‘ചെകുത്താൻ പോലും ചെയ്യാൻ മടിക്കുന്ന ക്രൂരതകൾ; മനുഷ്യവിഷം തീണ്ടി മരണപ്പെട്ട പശുക്കൾ’
മുപ്പത്തിമൂന്ന് വർഷങ്ങൾ മുൻപ് ഇതുപോലൊരു ജൂലൈ ഇരുപത്തിയാറാം തീയതിയായിരുന്നു വംശനാശത്തിന്റെ വക്കിൽനിന്ന് കണ്ടെത്തിയ കേവലം എട്ടു വെച്ചൂർ പശുക്കളുമായി പത്മശ്രീ ഡോ. ശോശാമ്മ ഐപ്പും, ടീച്ചറുടെ മണ്ണുത്തി വെറ്ററിനറി കോളജിലെ ഊർജസ്വലരായ ശിഷ്യസംഘവും വെച്ചൂർ പശു സംരക്ഷണത്തിന് തുടക്കമിട്ടത്. ജീവനാശം സംഭവിച്ച്
മുപ്പത്തിമൂന്ന് വർഷങ്ങൾ മുൻപ് ഇതുപോലൊരു ജൂലൈ ഇരുപത്തിയാറാം തീയതിയായിരുന്നു വംശനാശത്തിന്റെ വക്കിൽനിന്ന് കണ്ടെത്തിയ കേവലം എട്ടു വെച്ചൂർ പശുക്കളുമായി പത്മശ്രീ ഡോ. ശോശാമ്മ ഐപ്പും, ടീച്ചറുടെ മണ്ണുത്തി വെറ്ററിനറി കോളജിലെ ഊർജസ്വലരായ ശിഷ്യസംഘവും വെച്ചൂർ പശു സംരക്ഷണത്തിന് തുടക്കമിട്ടത്. ജീവനാശം സംഭവിച്ച്
മുപ്പത്തിമൂന്ന് വർഷങ്ങൾ മുൻപ് ഇതുപോലൊരു ജൂലൈ ഇരുപത്തിയാറാം തീയതിയായിരുന്നു വംശനാശത്തിന്റെ വക്കിൽനിന്ന് കണ്ടെത്തിയ കേവലം എട്ടു വെച്ചൂർ പശുക്കളുമായി പത്മശ്രീ ഡോ. ശോശാമ്മ ഐപ്പും, ടീച്ചറുടെ മണ്ണുത്തി വെറ്ററിനറി കോളജിലെ ഊർജസ്വലരായ ശിഷ്യസംഘവും വെച്ചൂർ പശു സംരക്ഷണത്തിന് തുടക്കമിട്ടത്. ജീവനാശം സംഭവിച്ച്
മുപ്പത്തിമൂന്ന് വർഷങ്ങൾ മുൻപ് ഇതുപോലൊരു ജൂലൈ ഇരുപത്തിയാറാം തീയതിയായിരുന്നു വംശനാശത്തിന്റെ വക്കിൽനിന്ന് കണ്ടെത്തിയ കേവലം എട്ടു വെച്ചൂർ പശുക്കളുമായി പത്മശ്രീ ഡോ. ശോശാമ്മ ഐപ്പും, ടീച്ചറുടെ മണ്ണുത്തി വെറ്ററിനറി കോളജിലെ ഊർജസ്വലരായ ശിഷ്യസംഘവും വെച്ചൂർ പശു സംരക്ഷണത്തിന് തുടക്കമിട്ടത്. ജീവനാശം സംഭവിച്ച് വിസ്മൃതിയിൽ വീണുപോകുമായിരുന്ന ഒരു ജീവിജനുസ്സിന്റെ വീണ്ടെടുപ്പിന്റെ വിപ്ലവമായി പിന്നീട് വെച്ചൂർ പരിരക്ഷണ പദ്ധതി മാറിയത് കേരളത്തിന്റെ ഹരിതചരിത്രത്തിൽ തങ്കലിപികളിൽ എഴുതിച്ചേർത്ത മഹത്തായ ഒരധ്യായമാണ്. വംശനാശത്തില്‍നിന്നും വംശസമൃദ്ധിയിലേക്കും ലോകമെങ്ങും അറിയപ്പെടുന്ന ഒരു വളര്‍ത്തുമൃഗ ജനുസ്സ് എന്ന പദവിയിലേക്കുമെല്ലാം വെച്ചൂര്‍ എന്ന കുഞ്ഞൻ പശുക്കൾ വളർന്നു. വംശനാശത്തെ ചെറുത്തുതോൽപ്പിച്ച് ഇന്ന് വെച്ചൂർ പശുക്കളുടെ എണ്ണം പതിനായിരം പിന്നിട്ടിരിക്കുന്നു. വെച്ചൂർ പശുക്കളുടെ ജീവരക്ഷക ഡോ. ശോശാമ്മ ഐപ്പ് ടീച്ചറെ തേടി രാഷ്ട്രത്തിന്റെ ഉന്നത സിവിലിയൻ ബഹുമതികളിൽ ഒന്നായ പത്മശ്രീ പുരസ്കാരമെത്തിയത് ഈ വർഷമായിരുന്നു.
സൈലന്റ് വാലി പ്രചോദിപ്പിച്ച വെച്ചുർ വിപ്ലവം
1970കളിലെ ഐതിഹാസികമായ സൈലൻറ് വാലി പരിസ്ഥിതിപ്രക്ഷോഭം കേരളത്തിലെ യുവ, വിദ്യാർഥി മനസ്സുകളിൽ വിത്തിട്ട പ്രകൃതിപക്ഷചിന്തകളും നിലപാടുകളുമായിരുന്നു വെച്ചൂർ പശു സംരക്ഷണ മുന്നേറ്റത്തെ നിർണയകമായി സ്വാധീനിച്ചത്. മണ്ണുത്തി വെറ്ററിനറി കോളജിലെ ജനിതക വിഭാഗം അധ്യാപികയായിരുന്ന ശോശാമ്മ ഐപ്പ് ടീച്ചറുടെയും 1988 ബാച്ചിലെ ഉത്സാഹികളായ വിദ്യാർഥികളുടെയും നേതൃത്വത്തിൽ മണ്ണുത്തി വെറ്ററിനറി കലാലയത്തിൽ 1988-89 കാലഘട്ടത്തിൽ വെച്ചൂർ പശു സംരക്ഷണത്തിനായി വെച്ചൂർ പരിരക്ഷണ ക്യാംപെയിൻ ആരംഭിച്ചു. അക്കാലത്ത് വംശനാശം വന്നതായി കരുതപ്പെട്ടിരുന്ന വെച്ചൂർ പശുക്കളെ കണ്ടെത്തുന്നതിനായി പശുവിനെ വളർത്തുന്നവരെ തേടി ശോശാമ്മ ടീച്ചറും വിദ്യാർഥി സംഘവും വെച്ചൂരിലെ കർഷകരുടെ വീടുകളിൽ മാത്രമല്ല വായനശാലയിലും കള്ളുഷാപ്പുകളിലും വരെ കയറിയിറങ്ങി. ഇന്ന് മൃഗസംരക്ഷണ വകുപ്പില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അനില്‍ സഖറിയ, കെ.സി. ജയൻ, ജയന്‍ ജോസഫ്, എൻ. ജയദേവന്‍, വിനോദ്, സജി ജോസഫ്, ജസ്റ്റിൻ ജേക്കബ്, ജി.സുനിൽ, എസ്.അജിത്കുമാർ, ഒ.കുര്യച്ചൻ തുടങ്ങിയവരൊക്കെയായിരുന്നു ടീച്ചറുടെ വിദ്യാർഥി സംഘത്തിലെ പ്രധാനികള്‍. അന്ന് കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്ന ഡോ. ശൈലാസ് അനുവദിച്ച ഇരുപതിനായിരം രൂപകൊണ്ട് എട്ടു പശുക്കളെ വെച്ചൂരില്‍ നിന്ന് വിലകൊടുത്ത് വാങ്ങിക്കൊണ്ടുവന്നാണ് പദ്ധതിക്ക് ആരംഭം കുറിച്ചത്. മുൻകാലത്ത് കൊച്ചി രാജാവിന്റെ ഒല്ലൂക്കര ഫാമിന്റെ ഭാഗമായിരുന്ന എട്ടുകെട്ട് മാതൃകയിൽ പരമ്പരാഗത രീതിയിൽ പണിതീർത്ത ഒരു കെട്ടിടം മണ്ണുത്തി ക്യാംപസിൽ അന്ന് ഉണ്ടായിരുന്നു. കാലങ്ങളായി ഉപയോഗശൂന്യമായി കിടന്ന ഈ കെട്ടിടം വിദ്യാർഥികള്‍ തന്നെ കേടുപാടുകള്‍ തീര്‍ത്ത് വൃത്തിയാക്കിയെടുത്ത് വെച്ചൂര്‍ പശുക്കളെ പാർപ്പിക്കാൻ ഇടം ഒരുക്കിയാണ് 1989 ജൂലൈ 26ന് വെച്ചൂര്‍ പരിരക്ഷണപദ്ധതിക്ക് ഔപചാരിക തുടക്കമിട്ടത്.
കല്ലേറുകൊണ്ട് കനൽ വഴികൾ താണ്ടി മുന്നേറിയ വെച്ചൂർപശു പരിരക്ഷണം
‘1989ൽ വെച്ചൂർ പശു കാര്‍ഷിക സർവകലാശാലയിൽ എത്തിയിരുന്നില്ലെങ്കില്‍ ഇങ്ങനെ ഒരു ജനുസ്സ് ഇന്നുണ്ടാകുമായിരുന്നില്ല. പലയിടങ്ങളില്‍ നിന്ന് തേടിപ്പിടിച്ചുകൊണ്ടുവന്ന എട്ട് ഉരുക്കളെ കൊച്ചിരാജാവിന്റെ വിശാലമായ പുരാതല ഗോശാലയില്‍ 1989 ജൂലൈ ഇരുപത്തിയാറിന് കുടിവയ്ക്കുമ്പോള്‍ എന്റെ പ്രാർഥന ഈ തൊഴുത്ത് ഒന്നു നിറഞ്ഞു കാണണമേ എന്നായിരുന്നു. എന്റെ പ്രാർഥന ദൈവം കേട്ടു, ഇന്ന് തൊഴുത്തില്‍ നിറയെ ലക്ഷണമൊത്ത വെച്ചൂർ സുന്ദരിക്കുട്ടികളും സുന്ദരക്കുട്ടന്മാരും. പച്ചപ്പരവതാനി വിരിച്ച മുറ്റത്തെ മാന്തണലില്‍ ഇളമാന്‍കുട്ടികളെപ്പോലെ തുള്ളിച്ചാടിക്കളിക്കുന്ന പശുക്കുട്ടികള്‍. സ്വപ്നസദൃശ്യമായ ഈ രംഗം കണ്ടുനില്‍ക്കുമ്പോള്‍ അനുഭവിച്ച വേദനകളെല്ലാം മറന്ന് മനസ്സ് ആനന്ദതുന്ദിലമാവുന്നു...’ വെച്ചൂര്‍ പശുക്കള്‍ക്കൊപ്പമുള്ള മൂന്ന് പതിറ്റാണ്ടിലധികം നീണ്ട തന്റെ ജീവിതയാത്രയെ ശോശാമ്മ ഐപ്പ് ടീച്ചർ ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്.
1988-1989 കാലഘട്ടത്തിൽ നാന്ദി കുറിച്ച വെച്ചൂർ പശു പരിരക്ഷണപദ്ധതിയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ പലഘട്ടങ്ങളിലും അഭിമുഖീകരിക്കേണ്ടി വന്ന പ്രതിസന്ധികളും പ്രയാസങ്ങളും പലവിധമായിരുന്നു. സംസ്ഥാനത്ത് അന്ന് നിലവിലുണ്ടായിരുന്ന ബ്രീഡിങ് നയത്തിന് വിരുദ്ധമായി നാടൻ പശുക്കൾക്ക് വലിയ പ്രാധാന്യം നൽകുന്നതിനെതിരെ ശാസ്ത്രസമൂഹത്തിൽനിന്നുവരെ വിമർശനങ്ങൾ ഉയർന്നു. വസ്തുതാരഹിതമായ ആരോപണങ്ങളുടെ മൂർച്ചയുള്ള മുനകൾ പലവുരു ശോശാമ്മ ടീച്ചർക്ക് നേരെ നീണ്ടു. കാര്‍ഷിക സര്‍വകലാശാലയിലെ വളരെ ചുരുക്കം അധ്യാപകരുടെ പിന്തുണ മാത്രമാണ് തുടക്കകാലത്ത് വെച്ചൂര്‍ പരിരക്ഷണ പ്രോജക്ടിന് ലഭിച്ചത്. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ തുടക്കം മുതല്‍ പദ്ധതിക്ക് മികച്ച സഹകരണം നല്‍കിയെങ്കിലും സര്‍വകലാശാലയിലെ അധ്യാപകരില്‍ മിക്കവരും സഹകരിക്കാന്‍ മടിച്ചു.
നീണ്ടനാളത്തെ അന്വേഷണത്തിനൊടുവില്‍ വെച്ചൂരില്‍ നിന്ന് പശുക്കളെ കണ്ടെത്തി മണ്ണുത്തി ഫാമിലെത്തിച്ചതോടെ ആരോപണങ്ങളും വിവാദങ്ങളും ഒന്നിനുപുറകെ ഒന്നൊന്നായെത്തി. മണ്ണുത്തിയിലെത്തിച്ച പശുക്കള്‍ വെച്ചൂര്‍ പശു അല്ലെന്നായിരുന്നു ആദ്യ ആരോപണം. 'വെച്ചൂര്‍ പശു ഇപ്പോഴില്ല, ഇവിടെ കൊണ്ടുവന്നു കെട്ടിയിരിക്കുന്നത് വെച്ചൂര്‍ പശുവെ അല്ല, പട്ടിണി കിടന്ന് വളര്‍ച്ച മുരടിച്ചുപോയ പശുക്കളെയാണ്' എന്നായിരുന്നു ആക്ഷേപം. ജനങ്ങള്‍ ഉപേക്ഷിച്ച ഈ ചാവാലി പശുക്കളെ തിരഞ്ഞുപിടിച്ചു കൊണ്ടുവന്നു വളര്‍ത്തിയിട്ട് എന്ത് പുണ്യം കിട്ടാനാണ് എന്നായിരുന്നു മറ്റൊരു കൂട്ടരുടെ ചോദ്യം. വെച്ചൂര്‍ പരിരക്ഷണപ്രവര്‍ത്തനങ്ങളില്‍ വിദ്യാർഥികള്‍ ടീച്ചര്‍ക്കൊപ്പം സഹകരിക്കുന്നത് തടയാന്‍ വരെ നീക്കം ഉണ്ടായി. ശോശാമ്മ ടീച്ചറെ സഹായിച്ച വിദ്യാർഥികളെ വഴിയില്‍ തടയുകയും അവര്‍ ടീച്ചറുടെ വീട്ടില്‍ വരുന്നത് വിലക്കാനും വരെ ശ്രമമുണ്ടായി. അതൊന്നും ഫലിക്കാതെ വന്നപ്പോള്‍ വെച്ചൂര്‍ പരിരക്ഷണ പരിപാടിക്ക് ടീച്ചര്‍ സഹകരിപ്പിക്കുന്നത് ഇടതുപക്ഷ അനുഭാവമുള്ള വിദ്യാർഥികളെ മാത്രമാണെന്ന് ദുരാരോപണം വന്നു. അത് പരാതിയായി വൈസ് ചാൻസലറുടെ മുന്നിലെത്തി. രാഷ്ട്രീയവും മതവും ജാതിയുമൊന്നും നോക്കിയല്ല വിദ്യാർഥികളെ സഹകരിപ്പിച്ചതെന്ന കുറിക്കു കൊള്ളുന്ന മറുപടിയാണ് ടീച്ചര്‍ ആ ദുരാരോപണത്തിന് അന്ന് നല്‍കിയത്. വെച്ചൂര്‍ പശുക്കളുടെ സംരക്ഷണത്തിന് സാമ്പത്തികസഹായം അനുവദിക്കുന്നതില്‍ സര്‍വകലാശാലയില്‍നിന്ന് നിരന്തരമായ മുടക്കവാദങ്ങള്‍ ഉയര്‍ന്നു. അധ്യാപകസംഘടനകളും ഡോക്ടര്‍മാരുടെ സംഘടനകളും വെച്ചൂര്‍ പരിരക്ഷണത്തിന് എതിരെയുള്ള നീക്കങ്ങളെ രഹസ്യമായും പരസ്യമായും പിന്തുണച്ചു.
ചെകുത്താൻ പോലും ചെയ്യാൻ മടിക്കുന്ന ക്രൂരതകൾ; മനുഷ്യവിഷം തീണ്ടി മരണപ്പെട്ട പശുക്കൾ
ചെകുത്താന്‍ പോലും ചെയ്യാന്‍ ധൈര്യപ്പെടാത്ത കൊടുംക്രൂരതകളാണ് മിണ്ടാപ്രാണികളോട് കാണിച്ചതെന്ന് ശോശാമ്മ ടീച്ചർ ഓര്‍ക്കുന്നു. ഗോഹത്യയും ഗോദഹനവും മുതല്‍ ഓഫീസ് രേഖകളുടെ മോഷണവും വ്യാജവാര്‍ത്തകളുടെ ചമയ്പും വിതരണവും എല്ലാം നടന്നു. 1993 സെപ്റ്റംബര്‍ മുതല്‍ സംശയകരമായ സാഹചര്യത്തിൽ വെച്ചൂര്‍ ഫാമില്‍ പശുക്കള്‍ പൊടുന്നനെ ചത്തുപോവാന്‍ തുടങ്ങി. 1993 സെപ്റ്റംബര്‍ മുതല്‍ 1996 മേയ് വരെയുള്ള കാലയളവില്‍ 19 വെച്ചൂർ പശുക്കളാണ് ഫാമില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. ആദ്യം മരണകാരണം പാമ്പുകടിയാണെന്നാണ് സംശയിച്ചത്. ചത്തുവീണ പതിനഞ്ചിലധികം പശുക്കളുടെ ജഡം അറുത്തുകീറി പരിശോധിച്ചിട്ടും സർവകലാശാലയിലെ രോഗനിദാനശാസ്ത്രജ്ഞന്‍മാര്‍ക്ക് മരണകാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നത് വിചിത്രമായിരുന്നു. ഒടുവില്‍ കാക്കനാട്ടെ ഫോറന്‍സിക് ലബോറട്ടറിയില്‍ നിന്ന് പരിശോധനാഫലം പുറത്തുന്നപ്പോഴാണ് മരണകാരണം ഫോറേറ്റ് വിഷമാണെന്നും അത് പുല്ലില്‍കൂടെ അകത്ത് ചെന്നാണ് പശുക്കള്‍ മരണപ്പെട്ടതെന്നും തെളിഞ്ഞത്. വെച്ചൂർ ഫാമിൽ വിതരണം ചെയ്യുന്ന തീറ്റപുല്ല് വഴിയുള്ള വിഷബാധയാണ് പശുക്കളുടെ മരണ കാരണം എന്നറിഞ്ഞതോടെ തുടര്‍ന്നും വിഷബാധയുണ്ടാവാം എന്ന ആശങ്കയെ തുടര്‍ന്ന് വെച്ചൂര്‍ ഫാമില്‍ പശുക്കള്‍ക്ക് തീറ്റപുല്ല് നല്‍കുന്നത് അവസാനിപ്പിക്കുക വരെയുണ്ടായി. പിന്നീട് കുറെകാലം വൈക്കോലും വെള്ളവും മാത്രമായിരുന്നു ആ മിണ്ടാപ്രാണിയുടെ തീറ്റ.
വെച്ചൂർ പശുക്കൾ വിഷബാധയേറ്റ് മരണപ്പെട്ടപ്പോൾ അതിന് പിന്നിൽ ശോശാമ്മ ടീച്ചർ ആണെന്ന് ദുരാരോപണം ഉന്നയിക്കാൻ വരെ ആളുകൾ ഉണ്ടായിരുന്നു. വെച്ചൂർ പരിരക്ഷണപദ്ധതി പരാജയം ആണെന്നും പദ്ധതിയുടെ പരാജയം മൂടിവെക്കാനും കാലാവധി പൂര്‍ത്തിയാക്കിയ വെച്ചൂര്‍ പ്രൊജക്ട് വീണ്ടും നിലനിര്‍ത്തുന്നതിന് വേണ്ടിയും പദ്ധതി വകുപ്പ് മേധാവി ആസൂത്രണം ചെയ്ത കുറുക്കുവിദ്യയാണ് വെച്ചൂര്‍ പശുക്കളുടെ കൊലപാതകമെന്ന് ശാസ്ത്രസാഹിത്യപരിഷത്ത് പ്രസിദ്ധീകരണമായ ശാസ്ത്രഗതി മാസിക 1996ല്‍ ലേഖനം എഴുതുക പോലുമുണ്ടായി. അന്ന് തൃശ്ശൂര്‍ എസ്പി ആയിരുന്ന ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വെച്ചൂർ പശുക്കളുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ചില്ലെങ്കിലും പുറത്തുനിന്ന് സമ്മര്‍ദ്ദം ഏറിയപ്പോള്‍ അന്വേഷണം പാതിവഴിയില്‍ നിലച്ചു.
വെച്ചൂര്‍ പശുക്കളുടെ മരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഒരു അന്വേഷണകമ്മറ്റിയെ നിയോഗിച്ചിരുന്നു. എന്നാല്‍ ഈ കമ്മറ്റി തികച്ചും ഏകപക്ഷീയമായി മുന്നോട്ട് നീങ്ങുകയും വെച്ചൂർ പരിരക്ഷണ പദ്ധതിയുടെ മേധാവിയായ ശോശാമ്മ ടീച്ചറെ തല്‍സ്ഥാനത്തുനിന്ന് മാറ്റാൻ നീക്കമാരംഭിക്കുകയും ചെയ്തതോടെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ ടീച്ചർ നിര്‍ബന്ധിതയായി തീർന്നു. ഇതേത്തുടര്‍ന്ന് കോടതി സർക്കാർ നിയോഗിച്ച അന്വേഷണ കമ്മറ്റിയുടെ തുടർനടപടികള്‍ സ്റ്റേ ചെയ്‌തെന്ന് മാത്രമല്ല, സംഭവത്തില്‍ നിരപരാധിയായ ടീച്ചറെ വെച്ചൂര്‍ പരിരക്ഷണപദ്ധതി മേധാവി സ്ഥാനത്തുനിന്ന് മാറ്റരുതെന്ന നിര്‍ദ്ദേശവും കോടതിയില്‍ നിന്നുണ്ടായി. വെച്ചുർപ്പശു പരിരക്ഷണപദ്ധതിയെ മുളയിലെ നുള്ളാനും ടീച്ചറെ തൽസ്ഥാനത്തുനിന്ന് നീക്കാനും അവഹേളിക്കാനും ചില ഗൂഢശക്തികൾ ആസൂത്രണം ചെയ്ത കണ്ണില്ലാത്ത ക്രൂരതയായിരുന്നു വിഷംനൽകിയുള്ള ഗോഹത്യ.
വെച്ചൂർ പരിരക്ഷണ പദ്ധതിയെ തകർക്കാനുള്ള ശ്രമങ്ങളും വിവാദങ്ങളും തുടര്‍ന്നുകൊണ്ടേയിരുന്നു. അക്കാലത്ത് വെച്ചൂർ ഫാം സന്ദര്‍ശിച്ച സംസ്ഥാന ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡിലെ ഒരുദ്യോഗസ്ഥന്‍ പറഞ്ഞത് ‘ഇവിടെ പാല്‍ വര്‍ദ്ധിപ്പിക്കുവാന്‍ ഞങ്ങള്‍ പാടുപെടുകയാണ്. എന്നാൽ സർവകലാശാലയിലെ ഒരു പ്രഫസ്സര്‍ എല്ലാം പുറകോട്ടടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്, കാളവണ്ടി യുഗത്തിലേക്കാണ് പോക്ക്’ എന്നായിരുന്നു. കുളമ്പുരോഗം ബാധിച്ച സങ്കരയിനം പശുവിനെ ആരുമറിയാതെ വെച്ചൂര്‍ പശുക്കളുടെ തൊഴുത്തില്‍ കൊണ്ടുകെട്ടി വെച്ചൂര്‍ പശുക്കള്‍ക്കു കുളമ്പ് രോഗം പടര്‍ത്താന്‍ വരെയുള്ള കുത്സിതശ്രമങ്ങള്‍ അക്കാലത്ത് നടന്നു. 1996ല്‍ ശോശാമ്മ ഐപ്പ് ടീച്ചര്‍ ലൈവ്സ്റ്റോക്ക് ഫാം മേധാവി ആയിരിക്കെ ഫാമില്‍ ഉണ്ടായ ഏറെ ദുരൂഹമായ തീപിടുത്തത്തെ തുടര്‍ന്ന് ഇരുപത്തിയെട്ട് പശുക്കളാണ് വെന്തൊടുങ്ങിയത്. ശോശാമ്മ ടീച്ചറെ കരിവാരിത്തേക്കാന്‍ വേണ്ടി ശ്രമിച്ച ഗൂഢശക്തികളുടെ കറുത്ത കൈകള്‍ തീപിടിത്തത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നത് വ്യക്തമായിരുന്നു. പതിവുപോലെ പോലീസ് അന്വേഷണം നടന്നെങ്കിലും കേസ് എങ്ങുമെത്തിയില്ല. ഈ സംഭവങ്ങള്‍ എല്ലാം ശോശാമ്മ ടീച്ചര്‍ എഴുതി ഈയിടെ പ്രസിദ്ധീകരിച്ച വെച്ചൂര്‍ പശു പുനര്‍ജന്മം എന്ന പുസ്തകത്തിൽ അവർ തുറന്നെഴുതിയിട്ടുണ്ട്.
പെരുംനുണകളും മാധ്യമവിചാരണകളും; വെച്ചൂർ പദ്ധതി തകർക്കാൻ പയറ്റിയത് ഗീബല്‍സിയന്‍ തന്ത്രം
വെച്ചൂർ പരിരക്ഷണപദ്ധതിയെ തകർക്കാൻ വേണ്ടി പ്രവർത്തിച്ച ഗൂഢശക്തികൾ പിന്നീട് ശ്രമിച്ചത് പദ്ധതിക്കെതിരെയും ശോശാമ്മ ടീച്ചർക്കെതിരെയും പെരുംനുണകൾ പടച്ചുവിടാൻ വേണ്ടിയായിരുന്നു. 'ഒരേ നുണ നൂറുവട്ടം ആവർത്തിച്ചു പറഞ്ഞാൽ അത് സത്യമായി മാറും' എന്ന ഗീബൽസിയൻ തന്ത്രമാണ് ഇത്തവണ അവർ പയറ്റിയത്. മലയാളത്തിലെ പ്രമുഖ പത്രങ്ങളെയും ചാനലുകളെയും ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കമുള്ള സംഘടനകളെയും ഇതിന് പദ്ധതി വിരുദ്ധർ കരുവാക്കി. വെച്ചൂർ പരിരക്ഷണപദ്ധതിക്കും ശോശാമ്മ ടീച്ചർക്കും നേരെ ഗുരുതരമായ ആരോപണങ്ങളും വ്യക്തിഹത്യ നടത്തുന്ന വാർത്തകളും മാധ്യമവിചാരണകളും ഇതേ തുടർന്നുണ്ടായി. ഇല്ലാക്കഥകൾ ഊതിപെരുപ്പിച്ച് ശോശാമ്മ ടീച്ചറെ വ്യക്തിപരമായി താറടിക്കാനും മാനസികമായി തളർത്താനും പൊതുസമൂഹത്തിന് മുന്നിൽ കുറ്റവാളിയായും രാജ്യദ്രോഹിയും ചിത്രീകരിക്കാനും വരെ ശ്രമങ്ങൾ പലതവണ നടന്നു.
1998 ഓഗസ്റ്റ് 2ന് ‘വെച്ചൂര്‍ പശുക്കള്‍ക്ക് ബ്രിട്ടണ്‍ പേറ്റന്റ് സമ്പാദിച്ചു’ എന്ന തലക്കെട്ടില്‍ ചില പത്രങ്ങൾ വാര്‍ത്ത നല്‍കുകയുണ്ടായി. ലോകത്ത് ക്ലോണിങ്ങിലൂടെ ആദ്യത്തെ ചെമ്മരിയാട്ടിന്‍ കുട്ടിക്ക് ജന്മം നല്‍കിയ സ്കോട്ട്ലാൻഡിലെ എഡിൻബർഗ് സർവകലാശാലയുടെ ഭാഗമായ റോസ്ലിൻ ഇൻസ്റ്റിറ്റ്യൂട്ടാണ് വെച്ചൂര്‍ പശുവിന് പേറ്റന്റ് സമ്പാദിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ട്. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയായ വന്ദന ശിവയെ ഉദ്ധരിച്ചായിരുന്നു പത്രം വാര്‍ത്ത നല്‍കിയത്. 1994ല്‍ സദ് വാര്‍ത്ത, ഇന്ത്യന്‍ കമ്മ്യൂണിക്കേറ്റര്‍ എന്നീ പത്രങ്ങള്‍ ഇതേ ദുരാരോപണം ഉന്നയിച്ചിരുന്നു. 1994 ഓഗസ്റ്റില്‍ വന്ന ഒരു വാര്‍ത്തയുടെ തലക്കെട്ട് വെച്ചൂര്‍ പശുക്കളുടെ ഭ്രൂണം വിദേശത്തേക്കു കടത്താന്‍ നീക്കം എന്നായിരുന്നു. രാജ്യത്തിന്റെ ജൈവപൈതൃകമായ ഒരു ജീവിജനുസ്സിന്റെ ജീന്‍ ഒരു വിദേശസ്ഥാപനത്തിന് ചോര്‍ത്തി നൽകിയെന്ന ആരോപണം രാജ്യദ്രോഹകുറ്റമായി ടീച്ചര്‍ക്ക് നേരെ നീണ്ടു. മാധ്യമങ്ങൾ ടീച്ചര്‍ക്കെതിരെ വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ തുടര്‍ച്ചയായി നല്‍കി. ഒരു കള്ളം പലതവണ പറഞ്ഞാല്‍ സത്യമാക്കി തീര്‍ക്കാമെന്ന ഗീബല്‍സിയന്‍ തന്ത്രമായിരുന്നു ഇത്.
മാധ്യമവാര്‍ത്തകൾക്ക് പിന്നാലെ ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയുടെ മാനേജ്മെന്റ് കൗണ്‍സില്‍ തൃശൂരിൽ യോഗം ചേര്‍ന്ന് ജീന്‍കള്ളക്കടത്തിനെ പറ്റി അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തി രാജ്യദ്രോഹത്തിന് ശിക്ഷിക്കണമെന്ന് പ്രമേയം പാസ്സാക്കി. ശോശാമ്മ ടീച്ചറെ ഉന്നംവെച്ച് നടത്തിയ പരോക്ഷമായ ഒരു നീക്കമായിരുന്നു ഇത്. രാജ്യദ്രോഹകുറ്റം ചുമത്തണമെന്ന പ്രമേയം പിറ്റേദിവസം ചില പത്രങ്ങളിൽ മുഖ്യവാർത്തയായി. എന്തിനേറെ അന്ന് ഇടതുമുന്നണി കൺവീനര്‍ ആയിരുന്ന വി.എസ്. അച്യുതാനന്ദന്‍ പോലും ഈ ആരോപണങ്ങള്‍ വിശ്വസിച്ച് ടീച്ചര്‍ക്ക് എതിരെ രംഗത്ത് വരികയും പത്രത്തിൽ അദ്ദേഹത്തിന്റെ നീണ്ട പ്രസ്ഥാവന പ്രസിദ്ധീകരിക്കുകയും ചെയ്തു. 1998 സെപ്റ്റംബര്‍ ഒന്‍പതിന് പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ വെച്ചൂര്‍ പരിരക്ഷണ പദ്ധതി മേധാവിയായ ശോശാമ്മ ടീച്ചറെ മാറ്റി നിര്‍ത്തി പദ്ധതിയെപ്പറ്റി സമഗ്ര അന്വേഷണം നടത്താൻ വി.എസ്. അച്യുതാനന്ദൻ ആവശ്യപ്പെട്ടു. ഇടതുമുന്നണി സംസ്ഥാനം ഭരിക്കുന്ന അന്ന് വി.എസ്. ഇടതുമുന്നണിയുടെ കണ്‍വീനർ മാത്രമല്ല സിപിഐ (എം)- ന്റെ പോളിറ്റ് ബ്യൂറോ മെംബറും കൂടിയാണ്. വെച്ചൂർ പരിരക്ഷണ പദ്ധതിയെയും ടീച്ചറെയും അവഹേളിക്കാനും നുണകൾ പടച്ചുവിടാനും മുൻപന്തിയിൽനിന്ന മാധ്യമപ്രവർത്തകർക്ക് അംഗീകാരവും അവാർഡുകളും നൽകാൻ വരെ വെറ്ററിനറി സമൂഹത്തിൽനിന്ന് സംഘടകൾ മുന്നോട്ടുവന്നു എന്നതായിരുന്നു മറ്റൊരു വിരോധാഭാസം.
വെച്ചൂര്‍ പശുക്കള്‍ക്ക് വിദേശ സർവകലാശാല പേറ്റന്റ് നേടിയെന്ന വാർത്തയും ജീൻകള്ളക്കടത്ത് നടത്തിയെന്ന ആരോപണവുമെല്ലാം കാമ്പില്ലാത്ത വാദങ്ങളാണെന്ന് ക്രമേണ തെളിഞ്ഞു. കാര്‍ഷിക സര്‍വകലാശാലയിൽ വെറ്ററിനറി ഫാക്കല്‍റ്റിയിൽ നിന്നും കോമണ്‍വെല്‍ത്ത് സ്കോളര്‍ഷിപ്പ് ലഭിച്ച് റോസ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പിഎച്ച്ഡിക്കു പ്രവേശനം ലഭിച്ച ഡോ. എ.പി.ഉഷ വെച്ചൂര്‍ പശുവിന്റെ വിശദവിവരങ്ങളും റോസ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ഒരു ഗവേഷക പദ്ധതി നടപ്പാക്കുന്നതിന്റെ സാധ്യത ആരാഞ്ഞുകൊണ്ടും ഒരു കത്തയച്ചിരുന്നു. എഡിൻബർഗ് സര്‍വകലാശാലയിലെ ഒരു പ്രഫസ്സറും ഇതേ കാര്യങ്ങൾ സൂചിപ്പിച്ച് കാര്‍ഷിക സര്‍വകലാശാലയുമായി ആശയവിനിമയം നടത്തിയിരുന്നു. വെച്ചൂര്‍ പശുക്കളെപ്പോലെയുള്ള ചെറിയ പശുക്കളെപ്പറ്റി സംയുക്ത ഗവേഷണം നടത്തുന്നതിന് എഡിൻബർഗ് യൂണിവേഴ്സിറ്റി താല്‍പര്യം പ്രകടപ്പിച്ചതാണ് ജീന്‍ കള്ളക്കടത്തായി വെച്ചൂർ പരിരക്ഷണപദ്ധതിക്ക് എതിരെ പ്രവർത്തിച്ച സ്ഥാപിതതാൽപര്യക്കാർ ഊതിപ്പെരുപ്പിച്ചത്. വാസ്തവത്തില്‍ വെച്ചൂര്‍ പശുവിന്റെ ഏതെങ്കിലും ഗുണങ്ങള്‍ക്ക് പേറ്റന്റ് എടുക്കാന്‍ ആര്‍ക്കെങ്കിലും ഉദ്ദേശമുണ്ടാരുന്നെങ്കില്‍ അവയെല്ലാം മുന്നൊഴിവാക്കുകയാണ് കാര്‍ഷിക സര്‍വകലാശാലയിലെ വെച്ചൂർ പരിരക്ഷണ പദ്ധതി ചെയ്തത്. വെച്ചൂര്‍ പശുക്കളുടെ വിശേഷഗുണങ്ങളെപ്പറ്റി ഗവേഷണം നടത്തി ശാസ്ത്രീയറിപ്പോര്‍ട്ടുകള്‍ പുറത്തിറക്കിയശേഷം ലോകത്തുള്ള മറ്റൊരാൾക്കും അവയെ പേറ്റന്റ് ചെയ്യാൻ സാധ്യമല്ല. ഇന്ത്യയില്‍ ഇത് പുതിയ ഒരു കാല്‍വെപ്പായിരുന്നു. ഇതിനെയാണ് പരിസ്ഥിതിപ്രവര്‍ത്തക വന്ദനാ ശിവയും കാർഷിക സർവകലാശാലയിലെ നിഗൂഢസംഘവും ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് അപകീര്‍ത്തിപ്പെടുത്തി ഇല്ലാതാക്കാന്‍ പലവുരു ശ്രമിച്ചത്.
ദുരാരോപണങ്ങളും വ്യാജവാർത്തകളും അതുകൊണ്ടൊന്നും അവസാനിച്ചില്ല. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെയും കാര്‍ഷിക സര്‍വകലാശാലയുടേയും അനുമതിയില്ലാതെ വെച്ചൂര്‍ പശുക്കളുടെ ജനിതകദ്രവ്യം സ്വിറ്റ്സര്‍ലൻഡിലെ ബേണ്‍ സര്‍വകലാശാല ആനിമല്‍ ബ്രീഡിങ് ഇന്‍സ്റ്റിറ്റ്യൂട്ട് വിശദമായ ജനിതകപഠനത്തിന് വിധേയമാക്കിയെന്നും അങ്ങനെ വെച്ചൂരിന്റെ ജനിതകദ്രവ്യം പത്തു വര്‍ഷം മുമ്പ് കടത്തിയെന്നും 1998ല്‍ ഓഗസ്റ്റില്‍ ഒരു പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചു. കേന്ദ്ര ഗവണ്‍മെന്റ് അംഗീകരിച്ച സംയുക്ത ഗവേഷണ പദ്ധതിയുടെ ഭാഗമായി പശുക്കളുടെ രക്തഗ്രൂപ്പ് നിര്‍ണ്ണയത്തിനു വേണ്ടി നാടന്‍ പശുവിന്റെ രക്തസാമ്പിള്‍ ശേഖരിച്ച് അയച്ചതാണ് ജനിതകദ്രവ്യത്തിന്റെ കള്ളക്കടത്തായി വ്യാഖ്യാനിച്ച് തൽപരകക്ഷികള്‍ വാര്‍ത്ത നല്‍കിയത്.
1997ല്‍ അമേരിക്കയിലുള്ള മകളുടെ പ്രസവസമയത്ത് ശോശാമ്മ ടീച്ചര്‍ അവധിയെടുത്ത് അമേരിക്കയില്‍ പോയത് വരെ വാർത്തയും വിവാദവിഷയവുമാക്കി. ശോശാമ്മ ഐപ്പിന്റെ അമേരിക്കന്‍ യാത്രയില്‍ ദുരൂഹതയുണ്ടെന്ന് ഇടതുപക്ഷ ദിനപത്രം എഴുതി. വാര്‍ത്തയ്ക്കൊപ്പം നല്‍കിയ ചിത്രത്തിന്റെ അടിക്കുറിപ്പ് 'കൈവിട്ടനിധി- വെച്ചൂര്‍ പശുവും കിടാവും' എന്നായിരുന്നു. വെച്ചൂര്‍ പശുവിൽനിന്ന് സംഭരിച്ച ഭ്രൂണം തവളയുടെയും, എലിയുടെയും ഗര്‍ഭപാത്രത്തിലാക്കി കടത്തി എന്നുവരെ പത്രങ്ങളില്‍ വാര്‍ത്തകൾ വന്നു. മുട്ടയിടുന്ന തവളയക്ക് ഗര്‍ഭപാത്രമില്ലാത്ത അടിസ്ഥാനവസ്തുത വരെ വ്യാജവാര്‍ത്ത ചമച്ചവര്‍ മറന്നു.
വെച്ചൂര്‍ പശുക്കളുടെ ലക്ഷണങ്ങള്‍ പ്രകടമാകുന്ന പശുക്കളെ നാടന്‍ പശുക്കളുടെ ഫീല്‍ഡ് യൂണിറ്റ് സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെ വളര്‍ത്താന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ക്ക് കൈമാറിയത് അനധികൃത വില്‍പ്പനയാണെന്ന് വാര്‍ത്തകള്‍ വന്നു. പശുക്കൾ കർഷകരുടെ കൈകളിൽ എത്തിയില്ലെങ്കിൽ പിന്നെങ്ങനെ സംരക്ഷിക്കപ്പെടും? ഈ ആലോചനകൾ ഒന്നും വ്യാജവാർത്തകൾ ചമച്ച ലോബിക്കുണ്ടായിരുന്നില്ല. വെച്ചൂര്‍ പശു സംരക്ഷണ ട്രസ്റ്റ് സ്ഥാപിച്ച് ശോശാമ്മ ടീച്ചര്‍ അതില്‍ അംഗമായത് വരെ വിവാദമായി പടര്‍ന്നുപിടിച്ചു. വെച്ചൂര്‍ പശു പരിരക്ഷണ പദ്ധതി മേധാവിയുടെ നേതൃത്വത്തില്‍ സ്വകാര്യ ട്രസ്റ്റ് എന്നായിരുന്നു ആരോപണം. അങ്ങനെ അനവധി അധിക്ഷേപങ്ങളുടെയും അവഹേളനങ്ങളുടെയും അസത്യപ്രചാരണങ്ങളിലുടെയും നിരതന്നെ പലരൂപത്തില്‍ പലതവണകളായി പലയിടങ്ങളില്‍ നിന്നായി വെച്ചൂര്‍ പരിരക്ഷണ പദ്ധതിക്കും ശോശാമ്മ ടീച്ചര്‍ക്കും നേരെയുണ്ടായി.
വെച്ചൂർ പരിരക്ഷണം ഒഴുക്കിനെതിരെ നടത്തിയ തുഴച്ചിൽ
ആരംഭം മുതലേ വെച്ചൂര്‍ പശു സംരക്ഷണം ഒഴുക്കിനെതിരെ നടത്തിയ തുഴച്ചിലായിരുന്നെന്ന ടീച്ചർ പറയുന്നു. എന്നാൽ ഈ വെല്ലുവിളികൾക്കൊന്നും വെച്ചൂർ പശുക്കളുടെ വംശവളർച്ചയെ തളർത്താനായില്ല. കാരണം വെച്ചൂർ പരിരക്ഷണത്തിന് പിൻബലമായി ശോശാമ്മ ടീച്ചറുടെ നിശ്ചയദാർഢ്യമുള്ള നേതൃത്വവും, ടീച്ചറുടെ ജീവിതപങ്കാളി ഡോ. എബ്രഹാം വർക്കിയുടെയും, ഡോ. കെ.സി.രാഘവൻ, ഡോ. ആർ.തിരുപ്പതി വെങ്കിടാചലപതി തുടങ്ങിയ ചുരുക്കം ചില സഹപ്രവർത്തകരുടെയും, ഡോ. അനിൽ സഖറിയ, ഡോ. കെ.സി.ജയൻ, ഡോ. ജയൻ ജോസഫ് അടക്കമുള്ള ടീച്ചറുടെ ഉത്സാഹികളായ ശിഷ്യന്മാരുടെയും പരിധികളില്ലാത്ത പിന്തുണയും കലവറയില്ലാത്ത കരുതലുമുണ്ടായിരുന്നു. അതിജീവനജിഹ്വ മുഴക്കി സ്ഥിരോത്സാഹത്തോടെ മുന്നേറിയ ഈ വംശരക്ഷാ പ്രവര്‍ത്തനത്തിന്റെ ഫലമായി നിരവധി തലമുറ വെച്ചൂർ പശുക്കളെ ഉല്‍പ്പാദിപ്പിക്കാനും അതുവഴി കേരളത്തിന്റെ തനത് കന്നുകാലി ജനിതക സമ്പത്തിനെ വംശനാശത്തിന് വിട്ടുനൽകാതെ കാത്തുസൂക്ഷിക്കാനും സാധ്യമായി. ജനിതകമേന്മയുള്ള വെച്ചൂർ പശുക്കൾ പരിരക്ഷണ കേന്ദ്രത്തിൽ നിന്നും ക്രമേണ പശുക്കളെ സംരക്ഷിക്കാൻ തയ്യാറുള്ള കര്‍ഷകരിലേക്കും എത്തി. സര്‍വകലാശാലയില്‍ നിന്ന് ടീച്ചറും, കുട്ടികളുടെ സംഘവും വെച്ചൂര്‍പശുക്കളെ തേടി വെച്ചൂരിലെ വീടുകളില്‍ ചെന്നപ്പോള്‍ എല്ലാറ്റിനേയും നശിപ്പിച്ചിട്ട് നിങ്ങളിപ്പോള്‍ വെച്ചൂര്‍ പശുക്കളെ തേടിയിറങ്ങിയിരിക്കുകയാണോ എന്ന് ചോദിച്ചുകൊണ്ട് രോഷത്തോടെയാണ് നാട്ടുകാര്‍ അവരെ നേരിട്ടതെന്ന് ടീച്ചര്‍ ഓര്‍ക്കുന്നു. എന്നാല്‍ വെച്ചൂര്‍ പരിരക്ഷണ പദ്ധതി വിജയകരമായി പുരോഗമിക്കുന്നതിനിടെ ഒരിക്കല്‍ വെച്ചൂരിലെത്തിയ ശോശാമ്മ ടിച്ചറെ വെച്ചൂരിന്റെ അമ്മ എന്ന് വിളിച്ച് സ്നേഹാദരവുകളോടെയാണ് ജനങ്ങള്‍ സ്വാഗതം ചെയ്തത്.
രാജ്യത്തെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ഒരു കന്നുകാലി ജനുസ്സ് എന്ന നിലയിൽ വെച്ചൂർ പശുക്കളെ തേടി ബ്രീഡ് പദവിയെത്തുന്നത് 2001ൽ ആണ്. രാജ്യത്തെ വംശനാശം നേരിടുന്ന കാലിജനുസ്സിനെ സംരക്ഷിക്കുന്നതിന് വേണ്ടി ഇന്ന് നടപ്പിലാക്കുന്ന പദ്ധതികള്‍ക്കെല്ലാം ദിശാബോധം നല്‍കിയ പദ്ധതിയാണ് വെച്ചൂര്‍ പരിരക്ഷണ പദ്ധതി. വെച്ചൂര്‍ പദ്ധതിയുടെ മാതൃക പിന്തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളും നാടന്‍ കന്നുകാലി ഗവേഷണ പരിപാടികളും സംരക്ഷണ പദ്ധതികളും ആരംഭിച്ചു. വെച്ചൂര്‍ രാജ്യത്തെ മുപ്പതാമത്തെ കാലിജനുസ്സായി അംഗീകരിക്കപ്പെട്ടതിന് പിന്നാലെ മലനാട് ഗിഡ്ഢ, പുൻഗനൂർ തുടങ്ങി 14 കന്നുകാലി ജനുസ്സുകള്‍ കൂടി ബ്രീഡ് കലണ്ടറില്‍ ഇടംപിടിച്ചു.
ലോക ഭക്ഷ്യകാർഷിക സംഘടന ( Food and agriculture organization ) 2012ൽ പ്രത്യേക പരിരക്ഷണം അനിവാര്യമായ വളർത്തുമൃഗങ്ങളുടെ ജനിതകവൈവിധ്യ രേഖയിൽ വെച്ചൂർ പശുക്കളെ ഉൾപ്പെടുത്തി. ഉയരക്കുറവിന്റെ പേരിൽ വെച്ചൂർ പശുക്കളുടെ തലപ്പൊക്കം ഗിന്നസ് ബുക്കോളം ഉയർന്നു. ഇന്ന് മണ്ണുത്തി വെറ്ററിനറി കോളേജിൽ വിപുലമായ രീതിയിൽ വെച്ചൂർ പശുക്കൾക്കു വേണ്ടിയുള്ള പരിരക്ഷണകേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. മണ്ണുത്തിയിലെ കേന്ദ്രം കൂടാതെ വെറ്ററിനറി സർവകലാശാലയുടെ തൃശ്ശൂർ തുമ്പൂർമുഴി കേന്ദ്രത്തിലും പാലക്കാട് തിരുവാഴംകുന്ന് കേന്ദ്രത്തിലും വയനാട് പൂക്കോട് കേന്ദ്രത്തിലും വെച്ചൂർ പരിരക്ഷണത്തിനായി ഫാമുകൾ പ്രവർത്തിക്കുന്നുണ്ട്. വർഷത്തിൽ പരിമിത എണ്ണം കിടാക്കളെ മണ്ണുത്തി കേന്ദ്രത്തിൽ നിന്നും കർഷകർക്ക് വിതരണം ചെയ്യുന്നുണ്ട്. വെച്ചൂര്‍ പശുക്കളുടെ വംശവര്‍ധനയ്ക്ക് കൃത്രിമ ബീജാധാനമടക്കമുള്ള സേവനങ്ങള്‍ ഇന്ന് സര്‍ക്കാര്‍ തലത്തില്‍ ലഭ്യമാണ്. കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് (കെഎൽഡിബി) സംസ്ഥാനത്തെ മൃഗാശുപത്രികൾ വഴിയാണ് വെച്ചൂർ പശുക്കളുടെ ബീജം ലഭ്യമാക്കുന്നത്. മണ്ണുത്തി വെച്ചൂർ സംരക്ഷണ കേന്ദ്രത്തിൽ നിന്നും ചുരുങ്ങിയ നിരക്കിൽ ശീതീകരിച്ച ബീജം കർഷകർക്ക് ലഭ്യമാക്കുന്നുണ്ട്.
വെച്ചൂർപ്പശു പുനർജ്ജന്മം: സമാനതകൾ ഇല്ലാത്ത മഹാദൗത്യം
കേരളത്തിന്റെ മണ്ണിൽ ഉയർന്നുവന്ന ഐതിഹാസികമായ സൈലന്‍റ് വാലി പ്രക്ഷോഭം ഒരു തുണ്ട് വനത്തിനോ ഒരു കൊച്ചു പുഴയ്ക്കോ വേണ്ടിയുള്ള സമരമായിരുന്നില്ല, മറിച്ച് എല്ലാ വനങ്ങള്‍ക്കും പുഴകള്‍ക്കും വേണ്ടിയുള്ള യുദ്ധമായാണ് പിൻകാലത്ത് സൈലന്‍റ് വാലി പ്രക്ഷോഭം പരിഗണിക്കപ്പെട്ടത്. അതുപോലെ ഒരു കാലിജനുസ്സിനോ ഇനത്തിനോ വേണ്ടി മാത്രമുള്ള പദ്ധതി ആയിരുന്നില്ല വെച്ചൂര്‍ പശു പരിരക്ഷണം. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ തനത് ജനുസ്സുകള്‍ക്കും ഇനങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടമായി വെച്ചൂര്‍ പശു സംരക്ഷണം വളര്‍ന്നു. വംശനാശം നേരിടുന്ന കാലിവര്‍ഗ്ഗങ്ങളെ സംരക്ഷിക്കുന്നതിനെ കുറിച്ച് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണകൗണ്‍സില്‍ ചിന്തിക്കുക പോലും ചെയ്യുന്നതിന് മുന്‍പാണ് ആ കൂട്ടത്തില്‍ ഒന്നിനെ രക്ഷിക്കാനുള്ള പദ്ധതിക്കു കേരളത്തിൽ തുടക്കമിട്ടതെന്നത് എടുത്ത് പറയേണ്ട വസ്തുതയാണ്. രാജ്യത്തിന്റെ പൈതൃകവും ജൈവസമ്പത്തുമായ തനത് വളര്‍ത്തുമൃഗജനുസ്സുകളുടെ പരിരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗദീപവും മാതൃകയുമാവാന്‍ വെച്ചൂര്‍ പശുസംരക്ഷണ പദ്ധതിക്കായി. സൈലന്‍റ് വാലി സമരത്തിന് ശേഷം കേരളം കണ്ട വലിയ ജൈവസംരക്ഷണ മുന്നേറ്റമായി പരിഗണിക്കപ്പെടേണ്ട പരിശ്രമമാണ് വെച്ചൂര്‍ പശുസംരക്ഷണം. വെച്ചൂർ പശുക്കളുടെ പുനർജന്മത്തിന് പിന്നിൽ വെല്ലുവിളികളെയെല്ലാം ഒന്നൊന്നായി മറികടന്ന് മുന്നേറിയ കഠിനാധ്വാനത്തിന്റെയും ആരോപണങ്ങളെയും അവഹേളനങ്ങളെയും അതിജീവിച്ച ആർജവത്തിന്റെയും കൈയ്യൊപ്പുണ്ട്. വെച്ചൂർ പരിരക്ഷണ പരിശ്രമത്തിന് നേതൃത്വം നൽകിയ ഡോ. ശോശാമ്മ ടീച്ചറെ രാജ്യം ഈ വർഷം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചപ്പോൾ അംഗീകരിക്കപ്പെട്ടത് ഇന്ന് മുപ്പത്തിമൂന്ന് പിന്നിട്ടും മുന്നേറുന്ന വെച്ചൂർ പശുവിന്റെ പുനർജന്മത്തിന് വേണ്ടിയുള്ള സമാനതകളില്ലാത്ത മഹാദൗത്യമാണ്.
English summary: How Sosamma Iype became the icon of native cow breed conservation