മനുഷ്യൻ കാട്ടിൽനിന്ന് ഇറങ്ങിയതോ അതോ കാട്ടിലേക്ക് കയറിയതോ? കിഫ പിറന്നതിങ്ങനെ
Mail This Article
കേരളത്തിലെ മലയോര കർഷക ജനതയ്ക്കുവേണ്ടി രൂപംകൊണ്ട കർഷകരുടെ കൂട്ടായ്മയാണ് കേരള ഇൻഡിപ്പെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ അഥവാ കിഫ. കർഷകർ നേരിടുന്ന വന്യമൃഗ ശല്യത്തിനെതിരേയും കുടിയൊഴിപ്പിക്കലിനെതിരേയും ഉദ്യോഗസ്ഥനേതൃത്വത്തിന്റെ ചൂഷണങ്ങൾക്കെതിരേയും കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രവർത്തിക്കുന്ന സംഘടനയാണ് കിഫ ഇപ്പോൾ. മറ്റു രാഷ്ട്രീയ പാർട്ടികൾക്കൊന്നും കഴിയാത്ത, അതല്ലെങ്കിൽ രാഷ്ട്രീയ പാർട്ടികളിലെ സാധാരണക്കാരായ അംഗങ്ങൾ ഒത്തൊരുമയോടെ നിൽക്കുന്ന കൂട്ടായ്മയെന്നും കിഫയെ വിളിക്കാം.
എന്തുകൊണ്ട് കിഫ?
ഈ ചോദ്യത്തിനുള്ള ഉത്തരം അറിയാൻ പലർക്കും ആഗ്രഹമുണ്ടാകും. അതുകൊണ്ടുതന്നെ കിഫയുടെ ചരിത്രവും പ്രവർത്തനവും എന്തുകൊണ്ട് ഇപ്പോൾ ശക്തമായി പ്രവർത്തിക്കുന്നുവെന്നും കർഷക സമൂഹം അറിഞ്ഞിരിക്കണം. കിഫ എന്ന പേരിലായിരുന്നില്ല ആദ്യം ഈ കൂട്ടായ്മ രൂപീകൃതമായത്. കഴിഞ്ഞ വർഷം അതായത് 2020 ജൂണിൽ പാലക്കാട് പൈനാപ്പിളിൽ വച്ച പടക്കം കടിച്ച് ആന ചരിഞ്ഞ സംഭവത്തോടെയാണ് കിഫയുടെ തുടക്കം. അന്ന് ‘കേരളത്തിലെ കർഷകരും വന്യമൃഗശല്യവും’ എന്ന പേരിലായിരുന്നു കൂട്ടായ്മ തുടങ്ങിയത്.
ആന ചരിഞ്ഞ സംഭവം വലിയ വിവാദമായി കത്തിപ്പടർന്നു. ദേശീയ തലത്തിൽനിന്ന് രാജ്യാന്തര തലത്തിലേക്കുവരെ ചർച്ചകളുയർന്നു. അതിൽ ഏറ്റവുമധികം ആരോപണവിധേയരായത് കേരളത്തിലെ മലയോര കർഷകരും. കർഷകർ വനം കയ്യേറിയതാണ് മൃഗങ്ങളുടെ നാശത്തിനു കാരണം, കർഷകനാണ് എല്ലാത്തിനും കാരണം എന്നൊക്കെ പരിസ്ഥിതവാദികളും ആനപ്രേമികളും സമൂഹമാധ്യമങ്ങളിലൂടെ കുറ്റപ്പെടുത്തി.
ആന ചരിഞ്ഞ സംഭവത്തിൽ വിൽസൺ എന്ന വ്യക്തി അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. വിൽസന് നിയമസഹായത്തിനായി 10,000 രൂപ നൽകുമെന്ന് അലക്സ് ചാണ്ടി എന്ന പ്രവാസി ഫെയ്‌സ്ബുക്കിൽ കുറിപ്പ് ഇട്ടു. ഒപ്പം ആ കുറിപ്പ് അന്ന് ഈ വാർത്ത കൈകാര്യം ചെയ്ത മാധ്യമങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലെ, ഈ വാർത്തയുടെ കീഴെ കമന്റ് ആയി പങ്കുവയ്ക്കുകയും ചെയ്തു. എന്നാൽ, ആ കുറിപ്പുമായി ബന്ധപ്പെട്ട് ശക്തമായ ആക്രമണമായിരുന്നു അലക്സ് ചാണ്ടിക്ക് നേരിടേണ്ടിവന്നത്. പരിസ്ഥിതി വാദികളും ആനപ്രേമികളും മൂർച്ചയേറിയ വാക്കുകൾക്കൊണ്ട് അദ്ദേഹത്തിനുനേരെ തിരിഞ്ഞു. പ്രത്യേകിച്ച് മലയോര കർഷകരെ അടച്ചാക്ഷേപിക്കുന്ന വിധത്തിലുള്ള വാക്കുകളും അതിൽ നിറഞ്ഞു.
കർഷകർക്കുവേണ്ടി, ജീവിക്കാൻവേണ്ടിയാണ് കൃഷി ചെയ്യുന്നത് എന്നൊക്കെ പറഞ്ഞെങ്കിലും അതൊന്നും വകവയ്ക്കാൻ അവർക്ക്, ആ പരിസ്ഥിതിസ്നേഹികൾക്ക് ആകുമായിരുന്നില്ല. അവരുടെ വാക്കുകളെ പ്രതിരോധിക്കാനുള്ള ആൾബലം കർഷകസമൂഹത്തിനുമില്ലായിരുന്നു. അവിടെനിന്നാണ് മുകളിൽ സൂചിപ്പിച്ചതുപോലെ ‘കേരളത്തിലെ കർഷകരും വന്യമൃഗശല്യവും’ എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മ ഉടലെടുത്തത്. സമാന ചിന്താഗതിയുള്ള ഒരുപറ്റം യുവാക്കളും ഇതിന് അലക്സ് ചാണ്ടിക്ക് ഒപ്പം നിന്നു. സമാന പ്രശ്നങ്ങൾ അഭിമുഖീകരിച്ചുകൊണ്ടിരുന്ന കേരളത്തിലെ കർഷകർ കൂട്ടായ്മയുടെ ഭാഗമാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സോഷ്യൽമീഡിയിലൂടെ കർഷകർക്കുനേരെ വരുന്ന ആക്രമണത്തെ സോഷ്യൽ മീഡിയ വഴിതന്നെ പ്രതിരോധിക്കുകയായിരുന്നു കൂട്ടായ്മയടെ ലക്ഷ്യം.
ആ കൂട്ടായ്മ വളർന്നു, കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള വന്യമൃഗ ആക്രമണം കൂട്ടായ്മയിൽ പങ്കുവയ്ക്കപ്പെട്ടു. അതുവരെ അധികമാരും ശ്രദ്ധിക്കാത്ത, അതല്ലെങ്കിൽ കാണാത്ത വിധത്തിലുള്ള വന്യജീവി ആക്രമണ റിപ്പോർട്ടുകളായിരുന്നു ഗ്രൂപ്പിൽ കർഷകർ പങ്കുവച്ചത്. ഓരോരുത്തരും തങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ് എല്ലാവർക്കുമായി അവതരിപ്പിച്ചത്. കാട്ടുപന്നി, ആന, കുരങ്ങ്, മയിൽ, മുള്ളൻപന്നി, മലയണ്ണാൻ എന്നിങ്ങനെയുള്ള ജീവികൾ കർഷകരുടെ സ്വപ്നങ്ങളും അധ്വാനവും ഇല്ലാതാക്കി കൃഷിഭൂമികൾ തകർത്തെറിഞ്ഞത് ആ ഗ്രൂപ്പിലൂടെ ലോകം മുഴുനും കണ്ടു.
പിന്നാലെ വന്യജീവികൾക്കുവേണ്ടി പലപ്പോഴും കർഷകരും തൊഴിലാളികളുമൊക്കെ ക്രൂശിക്കപ്പെടുന്ന സ്ഥിതിയിലെത്തിയപ്പോൾ കേരളത്തിലെ കർഷകരും വന്യമൃഗശല്യവും എന്ന കൂട്ടായ്മ കുറേക്കൂടി ശക്തിപ്പെടാൻ തീരുമാനിച്ചു. അങ്ങനെ കഴിഞ്ഞ വർഷം ഓണത്തിന് കേരള ഇൻഡിപ്പെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ(കിഫ) ചാരിറ്റബിൾ സൊസൈറ്റിയായി റജിസ്റ്റർ ചെയ്തു.
കേരളത്തിൽ പരിസ്ഥിതിവാദികൾ ഏറെയുണ്ട്. പരിസ്ഥിതിക്കും വനത്തിനും വേണ്ടി ശക്തമായി പ്രവർത്തിക്കുന്ന പ്രമുഖരെല്ലാം വലിയ വിദ്യാഭ്യാസവും അംഗീകാരവുമൊക്കെ ഉള്ളവരാണ്. തങ്ങളുടെ മേഖലകളിൽ അവർക്ക് നല്ല അറിവുമുണ്ട്. എന്നാൽ, ഇവരോട് സംവാദത്തിന് പോകേണ്ടിവരുന്ന കർഷകനാകട്ടെ സാധാരണക്കാരനാണ്. അതല്ലെങ്കിൽ ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ ഭാഗമായ ആളാണ്. അവനൊരിക്കലും അവരെ ഖണ്ഡിക്കാനുള്ള അക്കാഡമിക് അറിവുകൾ ഇല്ലായെന്നും കിഫ ചെയർമാൻ അലക്സ് ചാണ്ടി ഒഴുകയിൽ പറയും. ശരിയാണ്, പരിസ്ഥിതിവാദികളുടെ വാക്കുകൾ മാത്രമാണ് പൊതുസമൂഹത്തിൽ പ്രചരിച്ചിട്ടുള്ളത്. കർഷകനുവേണ്ടി വാദിച്ചവരുടെ ശബ്ദം ആരും കേട്ടിട്ടില്ല. കാരണം, മലയോര കർഷകനെ കണ്ടാൽ ഭൂമി കയ്യേറ്റക്കാരൻ എന്നേ ആളുകൾ ചിന്തിക്കൂ എന്നതുതന്നെ കാരണം.
അതുകൊണ്ടുതന്നെ കർഷകർക്ക് നിയമ പരിജ്ഞാനം നൽകുന്നതിനായി പ്രത്യേക നിയമ ക്ലാസുകൾ വരെ കിഫ സമൂഹമാധ്യമത്തിലൂടെ നൽകിയിട്ടുണ്ട്.
കർഷകർ വനം കയ്യേറിയിട്ടുണ്ടോ?
ഇവിടെയൊരു മറുചോദ്യം അലക്സ് ചോദിക്കും, മനുഷ്യൻ കാട്ടിൽനിന്ന് ഇറങ്ങിയതോ അതോ കാട്ടിലേക്ക് കയറിയതോ? ആധുനിക മനുഷ്യൻ കൃഷി ചെയ്ത് ജീവിക്കാൻ തുടങ്ങിയപ്പോൾ മനുഷ്യന് ജീവിക്കാൻ നാടും വന്യജീവികൾക്ക് കാടും എന്ന രീതിയിൽ വിഭജിക്കപ്പെട്ടു. കേരളത്തിൽ സർക്കാർ തന്നെ നിർബന്ധിച്ച് കുടിയേറ്റം നടത്തിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കർഷകർ വനം കയ്യേറിയെന്ന് പറയുന്നതിൽ അർഥമില്ല. പിന്നെ കേരളത്തിലെ വന്യജീവികളുടെ എണ്ണത്തിൽ വർധനയുണ്ട്. അതുകൊണ്ടുതന്നെയാണ് കർഷകരുടെ കൃഷിയിടത്തിൽ വന്യജീവിയാക്രമണം പതിവാകുന്നത്.
കേരളം എന്ന കൊച്ചു സംസ്ഥാനത്ത് 3.4 കോടി ജനങ്ങൾ വസിക്കുന്നുണ്ട്. അതിൽ നല്ലൊരു ശതമാനം ആളുകളും കൃഷിയുമായി ബന്ധപ്പെട്ടുള്ള വരുമാനത്തിലാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. എന്നാൽ, പൗരന്റെ ജീവിക്കാനുള്ള അവകാശം വന്യമൃഗങ്ങളും ഉദ്യോഗസ്ഥരും ചേർന്നു ഹനിക്കുമ്പോൾ എന്തു ചെയ്യും?
English summary: History of Kifa