ഹെക്ടറിന് 3–5 കിലോ മാത്രം വിളവ്; കിലോയ്ക്ക് 3 ലക്ഷം രൂപ! കേരളത്തിലും വിജയിച്ച് കുങ്കുമക്കൃഷി
ഹെക്ടറിന് 3 മുതൽ 5 കിലോ വരെ മാത്രം വിളവു നൽകുന്ന ഒരു വിള ആരെങ്കിലും കൃഷി ചെയ്യുമോ? ചെയ്യും, കാരണം കപ്പയും കാച്ചിലുമല്ല, കുങ്കുമമാണ് വിള. ലോകത്തിലെ ഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനം! കിലോയ്ക്ക് രണ്ടര മുതൽ മൂന്നു ലക്ഷം രൂപവരെ വിലയുള്ള കാർഷികോൽപന്നം! ഹെക്ടറിന് 15 ലക്ഷം രൂപവരെ വരുമാനം! രാജ്യത്തെ ഒരു
ഹെക്ടറിന് 3 മുതൽ 5 കിലോ വരെ മാത്രം വിളവു നൽകുന്ന ഒരു വിള ആരെങ്കിലും കൃഷി ചെയ്യുമോ? ചെയ്യും, കാരണം കപ്പയും കാച്ചിലുമല്ല, കുങ്കുമമാണ് വിള. ലോകത്തിലെ ഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനം! കിലോയ്ക്ക് രണ്ടര മുതൽ മൂന്നു ലക്ഷം രൂപവരെ വിലയുള്ള കാർഷികോൽപന്നം! ഹെക്ടറിന് 15 ലക്ഷം രൂപവരെ വരുമാനം! രാജ്യത്തെ ഒരു
ഹെക്ടറിന് 3 മുതൽ 5 കിലോ വരെ മാത്രം വിളവു നൽകുന്ന ഒരു വിള ആരെങ്കിലും കൃഷി ചെയ്യുമോ? ചെയ്യും, കാരണം കപ്പയും കാച്ചിലുമല്ല, കുങ്കുമമാണ് വിള. ലോകത്തിലെ ഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനം! കിലോയ്ക്ക് രണ്ടര മുതൽ മൂന്നു ലക്ഷം രൂപവരെ വിലയുള്ള കാർഷികോൽപന്നം! ഹെക്ടറിന് 15 ലക്ഷം രൂപവരെ വരുമാനം! രാജ്യത്തെ ഒരു
ഹെക്ടറിന് 3 മുതൽ 5 കിലോ വരെ മാത്രം വിളവു നൽകുന്ന ഒരു വിള ആരെങ്കിലും കൃഷി ചെയ്യുമോ? ചെയ്യും, കാരണം കപ്പയും കാച്ചിലുമല്ല, കുങ്കുമമാണ് വിള. ലോകത്തിലെ ഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനം! കിലോയ്ക്ക് രണ്ടര മുതൽ മൂന്നു ലക്ഷം രൂപവരെ വിലയുള്ള കാർഷികോൽപന്നം! ഹെക്ടറിന് 15 ലക്ഷം രൂപവരെ വരുമാനം!
രാജ്യത്തെ ഒരു വർഷത്തെ കുങ്കുമ ഉപഭോഗം എത്രയെന്നോ? 100 മെട്രിക് ടൺ. നമ്മുടെ വാർഷിക ഉൽപാദനമോ, വെറും 8–10 മെട്രിക് ടൺ. ഇറക്കുമതിയുള്ളതുകൊണ്ട് മാത്രം നമ്മുടെ സുന്ദരികളും സുന്ദരന്മാരും ഒരു വിധം പിടിച്ചു നിൽക്കുന്നു.
അങ്ങനെയെങ്കിൽ കശ്മീരിൽ വിളയുന്ന കുങ്കുമം കേരളത്തിൽ കൃഷി ചെയ്താലോ? തമാശയല്ല, സംഗതി നടക്കും. ഇടുക്കി ജില്ലയിലെ കാന്തല്ലൂർ, വട്ടവട പ്രദേശങ്ങൾ കുങ്കുമക്കൃഷിക്കു യോജ്യമെന്നു പഠനങ്ങളിൽ തെളിഞ്ഞു കഴിഞ്ഞു. തീർന്നില്ല, പരീക്ഷണാടിസ്ഥാനത്തിൽ കുങ്കുമം കൃഷി ചെയ്യുകയും പൂവിടുകയും ചെയ്തിരിക്കുന്നു.
കേരളത്തിന്റെ മിനി കശ്മീരായ കാന്തല്ലൂർ പെരുമലയിലും വട്ടവട പഴത്തോട്ടത്തും ഇക്കഴിഞ്ഞ വർഷമാണ് ശാന്തൻപാറ കൃഷിവിജ്ഞാനകേന്ദ്രം കുങ്കുമത്തിന്റെ പരീക്ഷണക്കൃഷിക്ക് തുടക്കമിട്ടത്.
ഈ പ്രദേശങ്ങളുടെ കൃഷിയോജ്യത, വിളയുന്ന കുങ്കുമപ്പൂവിന്റെ രൂപഘടന, വിളവിന്റെ തോത്, ഗുണനിലവാരം എന്നിവയെല്ലാം വിലയിരുത്തിയുള്ള പരീക്ഷണം ഇതുവരെയും തികഞ്ഞ പ്രതീക്ഷയാണ് നൽകുന്നതെന്ന് കൃഷിക്കു നേതൃത്വം നൽകുന്ന കൃഷിവിജ്ഞാനകേന്ദ്രം സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് (പ്ലാന്റ് പ്രൊട്ടക്‌ഷൻ) സുധാകർ സൗന്ധരാജൻ പറയുന്നു.
പൂക്കാലം വരവായി
സമുദ്രനിരപ്പിൽനിന്ന് 2000–2500 മീറ്റർ ഉയർന്ന സ്ഥലങ്ങളിലാണ് കുങ്കുമപ്പൂവ് വളരുന്നത്. പൂവിടുന്ന കാലത്ത് പകൽ താപനില 25 മുതൽ 27 ഡിഗ്രി ആയിരിക്കണം. രാത്രി താപനില –5 മുതൽ 5 ഡിഗ്രി വരെയും. തണുപ്പേറിയ കാലാവസ്ഥയും ഫലഭൂയിഷ്ഠമായ മണ്ണും ചേരുന്ന കാന്തല്ലൂർ, വട്ടവട പ്രദേശങ്ങൾ ഈ ഗണത്തിൽ വരും. ഈ പ്രദേശങ്ങളിൽ ഡിസംബർ മാസം കുങ്കുമക്കൃഷിക്കു യോജ്യമായ കാലാവസ്ഥ ലഭിക്കുമെന്നു സുധാകർ.
കുങ്കുമത്തിന്റെ കൃഷിരീതി ലളിതമാണ്. കിഴങ്ങു(corms)കളാണ് നടീൽവസ്തു. നിലം തയാറാക്കി 12 സെ.മീറ്റർ അകലം കണക്കാക്കി 15 സെ.മീറ്റർ ആഴത്തിൽ കുഴിയെടുത്തു കിഴങ്ങു നട്ടാൽ മതി. എന്നാൽ, പൂക്കളുടെ ഉൽപാദനം, വിളവെടുപ്പിന്റെ ഇടവേള, തുടർക്കൃഷിക്കുള്ള പിള്ളക്കിഴങ്ങുകളുടെ ഉൽപാദനം, പൂവിടൽ കഴിഞ്ഞ കിഴങ്ങുകളുടെ നിദ്രാവസ്ഥ എന്നിങ്ങനെ ഓരോ ഘട്ടത്തെ യും നിയന്ത്രിക്കുന്ന കാലാവസ്ഥാഭേദങ്ങൾ ഒത്തുകിട്ടണം. കിഴങ്ങു നട്ട് 20 ദിവസം മുതൽ പൂവിട്ടു തുടങ്ങും. എങ്കിലും നട്ട് ഒന്നര–രണ്ടു വർഷം പിന്നിടുന്നതോടെയാണ് മികച്ച വരുമാനം നൽകുന്ന തോതിൽ പൂക്കൾ ലഭിച്ചു തുടങ്ങുക. ഒരു കിഴങ്ങിൽനിന്ന് ശരാശരി 3 പൂക്കൾ ലഭിക്കും. ഒരു സീസൺ വിളവെടുപ്പിനു ശേഷം ചെടിയുടെ കിഴങ്ങുകൾ നിദ്രാവസ്ഥയിലേക്ക് പോകും. 4 മാസം ഇടവേളയ്ക്കു ശേഷം വീണ്ടും പൂക്കാലം.
കിഴങ്ങുൽപാദനമാണ് കൃഷിയിലെ വലിയ കടമ്പയെന്നു സുധാകർ. തുടർക്കൃഷിക്കുള്ള പിള്ളക്കിഴങ്ങുകൾ അനുയോജ്യ കാലാവസ്ഥയിൽ മാത്രമാണ് ഉൽപാദിപ്പിക്കപ്പെടുക. ഇടുക്കിയിൽ നടത്തിയ പരീക്ഷണത്തിൽ ചിന്നക്കനാൽ, കാന്തല്ലൂർ, വട്ടവട പ്രദേശങ്ങളാണ് കൃഷിക്കു തിരഞ്ഞെടുത്തത്. ഇതിൽ ചിന്നക്കനാലിലെ പരീക്ഷണം അത്ര വിജയമായിരുന്നില്ല. പൂക്കൾ വിരിഞ്ഞത് കാന്തല്ലൂരിലെ കൃഷിയിടത്തിലാണ്. അതേസമയം പിള്ളക്കിഴങ്ങുകളുടെ ഉൽപാദനത്തിന് വട്ടവട യോജ്യമെന്നും കണ്ടു. ഇതിന്റെ അടിസ്ഥാനത്തിൽ പൂവിനു വേണ്ടിയുള്ള കൃഷി കാന്തല്ലൂരിലും കിഴങ്ങുൽപാദനം വട്ടവടയിലും കേന്ദ്രീകരിക്കും.
പരീക്ഷണക്കൃഷിക്ക് ആവശ്യമായ കിഴങ്ങുകൾ കശ്മീർ പാംപോറിലുള്ള കുങ്കുമ ഗവേഷണകേന്ദ്രത്തിൽനിന്നാണ് കെവികെ ശേഖരിച്ചത്. ഇവിടെനിന്ന് കൃഷിരീതികളിൽ സുധാകർ പരിശീലനവും നേടി. 10-15 ഗ്രാം മാത്രം തൂക്കം വരുന്നതാണ് കുങ്കുമപ്പൂക്കിഴങ്ങുകൾ. ഇവ പ്രോട്രേയിൽ നട്ട് കി ളിര്‍പ്പു വരുന്നതുവരെ 30 ദിവസം പരിചരിച്ചു. ഈ രീതിയിൽ 400 കിഴങ്ങുകളാണ് മുളപ്പിച്ചെടുത്തത്. നന്നായി ഉഴുതു മറിച്ച്, കുമ്മായവും ജൈവവളങ്ങളും നൽകി ഒരുക്കിയ കൃഷിയിടത്തിൽ നട്ടു.
പരീക്ഷണത്തിന്റെ ആദ്യ ഘട്ടം എന്ന നിലയിൽ കാന്തല്ലൂരിൽനിന്ന് നൂറോളം പൂക്കൾ ലഭിച്ചു. അപ്രതീക്ഷിതമായുണ്ടായ കാലാവസ്ഥമാറ്റം ചെറിയ തടസ്സം സൃഷ്ടിച്ചെങ്കിലും ഇതുവരെയുള്ള പരീക്ഷണങ്ങൾ മികച്ച ഫലം നൽകുന്നുവെന്ന് സുധാകർ. വരും സീസണുകളിൽ കൂടുതൽ നടീൽവസ്തുക്കൾ ഉൽപാദിപ്പിക്കാനും കർഷകർക്കു ലഭ്യമാക്കാനുമുള്ള ശ്രമത്തിലാണ് കെവികെ.
ഇൻഡോർ കുങ്കുമം
തുറസ്സായ കൃഷിയിടത്തിൽ മാത്രമല്ല, പോളിഹൗസ് പോലെ നിയന്ത്രിത സാഹചര്യങ്ങളൊരുക്കിയ കൃഷിയിടങ്ങളിലും കുങ്കുമക്കൃഷി പരീക്ഷിക്കുന്നുണ്ട് കെവികെ. 300 ചതുരശ്രയടി വിസ്തൃതിയിൽ ഒരുക്കുന്ന ഇത്തരം കൃഷിയിടത്തിൽനിന്ന് 2–3 വർഷം കൊണ്ട് ഒരു കിലോ പൂക്കൾ ഉൽപാദിപ്പിക്കാമെന്നാണ് കണക്കുകൂട്ടൽ. ഈ രീതിയിലുള്ള കൃഷിക്ക് ഏതാണ്ട് 5 ലക്ഷം രൂപ മുടക്കുണ്ട്. മൂന്നാം വർഷം കൃഷി ലാഭത്തിലെത്തുമെന്നു കരുതാം.
കുങ്കുമക്കഥ
ഇന്ത്യയ്ക്കു പുറമേ ചൈന, ഇറാൻ, ഇറാക്ക്, ഇസ്രയേൽ, ഈജിപ്ത്, ഗ്രീസ്, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ തുടങ്ങി ഒട്ടേറെ രാജ്യങ്ങളിൽ കുങ്കുമം കൃഷി ചെയ്യുന്നുണ്ട്. ആഗോളതലത്തിൽ വാര്‍ഷിക കുങ്കുമ ഉൽപാദനം 300 മെട്രിക് ടൺ എന്നാണ് കണക്ക്. അതിന്റെ 90 ശതമാനവും ഇറാന്റെ സംഭാവനയാണ്. മൂന്നര നൂറ്റാണ്ടു മുൻപ് ഗ്രീസിൽനിന്നാണ് കുങ്കുമക്കൃഷി കശ്മീരിലെത്തിയതെന്നു പറയുന്നു. എല്ലായിടത്തും വിളയുന്ന കുങ്കുമപ്പൂവിന് ഒരേ ഗുണനിലവാരമല്ല ഉള്ളത്. കൃഷി ചെയ്യുന്ന പ്രദേശങ്ങളിലെ പാരിസ്ഥിതിക സാഹചര്യങ്ങൾക്കനുസരിച്ച് പൂവിന്റെ ഗുണമേന്മ വ്യത്യാസപ്പെടും. അതനുസരിച്ച് വിപണിമൂല്യവും ഏറിയും കുറഞ്ഞും നിൽക്കും. കശ്മീരിലെ പാം പോറിൽനിന്നുള്ള കുങ്കുമത്തിനാണ് വിപണിയിൽ ഏറ്റവുമധികം മൂല്യം.
വാസ്തവത്തിൽ പൂവല്ല, പൂവിന്റെ പെൺഭാഗമായ stigmaയും അതിനോടു ചേർന്ന styleഉം ഉണക്കിയെടുക്കുന്നതാണ് കുങ്കുമപ്പൂവ് എന്ന സുഗന്ധവ്യഞ്ജനം. 275–285 പൂക്കളിൽനിന്നാണ് ഒരു ഗ്രാം കുങ്കുമം ലഭിക്കുക. ഏതാണ്ട് രണ്ടേമുക്കാൽ ലക്ഷം പൂക്കളിൽനിന്നാണ് ഒരു കിലോ കുങ്കുമം ലഭിക്കുന്നത്. കശ്മീരിൽ പാംപോർ, സാംപോർ, ചന്ദാര തുടങ്ങിയ പ്രദേശങ്ങളിലായി 2500 ഹെക്ടറോളം സ്ഥലത്തു കൃഷിയുണ്ട്. ഹിമാചൽപ്രദേശിലും ചെറിയ തോതിലുണ്ട്. ലോകത്ത് മൂന്നിനം കുങ്കുമപ്പൂവാണ് കൃഷി ചെയ്യുന്നത്; അക്വില്ല, ക്രീം, ലച്ച. കശ്മീരിൽ കൃഷി ചെയ്യുന്നത് ലച്ച ഇനമാണ്.
വിവരങ്ങൾക്ക് കടപ്പാട്:
സുധാകർ സൗന്ധരാജൻ (സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ്), പ്രീതു കെ. പോൾ (സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ്), മാരിമുത്തു, സീനിയർ സയന്റിസ്റ്റ് ആൻഡ് ഹെഡ് (കെവികെ ഇടുക്കി).
ഫോൺ: 0486 8299871
കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.