ഗുണമേന്മയുള്ള പാല്‍ ഉപഭോക്താവിന്റെ അവകാശം; പക്ഷേ കര്‍ഷകര്‍ക്കും കിട്ടണം പ്രയോജനം
ശുദ്ധമായ പാല്‍ എന്നാല്‍ വൃത്തിയുള്ള ചുറ്റുപാടുകളില്‍ പരിപാലിക്കപ്പെടുന്ന, ആരോഗ്യമുള്ള പശുവില്‍ നിന്ന് ലഭിക്കുന്ന, സൂക്ഷ്മാണുക്കളുടെ എണ്ണം ഏറ്റവും കുറഞ്ഞിരിക്കുന്ന പാല്‍ എന്നാണ് ഏറ്റവും ലളിതമായ നിര്‍വചനം. കേരളത്തിലെ ക്ഷീരവികസന വകുപ്പ്, 2021 വര്‍ഷം പാല്‍ ഗുണമേന്മാവര്‍ഷമായി ആചരിക്കുന്നു. ഗുണമേന്മയുള്ള
ശുദ്ധമായ പാല്‍ എന്നാല്‍ വൃത്തിയുള്ള ചുറ്റുപാടുകളില്‍ പരിപാലിക്കപ്പെടുന്ന, ആരോഗ്യമുള്ള പശുവില്‍ നിന്ന് ലഭിക്കുന്ന, സൂക്ഷ്മാണുക്കളുടെ എണ്ണം ഏറ്റവും കുറഞ്ഞിരിക്കുന്ന പാല്‍ എന്നാണ് ഏറ്റവും ലളിതമായ നിര്‍വചനം. കേരളത്തിലെ ക്ഷീരവികസന വകുപ്പ്, 2021 വര്‍ഷം പാല്‍ ഗുണമേന്മാവര്‍ഷമായി ആചരിക്കുന്നു. ഗുണമേന്മയുള്ള
ശുദ്ധമായ പാല്‍ എന്നാല്‍ വൃത്തിയുള്ള ചുറ്റുപാടുകളില്‍ പരിപാലിക്കപ്പെടുന്ന, ആരോഗ്യമുള്ള പശുവില്‍ നിന്ന് ലഭിക്കുന്ന, സൂക്ഷ്മാണുക്കളുടെ എണ്ണം ഏറ്റവും കുറഞ്ഞിരിക്കുന്ന പാല്‍ എന്നാണ് ഏറ്റവും ലളിതമായ നിര്‍വചനം. കേരളത്തിലെ ക്ഷീരവികസന വകുപ്പ്, 2021 വര്‍ഷം പാല്‍ ഗുണമേന്മാവര്‍ഷമായി ആചരിക്കുന്നു. ഗുണമേന്മയുള്ള
ശുദ്ധമായ പാല്‍ എന്നാല്‍ വൃത്തിയുള്ള ചുറ്റുപാടുകളില്‍ പരിപാലിക്കപ്പെടുന്ന, ആരോഗ്യമുള്ള പശുവില്‍ നിന്ന് ലഭിക്കുന്ന, സൂക്ഷ്മാണുക്കളുടെ എണ്ണം ഏറ്റവും കുറഞ്ഞിരിക്കുന്ന പാല്‍ എന്നാണ് ഏറ്റവും ലളിതമായ നിര്‍വചനം. കേരളത്തിലെ ക്ഷീരവികസന വകുപ്പ്, 2021 വര്‍ഷം പാല്‍ ഗുണമേന്മാവര്‍ഷമായി ആചരിക്കുന്നു. ഗുണമേന്മയുള്ള പാല്‍ ഉപഭോക്താവിന്റെ അവകാശമാണ്. പാല്‍ സംസ്‌കരണം നന്നായി നടക്കാനും പാലിന്റെ സൂക്ഷിപ്പു സമയം കൂട്ടാനും ശുദ്ധമായ പാല്‍ വേണം. സൂക്ഷ്മാണുക്കള്‍ അധികമുള്ള പാല്‍ പെട്ടെന്നു കേടാകുന്നത് വിപണനത്തെയും സംസ്‌കരണത്തെയും ബാധിക്കുന്നു. ഗുണമുള്ള പാലിനു മാത്രമേ വിപണിയില്‍ ആവശ്യമേറുകയുള്ളൂ. ആരോഗ്യമുള്ള പശുവിന്റെ അകിടിലെ പാലുല്‍പാദക കോശങ്ങളില്‍ നിശ്ചിത രാസഘടനയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന പാല്‍ ആ സമയത്ത് നൂറുശതമാനം അണുവിമുക്തമായിരിക്കും. എന്നാല്‍, പിന്നീട് അകിടിലെ ചെറുതും വലുതുമായ നാളികളിലൂടെ കടന്നു പോകുമ്പോള്‍ സൂക്ഷ്മാണുക്കള്‍ പാലില്‍ കടന്നു കൂടുന്നു. പാല്‍ കറന്നെടുക്കുമ്പോഴും സംഭരണത്തിന്റെയും സംസ്‌കരണത്തിന്റെയും വിപണനത്തിന്റെയും വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോഴും സൂക്ഷ്മാണുക്കള്‍ കൂടിക്കൊണ്ടിരിക്കാന്‍ സാധ്യതയുണ്ട്.
അതിനാല്‍ പാലിലെ സൂക്ഷ്മാണുക്കളുടെ അളവ് ഏറ്റവും കുറഞ്ഞ അളവില്‍ നിര്‍ത്തേണ്ടത് പാല്‍ സംസ്‌കരണ വിപണനമേഖലയിലെ സുപ്രധാനമായ വിഷയമാണ്. ഇപ്പോള്‍ പാലിന്റെ വില നിര്‍ണയിക്കാന്‍ പിന്‍തുടരുന്ന രീതിയില്‍ പാലിലെ കൊഴുപ്പിന്റെയും കൊഴുപ്പിതര ഖരപദാര്‍ഥങ്ങളുടെയും അളവ് മാത്രമാണ് പരിഗണിക്കപ്പെടുന്നത്. സൂക്ഷ്മാണുക്കള്‍ കുറവുള്ള പാല്‍ ഉല്‍പാദിപ്പിക്കാന്‍ കഠിനപ്രയത്‌നം ചെയ്യുന്ന ഒരു കര്‍ഷകന് അധിക വിലയൊന്നും ലഭിക്കുന്ന രീതി ഇപ്പോള്‍ നിലവിലില്ല. ഭാവിയില്‍ വന്നു കൂടായ്കയില്ല എന്നു മാത്രം. പാലിന്റെ വിലയിലോ വിപണനത്തിലോ മെച്ചം കിട്ടാതെ ശുചിയായ പാല്‍ ഉല്‍പാദിപ്പിക്കാന്‍ കര്‍ഷകരെ എത്രമാത്രം ബോധവല്‍കരിക്കാന്‍ പറ്റുമെന്ന ചോദ്യം ഉയരുന്നുണ്ട്. എങ്കിലും നമുക്ക് ഉപജീവനം തരുന്ന ക്ഷീരമേഖലയുടെ നിലനില്‍പിന് ഗുണമേന്മാമുദ്രണം പ്രധാനമായതിനാല്‍ അക്കാര്യത്തില്‍ വീഴ്ച വരുത്താനും നമുക്ക് കഴിയില്ല. ഭാവിയില്‍ പാലിലെ സൂക്ഷ്മാണുക്കളുടെ അളവു കൂടി വില നിര്‍ണ്ണയത്തില്‍ സ്ഥാനം പിടിക്കുമെന്ന് പ്രതീക്ഷിക്കാം. പാലിന്റെ ഗുണമേന്മയില്‍ അതിലെ സൂക്ഷ്മാണുക്കളുടെ അളവും (microbiological quality), രാസഘടനയും (chemical quality) പ്രധാനമാണ്.
പാലിലെ സൂക്ഷ്മാണുക്കളുടെ അളവ് കുറയ്ക്കാം
അകിടിലെ സവിശേഷമായ ആല്‍വിയോളാര്‍ കോശങ്ങളില്‍, രക്തത്തില്‍നിന്ന് അസംസ്‌കൃത വസ്തുക്കള്‍ സ്വീകരിച്ചാണ് പാല്‍ ഉല്‍പാദനം നടക്കുന്നത്. അവിടെനിന്ന് ഉപഭോക്താവിന്റെ ഗ്ലാസില്‍ എത്തുന്നതു വരെയുള്ള ഓരോ ഘട്ടത്തിലും പുലര്‍ത്തുന്ന ശ്രദ്ധയാണ് പാലിലെ സൂക്ഷ്മാണുക്കളുടെ എണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നത്. കര്‍ഷകന്‍ മുതല്‍ ഉപഭോക്താവ് വരെ ഇതില്‍ പങ്കാളിയായാലേ അത് വിജയമാകുകയുള്ളൂ.
കര്‍ഷകര്‍ക്ക് ചെയ്യാവുന്നത്
പാലിലെ സൂക്ഷ്മാണുക്കളെ പൂര്‍ണമായി ഒഴിവാക്കാനാവില്ല, എന്നാല്‍ നിയന്ത്രിക്കാം. ശുചിയായ പാല്‍ ഉല്‍പാദിപ്പിക്കാന്‍ കര്‍ഷകര്‍ അനുവര്‍ത്തിക്കണമെന്ന് ക്ഷീരവികസന വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നു.
- പാല്‍പ്പാത്രങ്ങള്‍, കറവക്കാരന്‍ അല്ലെങ്കില്‍ യന്ത്രം, കറവയുടെ രീതി, തൊഴുത്ത്, പശുവിന്റെ ആരോഗ്യവും ശുചിത്വവും, പാല്‍ വിതരണത്തിന് അല്ലെങ്കില്‍ സംസ്‌കരണത്തിന് വരുന്ന കാലതാമസം എന്നിവയാണ് ശുദ്ധമായ പാല്‍ ഉല്‍പാദനത്തില്‍ ശ്രദ്ധിക്കേണ്ട ഘടകങ്ങള്‍.
- പാല്‍പ്പാത്രങ്ങള്‍ സ്റ്റീലോ, അലുമിനിയമോ കൊണ്ട് ഉണ്ടാക്കിയതാവുന്നതാണ് ഉചിതം. പാല്‍പ്പാത്രങ്ങള്‍ വായ്വട്ടം കുറവുള്ളതും ഒടിവുകളോ, ചുളിവുകളോ ഇല്ലാത്തതും അടിഭാഗം ഉരുണ്ടതുമായിരിക്കണം. ഉപയോഗത്തിന് മുന്‍പും, ശേഷവും ചൂടുവെള്ളം ഉപയോഗിച്ച് പാത്രങ്ങള്‍ വൃത്തിയാക്കണം. വെയിലത്ത് വെച്ച് ഉണക്കുന്നതും നല്ലതാണ്.
- പാല്‍പ്പാത്രം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
- കറവക്കാരന് വൃത്തിയും വെടിപ്പും ഉണ്ടായിരിക്കണം.
- വിരല്‍ പാലില്‍ മുക്കി നനച്ച് കറക്കുവാന്‍ പാടില്ല. കറവ നടത്തുന്നയാള്‍ക്ക്സാംക്രമിക രോഗങ്ങള്‍ ഉണ്ടാവരുത്.
- കറവയുടെ സമയത്ത് മുറുക്കുക, ചുമയ്ക്കുക, സംസാരിച്ചുകൊണ്ടിരിക്കുക, തുപ്പുക മുതലായ ദുശ്ശീലങ്ങള്‍ ഒഴിവാക്കേണ്ടത് അനിവാര്യം.ഒരു പശുവില്‍നിന്ന് മറ്റൊരു പശുവിലേക്ക് കറവക്കാരന്‍/കറവയന്ത്രം വഴി രോഗങ്ങള്‍ പകരാന്‍ സാധ്യതയുള്ളതുകൊണ്ട് കറവയ്ക്കുമുമ്പും ശേഷവും കൈകള്‍ ചൂടുവെള്ളവും, സോപ്പും ഉപയോഗിച്ച് വൃത്തിയാക്കുകയും, വൃത്തിയുള്ള ഉണങ്ങിയ തുണികൊണ്ട് കൈകള്‍ തുടയ്ക്കുകയും വേണം. കറവ യന്ത്രങ്ങള്‍ നിര്‍മാതാക്കളുടെ ശുപാര്‍ശകളനുസരിച്ച് വൃത്തിയായും കൃത്യമായും ഉപയോഗിക്കണം.
- പാല്‍ കറന്നെടുക്കുമ്പോള്‍ പശുവിന്റെ അകിടില്‍നിന്ന് മാലിന്യങ്ങള്‍ പാലില്‍ കടന്നുകൂടുവാന്‍ സാധ്യതയുള്ളതുകൊണ്ട് കറവയ്ക്കു മുമ്പ് അകിട് നന്നായി കഴുകുകയും, വൃത്തിയുള്ള ഉണങ്ങിയ തുണികൊണ്ട് തുടയ്ക്കുകയും വേണം
- പശുവിന്റെ മുലക്കാമ്പുകളിലെ നേര്‍ത്ത നാളികളില്‍ രോഗാണുക്കളും മാലിന്യങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ട് ആദ്യത്തെ ഏതാനും തുള്ളി പാല്‍ വേറെ പാത്രത്തിലേക്ക് കറന്നു കളയേണ്ടതാണ്.
- തൊഴുത്ത് വൃത്തിയുള്ളതും നന്നായി വായുവും വെളിച്ചവും കടക്കുന്നതും ആയിരിക്കണം.
- കറവയ്ക്ക് മുമ്പ് തൊഴുത്തിലെ ചാണകവും, മൂത്രവും നീക്കം ചെയ്ത് തൊഴുത്തും, കറവസ്ഥലവും വൃത്തിയായിരിക്കണം.
- ചാണകക്കുഴി കഴിയുന്നതും തൊഴുത്തില്‍നിന്ന് അകലത്തില്‍ ആയിരിക്കണം.
- പശു ആരോഗ്യവതിയായിരിക്കണം.
- കറവയ്ക്ക് മുമ്പ് പശുവിനെ കുളിപ്പിക്കുകയോ അല്ലെങ്കില്‍ അതിന്റെ ശരീരം മുഴുവന്‍ ബ്രഷ്‌കൊണ്ട് തുടച്ച് വൃത്തിയാക്കുകയോ ചെയ്യണം.
- പശുവിന്റെ അകിട് പൊട്ടാസ്യം പെര്‍മാംഗനേറ്റിന്റെ നേര്‍പ്പിച്ച ലായനികൊണ്ട് കഴുകുന്നത് അകിടിലെ രോഗാണുബാധ ഒഴിവാക്കാന്‍ സഹായിക്കുന്നു.
- കറവയുടെ സമയത്ത് പൊടിയോ, മണമോ ഉള്ള ആഹാരപദാര്‍ഥങ്ങള്‍ നല്‍കരുത്. പശുക്കള്‍ക്ക് വാലിട്ടടിക്കുക പോലുള്ള ദുശ്ശീലങ്ങള്‍ ഉണ്ടെങ്കില്‍ നിയന്ത്രിക്കണം.
- കറന്നെടുത്ത പാല്‍ തണുത്ത അന്തരീക്ഷത്തില്‍ സൂക്ഷിച്ച് എത്രയും വേഗം സംഭരണ കേന്ദ്രത്തില്‍ എത്തിക്കുക. ഇതിനായി പ്ലാസ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.
- ഒരു കാരണവശാലും പാല്‍ നിറച്ച പാത്രങ്ങള്‍ വെയില്‍ കൊള്ളാന്‍ അനുവദിക്കരുത്.
ഗുണമേന്മ കൂട്ടാന്‍ സംസ്‌കരണം
സൂക്ഷ്മാണുക്കള്‍ പ്രവേശിച്ച് വളര്‍ന്ന് പെരുകുമ്പോഴാണ് പാല്‍ കേടാകുന്നത്. അണുക്കളുടെ പ്രവര്‍ത്തനത്താല്‍ പാലിലെ പഞ്ചസാരയായ ലാക്റ്റോസ് ലാക്ടിക്ക് അമ്ലമായി മാറുന്നതോടുകൂടി പാല്‍ പുളിക്കുന്നു. അമ്ലത്വം അധികമുള്ള പാല്‍ തിളപ്പിച്ചാല്‍ പിരിഞ്ഞ് കട്ടയും വെള്ളവുമായി വേര്‍തിരിയുന്നു.
നല്ല പോഷകഘടകങ്ങളും ദ്രവാവസ്ഥയും അണുക്കള്‍ക്ക് വളരുവാന്‍ ഉത്തമമായതുകൊണ്ട് അനേകം അണുക്കള്‍ പാലില്‍ വളരുവാനും പാലിനെ അതിവേഗം കേടാക്കുവാനും ഇടയാക്കുന്നു. ബാക്ടീരിയ, പൂപ്പല്‍, യീസ്റ്റ്, പ്രോട്ടോസോവ, വൈറസ് തുടങ്ങിയ സൂക്ഷ്മാണുക്കള്‍ പാലില്‍ കടന്നുകൂടാം.
അണുക്കള്‍ പാലിലൂടെ മനുഷ്യനില്‍ ക്ഷയം, കോളറ, ഡിഫ്ത്തീരിയ, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങളുണ്ടാക്കാം. പാല്‍ സംസ്‌കരിക്കുകയും ചൂടാകുകയുമൊക്കെ ചെയ്യുമ്പോള്‍ രോഗാണുക്കള്‍ നശിക്കുന്നു. പാല്‍ ഉല്‍പ്പാദിപ്പിക്കുന്നതിലും, ശേഖരിക്കുന്നതിലും വരുന്ന കുറവുകളാണ് പാലില്‍ അണുക്കള്‍ പ്രവേശിക്കാനും വളരുവാനും ഇടയാക്കുന്നത്. പാലിന്റെ എളുപ്പം കേടുവരുന്ന സ്വഭാവം അതിനെ വേഗം സംസ്‌കരിക്കുന്നതിന് നിര്‍ബന്ധിതമാക്കുന്നു.
പാലില്‍ അണുക്കള്‍ക്ക് ഏറ്റവും കൂടുതല്‍ വളരുവാന്‍ പറ്റിയ സാഹചര്യം 20 ഡിഗ്രി മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. പാല്‍ ശീതീകരിക്കുന്നതിന്റെ അടിസ്ഥാന തത്വം പാലിലെ അണുക്കളെ പെരുകുന്നതില്‍നിന്നും തടഞ്ഞു നിര്‍ത്തുക എന്നതാണ്. താപനില 10 ഡിഗ്രിക്ക് താഴെയാക്കുന്നത് ബാക്ടീരിയ പെരുകുനതിനെ തടയുന്നു. പാല്‍ ശീതീകരണകേന്ദ്രങ്ങളില്‍ പാല്‍ 5 ഡിഗ്രി വരെ തണുപ്പിക്കുന്ന രീതിയാണുള്ളത്. രാവിലെ കറന്നെടുക്കുന്ന പാല്‍ ഏകദേശം 5 മണിക്കൂര്‍ വരെ മാത്രമേ കേടുകൂടാതിരിക്കുകയുള്ളൂ. അതിനാല്‍ കറവ കഴിഞ്ഞ് എത്രയും പെട്ടെന്ന് സംഭരണ കേന്ദ്രത്തില്‍ പാല്‍ എത്തിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഡെയറികളില്‍നിന്നും അകലെ സ്ഥിതി ചെയ്യുന്ന ക്ഷീരസംഘങ്ങളില്‍ സംഭരിക്കുന്ന പാല്‍ ചില്ലിംഗ് പ്ലാന്റികളില്‍ സൂക്ഷ്മാണുക്കളുടെ വളര്‍ച്ചയെ തടയുന്നതിന് കഴിയുന്നു.
പാല്‍ 72 ഡിഗ്രി വരെ ചൂടാക്കി അതേ ചൂടില്‍ 15 സെക്കന്റ് നേരം വെച്ചതിനു ശേഷം 5 ഡിഗ്രി വരെ പെട്ടെന്ന് തണുപ്പിക്കുന്ന പ്രക്രിയയെ പാസ്ചുരീകരണം എന്നു പറയുന്നു. ചൂടാക്കുന്നതുമൂലം രോഗാണുക്കള്‍ സിംഹഭാഗവും നശിക്കുന്നു. പാല്‍ തണുപ്പിക്കുന്നതിനാല്‍ ചൂടില്‍ നശിക്കാത്ത അണുക്കളുണ്ടെങ്കില്‍ അവയുടെ വളര്‍ച്ച തടയുന്നു. പാസ്ചുറൈസേഷന്‍ മൂലം പാലിലെ 85% മുതല്‍ 99% വരെ അണുക്കള്‍ നശിക്കുന്നു.
പാസ്ചുറൈസ് ചെയ്യുന്നതുമൂലം പാലിന്റെ പോഷകഗുണങ്ങള്‍ കാര്യമായി നഷ്ടപ്പെടുന്നില്ല. പാസ്ചുറൈസ് ചെയ്ത പാല്‍ തണുപ്പിച്ച് 4-5 ദിവസംവരെ കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്. എന്നാല്‍ അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിച്ചാല്‍ അതില്‍ ബാക്കിയുള്ള അണുക്കള്‍ പെരുകി പാല്‍ നേരത്തെ കേടായിപ്പോകുന്നു.
പാലിന്റെ രാസഘടനയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍
ജലം, കൊഴുപ്പ് (Fat), ലാക്ടോസ്, പ്രോട്ടീന്‍, മിനറല്‍സ്, വിറ്റമിന്‍സ് എന്നിവയാണ് പാലിലെ രാസഘടകങ്ങള്‍. മൊത്തം ഖരപദാര്‍ഥങ്ങളില്‍ കൊഴുപ്പിനെ മാറ്റി നിര്‍ത്തിയാല്‍ കിട്ടുന്ന ഭാഗം SNF എന്ന് വിളിക്കപ്പെടുന്നു.
ജനുസ്സ്, പ്രായം, കറവയുടെ ഘട്ടം, തീറ്റയുടെ വ്യത്യാസം കറവകള്‍ തമ്മിലുള്ള ഇടവേള, കറവരീതി, രോഗങ്ങള്‍, ആദ്യത്തേയും അവസാനത്തേയും പാല്‍, കാലാവസ്ഥ തുടങ്ങി നിരവധി ഘടകങ്ങള്‍ പാലിന്റെ ഘടനയെ സ്വാധീനിക്കുന്നു.
ചില ജനുസ്സുകളില്‍ കൊഴുപ്പിന്റെ അളവില്‍ വ്യത്യാസമുണ്ടാകും. പ്രസവശേഷം ആദ്യത്തെ രണ്ടുമാസം പരമാവധി പാല്‍ ചുരത്തുന്ന അവസരത്തില്‍ ഗുണനിലവാരം പ്രത്യേകിച്ച് കൊഴുപ്പിന്റെ അളവ് കുറഞ്ഞിരിക്കുകയും പിന്നീടുള്ള കാലത്ത് വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യും. കറവകള്‍ തമ്മിലുള്ള ഇടവേളകള്‍ വര്‍ധിക്കുമ്പോള്‍ കൊഴുപ്പ് കുറഞ്ഞുവരികയും ദൈര്‍ഘ്യം കുറയുമ്പോള്‍ കൊഴുപ്പ് കൂടുകയും ചെയ്യുന്നു. എന്നാല്‍ ആദ്യം കറന്നെടുക്കുന്ന പാലില്‍ കൊഴുപ്പ് ഏറ്റവും കുറഞ്ഞിരിക്കുകയും കറക്കുംതോറും അത് കൂടിക്കൂടി വന്ന് അവസാനത്തെ തുള്ളിയില്‍ ഏറ്റവും കൂടുതല്‍ കൊഴുപ്പ് രേഖപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട് മുഴുവനായും കറന്നെടുത്ത പാലായിരിക്കണം കര്‍ഷകര്‍ സംഘങ്ങള്‍ക്ക് നല്‍കേണ്ടത്.
വേനല്‍ക്കാലത്ത് കൊഴുപ്പ് കുറയുന്നു. ചൂടിനെ തരണം ചെയ്യുന്നതിന് കൊഴുപ്പ് ഉപയോഗിക്കുന്നതുകൊണ്ടും പച്ചപ്പുല്ലിന്റെ ലഭ്യത കുറവുമാകാം കാരണം. പാലില്‍ കൊഴുപ്പും മറ്റു ഘടകങ്ങളും കുറയുന്നത് ജനുസ്സു പോലെയുള്ള കാരണം കൊണ്ടാണെങ്കില്‍ രക്ഷയില്ല. മറ്റു കാരണങ്ങളാല്‍ കൊഴുപ്പ് കുറഞ്ഞാല്‍ സമീകൃതാഹാരം, പരിചരണം എന്നിവ വഴി മെച്ചപ്പെടുത്താം.
ക്ഷീരകര്‍ഷകര്‍ക്ക് പാല്‍ വില നല്‍കുന്നത് പാലിലുള്ള കൊഴുപ്പിന്റെയും, കൊഴുപ്പിതര ഖരപദാര്‍ഥങ്ങളുടേയും അടിസ്ഥാനത്തിലാണ്. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം നിശ്ചിത ഗുണനിലവാരമുള്ള പാല്‍ മാത്രമേ വിതരണം ചെയ്യാന്‍ പാടുള്ളൂ. പശുവിന്‍ പാലിന് 3.2 ശതമാനം കൊഴുപ്പും 8.3 ശതമാനം കൊഴുപ്പിതര ഖരപദാര്‍ഥങ്ങളും ആവശ്യമാണ്. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം അനുസരിച്ച് ഏറ്റവും നല്ല പാല്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ കര്‍ഷകര്‍ക്കും ഉത്തരവാദിത്വമുണ്ട്.
കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയേറിയ പാല്‍ ലഭിക്കുന്നതിനും ഇതാവശ്യവുമാണ്. പാലിലെ സൂക്ഷ്മാണുക്കള്‍ കുറച്ചു കൊണ്ടുവരുന്ന കര്‍ഷകര്‍ക്ക് അവരര്‍ഹിക്കുന്ന അധ്വാന മൂല്യം പാല്‍ വിലയില്‍ നല്‍കിയാലേ ഈ ഉദ്യമം പൂര്‍ണമായി വിജയകരമാക്കാന്‍ സാധിക്കുകയുള്ളൂ.