മനുഷ്യരിലെ മഹാമാരികളെ തടയാൻ നാം നോക്കേണ്ടത് പ്രകൃതിയിലേക്കും മൃഗങ്ങളിലേക്കും
ജൂലൈ 6- ലോക ജന്തുജന്യരോഗ ദിനം "All men's miseries derive from not being able to sit in a quiet room alone" (നിശബ്ദമായ ഒരു മുറിയിൽ ഒറ്റയ്ക്കിരിക്കാനുള്ള കഴിവില്ലായ്മയിൽ നിന്നാണ് മനുഷ്യന്റെ ദുരിതങ്ങളെല്ലാം ഉടലെടുക്കുന്നത് ) - Blaise Pascal ( French Mathematician) മനുഷ്യചരിത്രത്തിലെ
ജൂലൈ 6- ലോക ജന്തുജന്യരോഗ ദിനം "All men's miseries derive from not being able to sit in a quiet room alone" (നിശബ്ദമായ ഒരു മുറിയിൽ ഒറ്റയ്ക്കിരിക്കാനുള്ള കഴിവില്ലായ്മയിൽ നിന്നാണ് മനുഷ്യന്റെ ദുരിതങ്ങളെല്ലാം ഉടലെടുക്കുന്നത് ) - Blaise Pascal ( French Mathematician) മനുഷ്യചരിത്രത്തിലെ
ജൂലൈ 6- ലോക ജന്തുജന്യരോഗ ദിനം "All men's miseries derive from not being able to sit in a quiet room alone" (നിശബ്ദമായ ഒരു മുറിയിൽ ഒറ്റയ്ക്കിരിക്കാനുള്ള കഴിവില്ലായ്മയിൽ നിന്നാണ് മനുഷ്യന്റെ ദുരിതങ്ങളെല്ലാം ഉടലെടുക്കുന്നത് ) - Blaise Pascal ( French Mathematician) മനുഷ്യചരിത്രത്തിലെ
ജൂലൈ 6- ലോക ജന്തുജന്യരോഗ ദിനം
"All men's miseries derive from not being able to sit in a quiet room alone"
(നിശബ്ദമായ ഒരു മുറിയിൽ ഒറ്റയ്ക്കിരിക്കാനുള്ള കഴിവില്ലായ്മയിൽ നിന്നാണ് മനുഷ്യന്റെ ദുരിതങ്ങളെല്ലാം ഉടലെടുക്കുന്നത് )
- Blaise Pascal ( French Mathematician)
മനുഷ്യചരിത്രത്തിലെ ഭീതിജനകമായ കറുത്ത ഏടുകളിലൊന്നാണ് സാംക്രമികരോഗങ്ങളുടെ ചരിതങ്ങൾ. മനുഷ്യനെ ബാധിക്കുന്ന സാംക്രമിക രോഗങ്ങളിൽ സുനിശ്ചിതമരണവും ഏറ്റവും ഭയാനകവുമായ മരണനിമിഷങ്ങളൊരുക്കുന്ന പേവിഷബാധയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് വിജയകരമായി വികസിപ്പിച്ചെടുത്തത് ഫ്രഞ്ച് ഗവേഷകൻ ലൂയീസ് പാസ്ചറായിരുന്നു. വാക്സീൻ ചരിത്രത്തിലെ അവിസ്മരണീയമായി നിലകൊള്ളുന്ന ആ ദിവസം, 1885 ജൂലൈ ആറാം തീയതിയായിരുന്നു. ആ ദിവസത്തിന്റെ ഓർമ്മയിൽ ലോകമെമ്പാടും ജൂലൈ 6 ജന്തുജന്യ രോഗദിനമായി ആചരിക്കുന്നു. പേവിഷബാധ(Rabies)യെ കൂടാതെ ആന്ത്രാക്സ്, ക്ഷയം, പ്ലേഗ് തുടങ്ങിയ ഒട്ടേറെ ജന്തുജന്യ രോഗങ്ങൾ നൂറ്റാണ്ടുകളായി മനുഷ്യന് ചിരപരിചിതമായിരുന്നു. മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്കും തിരിച്ചും പകരുന്ന ഇത്തരം സാംക്രമിക രോഗങ്ങൾ(zoonotic diseases), കോവിഡ്- 19ന്റെ വർത്തമാനകാലത്ത് അതിപ്രസക്തമായി നിലകൊള്ളുന്നു.
അറുപതു വർഷങ്ങൾ: പുത്തൻ രോഗങ്ങളുടെ ഉദയകാലം
ബൊളീവിയയിലെ ഗ്രാമവാസികൾക്കിടയിൽ 1959-63 കാലത്ത് പടർന്നുപിടിച്ച മാച്ചുപോ (Machupo) രോഗം മുതൽ കോവിഡ് മഹാമാരി പടർന്നുപരന്ന 2020 വരെയുള്ള 60 വർഷക്കാലംകൊണ്ട് ലോകം സാക്ഷ്യം വഹിച്ചത് ഒട്ടേറെ പുതുപുത്തൻ രോഗങ്ങളുടെ ഉദയത്തിനാണ്. ഏറ്റവും പ്രാധാന്യമർഹിക്കുന്ന വസ്തുത അവയെല്ലാം ഏതെങ്കിലും മൃഗങ്ങളിൽനിന്നുമായിരുന്നു അവയുടെ ഉദ്ഭവം എന്നതാണ്. മാച്ചുപോ (1959-63), മാർബർഗ് (1969), ലാസാ ഫീവർ (1969), ഏബോള (1976) , എച്ച്ഐവി - 1 (1981-83), എച്ച്ഐവി - 2 (1986), ഹാന്റാ (1993), ഹെൻഡ്ര (1994), പക്ഷിപ്പനി (1997), നിപ്പ (1998), വെസ്റ്റ് നൈൽ (1999), സാർസ് (2003), പന്നിപ്പനി (2009), മെർസ് (2012) , കോവിഡ് (2019) തുടങ്ങി ലോകത്തിന്റെ പല ഭാഗങ്ങളിൽ ആവിർഭവിച്ച ഈ രോഗങ്ങൾ തീവ്രത, രോഗ സംക്രമണം, വ്യാപിച്ച സ്ഥലവിസ്തൃതി എന്നിവയുടെ കാര്യങ്ങളിൽ വ്യത്യസ്തത പുലർത്തിയെങ്കിലും ഒരു കാര്യത്തിൽ സമാനത പുലർത്തിയിരുന്നു. അവയെല്ലാം വൈറസ് രോഗങ്ങളായിരുന്നു, ഒപ്പം അടിസ്ഥാനപരമായി ജന്തുജന്യരോഗങ്ങളായിരുന്നു.
ഇവിടെ മൂന്നു ചോദ്യങ്ങൾ പ്രസക്തമാകുന്നു.
- ഈ വൈറസുകൾ ഇത്ര കാലം എവിടെയായിരുന്നു?
- എങ്ങനെയാണ് ഇവ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലെത്തുന്നത്?
- സമീപകാലങ്ങളിൽ ഇത്തരം രോഗങ്ങൾ കൂടുതലായി കണ്ടുവരാൻ കാരണമെന്ത്?
ഈ മൂന്നു ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും സൂക്ഷ്മവിശകലനത്തിനു വിധേയമാക്കുമ്പോൾ പ്രതിസ്ഥാനത്തു നിൽക്കുന്നത് പലപ്പോഴും മനുഷ്യപ്രവൃത്തികളാണ്. ഒരു മുറിയിൽ ഒതുങ്ങാനാവാതെ ഭൂഗോളത്തോളം വളർന്ന മനുഷ്യൻ പുരാതനമായ ആവാസവ്യവസ്ഥകളിൽ വരുത്തിയ വിനാശകരമായ മാറ്റങ്ങളാണ്. മനുഷ്യബുദ്ധിയിൽ വിരിഞ്ഞിറങ്ങിയ സാങ്കേതികവിദ്യകളുടെ വികസനവും വ്യാപനവും, മനുഷ്യന്റെ എണ്ണത്തിലുണ്ടായ സ്ഫോടനാത്മകമായ വളർച്ചയും കൂടി ചേർന്നതോടെ പാരിസ്ഥിതികവും വൈദ്യശാസ്ത്രപരവുമായ പ്രതിസന്ധികളെ കൂട്ടിമുട്ടുകയായിരുന്നു. ഈ കൂട്ടിമുട്ടലാണ് വിചിത്രവും ഭീകരവുമായ രോഗങ്ങളെ പ്രവചനാതീതമായ സ്രോതസ്സുകളിൽ നിന്ന് ഉദയം കൊള്ളിക്കുന്നത്. ഒന്നോർക്കുക, 1981നു ശേഷം 4 കോടിയോളം മനുഷ്യ ജീവനകളെ ജന്തുജന്യ സാംക്രമിക രോഗങ്ങൾ അപഹരിച്ചു കഴിഞ്ഞിരിക്കുന്നു. മറക്കരുതാത്ത മറ്റൊരു കണക്കു കൂടിയുണ്ട്. മനുഷ്യനെ ബാധിക്കുന്ന നിലവിലുള്ള സാംക്രമിക രോഗങ്ങളിൽ 60 ശതമാനവും മൃഗങ്ങളിൽനിന്നെത്തിയവയാണ്.
രോഗാണുക്കൾ മറഞ്ഞിരിക്കുന്നുണ്ടോ?
നീണ്ടകാലത്തേക്ക് മറഞ്ഞിരിക്കാനുള്ള കഴിവാണ് ജന്തുജന്യരോഗാണുക്കളെ സങ്കീർണ്ണവും പ്രശ്നകാരികളും സർവോപരി അവരെക്കുറിച്ചുള്ള അറിവ് രസകരവുമാക്കുന്നത്. എന്നുവച്ച് അവർ മനപ്പൂർവം എവിടെയെങ്കിലും മറഞ്ഞിരിക്കകയാണെന്നു തെറ്റിദ്ധരിക്കരുത്. വാസമുറപ്പിക്കുന്ന ജീവികളിൽ അവ അധിവാസം തുടരുകയും ആവശ്യമെങ്കിൽ മാത്രം അടുത്തതിലേക്ക് കടക്കുകയും ചെയ്യുന്നു. ഇത്തരം തന്ത്രങ്ങളില്ലടെയാണ് അവ തങ്ങളുടെ പ്രത്യുൽപാദനവും അതിജീവനവും ഉറപ്പാക്കുന്നത്.
രോഗാണുക്കൾ സ്വാഭാവികമായി അധിവസിക്കുന്ന ജീവികളെ റിസർവോയർ (സംഭരണി) അല്ലെങ്കിൽ സ്വാഭാവിക ആതിഥേയർ എന്നൊക്കെ വിളിക്കാം. കാര്യമായ രോഗബാധയൊന്നുമില്ലാതെ ആതിഥേയനും വലിയ പ്രശ്നങ്ങളുണ്ടാക്കാതെ അതിഥിയായ രോഗാണുവും ദീർഘകാലം അങ്ങനെ കഴിഞ്ഞു പോവുകയും ചെയ്യും. സമൃദ്ധമായ ജൈവ വൈവിധ്യവും പോറലേൽക്കാത്ത ആവാസ വ്യവസ്ഥയുമുള്ളിടത്ത് രോഗാണുക്കൾക്ക് ആതിഥേയ ജീവികളിൽ ഇങ്ങനെ മറഞ്ഞു കഴിയുക ഏറെ എളുപ്പമായിരിക്കും. എന്നാൽ ആവാസവ്യവസ്ഥകൾ താളം തെറ്റിഞ്ഞുടങ്ങുമ്പോൾ ഒളിത്താവളങ്ങൾ ഉപേക്ഷിച്ച് രോഗകാരികർക്ക് പുത്തൻ മാർഗം തേടേണ്ടി വരുന്നു. വൈറസ്, ബാക്ടീരിയ, ഫംഗസ്, പ്രോടിസ്റ്റ്, പ്രയൺസ്, വിരകൾ തുടങ്ങിയ ആറിനം പ്രധാനം രോഗകാരികളിൽ ഏറ്റവും പ്രശ്നകാരിയായി കണക്കാക്കപ്പെടുന്നത് വൈറസുകളാണ്. അതിവേഗം ജനിതകമാറ്റം വരുന്ന, ആന്റിബയോട്ടിക്കുകൾക്ക് പ്രതിരോധിക്കാനാവാത്ത, കണ്ടെത്താനും മനസിലാക്കാനും ബുദ്ധിമുട്ടുള്ള ,കടുത്ത രോഗബാധകൾ ഉണ്ടാക്കാൻ കഴിയുന്നവയാണ് വൈറസുകൾ. സഞ്ചരിക്കാൻ സഹായിക്കുന്ന അവയവങ്ങളൊന്നുമില്ലെങ്കിലും അവയിൽ പലതും പലപ്പോഴും ലോകസഞ്ചാരം നടത്തിയിട്ടുണ്ട്.
റിസർവോയർ ജീവിയിൽനിന്ന് പുറത്തെത്തുന്ന ചില വൈറസ് വിഭാഗങ്ങർക്ക് ഒരു ആംപ്ലിഫയർ ആതിഥേയൻ (amplifier host) ഉണ്ടാകും. വളരെ കുറച്ചു അളവിലേ ഉള്ളുവെങ്കിൽ പോലും വൈറസുകളെ ശരീരത്തിൽ പ്രവേശിപ്പിച്ച് അതിദ്രുതം പെറ്റുപെരുകി വലിയ അളവിൽ വൈറസിനെ വെളിയിൽ വിടുന്നവരാണ് ഇവർ. റിസർവോയർ ജീവിയിൽ നിന്ന് ആംപ്ലിഫയർ ജീവി വഴിയാണ് രോഗാണുക്കൾ ഹതഭാഗ്യരായ തങ്ങളുടെ പുത്തൻ ആതിഥേയനെ കണ്ടെത്തുന്നത്. ഒരു രോഗാണു തന്റെ പരമ്പരാഗത സ്വാഭാവിക ആതിഥേയനിൽ നിന്ന് ആംപ്ലിഫയർ ജീവി വഴിയോ അല്ലാതെയോ മനുഷ്യരിലേക്കോ അല്ലെങ്കിൽ പുതിയൊരു ആതിഥേയനിലേക്കോ എത്തുന്നതിന്റെ കാരണങ്ങളും വഴികളും ഏതൊക്കെയാണെന്ന് ഇനി നോക്കാം.
മനുഷ്യൻ നടത്തുന്ന പ്രകൃതിഹത്യകൾ
ഭൂമിയിലെ ആവാസവ്യവസ്ഥകളിൽ മനുഷ്യൻ ചെലുത്തുന്ന സമ്മർദ്ദങ്ങളും തൽഫലമായുണ്ടാകുന്ന ക്രമഭംഗങ്ങളും കാരണം മൃഗങ്ങളിൽ സ്വാഭാവികവാസം നടത്തിവരുന്ന രോഗാണുക്കളും മനുഷ്യരുമായി കൂടുതൽ സമ്പർക്കത്തിലാകാനിടയാവുന്നു. മനുഷ്യന്റെ സാങ്കേതികവിദ്യയും സവിശേഷപെരുമാറ്റവും രോഗാണുക്കളെ അതിവേഗത്തിൽ വ്യാപകമായി പടർന്നുപിടിക്കാൻ സഹായിക്കുകയും ചെയ്യുന്നു. അപകടകരമായ വേഗത്തിലുള്ള ശിഥിലീകരണമാണ് മനുഷ്യ പ്രവൃത്തികൾ മൂലം സ്വാഭാവിക ആവാസ വ്യവസ്ഥകൾക്കുണ്ടായിരിക്കുന്നത്. മരങ്ങൾ മുറിച്ചും, റോഡുകൾ പണിതും, വനപ്രദേശങ്ങളെ കൃഷിഭൂമിയാക്കിയും, വന്യജീവികളെ വേട്ടയാടിപ്പിടിച്ച് ഭക്ഷണമാക്കിയും, കാടുകൾ കന്നുകാലികൾക്കുള്ള മേച്ചിൽപ്പുറങ്ങളാക്കിയും മനുഷ്യൻ കരയും കടലും കണക്കില്ലാതെ ചൂഷണം ചെയ്യുന്നു.
ഇത്തരത്തിലുള്ള പ്രകൃതിയുടെ ചൂക്ഷണം കാലങ്ങളായി നടന്നു വരുന്നതാണെങ്കിലും ലോക ജനസംഖ്യ 700 കോടി കടന്ന, സാങ്കേതികവിദ്യകൾ പഴുതുകളില്ലാതെ വികസിച്ച വർത്തമാനത്തിൽ ഭൂമി ഏറ്റുവാങ്ങുന്ന സമ്മർദ്ദം സമാനതകളില്ലാത്തതാണ്. ഉദാഹരണത്തിന് ഉഷ്ണമേഖലാ മഴക്കാടുകളുടെ കാര്യം തന്നെയെടുക്കുക. ഭൂമിയിലെ ഏറ്റവും സമ്പന്നവും സങ്കീർണ്ണവുമായി രൂപകൽപന ചെയ്യപ്പെട്ടതുമായ ഇത്തരം ആവാസവ്യവസ്ഥകളിൽ ദശലക്ഷണക്കിന് ജീവജാതികളാണ് കുടിയിരിക്കുന്നത്. ശാസ്ത്രത്തിന് പരിചയമില്ലാത്ത, ജീവജാതികളുടെ വർഗീകരണത്തിൽ പോലും ഒരിക്കലും സ്ഥാനം പിടിക്കാത്ത, മനുഷ്യൻ ഒരിക്കലും മനസിലാക്കുക പോലും ചെയ്യാത്ത അറിയപ്പെടാത്ത ജീവനുകൾ. അവയിൽ വൈറസ്, ബാക്ടീരിയ ,ഫംഗസ് തുടങ്ങിയ പരാദ ജീവിതം നയിക്കുന്ന കുഞ്ഞന്മാരുടെ ഒരു വലിയ ലോകവുമുണ്ട്. ഇവർ വലുപ്പത്തിൽ ചെറിയവരെങ്കിലും വൈവിധ്യത്തിൽ മറ്റെല്ലാ ജീവജാതികളെയും കടത്തിവെട്ടുന്നവരാണ്.
ഉദാഹരണത്തിന് മധ്യ ആഫ്രിക്കയിലെ കാടുകളിൽ നിവസിക്കുന്ന വൈറസുകളെ നോക്കാം. ഏതെങ്കിലും ഇനം ബാക്ടീരിയ, ഫംഗസ്, പ്രോട്ടിസ്റ്റ്, സസ്യങ്ങൾ എന്നിവയുടെ ശരീരത്തിൽ പരാദമായിട്ടായിരിക്കും ഇവയുടെ ജീവിതം. അപ്പോഴും വൈറസുകളുടെ എണ്ണവും ഭൂമിശാസ്ത്രപരമായ വ്യാപ്തിയും സംതുലിതമായി നിലനിർത്തുന്ന ഒരു ആവാസവ്യവസ്ഥാബന്ധത്തിൽ ഈ ജീവികളെല്ലാം ചേർത്തുവെയ്ക്കപ്പെട്ടിരിക്കും. ഏതെങ്കിലുമൊരു ജീവിയുടെയോ സസ്യത്തിന്റെയോ ജീവനുള്ള കോശങ്ങളിൽ മാത്രം പെറ്റുപെരുകാൻ കഴിയുന്ന വൈറസുകളാകട്ടെ അവർ അധിവസിക്കുന്ന സ്വാഭാവിക ആതിഥേയനുമായി ഏറെക്കാലമായുള്ള അഗാധമായ പരസ്പര സഹായ ബന്ധത്തിലായിരിക്കും. അപൂർവ്വമായി ആതിഥേയന് വൈറസ് മൂലം ജീവൻ നഷ്ടപ്പെട്ടാലും വിശാലമായ വനഭൂമി അവയുടെ മൃതദേഹത്തെ അതിവേഗം തന്റെ വിശാലമായ ദേഹിയിലേക്ക് ആഗിരണം ചെയ്തിട്ടുണ്ടാവും.
രോഗങ്ങൾ അതിരു കടന്നെത്തുമ്പോൾ
സ്വാഭാവിക ആവാസവ്യവസ്ഥകൾക്കുണ്ടാകുന്ന ഭംഗങ്ങൾ മൂലം സ്വതന്ത്രരാകുന്ന സൂക്ഷ്മ രോഗകാരികൾ അതിവിശാലമായ ലോകത്തിലേക്കാണ് പ്രവേശിക്കുന്നത്. വൻമരങ്ങൾ വീഴുമ്പോൾ, തദ്ദേശീയരായ മൃഗങ്ങളുടെ കൂട്ടക്കൊല നടക്കുമ്പോൾ രോഗകാരികൾ പൊടിപടലം പോലെ പറന്നുയരുകയാണ്. തന്റെ സ്വാഭാവിക ആതിഥേയനെ നഷ്ടപ്പെടുന്ന രോഗാണുവിനു മുൻപിൽ പിന്നെയവശേഷിക്കുന്നത് രണ്ടു വഴികൾ മാത്രമാകുന്നു. ഒരു പുതിയ ആതിഥേയനെ അല്ലെങ്കിൽ പുതിയ തരം ആതിഥേയനെ കണ്ടെത്തി അഭയം പ്രാപിക്കുക അല്ലെങ്കിൽ ഭൂമുഖത്തുനിന്ന് എന്നന്നേക്കുമായി കഥാവശേഷരാകുക. വൈറസുകൾക്ക് മനുഷ്യനോട് പ്രത്യേക മമതയും ശത്രുതയുമൊന്നുമില്ലെങ്കിലും അവർക്ക് ആശ്രയിക്കാൻ കഴിയുന്ന മികച്ച പുതിയ ആതിഥേയർ മനുഷ്യരായിരിക്കും. കാരണം എണ്ണത്തിൽ കഴിഞ്ഞ 25-27 വർഷങ്ങൾ കൊണ്ട് ഇരട്ടിയായവർ നമ്മൾ മാത്രമാണ്. നന്മുടെ കോശങ്ങളിൽ ജീവിക്കാനുളള അനുകൂലനങ്ങൾ നേടിയെടുക്കണമെന്നതു മാത്രമാണ് രോഗാണുവിന്റെ മുന്നിലുള്ള വെല്ലുവിളി. RNA ജനിതകപദാർഥമായിട്ടുള്ള വൈറസുകൾക്ക് ജനിതക വ്യതിയാന സാധ്യത അധികമായതിനാൽ അവർ അതിവേഗം പുതിയ സാഹചര്യങ്ങളോട് അനുരൂപപ്പെടാൻ കഴിവുള്ളവയാണെന്നതും ഓർക്കുക. ഇങ്ങനെ മനുഷ്യ ശരീരത്തിൽ പെറ്റുപെരുകാൻ കഴിവുനേടിയ വൈറസുകൾ ചെറിയ അണുബാധ മുതൽ ലോകമാകെ പടരുന്ന മഹാമാരി വരെയായി പ്രത്യക്ഷപ്പെടാം. ഇപ്രകാരം രോഗാണുക്കൾ ഒരു ജീവജാതിയിൽപ്പെട്ട ആതിഥേയനെ വിട്ട് പുതിയ ജാതി ആതിഥേയനിൽ അഭയം തേടുന്നതിനെ 'സ്പില്ലോവർ ' ( Spillover) എന്നാണ് പറയുക.
ജന്തുജന്യരോഗങ്ങളുടെ കണക്കുകൾ അമ്പരപ്പിക്കുന്നത്
2005ൽ യുകെയിലെ എഡിൻബറോയിൽ നടന്ന പഠനത്തിൽ മനുഷ്യരെ ബാധിക്കുന്നതായി കണ്ടെത്തിയ 1407 തരം രോഗാണുക്കളിൽ 58 ശതമാനവും ജന്തുജന്യമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിൽ പുതുതായി ആവിർഭവിച്ചതെന്നു പറയുന്ന 177 എണ്ണത്തിൽ നാലിൽ മൂന്നും മൃഗങ്ങളിൽ നിന്നായിരുന്നു. സുവോളജിക്കൽ സൊസേറ്റി ഓഫ് ലണ്ടൻ, 2008ൽ നേച്ചർ മാഗസിനിൽ പ്രസിദ്ധീകരിച്ച വിവരങ്ങളനുസരിച്ച് മനുഷ്യരിലെ സാംക്രമിക രോഗങ്ങളിൽ 60.3 ശതമാനവും ജന്തുജന്യമാണെന്നും, അതിൽത്തന്നെ 71.8 ശതമാനം വന്യജീവികളിൽ നിന്നാണെന്നും വെളിപ്പെടുത്തിയിരുന്നു.
അതീവജാഗ്രതയോടെ മുന്നോട്ട്
കൃഷി ചെയ്തു ജീവിക്കുന്ന സംസ്ക്കാരം തുടങ്ങിയ കാലത്തുനിന്ന് മനുഷ്യരുടെ എണ്ണം 333 എന്ന ഗുണകം കൊണ്ടാണ് വർധിച്ചിരിക്കുന്നത്. ഓരോ വർഷവും 7 കോടി എന്ന നിലയിലാണ് ശരാശരി ജനസംഖ്യാ വളർച്ചയും. അതിലോലമായ ആവാസവ്യവസ്ഥാ ബന്ധങ്ങൾ തകർത്തെറിഞ്ഞു മുന്നേറുന്ന വികസനം രോഗാണുക്കളെ അവയുടെ സ്വാഭാവിക വാസസ്ഥാനത്തു നിന്ന് മനുഷ്യന്റെ സമീപത്തെത്തിക്കുന്നു. ആധുനിക സാങ്കേതിക വിദ്യ രോഗവ്യാപനം ആഗോളതലത്തിൽ അതിവേഗമാക്കുന്നു. ശാസ്ത്രീയമായ തയാറെടുപ്പും നിരന്തരമായ നിരീക്ഷണവുമാണ് ഭാവിയിൽ മഹാമാരികൾ തടയാനുള്ള പ്രധാന മാർഗ്ഗങ്ങൾ. വന്യജീവികളുടെ ആരോഗ്യസ്ഥിതി, അവയിൽ പുതിയ രോഗാണുക്കളുടെ സാന്നിധ്യം എന്നിവ മുൻപേ തന്നെ കണ്ടു പിടിക്കുകയെന്നത് ഇക്കാര്യത്തിൽ ഏറെ പ്രധാനമാകുന്നു. മൃഗസംരക്ഷണരീതികളും ശാസ്ത്രീയമായി പരിഷ്കരിക്കപ്പെടേണ്ടതുണ്ട്. മനുഷ്യരും പ്രകൃതിയും മൃഗങ്ങളും ചേരുന്ന ആവാസവ്യവസ്ഥയുടെ ആരോഗ്യം പരസ്പരബന്ധിതമാണെന്ന സന്ദേശം നൽകുകയാണ് ജന്തുജന്യരോഗദിനാചരണം നൽകുന്നത്.
English summary: World Zoonosis Day 2022: What is Zoonosis and How Does Such Infectious Disease Spread?