ADVERTISEMENT

ഇനിയൊരു ലോക മഹായുദ്ധമുണ്ടെങ്കില്‍ അത് കുടിവെള്ളത്തിനു വേണ്ടിയായിരിക്കുമെന്ന് പറയാറുണ്ട്. കുടിവെള്ളത്തിന് സ്വര്‍ണത്തേക്കാള്‍ വില വരുന്ന കാലം വരുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക്... കുടിവെള്ള സ്രോതസുകളെല്ലാം ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുന്നു... മഹാനദികള്‍ ഇന്ന് മാലിന്യക്കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും അന്യമായി മാറുന്നു. ലോക ജലദിനത്തില്‍ ഓര്‍മിക്കപ്പെടേണ്ട വസ്തുതകള്‍ ഇവയെല്ലാമാണ്. വായുപോലെ മനുഷ്യന് ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ജലം.

ഭൂമിയുടെ 70 ശതമാനവും നിറഞ്ഞു നില്‍ക്കുന്നത് ജലമാണെങ്കിലും, ഇതില്‍ ബഹുഭൂരിഭാഗവും കടലിലെ ഉപ്പുവെള്ളമാണ്. കടല്‍വെള്ളം ശുദ്ധീകരിച്ച് ശുദ്ധജലമാക്കാമെങ്കിലും വളരെ ചിലവേറിയ പ്രക്രിയയാണ്. ജലത്തിന്റെ കുറച്ചു ഭാഗം ഭൂമിയുടെ ഉത്തര ദക്ഷിണ ധ്രുവങ്ങളില്‍ മഞ്ഞുപാളികളായാണ് കാണപ്പെടുന്നത്. ഇത് മനുഷ്യര്‍ക്ക് എത്തിപ്പെടാനും ഉപയോഗിക്കാനും കഴിയുന്നതിനുമപ്പുറമാണ്. ബാക്കി വളരെ കുറച്ചു മാത്രമാണ് ജീവജാലങ്ങള്‍ക്ക് ഉപയോഗയോഗ്യമായ ശുദ്ധജലം. പ്രകൃതിദത്തമായ ഈ സമ്പത്ത് മനുഷ്യനിര്‍മിതമാകുന്ന കാലം എത്തിയിട്ടില്ലാത്തതിനാല്‍ ജല സംഭരണികളെ സംരക്ഷിക്കുക തന്നെ വേണം.

ലോകത്ത് 10ല്‍ 8 പേര്‍ ജല ദൗര്‍ലഭ്യം അനുഭവിക്കുന്നവരാണ്. കാതങ്ങള്‍ താണ്ടി കുടിവെള്ളം ശേഖരിക്കേണ്ടി വരുന്നവര്‍. അതിനാല്‍, സംരക്ഷിക്കാം, കാത്തുവയ്ക്കാം, ജീവന്റെ ഹേതുവായ ജലത്തെ ഭാവി തലമുറയ്ക്കായി...

ഭാവിതലമുറയെ നാം മറക്കുന്നുവെന്നതാണു സത്യം. ജല സംരക്ഷണത്തില്‍ സുസ്ഥിരവികസനമെന്ന ആശയത്തിന് ഏറെ പ്രാധാന്യമുണ്ട്. വരുംതലമുറയ്ക്ക് അവരുടേതായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് യാതൊരുവിധ തടസ്സങ്ങളുമുണ്ടാക്കാത്ത വിധത്തിലും അതേസമയം പ്രകൃതിക്ക് കോട്ടം തട്ടാതെയും നമ്മുടെ ഇന്നത്തെ ആവശ്യങ്ങളെല്ലാം കൃത്യമായി നിറവേറ്റുന്ന തരത്തിലുള്ളതുമായ വികസനത്തെയാണ് സുസ്ഥിരവികസനം എന്നു നിര്‍വചിക്കുന്നത്. ാമ്പത്തിക, സാമൂഹിക-രാഷ്ട്രീയ, പാരിസ്ഥിതിക മേഖലകളിലെ വികസനമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഇതിലെന്താണ് ജലത്തിന്റെ പങ്ക്? ഒന്നാലോചിച്ചു നോക്കിയാലറിയാം, സുസ്ഥിരവികസനത്തിന്റെ ആണിക്കല്ലാണ് ജലമെന്നത്.

കൂടിപ്പോയാല്‍ 10 വര്‍ഷം

2025 ആകുമ്പോഴേക്ക് ലോകത്തിലെ മുക്കാല്‍പങ്ക് ജനങ്ങളും കനത്ത ജലക്ഷാമം നേരിടേണ്ടി വരുമെന്ന് ഐക്യരാഷ്ട്ര സംഘടന മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. അതിനാല്‍ ജാഗ്രത വേണം.

micro-irrigation

ദാഹജലം - ജീവജലം

കടുത്ത വേനലാണ് കേരളത്തില്‍. നമ്മെ പോലെ തന്നെ വെള്ളം ആവശ്യമുള്ള ജീവികളാണ് പക്ഷികളും പശുക്കളും ആടുകളും പൂച്ചകളും തെരുവ് നായ്ക്കളും... അവര്‍ക്ക് വേണ്ടി ഒരു പാത്രം വെള്ളം റോഡരികിലും, മതിലുകളിലും, വീട്ടുവളപ്പിലെയും, വിദ്യാലയങ്ങളിലെയും മരക്കൊമ്പുകളിലും ദിവസവും വച്ച് കൊടുക്കാന്‍ സാധിക്കുമെങ്കില്‍ നിങ്ങളുടെ അനുകമ്പ മൂലം ഒരു ജീവന്‍ ആയിരിക്കും രക്ഷപ്പെടുക...

ജല സംരക്ഷണത്തിനും മികച്ച വിളവിനും മൈക്രോ ഇറിഗേഷന്‍

ജലത്തേയും ജല സ്രോതസുകളേയും സംരക്ഷിക്കേണ്ടത് ഭൂമിയിലെ ജീവന്റെ നിലനില്‍പ്പിന് അത്യാവശ്യമാണ് കടുത്ത ജലക്ഷാമം ഉണ്ടായാല്‍ മാത്രമേ ജല സംരക്ഷണത്തിന് നാം മുതിരൂ എന്ന് ശഠിക്കരുത്.

ഒരിക്കലും വറ്റാത്തവയല്ല ജല സ്രോതസുകള്‍. കരുതലോടെ സംരക്ഷിച്ചില്ലെങ്കില്‍ ഇവ എല്ലാം കാലക്രമത്തില്‍ നശിച്ചു വിസ്മൃതിയിലാവും. ലോകത്ത് വെള്ളത്തിന്റെ വില അറിയുന്നവര്‍ ഇസ്രായേല്‍ ജനതയേപോലെ മറ്റാരും കാണില്ല. പരിമിതമായ ജലലഭ്യതയില്‍ നിന്നും വമ്പിച്ച കാര്‍ഷിക വിള ഉല്‍പാദനമാണ് ജല സംരക്ഷണത്തിലൂടെ, മൈക്രോ ഇറിഗേഷന്‍ വഴി ഇവര്‍ നടത്തുന്നത്. കൃഷിസ്ഥലത്തിന്റെ 98ശതമാനവും മൈക്രോ ഇറിഗേഷന്‍ അഥവാ കണികാ ജലസേചനം വഴിയാണ്. ഇന്ത്യയിലാകട്ടെ ഇത് കേവലം 4 ശതമാനത്തില്‍ ഒതുങ്ങുന്നു. ഇന്ത്യയില്‍ തന്നെ കേരളമാണ് ഏറ്റവും പിന്നില്‍. ഗുജറാത്ത് ഒന്നാം സ്ഥാനത്തും. കേരളത്തില്‍ മൈക്രോ ഇറിഗേഷന്‍ ഏറ്റവും പ്രചാരത്തിലുള്ളത് പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ പ്രദേശത്താണ്. കര്‍ഷകനും ജലവിഭവ വകുപ്പ് മന്ത്രിയുമായ കെ. കൃഷ്ണന്‍ കുട്ടി തന്റെ കൃഷിയിടം മുഴുവനും ഏകദേശം 20 വര്‍ഷം മുമ്പുതന്നെ ഡ്രിപ്പ് ഇറിഗേഷന്‍ വഴിയുള്ള ജലസേചന മാര്‍ഗ്ഗത്തിലേക്ക് മാറ്റിയിരുന്നു. പിന്നീട് വെള്ളത്തോടൊപ്പം വളവും നല്‍കുന്ന ഡ്രിപ്പ് ഫെര്‍ട്ടിഗേഷന്‍ രീതിയും നടപ്പിലാക്കി.

പൂര്‍ണ്ണമായും ഓട്ടോമാറ്റിക് ആയി ഇലക്ട്രോണിക് ഉപകരണം മുഖേന ചെടികള്‍ക്ക് ആവശ്യമായ അളവില്‍ വെള്ളവും വളവും നല്‍കുന്ന ഓട്ടോമേഷന്‍ സംവിധാനവും ഇവിടെയുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മൈക്രോ ഇറിഗേഷന് വലിയ പ്രാധാന്യം നല്‍കി നിരവധി പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി സാമൂഹ്യ അടിസ്ഥാനത്തിലുള്ള കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതികള്‍ക്ക് വലിയ സാധ്യതകളാണ് കേരളത്തിലുള്ളത്. ഇത്തരത്തിലുള്ള 4 വലിയ പദ്ധതികള്‍ ചിറ്റൂരില്‍ നടപ്പിലാക്കി വരുന്നു. വെളളം സംരക്ഷിക്കുകയും, കര്‍ഷകന്റെ ജോലിഭാരം കുറയ്ക്കുകയും പതിന്മടങ്ങ് വിളവ് വര്‍ധിപ്പിക്കുകയും ചെയ്യുന്ന ഈ നൂതന കാര്‍ഷിക മാതൃക കേരളത്തിലെ എല്ലാ കൃഷിയിടങ്ങളിലും എത്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.

English summary: importance of water conservation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com