പന്തിയിൽ പക്ഷഭേദം, തേയിലക്കൊളുന്തിന് കേരളത്തിൽ രണ്ടു വില; നിരാശരായി കർഷകർ: വില കയറും, പക്ഷേ കർഷകനു കിട്ടില്ല
തേയില ഉൽപാദനത്തിൽ രാജ്യം പിന്നോക്കം പോകുന്നു. കാലാവസ്ഥ വ്യതിയാനങ്ങളും പ്രകൃതിക്ഷോഭങ്ങളും ഉൽപാദകമേഖലകളെ തളർത്തുമ്പോൾ കേരളത്തിലെ തേയില കർഷകർ വന്യജീവി ആക്രമങ്ങളെക്കൂടി മറികടക്കേണ്ട അവസ്ഥയിലാണ്. ജനുവരി‐ജൂൺ കാലയളവിൽ ദക്ഷിണേന്ത്യൻ തേയിലത്തോട്ടങ്ങളിലും വടക്കേ ഇന്ത്യയിലും ഉൽപാദനം തൊട്ടു മുൻവർഷവുമായി
തേയില ഉൽപാദനത്തിൽ രാജ്യം പിന്നോക്കം പോകുന്നു. കാലാവസ്ഥ വ്യതിയാനങ്ങളും പ്രകൃതിക്ഷോഭങ്ങളും ഉൽപാദകമേഖലകളെ തളർത്തുമ്പോൾ കേരളത്തിലെ തേയില കർഷകർ വന്യജീവി ആക്രമങ്ങളെക്കൂടി മറികടക്കേണ്ട അവസ്ഥയിലാണ്. ജനുവരി‐ജൂൺ കാലയളവിൽ ദക്ഷിണേന്ത്യൻ തേയിലത്തോട്ടങ്ങളിലും വടക്കേ ഇന്ത്യയിലും ഉൽപാദനം തൊട്ടു മുൻവർഷവുമായി
തേയില ഉൽപാദനത്തിൽ രാജ്യം പിന്നോക്കം പോകുന്നു. കാലാവസ്ഥ വ്യതിയാനങ്ങളും പ്രകൃതിക്ഷോഭങ്ങളും ഉൽപാദകമേഖലകളെ തളർത്തുമ്പോൾ കേരളത്തിലെ തേയില കർഷകർ വന്യജീവി ആക്രമങ്ങളെക്കൂടി മറികടക്കേണ്ട അവസ്ഥയിലാണ്. ജനുവരി‐ജൂൺ കാലയളവിൽ ദക്ഷിണേന്ത്യൻ തേയിലത്തോട്ടങ്ങളിലും വടക്കേ ഇന്ത്യയിലും ഉൽപാദനം തൊട്ടു മുൻവർഷവുമായി
തേയില ഉൽപാദനത്തിൽ രാജ്യം പിന്നോക്കം പോകുന്നു. കാലാവസ്ഥ വ്യതിയാനങ്ങളും പ്രകൃതിക്ഷോഭങ്ങളും ഉൽപാദകമേഖലകളെ തളർത്തുമ്പോൾ കേരളത്തിലെ തേയില കർഷകർ വന്യജീവി ആക്രമങ്ങളെക്കൂടി മറികടക്കേണ്ട അവസ്ഥയിലാണ്. ജനുവരി‐ജൂൺ കാലയളവിൽ ദക്ഷിണേന്ത്യൻ തേയിലത്തോട്ടങ്ങളിലും വടക്കേ ഇന്ത്യയിലും ഉൽപാദനം തൊട്ടു മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ സ്ഥിതിഗതികൾ അത്ര ഉന്മേഷകരമല്ല.
ദക്ഷിണേന്ത്യയിൽ കൊളുന്തു നുള്ള് ഏറ്റവും ഊർജിതമാകുന്ന സന്ദർഭമാണ് ഒക്‌ടോബർ വരെയുള്ള കാലയളവ്. എന്നാൽ തോട്ടം മേഖലയുടെ കണക്കുകൂട്ടലിനൊത്ത് ഉൽപാദനം ഉയർത്താൻ ചെറുകിട കർഷകർക്കും ബഹുരാഷ്‌ട്ര കമ്പനികൾക്കുമാകുന്നില്ല. കനത്ത മഴ പല അവസരത്തിലും സ്ഥിതിഗതികൾ കൂടുതൽ ദുഷ്‌കരമാക്കുന്നു. കൊളുന്തുവില ഉയർത്തുന്ന കാര്യത്തിൽ ടീ ബോർഡ് അനുവർത്തിക്കുന്ന തണുപ്പൻ മനോഭാവും ഉൽപാദകരെ നിരാശരാക്കി.
മാസങ്ങളായി മൂന്നാർ മേഖലയിൽ കൊളുന്ത് വില കിലോ 14 രൂപയിൽ മാറ്റമില്ലാതെ നിലകൊള്ളുന്നു. കഴിഞ്ഞ വർഷം ഇതേ സന്ദർഭത്തിൽ 20 രൂപയ്‌ക്കു മുകളിലാണ് ഫാക്‌ടറികൾ കൊളുന്ത് ശേഖരിച്ചത്. അതേസമയം വയനാടൻ മേഖലയിൽ 21 രൂപ വരെ ഇപ്പോൾ കൊളുന്തിനു ലഭിക്കുന്നുണ്ട്. ഒരു സംസ്ഥാനത്ത് ഒരേ സമയം രണ്ടു തരം വില രേഖപ്പെടുത്തുന്നതിലുപരി വിലയിലെ വൻ അന്തരം കർഷകരെ നിരാശരാക്കുന്നു. തമിഴ്‌നാട്ടിലെ തോട്ടങ്ങളിൽനിന്നും തേയില ഫാക്‌ടറികൾ 24 രൂപ പ്രകാരമാണ് ഉൽപാദകരിൽ നിന്നും കൊളുന്തു വാങ്ങുന്നത്.
ഇതിനിടെ ജീവൻ പണയം വച്ചാണ് കൊളുന്തു നുള്ളിന് ഇറങ്ങുന്നതെന്നു തോട്ടം തൊഴിലാളികൾ. മൂന്നാർ, പീരുമേട് ഭാഗങ്ങളിൽ വനമേഖലയിൽനിന്നു പുലിയും കരടികളും തോട്ടങ്ങളിൽ ഇടം പിടിച്ചത് തേയില ഉൽപാദകരുടെ ഉറക്കം കെടുത്തി. കഴിഞ്ഞ ദിവസവും കരടി ആക്രമണത്തിൽനിന്നു രക്ഷനേടാനുള്ള മരണപ്പാച്ചിലിൽ വീണ് സ്ത്രീ തൊഴിലാളികൾക്കു പരിക്കുപറ്റി. 15 പേരടങ്ങുന്ന സംഘം കൊളുന്തുനുള്ളിന് ഇറങ്ങിയാൽ പത്തു പേർ പണിയെടുക്കുമ്പോൾ അഞ്ചു പേർ വന്യമൃഗങ്ങളുടെ നീക്കം നിരീക്ഷിക്കാൻ കാവൽ നിൽക്കേണ്ട അവസ്ഥയാണ്. ചെറുകിട തോട്ടം ഉടമകൾക്ക് ഇത് കനത്ത സാമ്പത്തിക ഭാരം വരുത്തിവയ്ക്കുന്നു. കൊളുന്തുവില ആറു മാസമായി ഉയർത്താത്തതും കർഷകരെ കുടുതൽ പ്രതിസന്ധിയിലാക്കി.
ചിങ്ങം പിറക്കുന്നതോടെ മഴയുടെ അളവ് കുറയുമെന്നത് തേയില ഉൽപാദനം ഉയർത്താൻ പറ്റുന്ന ഏറ്റവും അനുകൂല സന്ദർഭമാണ്. ഈ അവസരത്തിൽ ഫോറസ്റ്റ് വിഭാഗം കൂടി കർഷകരുടെ കാര്യത്തിൽ കൂടുതൽ ഉണർന്ന് പ്രവർത്തിച്ചാൽ നമുക്ക് തേയില ഉൽപാദനം ഉയർത്താനാവും. ജനുവരി - ജൂൺ കാലയളവിൽ ദക്ഷിണേന്ത്യയിൽ തേയില ഉൽപാദനത്തിൽ കുറവ് സംഭവിച്ചു. കാലാവസ്ഥ ഉൽപാദനത്തിന് പ്രതികൂലമായത് വ്യവസായികളെയും പിരിമുറുക്കത്തിലാക്കി.
ഉത്സവ സീസണാണ് മുന്നിലുള്ളത്. രാജ്യത്തിന്റെ എല്ലാ ഭാഗത്തും തേയിലയ്‌ക്ക് പതിവിലും ആവശ്യം ഉയരും. സെപ്‌റ്റംബർ കഴിയുന്നതോടെ ശൈത്യകാലത്തിന് തുടക്കം കുറിക്കും. ഇതോടെ ചായയ്‌ക്ക് ആവശ്യം ഉയരുന്നത് തേയിലയ്‌ക്കും ഡിമാൻഡ് ഉയർത്തും. എന്നാൽ അതിന് അനുസൃതമായി ഉൽപാദനം വർധിപ്പിക്കാനായില്ലെങ്കിൽ ലേല കേന്ദ്രങ്ങളിൽ നിരക്ക് അമിതമായി ഉയരും. പ്രതിസന്ധി മറികടക്കാൻ പാക്കറ്റ് നിർമാതാക്കൾ വില ഉയർത്തുകയാല്ലാതെ മറ്റു മാർഗമില്ലെന്ന അവസ്ഥയിലാകും. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ അവസാനം വ്യക്തമാക്കിയ കാര്യങ്ങൾക്കുതന്നെയാണ് കൂടുതൽ സാധ്യത. പൊതു വിപണിയിൽ തേയില വില ഉയരും, എന്നാൽ യഥാർഥ ഉൽപാദകനു ന്യായമായ കൊളുന്തു വില അപ്പോഴും അന്യം.
വരണ്ട കാലാവസ്ഥയിൽ മേയ് മാസം രാജ്യത്ത് തേയില ഉൽപാദനം തൊട്ടു മുൻ വർഷത്തെ അപേക്ഷിച്ച് 30 ശതമാനത്തിലധികം ഇടിഞ്ഞ് 90.92 ദശലക്ഷം കിലോയായി. ഒരു ദശാബ്‌ദത്തിനിടയിലെ കണക്കുകൾ പരിശോധിച്ചാൽ ഉൽപാദനം ഇത്തരത്തിൽ കുറയുന്നത് ആദ്യം. മഴയുടെ അഭാവവും ഉയർന്ന പകൽ താപനിലയും തേയില ഉൽപാദന മേഖലയെ സമ്മർദ്ദത്തിലാക്കി. 2023ൽ രാജ്യം 1.394 ബില്യൺ കിലോഗ്രാം തേയില ഉൽപ്പാദിപ്പിച്ചു. എന്നാൽ ഈ വർഷം ഉൽപ്പാദനം 100 ദശലക്ഷം കിലോഗ്രാം കുറയുമെന്നാണ് വിലയിരുത്തുന്നത്.
ഇന്ത്യയിൽ തേയില ഉൽപാദനം ഏറ്റവും ഉയരുന്നത് ജൂലൈ – ഒക്‌ടോബറിലാണ്. വർഷാരംഭം മുതൽ വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഉൽപാദനം ഇടിയുന്ന പ്രവണതയാണ് കാണിക്കുന്നത്. ആസാമിലും പശ്ചിമ ബംഗാളിലും തേയിലത്തോട്ടങ്ങൾ നിറഞ്ഞു നിൽക്കുന്ന ബ്രഹ്മപുത്ര താഴ്‌വരയിലും ഉഷ്ണ തരംഗവും മഴയുടെ കുറവും ഉൽപാദനത്തെ പ്രതികൂലമായി ബാധിച്ചു. മുൻപൊരിക്കലും ഇല്ലാത്ത വിധം കാലാവസ്ഥയിലുണ്ടായ മാറ്റങ്ങൾ എൽ‐ലിനോ പ്രതിഭാസ ഫലമാകാം.
കനത്ത മഴയും ഇടിമിന്നലും ആലിപ്പഴ വർഷവും മൂലം ആസാമിലെ ബരാക് താഴ്‌വരയിലെ ഒട്ടേറെ തേയിലത്തോട്ടങ്ങളിൽ ഏപ്രിലിൽ കനത്ത കൃഷി നാശത്തിന് ഇടയാക്കി. വരണ്ട കാലവസ്ഥയും അതുഷ്‌ണവും ഫെബ്രുവരി – മേയ് കാലയളവിൽ ദക്ഷിണേന്ത്യൻ തേയിലത്തോട്ടങ്ങളെ നിർജീവമാക്കി. ഉൽപാദക രംഗത്ത് നിന്നും അശുഭകരമായ വാർത്തകളാണ് ഓരോ മാസവും പുറത്തുവരുന്നതെങ്കിലും ഇന്ത്യൻ തേയിലയ്‌ക്ക് ലോക വിപണിയിലുള്ള ഡിമാൻഡിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്നത് ആശ്വാസം.
വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പരിശോധിച്ചാൽ ഈ വർഷം ആദ്യ നാലു മാസങ്ങളിൽ ഇന്ത്യയുടെ തേയില കയറ്റുമതി തൊട്ടു മുൻ വർഷത്തെ അപേക്ഷിച്ച് 37 ശതമാനം ഉയർന്ന് 92 ദശലക്ഷം കിലോയായി. ബ്രിട്ടനും ഈജിപ്‌തും ഇന്ത്യൻ സിറ്റിസി ഇനം തേയിലയിൽ താൽപര്യം കാണിച്ചപ്പോൾ ഇറാഖ്, ഇറാൻ, റഷ്യ എന്നീ രാജ്യങ്ങൾ ഓർത്തഡോക്‌സ് ഇനങ്ങൾ പതിവുപോലെ വാങ്ങിക്കൂട്ടി. വിവിധ രാജ്യങ്ങൾ ഇന്ത്യൻ തേയിലയിൽ കാണിക്കുന്ന ഉത്സാഹവും ആഭ്യന്തര ഉൽപാദനത്തിലെ ഇടിവും കണക്കിലെടുത്താൽ ഈ വർഷം തേയില വിലയിൽ 20 മുതൽ 22 വരെ ശതമാനം വർധനയ്ക്കു സാധ്യത തെളിയുന്നു.