വിജയം വിരിഞ്ഞ യന്ത്രം

ഹരീന്ദ്രനും ഭാര്യ രാജശ്രീയും

പല തൊഴിലുകൾ...തിരിച്ചടികൾ...കടക്കെണി... നേരായ മാർഗത്തിൽ ഒരു സംരംഭവും വിജയിപ്പിക്കാനാവില്ലെന്നു ചിന്തിച്ച നിമിഷങ്ങൾ... തന്നിലെ സംരംഭകൻ വിരിഞ്ഞിറങ്ങുന്നതിന് ഇൻക്യുബേറ്ററിന്റെ ചൂട് വേണമെന്നു വി. ഹരീന്ദ്രൻ തിരിച്ചറിഞ്ഞത് വൈകിയായിരുന്നു.

സ്വന്തമായി ഇൻക്യുബേറ്റർ വാങ്ങി ബ്രോയിലർ കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചു വിൽക്കാനായാണ് പതിനാറു വർഷം മുമ്പ് തൃശൂർ നെട്ടിശേരിയിലെ മണ്ണുത്തി ഹാച്ചറിക്ക് അദ്ദേഹം തുടക്കം കുറിച്ചത്. അവിടെയും ആദ്യം തിരിച്ചടിയായിരുന്നു. കോഴിക്കുഞ്ഞുങ്ങളുടെ വില കയറിയിറങ്ങുന്നതനുസരിച്ച് ബിസിനസ് ക്രമീകരിക്കാനാവാതെ ആ പരിപാടി അവസാനിപ്പിച്ചു. കാർഷിക സർവകലാശാലയുടെ ഉപേക്ഷിക്കപ്പെട്ട ഇൻക്യുബേറ്റർ കുറഞ്ഞ വിലയ്ക്കു വാങ്ങിയാണ് ഈ രംഗത്ത് തുടർന്നത്. അതോടെ ഹാച്ചറിയുടെ ബിസിനസ് ശൈലി മാറ്റി. ആവശ്യക്കാര്‍‍ക്ക് മുട്ട വിരിയിച്ചു കൊടുക്കുന്ന സേവനം തുടങ്ങി.

സാധാരണ ഹാച്ചറികളിൽനിന്നു വ്യത്യസ്തമായി വീട്ടമ്മമാരും ചെറുകിട സംരംഭകരുമാണ് ഇദ്ദേഹത്തിന്റെ ഇടപാടുകാരിലേറെയും. അഞ്ചു മുട്ട വയ്ക്കുന്നവർക്കും അഞ്ഞൂറു മുട്ട വയ്ക്കുന്നവർക്കും ഇവിടെ ഇടമുണ്ട്. കോഴി, താറാവ്, കാട, പാത്ത, അലങ്കാരപ്പക്ഷികൾ എന്നിവയുടെയെല്ലാം മുട്ട ഇവിടെ വിരിയിക്കാനായി കൊണ്ടുവരാറുണ്ടെന്ന് ഹരീന്ദ്രൻ പറഞ്ഞു.

വായിക്കാം ഇ - കർഷകശ്രീ

ഓരോരുത്തരും കൊണ്ടുവരുന്ന മുട്ടയ്ക്ക് പ്രത്യേകം അടയാളമിട്ടാണ് ഇൻക്യുബേറ്ററിൽ വയ്ക്കുക. പരമാവധി മുട്ട വിരിയുമെന്നുറപ്പാക്കുമെങ്കിലും വിരിയാത്ത മുട്ടയുടെ നഷ്ടം ഉടമസ്ഥർതന്നെ വഹിക്കണം. ഒരു മുട്ട അട വയ്ക്കുന്നതിന് ആറു രൂപയാണ് ഈടാക്കുന്നത്. കാടമുട്ടയ്ക്ക് 1.25 രൂപയും. ആഴ്ചതോറും ശരാശരി അയ്യായിരം മുട്ട വിരിയുന്ന രീതിയിലാണ് ഹാച്ചറിയുടെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. ഓരോ ബാച്ചിലും ഇരുപതിനായിരം രൂപയോളം വരുമാനം കിട്ടും. പ്രതിമാസ വരുമാനം 80,000 രൂപ. കറന്റു ചാർജും ഇന്ധനവിലയും സഹായിയുടെ വേതനവും ഉൾപ്പെടെ 26,000 രൂപ പ്രവർത്തനച്ചെലവ് കണക്കാക്കാം.

എല്ലാ ബുധനാഴ്ചകളിലും ഒരു ബാച്ച് വിരിഞ്ഞിറങ്ങും. അതോടൊപ്പം അടുത്ത ബാച്ച് മുട്ടകൾ അട വയ്ക്കുകയും ചെയ്യും. മുട്ടകൾ തിരഞ്ഞെടുക്കുന്നതു മുതൽ ഇൻക്യുബേറ്ററിലെ ക്രമീകരണം വരെ പല ഘടകങ്ങളും വിരിയൽ ശതമാനത്തെ ബാധിക്കും. പഴകാത്തതും രൂപമാറ്റമില്ലാത്തതുമായ മുട്ടകളാണ് വിരിയിക്കാൻ തിരഞ്ഞെടുക്കേണ്ടത്.

പല വീട്ടമ്മമാരും അധികവരുമാനത്തിനായി ഹാച്ചറിയുടെ സേവനം പ്രയോജനപ്പെടുത്താറുണ്ടെന്ന് ഹരീന്ദ്രൻ പറഞ്ഞു. ദിവസം അഞ്ച് മുട്ട കിട്ടുന്നവർപോലും ഒരാഴ്ചയിലെ മുട്ട ശേഖരിച്ച് വിരിയിക്കും. മുട്ട വിരിയാൻ വയ്ക്കുന്നവരിൽ പലരും വിരിഞ്ഞിറങ്ങുന്ന പക്ഷിക്കുഞ്ഞുങ്ങളെ വിൽക്കുകയാണ് പതിവ്. വിൽക്കുന്നവരും വാങ്ങാനെത്തുന്നവരും അട വയ്ക്കാനെത്തുന്നവരുമൊക്കെ ചേർന്ന് ബുധനാഴ്ചകളില്‍ ഹാച്ചറിയുടെ മുറ്റം ഒരു കോഴിച്ചന്ത പോലെയാവും. പഴയ ഇൻക്യുബേറ്ററുകൾ കുറഞ്ഞ വിലയ്ക്കു വാങ്ങിയാണ് ഇദ്ദേഹം സംരംഭം തുടങ്ങിയത്. ഇപ്പോൾ രണ്ടു ലക്ഷം രൂപ മുടക്കിയാൽ നിലവാരമുള്ള ഇൻക്യുബേറ്ററുകൾ വാങ്ങാൻ കിട്ടും. ഡൽഹിയിലും മറ്റും നല്ല ഇൻക്യുബേറ്ററുകൾ കിട്ടാനുണ്ട്.

ഫോൺ– 9847778255

ഇൻക്യുബേറ്റർ

പല അളവിലും നിലവാരത്തിലുമുള്ള ഇൻക്യുബേറ്ററുകൾ വിപണിയിൽ ലഭ്യമാണ്. നൂറ് മുട്ടകൾ മുതൽ പ‌തിനായിരക്കണക്കിനു മുട്ടകൾ വരെ വിരിയിക്കാവുന്നവ. എന്നാൽ നിലവാരമുള്ള ഇൻക്യുബേറ്ററുകൾ വാങ്ങിയില്ലെങ്കിൽ വിരിയുന്ന മുട്ടകളുടെ ശതമാനം കുറയുകയും ഹാച്ചറിക്ക് ദുഷ്പേരുണ്ടാവുകയും ചെയ്യും. ആന്ധ്രയിലും ഡൽഹിയിലുമൊക്കെ നിലവാരമുള്ള ഇൻക്യുബേറ്ററുകൾ നിർമിക്കുന്ന കമ്പനികളുണ്ട്. ഇത്തരം കമ്പനികളിൽനിന്നു മെച്ചപ്പെട്ട വിൽപനാനന്തര സേവനവും പ്രതീക്ഷിക്കാം. പതിനായിരം മുട്ടയിലധികം ശേഷിയുള്ള ഇൻക്യുബേറ്ററുകൾക്ക് 3–5 ലക്ഷം രൂപ വിലയുണ്ട്.

വൈദ്യുതി നിർബാധം കിട്ടേണ്ടതിനാൽ ജനറേറ്ററോ ബാറ്ററിയോ ഇൻക്യുബേറ്ററിനൊപ്പം വാങ്ങണം. എറണാകുളത്തു കലൂരിലുള്ള ഒരു സ്വകാര്യ കമ്പനി ചെറുകിടക്കാർക്കു യോജിച്ച അളവുകളിലുള്ള സോളാർ ഇൻക്യുബേറ്ററുകൾ വിപണിയിലെത്തിച്ചിട്ടുണ്ട്. വൈദ്യുതി സ്ഥിരമായി ലഭിക്കാത്ത വിദൂരഗ്രാമങ്ങളിലും മറ്റും വീട്ടമ്മമാർക്ക് മുട്ട വിരിയിച്ച് വരുമാനം കണ്ടെത്താൻ ഈ സംവിധാനം ഉപകരിക്കും. അതേസമയം മഴക്കാലത്തും രാത്രിയിലും പ്രവർത്തനം മുടങ്ങില്ലെന്നുറപ്പാക്കാൻ ഇവയ്ക്കു ബാറ്ററിയോ ഗ്രിഡ് കണക്ഷനോ ഉണ്ടായിരിക്കണം.