ഹാഷിഖിന്റെ നാടന്‍ ടൂറിസം

ടൂറിസ്റ്റുകള്‍ക്കായി കൃഷിക്കാഴ്ചകളും നാടന്‍ ഭക്ഷണവും  ഒരുക്കി അധിക വരുമാനവും സ്വന്തം കാര്‍ഷികോല്‍പന്നങ്ങള്‍ക്കു വിപണിയും നേടുന്ന യുവകര്‍ഷകന്‍

സുഖകരമായ ഉറക്കം കഴിഞ്ഞു കണ്ണുതുറക്കുന്നതു നെൽപാടങ്ങളുടെ പച്ചപ്പിലേക്ക്. ഇനി ഫലവൃക്ഷങ്ങളും, ഔഷധസസ്യങ്ങളും, പച്ചക്കറികളും, പൂക്കളും, പൂമ്പാറ്റകളും നിറഞ്ഞു നിൽക്കുന്ന കൃഷിയിടത്തിലേക്കിറങ്ങാം. അവിടെയുണ്ട് മേഞ്ഞു നടക്കുന്ന ആടുകളും പശുക്കളും പിന്നെ കോഴി, താറാവു കൂട്ടങ്ങളും. വിശ്രമിക്കാന്‍ ഏറുമാടവും മൺകുടിലും വിശപ്പകറ്റാന്‍ തനി നാടൻ ഭക്ഷണവും. 

കൃഷിക്കൊപ്പം ഫാം ടൂറിസവും എന്ന ആശയത്തിന്റെ ഉത്തമ മാതൃകയാണ് വയനാടു പൊഴുതനയിലെ  ഹാഷിഖ്‌ കാബ്രത്തിന്റെ കൃഷിയിടം. അടുത്തുള്ള റിസോർട്ടിൽ എത്തുന്ന വിദേശികൾക്ക് പകൽ കുറച്ചു നേരം ചെലവഴിക്കാന്‍  എന്ന നിലയ്ക്കാണ് ഹാഷിഖ് തന്റെ സംരംഭം തുടങ്ങിയത്.  എന്നാല്‍ ഇന്നു സ്വദേശികളും വിദേശികളുമായി ഒട്ടേറെ സഞ്ചാരികള്‍ ഇവിടെ കൃഷി കാണാനും അനുഭവിക്കാനും എത്തുന്നു. 

രണ്ടേക്കർ പുരയിടത്തിൽ  ജൈവ പച്ചക്കറി, കാപ്പി, കുരുമുളക്, ഫലവൃക്ഷങ്ങൾ, ആറു പശുക്കൾ, കുറെ ആടുകൾ, കോഴി, ടർക്കി, താറാവ്, മുയൽ ഇവയെല്ലാം ചിട്ടയായി പരിപാലിച്ചു വരുന്നു. വീടിനടുത്തുള്ള ചെറിയ പുഴ ഈ കൃഷിയിടത്തിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. സ്കൂൾ പഠനകാലം മുതലുള്ള ദിനചര്യയാണ് ഹാഷിഖിനു കൃഷി.  ആദ്യകാലത്ത്, ഉമ്മയും അനുജനും ഹാഷിഖും ചേർന്നാണ്  കൃഷി  നോക്കിനടത്തിയിരുന്നത്.  അനുജന്‍ ഗൾഫിൽ പോയ ശേഷം  ഹാഷിഖും ഉമ്മയും ചേര്‍ന്നു കൃഷി വിപുലീകരിച്ചു.  കൃഷിയെ സ്നേഹിക്കുന്ന ജീവിതപങ്കാളിയുടെ പിന്തുണയും ഇപ്പോൾ ഹാഷിഖിനുണ്ട്.

ഫാം ടൂറിസം വളരെ പണച്ചെലവുള്ള സംരംഭമാണെന്ന പൊതു ധാരണ   പൊളിച്ചെഴുതുകയാണ് ഈ കൃഷിയിടം. പരിമിതമായ സൗകര്യങ്ങൾ മാത്രമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. എന്നിട്ടും  വിദേശികളും സ്വദേശികളുമായ ടൂറിസ്റ്റുകളുടെ മനസ്സു കവരാൻ ഈ ഫാമിനു കഴിയുന്നെങ്കില്‍ അതിനു കാരണം ‘അതിഥി ദേവോ ഭവ’ എന്ന സമീപനം മാത്രം. 

സഞ്ചാരികള്‍ വരുന്നു എന്ന അറിയിപ്പ് കിട്ടിയാൽ അവരുടെ എണ്ണമനുസരിച്ചു  ഭക്ഷണം തയാറാക്കേണ്ട ജോലി മാത്രമേ ഹാഷിഖിനും ഉമ്മയ്ക്കും അധികമായുള്ളൂ!  അരപ്പിട്ട കപ്പ, ചേമ്പ് ഉടച്ചത്, കഞ്ഞി, തോരൻ, കാന്താരി ചട്ണി, പത്തിരി തുടങ്ങിയ നാടൻ വിഭവങ്ങൾക്കാണ് ഡിമാൻഡ്. മെനുവും തയാറാക്കുന്ന വിധവും അതിഥികള്‍ക്കു മുന്‍കൂട്ടി അയച്ചുകൊടുക്കും.  അവര്‍ക്കുമെനു ലിസ്റ്റില്‍നിന്നു വിഭവങ്ങൾ തിരഞ്ഞെടുക്കാം. വരുന്നവരുടെ വിവരങ്ങളും യാത്രാ പ്ലാനും  ഒരാഴ്ച മുമ്പെങ്കിലും അറിഞ്ഞുവയ്ക്കും. 

ഒരു പകൽ മുഴുവനുേമാ ഒന്നോ രണ്ടോ   മണിക്കൂർ മാത്രമോ ഇവിടെ  ചെലവഴിക്കുന്നവരുണ്ട്. അരുമ മൃഗങ്ങളെ ഓമനിക്കാനും, കൃഷിയും മൃഗസംരക്ഷണവും ചേർന്ന സമ്മിശ്രകൃഷി കാണാനും താല്‍പര്യമുള്ളവര്‍ക്കു  കൃഷിപ്പണികളില്‍ പങ്കുചേരാനും ഇവിടെ അവസരമുണ്ട്.  ഇവിടെയുള്ള ഫലവൃക്ഷങ്ങളെയും സസ്യങ്ങളെയും കുറിച്ച് അറിയണമെന്നുള്ളവര്‍ക്ക് എല്ലാം പറഞ്ഞുകൊടുക്കും. 

ടൂറിസ്റ്റുകളുടെ എണ്ണം കൂടിയതോെട ഹാഷിഖിന്റെ  ഉല്‍പന്നങ്ങള്‍ക്കു വേറെ വിപണി തേടേണ്ടിവരുന്നില്ല.  ഇവിടെ വിളയുന്ന   കാപ്പിയും  സുഗന്ധവ്യഞ്ജനങ്ങളും, ജൈവ പച്ചക്കറികളുമൊക്കെ അതിഥികള്‍തന്നെ നല്ല വില നൽകി വാങ്ങുന്നു. പാചകത്തിനു  ചിലപ്പോൾ ടൂറിസ്റ്റുകളും ഒപ്പം കൂടും.  നമ്മുടെ വിഭവങ്ങളുടെ പാചകരീതി പഠിക്കാന്‍ കൂടിയാണ് ഈ കൂട്ടുകൂടല്‍. പാചകക്കുറിപ്പുകള്‍ പ്രിന്റെടുത്ത് വച്ചിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് അതു കൊടുക്കും. 

പൂർണമായും ജൈവരീതിയില്‍  കൃഷിചെയ്യുന്ന  ഹാഷിഖിനു  മികച്ച ജൈവ കർഷകനും സമ്മിശ്ര കർഷകനുമുള്ള  സംസ്ഥാന സര്‍ക്കാര്‍ അവാർഡുകള്‍  ലഭിച്ചിട്ടുണ്ട്. കൃഷി, മൃഗസംരക്ഷണ,  ക്ഷീരവികസന വകുപ്പുകളില്‍നിന്നു   വിവിധ പദ്ധതികൾക്കു ധനസഹായവും ലഭിച്ചിട്ടുണ്ട്. ധാരാളം കർഷകർക്ക്, സമ്മിശ്രകൃഷിയുടെ പ്രായോഗികപാഠങ്ങൾ പറഞ്ഞുകൊടുക്കുന്ന ഈ യുവാവ് ഫാം വിപുലീകരണത്തിനുള്ള ശ്രമത്തിലാണ്. ക്ഷീര വികസനവകുപ്പിന്റെ പിന്തുണയോടെ ചാണകം ഉണക്കി ആകർഷകമായ പാക്കറ്റിൽ വിപണിയിലിറക്കുന്ന സംരംഭം  തുടങ്ങി. 20 പശുക്കളെ വളര്‍ത്താനുള്ള  തൊഴുത്തിന്റെ പണി നടക്കുന്നു. പച്ചക്കറിക്കൃഷിക്കായി ‘മഴമറ’  ഒരുങ്ങിക്കഴിഞ്ഞു. ഇനി ഹാഷിഖിനു പറയാനുള്ളത്, “കമ്പ്യൂട്ടർ ഹാർഡ്‌വെയർ ഡിപ്ലോമ കഴിഞ്ഞ് ഒരു സ്വകാര്യ സ്ഥാപനത്തിലോ, ഗൾഫിലോ ജോലി ചെയ്യേണ്ടിയിരുന്നയാളാണു ഞാന്‍.   കൃഷിയിലേക്കു വഴിമാറിയതു ജീവിതത്തിലെ വലിയ നേട്ടമായി ഞാന്‍ കാണുന്നു. ചെറുപ്രായത്തിൽ തന്നെ മികച്ച വരുമാനം,  പ്രശസ്തി, സര്‍ക്കാര്‍ അവാർഡ് അടക്കമുള്ള അംഗീകാരങ്ങള്‍, സമൂഹത്തിന്റെ  ആദരം ഒക്കെ എനിക്കു നല്‍കിയതു കൃഷിയാണ്.  സമ്മിശ്രകൃഷിയും ജൈവ രീതികളുമാണ് ഫാം ടൂറിസത്തിലേക്കു ചുവടുവയ്ക്കാന്‍  തുണയായത്. അനുദിനമുയരുന്ന ഉല്‍പാദനച്ചെലവുകൊണ്ടു നട്ടം തിരിയുന്ന കർഷകർക്കു  ഫാം ടൂറിസത്തില്‍നിന്നുള്ള അധിക വരുമാനം വലിയൊരു കൈത്താങ്ങാണ്.’’

ഫോണ്‍: 9744212442

ലേഖികയുടെ വിലാസം: ക്ഷീരവികസന ഓഫിസർ, കൽപ്പറ്റ. ഫോണ്‍: 9447001071