വെറും മൂന്നു ഗ്രാം വളത്തിൽ ഒന്നര കിലോ ഇഞ്ചി; മികച്ച വിളവിനും ഗുണമേന്മയ്ക്കും ഗ്രോബാഗിൽ ഇഞ്ചിക്കൃഷി

ഇന്ന് പോളിഹൗസുകളിൽ കൃത്യതാരീതിയിലും തുറന്ന സ്ഥലത്ത് സാധാരണ രീതിയിലും ഗ്രോബാഗിൽ ഇഞ്ചി കൃഷി ചെയ്തുവരുന്നു. ഗ്രോബാഗിൽ ഇഞ്ചി കൃഷി ചെയ്യുമ്പോൾ മണ്ണും വിത്തും വളരുന്ന സാഹചര്യവും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.
ഇന്ന് പോളിഹൗസുകളിൽ കൃത്യതാരീതിയിലും തുറന്ന സ്ഥലത്ത് സാധാരണ രീതിയിലും ഗ്രോബാഗിൽ ഇഞ്ചി കൃഷി ചെയ്തുവരുന്നു. ഗ്രോബാഗിൽ ഇഞ്ചി കൃഷി ചെയ്യുമ്പോൾ മണ്ണും വിത്തും വളരുന്ന സാഹചര്യവും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.
ഇന്ന് പോളിഹൗസുകളിൽ കൃത്യതാരീതിയിലും തുറന്ന സ്ഥലത്ത് സാധാരണ രീതിയിലും ഗ്രോബാഗിൽ ഇഞ്ചി കൃഷി ചെയ്തുവരുന്നു. ഗ്രോബാഗിൽ ഇഞ്ചി കൃഷി ചെയ്യുമ്പോൾ മണ്ണും വിത്തും വളരുന്ന സാഹചര്യവും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.
ഇന്ന് പോളിഹൗസുകളിൽ കൃത്യതാരീതിയിലും തുറന്ന സ്ഥലത്ത് സാധാരണ രീതിയിലും ഗ്രോബാഗിൽ ഇഞ്ചി കൃഷി ചെയ്തുവരുന്നു. ഗ്രോബാഗിൽ ഇഞ്ചി കൃഷി ചെയ്യുമ്പോൾ മണ്ണും വിത്തും വളരുന്ന സാഹചര്യവും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.
നല്ല ജൈവാംശം, നല്ല വളക്കൂറ്, നല്ല നീർവാർച്ച, നല്ല വായുസഞ്ചാരം എന്നീ ഗുണങ്ങളുള്ള മണ്ണാണ് ഇഞ്ചിക്കൃഷിക്കു വേണ്ടത്. മണ്ണിന്റെ അമ്ല– ക്ഷാര സൂചിക(പിഎച്ച് )മൂല്യം 6നും 7നും ഇടയ്ക്കാവുന്നതാണ് നല്ലത്. അമ്ലതയേറിയ മണ്ണിൽ കുമ്മായമിട്ട് അമ്ലത കുറയ്ക്കണം. മണ്ണിന്റെ പിഎച്ച് മൂല്യം നോക്കി അതനുസരിച്ച് കുമ്മായം ചേർക്കുന്നതാണു നല്ലത്. അമ്ലതയേറിയ മണ്ണിൽ ഉപകാരികളായ സൂക്ഷ്മജീവികൾക്കു പകരം രോഗകാരികളായ സൂക്ഷ്മജീവികൾ കൂടുതലായി വളരും. അതുകൊണ്ട് പിഎച്ച് മൂല്യം ശരിയാക്കുന്നത് ഇഞ്ചിക്കു വളരെ പ്രധാനം.
മണ്ണിൽനിന്നു ധാരാളം മൂലകങ്ങൾ വലിച്ചെടുക്കുന്ന വിളയായതിനാൽ ശാസ്ത്രീയ വളപ്രയോഗം അത്യാവശ്യമാണ്. എപ്പോഴും മണ്ണു(ഗ്രോബാഗ് കൃഷിയിൽ പോട്ടിങ് മിശ്രിതം) പരിശോധനയുടെ അടിസ്ഥാനത്തിൽ ജൈവ–വാസവളപ്രയോഗം നടത്തുന്നതാണ് നല്ലത്. ഇഞ്ചിയിൽ ആദ്യത്തെ 4 മാസം വളർച്ച വേഗത്തിലും പിന്നീടുള്ള 3 മാസം സാവധാനവുമാണ്. അവസാനം വളർച്ച നിന്ന് തണ്ട് ഉണങ്ങുന്നു. അതുകൊണ്ട് വളപ്രയോഗം ആദ്യത്തെ 4 മാസത്തിനുള്ളിൽ തീർക്കണം. ഇഞ്ചിക്ക് ഏറ്റവും അധികം വേണ്ട മൂലകങ്ങൾ നൈട്രജൻ, പൊട്ടാസ്യം, ഫോസ്ഫറസ്, കാത്സ്യം, മഗ്നീഷ്യം എന്നിവയാണ്. സിങ്കിന്റെ അഭാവം കാണുകയാണെങ്കിൽ സിങ്ക് സൾഫേറ്റും കൊടുക്കാം.
കേരള കാർഷിക സർവകലാശാലയിൽ 2016–2018 കാലത്തു പോളിഹൗസില്‍ കൃത്യതാരീതിയില്‍ ചെയ്ത ഗ്രോബാഗ് ഇഞ്ചിക്കൃഷി കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികസഹായത്തോടെ പഠനവിധേയമാക്കി. കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ ആതിര, കാർത്തിക, അശ്വതി എന്നീ അത്യുൽപാദനശേഷിയുള്ള ഇനങ്ങളാണ് കൃഷിയില്‍ ഉപയോഗിച്ചത്. സാധാരണ നടീൽവസ്തുവായ 20 ഗ്രാം ഇഞ്ചിവിത്ത്, ഒന്നോ രണ്ടോ മുകുളങ്ങളുള്ള പ്രോട്രേ തൈകൾ, മൈക്രോ റൈസോം ചെടികൾ എന്നിവയാണ് നടീൽവസ്തുവായി ഉപയോഗിച്ചത്. 40 സെ.മീ. X 24 സെ.മീ. X 24 സെ.മീ. വലുപ്പമുള്ള ഗ്രോബാഗിൽ മണ്ണ്, മണൽ, ഉണക്കിപ്പൊടിച്ച ചാണകം, കയർപിത്ത് എന്നിവ 1:1:1:1 എന്ന അനുപാതത്തിൽ ചേർത്ത മിശ്രിതത്തിലാണ് നട്ടത്. ഒരു ഗ്രോബാഗിൽ ഒരു നടീൽവസ്തുവാണ് (20 ഗ്രാം ഇഞ്ചി വിത്ത്/ പ്രെട്രേ തൈ/ മൈക്രോ റൈസോം ചെടി) നട്ടത്. കേരള കാർഷിക സർവകലാശാല ഇഞ്ചിക്കൃഷിക്ക് ശുപാർശ ചെയ്ത വളപ്രയോഗം N, P2O5, K2O 75:50:50 കിലോ/ഹെക്ടർ ഫെർട്ടിഗേഷൻരീതിയില്‍ നല്‍കിയപ്പോഴാണ് കൃത്യതാക്കൃഷിയിൽ നല്ല വിളവു കിട്ടിയത്. ഇതിനായി വെള്ളത്തിൽ ലയിക്കുന്ന രാസവളങ്ങളായ 19:19:19, 13:00:45, 12:61:00, യൂറിയ എന്നിവ ഗഡുക്കളായി, കൂടുതലും ആദ്യത്തെ 4 മാസത്തിൽ കിട്ടുന്ന രീതിയിലാണു ക്രമീകരിച്ചത്. നനയ്ക്കുന്ന കാലയളവ് ക്രമപ്പെടുത്തി ഇഞ്ചിയുടെ വളർച്ചക്കാലം കുറച്ചൊക്കെ ക്രമപ്പെടുത്താമെന്നും പഠനത്തില്‍ കണ്ടു. ഒരു ഗ്രോബാഗിൽനിന്ന് ഒന്നരക്കിലോ വരെ പച്ച ഇഞ്ചി കിട്ടുമെന്നും കണ്ടു.
ഗ്രോബാഗിലെ വിളവ് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. വിത്തിന്റെ ഇനം, തൂക്കം, ഗ്രോബാഗിന്റെ വലുപ്പം, പോട്ടിങ് മിശ്രിതത്തിന്റെ അളവ്, വളപ്രയോഗം, നന എന്നിവ മുഖ്യഘടകങ്ങളാണ്. ഗ്രോബാഗിൽ കൃഷി ചെയ്യുമ്പോൾ മേൽ പ്രതിപാദിച്ച ഘടകങ്ങളെല്ലാം മികച്ചതാവണം. കേരള കാർഷിക സർവകലാശാലയുടെ ശുപാർശപ്രകാരം ചെടിയൊന്നിന് NPK രാസവളം 3 ഗ്രാമിന് താഴെ നല്‍കിയാല്‍ മതി. ഇതിൽ മുഴുവൻ ഫോസ്ഫറസ് വളവും പകുതി പൊട്ടാഷ് വളവും പോട്ടിങ് മിശ്രിതത്തിൽ ഇഞ്ചി നടുന്നതിനു മുൻപ് അടിവളമായി ചേർക്കാം. ഇഞ്ചി നട്ട് ഒന്നര–രണ്ട് മാസം പ്രായമാകുമ്പോൾ നൈട്രജൻ വളത്തിന്റെ പകുതി ഭാഗവും 3–4 മാസമാകുമ്പോൾ ബാക്കി പകുതിയും പകുതി പൊട്ടാഷും കൊടുക്കാം. മണ്ണ് (പോട്ടിങ് മിശ്രിതം) പരിശോധനയുടെ അടിസ്ഥാനത്തിൽ ഇതിൽ ഏറ്റക്കുറച്ചിലുകളാകാം. വളം ചേർത്ത് മണ്ണിളക്കുമ്പോൾ കിഴങ്ങുകള്‍ക്കു ക്ഷതമേൽക്കാതെ നോക്കണം. വെള്ളത്തിൽ ലയിക്കുന്ന രാസവളങ്ങൾ ഒഴിച്ചുകൊടുക്കുകയാണെങ്കിൽ ഇതു സാധ്യമാണ്. നടുന്ന സമയത്ത് വിത്തിടുന്ന ചെറിയ കുഴികളിൽ ട്രൈക്കോഡെർമ സമ്പുഷ്ട ചാണകപ്പൊടി– വേപ്പിൻപിണ്ണാക്ക് മിശ്രിതമിടുന്നതും നട്ടതിനുശേഷം ഗ്രോ ബാഗിൽ പുതയിടുന്നതും രോഗ, കീടബാധ അകറ്റാനും വളർച്ചയ്ക്കും നന്ന്. പോട്ടിങ് മിശ്രിതം സൗരതാ പീകരണം ചെയ്ത് ഉപയോഗിക്കുന്നത് രോഗ,കീടബാധ ഒഴിവാക്കും.
കാലാവസ്ഥാവ്യതിയാനത്തിന്റെ ഇക്കാലത്ത് നന, തണൽ ക്രമീകരണം എന്നിവയില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നടുന്ന സമയത്ത് മിതമായും വളർച്ചസമയത്ത് സമൃദ്ധമായും മഴ കിട്ടുന്നതു നന്ന്. വിളവെടുക്കുന്നതിന് ഒരു മാസം മുൻപ് മഴ നിലച്ചിരിക്കണം. വളർച്ചസമയത്ത് മഴ നന്നായി ലഭിച്ചില്ലെങ്കിൽ നനയ്ക്കണം. മിതമായ തണൽ (25%) ഇഷ്ടപ്പെടുന്ന വിളയാണ് ഇഞ്ചി. തണൽ അധികമാകാതെയും നോക്കണം. അന്തരീക്ഷ ഊഷ്മാവ് കൂടുന്നത് ഇഞ്ചിക്കു നല്ലതല്ല. കൂടുന്ന പക്ഷം തണല്‍വല കെട്ടുന്നതു കൊള്ളാം.
ഒരിക്കൽ ഉപയോഗിച്ച പോട്ടിങ് മിശ്രിതം വീണ്ടും ഉപയോഗിക്കാതിരിക്കുകയാണു നല്ലത്. ഇഞ്ചി മണ്ണിൽനിന്ന് വളരെയധികം മൂലകങ്ങൾ വലിച്ചെടുക്കുന്നതുകൊണ്ടും മണ്ണിൽ കൂടി പകരുന്ന രോഗങ്ങൾ വരാതിരിക്കാനുമാണ് ഇത് നിഷ്കർഷിക്കുന്നത്. ഇഞ്ചി പറിക്കുമ്പോൾ മുഴുവൻ കിഴങ്ങുകളും മണ്ണിൽനിന്ന് നീക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കിൽ അതും വിത്തു മുഖേനയുള്ള രോഗം പരത്താനിടയാക്കും.
രോഗ, കീടബാധയേൽക്കാതെ ഗ്രോബാഗില്‍ കൃഷി ചെയ്യാമെന്നതിനാല്‍ മുറിവും കേടുമില്ലാതെ കിഴങ്ങുകള്‍ പറിച്ചെടുത്താൽ കയറ്റുമതിയോഗ്യവും രാസകീടനാശിനീസ്പര്‍ശമില്ലാത്തതുമായ ഇഞ്ചി ഉറപ്പാക്കാം. ഓഫ് സീസണിൽ ഇഞ്ചി ലഭ്യമാക്കാനും വിപണിയിലെ വിലയനുസരിച്ച് വിളവ് ക്രമീകരിക്കാ നുമാകുമെന്ന മെച്ചവുമുണ്ട്. നടീൽവസ്തു ഉൽപാദനത്തിനും അത്യുൽപാദനശേഷിയുള്ള ഇനങ്ങളുടെ വ്യാപനത്തിനും ഗ്രോബാഗ് കൃഷി ഉപകരിക്കും.
വിലാസം: പ്രഫസർ (റിട്ട.), കേരള കാർഷിക സർവകലാശാല, തൃശൂർ –680 651