അഭിനയത്തിനൊപ്പം ആടുവളർത്തലും: കലാരംഗത്ത് തുടരുമ്പോഴും ആടുവളർത്തൽ രേവതിക്ക് ആദായം
Mail This Article
ആട്ടപ്രകാരവും ആടുവളർത്തലും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ല. എന്നാൽ നാട്യധർമങ്ങൾ വിശദമാക്കുന്ന ആട്ടപ്രകാരവും ആടുവളർത്തലിന്റെ ആദായസാധ്യതകളും ആഴത്തിൽ ഹൃദിസ്ഥമാക്കിയ രേവതിക്ക് രണ്ടും ഒരുപോലെ പ്രിയം. നങ്ങ്യാർകൂത്തിൽ മുതൽ ചലച്ചിത്രാഭിനയത്തിൽവരെ സജീവമാകുമ്പോഴും ആദായസംരംഭമായി ആടുവളർത്തലിനെ ഒപ്പം കൂട്ടുന്നു രേവതി.
വിശ്രുത നങ്ങ്യാർകൂത്ത് കലാകാരിയായിരുന്ന മാർഗി സതിയുടെയും പ്രമുഖ ഇടയ്ക്ക വാദകനായിരുന്ന എൻ.സുബ്രഹ്മണ്യൻ പോറ്റിയുടെയും മകളാണ് രേവതി. ബിരുദാനന്തര ബിരുദം നേടി ആദ്യം അധ്യാപനത്തിലും തുടർന്നു കലാരംഗത്തും സജീവം. ഭർത്താവിന്റെ വീടായ തിരുവല്ല അരയാക്കീഴ് ഇല്ലത്തും എല്ലാവരും കലാകാരന്മാർ. ഭർത്താവ് സുബ്രഹ്മണ്യൻ നമ്പൂതിരി(മധു) ദേവസ്വം ബോർഡ് ജീവനക്കാരൻ. കോവിഡ് കാലത്ത് മധു മൂന്ന് ആട്ടിൻകുഞ്ഞുങ്ങളെ വാങ്ങിവന്നതാണ് സംരംഭത്തിലേക്കു വഴിതുറന്നതെന്നു രേവതി.
എന്തുകൊണ്ട് ആടുവളർത്തൽ എന്നു രേവതിയോടു ചോദിച്ചാൽ ഒരാട്ടിൻകുട്ടിയുടെ ഉത്സാഹ ത്തോടെ പറയും, ‘താരതമ്യേന കുറഞ്ഞ മുതൽമുടക്ക്, കുറഞ്ഞ സമയത്തെ പരിപാലനം, വിപണി സുനിശ്ചിതം’.
ഇറച്ചിക്കായുള്ള വളർത്തൽ, കുഞ്ഞുങ്ങളുടെ വിൽപന, ഇണചേർക്കാനുള്ള മുട്ടന്മാരുടെ പരിപാലനം എന്നിവയിലൂടെയാണ് ആടുവളർത്തലിൽ വരുമാനം വന്നുചേരുന്നത്. അനുബന്ധ വരുമാനങ്ങളുമുണ്ട്. കുറഞ്ഞ അളവിലേ ലഭ്യമാകൂ എങ്കിലും ആട്ടിൻപാലിന് ഇന്ന് ലീറ്ററിന് ശരാശരി 100 രൂപ വിലയുണ്ട്. മികച്ച ജൈവവളമായ ആട്ടിൻകാഷ്ഠത്തിനും ആവശ്യക്കാർ ഏറെയുണ്ടെന്നു രേവതി.
പഠിച്ചു മുന്നേറാം
മൂന്ന് ആട്ടിൻകുഞ്ഞുങ്ങളെ മുന്നിൽക്കിട്ടിയപ്പോൾ ആടുകളുടെയടുത്ത് അഭിനയം പോരാ നയം തന്നെ വേണമെന്നു രേവതിക്കു മനസ്സിലായി. അതു പഠിച്ചെടുക്കാൻ കോവിഡ് കാലം ഉപകരിക്കുകയും ചെയ്തു. തിരുവല്ല മാഞ്ഞാടിയിലുള്ള സർക്കാർ ഹാച്ചറിയിൽ പോയി ആടുവളർത്തലിൽ പരിശീലനം നേടി. പരിപാലനം മുതൽ ബ്രീഡിങ് വരെ ശാസ്ത്രീയമായി പഠിച്ചു. തുടര്‍ന്നാണ് ആടുവളർത്തലില്‍ ഉറച്ചത്. വീടിന്റെ ടെറസ്സിലേക്കുള്ള പടിക്കെട്ടിനു താഴെ മുറ്റത്ത് ഇത്തിരി വട്ടത്ത് മൂന്ന് ആടുകളെ പരിപാലിച്ചു തുടങ്ങിയ രേവതി താമസിയാതെ 2 ലക്ഷം രൂപ ചെലവിട്ട് 35 ആടുകൾക്കു പാർക്കാവുന്ന മികച്ച കൂടു പണിതു. 2 കൊല്ലം കൊണ്ട് ആടുകളുടെ എണ്ണം 27ൽ എത്തുകയും ചെയ്തു.
അപ്പർ കുട്ടനാടിന്റെ ഭാഗമായ തിരവല്ലയിൽ കഴിഞ്ഞ രണ്ടു പ്രളയത്തിലും വെള്ളം കയറിയ പുരയിടമാണ് രേവതിയുടേത്. അതുകൊണ്ടുതന്നെ രണ്ടാൾപൊക്കത്തിലേറെ ഉയരത്തിലാണ് പുതിയ ആട്ടിൻകൂടിന്റെ നിർമാണം. ഒരാടിന് ഒരു ചതുരശ്ര മീറ്റർ എന്നാണ് വിസ്തൃതിക്കണക്ക്. കുഞ്ഞുങ്ങളെയും മുട്ടന്മാരെയും തള്ളയാടുകളെയുമെല്ലാം വേർതിരിച്ചിടാവുന്ന കള്ളികൾ. നന്നായി കാറ്റും വെളിച്ചവും കയറുന്ന രീതിയിൽ കൂടിനടിയിലും ഉള്ളിലും നല്ല ഉയരം നൽകിയതിനാൽ പരിസരത്തൊന്നും അസുഖകരമായ മണം അൽപം പോലുമില്ലെന്നു രേവതി.
മലബാറിയിൽ തുടക്കം
മലബാറിയാണ് കേരളത്തിൽ ഏറെ ജനപ്രീതി നേടിയ ജനുസ്സ്. നമ്മുടെ തനത് ഇനം എന്നു പറയുമെങ്കിലും നൂറ്റാണ്ടുകൾക്കു മുന്‍പ് അറേബ്യൻ കച്ചവടക്കാർ കേരളത്തിലെത്തിച്ച ആടുകളുടെ സങ്കരമാണിത്. മികച്ച രോഗപ്രതിരോധശക്തിയുള്ള ഇനം. രേവതിയുടെ തള്ളയാടുകളെല്ലാം മലബാറിതന്നെ. ഉത്തർപ്രദേശിലെ യമുനാതീരത്തു പിറവികൊണ്ടു എന്നു കരുതുന്ന ജംനാപ്യാരിയും ആടുകളിലെ കുതിര എന്നു കേൾവികേട്ട പഞ്ചാബി ബീറ്റലും മുട്ടന്മാരായുണ്ട്.
വളർത്തുമൃഗങ്ങളുടെ പരിപാലനത്തിൽ നിത്യേനയുള്ള നിരീക്ഷണം പ്രധാനമെന്നു രേവതി. അവഗണിച്ചാൽ അകിടുവീക്കം ഉൾപ്പെടെയുള്ള അസുഖങ്ങൾ ശ്രദ്ധയില്‍പെടാതെ പോകും. 24 മണിക്കൂർ ഡോക്ടറുടെ സേവനമുള്ള സർക്കാർ മൃഗാശുപത്രി തൊട്ടടുത്തുള്ളതു വലിയ നേട്ടം. കൃത്രിമ പെല്ലറ്റ് തീറ്റ നൽകുന്നതിനു പകരം അസംസ്കൃത വസ്തുക്കൾ വെവ്വേറെ വാങ്ങിച്ച് മിശ്രിതമാക്കി നൽകുന്നതാണു രേവതിയുടെ രീതി. ചോളത്തവിട്, അരിത്തവിട്, അവിൽത്തവിട്, ഗോതമ്പു തവിട്, സോയത്തവിട് എന്നിവയെല്ലാം ചേരുന്ന തീറ്റക്കൂട്ടാണ് തയാറാക്കുന്നത്.
ആടുവളർത്തൽ മാത്രമല്ല, കേക്ക് നിർമാണവും രേവതിക്കു വരുമാനവഴിയാണ്. മുട്ട ചേർക്കാത്ത എഗ്‌ലെസ് കേക്കാണ് തയാറാക്കുക. വെണ്ണയും ഒഴിവാക്കും. രണ്ടിനും ബദലുകളുണ്ട്. എഗ്‌ലെസ് കേക്ക് ഇഷ്ടപ്പെടുന്ന ഒട്ടേറപ്പേരുണ്ടെന്നു രേവതി.
ഫോൺ: 9495191625, 9961990625
English summary: Success Story of a Woman Goat Farmer