1200 പശുക്കളും നാലു ജീവനക്കാരും: യുകെയിലെ ഡെയറിഫാമില്‍ ജോലിക്കു പോയ ക്ഷീരകര്‍ഷകന്‍ പറയാനുള്ളത്
ഒട്ടേറെ മലയാളികള്‍ യുകെയില്‍, വിശേഷിച്ച് ആതുരസേവനമേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ആണ്ടു തോറും അവിടേക്കു പോകുന്ന മലയാളി യുവതീയുവാക്കളുടെ എണ്ണം കൂടുകയുമാണ്. എന്നാൽ ക്ഷീരകര്‍ഷകര്‍ക്കും അവിടെ അവസരങ്ങളുണ്ടെന്നു പറയുന്നു, കോട്ടയം അതിരമ്പുഴ സ്വദേശി കുഴിപ്പിൽ ചെറിയാൻ ഫ്രാൻസിസ്. എംഎസ്‌ഡബ്ല്യു
ഒട്ടേറെ മലയാളികള്‍ യുകെയില്‍, വിശേഷിച്ച് ആതുരസേവനമേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ആണ്ടു തോറും അവിടേക്കു പോകുന്ന മലയാളി യുവതീയുവാക്കളുടെ എണ്ണം കൂടുകയുമാണ്. എന്നാൽ ക്ഷീരകര്‍ഷകര്‍ക്കും അവിടെ അവസരങ്ങളുണ്ടെന്നു പറയുന്നു, കോട്ടയം അതിരമ്പുഴ സ്വദേശി കുഴിപ്പിൽ ചെറിയാൻ ഫ്രാൻസിസ്. എംഎസ്‌ഡബ്ല്യു
ഒട്ടേറെ മലയാളികള്‍ യുകെയില്‍, വിശേഷിച്ച് ആതുരസേവനമേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ആണ്ടു തോറും അവിടേക്കു പോകുന്ന മലയാളി യുവതീയുവാക്കളുടെ എണ്ണം കൂടുകയുമാണ്. എന്നാൽ ക്ഷീരകര്‍ഷകര്‍ക്കും അവിടെ അവസരങ്ങളുണ്ടെന്നു പറയുന്നു, കോട്ടയം അതിരമ്പുഴ സ്വദേശി കുഴിപ്പിൽ ചെറിയാൻ ഫ്രാൻസിസ്. എംഎസ്‌ഡബ്ല്യു
ഒട്ടേറെ മലയാളികള്‍ യുകെയില്‍, വിശേഷിച്ച് ആതുരസേവനമേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ആണ്ടു തോറും അവിടേക്കു പോകുന്ന മലയാളി യുവതീയുവാക്കളുടെ എണ്ണം കൂടുകയുമാണ്. എന്നാൽ ക്ഷീരകര്‍ഷകര്‍ക്കും അവിടെ അവസരങ്ങളുണ്ടെന്നു പറയുന്നു, കോട്ടയം അതിരമ്പുഴ സ്വദേശി കുഴിപ്പിൽ ചെറിയാൻ ഫ്രാൻസിസ്. എംഎസ്‌ഡബ്ല്യു ബിരുദധാരിയാണെങ്കിലും ക്ഷീരകര്‍ഷകന്‍ എന്ന ലേബലിലാണ് ചെറിയാന്‍ യുകെയില്‍ പോയതും ഡെയറിമേഖലയില്‍ ജോലി നേടിയതും. ആറു മാസം കൂടുമ്പോൾ അവധിക്കു നാട്ടിലെത്തുന്ന ചെറിയാനു പറയാന്‍ യുകെയിലെ ഡെയറി ഫാം വിശേഷങ്ങൾ ഏറെയുണ്ട്.
പത്തും ഇരുപതും പശുക്കളും അവയെ നോക്കാന്‍ മൂന്നു നാലും തൊഴിലാളികളുമുള്ള, കേരളത്തിലെ ഡെയറിഫാമുകളെപ്പോലെയല്ല, യുകെയിലെ ഫാമുകൾ. അവയെ ഡെയറിഫാമുകള്‍ എന്നല്ല, ഫാക്ടറികള്‍ എന്നുതന്നെ വിളിക്കാം. ആയിരക്കണക്കിന് പശുക്കളുള്ള വൻകിട ഫാമുകൾ. ഉയര്‍ന്ന പാലുൽപാദനമുള്ള പശുക്കൾ, യന്ത്രസഹായത്തോടെ തീറ്റ നൽകൽ, റോബോട്ടിക് കറവ തുടങ്ങി സവിശേഷതകളേറെ. ആയിരക്കണക്കിന് പശുക്കളെ പരിചരിക്കാന്‍ തൊഴിലാളികൾ നാലോ അഞ്ചോ മാത്രം.
അവസരം വന്നതിങ്ങനെ
ചെറിയാന്‍ പഠിച്ചിറങ്ങിയ കാലത്ത് എംഎസ്‌ഡബ്ല്യുക്കാർക്ക് കാര്യമായ അവസരങ്ങളോ ശമ്പളമോ ലഭിച്ചിരുന്നില്ല. അതിനാല്‍, കുടുംബം നടത്തിവന്ന ഡെയറി ഫാം ഏറ്റെടുത്തു. പശുക്കളും പോത്തുകളും ആടുകളുമായി മുൻപോട്ടു പോകുമ്പോഴാണ് രണ്ടു വർഷം മുൻപ് യുകെയിലെ ഒരു ഏജൻസി തന്നെ സമീപിച്ചതെന്ന് ചെറിയാൻ. തന്റെ ഫാമിനെക്കുറിച്ച് ഇന്റർനെറ്റിൽ കണ്ട് നല്ല തൊഴിലാളികളെ കിട്ടുമോയെന്ന് അറിയാനായിരുന്നു വിളി. ആദ്യം കാര്യമായി എടുത്തില്ലെങ്കിലും അവർ വീണ്ടും വിളിച്ചപ്പോൾ എന്തുകൊണ്ട് തനിക്കു പൊയ്ക്കൂടാ എന്നു ചിന്തിച്ചു. ഒരു വർഷം അവിടെ നിന്ന് ഫാമുകളും മറ്റും കാണുകയും പഠിക്കുകയും ചെയ്യാമെന്നു കരുതിയാണ് യുകെയിലേക്കു വിമാനം കയറിയത്. ഇപ്പോൾ 2 വർഷമായി യുകെയിലാണ്. ആറു മാസം കൂടുമ്പോൾ നാട്ടിൽ എത്തുന്നു.
ജോലി യന്ത്രസഹായത്തോടെ
യുകെയിലെ ഏറ്റവും വലിയ ചീസ് നിർമാതാക്കളാണ് തന്റെ കമ്പനിയെന്ന് ചെറിയാൻ. പ്രകൃതിമനോഹരമായ ഡെവൻ എന്ന സ്ഥലത്താണ് ഫാം. അടുത്തുള്ള സിറ്റിയിലേക്കു വളരെ ദൂരമുണ്ട്. കമ്പനി യഥാസമയം ചുമതലപ്പെടുത്തുന്ന ജോലി ചെയ്യുക. മറ്റു ജോലികൾ ചെയ്യേണ്ടതില്ല. 2 കറവക്കാരുൾപ്പെടെ 4 തൊഴിലാളികളും നിയന്ത്രിക്കാൻ മാനേജരും. പരിപാലനവും കറവയുമെല്ലാം യന്ത്രസഹായത്തോടെയാണ്.
വലിയ ഫാം, മികച്ച പശുക്കൾ
മികച്ച പാലുൽപാദനമുള്ള 1200 പശുക്കളാണ് തന്റെ ഫാമിലുള്ളതെന്ന് ചെറിയാൻ. ഒരു പശുവിന്റെ ഒരു കറവക്കാലത്തെ ദിവസ ശരാശരി 30 ലീറ്റർ (കേരളത്തിൽ 10 ലീറ്ററാണ്). ജർമനിയിൽനിന്ന് എത്തിച്ച മികച്ച പശുക്കളാണിവിടെയുള്ളത്. ഇന്ത്യൻ കറന്‍സിയില്‍ ഓരോ പശുവിനും 2 ലക്ഷം രൂപയോളം വില വരും. കന്നുകുട്ടികളെ വളർത്തി വലുതാക്കി പ്രസവിച്ചശേഷം വിൽക്കുന്നത് ജർമനിയിലെ പ്രധാന ബിസിനസാണ്. എന്നാല്‍ തന്റെ ഫാമിൽ കന്നുകുട്ടികളെ വളർത്താറില്ലെന്ന് ചെറിയാൻ പറഞ്ഞു. ജനിച്ച് ഏതാനും ദിവസത്തിനകം വളർത്താന്‍ താല്‍പര്യമുള്ളവർക്കു വിൽക്കും. വംശാവലി (പെഡിഗ്രി) വിവരങ്ങൾ പൂർണമായും രേഖപ്പെടുത്തിയ റിപ്പോർട്ട് ഉൾപ്പെടെയാണ് വിൽപന. പശുക്കൾ പ്രസവിച്ചാൽ മാത്രം പോരാ, ജനിക്കുന്ന കന്നുകുട്ടികൾ അതേ പാരമ്പര്യത്തോടെ വളർന്നുവരികയും നാളെ മികച്ച പാലുൽപാദനമുള്ള പശുവായി മാറുമെന്ന് ഉറപ്പാക്കുകയും വേണമെന്നാണ് അവരുടെ ചിന്ത. നമ്മുടെ നാട്ടിൽ ഇല്ലാത്തതും ഈ രീതിയാണെന്ന് ചെറിയാൻ പറയുന്നു.
പശുക്കളെ കെട്ടിയിടാത്ത ലൂസ് ഫാമിങ് രീതിയാണിവിടെ. വലിയൊരു ഷെഡില്‍ 1200 പശുക്കളെ ചെന, ഇളംകറവ, ഇടക്കറവ, വറ്റുകറവ എന്നിങ്ങനെ നാലു ബാച്ചായി പാർപ്പിച്ചിരിക്കുന്നു. ഇതിൽ പശുക്കൾക്കു കിടക്കാനും വിശ്രമിക്കുന്നതിനുമായി മണൽ തറയാണ് ഒരുക്കിയിട്ടുള്ളത്. ചാണകം കൃത്യമായ ഇടവേളയിൽ പ്രത്യേക വാഹനത്തില്‍ നീക്കം ചെയ്യും. കുളിപ്പിക്കുന്ന പതിവില്ല. രോഗബാധ വളരെ കുറവാണ്. തീറ്റയായി സൈലേജ്. വർഷം മുഴുവനും നൽകാനുള്ള സൈലേജ് ഒരു മാസംകൊണ്ട് തയാറാക്കും. അരിഞ്ഞു തയാറാക്കിയ പുല്ല് വലിയ മലപോലെ കൂട്ടിയിട്ട് വലിയ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ചു മൂടി അതിനു മുകളിൽ ടയറുകൾ നിരത്തിയാണ് സൈലേജ് നിർമാണം. യന്ത്രം ഉപയോഗിച്ച് ആവശ്യാനുസരണം സൈലേജ് എടുത്ത് ഗോതമ്പ്, ചോളം, സോയ എന്നിവ പൊടിച്ചു ചേർത്ത് ഒപ്പം ധാതുലവണമിശ്രിതവും ചേർത്ത് യന്ത്രസഹായത്തോടെതന്നെ പശുക്കള്‍ക്കു മുന്നിൽ എത്തിക്കുന്നു. ആവശ്യാനുസരണം വെള്ളം കുടിക്കാൻ ഷെഡിൽ അങ്ങിങ്ങായി വെള്ളത്തൊട്ടികൾ വച്ചിട്ടുണ്ട്.
ബീജാധാനം, പ്രസവം
പശു പ്രസവിച്ച് ആദ്യ മദിയിൽത്തന്നെ ബീജാധാനം നടത്താൻ ശ്രദ്ധിക്കുന്നു. പശുക്കളുടെ ശരീരത്തിലെ സെൻസറാണ് മദി കൃത്യമായി അറിയിക്കുന്നത്. ഓരോ പശുവിനും നമ്പറുള്ളതിനാൽ തിരിച്ചറിയാന്‍ എളുപ്പം. കൃത്രിമ ബീജാധാനത്തിന് പ്രത്യേകം ആളില്ല, മാനേജര്‍ക്കാണ് അതിന്റെ ഉത്തരവാദിത്തം. വർഷത്തിൽ ഒരു പ്രസവം ഉറപ്പാക്കുന്ന രീതിയിലാണു പ്രവർത്തനം.
കറവയ്ക്ക് റോബട്
ഒരേസമയം 48 പശുക്കളുടെ കറവ നടത്താവുന്ന മിൽക്കിങ് പാർലർ ഫാമിലുണ്ട്. തുടക്കകാലത്ത് പാർലറിലായിരുന്നു തന്റെ ജോലിയെന്നു ചെറിയാൻ. മനുഷ്യസഹായമില്ലാതെ പ്രവർത്തിക്കുന്ന റോബട് കറവക്കാരനും ഇവിടെയുണ്ട്. റോബട്ടിൽ പെല്ലെറ്റ് തീറ്റ വച്ചിട്ടുണ്ട്. അതു കഴിക്കാൻ പശുക്കൾ എത്തുമ്പോള്‍ റോബട് അവയുടെ അകിടു കഴുകി ടീറ്റ് കപ്പുകൾ ഘടിപ്പിക്കുന്നു. ദിവസം 3 നേരമാണ് കറവ. കൂടുതല്‍ പാൽ കിട്ടുമെന്നതു മാത്രമല്ല ഇതിന്റെ ഗുണം, പശുക്കൾക്ക് അകിടുരോഗങ്ങളും കുറവാണ്. ആഴ്ചയിൽ 2 ദിവസം അകിടുവീക്ക പരിശോധന നടത്തും. രോഗം ശ്രദ്ധയിൽപെട്ടാൽ ആ പശുവിന് പ്രത്യേക ടാഗ് നൽകി പാൽ കറന്നു മാറ്റും. ചികിത്സയും ആരംഭിക്കും. നേരത്തേ രോഗം തിരിച്ചറിയാൻ പറ്റുന്നതിനാൽ ചികിത്സയിലൂടെ രോഗം വേഗം ഭേദമാവുകയും ചെയ്യും. ആന്റിബയോട്ടിക് ചികിത്സയിലുള്ള പശുവിന്റെ പാല്‍ ചീസ് നിർമാണത്തിനെന്നല്ല, ഒന്നിനും ഉപയോഗിക്കില്ല.
ഇനിയും അവസരമുണ്ടോ?
യുകെയിലെ ഫാമുകളിൽ ജോലിക്ക് ഇനിയും അവസരമുണ്ടെന്ന് ചെറിയാൻ പറയുന്നു. നിലവിൽ പത്തോളം ഇന്ത്യക്കാർ വിവിധ ഫാമുകളിലായി ഉണ്ടെന്നറിയാം. മുൻപ് ലാക്റ്റീവിയപോലുള്ള രാജ്യങ്ങളിൽനിന്നുള്ളവരാണ് യുകെയിലെ ഫാമുകളിൽ തൊഴിലെടുത്തിരുന്നത്. എന്നാൽ, യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പിരിഞ്ഞതിനാൽ അവിടെനിന്നുള്ളവരുടെ വരവു കുറഞ്ഞു. അതുകൊണ്ട് ഇന്ത്യക്കാർക്ക്, വിശേഷിച്ച് മലയാളികൾക്ക്, സാധ്യതകളുണ്ട്. എന്നാൽ, ഐഇഎൽടിഎസ് പാസാവണം. പശുക്കളെ വളർത്തി പരിചയമുള്ളവരും സഹജീവികളോടു സഹാനുഭൂതിയുള്ളരുമായിരിക്കണം. ഇവിടെ പശുക്കളെ തല്ലാനോ ഉപദ്രവിക്കാനോ പാടില്ല.
E-mail: cheriankuzhuppil@gmail.com