30 ലക്ഷം ക്ഷീരകർഷകരുടെ കൂട്ടായ്മ; വാർഷികവരുമാനം 55,000 കോടി; അമുലിന്റെ അറിയാക്കഥകൾ
ചൂഷണം ചെറുത്തുതോൽപ്പിച്ച ക്ഷീരശക്തി; പാൽ തെരുവിലൊഴുക്കിയ സമരത്തിൽനിന്ന് പിറവി; ഇത് സമാനതകളില്ലാത്ത ക്ഷീരമുന്നേറ്റഗാഥ ഭാഗം 2 1946 ഡിസംബർ 14നാണ് കെയ്റ ഡിസ്ട്രിക്ട് കോ–ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് ഔപചാരികമായി റജിസ്റ്റർ ചെയ്തത്. സഹകരണസംഘത്തിന് സ്വന്തമായി പാൽ പാസ്ചറൈസേഷൻ
ചൂഷണം ചെറുത്തുതോൽപ്പിച്ച ക്ഷീരശക്തി; പാൽ തെരുവിലൊഴുക്കിയ സമരത്തിൽനിന്ന് പിറവി; ഇത് സമാനതകളില്ലാത്ത ക്ഷീരമുന്നേറ്റഗാഥ ഭാഗം 2 1946 ഡിസംബർ 14നാണ് കെയ്റ ഡിസ്ട്രിക്ട് കോ–ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് ഔപചാരികമായി റജിസ്റ്റർ ചെയ്തത്. സഹകരണസംഘത്തിന് സ്വന്തമായി പാൽ പാസ്ചറൈസേഷൻ
ചൂഷണം ചെറുത്തുതോൽപ്പിച്ച ക്ഷീരശക്തി; പാൽ തെരുവിലൊഴുക്കിയ സമരത്തിൽനിന്ന് പിറവി; ഇത് സമാനതകളില്ലാത്ത ക്ഷീരമുന്നേറ്റഗാഥ ഭാഗം 2 1946 ഡിസംബർ 14നാണ് കെയ്റ ഡിസ്ട്രിക്ട് കോ–ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് ഔപചാരികമായി റജിസ്റ്റർ ചെയ്തത്. സഹകരണസംഘത്തിന് സ്വന്തമായി പാൽ പാസ്ചറൈസേഷൻ
ഭാഗം 2
1946 ഡിസംബർ 14നാണ് കെയ്റ ഡിസ്ട്രിക്ട് കോ–ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് ഔപചാരികമായി റജിസ്റ്റർ ചെയ്തത്. സഹകരണസംഘത്തിന് സ്വന്തമായി പാൽ പാസ്ചറൈസേഷൻ പ്ലാന്റ് ഉണ്ടായിരിക്കണം എന്ന നിർദ്ദേശം ആദ്യമായി മുന്നോട്ട് വച്ചതും പ്രചോദിപ്പിച്ചതും പാൽ സഹകരണം എന്ന ആശയത്തിന്റെ ശിൽപി സർദാർ വല്ലഭായി പട്ടേൽ തന്നെയായിരുന്നു. കെയ്റ ഡിസ്ട്രിക്ട് കോ–ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് 1948 ജൂൺ മുതൽ ബോംബെ മിൽക്ക് സ്കീമിനായി യൂണിയൻ പാൽ പാസ്ചറൈസ് ചെയ്യാൻ തുടങ്ങി. രണ്ട് ഗ്രാമീണ സഹകരണ സംഘങ്ങളിലെ കർഷകരിൽ നിന്നുള്ള 250 ലീറ്റർ പാലായിരുന്നു തുടക്കത്തിൽ സംസ്കരണം നടത്തിയത്. ആ വർഷം അവസാനത്തോടെ, കൂടുതൽ കർഷകർ ഗ്രാമീണ സൊസൈറ്റികളിൽ ചേരുകയും യൂണിയൻ കൈകാര്യം ചെയ്യുന്ന പാലിന്റെ അളവ് പ്രതിദിനം 5000 ലീറ്ററായി വർധിക്കുകയും ചെയ്തു.
മാറ്റത്തിന്റെ പാൽകാറ്റ് വീശുന്നു; വർഗീസ് കുര്യൻ വരുന്നു ആനന്ദിലേക്ക്
1921 നവംബർ 26ന് കോഴിക്കോട്ടെ വളരെ സമ്പന്നമായ സുറിയാനി ക്രിസ്ത്യൻ കുടുംബത്തിലാണ് വർഗീസ് കുര്യൻ ജനിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ റെയിൽവേ മന്ത്രിയായിരുന്ന ജോൺ മത്തായി അദ്ദേഹത്തിന്റെ മൂത്ത അമ്മാവനായിരുന്നു. വർഗീസ് കുര്യൻ ചെന്നൈ ലയോള കോളജിൽനിന്ന് ഫിസിക്സ് ബിരുദവും ഗിണ്ടിയിലെ കോളജ് ഓഫ് എൻജിനിയറിങ്ങിൽനിന്ന് മെക്കാനിക്കൽ എൻജിനിയറിങ് ബിരുദവുമെടുത്തു. പിന്നീട് ഇന്ത്യയിലെ ബ്രിട്ടീഷ് സർക്കാറിന്റെ പാശ്ചാത്യസർവകലാശാലകളിൽ പഠിക്കാനും ബിരുദാനന്തര ബിരുദം നേടാനുമുള്ള സ്കോളർഷിപ്പ് ലഭിച്ച കുര്യൻ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിരുദാനന്തര ബിരുദമെടുക്കാൻ അമേരിക്കയിലെ മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലേക്ക് പോയി. 1946ൽ ആനന്ദ് ക്ഷീരസഹകരണ പ്രസ്ഥാനത്തിന് കെയ്റയിൽ തുടക്കം കുറിച്ച അതേ വർഷം തന്നെയാണ് വർഗീസ് കുര്യനെ പാശ്ചാത്യസർവകലാശാലകളിൽ ബിരുദാനന്തര ബിരുദം നേടാനുള്ള സ്കോളർഷിപ്പിന് തിരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ തുടർപഠനം അമേരിക്കയിലെ മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ സ്പോൺസർ ചെയ്തത് ഇന്ത്യാ ഗവൺമെന്റിന്റെ കാർഷിക മന്ത്രാലയമായിരുന്നു. മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഇന്ന് ലോകത്തിലെ ക്ഷീര ഗവേഷണത്തിനുള്ള ഏറ്റവും മികച്ച സ്ഥലമായി പരിഗണിക്കപ്പെടുന്നു.
ഡെയറി ടെക്‌നോളജിയിൽ ചില നിർബന്ധിത കോഴ്‌സുകളോടെ മെറ്റലർജിയിൽ ബിരുദാനന്തരബിരുദം നേടിയ കുര്യൻ, 1949ൽ ഇന്ത്യയിലേക്ക് മടങ്ങി. തുടർപഠനം സർക്കാർ സ്പോൺസർ ചെയ്ത സാഹചര്യത്തിൻ ഇന്ത്യാ ഗവൺമെന്റുമായുള്ള ബോണ്ട് കരാർ അദ്ദേഹത്തിന് പൂർത്തിയാക്കേണ്ടതുണ്ടായിരുന്നു. 1949ൽ അദ്ദേഹത്തെ ഡെയറി ഓഫീസറായി ആനന്ദിലെ ക്ഷീരകേന്ദ്രത്തിൽ സർക്കാർ നിയമിച്ചു. മനസ്സില്ലാമനസോടെയാണ് ഒരു ക്ഷീരസ്ഥാപനത്തിൽ ജോലി ചെയ്യാൻ മെറ്റലർജിയിൽ താൽപര്യമുള്ള കുര്യൻ 1949 മേയ് 13ന് എത്തിയത്. എത്രയും വേഗം ബോണ്ട് പൂർത്തിയാക്കി പുറത്തുകടക്കുക എന്നതായിരുന്നു വർഗീസ് കുര്യന്റെ ആഗ്രഹം. വർഗീസ് കുര്യന്റെ ഓഫീസുള്ള അതേ കാമ്പസിലായിരുന്നു കെയ്റ സഹകരണ സ്ഥാപനത്തിന്റെയും ഡെയറി പ്ലാന്റ്. തന്റെ ഒഴിവുസമയങ്ങളിൽ ഇടയ്ക്കിടെ അദ്ദേഹം അവിടെ എത്തുമായിരുന്നു. എൻജിനിയറിങ്ങിൽ അതീവ തൽപരനായ വർഗീസ് കുര്യൻ കെയ്റ സഹകരണ സ്ഥാപനത്തിന്റെ ഡെയറി പ്ലാന്റിലെ പഴയ യന്ത്രങ്ങൾ കേടുപാടുകൾ തീർക്കാൻ ഇടയ്ക്കിടെ സഹായിച്ചു. ആനന്ദ് ക്ഷീര സഹകരണ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ തൃഭുവൻദാസ് കിഷിബായി പട്ടേൽ സഹകരണ മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങളിലും ക്ഷീരകർഷകർ നേരിടുന്ന ചൂഷണം പ്രതിരോധിക്കാൻ നടത്തുന്ന പോരാട്ടങ്ങളിലും കുര്യൻ ആകൃഷ്ടനാകുന്നത് ഈ സമയത്താണ്. ക്രമേണ ത്രിഭുവൻദാസ് പട്ടേലുമായും അദ്ദേഹം ഏറെ അടുത്തു. വർഗീസ് കുര്യനും അമൂലും തമ്മിലുള്ള ചരിത്രം അടയാളപ്പെടുത്തിയ ഒരു വലിയ ബന്ധത്തിന്റെ തുടക്കം അങ്ങനെയായിരുന്നു.
ഒരിക്കൽ കെയ്റ ഡിസ്ട്രിക്ട് കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് പ്ലാന്റിലെ പതിവ് അറ്റകുറ്റപ്പണികൾക്ക് ശേഷം വർഗീസ് കുര്യൻ തന്റെ സുഹൃത്തായ ത്രിഭുവൻദാസ് പട്ടേലിനോട് ഒരു നിർദേശം പങ്കുവച്ചു. സഹകരണസംഘത്തിന് തുടർന്നും നിലനിൽക്കാൻ ആഗ്രഹമുണ്ടെങ്കിൽ ആനന്ദിലെ നിലവിലുള്ള പഴയ യന്ത്രങ്ങൾ അടങ്ങിയ തുരുമ്പിച്ച പ്ലാന്റ് പൊളിച്ച് പുതിയത് നിർമിക്കാനായിരുന്നു ആ നിർദേശം. അപ്പോഴേക്കും ആനന്ദ് ക്ഷീര പ്രസ്ഥാനത്തിന്റെ സഹയാത്രികനായി മാറിക്കഴിഞ്ഞിരുന്ന വർഗീസ് കുര്യന്റെ നിർദ്ദേശം തള്ളിക്കളയാൻ ത്രിഭുവൻ ദാസിനോ ആനന്ദ് പ്രസ്ഥാനത്തിലെ മറ്റ് നേതാക്കൻമാർക്കോ കഴിയുമായിരുന്നില്ല. ആനന്ദിൽ ഒരു പുതിയ ഡെയറി പ്ലാന്റ് സ്ഥാപിക്കുന്നതിനായി അന്നത്തെ 40,000 രൂപ സമാഹരിക്കുക എന്ന ദൗത്യം ത്രിഭുവൻദാസ് പട്ടേൽ നേരിട്ട് ഏറ്റെടുക്കുകയും അത് നിർമിക്കാൻ കുര്യനോട് ആവശ്യപ്പെടുകയും ചെയ്തു. പ്രതിഫലം ഒന്നും കൂടാതെ വർഗീസ് കുര്യൻ ആ ദൗത്യം ഏറ്റെടുത്തു. 1950ൽ ത്രിഭുവൻദാസ് പട്ടേൽ കെയ്റ ഡിസ്ട്രിക്ട് കോ–ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡിൽ (KDCMPUL) വർഗീസ് കുര്യന് ജനറൽ മാനേജരുടെ പദവി വാഗ്ദാനം ചെയ്തു. സന്തോഷത്തോടെ ആ വാഗ്ദാനം സ്വീകരിച്ച കുര്യൻ തന്റെ നിലവിലുള്ള ജോലി ഉപേക്ഷിച്ച് ആനന്ദ് പ്രസ്ഥാനത്തിനൊപ്പം പൂർണ സമയം പ്രവർത്തിക്കാൻ ആരംഭിക്കുകയും ചെയ്തു. പിന്നീടുള്ള കാര്യങ്ങൾ ഇന്ത്യയുടെ ക്ഷീരവളർച്ചയുടെ കൂടെ ചരിത്രമാണ്. ഒരു പാൽ കമ്മി രാജ്യമായിരുന്ന ഭാരതത്തെ ലോകത്തെ പാലുൽപാദനത്തിന്റെ 23 ശതമാനം സംഭാവന ചെയ്യുന്ന പാൽക്കുടമാക്കി മാറ്റിതീർത്ത ധവളശോഭയുള്ള ചരിത്രമാണത്.
പ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരം, കണ്ട് പാൽ മുന്നേറ്റം; എരുമപ്പാൽ പാൽപ്പൊടിയാവുന്നു
1948കളിൽ 2000 ലീറ്റർ പാൽ മാത്രമായിരുന്നു കെയ്റ ഡിസ്ട്രിക്ട് കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് വിതരണം ചെയ്തതെങ്കിൽ 1952 ആയപ്പോഴേക്കും അത് പതിന്മടങ്ങായി 20,000 ലീറ്റർ പാൽ വിതരണം എന്ന നിരക്കിലെത്തി. പാസ്ചുറൈസ് ചെയ്ത പാൽ ഇൻസുലേറ്റഡ് കാനുകളിൽ റെയിൽ വഴി ആനന്ദിൽ നിന്നും ബോംബെ ഉൾപ്പെടെ മഹാനഗരങ്ങളിൽ എത്തി. ഇത് കെയ്റ സഹകരണ പ്രസ്ഥാനത്തിന്റെ വിജയത്തിന്റെ തുടക്കമായിരുന്നു. എന്നാൽ കെയ്റ-ബോംബെ മാർക്കറ്റ് ബന്ധം ശക്തമായതോടെ പാൽ ഉൽപാദനവും വിതരണവും തമ്മിൽ ചില പ്രശ്നങ്ങൾ തലപൊക്കി. കെയ്‌റയിലെ പ്രധാന പാൽ ഉൽപാദകരായ എരുമകൾ വേനൽക്കാലത്തേക്കാൾ ഇരട്ടി പാലുൽപാദിപ്പിക്കുന്നത് ശൈത്യകാലത്താണ്. ശൈത്യകാലത്ത് അധികമായി ലഭിക്കുന്ന പാലിന് വിപണി ഇല്ലായിരുന്നു, അതേസമയം ഉൽപാദനം കുറഞ്ഞ വേനൽക്കാലത്ത് വിതരണത്തിനായി പാൽ സംഭരിക്കാൻ മാർഗവുമില്ലായിരുന്നു. അധിക പാൽ വെണ്ണ, പാൽപ്പൊടി തുടങ്ങിയ ഉൽപന്നങ്ങളാക്കി മാറ്റാൻ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുക എന്നതായിരുന്നു ഏക പരിഹാരം. പശുവിൻ പാൽ പൊടിയാക്കുന്നതിനുള്ള സാങ്കേതികവിദ്യ അന്ന് യൂറോപ്യൻ രാജ്യങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്നെങ്കിലും എരുമപ്പാൽ പുനർനിർമിക്കാവുന്ന പൊടിയാക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യ അതുവരെയുമില്ലായിരുന്നു. എരുമപ്പാലിനെ പാൽപ്പൊടിയാക്കാനുള്ള ഒരു വഴി കണ്ടെത്തുക എന്നതായിരുന്നു അടുത്ത ലക്ഷ്യം.
ഭാഗ്യവശാൽ, മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വർഗീസ് കുര്യന്റെ സുഹൃത്തും ഡെയറി ടെക്‌നോളജിസ്റ്റുമായ ഹരിചന്ദ് ദാലായ ഈ അവസരത്തിൽ പ്രായോഗിക പരിഹാരവുമായെത്തി. 300ൽപ്പരം സിന്ധി പശുക്കളുമായി കറാച്ചിയിൽ വിജയകരമായ ഒരു ഡെയറി ബിസിനസ് നടത്തിയിരുന്ന ഉത്തർപ്രദേശിലെ സമ്പന്നമായ ഒരു യാദവ കുടുംബത്തിൽ നിന്നുള്ള ആളായിരുന്ന ഹരിചന്ദ് ദാലായ. വിഭജനാനന്തരം കറാച്ചിയിലെ ബിസിനസ് പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ കുടുംബം അവസാനിപ്പിക്കുകയും ഹരിചന്ദ് ദാലയയെ ഉന്നത പഠനത്തിനായി മിഷിഗണിലേക്ക് അയക്കുകയുമായിരുന്നു. അക്കാലം വരെ ലോകത്തെ ഓരോ ഡെയറി ടെക്‌നോളജിസ്റ്റും അസാധ്യമാണെന്ന് കരുതിയിരുന്ന, എരുമപ്പാലിനെ പൊടിയായി മാറ്റുന്നതിനുള്ള ഒരു മാർഗം ദാലയ കണ്ടുപിടിച്ചു. അത് കെയ്റ ഡിസ്ട്രിക്ട് കോ–ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡിന് കൈമാറുകയും ചെയ്തു. പിന്നെ നടപടികൾ വൈകിയില്ല, 1954 നവംബർ 15ന് അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് കെയ്‌റയിൽ എരുമപ്പാൽപ്പൊടി നിർമാണ പ്ലാന്റിന് തറക്കല്ലിട്ടു. ഒരു വർഷത്തിന് ശേഷം 1955ൽ ക്ഷീര സഹകരണ പ്രസ്ഥാനം എന്ന ആശയത്തിന്റെ പിതാവ് സർദാർ പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31ന് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഇന്ത്യയിലെ ആദ്യത്തെ പാൽപ്പൊടി, വെണ്ണ പ്ലാന്റ് ആനന്ദിൽ ഉദ്ഘാടനം ചെയ്തു. ഈ മുന്നേറ്റത്തിന് തുണയായത് വർഗീസ് കുര്യന്റെ സുഹൃത്തായ ഹരിചന്ദ് ദാലായയുടെ സുപ്രധാന കണ്ടെത്തലായിരുന്നു. ഇന്ത്യയുടെ ക്ഷീര ഭാവിയെ സുരക്ഷിതമാക്കിയ പരിശുദ്ധാത്മാവ് എന്നാണ് ചില ഗവേഷകർ ഹരിചന്ദ് ദാലയെ വിശേഷിപ്പിക്കുന്നത്. ത്രിഭുവൻ ദാസ് പട്ടേൽ, ഡോ. വർഗീസ് കുര്യൻ, ഹരിചന്ദ് ദാലായ എന്നിവർ അമൂലിന് പിന്നിലെ ത്രിമൂർത്തികൾ എന്നും ചരിത്രത്തിൽ അറിയപ്പെടുന്നു.
അമുൽ പിറവി കൊള്ളുന്നു ഇന്ത്യയുടെ പാൽരുചിയായി വളരുന്നു
1956 ആയപ്പോഴേക്ക് കെയ്റ ക്ഷീര സഹകരണ പ്രസ്ഥാനത്തിന്റെ വർധിച്ച പാൽ ഉൽപ്പാദനത്തിന് ഇതിലും വലിയൊരു വിപണി ആവശ്യമാണെന്നും അതിന് മെച്ചപ്പെട്ട ബ്രാൻഡിങ്ങും വിപണനവും ആവശ്യമാണെന്നും വർഗീസ് കുര്യൻ മനസ്സിലാക്കി. മാർക്കറ്റ് വിപുലീകരിക്കുന്നതിന്റെ ആദ്യപടി മികച്ച ബ്രാൻഡ് നെയിം കണ്ടെത്തുക എന്നതായിരുന്നു. സഹകരണ സംഘത്തിന് അനുയോജ്യമായ പേര് നിർദ്ദേശിക്കാൻ അദ്ദേഹം ക്ഷീര കർഷകരോടും ജീവനക്കാരോടും ആവശ്യപ്പെട്ടു. സഹകരണ സംഘത്തിലെ ക്വാളിറ്റി കൺട്രോൾ സൂപ്പർവൈസറാണ് സംസ്കൃതത്തിലുള്ള അമൂല്യ എന്ന പേരുമായി വന്നത്. 'അമൂല്യ' എന്ന സംസ്‌കൃത വാക്കിന്റെ അർഥം വിലമതിക്കാനാവാത്തത് എന്നായിരുന്നു. അമൂല്യയിൽ നിന്നാണ് പിന്നീട് അമൂൽ എന്ന ബ്രാൻഡ് പേരിന്റെ പിറവി. അമൂൽ എന്ന പദം കേവലം സ്വദേശി ഉൽപ്പാദനത്തിന്റെ അഭിമാനത്തെയും സ്വത്വത്തെയും പ്രതീകപ്പെടുത്തുക മാത്രമല്ല, ചെറുതും ആകർഷകവുമായിരുന്നു. ആനന്ദ് മിൽക്ക് യൂണിയൻ ലിമിറ്റഡിന്റെ ലളിതമായ ചുരുക്കപ്പേരാണിത് എന്ന മെച്ചവുമുണ്ട്. എല്ലാവർക്കും സ്വീകാര്യമായതോടെ 1957ൽ കെയ്റ കോ–ഓപ്പറേറ്റീവ് സൊസൈറ്റി 'അമുൽ' എന്ന ബ്രാൻഡ് റജിസ്റ്റർ ചെയ്തു. ക്രമേണ ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന ബ്രാൻഡുകളിലൊന്നും പിന്നീട് ലോകത്ത് തന്നെ അറിയപ്പെടുന്ന പാൽ രുചികളിൽ ഒന്നായും അമൂൽ വളർന്നു.
ആനന്ദ് മാതൃക രാജ്യവ്യാപകമാക്കണമെന്ന് പ്രധാനമന്ത്രി; ക്ഷീരവിപ്ലവം എന്ന ആശയം ഉയരുന്നു
1964 ഒക്‌ടോബർ 31ന് സർദാർ പട്ടേലിന്റെ മറ്റൊരു ജന്മവാർഷികത്തിൽ അന്നത്തെ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി അമൂലിൽ എത്തി. അമൂലിന്റെ കാലിതീറ്റ ഫാക്ടറി ഉദ്ഘാടനം ചെയ്യാൻ വേണ്ടിയായിരുന്നു ആ സന്ദർശനം. കെയ്‌റയിലെ കർഷകരോടൊപ്പം അദ്ദേഹം ഒരു രാത്രി ചെലവഴിക്കുകയും അമൂലിന്റെ വിജയമാതൃക അദ്ദേഹം നേരിട്ട് മനസ്സിലാക്കുകയും ചെയ്തു. അമൂലിന്റെ ബഹുമുഖ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം ആനന്ദ് മാതൃക ഇന്ത്യയിലുടനീളം ആവർത്തിക്കാൻ അദ്ദേഹം വർഗീസ് കുര്യനോട് ആവശ്യപ്പെട്ടു. അമുൽ മാതൃക നമ്മുടെ രാജ്യത്തുടനീളം ആവർത്തിക്കുന്നത് ജനങ്ങളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളിൽ വലിയ മാറ്റം കൊണ്ടുവരുമെനന്നായിരുന്നു ശാസ്ത്രിയുടെ ദീർഘവീക്ഷണം. പ്രധാനമന്ത്രിയുടെ ആവശ്യം നിരാകരിക്കാൻ കുര്യന് കഴിയുമായിരുന്നില്ല. പ്രധാനമന്ത്രി പിന്തുണച്ചെങ്കിലും ബ്യൂറോക്രാറ്റിക് ഇടപെടലുകളും സർക്കാരിനുള്ളിലെ പ്രശ്നങ്ങളുമെല്ലാം കാരണം ആ ലക്ഷ്യം ഇഴഞ്ഞിഴഞ്ഞു പോയി. എന്നാൽ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിക്ക് നൽകിയ വാക്കിൽ നിന്ന് പിന്നോക്കം പോകാൻ കുര്യന് സാധിക്കുമായിരുന്നില്ല. പ്രധാനമന്ത്രിയുടെ ആഗ്രഹങ്ങളും ദേശീയ താൽപ്പര്യങ്ങളും നിറവേറ്റുന്നതിനായി കേന്ദ്ര ഗവൺമെന്റ് ഫണ്ടിംങ് ഇല്ലാതെ ദേശീയ ക്ഷീര വികസന ബോർഡ് രൂപീകരിക്കണമെന്ന് 1965ൽ വർഗീസ് കുര്യൻ കെയ്റ ക്ഷീരസഹകരണ സംഘത്തെ ബോധ്യപ്പെടുത്തി. അങ്ങനെയാണ് 1965ൽ ആനന്ദ് ആസ്ഥാനമായി ദേശീയ ക്ഷീര വികസന ബോർഡ് രൂപീകൃതമാവുന്നത്. വർഗീസ് കുര്യൻ തന്നെയായിരുന്നു സ്ഥാപനത്തിന്റെ പ്രഥമ ചെയർമാൻ.
തുടരും
നാളെ: ബ്രാൻഡ് ഐക്കൺ മാത്രമല്ല, രാജ്യത്തെ പൊതുവിഷയങ്ങളിൽ വരെ അഭിപ്രായം പറയുന്ന ശക്തവും ജനപ്രീതിയുമുള്ള അമുൽ ഗേൾ