പ്രളയത്തിൽ നഷ്ടം 35 ലക്ഷം, പിന്നെ 5 ലക്ഷം; പക്ഷേ, മുജീബിന്റെ കരുത്ത് മുയലുകൾ തന്നെ
വർഷങ്ങളുടെ പരിശ്രമംകൊണ്ട് കെട്ടിപ്പൊക്കിയ ഫാം 2018ലെ പ്രളയത്തിൽ മുങ്ങുന്നത് നോക്കിനിൽക്കാൻ ആലുവ പൂക്കാട്ട് മുജീബ് റഹ്മാന് സാധിക്കുമായിരുന്നില്ല. മുജീബിന്റെ അധ്വാനവും ജീവനും നിൽക്കുന്നത് മാഞ്ഞാലിപ്പുഴയുടെ സമീപം പണിതുയർത്തിയ ആ വലിയ ഷെഡ്ഡിലായിരുന്നു. മുയലുകളുടെ 1200ൽപ്പരം എണ്ണം വരുന്ന മാതൃശേഖരവും
വർഷങ്ങളുടെ പരിശ്രമംകൊണ്ട് കെട്ടിപ്പൊക്കിയ ഫാം 2018ലെ പ്രളയത്തിൽ മുങ്ങുന്നത് നോക്കിനിൽക്കാൻ ആലുവ പൂക്കാട്ട് മുജീബ് റഹ്മാന് സാധിക്കുമായിരുന്നില്ല. മുജീബിന്റെ അധ്വാനവും ജീവനും നിൽക്കുന്നത് മാഞ്ഞാലിപ്പുഴയുടെ സമീപം പണിതുയർത്തിയ ആ വലിയ ഷെഡ്ഡിലായിരുന്നു. മുയലുകളുടെ 1200ൽപ്പരം എണ്ണം വരുന്ന മാതൃശേഖരവും
വർഷങ്ങളുടെ പരിശ്രമംകൊണ്ട് കെട്ടിപ്പൊക്കിയ ഫാം 2018ലെ പ്രളയത്തിൽ മുങ്ങുന്നത് നോക്കിനിൽക്കാൻ ആലുവ പൂക്കാട്ട് മുജീബ് റഹ്മാന് സാധിക്കുമായിരുന്നില്ല. മുജീബിന്റെ അധ്വാനവും ജീവനും നിൽക്കുന്നത് മാഞ്ഞാലിപ്പുഴയുടെ സമീപം പണിതുയർത്തിയ ആ വലിയ ഷെഡ്ഡിലായിരുന്നു. മുയലുകളുടെ 1200ൽപ്പരം എണ്ണം വരുന്ന മാതൃശേഖരവും
വർഷങ്ങളുടെ പരിശ്രമംകൊണ്ട് കെട്ടിപ്പൊക്കിയ ഫാം 2018ലെ പ്രളയത്തിൽ മുങ്ങുന്നത് നോക്കിനിൽക്കാൻ ആലുവ പൂക്കാട്ട് മുജീബ് റഹ്മാന് സാധിക്കുമായിരുന്നില്ല. മുജീബിന്റെ അധ്വാനവും ജീവനും നിൽക്കുന്നത് മാഞ്ഞാലിപ്പുഴയുടെ സമീപം പണിതുയർത്തിയ ആ വലിയ ഷെഡ്ഡിലായിരുന്നു. മുയലുകളുടെ 1200ൽപ്പരം എണ്ണം വരുന്ന മാതൃശേഖരവും ആടുകളും പോത്തുകളുമാണ് പ്രളയസമയത്ത് മുജീബിന്റെ ഈ പ്യുവർ ബ്രീഡ് റാബിറ്റ് ഫാമിലുണ്ടായിരുന്നത്. കുത്തിയൊഴുകിയ പുഴയ്ക്ക് ആ മുയലുകളിൽ ഒന്നിനെപ്പോലും വിട്ടുകൊടുക്കാതെ രക്ഷിക്കാൻ കോരിച്ചൊരിയുന്ന മഴയത്തും മുജീബിനു കഴിഞ്ഞു. 2018ലെ പ്രളയത്തിൽ ഷെഡ് അടക്കം 35 ലക്ഷം രൂപയോളമാണ് നഷ്ടം. പിന്നാലെയെത്തിയ 2019ലെ രണ്ടാം പ്രളയത്തിൽ നഷ്ടം 5 ലക്ഷം രൂപയും.
രണ്ടു പ്രളയവും വലിയ നഷ്ടം വരുത്തിയെങ്കിലും മുജീബ് ഇന്നും മുയൽവളർത്തൽ രംഗത്ത് സജീവമാണ്. കേരളത്തിൽ പുതുതായി മുയൽവളർത്തൽ മേഖലയിലേക്ക് കടന്നുവരുന്ന യുവാക്കളുടെ മാതൃകാ കർഷകനാണ് മുജീബ്. പ്രളയത്തിനുശേഷം കേരളത്തിലെ ഫാം തൽക്കാലം നിർത്തിവച്ചിരിക്കുകയാണ്. അഞ്ചു വർഷമായി ഹൈദരാബാദിൽ ഫാമുണ്ട്. അവിടുത്തെ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ലാബ് ആവശ്യങ്ങൾക്കുവേണ്ടിയാണ് മുയലുകളെ വളർത്തുന്നത്. 12 വർഷത്തോളമായി ഈ മേഖലയിൽ നിൽക്കുന്ന മുജീബ് ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്താണ് ഇതുവരെയെത്തിയത്.
തുടക്കം 3 മുയലുകളിൽനിന്ന്
ബിനാനി സിങ്ക് ലിമിറ്റഡ് എന്ന കമ്പനിയിൽ മെക്കാനിക്കൽ ടെക്നീഷ്യൻ ആയിരുന്നു മുജീബ്. അതുകൊണ്ടുതന്നെ ജോലിസമയത്തിനു ശേഷമുള്ള ഒഴിവുവേളകൾ പ്രയോജനപ്പെടുത്താനായി ഒരു ഫാം തുടങ്ങാനുള്ള പദ്ധതി മനസിലുണ്ടായിരുന്നു. ആടുവളർത്തലായിരുന്നു ആഗ്രഹമെങ്കിലും കുടുംബസുഹൃത്തായ ആനിയമ്മ നൽകിയ മൂന്നു മുയലുകളിൽനിന്നാണ് മുയൽ വളർത്തൽ ആരംഭിച്ചത്.
കൈയിലുണ്ടായിരുന്ന മുയലുകൾ രണ്ടു പെണ്ണും ഒരാണും. രണ്ടു പെൺമുയലുകൾ പ്രസവിച്ചപ്പോൾ 16 കുഞ്ഞുങ്ങൾ. അപ്പോൾ കൈവശമുണ്ടായിരുന്ന ആൺ മുയൽ ചത്തുപോയി. അതിന്റെ മരണകാരണം എന്താണെന്നറിയാൻ ശ്രമിച്ചതാണ് മുയലുകളെക്കുറിച്ച് കൂടുതൽ പഠിക്കാൻ പ്രചോദനമായത്. പിന്നീട് ഒരാൺമുയലിനെ വാങ്ങി വീണ്ടും ഇണ ചേർത്തു. അപ്പോൾ ജനിച്ചത് 19 കുട്ടികൾ. ആദ്യമുണ്ടായ 16 കുഞ്ഞുങ്ങളിൽ 10 എണ്ണവും പെണ്ണുങ്ങളായിരുന്നു. അവയെ ഇണചേർത്തതോടുകൂടി മുയലുകളുടെ എണ്ണം കൂടി.
ആദ്യമൊക്കെ ഒരു കോളനി കേജിലായിരുന്നു വളർത്തിയിരുന്നതെങ്കിലും പിന്നീട് മുയലുകൾക്കായി 200 ചതുരശ്ര അടി വലുപ്പമുള്ള ഒരു ചെറിയ ഷെഡ് നിർമിച്ചു. നിർമാണമെല്ലാം സ്വയം തന്നെ. സഹായിയായി ഒപ്പമുണ്ടായിരുന്നത് ഭാര്യ ജിസ്മി ആയിരുന്നു. ചെറിയ ഷെഡ്ഡിൽ ഒരു നിരയിലുള്ള കൂട് വച്ചാൽ മുതലാവില്ല എന്നു തോന്നിയതോടെയായിരുന്നു രണ്ടും മൂന്നും നിലകളുള്ള കൂടിന്റെ ആശയം മനസിലുദിച്ചത്.
കമ്പനി ജോലിയിൽനിന്നുള്ള ശമ്പളത്തിൽ നല്ലൊരു ശതമാനവും മുയലുകളുടെ തീറ്റയ്ക്കായി മാറ്റിവയ്ക്കുമായിരുന്നു. ചുരുങ്ങിയ കാലംകൊണ്ട് ഫാമിലെ മുയലുകളുടെ എണ്ണം 200 കവിഞ്ഞു. എന്നാൽ, മുയലുകളെ ഇങ്ങനെ വളർത്തിയാൽ മാത്രം പോരല്ലോ. എന്തു ചെയ്യും എന്ന തോന്നലുണ്ടായപ്പോഴാണ് വിൽപനയ്ക്ക് അന്വേഷിച്ചത്. അപ്പോഴല്ലേ രസം, ആർക്കും വേണ്ട. അങ്ങനെ കുറെ അന്വേഷിച്ച് ഒരു ഫാം ഉടമയെ കണ്ടെത്തി. ആലുവ എടുത്തലയിലുള്ള അലീക്കയായിരുന്നു അത്. 206 മുയലുകളുമായി ഒരു വാഹനത്തിൽ അദ്ദേഹത്തിന്റെ അടുത്തേക്ക്.
ആദ്യ വിൽപനയിൽ അറിവില്ലായ്മ വില്ലൻ
ചൂടുള്ള സമയത്തായിരുന്നു മുയലുകളെ ആ ഫാമിലേക്ക് കൊണ്ടുപോയത്. അവിടെച്ചെന്നപ്പോഴേക്ക് ഉഷ്ണം കാരണം 5 മുയലുകൾ ചത്തിരുന്നു. ബാക്കിയുള്ളവ കിതച്ച് കിതച്ച് കൂട്ടിൽ കിടക്കുന്നു. മുജീബിന് തല കറങ്ങുന്ന അവസ്ഥയായി. മുയലുകൾക്ക് ചൂട് താങ്ങാൻ പറ്റില്ല എന്ന വസ്തുത അറിയില്ലായിരുന്നു. വണ്ടിയിൽനിന്ന് കൂടുകൾ പുറത്തിറക്കി വേഗം ഒരു തണലത്തേക്ക് മാറ്റിവച്ചു. അലീക്കയുടെ നിർദേശം അനുസരിച്ച് ഗ്ലൂക്കോസ് വാങ്ങി വെള്ളത്തിൽ കലക്കി മുയലുകൾക്ക് കുടിക്കാൻ കൊടുത്തു. അപ്പോഴും പോയി ഒരു മുയൽ. അവയുടെ ശരീര താപം കുറയ്ക്കാൻ വെള്ളം സ്പ്രേ ചെയ്തു കൊടുക്കുകയും ചെയ്തു.
മുയലുകൾ ചാവില്ല എന്ന് ഉറപ്പായശേഷമേ താൻ എടുക്കൂ എന്ന് അലീക്ക പറഞ്ഞപ്പോൾ ഉച്ചയ്ക്ക് 11.30 മുതൽ വൈകുന്നേരം 4 വരെ ഒരു കൊച്ചുകുട്ടിയേപ്പോലെ ആ മുയലുകൾക്ക് കാവലിരുന്നു മുജീബ്. കിലോഗ്രാമിന് 70 രൂപയായിരുന്നു അന്ന് ലഭിച്ചത്. 206 എണ്ണത്തിൽ ആറെണ്ണം ചത്തു പോയത് കൂട്ടാതെ ആകെ 450 കിലോഗ്രാം തൂക്കമുണ്ടായിരുന്നു. ആകെ ലഭിച്ചത് 31,500 രൂപ. മുയലിൽനിന്നുള്ള ആദ്യ സമ്പാദ്യം. അന്ന് ചില കാര്യങ്ങൾ പഠിച്ചു. മുയലുകളുമായി ഉഷ്ണ സമയത്ത് യാത്ര ചെയ്യാൻ പാടില്ല. ഉഷ്ണസമ്മർദമുള്ളപ്പോൾ വെള്ളം അവയുടെ ശരീരത്തിൽ സ്പ്രേ ചെയ്ത് നൽകിയാൽ മതി.
കണക്കുകൂട്ടി ഞെട്ടി
കമ്പനിയിൽ ജോലിക്കു പോയപ്പോൾ മുതൽ വരവും ചെലവും കുറിച്ചുവയ്ക്കുന്ന ശീലം മുജീബിനുണ്ടായിരുന്നു. മുയലിനു തീറ്റ വാങ്ങിയ വകയിൽ ചെലവായ തുകയും വിറ്റപ്പോൾ ലഭിച്ച തുകയും നോക്കിയപ്പോൾ ശരിക്കും കണ്ണു തള്ളി! 16,700 രൂപയോളം ലാഭം. പിന്നെന്തുകൊണ്ട് മുയൽ വളർത്തൽ തുടങ്ങിക്കൂടാ എന്ന ചിന്ത മനസിൽവന്നു. കുടുംബാംഗങ്ങളോടു ചോദിച്ചപ്പോൾ അവർക്കും പൂർണ സമ്മതം. അവിടെനിന്നാണ് മുജീബ് റഹ്മാൻ എന്ന മുയൽ കർഷകന്റെ പിറവി. 200 മുയലുകളെ വിറ്റതിനുശേഷമുള്ള 10 പെണ്ണും 3 ആണും വച്ചായിരുന്നു പിന്നീട് ഫാം വിപുലീകരിച്ചത്.
ബ്രീഡും ബ്രീഡിങ്ങും പിന്നെ കൊടെയ്ക്കനാലും
കോടനാട് കുറിച്ചിലക്കോടുള്ള ജിനീഷിനെ കണ്ടുമുട്ടിയതാണ് മുയൽവളർത്തലിലെ പ്രധാന വഴിത്തിരിവ്. ജിനീഷിന്റെ വീടിനോടു ചേർന്നുള്ള ഷെഡ്ഡിൽ 30 മുയലുകൾ അടങ്ങിയ മാതൃശേഖരം. മുയലുകളുടെ വലുപ്പവും തൂക്കവും കണ്ടപ്പോൾ മുജീബ് ശരിക്കും ഞെട്ടി. ഒരെണ്ണത്തിന് 4–5 കിലോഗ്രാം തൂക്കം വരും. കൂടാതെ മുജീബ് വീട്ടിൽ തയാറാക്കിയതുപോലെ തട്ടുകളുള്ള കൂടായിരുന്നു ജിനീഷിനുമുണ്ടായിരുന്നത്. ഏതൊക്കെ ബ്രീഡ് ആണുള്ളത്, എങ്ങനെ ബ്രീഡ് ചെയ്യണം എന്ന് പഠിക്കാനുള്ള ആവേശമായിരുന്നു പിന്നെയങ്ങോട്ട്. അങ്ങനെയാണ് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ കീഴിലുള്ള സെൻട്രൽ ഷീപ്പ് ആൻഡ് വൂൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്കുള്ള യാത്ര. ജീനീഷിനു മുയലുകളെ എടുക്കാൻവേണ്ടിയായിരുന്നു യാത്ര. അവിടെനിന്ന് മുയലുകളെക്കുറിച്ച് കൂടുതൽ പഠിച്ചു. സതേൺ റീജണൽ റിസർച്ച് സെന്റർ പ്രിൻസിപ്പൽ സയന്റിസ്റ്റും ഓഫീസർ ഇൻ ചാർജുമായ ഡോ. എ.എസ്. രാജേന്ദ്രൻ മുയലുകളെക്കുറിച്ചുള്ള അറിവുകൾ പകർന്നു നൽകി.
ഡോ. രാജേന്ദ്രൻ എന്ന അത്ഭുതം
ജിനീഷിനെയും മുജീബിനെയും കാത്ത് പാതിരാത്രി ഗേറ്റിനു സമീപം നിന്ന ഡോ. രാജേന്ദ്രനെ മുജീബ് ഇന്നും ഓർക്കുന്നു. കൊടെയ്ക്കനാലിലെ മന്നവനൂരിലേക്കുള്ള മുജീബിന്റെയും ജിനീഷിന്റെയും യാത്രയിൽ കൊടെയ്ക്കനാൽ ടൗൺ കഴിഞ്ഞതു മുതൽ മന്നവനൂർ എത്തുന്നതുവരെ ഡോക്ടർ ഫോൺ വിളിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു. അന്ന് ഇരുവർക്കും താമസസ്ഥലം നൽകിയതും അദ്ദേഹംതന്നെ. വെളുപ്പിനെതന്നെ മുയലുകളുടെ അടുത്ത് എത്തുന്നതാണ് അദ്ദേഹത്തിന്റെ രീതി. മുജീബും അദ്ദേഹത്തൊടൊപ്പം കൂടി മുയലുകളുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും ചോദിച്ചറിഞ്ഞു. ബ്രീഡ് റജിസ്റ്ററിന്റെ പ്രധാന്യവും വംശശുദ്ധി നിലനിർത്തേണ്ടിന്റെ ആവശ്യകതയും മുജീബിനെ പഠിപ്പിച്ചതും അദ്ദേഹംതന്നെ.
ജിനീഷ് ആവശ്യമായ മുയലുകളെ വാങ്ങിയപ്പോൾ ബുക്ക് ചെയ്തിരുന്നില്ലാത്തതിനാൽ മുജീബ് മുയൽ വേണമെന്നുള്ള ആഗ്രഹം ഡോക്ടറോട് പറഞ്ഞില്ല. നിനക്കു മുയൽ വേണ്ടേ എന്ന് ഡോക്ടർ ചോദിച്ചപ്പോൾ ബുക്ക് ചെയ്തിട്ടില്ല എന്നായിരുന്നു മുജീബിന്റെ മറുപടി. ‘ഇത്രയും കാലത്തിനിടയ്ക്ക് മുയലുകളെക്കുറിച്ച് ഇത്രയും കാര്യങ്ങൾ അന്വേഷിച്ചത് നീ മാത്രമാണ്. നിനക്ക് മുയലുകളെ തന്നില്ലെങ്കിൽ പിന്നെ ഞാൻ ആർക്കാ കൊടുക്കുക’ എന്നു പറഞ്ഞ് അദ്ദേഹം 50 മുയലുകളെ മുജീബിനു നൽകി. ഇരുവരും തമ്മിലുള്ള ആത്മബന്ധം അവിടെ ആരംഭിച്ചു.
അദ്ദേഹം പകർന്നു നൽകിയ അറിവുകൾ വലിയ ഫാം നടത്താൻ മുജീബിനു പ്രചോദനമായി. വംശശുദ്ധി നിലനിർത്തിയാണ് പ്രജനനം. അദ്ദേഹം പകർന്നു നൽകിയ അറിവുകൾ തന്നെയാണ് ഇപ്പോഴും മുജീബ് എന്ന മുയൽ കർഷകനെ മുന്നോട്ടു നയിക്കുന്നത്.
വായ്പയെടുത്ത് ഷെഡ് നിർമിച്ചു
നബാർഡിൽനിന്ന് മുയൽ വളർത്തുന്നതിനായി 2.25 ലക്ഷം രൂപ വായ്പയെടുത്ത് 1200 ചതുരശ്ര അടി വലുപ്പമുള്ള ഷെഡ് വീടിനോട് ചേർന്ന് പണിതു. ഷെഡ് പണിയുന്നതിനു മുമ്പേ ബയോഗ്യാസ് പ്ലാന്റ് നിർമിച്ചിരുന്നു. വലിയ രീതിയിൽ ഫാം തയാറാക്കുമ്പോൾ അത്യാവശ്യമാണ് മാലിന്യ നിർമാർജന സംവിധാനങ്ങൾ. പകൽ ഷെഡ് പണിയുമ്പോൾ രാത്രി കമ്പനിയിൽ ജോലിക്കു പോകും. അങ്ങനെ രാവും പകലും അധ്വാനിച്ചായിരുന്നു പ്യുവർ ബ്രീഡ് റാബിറ്റ് ഫാമിനെ വളർത്തിയെടുത്തത്. മുജീബിന്റെ പരിശ്രമങ്ങളിൽ ജോലി ചെയ്തിരുന്ന കമ്പനിയിലെ സഹപ്രവർത്തകരും മേലുദ്യോഗസ്ഥരും വലിയ പിന്തുണ നൽകി. ജോലി ഷിഫ്റ്റ് പലപ്പോഴും സൗകര്യപ്രദമായ രീതിയിൽ ക്രമീകരിച്ചു നൽകുമായിരുന്നു. ഇതിനുള്ള നന്ദി ഇടയ്ക്ക് മുയൽ ഫ്രൈയും റോസ്റ്റുമൊക്കെയായി സഹപ്രവർത്തകരുടെ നാവിലെത്തി.
സൗഹൃദം ബലം
ജിനീഷിൽനിന്നുള്ള അറിവുകളിൽ മുജീബ് വളർന്നപ്പോൾ ജിനീഷിനെക്കൂടി വളർത്താനും മുജീബ് മറന്നില്ല. ജിനീഷിന്റെ ചെറിയ മുയൽ ഫാം വിപുലീകരിക്കാൻ മുജീബ് കാരണമായി. ഒപ്പം ആ ഫാമിന് അടിത്തറയായി നല്ല ഷെഡ്ഡും ബയോഗ്യാസ് പ്ലാന്റും പണിയുകയും ചെയ്തു. (പിന്നീട് മുയൽവളർത്തൽ നിരോധനം വന്നപ്പോൾ ജിനീഷിന് തന്റെ മുയൽ വളർത്തൽ അവസാനിപ്പിക്കേണ്ടി വന്നു).
ഇടുക്കിയിൽ പ്രവർത്തിച്ചിരുന്ന സ്പാർക്ക് റാബിറ്റ് ഫാം ഉടമ കുര്യൻ മത്തായിയായിരുന്നു മുജീബിന് മുയൽ തീറ്റ എത്തിച്ചു നൽകിയിരുന്നത്. ഒപ്പം അദ്ദേഹംതന്നെ യൂണിറ്റ് അടിസ്ഥാനത്തിൽ മുയൽകുട്ടികളെ വാങ്ങുകയും ചെയ്യുമായിരുന്നു. അവിടെ നിന്ന് ബിസിനസ് വളർന്നു. കേരളത്തിൽ പല കർഷകർക്കും ഫാം നിർമിച്ചു നൽകി. ഒരുപാട് പേരെ മുയൽ കൃഷിയിലേക്ക് എത്തിച്ചു.
അന്നും ഇന്നും മുയൽ വളർത്തൽ മേഖലയിൽ മുജീബ് സഹോദരനു തുല്യമായി കണുന്ന വ്യക്തിയാണ് മാളയിലെ ഏദൻ റാബിറ്റ് ഫാം ഉടമ തോമസ്. മുയൽ വളർത്തലിലേക്ക് തിരിഞ്ഞ് ഏതാണ്ട് അഞ്ചു വർഷം പിന്നിട്ടപ്പോഴായിരുന്നു തോമസിനെ പരിചയപ്പെടുന്നത്. ആ പരിചയം പിന്നീട് ആത്മബന്ധമായി മാറി. മുയലുകളെക്കുറിച്ച് പഠിക്കാനും മികച്ചവയെ ഉരുത്തിരിച്ചെടുക്കാനും ഇരുവരും ഒരുമിച്ചു ശ്രമിച്ചു. ഇരുവരുടെയും ചിന്തകൾ ഒരേ രീതിയിലുള്ളത് ആയിരുന്നതിനാൽത്തന്നെ മുയൽ വളർത്തൽ മേഖലയ്ക്ക് അതൊരു മുതൽക്കൂട്ടാണ്. ഇരുവരും പരസ്പരം ആലോചിച്ച് പരീക്ഷിച്ചു വികസിപ്പിച്ചെടുത്ത കൈത്തീറ്റക്കൂട്ടാണ് ഇന്ന് കേരളത്തിലെ പല കർഷകരും ഉപയോഗിക്കുന്നത്.
അതുപോലെതന്നെ യാദൃശ്ചികമായി പരിചയപ്പെട്ട വ്യക്തിയാണ് അന്ന് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ആയിരുന്ന ജോൺസൺ. മുയൽ കർഷകൻ കൂടിയായിരുന്ന ജോൺസന്റെ അനുഭവ പരിചയം മുജീബിനും തോമസിനും വളരെ സഹായകമായി. മുയലുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങൾക്കും അദ്ദേഹത്തെ സമീപിക്കുമായിരുന്നു. പല പ്രതിസന്ധി ഘട്ടത്തിലും ജോൺസൺ ഇരുവർക്കും അത്താണിയായിട്ടുമുണ്ട്. അന്നത്തെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറായിരുന്ന ജോൺസൺ ഇന്ന് വെറ്ററിനറി ഡോക്ടറാണ്.
കൂടാതെ ഡോ. ജോമോൻ, ഡോ. സുലേഖ, ഡോ. നയന, ഡോ. മരിയ ലിസ മാത്യു, ഡോ. തോമസ്, ഡോ. അനിൽ കുമാർ, ആലുവ ലൈവ് സ്റ്റോക്ക് ട്രെയ്നിങ് സെന്ററിലെ ഉദ്യോഗസ്ഥർ, ഡോക്ടർമാർ തുടങ്ങിയവരെല്ലാം മുജീബിന്റെ വളർച്ചയ്ക്ക് ഒപ്പം നിന്നവരാണ്. വർഷങ്ങൾക്കു മുമ്പ് ട്രെയ്നിങ് സെന്ററിൽ എത്തുന്ന പഠിതാക്കൾക്ക് അനുഭവ പാഠങ്ങൾ പങ്കുവയ്ക്കാനുള്ള അവസരങ്ങളും മുജീബിനു ലഭിച്ചിട്ടുണ്ട്.
പ്രദർശനങ്ങളും പദ്ധതിയും
ചേരാനല്ലൂർ സ്കൂളിൽ കുട്ടികൾക്ക് മുയലും കൂടും പദ്ധതി നടപ്പാക്കിയപ്പോൾ കൂടുകളും മുയലുകളും വിതരണം ചെയ്തത് മുജീബ് ആയിരുന്നു. അതുപോലെ മുയൽ കൃഷി പ്രോത്സാഹിപ്പിക്കാനായി കലൂർ സ്റ്റേഡിയത്തിൽ നടത്തിയ പ്രദർശനത്തിലും പങ്കെടുത്തിരുന്നു. അതിനുശേഷം ഒട്ടേറെ പ്രദർശനങ്ങളുടെ ഭാഗമായിട്ടുണ്ട്.
ഇടുത്തീപോലെ പ്രതിസന്ധികൾ
ഫാം നല്ല രീതിയിൽ പൊയ്ക്കോണ്ടിരുന്ന സമയത്താണ് അയൽക്കാർ പരിസര മലിനീകരണം ചൂണ്ടിക്കാട്ടി പരാതി നൽകിയത്. 30 ദിവസത്തിനുള്ളിൽ ഫാം പൂട്ടാനുള്ള ഉത്തരവ് വന്നു. പക്ഷേ, മുജീബിന്റെ പിതാവ്, ഭാര്യ, സഹോദരി എന്നിവർ ആശുപത്രിയിലായതിനാൽ 25 ദിവസത്തോളം ഉത്തരവിന് സ്റ്റേ വാങ്ങാനുള്ള ശ്രമം നടത്താനായില്ല. സുഹൃത്തും അഭിഭാഷകനുമായ അനിൽകുമാർ പറഞ്ഞതനുസരിച്ചാണ് ട്രൈബ്യൂണിൽനിന്ന് സ്റ്റേ വാങ്ങിയത്. മൃഗസ്നേഹിയും നാടൻ പശു സംരക്ഷകനുമായ അദ്ദേഹത്തിന് മുജീബിന്റെ പ്രശ്നങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞു. തുടർച്ചയായി പെയ്ത മഴയിൽ മണ്ണിടിഞ്ഞുവീണു ബയോഗ്യാസ് പ്ലാന്റ് തകർന്ന് മാലിന്യം ഒഴുകിയതാണ് അയൽക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയത്. അതാണ് പരാതി ഉയരാൻ കാരണം. പിന്നീട് കോടതിയിൽ കേസ് എത്തിയപ്പോൾ കുറച്ചുകൂടി മെച്ചപ്പെട്ട സ്ഥലം ലഭിക്കുന്നപക്ഷം ഫാം മാറ്റിക്കൊള്ളാം എന്ന് ധരിപ്പിച്ചു. കേസ് അവിടെ അവസാനിച്ചു.
ഇതിനു പിന്നാലെയാണ് മുയലുകളെ വന്യജീവി സംരക്ഷണ നിയമത്തിൽ പെടുത്തിയ കേന്ദ്രസർക്കാർ ഉത്തരവ് പുറത്തുവരുന്നത്. ഇതോടെ മുയൽ വിൽക്കാൻ പറ്റാതായി. മുയലിനെ വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയിൽനിന്നു നീക്കിയപ്പോൾ അടുത്ത പ്രതിസന്ധിയെത്തി. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഭക്ഷണാവശ്യത്തിനു കൊല്ലാവുന്ന മൃഗങ്ങളുടെ പട്ടികയിൽ മുയൽ ഇല്ല. അതിനൊപ്പം കേരളത്തിൽ ബാർ അടച്ചുപൂട്ടലും എത്തി. മുയലിറച്ചിയുടെ പ്രധാന മാർക്കറ്റായിരുന്നു ബാറുകൾ. അതുകൊണ്ടുതന്നെ കർഷകർ പ്രതിസന്ധിയിലായി.
മുജീബിനെ സഹായിച്ച സ്പാർക്ക് റാബിറ്റ് ഫാം ഉൾപ്പെടെ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ഫാമുകളെല്ലാം പ്രതിസന്ധിയിലായി. ഈ ഫാമുകളിലെയെല്ലാം മുയലുകളെ വാങ്ങി അവരെ സഹായിക്കാനും മുജീബ് മടിച്ചില്ല. എല്ലാ കർഷകർക്കുംവേണ്ടിയാണ് ഇതര സംസ്ഥാനങ്ങളിലെ മാർക്കറ്റ് തേടിയിറങ്ങിയത്. ഏറെ അന്വേഷണത്തിനൊടുവിൽ ഒരു പാർട്ടിയെ ലഭിച്ചു. ആദ്യ ഓർഡർ 1300 മുയലുകളുമായി മൈസൂർക്ക്. ആദ്യ കച്ചവടത്തിന്റെ പരിചയക്കുറവ് വെല്ലുവിളി സൃഷ്ടിച്ചെങ്കിലും ഏറെ പ്രതിസന്ധികൾ തരണം ചെയ്തായിരുന്നു ഈ വിൽപന പൂർത്തിയാക്കിയത്. കിലോഗ്രാമിന് 180 രൂപയ്ക്കായിരുന്നു വിൽപന ഉറപ്പിച്ചിരുന്നത്.
കർണാടക ചെക്ക് പോസ്റ്റിൽ എത്തിയപ്പോൾ കാട്ടുമുയൽ കടത്ത് എന്ന പേരിൽ കേസ്. ഫോറസ്റ്റ്, പോലീസ് എന്നിവർ ഇടപെട്ട കേസ്. എന്നാൽ, മുയൽകൃഷിയുമായി ബന്ധപ്പെട്ടുള്ള പരിശീലനം നേടിയതിന്റെ വെറ്ററിനറി ഡിപ്പാർട്ട്മെന്റിൽനിന്നുള്ള സർട്ടിഫിക്കറ്റ് കൈയിലുണ്ടായിരുന്നു. അത് കാണിച്ച് കേരളത്തിൽനിന്നുള്ള മുയൽ കർഷകൻ ആണെന്ന് തെളിയിക്കാൻ കഴിഞ്ഞതിനാൽ കേസ് ആയില്ല. എങ്കിലും പ്രശ്നങ്ങൾ അവസാനിച്ചില്ല. എല്ലാ പ്രതിസന്ധികളും താണ്ടി മൈസൂരിൽ എത്തിയപ്പോൾ മുയൽ വാങ്ങാനുള്ള ആളുടെ ഫോൺ സ്വിച്ച്ഡ് ഓഫ്. എന്തു ചെയ്യണമെന്നറിയാൻ വയ്യാത്ത അവസ്ഥ. പോലീസ്, ഫോറസ്റ്റ് പ്രശ്നങ്ങൾ മൂലം ഭക്ഷണം പോലും കഴിച്ചിരുന്നില്ല. അങ്ങനെ ഒരു ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴേക്കും മുയലിനെ വാങ്ങാമെന്നേറ്റവർ വന്നു. വാഹനം ബ്രേക്ക് ഡൗൺ ആയതാണ് അവർ വൈകാൻ കാരണം. ഫോൺ ഓഫായിപ്പോയതിനാൽ വിളിച്ചറിയിക്കാനും കഴിഞ്ഞില്ല. കേരളത്തിനു പുറത്തുള്ള മുയൽവിൽപനയുടെ തുടക്കം അതായിരുന്നു. ഇപ്പോൾ ആ പാർട്ടിയുടെ പക്കൽനിന്ന് ഇങ്ങോട്ടു മുയൽ വാങ്ങുന്നു.
മുയൽ വളർത്തൽ നിരോധനത്തെത്തുടർന്ന് പലരും ഈ മേഖലയിൽ തളർന്നപ്പോൾ കർഷകരുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുന്നിട്ടിറങ്ങിയവരിലൊരാളാണ് മുജീബ്. മലപ്പുറത്ത ആഷിയാന റാബിറ്റ് ഫാം ഉടമ ഡോ. മിഗ്‌ദാദ് ആയിരുന്നു മുയൽ കർഷകർക്കുവേണ്ടി മുന്നിലുണ്ടായിരുന്നത്. ഡോ. മിഗ്‌ദാദ്, മുജീബ് തുടങ്ങിയവരുടെ വലിയ പരിശ്രമങ്ങൾക്കൊടുവിലാണ് വന്യജീവി സംരക്ഷണ പട്ടികയിൽനിന്നു മുയലിനെ നീക്കുകയും ഭക്ഷണാവശ്യത്തിനായുള്ള മൃഗങ്ങളുടെ പട്ടികയിൽ മുയലിനെ ഉൾപ്പെടുത്തുകയും ചെയ്തത്. അങ്ങനെ മുയൽ വളർത്തുന്നതിൽനിന്നുള്ള നിയമപ്രശ്നങ്ങളിൽനിന്ന് കർഷകർ രക്ഷപ്പെട്ടു. നിലവിൽ മുയൽ വളർത്തുന്നതിനോ കശാപ്പ് ചെയ്യുന്നതിനോ യാതൊരു നിരോധനവും രാജ്യത്തില്ല.
അതിനൊപ്പം ഹൈദരാബാദിൽ ഫാം നടത്താൻ ശ്രമിച്ചു. ആദ്യ ശ്രമം പരാജയപ്പെട്ടു. പിന്നീട് ഹൈദരാബാദിൽത്തന്നെ മറ്റൊരു സ്ഥലത്ത് ഫാം തുടങ്ങി. അഞ്ചു വർഷമായി പാർട്ണർഷിപ് വ്യവസ്ഥയിൽ ഈ ഫാം പ്രവർത്തിക്കുന്നു. ഇതുകൂടാതെ തമിഴ്നാട്ടിലും കർണാടകയിലും ഫാം ആരംഭിച്ചെങ്കിലും ജലദൗർലഭ്യത്തെത്തുടർന്ന് ഉപേക്ഷിക്കേണ്ടിവന്നു.
2016ൽ മാഞ്ഞാലിപ്പുഴയുടെ തീരത്ത്
2016ൽ മാഞ്ഞാലിപ്പുഴയുടെ തീരത്ത് രണ്ടര ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് ഫാം ആരംഭിച്ചു. വീടിനോടു ചേർന്നുള്ള ഷെഡ് പൊളിച്ച് അവിടേക്കു മാറ്റി. 1200 ചതുരശ്ര അടി വലുപ്പമുള്ള ആ ഷെഡ് ആടുകൾക്കായി ഉപയോഗിച്ചു. മുയലുകൾക്കായി 4000 ചതുരശ്ര അടി വിസ്‍തിർണമുള്ള ഷെഡും പണിതു. മുയൽ, ആട്, പശു, പോത്ത് എന്നിവ ഈ ഫാമിൽ വളർത്തി. മുജീബിന്റെ വീടിനടുത്തുതന്നെ താമസിക്കുന്ന സഹോദരി സിജിയും ഭർത്താവ് നസീറും എല്ലാ കാര്യങ്ങൾക്കും മുജീബിനൊപ്പം ഉണ്ടായിരുന്നു.
പ്രളയം കൊണ്ടുപോയത് വലിയ സ്വപ്നങ്ങൾ
രണ്ടു വർഷത്തോളം ഫാം നല്ല രീതിയിൽ പ്രവർത്തിച്ചു. ആ സമയത്തായിരുന്നു കനത്ത മഴയും പ്രളയവും കേരളത്തെ വിഴുങ്ങിയത്. ആലുവ മുങ്ങിയപ്പോൾ മുജീബിന്റെ ഫാമും മുങ്ങി. മുയൽ ഷെഡിൽ വെള്ളം കയറിയപ്പോൾ അവയെ കൂട്ടത്തോടെ ആടുകളുടെ ഷെഡിലേക്കു മാറ്റി അഴിച്ചുവിട്ടു. ആ ഷെഡും മുങ്ങിയപ്പോൾ അവയെ വീട്ടിലെത്തിച്ച് മുറിയിൽ അഴിച്ചുവിട്ടശേഷം കുടുംബാംഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി.
ഒന്നിനെയും പ്രളയത്തിനു വിട്ടുകൊടുത്തില്ല
1200 മുയലുകൾ, 20 പോത്തുകളും പശുക്കളും, നൂറോളം ആടുകൾ എന്നിവയെല്ലാം അടങ്ങിയതായിരുന്നു മുജീബിന്റെ ഫാം. മുയലുകളെ സുക്ഷിതമായി മാറ്റാൻ കഴിഞ്ഞെങ്കിലും മറ്റുള്ളവയെ അഴിച്ചുവിടുകയായിരുന്നു ചെയ്തത്. ഇതിനെല്ലാം മുജീബിനൊപ്പം നിന്നത് സുഹൃത്ത് സുമേഷും ഫാമിലെ ജീവനക്കാരനുമാണ്. മൂവരും ജീവൻപോലും പണയംവച്ചായിരുന്നു ഈ മിണ്ടാപ്രാണികളുടെ ജീവൻ രക്ഷിച്ചത്. പ്രളയത്തിന്റെ സംഹാരരൂപം മാറിയപ്പോൾ ഇവയിൽ ഏതാനും ജീവികളെ നാട്ടുകാർക്ക് ലഭിച്ചത് തനിക്ക് തിരിച്ചു തന്നെന്ന് മുജീബ് പറയുന്നു.
മുയലുകളുടെ നഷ്ടം വലുതായിരുന്നു
പ്രളയത്തിൽനിന്ന് മുയലുകളെ രക്ഷിച്ചെങ്കിലും പ്രതിസന്ധി മറ്റൊരു രീതിയിലും ഇവിടേക്കെത്തി. 2018 ഓഗസ്റ്റ് 15ന് പ്രസവിക്കുന്ന രീതിയിലായിരുന്നു 250 മുയലുകളെ ഇണചേർത്തിരുന്നത്. അന്ന് ജനിച്ച ആയിരത്തിലധികം കുഞ്ഞുങ്ങൾ ചത്തുപോയി. മുയലുകളെയെല്ലാം ഒരുമിച്ച് പാർപ്പിച്ചതും പ്രളയത്തിന്റെ സമ്മർദവുമെല്ലാം കുഞ്ഞുങ്ങളെ നഷ്ടപ്പെടാൻ കാരണമായി. ഹൈദരാബാദ് വെറ്ററിനറി കോളജ്, നാമക്കൽ, രാജസ്ഥാൻ, കൊടെയ്ക്കനാൽ എന്നിവിടങ്ങളിൽനിന്ന് എത്തിച്ച മുയലുകൾ ഉൾപ്പെടെ വലിയൊരു മാതൃശേഖരത്തെ പ്രളയാനന്തരം ഒഴിവാക്കേണ്ടിവന്നു. പിന്നീട് ഹൈദരാബാദിലേക്കായി പൂർണ ശ്രദ്ധയും. ഇപ്പോൾ ഹൈദരാബാദിലാണ് മുജീബ്.
2019ലും ദുരിതങ്ങൾ
ബോംബെയിലെ ഒരു ഫാമിൽ 2019ൽ മുയലുകളെ എത്തിച്ചിരുന്നു. അഞ്ചു ലക്ഷം രൂപയുടെ മുയലുകളായിരുന്നു. മുയലുകളെ എത്തിച്ച് മുജീബും വാഹനവും തിരിച്ചു പോന്നു. എന്നാൽ, പിറ്റേന്ന് അവിടെയുണ്ടായ പ്രളയത്തിൽ ആ ഫാമും ഉടമയുടെ വീടും ഒലിച്ചുപോയി.
കേരളത്തിലെ കർഷകർ ഹാപ്പി
മുമ്പ് കേരളത്തിൽനിന്നുള്ള മുയലുകളെ ഇതര സംസ്ഥാനങ്ങളിലായിരുന്നു വിൽപന നടത്തിയിരുന്നതെങ്കിൽ ഇന്ന് ആ സ്ഥിതി മാറി. കേരളത്തിലെ കർഷകർ ഇന്ന് തങ്ങളുടെ മുയലുകളെ സ്വന്തമായി മാർക്കറ്റ് കണ്ടെത്തി വിറ്റഴിക്കുന്നു. കേരളത്തിൽ ഒരു മുയൽ ഇറച്ചി സംസ്കാരം വളർത്തിയെടുക്കാനും മുജീബ് കാരണക്കാരനായി എന്നു നിസംശയം പറയാം. മാത്രമല്ല മുയൽ വിൽക്കാൻ സാധിക്കാത്ത കർഷകരെ സഹായിക്കാനും കേരളത്തിൽ മുയൽ ലഭ്യത കുറയുമ്പോൾ കർണാടകയിൽനിന്നും ഹൈദരാബാദിൽനിന്നും മുയലുകളെ ഇവിടെയെത്തിക്കാനും മുജീബ് ശ്രമിക്കുന്നുണ്ട്. ഒരുകാലത്ത് മുയലുകൾ ഇവിടെനിന്ന് ഇതരസംസ്ഥാനങ്ങളിലേക്കാണ് പോയിരുന്നതെങ്കിൽ ഇന്നിപ്പോൾ അവിടെനിന്ന് മുയലുകൾ കേരളത്തിലേക്കെത്തുന്നു.
ജൂലിയാണ് എല്ലാം
ഫാമിലെ മറ്റു ജീവികളുടെ കാവൽക്കാരിയായിരുന്നു ജൂലി എന്ന നായ. ഒരിക്കൽ തിരുവനന്തപുരത്തുനിന്ന് മുയലുമായി വരുന്ന വഴി കിട്ടിയതാണ് ജൂലിയെ. റോഡിൽ കിടന്ന നായ്ക്കുട്ടിയെ വാഹനം നിർത്തി വഴിവക്കിലേക്ക് മാറ്റിക്കിടത്തി. എന്നാൽ, അത് വീണ്ടും റോഡിലേക്കു നീങ്ങുന്നതു കണ്ടപ്പോൾ ജൂലി എന്ന പേരും നൽകി ഫാമിലേക്ക് പുതിയൊരംഗമായി കൂടെ കൂട്ടുകയായിരുന്നു. ഫാമിലെ കാവൽക്കാരിയായിരുന്നു പിന്നെ അവൾ. പ്രളയ സമയത്തുണ്ടായ ഒരു അനുഭവം മുജീബ് ഇന്നും വേദനയോടെ ഓർക്കുന്നു. അത് മുജീബിന്റെ വാക്കുകളിൽക്കൂടി അറിയാം.
‘ഫാമിൽ വെള്ളം കയറിയപ്പോൾ ജൂലിയുടെ കൂട് ഉയർത്തിവച്ചു. എന്നാൽ, രാത്രി ആയപ്പോൾ വീണ്ടും വെള്ളം പൊങ്ങി. അങ്ങനെ ജൂലിയുടെ കൂട് ഒരു 6 അടി കൂടി ഉയരത്തിൽവച്ചിട്ട് ഞങ്ങൾ വെള്ളത്തിൽ ഇറങ്ങുമ്പോൾ വല്ലാത്ത കുര ആയിരുന്നു. ഞാൻ അടുത്തുചെന്ന് ഇവിടുന്നു പോകുമ്പോൾ നിന്നെയും കൊണ്ടേ പോകൂ എന്നു പറഞ്ഞു. അതിൽ പിന്നെ മിണ്ടിയിട്ടില്ല. ഞാൻ പിന്നെ മുയലുകളെയും ആടുകളെയും മാറ്റുന്ന തിരക്കിലാരുന്നു. സത്യം പറഞ്ഞാൽ അവളെ പാടെ മറന്നു പോയി. രാത്രി 2 ആയിട്ടും മുയലുകളെ മാറ്റിത്തീർന്നില്ല. അപ്പോഴേക്കും വെള്ളം നല്ല ഉയരത്തിൽ ആയിരുന്നു. ഞങ്ങൾ 2 വള്ളം കൂട്ടിക്കെട്ടിയാണ് എല്ലാത്തിനെയും മാറ്റിക്കൊണ്ടിരുന്നത്. നല്ല ഒഴുക്കും. ജീവിതത്തിൽ ആദ്യമായി വഞ്ചി തുഴയുന്നതിന്റെ ബുദ്ധിമുട്ട് വേറെ. പിന്നെ ഒരു ധൈര്യം ഉള്ളത് ഞങ്ങൾ 3 പേരിൽ അൻവറിനു (ഫാമിൽ ജോലിചെയ്തിരുന്നവൻ) മാത്രമേ നീന്തൽ അറിയൂ. അങ്ങനെ 3 ആയപ്പോഴേക്കും എല്ലാം പുറത്തെത്തിച്ചു. പക്ഷേ, എനിക്കെന്തോ മറന്നപോലെ തോന്നി. അപ്പോഴാണ് ജൂലിയെ ഓർമ വന്നത്. അപ്പോഴേക്കും ഒഴുക്ക് കൂടി വഞ്ചി ഉദ്ദേശിച്ചപോലെ തുഴയാൻ പറ്റുന്നില്ല. തുഴഞ്ഞ മുള കൈയിൽനിന്നു പോയി. ഒന്നും കാണാൻ പറ്റുന്നില്ല. ശക്തമായ മഴയും ഉണ്ട്. ഒടുവിൽ ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിൽ ജൂലിയുടെ അടുക്കൽ എത്തിയപ്പോൾ ഞാൻ വല്ലാതെയായിപ്പോയി. ഞാൻ പറഞ്ഞില്ലാരുന്നോ ഇനി കുരയ്ക്കരുത്. ഞാൻ പോയാൽ നിന്നെയും കൊണ്ടുപോകുമെന്ന്. അതുകൊണ്ട് അവൾ മിണ്ടിയില്ല. കൂടിനു മുകളിൽ കയറി നിന്നിട്ട് മൂക്ക് മാത്രം വെള്ളത്തിനു മുകളിൽ, എന്നിട്ടും അവൾ മിണ്ടുന്നില്ല. ഉടനെ വഞ്ചിയിൽ കയറ്റി കൊണ്ടുപോന്നു. കരയിൽ ആടുകൾക്ക് കൂട്ടായി അവരുടെ അരികിൽ ആക്കിയിട്ടു മുയലുകളുമായി ഞാൻ പോയി പിന്നീട് അങ്ങോട്ട് പോകാൻ കഴിഞ്ഞില്ല. അപ്പോഴേക്കും വഴിയെല്ലാം അടഞ്ഞിരുന്നു. വീടിന്റെ ഭാഗത്തും വെള്ളം പൊങ്ങി. 1200 മുയലുകളെ വീടിനുള്ളിൽ തുറന്നു വിട്ടിട്ട് കുടുംബാംഗങ്ങളെ സുരക്ഷിത സ്ഥലത്തേക്കു മാറ്റാൻ പോകേണ്ടി വന്നു.
പ്രളയത്തിനു ശേഷം മാസങ്ങൾ പലതും കഴിഞ്ഞു സ്ഥലം ഒഴിഞ്ഞു കൊടുക്കാൻ ഉടമസ്ഥൻ പറഞ്ഞിട്ടു ഷെഡ് പൊളിക്കുന്ന കാര്യങ്ങൾക്കു അവിടെ പോയി മടങ്ങുമ്പോൾ മാഞ്ഞാലി കവല മുതൽ ആളുകൾ എന്നെ തന്നെ ശ്രദ്ധിക്കുന്നതുപോലെ ഒരു തോന്നൽ. പക്ഷേ, ഞാൻ അത് വകവച്ചില്ല. കുറേ ദൂരം കഴിഞ്ഞപ്പോൾ ഒരു പട്ടി എന്റെ വാഹനത്തിന്റെ പുറകെ ഓടിവരുന്നത് റിയർ വ്യൂ മിററിലൂടെ കണ്ടു. വാഹനം നിർത്തി ഞാൻ ഇറങ്ങിയപ്പോൾ കണ്ണ് നിറഞ്ഞു. ജൂലിയായിരുന്നു അത്. അവൾ ഓടി മുന്നിൽ വന്ന് കാലിനടുത്തു കിടന്നു. ഫാമിലുള്ള ശീലമാണിത്. എന്റെ ശരീരത്തു തൊടില്ല. എന്നിട്ട് ഒരു ട്യൂൺ ഉണ്ട് അവൾക്ക്. ഞങ്ങൾ മാത്രം സംസാരിക്കുന്ന ഭാഷ. കുറെ നേരം ഞങ്ങൾ ചെലവഴിച്ചു വാനിന്റെ ഡോർ തുറന്നു കയറ്റി അവൾ എന്റെ വണ്ടിയുടെ പുറകെ വന്നെന്നു തോന്നിയ സ്ഥലത്തു കൊണ്ടാക്കിയിട്ടു ഞാൻ പറഞ്ഞു ഇനി നീ പുറകെ വരണ്ട, എനിക്ക് നിന്നെ വീട്ടിൽ കൊണ്ടുപോകാൻ നിവൃത്തിയില്ല. നീ സുഖമായി നിന്റെ മക്കളോടൊരുമിച്ചു ജീവിക്ക് (അപ്പോൾ അവളൊരു അമ്മ ആയിരുന്നു) എന്നു പറഞ്ഞു പിരിയുമ്പോൾ എന്നെയും എന്റെ പരിമിതികളും അവൾ മനസിലാക്കിയിരിക്കണം. അവൾ വണ്ടി മറയുന്നതു നോക്കി നിന്നതല്ലാതെ പിന്നാലെ ഓടിയില്ല. അതിൽ പിന്നെ ആ വഴി പോകാറില്ല.’
പ്രവാസികളേ നിങ്ങൾക്കുവേണ്ടി
കോവിഡാനന്തരം കേരളത്തിൽ തിരികെയെത്തുന്ന പ്രവാസികൾ മുയൽ വളർത്തലിലേക്ക് തിരിയാനുള്ള സാധ്യത മുന്നിൽക്കണ്ട് അവരെ സഹായിക്കാനുള്ള ശ്രമത്തിലാണ് മുജീബ് ഇപ്പോൾ. പ്രവാസികളെ ലക്ഷ്യമിട്ട് കച്ചവട താൽപര്യക്കാരുടെ കഴുകൻ കണ്ണുകൾ കാർഷിക മേഖലയിലുണ്ട്. യാതൊരു മുൻപരിചയവുമില്ലാത്ത മേഖലയിലേക്ക് എടുത്തു ചാടാതെ, മുയലുകളെക്കുറിച്ച് പഠിക്കാനും അറിവുകൾ പങ്കുവയ്ക്കാനുമായി മുജീബിന്റെ നേതൃത്വത്തിലുള്ള കേരള റാബിറ്റ് ഫാർമേഴ്സ് എന്ന കൂട്ടായ്മ അക്ഷീണം പ്രയത്നിക്കുന്നു.
മുയൽ വളർത്തൽ മേഖലയിലുള്ളവർക്കും തുടക്കക്കാർക്കും പ്രത്യേക കാറ്റഗറി തിരിച്ചുള്ള ഗ്രൂപ്പുകളാണ് കേരള റാബിറ്റ് ഫാം രൂപകൽപന ചെയ്തിരിക്കുന്നത്. മുയലുകളുടെ പരിപാലനം, രോഗനിയന്ത്രണം, പ്രജനനം, കൂട് നിർമാണം തുടങ്ങിയ അറിവുകൾ കർഷകർതന്നെ പങ്കുവയ്ക്കും. ഒപ്പം നല്ലയിനം കുഞ്ഞുങ്ങളെ ആവശ്യക്കാരുടെ പരിസരങ്ങളിൽനിന്നുതന്നെ ലഭ്യമാക്കാനും വിൽപനയ്ക്ക് ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ വിൽപനയ്ക്കു സഹായിക്കാനും കൂട്ടായ്മ ശ്രദ്ധിക്കുന്നു. കേരള റാബിറ്റ് ഫാർമേഴ്സ് എന്ന പേരിൽ ഫെയ്‌സ്ബുക്ക് കൂട്ടായ്മയുമുണ്ട്. കേരള റാബിറ്റ് ഫാർമേഴ്സിന്റെ ലോഗോ ശ്രദ്ധിച്ച് കൂട്ടായ്മയുടെ ഭാഗമാകാം.
നഷ്ടം
നന്നായി പരിപാലിച്ചാൽ മുയൽ വളർത്തൽ നഷ്ടമല്ല. ഒരുപാട് നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും ഇന്നും പിടിച്ചുനിൽക്കാൻ മുജീബിനെ സഹായിക്കുന്നത് മുയലുകൾത്തന്നെയാണ്. പരാജയങ്ങൾ സംഭവിച്ചാലും മുയലുകൾ തന്നെ താങ്ങിനിർത്തുമെന്നും മുജീബ് പറയുന്നു. അതേസമയം, നന്നായി ഫുട്ബോൾ കളിക്കുമായിരുന്ന തനിക്ക് കാലിനേറ്റ പരിക്കിനെത്തുടർന്ന് സെലക്ഷൻ ക്യാമ്പിൽ പങ്കെടുക്കാൻ കഴിയാത്തതും ഫുട്ബോൾ കളിക്കാൻ കഴിയാത്തതുമാണ് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമെന്ന് മുജീബ്.
മികച്ച വളർച്ചയുള്ള മുയലുകൾ വരും
ബോൺലെസ് ഇറച്ചി എന്ന ലക്ഷ്യത്തോടെ മൂന്നു മാസംകൊണ്ട് ആറു കിലോഗ്രാം തൂക്കം വയ്ക്കുന്ന മുയലുകളെ വികസിപ്പിക്കാനുള്ള പരിശ്രമത്തിലാണ് മുജീബ്. ഇതുവരെയുള്ള പ്രയത്നങ്ങൾ വിജയത്തിലാണ്. വൈകാതെതന്നെ മികച്ച വളർച്ചയുള്ള ഇനം മുയലുകളെ കർഷകരിൽ എത്തിക്കാൻ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മുജീബ് പറയുന്നു.
ബലം
കുടുംബാംഗങ്ങളാണ് മുജീബിന്റെ ബലം. പിതാവ് പി.എ. മുഹമ്മദ്, അമ്മ ജമീല, ഭാര്യ ജിസ്മി, മക്കളായ മുഹമ്മദ് ഇർഷാദ്, ജമീലാത്തു ഇർഫാന എന്നിവർ അടങ്ങിയതാണ് കുടുംബം.
പരാജയം വിജയത്തിന്റെ ചവിട്ടുപടി എന്നു പറയുന്നതുപോലെയാണ് മുയൽ വളർത്തൽ മേഖലയിൽ മുജീബിന്റെ വിജയം. പരാജയങ്ങളിൽനിന്നു ലഭിച്ച അറിവുകൾ മുന്നോട്ടുള്ള യാത്രയിൽ പ്രചോദനമായി. അതുകൊണ്ടുതന്നെ, വിജയം മാത്രമല്ല പരാജയവും മുന്നിൽക്കണ്ടുവേണം മുയൽ വളർത്തലിന് ഇറങ്ങിത്തിരിക്കാൻ. നന്നായി ചെയ്താൽ മുയൽ വളർത്തൽ മികച്ച വരുമാനമാർഗമാണെന്ന് തന്റെ ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് മുജീബ് റഹ്മാൻ എന്ന മുയൽ കർഷകരുടെ മുജീബ് ഇക്ക.
English summary: Life Story of a True Rabbit Farmer, Rabbit farming