ഒരു ടാങ്കിൽനിന്ന് വരുമാനം 54,000 രൂപ; ആശങ്കയില്ലാതെ വളർത്താം വനാമി
Mail This Article
സമീപകാലത്ത് കേരളത്തിൽ പ്രചാരം നേടിയ ബയോഫ്ലോക് മത്സ്യക്കൃഷിരീതി സംബന്ധിച്ച് ഒട്ടേറെ ആശങ്കകള്‍ ഉയരുന്നുണ്ട്. രണ്ടു തലങ്ങളിലാണിത്. ആദ്യത്തേത് സാങ്കേതികവിദ്യയുടെ സങ്കീർണതയും വിജയസാധ്യതയും. രണ്ടാമത്തേത്, കൃഷിച്ചെലവുമായി തട്ടിച്ചു നോക്കുമ്പോഴുള്ള ലാഭസാധ്യതയും. രണ്ട് ആശങ്കകളും മറികടക്കാവുന്നതേയുള്ളൂ എന്നു പറയുന്നു ബയോഫ്ലോക് രംഗത്തെ വിദഗ്ധനും എംപിഡിഇഎ (സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി) മുൻ ജോയിന്റ് ഡയറക്ടറുമായ എം. ഷാജി. ബയോഫ്ലോക് രീതിയിൽ വനാമി ചെമ്മീൻ കൃഷിചെയ്യുന്ന മലപ്പുറം വളാഞ്ചേരി വെണ്ടല്ലൂരിലെ മുഹമ്മദ് സലീമും ആലുവ മുപ്പത്തടം സ്വദേശി ഹാഫിസ് അബൂബക്കറും ഇതേ അഭിപ്രായം പങ്കുവയ്ക്കുന്നു.
കുറഞ്ഞ സ്ഥലത്തുനിന്ന് ചുരുങ്ങിയ കാലയളവിൽ ഉയർന്ന ഉൽപാദനം നേടാൻ സഹായിക്കുന്ന അതിസാന്ദ്രതാ മത്സ്യക്കൃഷിയാണല്ലോ ബയോഫ്ലോക്. മത്സ്യം വളർത്തുമ്പോൾ ടാങ്കിൽ അടിയുന്ന വിസർജ്യങ്ങൾ, തീറ്റയവശിഷ്ടങ്ങൾ എന്നിവ ബാക്ടീരിയകളുടെ സഹായത്തോടെ അതേ മത്സ്യങ്ങൾക്കുള്ള പ്രോട്ടീൻ തീറ്റയാക്കി മാറ്റുന്നു ഈ സാങ്കേതികവിദ്യയിൽ. അതുവഴി തീറ്റച്ചെലവ് 30 ശതമാനം വരെ കുറയുന്നു, വെള്ളം ശുദ്ധമായി നിലനില്‍ക്കുന്നതിനാല്‍ മത്സ്യവളർച്ച സുഗമമാകുന്നു.
വെള്ളം എയറേറ്ററിന്റെ സഹായത്തോടെ ഇളക്കിക്കൊണ്ടിരിക്കുകയല്ലാതെ അക്വാപോണിക്സിലേതുപോലെ പുനഃചംക്രമണം ചെയ്യേണ്ടി വരുകയോ മാറ്റുകയോ ഇടയ്ക്ക് കൂടുതലായി നൽകുകയോ ഒന്നും വേണ്ടിവരുന്നില്ല ബയോഫ്ലോക്കിൽ. അതുകൊണ്ടുതന്നെ ജലവിനിയോഗം കുറവുമാണ്. ബാക്ടീരിയകളും സസ്യ,ജന്തുപ്ലവകങ്ങളുമെല്ലാം ചേരുന്ന ‘ഫ്ലോക്കി’നെ ടാങ്കിൽ നിലനിർത്താന്‍ സാങ്കേതിക സാഹചര്യമൊരുക്കുക എന്നതാണ് ഈ കൃഷിയിലെ വെല്ലുവിളി. അതിനാല്‍ 100 ശതമാനം കൃത്യത (precision) ആവശ്യം. ലോകമെങ്ങും സ്വീകരിക്കപ്പെടുന്ന ഈ സാങ്കേതികവിദ്യ പരാജയമെന്നു തള്ളുന്നതിനു പകരം നന്നായി പഠിച്ചു ചെയ്യുകയാണു വേണ്ടതെന്ന് ഷാജി.
ലാഭം ചോരുമോ
കൃഷിച്ചെലവുമായി തട്ടിച്ചു നോക്കുമ്പോഴുള്ള ലാഭമാണ് രണ്ടാം ഘട്ടം. അത് മത്സ്യക്കൃഷിയില്‍ മാത്രമല്ല, പൊതുവെ കർഷകർ നേരിടുന്ന പ്രതിസന്ധിയാണ്. വിപണി കൃത്യമായി പഠിച്ചും വിനിയോഗിച്ചും വിപണിയിലെ മാറ്റങ്ങൾക്ക് അനുസൃതമായി ഉൽപന്നങ്ങളിൽ പരീക്ഷണങ്ങൾ നടത്തിയും മാത്രമെ ലാഭം നേടാനാവൂ. നമുക്ക് വിളയിക്കാൻ താൽപര്യമുള്ളതും നമുക്കു വിൽക്കാനുള്ളതുമായ ഉൽപന്നമാവില്ല ഉപഭോക്താക്കൾക്കു താൽപര്യമുള്ളത്. ഉപഭോക്താവിന്റെ താൽപര്യം അനുസരിച്ച് ഉൽപന്നം തയാറാക്കുന്നവര്‍ക്കേ വിപണിയിൽ നിലനിൽക്കാനാവൂ.
ബയോഫ്ലോക്കിൽ തിലാപ്പിയ (ഗിഫ്റ്റ് ഇനം) ചെയ്ത പലരും ഇന്നു നഷ്ടം നേരിടുന്നുണ്ട്. തിലാപ്പിയയുടെ വിലയിടിഞ്ഞതാണ് പ്രധാന കാരണം. ബയോഫ്ലോക് കൃഷിക്കിടെ ചെറിയ സാങ്കേതിക പോരായ്മകൾ നേരിട്ടാലും തിലാപ്പിയ അതിജീവിക്കും. അതിനാല്‍ തിലാപ്പിയ ഉൽപാദനം വലിയ കടമ്പയല്ല. മിക്കവരും ഈയിനം തിരഞ്ഞെടുക്കുന്നതും അതുകൊണ്ടാണ്. എന്നാൽ കിലോയ്ക്ക് 250 രൂപയ്ക്കു ഗിഫ്റ്റ് വിറ്റിരുന്ന പലർക്കുമിന്ന് നേരിട്ടുള്ള വിൽപനയിൽ 200 രൂപയ്ക്കും മൊത്തക്കച്ചവടത്തില്‍ അതിൽനിന്ന് ഏറെ താഴ്ത്തിയും വിൽക്കേണ്ടിവരുന്നുണ്ട്. കൃത്രിമത്തീറ്റ നൽകി വളർത്തുന്ന തിലാപ്പിയ വില കുറച്ചു നൽകിയാൽ മുതലാവില്ല എന്നതു വാസ്തവം തന്നെ. എന്നാൽ അതിനർഥം ബയോഫ്ലോക് കൃഷി നഷ്ടമാണെന്നല്ല മറിച്ച്, കൃഷി ചെയ്ത ഇനം ലാഭകരമല്ല എന്നാണ്. എന്നാല്‍ ഒട്ടേറെ കർഷകർ ചെറിയ ബയോഫ്ലോക് യൂണിറ്റുകളിൽ വനാമി ചെമ്മീൻ കൃഷി ചെയ്തു നേട്ടമുണ്ടാക്കുന്നുണ്ടെന്ന് എം. ഷാജി പറയുന്നു.
വീട്ടുവളപ്പിൽ വനാമി
എക്സോട്ടിക് ചെമ്മീൻ ഇനമാണ് വനാമി. എക്കാലത്തും വിലയും മൂല്യവുമുള്ള ഉൽപന്നം. കയറ്റുമതി ചെയ്യാവുന്ന ഉൽപന്നമെന്ന മേന്മയും ചെമ്മീനുണ്ട്. ഉപ്പുവെള്ളത്തിലാണല്ലോ ചെമ്മീൻ വളർത്തൽ സാധിക്കുക. വീട്ടുവളപ്പിൽ സജ്ജീകരിച്ച ടാങ്കിൽ നിറയ്ക്കുന്ന ശുദ്ധജലത്തിനെ ധാതുലവണങ്ങൾ ചേർത്ത് ഉപ്പുവെള്ളമാക്കി മാറ്റിയാണ് വളാഞ്ചേരി വെണ്ടല്ലൂരിലുള്ള മുഹമ്മദ് സലീമും ആലുവ മുപ്പത്തടം സ്വദേശി ഹാഫിസും വനാമി വളർത്തുന്നത്.
ആറു മീറ്റർ വ്യാസമുള്ള ടാങ്കിൽ 30,000 ലീറ്റർ വെള്ളം നിറയ്ക്കാം. വെള്ളത്തിന്റെ അളവിന്റെ നേർ പകുതിയാണ് ചെമ്മീൻകുഞ്ഞുങ്ങളുടെ എണ്ണം. അതായത്, 15,000. പുതുച്ചേരിയിലുള്ള അംഗീകൃത ഹാച്ചറിയിൽനിന്നാണ് വനാമിക്കുഞ്ഞുങ്ങളെ കൊണ്ടുവരുന്നത്. നാട്ടിലെത്തുമ്പോൾ ഒന്നിന് 50 പൈസയോളം വിലയെത്തും. പല ‘കൗണ്ട്’ ആയാണ് വനാമി വിളവെടുപ്പ്. 2 മാസം എത്തുമ്പോൾ ചെമ്മീൻ 100 കൗണ്ട് എത്തും. അതായത്, 100 ചെമ്മീൻ ചേരുമ്പോൾ ഒരു കിലോ. 100 കൗണ്ടിൽ ഒറ്റത്തവണ വിളവെടുപ്പു നടത്താം. ഈ ഘട്ടത്തിൽ ഒരു ചെമ്മീൻ ശരാശരി 10 ഗ്രാം തൂക്കമെത്തിയിരിക്കും. 15,000 ചെമ്മീനിൽനിന്ന് 150 കിലോ കൂട്ടാമെങ്കിലും 135 കിലോ കണക്കിട്ടാൽ മതിയാകുമെന്ന് ഷാജി.
നിലവിൽ 100 കൗണ്ട് എത്തുന്ന ഒരു കിലോ ചെമ്മീൻ കിലോ 400 രൂപയ്ക്ക് ചില്ലറ വിൽപന നടത്തുകയാണ് കർഷകർ ചെയ്യുന്നത്. അതായത് ഒരു ബാച്ചിലെ 135 കിലോയിൽനിന്ന് ശരാശരി 54,000 രൂപ വരുമാനം. ബയോഫ്ലോക് ടാങ്കിൽ ഒരു കിലോ വനാമി ചെമ്മീൻ ഉൽപാദിപ്പിക്കാൻ 200 രൂപയ്ക്കു താഴെ ചെലവു വരുന്നുണ്ടെന്ന് ഹാഫിസ്. ആരംഭത്തിലുള്ള ടാങ്ക് നിർമാണത്തിന്റെ ചെലവ് ഉൾപ്പെടുത്താതെ ഒരു ബാച്ചിന്റെ ഉൽപാദനച്ചെലവാണ് മേൽപ്പറഞ്ഞ തുക. 6 മീറ്റർ വ്യാസമുള്ള ടാങ്ക്, ശുദ്ധജലം ഉപ്പുവെള്ളമാക്കാനുള്ള ധാതുലവണങ്ങൾ, വെള്ളത്തിലെ അമോണിയ ക്രമീകരിക്കാനുള്ള പഞ്ചസാര, വെള്ളത്തിന്റെ ഗുണനിലവാരം നിലനിർത്താനുള്ള പ്രോബയോട്ടിക്കുകൾ, മോട്ടോറുകൾ, വൈദ്യുതി ചാർജ്, ചെമ്മീൻവിത്ത്, തീറ്റച്ചെലവ് എന്നിവ ഉൾപ്പെടെ ആദ്യ കൃഷിക്കു ചെലവ് ഏതാണ്ട് രണ്ടര ലക്ഷം രൂപ. 6 മീറ്റർ വ്യാസമുള്ള ടാങ്കിൽ തുടർകൃഷിക്ക് ഓരോ ബാച്ചിനും 30,000 രൂപ ചെലവു വരും. ജാഗ്രതയോടെയുള്ള കൃഷിയെങ്കിൽ ഏതാനും ബാച്ചുകൾ വിളവെടുക്കുമ്പോഴേക്കും മുടക്കുമുതൽ തിരിച്ചു പിടിച്ച് ലാഭത്തിലെത്താവുന്ന ഇനമാണ് വനാമിയെന്ന് സലീമും ഹാഫിസും പറയുന്നു.
ഒരു നഴ്സറി ടാങ്ക് കൂടി സജ്ജമാക്കുകയാണെങ്കിൽ ഓരോ 2 മാസം കൂടുമ്പോഴും ഇടവേളകളില്ലാതെ കൃഷി ചെയ്ത് വർഷം 6 ബാച്ച് വിളവെടുക്കാം. 60 ദിവസത്തിൽ 100 കൗണ്ട് എത്തുമ്പോൾ ഒരു പങ്ക് വിളവെടുത്ത് ബാക്കിയുള്ളവ 90 ദിവസം നിലനിർത്തി 40 കൗണ്ട് (40 ചെമ്മീൻ ഒരു കിലോ) വളർച്ച എത്തിച്ച് കിലോ 500–550 രൂപ വിലയിട്ടു വിൽക്കുന്ന രീതിയുമുണ്ട്. എന്നാൽ ഒരു ടാങ്ക് മാത്രമുള്ളവർക്ക് 60 ദിവസത്തെ വിളവെടുപ്പുതന്നെയാണ് കൂടുതൽ നേട്ടമെന്നും ഹാഫിസ്.
ചെമ്മീനുള്ള ഡിമാൻഡും ഉയർന്ന വിലയും തന്നെയാണ് ബയോഫ്ലോക് ചെമ്മീൻകൃഷിയുടെ ആകർഷണമെന്നു സലീം. മികച്ച സാങ്കേതികവിദ്യ, അതിൽ നേടുന്ന വൈദഗ്ധ്യം, വിപണിപ്രിയ ഇനങ്ങൾ എന്നീ ഘടകങ്ങൾ യോജിപ്പിക്കാനായാൽ ഏതു ഹൈടെക് കൃഷിയും ലക്ഷ്യം കാണും എന്ന് ഷാജിയും ഓർമിപ്പിക്കുന്നു.
തുള്ളിനനയിൽ തണ്ണിമത്തൻ
ബയോഫ്ലോക്കിൽ വിജയം കണ്ട മുഹമ്മദ് സലീമിന്റെ വെണ്ടല്ലൂരിലെ അഞ്ചേക്കർ പാടം നിറയെ സലീമിന്റെ വർണ തണ്ണിമത്തനുകൾ വിളഞ്ഞു കിടക്കുന്നു. വിപണിയിൽ കൗതുകം നിറയ്ക്കുന്ന മഞ്ഞ, ചുവപ്പ് തണ്ണിമത്തൻ ഇനങ്ങൾ വേനലിൽ സാധാരണ വെള്ളം തേകി നനച്ചാണ് കൃഷിയിറക്കാറ്. എന്നാൽ തുള്ളിനന സംവിധാനത്തിലാണ് സലീമിന്റെ കൃഷി. പേരിൽ ‘തണ്ണി’ ഉണ്ടെങ്കിലും അത്രയ്ക്കൊന്നും നന ആവശ്യമില്ലാത്ത വിളയാണിതെന്നു സലീം. തുള്ളിനനയിലൂടെ, സാധാരണ നൽകുന്ന വെള്ളത്തിന്റെ നാലിനൊന്നു മാത്രം നൽകി ഉയർന്ന ഉൽപാദനം സാധ്യമാകും. നനയ്ക്കുള്ള അധ്വാനവും അതിനുള്ള കൂലിച്ചെലവും ഗണ്യമായി കുറയും.
ഫെബ്രുവരി പകുതിയോടെയാണ് കൃഷിക്കാലം തുടങ്ങുന്നത്. 5 ഏക്കറിൽ 500 ചാക്ക് കോഴിവളം വിതറി പൂട്ടിയടിച്ച് ടില്ലർകൊണ്ട് ബെഡ്ഡ് തയാറാക്കി ഡ്രിപ് ലൈനുകൾ ക്രമീകരിച്ച് മുകളിൽ പ്ലാസ്റ്റിക് പുത വിരിച്ച് അതിൽ തുളകളിട്ട് സിഗ് സാഗ് രീതിയിലാണ് വിത്തിടൽ. ഒട്ടേറെ കമ്പനികളുടെ മികച്ച ഹൈബ്രിഡ് വിത്തുകൾ ഇന്നു വിപണിയിൽ ലഭ്യമാണ്. വിത്തിട്ടാൽ 40–ാം ദിവസം പൂവിടും. 60–ാം ദിവസം മുതൽ വിളവെടുപ്പു തുടങ്ങും. 90 ദിവസം നീളുന്ന കൃഷി. ഏക്കറിന് ശരാ ശരി 12–15 ടൺ ഉൽപാദനം. കിലോയ്ക്ക് 25 രൂപ മുതൽ 35 രൂപവരെ വില ലഭിക്കും. പുറത്ത് പച്ചയും അകത്തു മഞ്ഞയും നിറമുള്ള ആൻമോൾ യെല്ലോ ഇനം പോലുള്ളവയ്ക്ക് വിപണിയിൽ ഏറെ പ്രിയമുണ്ട്. പുറത്ത് മഞ്ഞയും ഉള്ളില്‍ ചുവപ്പു നിറവുമുള്ള വിശാലയ്ക്കും മികച്ച ഡിമാൻഡുണ്ട്.
ഡ്രിപ്പ് ലൈനുകൾ അടയാതിരിക്കാൻ സാൻഡ് ഫിൽറ്റർ സംവിധാനമൊരുക്കി തികച്ചും ശാസ്ത്രീയമായാണ് സലീമിന്റെ ഹൈടെക് തണ്ണിമത്തൻകൃഷി. പിന്തുണയുമായി ഇരുമ്പിളിയം കൃഷി ഒാ ഫിസർ മഞ്ജു മോഹൻ കൃത്യമായ ഇടവേളകളിൽ കൃഷിയിടം സന്ദർശിക്കുന്നു.
പ്രവാസ ജീവിതം വിട്ട് കൃഷിയിലിറങ്ങിയ മുഹമ്മദ് സലീം കൃഷിയിലും വിപണനത്തിലും നിരന്തരം പരീക്ഷണങ്ങൾ ഇഷ്ടപ്പെടുന്ന കർഷകനാണ്. സൃഹൃത്തുമായി ചേർന്ന് 27 ഏക്കറിലാണ് വെണ്ട ല്ലൂരിൽ നെൽകൃഷി. ജലക്ഷാമം മൂലം ഒരുപൂവ് കൃഷിയേ നടക്കൂ. വേനലിൽ തൊട്ടടുത്തുള്ള ഭാര തപ്പുഴയിലെ വെള്ളം പാടശേഖരത്തിനു നടുവിലൂടെ പോകുന്ന കൈത്തോട്ടിലൂടെ എത്തിക്കാൻ കഴിഞ്ഞാൽ 2 കൃഷി സുഗമമായി നടക്കും. എന്നാൽ ഒരു സർക്കാരും കൃഷിക്ക് അടിസ്ഥാന സൗകര്യമൊരുക്കില്ലെന്നു സലീം. കർഷകർക്ക് കൃഷിയന്ത്രങ്ങൾ വാങ്ങാനുള്ള സ്മാം പദ്ധതിയിലൂടെ നടീലിനു മുതൽ മെതിക്കുവരെ മിനി യന്ത്രങ്ങൾ വാങ്ങിയ സലീമിന് ഇവയെല്ലാം പ്രവർത്തിപ്പിക്കു ന്നതിൽ വൈദഗ്ധ്യവുമുണ്ട്.
ഫോൺ: 9447684872 (എം. ഷാജി), 9061055053 (മുഹമ്മദ് സലീം), 9809550550 (ഫാഫിസ് അബൂബക്കർ)
English summary: Vannamei Shrimp Farming in Biofloc Tank