കേരളത്തിന് വീണ്ടും നിപ വിമുക്തി; പക്ഷേ, മറക്കരുത് ബംഗ്ലാദേശ് പഠിപ്പിക്കുന്ന പാഠം
ആശങ്കയുയർത്തി ഇക്കഴിഞ്ഞ സെപ്റ്റംബർ 11നായിരുന്നു നിപ വൈറസിന്റെ നാലാം വരവ് സംസ്ഥാനത്ത് കോഴിക്കോട് ജില്ലയിൽ സ്ഥിരീകരിച്ചത്. ഇത്തവണ നിപ രോഗം ബാധിച്ച ആറു പേരിൽ രണ്ടു പേർ രോഗം സ്ഥിരീകരിക്കുന്നതിനു മുൻപേ തന്നെ മരണത്തിന് കീഴടങ്ങിയെങ്കിലും ബാക്കി നാലു പേരെയും നിപയെ തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരികെ
ആശങ്കയുയർത്തി ഇക്കഴിഞ്ഞ സെപ്റ്റംബർ 11നായിരുന്നു നിപ വൈറസിന്റെ നാലാം വരവ് സംസ്ഥാനത്ത് കോഴിക്കോട് ജില്ലയിൽ സ്ഥിരീകരിച്ചത്. ഇത്തവണ നിപ രോഗം ബാധിച്ച ആറു പേരിൽ രണ്ടു പേർ രോഗം സ്ഥിരീകരിക്കുന്നതിനു മുൻപേ തന്നെ മരണത്തിന് കീഴടങ്ങിയെങ്കിലും ബാക്കി നാലു പേരെയും നിപയെ തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരികെ
ആശങ്കയുയർത്തി ഇക്കഴിഞ്ഞ സെപ്റ്റംബർ 11നായിരുന്നു നിപ വൈറസിന്റെ നാലാം വരവ് സംസ്ഥാനത്ത് കോഴിക്കോട് ജില്ലയിൽ സ്ഥിരീകരിച്ചത്. ഇത്തവണ നിപ രോഗം ബാധിച്ച ആറു പേരിൽ രണ്ടു പേർ രോഗം സ്ഥിരീകരിക്കുന്നതിനു മുൻപേ തന്നെ മരണത്തിന് കീഴടങ്ങിയെങ്കിലും ബാക്കി നാലു പേരെയും നിപയെ തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരികെ
ആശങ്കയുയർത്തി ഇക്കഴിഞ്ഞ സെപ്റ്റംബർ 11നായിരുന്നു നിപ വൈറസിന്റെ നാലാം വരവ് സംസ്ഥാനത്ത് കോഴിക്കോട് ജില്ലയിൽ സ്ഥിരീകരിച്ചത്. ഇത്തവണ നിപ രോഗം ബാധിച്ച ആറു പേരിൽ രണ്ടു പേർ രോഗം സ്ഥിരീകരിക്കുന്നതിനു മുൻപേ തന്നെ മരണത്തിന് കീഴടങ്ങിയെങ്കിലും ബാക്കി നാലു പേരെയും നിപയെ തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും മരണനിരക്ക് 33.3% മാത്രമായി പിടിച്ചു നിർത്താനും നമ്മുടെ ആരോഗ്യസംവിധാനങ്ങൾക്ക് സാധ്യമായി. രോഗബാധിതരാകുന്നവരിൽ 70% മുതൽ 90% വരെ ആളുകളുടെ മരണത്തിന് കാരണമാകാവുന്ന മാരകരോഗമായിട്ടുപോലും മരണനിരക്ക് കുറയ്ക്കാൻ നമുക്ക് കഴിഞ്ഞത് രോഗികളെ താരതമ്യേന നേരത്തെ കണ്ടെത്താനും ആന്റിവൈറൽ മരുന്നുകൾ ഉപയോഗിച്ച് ചികിത്സിക്കാനും സാധിച്ചത് വഴിയാണ്.
നിപ വൈറസ് മസ്തിഷ്കത്തെ ബാധിച്ച് മരണത്തെ മുഖാമുഖം കണ്ട് ദിവസങ്ങളോളം വെന്റിലേറ്ററിലായിരുന്ന ഒൻപതുവയസ്സുകാരനെ വരെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാൻ സാധിച്ചത് മെഡിക്കൽ സയൻസിന്റെ ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത ഒരു ഏടാണ്. ആദ്യ രോഗിയിൽ നിന്നല്ലാതെ മറ്റൊരാളിലേക്കു രോഗപ്പകർച്ച ഉണ്ടാവാത്ത വിധം നിപയുടെ വ്യാപനം തടയാനും നമുക്ക് സാധിച്ചു. രോഗാണുബാധ തിരിച്ചറിഞ്ഞ സെപ്റ്റംബർ 11നു ശേഷം ഒരു രോഗി പോലും പുതുതായി ഉണ്ടാകുന്നത് തടയാനും രോഗം കണ്ടെത്തി രണ്ടാഴ്ചയ്ക്കകം തന്നെ വൈറസിനെ വറുതിയിലാക്കാനും കഴിഞ്ഞു എന്നത് ചെറിയ നേട്ടമല്ല. നിപ വൈറസിന്റെ പരമാവധി നിരീക്ഷണകാലയളവ് പൂർത്തിയാവുകയും നിപ വൈറസിനെ അതിജീവിച്ചവരെല്ലാം ഇരട്ട ഇൻകുബേഷൻ കാലയളവ് (42 ദിവസം) പൂർത്തിയാക്കുകയും പുതിയ കേസുകൾ റിപ്പോർട്ട് ഉണ്ടാവാതിരിക്കുകയും ചെയ്തതോടെ സംസ്ഥാനം നിപ വിമുക്തമായെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിൽവച്ച് നടക്കുകയുണ്ടായി.
കേരളത്തിൽ ഇത് നിപയുടെ നാലാം വരവ്
കേരളത്തിൽ ഇതു നാലാം തവണയാണ് നിപ വൈറസ് പൊട്ടിപ്പുറപ്പെടുന്നത്. ഇതിൽ മൂന്നു രോഗബാധകളും കോഴിക്കോടു ജില്ലയിൽ തന്നെയായിരുന്നു. 2018ലാണ് സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് ജില്ലയിൽ നിപ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. തൊട്ടടുത്ത വർഷം വീണ്ടും കേരളത്തിൽ നിപ രോഗം കണ്ടെത്തി. എറണാകുളത്തെ 23 വയസുള്ള ഒരു യുവാവിനായിരുന്നു ഇത്തവണ രോഗബാധ. മുൻവർഷത്തോളം തീവ്രമായില്ലെന്ന് മാത്രമല്ല, രോഗം ഒരാളിൽ മാത്രം ഒതുക്കി നിർത്താനും രോഗബാധയേറ്റ യുവാവിന്റെ ജീവൻ രക്ഷിക്കാനും നമ്മുടെ ആരോഗ്യസംവിധാനങ്ങൾക്ക് സാധിച്ചു. കോവിഡ് മഹാമാരിക്കെതിരായ അതിജീവനപോരാട്ടം തുടരുന്ന ഘട്ടത്തിലാണ് ഇരട്ടപ്രഹരമായി 2021, സെപ്റ്റംബറിൽ കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരിനടുത്ത മുന്നൂരിൽ നിപ വൈറസിന്റെ മൂന്നാം വരവുണ്ടായത്. കൂടുതൽ വ്യാപനം തടഞ്ഞുകൊണ്ട് രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിച്ചെങ്കിലും പന്ത്രണ്ട് വയസ്സ് പ്രായമുള്ള ഒരു കുട്ടിയുടെ ജീവൻ രോഗസ്ഥിരീകരണത്തിന് മുൻപേ തന്നെ നിപ കവർന്നു. നിപയുടെ മൂന്നാം വരവ് പോലെ ഇപ്പോൾ കോഴിക്കോട് ജില്ലയിലുണ്ടായ നിപയുടെ നാലാം പൊട്ടിപ്പുറപ്പെടൽ സംഭവിച്ചതും സെപ്റ്റംബർ മാസം തന്നെയാണ് എന്ന സാമ്യതയുണ്ട്.
ആദ്യ രോഗിക്ക് നിപ വന്നത് എങ്ങനെ? ഇപ്പോഴും ചുരുളഴിയാത്ത രഹസ്യം
വൈറസ് വാഹകരായ വവ്വാലിൽനിന്ന് നേരിട്ടോ അല്ലാതയോയുള്ള സമ്പർക്കം വഴി മനുഷ്യരിലേക്ക്, വവ്വാലുകളിൽ നിന്ന് പന്നികളിലേക്കും അവയിൽനിന്ന് മനുഷ്യരിലേക്ക്, രോഗബാധിതരായ മനുഷ്യരിൽ നിന്ന് അടുത്ത സമ്പർക്കം വഴി വിവിധ സ്രവങ്ങളിലൂടെ മനുഷ്യരിലേക്ക് എന്നിങ്ങനെ മൂന്നു തരത്തിലാണ് നിപ വൈറസ് രോഗസംക്രമണ സാധ്യതയുള്ളത്. വവ്വാലുകളിൽ നിന്നും നിപ വൈറസുകൾ ഇടനിലയായി നിന്ന പന്നികളിലൂടെ മനുഷ്യരിലേക്ക് പകർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് മലേഷ്യയിലും സിംഗപ്പൂരിലും മാത്രമാണ്. ഇന്ത്യയിലും ബംഗ്ലാദേശിലുമായി ഇതുവരെ ഉണ്ടായ നിപ രോഗബാധകളിൽ ഒന്നും തന്നെ വവ്വാലിനും മനുഷ്യർക്കുമിടയിൽ വൈറസിനെ വ്യാപിക്കാൻ ഇടനിലയായി ഒരു ജീവിയുണ്ടായിരുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല. ഇവിടങ്ങളിൽ ഉണ്ടായിട്ടുള്ള ഒന്നാമത്തെ (ഇൻഡക്സ്) നിപ രോഗബാധകൾ എല്ലാം തന്നെ വവ്വാലുകളിൽ നിന്നും മനുഷ്യരിലേക്ക് നേരിട്ടോ അല്ലാതെയോ ഉള്ള സമ്പർക്കത്തിലൂടെ പകർന്നതാണെന്നാണ് ഇതുവരെയുള്ള ഗവേഷണങ്ങൾ വിലയിരുത്തുന്നത്. ഒന്നാമത്തെ രോഗിയിൽ നിന്ന് സമ്പർക്കം വഴിയായിരുന്നു മറ്റുള്ളവരിലേക്ക് രോഗവ്യാപനമുണ്ടായത്. ബംഗ്ലാദേശിൽ വവ്വാൽ കുടിച്ച ഈന്തപ്പനക്കള്ളിന്റെ ബാക്കി കുടിച്ചവരിലാണ് രോഗബാധയുണ്ടായത് എന്നത് കൃത്യമായി കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. എന്നാൽ നിർഭാഗ്യവശാൽ കേരളത്തിൽ 2018, 2019, 2021 വർഷങ്ങളിലും ഇപ്പോഴും ഉണ്ടായ രോഗബാധകളിൽ ആദ്യരോഗിക്ക് (ഇൻഡക്സ് കേസ്) എവിടെ നിന്ന്, എങ്ങനെ നിപ വൈറസ് ബാധയുണ്ടായി എന്നത് ഇന്നും കൃത്യമായ ഉത്തരമില്ലാത്ത ചോദ്യമാണ്.
മറക്കരുത് ബംഗ്ലാദേശ് പഠിപ്പിക്കുന്ന നിപ പാഠം
നിപ രോഗത്തിന്റെ ഇതുവരെയുള്ള വ്യാപനരീതി പരിശോധിച്ചാൽ, ബംഗ്ലാദേശ് ഉൾപ്പെടെ ഒരു തവണ രോഗം കണ്ടെത്തിയ പ്രദേശങ്ങളിൽ എല്ലാം തന്നെ പിന്നീട് പലസമയങ്ങളായി രോഗം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. ബംഗ്ലാദേശിൽ 2001ലാണ് ഏറ്റവും ആദ്യമായി നിപ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടർന്നിങ്ങോട്ട് കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ചുരുക്കം ചില വർഷങ്ങൾ ഒഴിച്ചുനിർത്തിയാൽ മിക്ക വർഷങ്ങളിലും ബംഗ്ലാദേശിൽ നിപ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഭൂരിഭാഗം നിപ കേസുകളും പൊട്ടിപ്പുറപ്പെടുന്നത് ഈന്തപ്പനക്കള്ള് ശേഖരിക്കുന്ന നവംബർ -മാർച്ച് സീസണിലാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ബംഗ്ലാദേശിൽ നിപ പൊട്ടിപുറപ്പെട്ടപ്പോൾ 11 പേർക്ക് രോഗബാധേയേൽക്കുകയും എട്ടു പേർ മരണപ്പെടുകയും ചെയ്തു. 70 ശതമാനത്തിൽ ഏറെയായിരുന്നു മരണനിരക്ക്. നിപ വൈറസ് ബാധ ഇടക്കിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ബംഗ്ലാദേശിലെ പ്രദേശങ്ങൾ പ്രദേശങ്ങൾ ഇന്നറിയപ്പെടുന്നത് നിപ ബെൽറ്റ് എന്ന പേരിലാണ്.
വീണ്ടും നിപ വരാനുള്ള ഈ ഒരു സാധ്യത കേരളത്തിലും നിലനിൽക്കുന്നുണ്ട് എന്ന വാദത്തെ നമുക്ക് എളുപ്പം തള്ളിക്കളയാൻ സാധിക്കില്ല. മാത്രമല്ല, കേരളത്തിൽ നിപ വൈറസ് മനുഷ്യനിലേക്ക് കടന്നുകയറിയ വഴി കൃത്യമായി ഇതുവരെയും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും രോഗം കണ്ടെത്തിയ പ്രദേശത്തെ വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം ഉണ്ടെന്നു വ്യക്തമാക്കുന്ന ശാസ്ത്രീയ തെളിവുകൾ ഒട്ടേറെ നമുക്ക് മുന്നിലുണ്ട്. ഈയിടെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ വവ്വാലുകളുടെ നിരീക്ഷണ പഠനത്തിൽ വയനാട് ജില്ലയിലും വവ്വാലുകളിലും നിപ വൈറസ് ആന്റിബോഡികൾ കണ്ടെത്തിയിരുന്നു. കോഴിക്കോട് ജില്ലയിലെ നിപ ബാധിത പ്രദേശങ്ങളിൽ നിന്ന് വലിയ പഴംതീനി വവ്വാലുകളെ പിടികൂടി പരിശോധിച്ചതിൽ അവയിൽ നിപ വൈറസിന്റെ സാന്നിധ്യം തെളിയിക്കുന്നതിന്റെ സൂചനകൾ മുൻപ് തന്നെ ലഭിച്ചിരുന്നു.
ഈ സാഹചര്യത്തിൽ നിപ സാന്നിധ്യം ഇവിടെത്തന്നെയുണ്ടെന്നും വവ്വാലുകളിൽ നിന്നും മനുഷ്യരിലേക്കുള്ള രോഗപകർച്ചയുടെ വഴി കൃത്യമായി കണ്ടെത്താത്തതിനാൽ എപ്പോൾ വേണമെങ്കിലും ഒരു പുതിയ നിപ പൊട്ടിപ്പുറപ്പെടൽ ഇവിടെ സംഭവിക്കാമെന്നും മനസ്സിലാക്കികൊണ്ടുള്ള ഒരു സ്ഥിരം പ്രതിരോധ സംവിധാനത്തിന് സംസ്ഥാനത്ത് തുടക്കം കുറിക്കണം. നിപ രോഗബാധയെ കഴിയുന്നത്ര നേരത്തെ കണ്ടെത്തി പ്രതിരോധിക്കുന്നതിനായും വ്യാപനം തടയുന്നതിനായും, രോഗാണുബാധ അത് ആദ്യം പ്രത്യക്ഷപ്പെടുന്ന സ്ഥലത്ത് തന്നെ വേഗത്തിൽ കണ്ടെത്താൻ സഹായിക്കുന്ന തരത്തിലുമുള്ള പരിശോധനസംവിധാനങ്ങൾ നിപ ഹൈറിസ്ക് മേഖലകളിൽ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ അനിവാര്യമാണ്. ആരോഗ്യകേന്ദ്രങ്ങളെയും ആരോഗ്യപ്രവർത്തകരെയും ആ രീതിയിൽ ശാക്തീകരിക്കാനുള്ള പ്രവർത്തനങ്ങൾ വൈകരുത്. കേരളത്തിൽ ആദ്യരോഗിയിൽ നിന്നുമുള്ള നിപ രോഗപകർച്ചകളിൽ ഭൂരിഭാഗവും സംഭവിച്ചത് ആശുപത്രിയിൽ നിന്നാണെന്നതും മറക്കരുത്. വൈറസ് സാന്നിധ്യമുള്ള ഹോട്ട്സ്പോട്ടുകൾ കണ്ടെത്തുന്നതിനും ഓരോ സീസണുകൾക്ക് അനുസരിച്ച് വൈറസ് സാന്നിധ്യത്തെ നിർണയിക്കുന്നതിനായുള്ള എപ്പിഡെമിയോളജി പഠനങ്ങൾക്ക് വലിയ പ്രാധാന്യം വരും നാളുകളിൽ നൽകണം.