ഭാഗം 1:8,500 ഉരുക്കൾ, 55 ലീറ്റർ പാൽ ചുരത്തുന്ന പശുക്കൾ, പരിചരിക്കാൻ 54 പേർ; വിദേശ ഫാമുകളും കേരളവും ഭാഗം 2:800 പശുക്കളെ പരിപാലിക്കാൻ ഒരു വാച്ച്‌മാൻ: യന്ത്രവൽകൃത ഫാമുകളിലെ പൊതുപരിചരണം ഇങ്ങനെ ഭാഗം 3:ലോകത്തിലെ മുൻനിര ഡെയറി ഫാമുകളെല്ലാം മരുഭൂമിയിൽ: മരുഭൂമിയിലെ ക്ഷീരസമൃദ്ധിക്കു പിന്നിൽ... ക്ഷീരോൽപാദന

ഭാഗം 1:8,500 ഉരുക്കൾ, 55 ലീറ്റർ പാൽ ചുരത്തുന്ന പശുക്കൾ, പരിചരിക്കാൻ 54 പേർ; വിദേശ ഫാമുകളും കേരളവും ഭാഗം 2:800 പശുക്കളെ പരിപാലിക്കാൻ ഒരു വാച്ച്‌മാൻ: യന്ത്രവൽകൃത ഫാമുകളിലെ പൊതുപരിചരണം ഇങ്ങനെ ഭാഗം 3:ലോകത്തിലെ മുൻനിര ഡെയറി ഫാമുകളെല്ലാം മരുഭൂമിയിൽ: മരുഭൂമിയിലെ ക്ഷീരസമൃദ്ധിക്കു പിന്നിൽ... ക്ഷീരോൽപാദന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാഗം 1:8,500 ഉരുക്കൾ, 55 ലീറ്റർ പാൽ ചുരത്തുന്ന പശുക്കൾ, പരിചരിക്കാൻ 54 പേർ; വിദേശ ഫാമുകളും കേരളവും ഭാഗം 2:800 പശുക്കളെ പരിപാലിക്കാൻ ഒരു വാച്ച്‌മാൻ: യന്ത്രവൽകൃത ഫാമുകളിലെ പൊതുപരിചരണം ഇങ്ങനെ ഭാഗം 3:ലോകത്തിലെ മുൻനിര ഡെയറി ഫാമുകളെല്ലാം മരുഭൂമിയിൽ: മരുഭൂമിയിലെ ക്ഷീരസമൃദ്ധിക്കു പിന്നിൽ... ക്ഷീരോൽപാദന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാഗം 1: 8,500 ഉരുക്കൾ, 55 ലീറ്റർ പാൽ ചുരത്തുന്ന പശുക്കൾ, പരിചരിക്കാൻ 54 പേർ; വിദേശ ഫാമുകളും കേരളവും 

ഭാഗം 2: 800 പശുക്കളെ പരിപാലിക്കാൻ ഒരു വാച്ച്‌മാൻ: യന്ത്രവൽകൃത ഫാമുകളിലെ പൊതുപരിചരണം ഇങ്ങനെ 

ADVERTISEMENT

ഭാഗം 3: ലോകത്തിലെ മുൻനിര ഡെയറി ഫാമുകളെല്ലാം മരുഭൂമിയിൽ: മരുഭൂമിയിലെ ക്ഷീരസമൃദ്ധിക്കു പിന്നിൽ...

ക്ഷീരോൽപാദന രംഗത്തെ ആദായപ്പുതുമകൾ 4

വ്യാവസായിക ഫാമുകളിലെ തീറ്റക്രമം

കന്നുകാലി വളർത്തൽ സംരംഭങ്ങളിൽ മൊത്തം പരിപാലനച്ചെലവിന്റെ 60–70 ശതമാനവും വേണ്ടി വരുന്നത് അനുയോജ്യമായ പോഷകാഹാരം ലഭ്യമാകുന്നതിന് അഥവാ തീറ്റച്ചെലവ് ഇനത്തിലാണല്ലോ. വൻകിട ഫാമുകളിൽ സ്വന്തമായി തീറ്റ മിശ്രിതം തയാറാക്കുന്നതാണ് പതിവ്. ഇതുവഴി ലഭ്യമാക്കുന്ന തീറ്റയുടെ ഗുണമേന്മ ഉറപ്പാക്കാനും പ്രായത്തിന്റെയും ഉൽപാദനഘട്ടത്തിന്റെയും അടിസ്ഥാനത്തിൽ അന്യോയോജ്യമായ വിധം പോഷകലഭ്യത ക്രമീകരിക്കുന്നതിനും സാധിക്കുന്നു. അതോടൊപ്പം തീറ്റ നിർമാണത്തിനും തൊഴുത്തുകളിൽ എത്തിച്ച് നൽകുന്നതിനും പരമാവധി യന്ത്രവൽക്കരണം അവലംബിക്കുന്നതിലൂടെ തീറ്റച്ചെലവ് ഗണ്യമായി കുറയ്ക്കുന്നതിനും സഹായിക്കുന്നു. 

ADVERTISEMENT

അയവെട്ടുന്ന കന്നുകാലികളിൽ ദഹനപ്രക്രിയ പ്രധാനമായും സൂക്ഷ്മാണുക്കൾ വഴി നടക്കുന്നതിനാൽ വലിയ അളവിൽ തീറ്റവസ്തുക്കൾ ദിവസേന ആവശ്യമാണ്. അതുകൊണ്ട് തന്നെ നിത്യേന ലഭിക്കേണ്ട പോഷകങ്ങളുടെ മൂന്നിൽ രണ്ടു ഭാഗം പരുഷാഹാരം അഥവാ അസംസ്‌കൃത നാരിന്റെ അംശം കൂടുതലുള്ള (>16 %) പുല്ല്, പച്ചിലകൾ പോലുള്ള, പൊതുവെ പോഷകമൂല്യവും അതോടൊപ്പം വിലയും കുറഞ്ഞ പരുഷവസ്തുക്കൾ ആയിട്ടും ബാക്കി മൂന്നിലൊരു ഭാഗം പോഷക സമൃദ്ധമായ (അസംസ്‌കൃത നാരിന്റെ അനുപാതം 16 ശതമാനത്തിൽ കുറവ്) സാന്ദ്രിത തീറ്റ വസ്തുക്കൾ ആയിട്ടും നൽകണമെന്നതാണ് പൊതു തത്വം. പരുഷാഹാരവും സാന്ദ്രിതാഹാരവും വെവ്വേറെയായിട്ടോ രണ്ടും കൂടെ ചേർത്ത് സമ്പൂർണ തീറ്റ മിശ്രിതം ആയിട്ടോ (TMR) നൽകാവുന്നതാണ്. 

ടിഎംആർ മിക്സിങ് യൂണിറ്റ്

വ്യാവസായിക ഫാമുകളിൽ കറവയിലുള്ള പശുക്കൾക്ക് സമ്പൂർണ മിശ്രിത രൂപത്തിൽ തീറ്റ നൽകുന്നതാണു പതിവ്. പ്രത്യേക വാഹനങ്ങളിൽ ലോഡ് ചെയ്ത തീറ്റ മിശ്രിതം ഓരോ ഷെഡ്ഡുകളിലെയും ആവശ്യാനുസരണം കൃത്യമായ ഇടവേളകളിൽ വിതരണം ചെയ്യുന്നു. ഇത്തരം ഫീഡിങ് വാഹനങ്ങൾ പുൽക്കൂട്ടിനു മധ്യത്തിലൂടെ കടന്നു പോകാവുന്ന വിധമാണ് തൊഴുത്തുകൾ നിർമിച്ചിട്ടുള്ളതെന്ന് മുൻപ് സൂചിപ്പിച്ചിരുന്നുവല്ലോ. കറവയിലുള്ള പശുക്കൾക്ക് മുഴുവൻ സമയവും തീറ്റലഭ്യത ഉറപ്പാക്കുന്നതിനു തീറ്റ നൽകുന്ന പ്രക്രിയ പകലും രാത്രിയും തുടരുന്നു. എന്നാൽ കറവയില്ലാത്തവയ്ക്കും കിടാരികൾ, കിടാങ്ങൾ എന്നിവയ്ക്കും പകൽ സമയത്ത് മാത്രമാണ് തീറ്റ നൽകാറുള്ളത്. രാത്രിയിലെ കൂടിയ  ആവശ്യകത മുന്നിൽ കണ്ട് വൈകുന്നേരങ്ങളിൽ പരുഷാഹാരം കൂടുതലായി നൽകുമെന്ന് മാത്രം. അതുപോലെ രാത്രിയുടെ ദൈർഘ്യം കൂടുതലുള്ള തണുപ്പുകാലത്ത് വളരുന്ന പ്രായത്തിലുള്ളവയ്ക്കും രാത്രി സമയത്ത് പരുഷാഹാരം നൽകുന്ന പതിവുണ്ട്. എങ്കിലും  പരുഷാഹാരമായി പോഷകമൂല്യം അധികമില്ലാത്ത ഉണക്കപ്പുല്ലും സാന്ദ്രിതാഹാരമായി പുറമെ നിന്ന് വാങ്ങിക്കുന്ന സമീകൃത കാലിത്തതീറ്റയുമാണ് കറവയില്ലാത്ത എല്ലാ വിഭാഗ ങ്ങൾക്കും നൽകുന്ന തീറ്റയിനങ്ങൾ. 

വാഹനത്തിൽ ഉരുക്കളുടെ മുൻപിൽ പുല്ല് എത്തിക്കുന്നു (അലമാദി സെമൻ സ്റ്റേഷനിൽനിന്നുള്ളത്)

നമ്മുടെ നാട്ടിൽ അനുവർത്തിച്ചു വരുന്ന പരിപാലനത്തിൽനിന്ന് എടുത്തു പറയേണ്ട വ്യത്യാസം മരുഭൂ പ്രദേശത്തെ വൻകിട ഫാമിൽ പശുക്കൾക്ക് വർഷത്തിൽ ഒരിക്കൽ പോലും പച്ചപുല്ല് നൽകുന്നില്ല എന്നതാണ്. അതായത് ശാസ്ത്രീയ പരിപാലനത്തിനുള്ള നിർദ്ദേശം അനുസരിച്ച് ഓരോ പശുവിനും ശരീര ഭാരത്തിന്റെ പത്തിലൊന്ന് വീതം, അതായത് 500 കിലോ ഭാരമുള്ള പശുവിന് നിത്യേന 50 കിലോ എന്ന തോതിൽ പച്ചപുല്ല് ലഭ്യമാക്കേണ്ടതുണ്ട്. ഇതിനായി പശുവിന്റെ വലുപ്പത്തിന് അനുസരിച്ച് ഓരൊ പശുവിനും 10 മുതൽ 20 സെന്റ് വരെ തീറ്റപ്പുൽകൃഷി ആവശ്യമായി വരും. അതുകൊണ്ടുതന്നെ വലിയ ഫാമുകൾ ആസൂത്രണം ചെയ്യുമ്പോൾ ലഭ്യമാക്കേണ്ട, പുൽകൃഷിക്ക് അനുയോജ്യമായ സ്ഥല ലഭ്യത, പ്രത്യേകിച്ച് കേരളം പോലെ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിൽ പ്രധാന പരിമിതി തന്നെയാണ്. എന്നാൽ വിശാലമായ മരുഭൂപ്രദേശത്ത് സ്ഥല ലഭ്യതയ്ക്ക് കുറവൊന്നുമില്ലെങ്കിലും പുൽകൃഷിക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി പച്ചപുല്ല് ലഭ്യമാക്കുന്നത്, ചെറുപ്രായത്തിലുള്ള കിടാങ്ങൾക്ക് മാത്രമാണ്. കറവയുള്ള പശുക്കൾ ഉൾപ്പടെ മറ്റുള്ളവയ്ക്കെല്ലാം പച്ചപ്പുല്ല് ലഭ്യമാക്കുന്നതിന് തീറ്റപ്പുല്ല് കൃഷി ചെയ്യുന്ന സമ്പ്രദായം, മരുഭൂ പ്രദേശത്തെ വ്യവസായിക ഫാമിൽ നിലവിലില്ല എന്നതാണ് വാസ്തവം.

Also read: പാലിനേക്കാൾ വിലയുള്ള ബീജമാത്രകൾ, വർഷം ഉൽപാദനം ഒരു കോടി: ഇത് 358 ഏക്കറിലെ വിത്തുകാള ശേഖരം

ADVERTISEMENT

മെച്ചപ്പെട്ട ആദായം ലഭ്യമാക്കുന്നതിനുള്ള വ്യാവസായിക ഉൽപാദന തത്വം അനുസരിച്ച് ഡെയറി ഫാമിങ്ങിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ തീറ്റപ്പുല്ലും സാന്ദ്രിത തീറ്റസാമഗ്രികളും ലഭ്യമാക്കുന്നതിനു മറ്റു വ്യവസായങ്ങളെ ആശ്രയിക്കുകയാണ് ചെയ്യുന്നത്. അതായത് സൗദി അറേബിയിൽ തന്നെ പുൽക്കൃഷിക്കു കൂടുതൽ അനുയോജ്യമായ പ്രദേശങ്ങളിൽ വൻ തോതിലുള്ള യന്ത്രവൽകൃത പുൽകൃഷി മറ്റൊരു വ്യവസായമാണ്. അത്തരം സംരംഭങ്ങളുമായി കരാറുണ്ടാക്കി വർഷാവർഷം ഫാമിന് ആവശ്യമായ തീറ്റപ്പുല്ല് ലഭ്യമാക്കുന്നതാണ് അനുവർത്തിച്ചു വരുന്ന രീതി. നമ്മുടെ നാട്ടിൽ ഡെയറി ഫാമുകൾ കൂടുതലും ചെറുകിട യൂണിറ്റുകൾ ആയതിനാൽ ഓരോ ഫാമും അവയ്ക്കു വേണ്ട തീറ്റപ്പുല്ല് സ്വന്തമായി കൃഷി ചെയ്യുന്ന രീതിയാണ് അവലംബിച്ചു വരുന്നത്. എന്നാൽ, സ്ഥല പരിമിതി മുഖ്യ പ്രശ്നമായ നമ്മുടെ സാഹചര്യത്തിൽ പശുപരിപാലനവും തീറ്റപ്പുൽ വളർത്തലും വെവ്വേറെ സംരംഭങ്ങളാക്കും വിധം സൗദി മോഡലിലേക്കു മാറി ചിന്തിക്കുന്നത് ക്ഷീര മേഖലയുടെ അഭിവൃദ്ധിക്കു ഗുണകരമായേക്കാം. എന്നാൽ അത്തരമൊരു മാറ്റത്തിനു മുന്നോടിയായി പരുഷാഹാരത്തിന് പച്ചപ്പുല്ല് തന്നെ നൽകണമെന്ന നിർദേശത്തിനു പകരം പുൽക്കൃഷി ദുഷ്കരമായ പ്രദേശങ്ങളിലും അനുകൂലമല്ലാത്ത കാലങ്ങളിലും പോഷക മേന്മയുള്ള ഉണക്കപ്പുല്ല് നൽകുന്ന രീതിയിലേക്ക് നമ്മുടെ പരിപാലനം മാറേണ്ടതായിട്ടുണ്ട്.  

പുല്ല് പശുക്കളുടെ മുൻപിൽ എത്തിക്കുന്ന വാഹനം

അൽഫാൽഫാ അധിഷ്ഠിത സമ്പൂർണ തീറ്റക്രമം

കറവയിലുള്ള പശുക്കൾക്ക് മുഖ്യമായി നൽകുന്ന പരുഷാഹാരം ആൽഫാൽഫാ അഥവാ ലൂസേൺ എന്ന പയർ വർഗ്ഗത്തിൽപ്പെട്ട പുല്ലിനമാണ്. ഇതാകട്ടെ ഏറിയ പങ്കും ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, അമേരിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നതാണ് പതിവ്. സൗദിയിലെ വൻകിട ഡെയറി ഫാമുകളിലെ ക്ഷീരോൽപാദനം നിലനിന്നു പോരുന്നത് ഇറക്കുമതി ചെയ്യുന്ന അൽഫാൽഫാ ഇനത്തിൽപ്പെടുന്ന പുല്ലിനങ്ങളെ ആശ്രയിച്ചാണ്. വിവിധ തരത്തിൽപെട്ട ഉണക്കി സൂക്ഷിച്ചതും ഗുണമേന്മയും വിലയും വ്യത്യസ്തവുമായ ആൽഫാൽഫാ ഇനങ്ങൾ ലഭ്യമാണ്. 

നേരിയ തണ്ടോടു കൂടിയ കുറ്റിച്ചെടി ആയതിനാൽ മുറിക്കാതെ തന്നെ സാന്ദ്രിത വസ്തുക്കളുമായി മിക്സ് ചെയ്ത് സമ്പൂർണ്ണ തീറ്റ രൂപത്തിലാണ് അൽഫാൽഫ ഫീഡിങ് ട്രക്കിൽ കയറ്റി കറവപ്പശുക്കളുടെ ഷെഡ്ഡുകളിൽ വിതരണം ചെയ്യുന്നത്. അതുകൊണ്ടുതന്നെ അൽഫാൽഫാ അധിഷ്ഠിത സമ്പൂർണ തീറ്റക്രമം യന്ത്രവൽകൃത പരിപാലനത്തിനും ഏറെ സഹായകമാകുന്നു. എന്നാൽ സൗദി അറേബ്യയിലെ കാലാവസ്ഥ ആൽഫാൽഫാ കൃഷിക്ക് അനുകൂലമല്ലാത്തതിനാൽ പുൽകൃഷി സാധ്യമായ സ്ഥലങ്ങളിലെല്ലാം വൻ തോതിൽ കൃഷി ചെയ്തു വരുന്നത് പോഷക മേന്മ കുറവുള്ള പുല്ലിനങ്ങളാണ്. ഉണക്കി സൂക്ഷിച്ച ഇത്തരം പുല്ലുകൾ കറവയിലുള്ള പശുക്കൾക്ക് ആവശ്യമായ പോഷക ലഭ്യത ഉറപ്പാക്കാൻ അപര്യാപ്തമാണ് എന്നതിനാൽ കറവയില്ലാത്തവയ്ക്കു മാത്രമാണ് ഉപയോഗിക്കുന്നത്. 

ശൈത്യ കാലാവസ്ഥയിൽ വളരുന്ന പയർ വർഗത്തിൽപ്പെടുന്ന ഏറെ പോഷക ഗുണമുള്ള (അസംസ്‌കൃത മാംസ്യം 20 മുതൽ 30 ശതമാനം) കുറ്റിച്ചെടിയാണ് അൽഫാൽഫാ. തണുപ്പ് കാലം മാറി വരുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അൽഫാൽഫാ കൃഷി ചെയ്തു വരുന്നുണ്ടെങ്കിലും കേരളത്തിലെ പൊതുവെയുള്ള കാലാവസ്ഥ ഇത്തരം കൃഷിക്ക് അനുകൂലമല്ല. അതോടൊപ്പം തീറ്റപ്പുല്ല് കൃഷി ചെയ്യുന്നതിനു സ്ഥല പരിമിതിയും ഉണക്കി സൂക്ഷിക്കാൻ അനുകൂലമല്ലാത്ത കാലാവസ്ഥയും കൂടിയ തൊഴിൽ വേതനവും നിലനിൽക്കുന്ന നമ്മുടെ സംസ്ഥാനത്ത് വ്യാവസായിക ക്ഷീരോൽപാദനം സാധ്യമാക്കാൻ ഗുണമേന്മയുള്ള ഉണക്കപ്പുല്ല് ഇറക്കുമതി ചെയ്യുന്നതും പരിഗണിക്കാവുന്നതാണ്. അധികം മൂപ്പെത്തുന്നതിനു മുൻപ് വെട്ടി ഉണക്കുന്നതിനാൽ കൂടിയ പോഷകമൂല്യവും വെള്ളം ചേർത്ത് മിക്സ് ചെയ്യുന്നതോടെ പച്ചപുല്ല് പോലെ മാർദ്ദവമുള്ളതുമാകുന്ന അൽഫാൾഫാ പശുക്കൾക്ക് ഏറെ സ്വീകാര്യവും ആരോഗ്യദായകവുമാകുന്നതോടൊപ്പം കൂടിയ പാലുൽപാദനത്തിന് ഏറെ അനുയോജ്യവുമാണ്. 

പാലുൽപാദനമില്ലാത്ത പശുക്കൾക്കും വളർച്ചയുടെ ഘട്ടത്തിലുള്ള കിടാരികൾക്കും പോഷകമേന്മ കുറഞ്ഞ പരുഷമായ ഉണക്കപ്പുല്ലും മുൻകൂട്ടി തെയ്യാർ ചെയ്ത സാന്ദ്രിത തീറ്റ മിശ്രിതവുമാണ് ആഹാരമായി നൽകുന്നത്. എന്നാൽ ഗർഭകാലത്തിന്റെ അവസാന മാസങ്ങളിൽ നിത്യേന ഒരു നേരമെങ്കിലും അൽഫാൽഫയും കൂടുതൽ അളവിൽ സാന്ദ്രിത തീറ്റയും നൽകുന്നത് പതിവാണ്. കൂടാതെ എല്ലാ ഷെഡ്ഡുകളിലും സദാസമയവും കുടിവെള്ളവും ധാതുലവണ കട്ടകളും ലഭ്യമാക്കാറുണ്ട്. പുതിയ കിടാങ്ങളെ പ്രസവ സമയത്ത് തന്നെ തള്ളപ്പശുവിൽനിന്ന് മാറ്റി അൽപം അകലെയുള്ള പൂർണമായും മേൽക്കൂരയുള്ള ഷെഡ്ഡിനകത്താണ് പരിപാലിക്കുന്നത്. നിത്യേന പാലും പാലിന് പകരം നൽകാവുന്ന തീറ്റ മിശ്രിതവും (Milk replacer) പച്ചപ്പുല്ലും നൽകി വരുന്നു. മൂന്നു മാസം പ്രായം എത്തുന്നതോടെ പാലും മിൽക്ക് റീപ്ലെയ്‌സറും നിർത്തുകയും അൽഫാൽഫായോടൊപ്പം പ്രത്യേക തീറ്റമിശ്രിതവും അൽപാൽമായി ഉണക്കപ്പുല്ലും ശീലിപ്പിക്കുന്നതാണ് തീറ്റക്രമം. ഇത്തരം പരിപാലനത്തിനെല്ലാം യന്ത്രവൽക്കരണ സാധ്യത കുറവായതിനാൽ മാനുഷിക അദ്ദ്വാനം താരതമ്യേന കൂടുതലാണ്. എന്നാൽ ഈ പ്രവൃത്തികളെല്ലാം പരിമിതമായതിനാൽ ഫാമിന്റെ മൊത്തം ചെലവിനെ കാര്യമായി സ്വാധീനിക്കുന്നതല്ല. 

ഫാമിലെ പ്രധാന വിഭാഗകമായ കറവപ്പശുക്കൾക്കു വർഷം മുഴുവനും പോഷകലഭ്യത ഉറപ്പാക്കും വിധവും അതോടൊപ്പം പരമാവധി യന്ത്രവൽക്കരണത്തിനുള്ള സാധ്യതകൾ ഉപയോഗിച്ച് കൊണ്ടും ആണ് ഫാമിലെ തീറ്റക്രമം തയാർ ചെയ്തിരിക്കുന്നത്. ഇതിൽ നിന്ന് നമ്മുടെ സാഹചര്യത്തിൽ ഏതെല്ലാം കാര്യങ്ങൾ അനുകരിക്കാമെന്നും മറ്റുള്ളവ നടപ്പിലാക്കാൻ ഡെയറിഫാമിന്റെ ആസൂത്രണത്തിലും പരിപാലന ക്രമത്തിലും അനിവാര്യമായ മാറ്റങ്ങൾ വിശകലനം ചെയ്യുന്നതിനും വ്യവസായവൽക്കരണത്തിലൂടെ ക്ഷീരമേഖലയുടെ അഭിവൃദ്ധി ത്വരിതപ്പെടുത്തുന്നതിനും ഈ താരതമ്യവിശകലനം സഹായകമാകുമെന്ന് പ്രത്യാശിക്കുന്നു. 

വിലാസം

ഡോ. സി.ഇബ്രാഹിം കുട്ടി

മൃഗ പ്രത്യുൽപാദന ശാസ്ത്ര വിദഗ്ധൻ, കൃഷി വിജ്ഞാന കേന്ദ്രം, മലപ്പുറം
കേരള കാർഷിക സർവകലാശാല, കെസിഎഇടി ക്യാംപസ്, തവനൂർ