പക്ഷിപ്പനി, പന്നിപ്പനി, കുളമ്പുരോഗം... കേരളത്തിലെ മൃഗസംരക്ഷണ മേഖല ഇല്ലാതാകുന്നു! പതിയിരിക്കുന്ന അപകടം
Mail This Article
കേരളത്തിലെ വളർത്തുമൃഗ–പക്ഷി പരിപാലന മേഖല മുൻപെങ്ങുമില്ലാത്ത വിധം പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മുൻ വർഷങ്ങളിൽ പക്ഷിപ്പനി മൂലം കർഷകരുടെ വളർത്തുപക്ഷികളെയും അലങ്കാര പക്ഷികളെയുമൊക്കെ മുൻകരുതലെന്നോണം കൊന്നൊടുക്കിയെങ്കിൽ ഇത്തവണ സ്ഥിതി കുറേക്കൂടി രൂക്ഷമാണ്. ഏറ്റവുമൊടുവിൽ ആലപ്പുഴ സെൻട്രൽ ഹാച്ചറിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് രണ്ടു മാസത്തിനുള്ളിൽ പക്ഷിപ്പനി സ്ഥിരീകരിക്കുന്ന സർക്കാർ സ്ഥാപനങ്ങളുടെ എണ്ണം മൂന്നായി. നേരത്തെ തിരുവല്ല നിരണം ഡക്ക് ഫാമിലും കോട്ടയം മണർകാട് റീജണൽ പൗൾട്രി ഫാമിലും പക്ഷിപ്പനി സ്ഥരീകരിച്ചതിനെത്തുടർന്ന് താറാവുകളെയും കോഴികളെയും കൊന്നൊടുക്കുകയും മുട്ടകൾ നശിപ്പിക്കുകയും ചെയ്തിരുന്നു.
ജൈവസുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയ ഇത്തരം സർക്കാർ ഫാമുകളിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിൽ അവിടങ്ങളിലെ ജൈവസുരക്ഷ പരിശോധിക്കണം. ഈ ഫാമുകളിൽ രോഗം എങ്ങനെ എത്തിയെന്നും പരിശോധിക്കണം. പക്ഷികൾ വഴിയാണോ മനുഷ്യർ വാഹകരായതാണോ തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ പരിശോധന നടത്തി കൃത്യമായ നടപടി എടുക്കണം. എന്തുകൊണ്ട് കേരളത്തിൽ മാത്രം ദേശാടനപ്പക്ഷികൾ വഴി രോഗം പടരുന്നതെന്നും പഠനം വേണം.
കേരളത്തിലെ ഇത്തരം സർക്കാർ ഫാമുകൾതന്നെ ഇല്ലാതാകുമ്പോൾ പക്ഷിപ്പനിയുടെ തീവ്രത എത്രത്തോളം രൂക്ഷമാണെന്ന് തിരിച്ചറിയണം. മുൻ വർഷങ്ങളിൽ പക്ഷിപ്പനി വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും രോഗം റിപ്പോർട്ട് ചെയ്ത ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ കൊന്നൊടുക്കിയായിരുന്നു രോഗം നിയന്ത്രിച്ചത്. രോഗവാഹകരായ പ്രകൃതിയിലെ പക്ഷികൾ വളർത്തുപക്ഷികൾക്ക് അന്നും ഇന്നും ഭീഷണിയായിരുന്നു. ഇത്തവണ കാക്ക, കൊക്ക് പോലുള്ള പക്ഷികളിലും ഉയർന്ന മരണനിരക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സ്ഥിരമായി പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ ആലപ്പുഴയിൽ പക്ഷികളെ വളർത്തുന്നത് നിരോധിക്കാൻ ആലോചിക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി കഴിഞ്ഞ ദിവസം അറിയിച്ചത് സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ വർഷവും ഇക്കഴിഞ്ഞ മേയ് 18നും ഇതേ കാര്യം മനോരമ ഓൺലൈൻ കർഷകശ്രീ ചൂണ്ടിക്കാണിച്ചിരുന്നു. ‘‘കഴിഞ്ഞ പത്ത് വർഷമായി കേരളത്തിൽ, പ്രത്യേകിച്ച് കുട്ടനാടൻ മേഖലയിൽ പക്ഷിപ്പനി വരുന്നുണ്ട്. ദേശാടനപ്പക്ഷികളാണ് ഇതിന്റെ രോഗവാഹകരെന്ന് സ്ഥിരീകരിച്ചിട്ടുള്ളതാണ്. ദേശാടനപ്പക്ഷികളെ പ്രകൃതിയിൽ നിയന്ത്രിക്കാൻ കഴിയില്ല. എന്നാൽ, നമുക്ക് നമ്മുടെ വളർത്തു പക്ഷികളെ ദേശാടനപ്പക്ഷികളുമായുള്ള സമ്പർക്കത്തിൽനിന്ന് അകറ്റി നിർത്തണം. കുട്ടനാടൻ മേഖലയിൽ പക്ഷികളെ തുറന്നുവിട്ടാണ് വളർത്തുന്നത്. ആ രീതിക്ക് ദേശാടനപക്ഷികൾ വരുന്ന സീസണിൽ മാറ്റമുണ്ടാകണം. നമ്മുടെ വളർത്തു പക്ഷികളേയും താറാവുകളേയും കൂട്ടിലിട്ട് വളർത്താൻ കഴിയണം. എന്നിട്ടും ഫലപ്രദമാകുന്നില്ലെങ്കിൽ കുറച്ച് വർഷങ്ങൾ ഈ മേഖലയിൽ താറാവ്–കോഴി വളർത്തൽ നിരോധിക്കണം. കർഷകർക്കുണ്ടാകുന്ന നഷ്ടം സർക്കാർ ഇടപെടലിലൂടെ നികത്താൻ കഴിയണം. ’’ എന്നായിരുന്നു കർഷകശ്രീ നിർദേശിച്ചത്. പക്ഷിപ്പനിയെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ അഭിപ്രായം ചോദിച്ചശേഷമാകും തീരുമാനമെന്നും മന്ത്രി അറിയിച്ചു.
വർഷാവർഷം കോടിക്കണക്കിനു രൂപയും മനുഷ്യ അധ്വാനവും ചെലവഴിച്ച് പക്ഷികളെയും താറാവുകളെയും കൊന്നൊടുക്കുന്നതിലും ഭേദമല്ലേ, കുറച്ചു വർഷത്തേക്ക് താറാവ് വളർത്തൽ നിരോധിത മേഖലയായി പ്രഖ്യാപിക്കുന്നത്?
പക്ഷിപ്പനി വാർത്ത പുറത്തു വരുന്നതോടെ രോഗബാധിതവും അല്ലാത്തതുമായ മേഖലയിൽ, ജനങ്ങൾ മുൻകരുതലെന്നവണ്ണം, കോഴിയും, മുട്ടയും അവയുടെ ഉൽപന്നങ്ങളും കുറച്ചു നാളത്തേക്കു വാങ്ങാതിരിക്കും. ഇതോടെ കോഴിവില ക്രമാതീതമായി കുറയും. കോഴിവളർത്തൽ മേഖലയിൽ ഭീമമായ നഷ്ടമാണ് ഇതുമൂലമുണ്ടാകുന്നത്. ഈ നഷ്ടം സർക്കാർ തലത്തിൽ നികത്താൻ കഴിയുന്നതല്ല. കേവലം ഒരു പ്രദേശത്തെ മാത്രം പക്ഷിപ്പനി ഭീതി സംസ്ഥാനത്തെ മുഴുവൻ കർഷകരെയും ഒരുപോലെ ബാധിക്കും.
പക്ഷിപ്പനി റിപ്പോർട്ട് ചെയ്തു കഴിഞ്ഞാൽ കോഴിയുടേയും കോഴി ഉൽപന്നങ്ങളുടേയും കയറ്റുമതി പൂർണമായും നിലയ്ക്കും. ഈ നിരോധനം വർഷങ്ങളോളം നിലനിൽക്കും. തന്മൂലം കോടിക്കണക്കിന് രൂപയാണ് ഈ മേഖലയിൽ നഷ്ടമാകുന്നത്. തിരുവല്ല നിരണം സർക്കാർ ഫാമിൽ വളർത്തിവന്ന ചാര, ചെമ്പല്ലി തുടങ്ങിയ തനി നാടൻ കുട്ടനാടൻ താറാവുകളെയും അവിടെ വികസിപ്പിച്ച ‘സ്നോ വൈറ്റ്’ എന്ന ഇനം സങ്കര താറാവിനത്തിനെയും പൂർണമായും നശിപ്പിച്ചത് കേരളത്തിനുണ്ടാക്കിയത് നികത്താനാവാത്ത നഷ്ടമാണ്.
റിപ്പോർട്ട് ചെയ്യപ്പെടാതെ പന്നിപ്പനി
സംസ്ഥാനത്ത് രണ്ടു വർഷം മുൻപ് പൊട്ടിപ്പുറപ്പെട്ട പന്നിപ്പനി ഇന്നും ഈ മേഖലയിൽ ഭീതി വിതച്ച് വ്യാപിക്കുകയാണ്. ചെറുതും വലുതുമായ ഒട്ടേറെ ഫാമുകളുടെ അന്തകനായ ഈ വൈറസ് രോഗം ഇപ്പോഴും പല ഫാമുകളിലുമുണ്ടെന്ന് കർഷകർ തന്നെ പറയുന്നു. നേരത്തെ രോഗം സ്ഥിരീകരിച്ച ഫാമുകളിലെ പന്നികളെ കൊന്നൊടുക്കിയതു വഴി സർക്കാരിൽനിന്ന് നഷ്ടപരിഹാരം ലഭിച്ചിരുന്നു. എന്നാൽ, ഇപ്പോൾ നഷ്ടപരിഹാരം ലഭിക്കുന്നില്ല എന്നതുകൊണ്ടുതന്നെ രോഗം റിപ്പോർട്ട് ചെയ്യാൻ കർഷകരും മടിക്കുന്നു. കൃത്യമായ ജൈവസുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുകയും പന്നികൾക്കായി എത്തിക്കുന്ന മിച്ചഭക്ഷണം കൃത്യമായി വേവിച്ച് നൽകുന്നതും വഴി രോഗം ഒരു പരിധിവരെ തടയാൻ കഴിയും. മറ്റു ഫാമുകളിലെ അനാവശ്യ സന്ദർശനം ഒഴിവാക്കുകയും പുറത്തുനിന്നുള്ളവരെ ഫാമിലേക്ക് പ്രവേശിപ്പിക്കാതിരിക്കുകയും വേണം. ഇനിയും രോഗം വ്യാപിച്ചു കഴിഞ്ഞാൽ... ഇനിയും പൊട്ടിപ്പുറപ്പെട്ടാൽ... കേരളത്തിലെ പന്നി സമ്പത്തിന് ഒരിക്കലും നികത്താനാവാത്ത നഷ്ടമായി അത് മാറുമെന്നു തീർച്ച.
കേരളത്തിലെ ആവശ്യത്തിനനുസച്ചുള്ള പന്നി ലഭ്യത സംസ്ഥാനത്തില്ല. അതുകൊണ്ടുതന്നെ ഇതര സംസ്ഥാനത്തുനിന്നു പന്നികൾ ഇനിയും എത്തിയേക്കാം. അതിർത്തി കടന്നുള്ള പന്നിവരവിന് സർക്കാർ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പൂർണമായ നിരോധനം ഇതുവരെ നടപ്പിലായിട്ടില്ല. സർക്കാർ ഫാമുകളുടെ രണ്ടു കിലോമീറ്റർ ചുറ്റളവിൽ പന്നിവളർത്തൽ നിരോധിച്ചത് മികച്ച ശേഖരത്തെ സംരക്ഷിക്കാൻ സഹായിക്കും. ഇനിയൊരു വ്യാപക രോഗഭീഷണി ഉണ്ടാവാതിരിക്കാൻ ഓരോ കർഷകനും ശ്രദ്ധിക്കുകയും വേണം.
ഇല്ലാതാകുന്ന ക്ഷീരമേഖല
ഒരു കാലത്ത് കേരളത്തിലെ മിക്ക വീടുകളുടെയും ഐശ്വര്യം വീട്ടുമുറ്റത്തെ പൂവാലിയായിരുന്നു. വീടിന്റെ ഐശ്വര്യം മാത്രമല്ല വീടിലെ വരുമാനമാർഗവുമായിരുന്നു. പല ഇടത്തരം കർഷക കുടുംബങ്ങളും മക്കളെ പഠിപ്പിച്ച് വലിയ നിലയിലാക്കിയത് പാൽ വിറ്റുള്ള വരുമാനത്തിലൂടെയായിരുന്നു. കർഷകരെ സഹായിക്കാൻ മിൽമയും ഉണ്ടായിരുന്നു. എന്നാൽ, കാലം മാറിയപ്പോൾ പശുപരിപാലനം ഇന്ന് തങ്ങൾക്ക് കണ്ണീരും ബുദ്ധിമുട്ടും മാത്രമാണ് നൽകുന്നതെന്ന് കർഷകർ പറയുന്നു. വാണിജ്യ ഫാമുകൾ കൂടുതൽ പശുക്കളെ വളർത്തുന്നതിലൂടെ പിടിച്ചുനിൽക്കുമ്പോൾ സാധാരണക്കാരുടെ സ്ഥിതി അതല്ല. ഉയർന്ന പരിപാലനച്ചെലവും കുറഞ്ഞ പാൽ വിലയും മൂലം പല കർഷകരും രംഗം വിട്ടു. വീണ്ടുമൊരു പാൽവില വർധന ആവശ്യമെന്ന് കർഷകർ തന്നെ പറയുന്നു. കഴിഞ്ഞ വർഷം പാൽവില 56 രൂപയാക്കി ഉയർത്തിയെങ്കിലും കർഷകർക്ക് കാര്യമായ വർധന ലഭിച്ചില്ല. ഇപ്പോഴും 38 രൂപ മുതൽ 45 രൂപ വരെയാണ് പല കർഷകർക്കും ലഭിക്കുന്നത്. അധ്വാനത്തിന് അനുസരിച്ച് വില ലഭിക്കുന്നില്ല എന്നതുകൊണ്ടുതന്നെ ചെറുകിടക്കാർ ക്ഷീരമേഖല വിട്ടുപോകുന്നു. ഇനിയൊരു കന്നുകാലി സെൻസസ് എടുത്താൽ കാലികളുടെ എണ്ണത്തിൽ വലിയ കുറവ് പ്രകടമാകും.
ക്ഷീരമേഖലയെ ചുറ്റപ്പറ്റി ഒട്ടേറെ തൊഴിലുകൾ സൃഷ്ടിക്കപ്പെടുന്നുണ്ട്. ക്ഷീര സംഘം, ക്ഷീര വികസന വകുപ്പ്, മിൽമ, വെറ്ററിനറി ഡിസ്പെൻസറി, കാലിത്തീറ്റ നിർമാതാക്കൾ, മരുന്നു കമ്പനികൾ, ധാതുലവണ കമ്പനികൾ എന്നിങ്ങനെ വലിയൊരു വിഭാഗം ആളുകളുടെ നിലനിൽപ്പ് കേവലം സാധാരണക്കാരായ ക്ഷീരകർഷകരിൽ കേന്ദ്രീകൃതമാണ്. ക്ഷീരകർഷകരില്ലെങ്കിൽ ഇവരാരുമില്ലെന്ന കാര്യം ഓർക്കുന്നത് നന്ന്.
അതേസമയം, സംസ്ഥാനത്തെ പാൽ വിതരണത്തിൽ നല്ലൊരു ഭാഗം കയ്യാളുന്ന സ്വകാര്യ പാൽ വിതരണ കമ്പനികൾ തങ്ങളുടെ പ്രവർത്തനം ഏറെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ശീതീകരണ സംവിധാനങ്ങളും കൂടുതൽ മാർജിനും നൽകിയാണ് ഇത്തരം കമ്പനികൾ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നത്. അതുകൊണ്ടുതന്നെ സ്ഥിരതയോടെ നിലനിൽക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ മിൽമയ്ക്കും മുൻപോട്ട് മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയൂ.
ഇത്രയും പറഞ്ഞത് ക്ഷീരമേഖലയുടെ പൊതു പ്രശ്നമാണ്. ഇതിനൊപ്പം പലവിധ രോഗങ്ങളും ക്ഷീരമേഖലയെ തളർത്തുന്നുണ്ട്. രക്തപരാദ രോഗങ്ങളായ തൈലേറിയ, അനാപ്ലാസ്മ തുടങ്ങിയവ കൂടാതെ സംസ്ഥാനത്ത് പല പ്രദേശങ്ങളിലും കുളമ്പുരോഗവും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് കർഷകർ പറയുന്നു. ഇതിനെയെല്ലാം അതിജീവിച്ചു വേണം കർഷകർക്ക് മേഖലയിൽ പിടിച്ചു നിൽക്കാൻ. അത്ര പേർക്ക് അതിനു കഴിയും?