നെൽവയലും കുറയുന്നതിൽ അവർക്ക് ആധിയില്ല. നെൽവയൽ കുറയാതിരിക്കാനുള്ള നിയമനടപടി സ്വീകരിക്കില്ല.
ഇതൊന്നും ചെയ്യാതെ വിളവ് കൂട്ടാനുള്ള പുതിയ 'മെച്ചപ്പെട്ട സാങ്കേതിക വിദ്യകളുമായി' നമ്മുടെ അടുത്തേക്ക് വരും! വിളവ് കൂട്ടിയാൽ മതി എല്ലാ പ്രശ്നങ്ങളും തീരും!
ഇനി മെച്ചപ്പെട്ട സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കുറഞ്ഞ സ്ഥലത്ത് കൂടുതൽ വിളവ് ഉണ്ടാക്കിയെന്നിരിക്കട്ടെ സപ്ലൈകോ മുഴുവൻ നെല്ല് സംഭരിക്കുമോ? സംഭരിച്ച നെല്ലിന് കൃത്യമായ തുക നൽകുമോ? കൃഷി ചെലവിനനുസരിച്ച് വില വർധിപ്പിക്കുമോ?
കേരളത്തിൽ സപ്ലൈകോ പരമാവധി ഒരു കർഷകനിൽ നിന്ന് സംഭരിക്കുന്നത്. 22 മുതൽ 30 ക്വിന്റൽ നെല്ലാണ്. കുട്ടനാട്ടിൽ പരമാവധി ഒരു കർഷകനിൽ നിന്ന് അഞ്ചേക്കറിൽ നിന്നായി 15,000 കിലോ മാത്രമേ സംഭരിക്കൂ.
അപ്പോൾ ഒരു ഹെക്ടറിൽ നിന്ന് 10,000 കിലോ നെല്ലുണ്ടാക്കിയാൽ അഞ്ചേക്കറിൽ നിന്ന് 20,000 കിലോ നെല്ല് ലഭിക്കും. ബാക്കിയായത് ചെയ്യും? സ്വകാര്യ മില്ലുടമയ്ക്ക് കിട്ടിയ വിലയ്ക്ക് കൊടുക്കേണ്ടി വരും! അപ്പോൾ എന്തിനാണിവർ വിളവ് കൂട്ടാൻ പറയുന്നത്. സ്വകാര്യ മില്ലുകാർക്ക് കുറഞ്ഞ വിലയ്ക്ക് അരി വിൽക്കാനോ?
ഇന്ത്യയിൽ കഴിഞ്ഞ മുപ്പത് വർഷത്തിനിടയ്ക്ക് ആത്മഹത്യ ചെയ്ത നാല് ലക്ഷം കർഷകരിൽ 80 ശതമാനവും ചെറുകിട കർഷകരായിരുന്നു. അതിലേറെയും പാട്ടകർഷകരായിരുന്നു. അതിൽ 40 ശതമാനവും ജനിതക മാറ്റം വരുത്തിയ പരുത്തി കൃഷി ചെയ്ത കർഷകരായിരുന്നു. വിത്തിനും കൃഷിക്കും ചെലവേറിയതിനാൽ പണം കടം വാങ്ങേണ്ടി വന്നു. വിളവുണ്ടാക്കി കൊണ്ടുവന്നപ്പോൾ പക്ഷേ വിപണിയിൽ വില ലഭിച്ചില്ല. മുടക്കുമുതൽ പോലും കിട്ടിയില്ല.
അത്യാവശ്യം വിദ്യാഭ്യാസവും പിടിപാടുമുള്ളത് കൊണ്ട് കേരളത്തിലെ നെൽക്കർഷകരിലേറെപ്പേരും കൃഷി ഉപേക്ഷിച്ച് മറ്റു ജോലിക്കു പോയി. കുറേപേർ വിദേശത്തേക്കും കടന്നു. പക്ഷേ മഹാരാഷ്ട്രയിലെയും ആന്ധ്രയിലെയും കർഷകരുടെ സാഹചര്യം അതല്ല. അവർക്ക് ആത്മഹത്യയിൽ അഭയം തേടേണ്ടി വന്നു!
വിളവ് ഒട്ടും വേണ്ടായെന്നല്ല പറയുന്നത്! വിലയും വിപണിയും ഉറപ്പില്ലാത്തിടത്തോളം കാലം അമിത വിളവു കൊണ്ട് ഒരു പ്രയോജനവും ഇല്ല.