പകയുടെയും ചതിയുടെയും രക്തച്ചൊരിച്ചിലിന്റെയും യുദ്ധത്തിന്റെയും ചരിത്രം; ജാതി വേരോടിയ അറിയേണ്ട വഴികൾ
ജാതിപ്പഴമ ഒരു കാലത്ത് റോമാക്കാർ കുന്തിരിക്കം പോലെ, പുകയ്ക്കാനായി ഉപയോഗിച്ചു വന്ന ജാതി വിലപിടിപ്പുള്ള ഒരു സുഗന്ധവ്യഞ്ജനമായി മാറുന്നത് എഡി 1600–മാണ്ടോടെയാണ്. എന്നാൽ ജാതിപ്പഴമയുടെ പുരാലിഖിതങ്ങൾ തേടിയാൽ അത് ബിസി1500-1000 കാലഘട്ടം വരെ എങ്കിലും നീളുന്നതാണ് എന്നു വ്യക്തമാകും. അക്കാലത്തെ ചില ഹിന്ദു
ജാതിപ്പഴമ ഒരു കാലത്ത് റോമാക്കാർ കുന്തിരിക്കം പോലെ, പുകയ്ക്കാനായി ഉപയോഗിച്ചു വന്ന ജാതി വിലപിടിപ്പുള്ള ഒരു സുഗന്ധവ്യഞ്ജനമായി മാറുന്നത് എഡി 1600–മാണ്ടോടെയാണ്. എന്നാൽ ജാതിപ്പഴമയുടെ പുരാലിഖിതങ്ങൾ തേടിയാൽ അത് ബിസി1500-1000 കാലഘട്ടം വരെ എങ്കിലും നീളുന്നതാണ് എന്നു വ്യക്തമാകും. അക്കാലത്തെ ചില ഹിന്ദു
ജാതിപ്പഴമ ഒരു കാലത്ത് റോമാക്കാർ കുന്തിരിക്കം പോലെ, പുകയ്ക്കാനായി ഉപയോഗിച്ചു വന്ന ജാതി വിലപിടിപ്പുള്ള ഒരു സുഗന്ധവ്യഞ്ജനമായി മാറുന്നത് എഡി 1600–മാണ്ടോടെയാണ്. എന്നാൽ ജാതിപ്പഴമയുടെ പുരാലിഖിതങ്ങൾ തേടിയാൽ അത് ബിസി1500-1000 കാലഘട്ടം വരെ എങ്കിലും നീളുന്നതാണ് എന്നു വ്യക്തമാകും. അക്കാലത്തെ ചില ഹിന്ദു
ജാതിപ്പഴമ
ഒരു കാലത്ത് റോമാക്കാർ കുന്തിരിക്കം പോലെ, പുകയ്ക്കാനായി ഉപയോഗിച്ചു വന്ന ജാതി വിലപിടിപ്പുള്ള ഒരു സുഗന്ധവ്യഞ്ജനമായി മാറുന്നത് എഡി 1600–മാണ്ടോടെയാണ്. എന്നാൽ ജാതിപ്പഴമയുടെ പുരാലിഖിതങ്ങൾ തേടിയാൽ അത് ബിസി1500-1000 കാലഘട്ടം വരെ എങ്കിലും നീളുന്നതാണ് എന്നു വ്യക്തമാകും. അക്കാലത്തെ ചില ഹിന്ദു പുരാണങ്ങളിലും വേദങ്ങളിലും ഒക്കെ ജാതിക്കുരുവിന്റെയും ജാതിപത്രിയുടെയും ഔഷധഗുണങ്ങളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. അടുത്ത കാലത്ത് ജാതിയുടെ ഉദ്ഭവകേന്ദ്രമായ മൊളൂക്കാസ് (Maluku) ദ്വീപുകളിൽ നടത്തിയ ഉത്ഖനന പഠനങ്ങളും ജാതിയുടെ ഈ പഴമയ്ക്ക് അടിവരയിടുന്നു. ബൈബിളിലെ പഴയ നിയമത്തിലും (Book of Deuteronomy, വചനം: 24:19-21 ) പാവങ്ങളുടെയും കൃഷി ഭൂമി ഇല്ലാത്തവരുടെയും രക്ഷകനായി ജാതിയെ ജാത്യാൽ തന്നെ പ്രഘോഷിക്കുന്നുണ്ട്.
നമ്മുടെ മലയാളത്തിലെ ജാതിയെ അതിന്റെ സ്വന്തം തറവാടായ മൊളൂക്കാസ് ദ്വീപ് സമൂഹങ്ങളിൽ ഭാഷ -സാംസ്‌കാരിക വ്യത്യാസമില്ലാതെ, 'പല 'എന്നാണ് അറിയുന്നതും പറയുന്നതും. മൊളൂക്കാസ് പല പല വ്യത്യസ്ത ദ്വീപുകളുടെ സമൂഹമാണെങ്കിലും ഇന്ന് 15ൽപ്പരം രാജ്യങ്ങളിൽ അറിയപ്പെടുന്ന ഒരു സുഗന്ധവിളയായ ജാതിയുടെ ചരിത്രം, പകയുടെയും ചതിയുടെയും രക്തച്ചൊരിച്ചിലിന്റെയും യുദ്ധത്തിന്റെയും രഹസ്യ പര്യവേക്ഷണങ്ങളുടെയും കടൽ കൊള്ളയുടെയും ജൈവ കൊള്ളയുടെയും (biopiracy) അധോലോക പണമിടപാടുകളുടെയും പൈതൃക ജാതി മരങ്ങളുടെ (heirloom trees) ഉന്മൂല നാശത്തിന്റെയും തെറ്റിപ്പോയ ജാതി സ്വത്തത്തിന്റെയും (wrong identity), സാമൂഹ്യ ശാക്തീകരണത്തിന്റെയും മതപരിവർത്തനത്തിന്റെയും ജൈവ വൈവിധ്യ സംരക്ഷണത്തിന്റെയും ഒക്കെ ചരിത്രം കൂടിയാണ്!
ഒരു ജാതി പല രാജ്യങ്ങൾ
ഇന്നു ലോകത്തിലെ മൊത്തം വാണിജ്യ ഇടപാടിന്റെ (trade) 0.0012 ശതമാനം വരുന്ന ജാതി വ്യാപാരം (ഏലം ഉൾപ്പെടെ ) 15ൽപ്പരം ഉൽപാദക രാജ്യങ്ങളുടെയും പത്തോളം വീതം വരുന്ന കയറ്റുമതി -ഇറക്കുമതി രാഷ്ട്രങ്ങളുടെയും സംഭാവന ആണ്. ഇന്തൊനീഷ്യ, ഇന്ത്യ, ഗ്രനഡ, ഗ്വാട്ടിമല, ശ്രീലങ്ക, മലേഷ്യ, മൗറീഷ്യസ്, സാൻസിബാർ, സീഷെൽസ്, റീയൂണിയൻ ഐലൻൻഡ്, നേപ്പാൾ, ഭൂട്ടാൻ, കാമറൂൺ, സോളമൻ ദ്വീപുകൾ ഒക്കെ ആണ് പ്രധാന ഉൽപാദക രാജ്യങ്ങൾ എങ്കിൽ ഇറക്കുമതിയിൽ മുന്നിലുള്ളത് ചൈന, യുഎസ്, നെതർലൻഡ്സ്, ജർമനി, വിയറ്റ്നാം, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളാണ് .
ജാതി ചോദിക്കാതെ അതിക്രമിച്ചെത്തിയ ആദി അധിനിവേശക്കാർ
സ്പൈസ് ഐലൻഡ്സ് എന്നറിയപ്പെട്ടിരുന്ന മൊളൂക്കാസ് ആയിരുന്നു പതിനാറാം നൂറ്റാണ്ട് വരെ ജാതിയുടെ ഏക സ്രോതസ്. എന്നാൽ ഇത് വളരെ രഹസ്യമായി സൂക്ഷിച്ച ഒരറിവായിരുന്നു അക്കാലത്ത്. 16–17 നൂറ്റാണ്ടുകളിൽ മൊളൂക്കാസിലെ വാർഷിക ജാതി ഉൽപാദനം 500-600 ടൺ ആയിരുന്നു. മൊളൂക്കാസിലെ ജാതിക്കായുടെയും പത്രിയുടെയും തനത് ഗുണം കൊണ്ടോ അതല്ല കച്ചവട കൗശല തന്ത്രങ്ങൾ മൂലമോ 14–15 നൂറ്റാണ്ട് മുതൽ തന്നെ ചീനക്കാരും മലയക്കാരും ജാവക്കാരും അറബികളും പേർഷ്യക്കാരും ഒക്കെ ജാതി തേടി അന്നാട്ടിൽ എത്തിയ നിത്യ സന്ദർശകർ ആയിരുന്നു. ഇവരുടെയൊക്കെ കഥകളിൽ ആകൃഷ്ടരായാണ് പിറകേ യൂറോപ്യന്മാർ മൊളൂക്കസിൽ എത്തുന്നത്.
പോർച്ചുഗീസുകാരും ഡച്ചുകാരും ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും ഒക്കെ 15–16 നൂറ്റാണ്ട് മുതൽ തന്നെ പിടികിട്ടാത്ത ജാതിയുടെ ഉറവിടം തേടി, നിരന്തരം രഹസ്യ വാണിജ്യ പര്യവേഷണങ്ങളിലും വ്യാപാര കിടമത്സരങ്ങളിലും സംഘട്ടനങ്ങളിലും കൊലകളിലും കൊള്ളകളിലും ഒക്കെ ഏർപ്പെട്ടിരുന്നു. ജാതി വിളയുന്നത് ഇന്തൊനീഷ്യയിലെ മൊളൂക്കാസ് ദ്വീപുകളിൽ ആണെന്ന രഹസ്യം ലോകത്തോട് ആദ്യമായി വെളിപ്പെടുത്തന്നത് പതിമൂന്നാം നൂറ്റാണ്ടിൽ കസ്‌വിനി (Kazwini) എന്ന അറബ് വർത്തക പ്രമാണിയാണ്. ഈ വെളിപ്പെടുത്തലിനെത്തുടർന്നാണ് പടിഞ്ഞാറൻ നാടുകളിൽനിന്നും ജാതി തേടി വീറും വാശിയുമേറിയ സാഹസിക യാത്രകൾക്കു തുടക്കമിടുന്നത്.
എഡി 1511ൽ അങ്ങനെ പോർച്ചുഗീസുകാർ രണ്ടു കപ്പലുകളിലായി മൊളൂക്കസിൽ ആദ്യം എത്തി. തുടർന്ന് 1599ൽ ഡച്ചുകാർ മൊളൂക്കാസ് തീരം തൊടുന്നതു വരെ ജാതി വ്യാപാരം പോർച്ചുഗീസുകാരുടെ കുത്തക ആയിരുന്നു. ഇതിനിടെ രാജ്ഞിയുടെ അനുഗ്രഹാശിസുകളോടെ ബ്രിട്ടീഷ് വ്യാപാര പ്രഭുക്കളും മൊളൂക്കാസ് പര്യവേഷണം പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. എഡി 1664ൽ ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി നിലവിൽ വന്നതോടെ ഫ്രഞ്ചുകാരും ജാതി വിഹിതം തേടി തങ്ങളുടേതായ പര്യവേഷണങ്ങളിലും രഹസ്യ ഇടപാടുകളിലും മൊളൂക്കാസിലെ നാട്ടുകാരെ പാട്ടിലാക്കുന്നതിലും ഏർപ്പെട്ടു തുടങ്ങി. വിവിധ ശക്തികൾ തമ്മിൽ ജാതിക്കു വേണ്ടിയുള്ള ഈ കിടമത്സരം പലപ്പോഴും രക്ത രൂക്ഷിത സംഘട്ടനങ്ങൾക്കും കൊള്ളകൾക്കും നാട്ടുകാരെയും ജാതി മരങ്ങളെയും ഒക്കെ ഉന്മൂലനം ചെയ്യുന്നതിനും ചില ദ്വീപുകൾ പരസ്പരം വച്ചു മാറുന്നതിനും ഒക്കെ കാരണമായി.
പടിഞ്ഞാറൻ നാടുകളിൽ ഒരു സുഗന്ധവ്യഞ്ജനം എന്ന നിലയിൽ ജാതിക്ക് പ്രചാരം ലഭിക്കുന്നത് സത്യത്തിൽ പോർച്ചുഗീസുകാർ മൊളുക്കസിൽ എത്തിയ ശേഷമാണ്. മാത്രമല്ല അതുവരെ വനവിഭവമായോ പൊതുസ്വത്തായോ ഒക്കെ കണ്ടിരുന്ന ജാതി ഒരു നിയത കാർഷിക വിളയായി വേരുറയ്ക്കുന്നതും പാശ്ചാത്യ സംസർഗത്തോടെയാണ്. അധിനിവേശക്കാരിൽ നിന്നും കൊള്ളക്കാരിൽ നിന്നും ജാതിയെ സംരക്ഷിക്കാൻ ഭാഷയിലും സംസ്കാരത്തിലും വൈവിധ്യം പുലർത്തിയിരുന്ന വിവിധ ദ്വീപുകളിലെ ജനങ്ങളെ തങ്ങളുടെ ഇടയിലെ ഗോത്ര വൈജാത്യം ഒക്കെ മറന്ന് ഒരുമിപ്പിക്കുന്ന ഒരു സാമൂഹ്യ ഘടകം കൂടിയായിരുന്നു ജാതി പതിനേഴാം നൂറ്റാണ്ടിലെ മൊളുക്കാസിൽ എന്ന് ചരിത്ര രേഖകൾ പറയുന്നു. ജാതി ഉദ്ഭവിച്ച മൊളൂക്കാസ് ഇന്ന് UNESCOയുടെ ലോക പൈതൃക സാംസ്കാരിക സ്മാരകങ്ങളിൽ ഇടം പിടിക്കാൻ കാത്തിരിക്കുകയാണ്.
മൊളൂക്കാസിലെ ഡച്ച് 'ജാതി വാഴ്ച'
ജാതി തേടി സ്‌പൈസ് ദ്വീപുകളിൽ(മൊളൂക്കാസ്) പതിനാറാം നൂറ്റാണ്ടോടെ ആദ്യം എത്തുന്നത് പോർച്ചുഗീസുകാർ ആണെങ്കിലും അവരെ ത്തുടർന്ന് എത്തിയ ഡച്ചുകാരുടെ 'ജാതി വാഴ്ച'യാണ് ഏറെ ഓർമിക്കപ്പെടുന്നത്. ജാതിയുടെ കുത്തക കൈവശപ്പെടുത്താൻ പറങ്കികളും ലന്തക്കാരും തമ്മിലും തദ്ദേശ വാസികളും ആയി നിരന്തരം സംഘർഷത്തിൽ ഏർപ്പെട്ടിരുന്നതായി ചരിത്ര രേഖകൾ പറയുന്നു. അധിനിവേശക്കാരിൽനിന്ന് ജാതിയെ സംരക്ഷിക്കാനും ഉൽപ്പന്നത്തിന്റെ അർഹിക്കുന്ന ലാഭവിഹിതത്തിനും വേണ്ടി വൈദേശികരുമായി ചില വ്യാപാര കരാറുകളിൽ നാട്ടുകാർ ഏർപ്പെട്ടിരുന്നതിനും ചരിത്ര താളുകളിൽ തെളിവുകൾ കാണാം. 1602ൽ ഡച്ചുകാരും മൊളൂക്കാസ് ദ്വീപ് വാസികളും തമ്മിൽ ആദ്യം ഏർപ്പെട്ട ഉടമ്പടി പ്രകാരം ഡച്ചുകാർക്കു ജാതി വ്യാപാരത്തിന്റെ കുത്തക ലഭ്യമായി. എന്നാൽ ഈ കരാറിലെ വ്യവസ്ഥകൾ ലന്തക്കാർ ലംഘിച്ചതോടെ നാട്ടുകാരുമായി തെറ്റുകയും രണ്ടു കൂട്ടരും തമ്മിൽ പൊരിഞ്ഞ സംഘട്ടനങ്ങൾക്കു വഴി വയ്ക്കുകയും ചെയ്തു. പക്ഷേ ആത്യന്തികമായി ഡച്ച് ആയുധ ശക്തിക്കു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ ഒട്ടനവധി നാട്ടുകാർ തുടച്ചുനീക്കപ്പെടുകയും, ഡച്ചു വാഴ്ച , കോട്ട കൊത്തളങ്ങളുമായി പൂർവാധികം ശക്തമാകുകയും ചെയ്തു. അക്കാലത്തെ രണ്ടു ഡച്ചു കോട്ടകൾ ഇന്നും അന്നാട്ടിൽ ഉള്ളത് മൊളൂക്കാസിന് UNESCO പൈതൃക സാംസ്‌കാരിക പദവി നേടിയെടുക്കാൻ നിമിത്തമാകുന്നു എന്നത് ഒരു കാവ്യ നീതി!
ജാതി ചരിത്രത്തിലെ മറ്റൊരേട് തുടങ്ങുന്നത് 1615ൽ ബ്രിട്ടീഷുകാർ കൂടി രംഗത്തെത്തുന്നതോടെയാണ്. തദ്ദേശ വാസികളുടെ സഹായത്തോടെ ബ്രിട്ടീഷുകാർ ഡച്ചുകാരെ തുരത്തി ജാതി വ്യാപാരം കൈക്കലാക്കാൻ നടത്തിയ ശ്രമങ്ങൾ ഒരു വശത്ത് ബ്രിട്ടീഷ് -ഡച്ച് സംഘട്ടനങ്ങൾക്കും, മറുവശത്ത് തദ്ദേശീയരും ഡച്ചുകാരും തമ്മിലും രക്ത ചൊരിച്ചിലിനും ഇടയാക്കി. ഒട്ടേറെ മൊളൂക്കാസുകാർ അങ്ങിനെയും നിഷ്കരുണം ഒടുങ്ങി.
1621 ആയപ്പോൾ ഡച്ചുകാർ ബിട്ടീഷുകാർക്കു മേൽ ആധിപത്യം നേടുകയൂം മൊളൂക്കാസിലെ റൺ(Run) എന്ന ചെറുദ്വീപ് ഒഴിച്ച് എല്ലാ ദ്വീപുകളൂം പിടിച്ചെടുക്കയും ചെയ്തു. ബ്രിട്ടീഷ് അധീനത്തിൽ ഉണ്ടായിരുന്ന റൺ ദ്വീപിലാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി തങ്ങളുടെ ആസ്ഥാനം തുറക്കുന്നത്. പക്ഷേ, ഡച്ചുകാരിൽനിന്നും റൺ ദ്വീപ് അധിക കാലം സംരക്ഷിച്ചു നിർത്താൻ ബ്രിട്ടീഷുകാർക്ക് ആയില്ല. 1638ൽ ബ്രിട്ടീഷുകാരെ റൺ ദ്വീപിൽനിന്നും പുറത്താക്കി ഡച്ചുകാർ ദ്വീപിന്റെ പൂർണ നിയന്ത്രണം കൈവശപ്പെടുത്തി. തോറ്റെങ്കിലും വിട്ടു കൊടുക്കാൻ മാനസികമായി തയാറാവാതെ ബ്രിട്ടീഷുകാർ തക്കം പാത്തിരുന്നു. അങ്ങനെയാണ് 1667ൽ നാലു യുദ്ധക്കപ്പലുകളുമായി അറ്റ്ലാന്റിക് സമുദ്രത്തിലെ ഡച്ച് ദീപ് ആയ ന്യൂ ആംസ്റ്റർഡാം ബ്രിട്ടീഷുകാർ ആക്രമിച്ച് കൈവശപ്പെടുത്തന്നതും തുടർന്ന് Peace of Breda ഉടമ്പടി പ്രകാരം റൺ ഡച്ചുകാരും പകരം ന്യൂ ആംസ്റ്റർഡാം (New York) ബ്രിട്ടീഷുകാരും പരസ്പരം വച്ചുമാറി.
മൊളൂക്കസിന്റെ പൂർണ നിയന്ത്രണം കൈവന്നതോടെ ഡച്ചുകാർ തോട്ടമടിസ്ഥാനത്തിൽ ജാതിക്കൃഷി കൂടുതൽ വിപുലമാക്കി. മിക്ക തോട്ടങ്ങളും ഡച്ചുകാരുടെ ഉടമസ്ഥതയിലും പണിക്ക് അടിമത്തൊഴിലാളികളും എന്നതായിരുന്നു അക്കാലത്തെ സ്ഥിതി. മൊളൂക്കസിൽ മത പരിവർത്തനം ഉൾപ്പെടെ പല സാമൂഹ്യ,കാർഷിക,സാംസ്കാരിക മാറ്റങ്ങൾക്കും ഈ വ്യവസ്ഥിതി കാരണമായതായി ചരിത്ര രേഖകളിൽ കാണാനാകും.
പക്ഷേ മൊളൂക്കസിൽ 18-19 നൂറ്റാണ്ടുകളിൽ ഉണ്ടായ ചുഴലിക്കാറ്റും ഭൂമി കുലുക്കവും അഗ്നിപർവത പൊട്ടിത്തെറിയും ഒക്കെ ജാതി വിള നിലങ്ങളെ നിലംപരിശാക്കി! തുടർന്നാണ് ഇന്തൊനീഷ്യയിലെ ന്യൂഗിനിയ (New Guinea) ഉൾപ്പെടെ മറ്റു സ്ഥലങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കും ഒക്കെ ജാതിക്കൃഷി കുടിയേറുന്നത്.
ഡച്ച് -ബ്രിട്ടീഷ് ശീതസമര കാലത്ത് റൺ ദ്വീപിലെ ധാരാളം ജംഗമ ജാതി മുത്തശ്ശിമാർ 'രക്ത സാക്ഷികൾ' ആകുകയും ചെയ്തിരുന്നു !
ഫ്രഞ്ച് 'ജാതിപത്യം'
1664ൽ ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമാകുന്നതോടെയാണ് മൊളൂക്കാസിലെ ജാതി‘പങ്കി’നായി ഫ്രഞ്ചുകാർ തുനിഞ്ഞിറങ്ങുന്നത്. Pierre Poivre എന്ന ഫ്രഞ്ച് ജാതി ക്രൂശഭടൻ (crusader) ആണ് 1753 -1755 കാലഘട്ടത്തിൽ ഡച്ചുകാരെ വെല്ലുവിളിച്ച്, മൗറീഷ്യസ് (Isle de France)ൽ 32 ജാതിത്തൈകൾ എത്തിക്കുന്നത്. പക്ഷേ, ഈ തൈകളിൽ അധികവും വേരു പിടിച്ചില്ല. തുടർന്ന് 1769-1772 വർഷങ്ങളിൽ Poivre രണ്ടു ജാതി ദൗത്യങ്ങൾ കൂടി ഏറ്റെടുക്കയും കൂടുതൽ ജാതി മൗറീഷ്യസിൽ എത്തിക്കയും ചെയ്‌തു. മറ്റൊരു കോളനി ആയ French Guyana (Isle de Cayenne)യ്ക്കുള്ള യാത്രാ മധ്യേ ബ്രിട്ടീഷ് കടൽക്കൊള്ളക്കാർ, ജാതിയുമായി പോയ ഒരു ഫ്രഞ്ച് കപ്പൽ കൊള്ളയടിച്ച സംഭവും ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
പുതിയ സ്ഥലം, അപരിചിതമായ വിള, പരിചരണ രീതികളെ കുറിച്ചുള്ള അറിവില്ലായ്മ, പരിചയ സമ്പന്നരായ ജാതി പരിപാലകരുടെ അഭാവം, കൂടാതെ ജാതിയിലെ ലിംഗ ദ്വന്ദത്വം (sexual dimorphism) - ജാതി മൗറീഷ്യസിൽ നേരിട്ട വെല്ലുവിളികൾ ഏറെയായിരുന്നു. പരീക്ഷിച്ചും തെറ്റു തിരുത്തിയും വീണ്ടും ശ്രമിച്ചും പല വർഷങ്ങളിലെ കൂട്ടായ പരിശ്രമ ഫലമായാണ് ജാതിക്കൃഷി ക്രമേണ മൗറീഷ്യസിൽ വേരുറപ്പിച്ചത്. മൊളൂക്കാസിലെ നാട്ടുകാർക്ക് ജാതിയിലെ ആൺ-പെൺ വേർതിരിവിനെപ്പറ്റി ധാരണ ഉണ്ടായിരുന്നെങ്കിലും ഈ വംശീയ നാട്ടറിവ് ഉൾക്കൊള്ളാൻ ഫ്രഞ്ച് പര്യവേഷകർക്കോ മൗറീഷ്യസിലെ ഫ്രഞ്ച് തോട്ടം ഉടമകൾക്കോ ആദ്യം കഴിഞ്ഞില്ല. 1778ൽ മൗറീഷ്യസ് ഗവർണറാണ് ജാതിയിലെ ഈ ലിംഗ പ്രശ്‍നം ആദ്യം ചൂണ്ടിക്കാട്ടുന്നത്.
ഫ്രഞ്ച് കൊളോണിയൽ ഭരണാധികാരികൾ വഴി ജാതി ക്രമേണ അവരുടെ മറ്റു കോളനികളിലും എത്തി. അങ്ങനെ 1773ൽ ജാതി ഫ്രഞ്ച് ഗയാനയിലും അതു വഴി ആദ്യമായി അമേരിക്കൻ ഭൂഖണ്ഡത്തിലും എത്തി. പക്ഷേ ചില ചരിത്ര രേഖകളിൽ 1767ൽ Jean Baptiste D’Arnault എന്ന ഫ്രഞ്ച് സസ്യശാസ്ത്രജ്ഞൻ തെക്കേ അമേരിക്കയിലെ വെനിസ്വലയിൽ നിന്നും ജാതി ശേഖരിച്ചതായി പറയുന്നുണ്ട്. എന്നാൽ D’Arnault ജാതി എന്ന് തെറ്റി ധരിച്ച് റിപ്പോർട്ട് ചെയ്തത് ജാതിയുടെ അളിയനായ ടുബാഗോ ജാതി അഥവാ ജമൈക്കൻ ജാതി ആണെന്ന് പിന്നീട് സ്ഥിരീകരിക്കയുണ്ടായി. അങ്ങനെ ജാതി ചരിത്രത്തിൽ ഒരു അസ്‌തിത്വ സമസ്യയും അരങ്ങേറി!
ജാതി വെസ്റ്റ് ഇൻഡീസിൽ
ഡച്ച് ജാതി പ്രതാപം അസ്തമിച്ചതോടെ മറ്റു കൊളോണിയൽ ശക്തികൾ രംഗത്തു വരികയും ജാതി തങ്ങളുടെ കോളനികളിൽ വ്യാപിപ്പിക്കുകയും ചെയ്തു. അങ്ങനെ ബ്രിട്ടീഷ്, ഫ്രഞ്ച് അധികാരികൾ വഴി ജാതി 17-18 നൂറ്റാണ്ടോടെ ഇന്ത്യ, മൊറീഷ്യസ്, ഫ്രഞ്ച് ഗയാന, ഗ്രനഡ, ശ്രീലങ്ക തുടങ്ങി പല നാടുകളിലും ജാതി എത്തി. ഇന്ന് ജാതി ഉൽപാദനത്തിനും ഉൽപന്ന വൈവിധ്യത്തിനും പേരു കേട്ട വെസ്റ്റ് ഇൻഡീസിലെ ഗ്രനേഡയിൽ ജാതി ആദ്യമായി എത്തുന്നത് 1843ലാണ്, ബ്രിട്ടീഷുകാർ വഴി. 1865 ആയപ്പോഴേക്കു ഗ്രനേഡ ഒരു പ്രധാന ജാതി ഉൽപാദക രാജ്യമായി മാറി. എന്നാൽ 1955ലും 2004ലും ഉണ്ടായ ചുഴലിക്കാറ്റുകൾ അന്നാട്ടിലെ ജാതിയുടെ തായ്‌വേര് ഇളക്കി. തുടർന്ന് ഇന്ത്യ ഉൾപ്പെടയുള്ള സുഗന്ധവിള വിദഗ്ധരുടെ സേവനം ഗ്രനേഡ തേടുകയും ജാതി വീണ്ടും പഴയ പ്രതാപത്തിലേക്ക് എത്തുകയും ചെയ്തു.
1947ൽ സ്ഥാപിതമായ ഗ്രനഡ നട്ടമെഗ് ഗ്രോവേഴ്സ് അസോസിയേഷൻ (GCNA) ആണ് ഇപ്പോൾ ആ രാജ്യത്തെ ജാതി ഉൽപാദനത്തിലും കയറ്റുമതിയിലും ഗുണ നിയന്ത്രണത്തിലും ഉൽപന്ന വൈവിധ്യത്തിലുമൊക്കെ ചുക്കാൻ പിടിക്കുന്നത്. ആദ്യകാലത്ത് ഒരു തടത്തിൽ രണ്ട് മൂന്നു വിത്തുകൾ ഇട്ട്, തൈകൾ വളർന്ന് ആൺ -പെൺ തിരിവ് വ്യക്തമാവുന്ന മുറയ്ക്ക് ആൺ മരങ്ങൾ ഒഴിവാക്കുന്ന രീതി ആയിരുന്നു ആ രാജ്യത്ത് അനുവർത്തിച്ചിരുന്നത്. ഇന്ന് അതിൽനിന്നൊക്കെ മാറി കൂടുതൽ ശാസ്ത്രീയ കൃഷിരീതികളാണ് ഗ്രനേഡ കർഷകർ അനുവർത്തിച്ചു വരുന്നത്.
ഇന്ത്യയിലെ ജാതി
വിരുന്നുകാരിയായി എത്തി ഞൊടിയിടയിൽ വീട്ടുകാരിയായി മാറിയ കഥയാണ് ഇന്ത്യയിലെ 'ജാതിയുടെ' ചരിത്രം! കഷ്ടിച്ച് 300 വർഷത്തെ കൃഷിചരിത്രം മാത്രം അവകാശപ്പെടാവുന്ന ജാതി ഇന്ത്യയിൽ എത്തിച്ചത് പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണാധികാരികൾ ആണെന്നാണ് പരക്കെ കരുതി പോന്നത്. എന്നാൽ വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ ഇത് വെറും 'കേട്ടു കേൾവി' മാത്രമാണെന്നാണ് പുതിയ നിഗമനം. ഫ്രഞ്ച് കൊളോണിയൽ ഭരണാധികാരികൾ മൊളൂക്കസിൽ നിന്ന് മൗറീഷ്യസിലേക്കും മറ്റും ജാതി കടത്തിയ കൂട്ടത്തിൽ തങ്ങളുടെ ഒരു കോളനിയായ പോണ്ടിച്ചേരി ഒരു ഇടത്താവളമായി ഉപയോഗിച്ചിരുന്നതിനു ചരിത്ര രേഖകൾ ഉണ്ട്. പോണ്ടിച്ചേരി തുറമുഖത്തേക്ക് 25 ജാതിത്തൈകൾ അല്ലെങ്കിൽ ജാതിക്കുരു എത്തിച്ചാൽ അവർക്ക് 20,000 വെള്ളിത്തുട്ടുകൾ ഫ്രഞ്ച് അധികാരികൾ 1750ൽ വാഗ്ദാനം ചെയ്തിരുന്നതായി ചരിത്രകാരന്മാർ പറയുന്നുണ്ട്. 1753ൽ ഫ്രഞ്ച് ജാതി ക്രൂസേഡർ (crusader), Pierre Poivre നടത്തിയ ‘ജാതി മിഷൻ’ ഇതോടുകൂടി ചേർത്ത് വായിക്കുമ്പോൾ ചിത്രം ഒന്നുകൂടി വ്യക്തമാകും. അങ്ങനെ പോണ്ടിച്ചേരിയിൽനിന്നും മാഹി വഴി ആകും ജാതി കേരളത്തിൽ എത്തിയത്. അപ്പോഴും അങ്ങനെ എത്തപ്പെട്ട ജാതി, സ്വന്തം ലിംഗപ്രശ്നം എങ്ങനെ തരണം ചെയ്തു എന്നത് വ്യക്തമല്ല.
ഇന്ത്യയിൽ ആദ്യമായി ജാതിക്കൃഷി തുടങ്ങിയത് പതിനെട്ടാം നൂറ്റാണ്ടിൽ കേരളത്തിലെ കാലടിയിൽ ആണ്. സ്കോട്‌ലൻഡുകാരനായ ഒരു സായിപ്പ് കാലടിയിൽ ഭൂമി വാങ്ങി ബംഗ്ലാവ് പണിയുകയും ജാതിക്കൃഷി തുടങ്ങുകയും ഏതാനും വർഷങ്ങൾക്കിപ്പുറം 35 ഏക്കർ വരുന്ന തോട്ടം നാട്ടുകാരായ ഒരു ക്രിസ്ത്യൻ കുടുംബത്തിനു വിറ്റ ശേഷം സ്വദേശത്തേക്കു മടങ്ങി പോയതായും പറയുന്നുണ്ട്. ആദ്യമായി ജാതി കണ്ട കാലടിക്കാർക്ക് ഇങ്ങനെ ഒരു മരം കൗതുകമായിരുന്നു പോലും! എന്തായാലും അന്ന് സായിപ്പ് നട്ട മരങ്ങളിൽ ചിലതൊക്കെ ആ തോട്ടത്തിൽ ഇന്നും ഉണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. സായിപ്പ് മടങ്ങിയ ശേഷം പൂനോലി എന്നൊരു ക്രിസ്ത്യൻ കുടുംബം ആയിരുന്നു ഏറെക്കാലം ഈ തോട്ടത്തിന്റെ ഉടമകൾ. പിന്നീട് സ്ഥലം പല ഉടമകളുടെയും കൈവശം മാറി മാറി എത്തിയെങ്കിലും ഈ സ്ഥലം ഇപ്പോഴും പഴയ സായിപ്പ് ബന്ധം ഓർമിപ്പിച്ചു കൊണ്ട് 'ബംഗ്ലാവ് കുടി' എന്നാണ് അറിയപ്പെടുന്നത്!
ജാതിയിലെ ജാതി
ജാതിയിലെ ജാതി തിരിവിനെപ്പറ്റി മൊളുക്കാസിലെ (Maluku) ആദി നിവാസികൾക്കും പതിനെട്ടാം നൂറ്റാണ്ടിൽ ജാതി എത്തിപ്പെട്ട മൗറീഷ്യസിലെ അധികാരികൾക്കും കുറച്ചൊക്കെ അറിയാമായിരുന്നെങ്കിലും ജാതിയിലെ ആൺ -പെൺ ദ്വന്ദത്വവും ജാതിയിലെ കായിക പ്രവർധനവും ഒക്കെ കൂടുതൽ ശാസ്ത്ര ശ്രദ്ധ നേടുന്നതു രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമാണ്.
ജാതിയിലെ മതം
കാർഷിക വിളകളുടെ ചരിത്രം പരിശോധിച്ചാൽ ചില വിളകളുടെ ലോകവ്യാപനത്തിൽ കുടിയേറ്റം, വാണിജ്യം, മതം തുടങ്ങിയ ചാലക ശക്തികളുടെ പങ്ക് തെളിഞ്ഞു കാണാം. ഉദാ: മഞ്ഞൾ - ഹിന്ദുമതം (ആരാധന ), നാരകം -ജൂതയിസം (ആചാരം), കരിമ്പ് -ഇസ്ലാം മതം (വ്യാപാരം).
ജാതിയുടെ ചരിത്രത്തിൽ ആ നിയോഗം ലഭിച്ചത് ക്രിസ്തു മതത്തിനാണ്. സത്യത്തിൽ ജാതി ഉദ്ഭവിച്ച മൊളൂക്കാസിലെ, പ്രത്യേകിച്ച് തെക്കൻ-മധ്യ മൊളൂക്കാസ് ദ്വീപു നിവാസികൾ (പകുതിയും), ജാതി തേടി കണ്ടെത്തി അത് തങ്ങളുടെ കോളനികളിൽ പ്രചരിപ്പിച്ച കൊളോണിയൽ ഭരണാധികാരികൾ ഒക്കെ തന്നെ ക്രിസ്തുമത വിശ്വാസികൾ ആയിരുന്നു. നമ്മുടെ നാട്ടിലേക്കു വന്നാൽ, കാലടിയിൽ ആദ്യമായി ജാതിത്തോട്ടം തുടങ്ങിയ സായിപ്പ് മുതൽ ജാതിയെ നെഞ്ചിലേറ്റിയ നാട്ടുകാരിൽ ഭൂരിഭാഗവും ക്രിസ്ത്യാനികൾ ആയിരുന്നു എന്നതാണ് വസ്തുത. പുതിയ ജാതി ഇനങ്ങൾ കണ്ടെത്തുന്നതിലും ജാതിക്കൃഷി സംസ്ഥാനത്തിന്റെ കുടിയേറ്റ മേഖലകളിലും മറു നാടുകളിലും ഒക്കെ എത്തിക്കുന്നതിലും ക്രിസ്ത്യൻ കർഷകരുടെ പങ്ക് വലുതാണ്. ജാതിമയമായ നമ്മുടെ മലയോരങ്ങളും, കടുകൻമാക്കൽ, കല്ലിങ്കൽ, പുന്നന്താനം, കൊച്ചുകുടി, കിണറ്റുകര, ശൗര്യാംമാക്കൽ, നിരപ്പേൽ, കള്ളിവയൽ, പുല്ലൻ, കാക്കപ്പാറ തുടങ്ങിയ 'ജാതിപ്പേരുകളും' ഒക്കെ ഇതിന്റെ ദൃഷ്ടാന്തങ്ങൾ! പല ക്രിസ്ത്യൻ കുടുംബങ്ങളുടെയും സ്വകാര്യ അഹങ്കാരമാണ് ഈ ജാതി ഇനങ്ങൾ. ഇന്ന് ആളുകൾ ജാതി ചോദിച്ചു വാങ്ങുന്നുവെങ്കിൽ വിവിധ ഗവേഷണ സ്ഥാപനങ്ങൾ കണ്ടെത്തിയ ഇനങ്ങൾ ഉൾപ്പെടെ മികവുറ്റ ഈ ജാതി ഇനങ്ങളുടെ അംഗീകാരം തന്നെ അടിസ്ഥാനം. ഞൊടിയിടയിൽ നമ്മുടെ തൊടിയിടകളിൽ എല്ലാം ജാതി വേര് പിടിച്ചതിനു പിന്നിൽ പുതിയ ഇനങ്ങൾ വാഗ്ദാനം ചെയ്യുന്ന സാമൂഹ്യ -സാമ്പത്തിക നേട്ടം ഒരു പ്രധാന ഘടകം തന്നെ.
ജാതി ഭേദം
ജാതി കുലത്തിലെ അത്രയൊന്നും അറിയപ്പെടാത്ത ജാതിയത്രെ ഫാക്ഫാക് ജാതി (Fakfak nutmeg), നെഗേരി ജാതി (Negeri nutmeg) എന്നൊക്കെയും വിളിപ്പേരുള്ള പാപുവ ജാതി ( Myristica argantea). Myristica fragrans എന്ന സർവവ്യാപിയായ മൊളൂക്കാസ് (Moluccas) ജാതി കഴിഞ്ഞാൽ, സാമ്പത്തിക പ്രധാന്യമുള്ള ഒരു ജാതി സെൻസസിൽ പാപുവ ജാതി രണ്ടാം സ്ഥാനത്തുണ്ടാകും! പ്രധാനമായും വനവിഭവം (Non Timber Forest Produce) ആയി ശേഖരിക്കപ്പെടുന്ന പാപുവ ജാതി, പാപുവയിലെ ഫാക്ഫാക് പ്രവിശ്യയിലെ എട്ടു ജില്ലകളിലെ ജനങ്ങളുടെ പ്രധാന വരുമാന മാർഗമാണ്. മാത്രമല്ല ഒട്ടധികം കുടുംബങ്ങളുടെ ജീവിതവും ഈയൊരു വിളയെ കേന്ദ്രീകരിച്ചാണ്. വനവിഭവം എന്നതിലുപരി ഒരു കാർഷിക വിള എന്ന നിലയിലും പാപുവ ജാതി ഇപ്പോൾ പാപുവയിൽ പ്രചാരത്തിൽ വരുന്നുണ്ട്.
വിലാസം:
ഡോ. ബി.ശശികുമാർ
റിട്ട. ഹെഡ് ആൻഡ് പ്രിൻസിപ്പൽ സയന്റിസ്റ്റ്, ക്രോപ് ഇംപ്രൂവ്മെന്റ് ആൻഡ് ബയോ ടെക്നോളജി ഡിവിഷൻ, ഐഐഎസ്ആർ, കോഴിക്കോട്