ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല്! ചർച്ചാവിഷയമായ ആ ലേഖനം ഇതാണ്
Mail This Article
നന്നായി അധ്വാനിക്കുന്ന ഒരാൾ, ഊർജാവശ്യങ്ങൾക്കായി ദിവസം ഏകദേശം 240 ഗ്രാം ധാന്യങ്ങൾ കഴിക്കണം, നാരുകളും ധാതുക്കളും നൽകുന്ന ചെറുധാന്യങ്ങൾ അടക്കം. ഈ കണക്കനുസരിച്ച് ഒരാൾക്ക് ഒരു മാസം 6 കിലോ അരി വേണ്ടിവരും; ഒരു വർഷം ഏതാണ്ട് 72 കിലോയും. കേരളത്തിലെ അരിയാഹാരം കഴിക്കുന്ന 3 കോടി ആളുകൾക്ക് ഏകദേശം 22 ലക്ഷം ടൺ അരി വേണമെന്നു സാരം. പലഹാരങ്ങൾ, നിവേദ്യം, മറ്റു ലഘുഭക്ഷണങ്ങൾ എന്നിവയ്ക്കുള്ള അരി വേറെയും വേണം. എങ്ങനെ നോക്കിയാലും 30 ലക്ഷം ടൺ അരിയെങ്കിലും ഒരു കൊല്ലം ആവശ്യമുണ്ട്. പക്ഷേ അതിന്റെ അഞ്ചിലൊന്നിൽ താഴെയാണ് നമ്മുടെ അരിയുല്‍പാദനം. നെൽപാടങ്ങളുടെ വിസ്തൃതി കുത്തനെ കുറഞ്ഞത് അരിയുല്‍പാദനത്തിൽ സ്വയംപര്യാപ്തത എന്ന സ്വപ്നം പോലും സാധ്യമല്ലാതാക്കി.
ഇനിയൊരു വഴി വിളസാന്ദ്രത (Cropping Intensity) കൂട്ടുകയാണ്. ഒരുപ്പൂ മാത്രം ചെയ്യുന്ന പാടങ്ങളിലെല്ലാം ഇരുപ്പൂ കൃഷി ചെയ്യണം. എന്നാല്‍, കുട്ടനാട്ടിലെ ഗണ്യമായ ഭാഗത്തിലും വലിയൊരു ഭാഗം കോൾപാടങ്ങളിലും ഇതു സാധ്യമല്ല. പാലക്കാട് ജില്ലയിൽ ഇരുപ്പൂകൃഷി ഏറക്കുറെ വ്യാപകമായി ചെയ്യുന്നുണ്ട്. അപ്പോഴും ഒന്നാം വിള കൊയ്യുന്ന സമയത്തെ തീവ്രമഴ കർഷകരെ വലയ്ക്കുന്നു. വേണ്ടത്ര ഉണക്ക് -സംഭരണ സംവിധാനങ്ങൾ ഇല്ലാതെ വരുമ്പോൾ ഒന്നാം വിള കൃഷിയിറക്കാൻ കർഷകർ മടിക്കും.
നമ്മുടെ മുന്നിലുള്ള മറ്റൊരു മാർഗം നെല്ലിന്റെ ഉല്‍പാദനക്ഷമത (Productivity) കൂട്ടുകയാണ്. അതായത് ഒരു സെന്റിൽനിന്ന്, അല്ല ഓരോ നെൽച്ചെടിയിൽനിന്നും കിട്ടുന്ന വിളവ് പരമാവധി വർധിപ്പിക്കുക. കുട്ടനാട്, പാലക്കാട്, കോൾപാടങ്ങൾ എന്നിവിടങ്ങളിൽ ഹെക്ടറിന് 6 ടണ്ണിൽ കൂടുതൽ വിളവു കിട്ടുന്നുണ്ട്. അതായത്, ഒരു സെന്റിൽനിന്ന് 24 കിലോ വരെ നെല്ല്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു ചതുരശ്ര മീറ്റർ സ്ഥലത്തുനിന്ന് 600 ഗ്രാം നെല്ല്. നമുക്ക് അതിനെ 1,000 ഗ്രാമിലേക്ക് ഉയര്‍ത്താന്‍ കഴിയണം. അപ്പോൾ ഏക്കറിന് 4000 കിലോ നെല്ല് കിട്ടും.
ചുരുങ്ങിയ കാലത്തിനുള്ളിൽ വിളവു തരുന്ന വിളയാണു നെല്ല്. ഹ്രസ്വകാലയിനങ്ങൾ കൊയ്തെടുക്കാൻ 120 ദിവസത്തിൽ താഴെ മതി. മധ്യകാല മൂപ്പുള്ള ഇനങ്ങൾപോലും 130-140 ദിവസങ്ങൾ കൊണ്ട് മൂപ്പെത്തും. ഒരു മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള ഒരു ചതുരശ്ര മീറ്റർ സ്ഥലത്തുനിന്ന് ഒരു കിലോ (1000 ഗ്രാം) നെല്ല് ഉൽപാദിപ്പിക്കാൻ ലക്ഷ്യമിട്ടാലോ? അത് സാധ്യമാണോ? നമുക്കൊന്നു പരിശോധിച്ചു നോക്കാം
ഉമ പോലെ ജനപ്രിയ ഇനങ്ങളുടെ 1000 നെന്മണികൾ എണ്ണി തൂക്കിനോക്കിയാൽ 23-25 ഗ്രാം ഉണ്ടാകും. വളപ്രയോഗത്തിന്റെയും മൂലക ലഭ്യതയുടെയും അടിസ്ഥാനത്തിൽ ഉൾക്കട്ടി(Density)ക്കു ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാം. ഇതനുസരിച്ച് 100 ഗ്രാം നെല്ല് വേണമെങ്കിൽ 4000 നെൻമണികൾ വേണം. ഒരു കിലോ കിട്ടാൻ 40,000 മണികളും. ഇപ്പോൾ ലക്ഷ്യം കുറച്ചുകൂടി വ്യക്തമായി. ഒരു ചതുരശ്ര മീറ്റർ സ്ഥലത്തുനിന്നു നമുക്ക് 40,000 നെൻമണികൾ ഉണ്ടാക്കണം. 100 മണികൾ എങ്കിലുമുള്ള 400 കതിരുകൾ അത്രയും സ്ഥലത്തുനിന്നു കൊയ്തെടുക്കാനായാൽ ഇതു സാധിക്കും. അതിനായി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നു നോക്കാം.
വിത്തു ഗുണം പത്തു ഗുണം
സ്വന്തം വിത്തുകളല്ല നിലവിൽ കേരളത്തിലെ ഭൂരിപക്ഷം കർഷകരും ഉപയോഗിക്കുന്നത്. അതിനാൽ വിത്തിന്റെ ഗുണമേന്മ ഒരു ചോദ്യചിഹ്നമാണ്. എങ്കിലും ലഭ്യമായ വിത്തുകളിൽ ഏറ്റവും ആരോഗ്യമുള്ളവ മാത്രമേ പാടത്തു വിതയ്ക്കൂ എന്ന് കർഷകനു സ്വയം തീരുമാനിക്കാം. 10 ലീറ്റർ വെള്ളത്തിൽ ഒന്നര കിലോ കറിയുപ്പ് കലർത്തിയ ലായനിയിൽ, വിത്തുകളിട്ട് നന്നായി ഉലർത്തി അൽപം കഴിയുമ്പോൾ പൊങ്ങിവരുന്ന എല്ലാ വിത്തുകളും നീക്കം ചെയ്യണം. പൂർണമായും മുങ്ങിക്കിടക്കുന്ന വിത്തുകൾ മാത്രം വാരി പല തവണ ശുദ്ധജലത്തിൽ കഴുകി ഞാറ്റടി ഉണ്ടാക്കാനെടുക്കാം. ഈ വിത്തുകൾ അരിമണി തിങ്ങിനിറഞ്ഞതായിരിക്കും. അതിൽനിന്നുണ്ടാകുന്ന നെൽചെടികൾ കരുത്തേറിയവയും. പക്ഷേ വിതയ്ക്കുന്നതിനു മുൻപ് കിളിര്‍പ്പുശേഷി (Germination) ഉറപ്പാക്കണം. ചാക്കിലെ വിത്ത് നന്നായി കൂട്ടിക്കലർത്തി അതിൽനിന്ന് 100 നെല്ല് പെറുക്കിയെടുത്ത് 24 മണിക്കൂർ വെള്ളത്തിൽ കുതിർത്ത്, ഒരു തുണിയിൽ പൊതിഞ്ഞ് ഉണങ്ങി പ്പോകാതെ സൂക്ഷിച്ചശേഷം, 72 മണിക്കൂറിനുള്ളിൽ എത്രയെണ്ണം മുളച്ചെന്നു നോക്കി, മുള ശതമാനം (Germination Percentage) കണക്കാക്കാം.
കൃത്യമായ അകലം
ചേറ്റുവിതയാണെങ്കിൽ ഡ്രം സീഡർ (Drum Seeder) ഉപയോഗിച്ചു വേണം. മുള പൊട്ടിത്തുടങ്ങുന്ന വിത്ത് കൃത്യമായ ഇടയകലത്തിൽ വിതച്ചുപോകാൻ ഇതു സഹായിക്കും. കോണോ വീഡർ (Cono Weeder) കൂടി ഉപയോഗിച്ചാൽ കളനിയന്ത്രണവും എളുപ്പം.
കുമ്മായപ്രയോഗം
വയലിൽ ചെമ്പുനിറത്തിലുള്ള പാട കണ്ടാൽ മണ്ണ് പുളിപ്പേറിയതാണെന്നു മനസ്സിലാക്കാം. അത്തരം മണ്ണിൽ വളങ്ങൾ യഥാസമയം ആഗിരണം ചെയ്യപ്പെടണമെങ്കിൽ പുളിപ്പില്ലാതാക്കണം. അതിനായി സെന്റിന് ഒന്നേകാൽ കിലോ എന്ന കണക്കിന് കുമ്മായപ്പൊടി, നിലം ഉഴുതുമറിക്കുന്ന സമയത്ത് ചേർത്തുകൊടുത്ത് വെള്ളം കയറ്റി നിർത്തണം. 2 ദിവസം കഴിഞ്ഞ് വെള്ളം ഒഴുക്കിക്കളയാം. നെൽപാടത്ത് ഇടയ്ക്കിടെ വെള്ളം വാർത്തു കളയുന്നതും പിന്നീട് വെള്ളം കയറ്റി നിർത്തുന്നതും (Alternate wetting & drying) പുളിപ്പ് കുറയ്ക്കാനും മണ്ണില്‍ വായുസഞ്ചാരം കൂട്ടാനും കൂടുതൽ വളം വലിച്ചെടുക്കാനും സഹായിക്കും. നെല്ലു നട്ട് രണ്ടാഴ്ച കഴിഞ്ഞ്, ഒന്നാം മേൽവളം കൊടുക്കുന്നതിനു രണ്ടാഴ്ച മുൻപ് രണ്ടാം ഡോസ് കുമ്മായം സെന്റിന് ഒന്നേകാൽ കിലോ എന്ന അളവിൽ നൽകാം. അടിസ്ഥാന വളത്തിനൊപ്പം സിലിക്ക (Silica) കൂടി നൽകുന്നത് തണ്ടിന് ബലവും രോഗപ്രതിരോധ ശേഷിയും നൽകും.
പറിച്ചു നടീല്‍
പറിച്ചുനടീൽ (Transplanting) നടത്തുന്നവർ ഞാറ്റടിയിൽ സെന്റിന് 40 കിലോ തോതില്‍ അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടി ചേർത്താൽ കരുത്തുള്ള ഞാറുകൾ ലഭിക്കും. പറിച്ചുനടുന്ന പാടത്തും അടിസ്ഥാനവളമായി സെന്റിന് 20 കിലോ വീതം ചാണകപ്പൊടി നൽകുന്നത് ഗുണം ചെയ്യും. പറിച്ചുനടുന്ന ഞാറിന് 18 ദിവസത്തിൽ കൂടുതൽ മൂപ്പുണ്ടാകാതെ നോക്കണം. അതിലും വൈകുന്ന ഓരോ ദിവസത്തിനും വലിയ വില കൊടുക്കേണ്ടിവരും. എത്ര ചെറുപ്രായത്തിൽ ഞാറ് പറിച്ചുനടുന്നുവോ അത്രയേറെയാവും ചിനപ്പ് പൊട്ടൽശേഷി. അങ്ങനെ വരുമ്പോൾ സ്വാഭാവികമായും കതിരുകളുടെ എണ്ണവും കൂടും. പറിച്ചു നടുമ്പോൾ ഒരു നുരിയിൽ 2-3 വരെ ഞാറുകളും രണ്ട് നുരികൾ തമ്മിൽ 20 സെ.മീ. അകലവും പാലിക്കുന്നത് കൂടുതൽ ചിനപ്പ് പൊട്ടാനും അവിച്ചിൽ (Sheath Blight) രോഗം, മുഞ്ഞബാധ (Brown Plant Hopper) എന്നിവ കുറയ്ക്കാനും സഹായിക്കും..
കളനാശിനിപ്രയോഗം
ശരിയായി ഉപയോഗിക്കാൻ അറിയുമെങ്കിൽ വിതച്ച് 5 ദിവസത്തിനുള്ളിൽ ഉപയോഗിക്കാവുന്ന കളനാശിനിയായ Pretilachlor കൃഷി ഓഫിസറുടെ നിർദേശപ്രകാരം തളിക്കാം. നടീൽ ആണെങ്കില്‍ നട്ട് 120 മണിക്കൂറിനകം മണലിനൊപ്പം വാരി വിതറാവുന്ന തരത്തിലുള്ള കളനാശിനികൾ (Pretilachlor + Bensulfuron methyl) കൃഷി ഓഫിസറുടെ ഉപദേശപ്രകാരം പ്രയോഗിക്കാം. വെള്ളം വാർത്തു കളഞ്ഞതിനു ശേഷം വേണം ഇതു ചെയ്യാൻ. പിന്നീട് 72 മണിക്കൂർ കഴിഞ്ഞു മാത്രമേ വെള്ളം കയറ്റാവൂ. ചെറിയ പാളി വെള്ളം മാത്രം പാടത്തു നിർത്തിയാൽ മതി. ഏക്കറിന് 4 കിലോ മരുന്ന് 8 കിലോ മണലുമായി ചേർത്ത് പാടത്ത് ഒരേപോലെ വാരി വിതറണം. വീതി കൂടിയ ഇലകളുള്ള (പുല്ലുവർഗത്തിൽ പെടാത്ത) കളകളെ നിയന്ത്രിക്കാൻ നട്ട് 20-25 ദിവസത്തിനുള്ളിൽ 2,4-D എന്ന കളനാശിനി കൃഷി ഓഫിസറുടെ നിർദേശപ്രകാരം തളിക്കാം. ഈ പ്രായം കഴിഞ്ഞതിനുശേഷം കളനാശിനിപ്രയോഗം ഉദ്ദേശിച്ച ഫലം നൽകില്ല. ആദ്യത്തെ ആറാഴ്ച കളകളെ പൂർണമായും നിയന്ത്രിച്ചു നിർത്തിയാൽ പിന്നെ അവ ശല്യം ചെയ്യില്ല.
വളപ്രയോഗം
നെല്ലിന്റെ ആരോഗ്യകരമായ വളർച്ചയ്ക്ക് ജൈവ-രാസവളങ്ങൾ മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ നൽകണം. മുഴുവൻ ഫോസ്ഫറസും പകുതി നൈട്രജനും പകുതി പൊട്ടാസ്യവും അടിസ്ഥാനവളമായി നൽകാം. ബാക്കി പകുതി നൈട്രജനും പൊട്ടാസ്യവും അടിക്കണ (വയറാകുമ്പോൾ, Panicle Initiation സ്റ്റേജ്) പരുവത്തിൽ നൽകാം. വളപ്രയോഗത്തിന് ഒരു ദിവസം മുൻപ് വെള്ളം ഇറക്കി കളയുകയും വളമിട്ട് 12 മണിക്കൂറിനുശേഷം വെള്ളം കയറ്റി നിർത്തുകയും വേണം. യൂറിയ പോലെയുള്ള വളങ്ങൾ പ്രയോഗിക്കുമ്പോൾ ആറിരട്ടി നനഞ്ഞ മണ്ണുമായോ, അഞ്ചിലൊരു ഭാഗം വേപ്പിൻ പിണ്ണാക്കുമായോ ഒരു രാത്രി കലർത്തിവയ്ക്കുന്നത് മൂലക നഷ്ടം തടയാൻ ഉപകരിക്കും.
ഇലകൾക്കു വിളർച്ച, നടുഞരമ്പ് വെള്ളയാവുക, പ്രായമായ ഇലകളിൽ തവിട്ടു നിറത്തിൽ തുരുമ്പു പോലെയുള്ള ലക്ഷണങ്ങൾ എന്നിവ കണ്ടാൽ സിങ്ക് സൾഫേറ്റ് ഏക്കറിന് എട്ടു കിലോ വീതം ചേർത്ത് കൊടുക്കാം. ഇതിന്റെ സ്വാധീനം മണ്ണിൽ അഞ്ചു കൊല്ലം വരെ നിലനിൽക്കും. ഞരമ്പുകൾ പച്ചയായും ഞരമ്പുകൾക്ക് ഇടയിലുള്ള ഭാഗം വിളറിയും കണ്ടാൽ ഏക്കറിന് 8 കിലോ ഗ്രാം വീതം മഗ്നീഷ്യം സൾഫേറ്റ് ചേർക്കണം.
കീട, രോഗനിയന്ത്രണം
പാടവരമ്പുകൾ അല്‍പം വീതി കൂട്ടി എടുക്കുകയാണെങ്കിൽ അവിടെ കുറ്റിപ്പയർ, തുവരപ്പയർ, സൂര്യകാന്തി, ചോളം, ചെണ്ടുമല്ലി എന്നിവ ഇടകലർത്തി വച്ചുപിടിപ്പിക്കാം. അവ ജൈവിക കീടനിയന്ത്രണത്തിനും കാറ്റുമൂലം കതിരുകൾ ഉലഞ്ഞു പരാഗണം നടക്കാതെ പോകുന്നതു തടയാനും ഉപകരിക്കും. കർഷകന് അധിക വരുമാനവും നൽകും. വരമ്പിൽ കളകൾ കൂടുതൽ വളർന്നാൽ ബ്ലാസ്റ്റ് (Blast) രോഗവും ചാഴികേടും കൂടും. അത് പ്രത്യേകം ശ്രദ്ധിക്കണം.
കതിരാകുന്നതുവരെ പാടത്ത് അവിടവിടെയായി ഓലമടൽ കുത്തിക്കൊടുക്കുന്നത് രാത്രിയിൽ മൂങ്ങകളും പകൽപക്ഷികളും പാടത്തു വന്നിരിക്കാൻ സഹായകമാകും. ഇത് എലികളെയും പുഴുക്കളെയും നിയന്ത്രിക്കാൻ സഹായകം. പാടത്തു വെള്ളം കയറുന്ന സ്ഥലത്ത് ദ്രവജീവാമൃതം ഒഴിച്ചുകൊടുത്താൽ വെള്ളത്തിനൊപ്പം ഒഴുകി പാടത്ത് എല്ലായിടത്തുമെത്തും. ഇതുവഴി ഇലകൾക്ക് നല്ല പച്ചനിറം ലഭിക്കും. പാടത്ത് അസോളപ്പായൽ വളർത്തുന്നത് മണ്ണിൽ നൈട്രജൻ വർധിക്കാൻ സഹായിക്കും.
നട്ട് പതിനഞ്ചാം ദിവസം മുതൽ അല്ലെങ്കിൽ വിതച്ച് ഇരുപത്തഞ്ചാം ദിവസം മുതൽ ട്രൈക്കോ കാർഡുകൾ (Tricho Cards) ഉപയോഗിച്ചുതുടങ്ങിയാൽ ഓലചുരുട്ടിപ്പുഴു, തണ്ടുതുരപ്പൻ പുഴു എന്നിവയുടെ ശല്യം കുറയ്ക്കാം. ഓരോ ആഴ്ചയിലും പുതിയ കാർഡുകൾ മാറ്റി വയ്ക്കാം. പച്ചചാണകത്തെളി, സ്യൂഡോമോണാസ് എന്നിവ മാറി മാറി ഇലകളിൽ സ്പ്രേ ചെയ്യുന്നത് ഇലകരിച്ചിൽ തടയും. നട്ട് മൂന്നാഴ്ച കഴിയുമ്പോൾ തരിരൂപത്തിലുള്ള പച്ചലേബൽ കീടനിയന്ത്രിണികൾ കൃഷിഓഫിസറുടെ നിർദേശ പ്രകാരം മണലുമായി ചേർത്തു വിതറുന്നത് തണ്ടുതുരപ്പൻ, ഓലചുരുട്ടി എന്നീ കീടങ്ങളെ നിയന്ത്രിക്കാൻ ഉപകരിക്കും.
വരിനെല്ല് (Weedy Rice) പോലെയുള്ള അതീവ അപകടകാരികളായ കളകൾ, കതിരു വന്ന് വിത്തുകൾ പാകമാകുന്നതിനു മുൻപുതന്നെ കൊയ്തെടുത്ത് നശിപ്പിക്കണം. അല്ലാത്തപക്ഷം വരും വർഷങ്ങളിൽ കളശല്യം കൂടി കൃഷിചെയ്യാൻ കഴിയാതെവരും. ചിനപ്പു പൊട്ടുന്ന സമയത്ത് (നട്ട് നാലാഴ്ച കഴിയുമ്പോൾ) പാടത്ത് താറാവുകളെ ഇറക്കിവിടുന്നത് മണ്ണിൽ വായുസഞ്ചാരം കൂട്ടാനും കീടങ്ങളെ നിയന്ത്രിക്കാനും സഹായിക്കും.
വിളവര്‍ധന തന്ത്രങ്ങള്‍
ഇരട്ടവരി (Paired Row System) സമ്പ്രദായത്തിൽ നടുന്നത് കൂടുതൽ വിളവു കിട്ടാൻ സഹായിക്കും. അരിക് പ്രഭാവം (Border Effect) മൂലമാണ് ഇതു സാധ്യമാകുന്നത്. കതിരു വരാൻ തുടങ്ങുമ്പോൾ രാത്രിയിൽ കുറച്ചു നേരം തീപ്പന്തങ്ങൾ കത്തിച്ചു വയ്ക്കുന്നത് ചാഴികളെ ആകർഷിച്ചു നശിപ്പിക്കാൻ സഹായിക്കും.
പറിച്ചുനടുമ്പോൾ 3 മീറ്റർ നട്ടതിനുശേഷം ഒരടി വീതിയില്‍ നടപ്പാത (walkway) കൊടുത്ത് വീണ്ടും 3 മീറ്റർ എന്ന രീതിയിൽ നട്ടു പോകുന്നത് കള പറിക്കാനും മരുന്നു പ്രയോഗിക്കാനും കൂടുതൽ സൗകര്യം നൽകും. നടപ്പാതയുടെ വശങ്ങളിലെ ഞാറുകൾ കൂടുതൽ പൊട്ടി ചിനയ്ക്കാനും ഇതു സഹായിക്കും.
വിളവെടുപ്പ്
കതിര് നിരന്നാൽ പിന്നെ 30 ദിവസത്തിനകം കൊയ്യാം. കൊയ്ത്തിന് 10 ദിവസം മുൻപു പാടത്ത് വെള്ളം കയറ്റുന്നതു നിർത്തണം. ഉള്ള വെള്ളം വാർത്തു കളയുകയും വേണം.
ഇത്രയും കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു നെൽകൃഷി ചെയ്യുകയാണെങ്കിൽ ഒരു സെന്റിന് 40 കിലോ നെല്ല് എന്ന ലക്ഷ്യത്തിലെത്താവുന്നതേയുള്ളൂ. കൃത്യമായ ആസൂത്രണം, ഗുണമേന്മയുള്ള വിത്ത്, അനുകൂല കാലാവസ്ഥ എന്നിവ ഏറ്റവും പ്രധാനം. നിർബന്ധമായും വിള ഇൻഷുറൻസ് എടുക്കണം. വരവ്-ചെലവ് കണക്കുകൾ, ഓരോ കാർഷിക പ്രവൃത്തികളും ചെയ്ത തീയതി, ഉപയോഗിച്ച വസ്തുക്കളുടെ അളവ് എന്നിവയൊക്കെ ഫീൽഡ് ഡയറിയിൽ കുറിച്ചു വയ്ക്കുന്നതു നന്ന്.
വാൽക്കഷ്ണം
ജൈവരീതിയിൽ കൃഷി ചെയ്തു വിജയിപ്പിക്കാവുന്നതാണ് പാടത്തെ നെൽകൃഷി. നെൽ പാടത്ത് സ്വാഭാവിക കീടനിയന്ത്രണം സാധ്യമാക്കുന്ന ഒട്ടേറെ ഇരപിടിയന്മാരും മിത്രകീടങ്ങളും ഉണ്ടാകുമെന്നതാണ് കാരണം. അവയെ സംരക്ഷിക്കാനും കൂടുതൽ ഉണ്ടാകാനുമുള്ള സജ്ജീകരണങ്ങൾ ചെയ്തു കൊടുത്താൽ മതി. ഉദാഹരണമായി ചിലന്തികളുടെ എണ്ണം പാടത്തു കൂടുന്നത് കീടങ്ങളുടെ എണ്ണം കുറയ്ക്കും. അതിനായി ധാരാളം ചില്ലകളുള്ള കമ്പുകൾ പാടത്ത് അവിടവിടെയായി കുത്തിക്കൊടുക്കുന്നത് ചിലന്തികൾക്ക് വല നെയ്യാൻ സഹായകമാകും.
സുഗന്ധനെല്ലിനങ്ങൾ, ഔഷധ നെല്ലിനങ്ങൾ മുതലായവ പാടശേഖരാടിസ്ഥാനത്തിൽ കൃഷി ചെയ്ത്, മൂല്യവർധന നടത്തി വിൽക്കുന്നതിലൂടെ കൂടുതൽ വരുമാനം ഉണ്ടാക്കാം. ശുദ്ധമായ, നാടന്‍ അരിക്ക് കേരളത്തിൽ വലിയ ഡിമാൻഡ് ഉണ്ടെന്ന് ഓർക്കുക. കൂടുതല്‍ വിലയും കിട്ടും.