ADVERTISEMENT

വർഷങ്ങൾക്കു മുൻപ്, ഒൻപതാം ക്ലാസ് വിദ്യാർഥി അനുരൂപ് കൗതുകകരമായ ഒരു പരീക്ഷണത്തിലാണ്. ജൈവാവശിഷ്ടങ്ങളിൽനിന്നുള്ള മീഥെയ്ൻ  ഉൽപാദനത്തെക്കുറിച്ച് ക്ലാസിൽ പഠിച്ചത് സ്വന്തം നിലയ്ക്കു നടപ്പാക്കാനാണു ശ്രമം. കൂട്ടിന് സഹോദരിയുമുണ്ട്. കായലിൽനിന്നു വാരിയെടുത്ത കുളവാഴയും ചാണകവും കുപ്പിയിലടച്ചുവച്ച് തുടർന്ന പരീക്ഷണം പക്ഷേ, അവസാന ഘട്ടത്തിൽ പാളി. കുപ്പി തകർന്ന് ചിതറിത്തെറിച്ച ചാണകത്തിൽക്കുളിച്ചു ഇരുവരും. ഇന്ന്, വർഷങ്ങൾക്കു ശേഷം അതേ പരീക്ഷണം വിജയകരമായി നടത്തി ഒട്ടേറെ കുടുംബങ്ങൾക്കു വളവും വാതകവും വരുമാനവും ഉറപ്പാക്കുകയാണ് ആലപ്പുഴ ജില്ലയിൽ തണ്ണീർമുക്കത്തുള്ള അനുരൂപ് ഗോപാലകൃഷ്ണ ഭക്തൻ.

പഠനത്തോടും പരീക്ഷണങ്ങളോടുമുള്ള ആവേശം ഒരിക്കലും കൈവിട്ടില്ല അനുരൂപ്. മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന് എംബിഎ ഒന്നാം റാങ്കോടെ പാസായി ഐടിസിപോലുള്ള വൻ കോർപറേറ്റുകളിൽ വലിയ പദവികൾ വഹിച്ചിരുന്ന അനുരൂപ് ജോലിവിട്ട് സാമൂഹിക സേവന സംരംഭങ്ങളിലേക്ക് ഇറങ്ങാൻ കാരണവും പരീക്ഷണചിന്തകൾതന്നെ. 2018ലെ പ്രളയമാണ് ജോലി വിടാൻ നിമിത്തമായതെന്ന് അനുരൂപ്. ബെംഗളൂരുവിൽ ജോലി ചെയ്യുന്നതിനിടെ അവധിക്കു നാട്ടിൽ വന്നപ്പോഴായിരുന്നു പ്രളയം. മടങ്ങാനാവാതെ നാട്ടിൽ കുടുങ്ങി. വീട്ടിലിരിക്കുന്നതിനു പകരം പ്രളയദുരിതമനുഭവിക്കുന്നവർക്കു മരുന്നും ഭക്ഷണവും എത്തിക്കാൻ മുന്നിട്ടിറങ്ങി. തീരപ്രദേശങ്ങളിലെ മനുഷ്യരുടെ ദുരിതങ്ങൾ നേരിൽക്കണ്ടതോടെ ജീവിതബോധ്യങ്ങൾ തന്നെ മാറിയെന്ന് അനുരൂപ്. ശേഷം ജോലി രാജിവച്ച്, മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട  പ്രോജക്ടുകളിൽ പങ്കാളിയായി. താമസിയാതെ ‘പായൽ ജ്വാല’ എന്ന സ്വന്തം സംരംഭത്തിലേക്കും കുളവാഴ ഉപയോഗിച്ചുള്ള ബയോഗ്യാസ് പ്ലാന്റ് നിർമാണത്തിലേക്കുമെത്തി. 

kulavazha-gas-preethy-1

പായൽ ജ്വാല

ചാണകം, അറവുശാല അവശിഷ്ടങ്ങൾ, ഭക്ഷ്യാവശിഷ്ടങ്ങൾ എന്നിങ്ങനെ ജൈവാവശിഷ്ടങ്ങൾകൊണ്ടു പ്രവർത്തിക്കുന്ന വിവിധ തരം ബയോഗ്യാസ് സംവിധാനങ്ങളുണ്ട്. അക്കൂട്ടത്തിലേക്കാണ് കുളവാഴ ബയോഗ്യാസ് എത്തുന്നത്. തീരപ്രദേശങ്ങളിൽ പൊതുവേയും കുട്ടനാട്ടിൽ വിശേഷിച്ചും കൃഷിയെയും കൃഷിക്കാരെയും തോൽപിച്ചു വളരുന്ന കളസസ്യമാണ് കുളവാഴ. വാരിയാലും കോരിയാലും തീരാത്ത വളർച്ച. കുളവാഴമൂലം പലപ്പോഴും ജലഗതാഗതം തന്നെ തടസ്സപ്പെടുന്നു. കുളവാഴ സംസ്കരിച്ചെടുത്ത പൾപും നാരുമെല്ലാം ഉപയോഗിച്ച് വിവിധ ഉൽപന്നങ്ങൾ നിർമിക്കാമെങ്കിലും അതൊന്നും അത്ര എളുപ്പമോ സാധാരണക്കാർക്കു സാമ്പത്തിക നേട്ടം നൽകുന്നതോ അല്ലെന്ന് അനുരൂപ്. അതേസമയം ബയോ ഗ്യാസ് പ്ലാന്റിലേക്കു ജൈവാവശിഷ്ടമായി കുളവാഴ ഉപയോഗിക്കുന്നത് പല തലങ്ങളിൽ ഉപകരിക്കും. 

വളം, വാതകം

പ്രവര്‍ത്തനത്തില്‍ സാധാരണ ബയോഗ്യാസ് പ്ലാന്റ്പോലെയാണിതും. ജൈവാവശിഷ്ടം വിഘടിപ്പിക്കുന്ന ബാക്ടീരിയകളുടെ പ്രവർത്തനം വേഗത്തിലാക്കാനായി തുടക്കത്തിൽ ചാണകമോ ഇനോക്കുലമോ പ്ലാന്റിൽ നിക്ഷേപിച്ച ശേഷം കുളവാഴ ചെറുതായി നുറുക്കിയിടുന്നു. ഒരു ഘനമീറ്റര്‍ ഡൈജസ്റ്ററും 2 ഘന മീറ്റര്‍ ഗ്യാസ് ഹോൾഡറും ചേരുന്ന, ഒരു സാധാരണ കുടുംബത്തിനു വേണ്ട പ്ലാന്റിൽ ദിവസം 5–8 കിലോ കുളവാഴയിടാം. ഈ ചെറു യൂണിറ്റുകൊണ്ട് കുടുംബത്തിന്റെ പാചകാവശ്യങ്ങൾ പൂർണമായും നിറവേറ്റാനാവണമെന്നില്ല. അതുകൊണ്ടുതന്നെ ഓരോ കുടുംബത്തിന്റെയും ഗ്യാസ് ഉപഭോഗം തിട്ടപ്പെടുത്തി അതിനുതകുന്ന യൂണിറ്റാണ് സ്ഥാപിക്കേണ്ടത്. 

വാതകംപോലെതന്നെ നേട്ടമാണ് പ്ലാന്റ് പുറന്തള്ളുന്ന സ്ലറിയും. പ്ലാന്റിൽ ജൈവാവശിഷ്ടങ്ങൾ ഇടുമ്പോഴുള്ള ഖര–ദ്രാവക അനുപാതം 1:2.5 ആണ് (കുളവാഴയ്ക്കൊപ്പം അടുക്കള അവശിഷ്ടങ്ങളും ഇടാം). അതായത് ഒരു കിലോ കുളവാഴയിടുമ്പോൾ രണ്ടര ലീറ്റർ വെള്ളം ഒഴിക്കണം. അത് അടുക്കളയിൽ പാത്രം കഴുകുന്ന വെള്ളമോ ഇറച്ചി–മീൻ കഴുകിയ വെള്ളമോ ആകാം. ഒഴിക്കുന്നത്ര വെള്ളംതന്നെ സ്ലറിയായി ലഭിക്കും. ഇത് കൃഷിക്ക്  മികച്ച പോഷകജലമെന്ന് അനുരൂപ്. സ്ലറി വൃക്ഷവിളകൾക്കു നേരിട്ടുതന്നെ കൊടുക്കാം. സ്ലറിയും വെള്ളവും 1:5 എന്ന അനുപാതത്തിൽ ചേർത്തു നേർപ്പിച്ച് പച്ചക്കറികളുടെ ചുവട്ടിലൊഴിക്കാം. 1:30 അനുപാതത്തിൽ നേർപ്പിച്ച് ഇലകളിലും തളിക്കാം. 

കുളവാഴയിൽനിന്ന് വാതകവും വൈദ്യുതിയുമുണ്ടാക്കുന്ന വൻകിട പ്ലാന്റുകൾ ചൈനയിലുണ്ടെന്ന് അനുരൂപ്. അത്രയൊന്നും സാധിച്ചില്ലെങ്കിലും ചെറു പ്ലാന്റുകൾ സ്ഥാപിച്ച് കൃഷിയിലും വരുമാനത്തിലും പരിസ്ഥിതിയിലും ഗുണഫലമുണ്ടാക്കാൻ നമുക്കും കഴിയുമെന്ന് അനുരൂപ് ഓർമിപ്പിക്കുന്നു. ആലപ്പുഴ ജില്ലയിൽത്തന്നെ കുറഞ്ഞകാലംകൊണ്ട് അറുപതോളം കുളവാഴ ബയോഗ്യാസ് പ്ലാന്റുകളാണ് അനുരൂപിന്റെ ‘പായൽ ജ്വാല’ സ്ഥാപിച്ചത്. ചേമ്പ് ഉൾപ്പെടെ കാടുപിടിച്ചു വളരുന്ന ഇതര കളകൾ ഉപയോഗിക്കാവുന്ന പ്ലാന്റുകളും സ്ഥാപിക്കുന്നുണ്ട്. 

kulavazha-gas-preethy
പ്രീതി

പണം മുടിക്കാതെ പാചകവാതകം

എൽപിജി സിലിണ്ടർവില ഉയരുമ്പോഴും പഴയ ഭീതിയില്ല പ്രീതിക്ക്. 2 വർഷം മുൻപ് ‘പായൽ ജ്വാല’ സ്ഥാപിച്ച കുളവാഴയിടാവുന്ന ബയോഗ്യാസ് പ്ലാന്റ് തന്നെ കാരണമെന്ന് തണ്ണീർമുക്കം കണ്ണങ്കര കനകനിവാസിലെ ജയറാമും  ഭാര്യ പ്രീതിയും പറയുന്നു. വർഷം 6 എൽപിജി ഗ്യാസ് സിലിണ്ടർ വാങ്ങിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 2 എണ്ണം മതി. നല്ലൊരു തുക ഈ വഴിക്കു ലാഭിക്കാൻ കഴിയുന്നെന്ന് ജയറാം. ഒരു ഘന മീറ്റര്‍ ഡൈജസ്റ്ററും 2 ഘന മീറ്റര്‍ ഗ്യാസ് ഹോൾഡറും ചേരുന്ന പ്ലാന്റാണ് ഈ കുടുംബത്തിന്റേത്. രാവിലത്തെ പാചകത്തിന്  ഇതിലെ ഗ്യാസ് മതി. 5–6 മണിക്കൂറുകൾക്കു ശേഷം വീണ്ടും വാതകം ലഭിച്ചു തുടങ്ങും. വീടിനു തൊട്ടുമുന്നിലാണ് കായൽ. കുളവാഴ വാരിയിടുന്നത് ബുദ്ധിമുട്ടേയല്ല. കൃഷിക്കു സ്ലറിയും ലഭിക്കുന്നു.

ഫോൺ: 8129100968 (അനുരൂപ്)

English summary: Cooking gas from Common water hyacinth 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com