നെല്ലുസംഭരണം: സംഭരണസമ്പ്രദായം ഉടച്ചുവാർക്കണമെന്ന് കമ്മിറ്റി; സര്‍ക്കാര്‍ പുറത്തുവിടാത്ത റിപ്പോർട്ടിലെ പ്രധാന ശുപാർശകൾ
രൊക്കം പണം, സുതാര്യത, കാര്യക്ഷമത, ഉയർന്ന വില നേടാൻ അവസരം, ഉൽപാദനക്ഷമതയും വിസ്തൃതിയും വർധിപ്പിക്കാൻ പ്രോത്സാഹനം- കേരളത്തിലെ നെല്ലുസംഭരണ പ്രക്രിയയുടെ പരിഷ്കരണസാധ്യത പഠിച്ച ഡോ. വി.കെ.ബേബി കമ്മിറ്റി ശുപാർശ ചെയ്യുന്നത് കൃഷിക്കാർ ആഗ്രഹിച്ച കാര്യങ്ങൾ തന്നെ. നിലവിലുള്ള സംഭരണസമ്പ്രദായമാകെ
രൊക്കം പണം, സുതാര്യത, കാര്യക്ഷമത, ഉയർന്ന വില നേടാൻ അവസരം, ഉൽപാദനക്ഷമതയും വിസ്തൃതിയും വർധിപ്പിക്കാൻ പ്രോത്സാഹനം- കേരളത്തിലെ നെല്ലുസംഭരണ പ്രക്രിയയുടെ പരിഷ്കരണസാധ്യത പഠിച്ച ഡോ. വി.കെ.ബേബി കമ്മിറ്റി ശുപാർശ ചെയ്യുന്നത് കൃഷിക്കാർ ആഗ്രഹിച്ച കാര്യങ്ങൾ തന്നെ. നിലവിലുള്ള സംഭരണസമ്പ്രദായമാകെ
രൊക്കം പണം, സുതാര്യത, കാര്യക്ഷമത, ഉയർന്ന വില നേടാൻ അവസരം, ഉൽപാദനക്ഷമതയും വിസ്തൃതിയും വർധിപ്പിക്കാൻ പ്രോത്സാഹനം- കേരളത്തിലെ നെല്ലുസംഭരണ പ്രക്രിയയുടെ പരിഷ്കരണസാധ്യത പഠിച്ച ഡോ. വി.കെ.ബേബി കമ്മിറ്റി ശുപാർശ ചെയ്യുന്നത് കൃഷിക്കാർ ആഗ്രഹിച്ച കാര്യങ്ങൾ തന്നെ. നിലവിലുള്ള സംഭരണസമ്പ്രദായമാകെ
രൊക്കം പണം, സുതാര്യത, കാര്യക്ഷമത, ഉയർന്ന വില നേടാൻ അവസരം, ഉൽപാദനക്ഷമതയും വിസ്തൃതിയും വർധിപ്പിക്കാൻ പ്രോത്സാഹനം- കേരളത്തിലെ നെല്ലുസംഭരണ പ്രക്രിയയുടെ പരിഷ്കരണസാധ്യത പഠിച്ച ഡോ. വി.കെ.ബേബി കമ്മിറ്റി ശുപാർശ ചെയ്യുന്നത് കൃഷിക്കാർ ആഗ്രഹിച്ച കാര്യങ്ങൾ തന്നെ. നിലവിലുള്ള സംഭരണസമ്പ്രദായമാകെ ഉടച്ചുവാർക്കണമെന്നാണ് കമ്മിറ്റി റിപ്പോർട്ട് വ്യക്തമാക്കുന്നത്.
എത്രയും പെട്ടെന്നു പരിഷ്കാരങ്ങൾ കൊണ്ടുവന്നില്ലെങ്കിൽ സ്വയം തകരുന്ന സ്ഥിതിയിലാണ് ഇപ്പോഴത്തെ സംഭരണ സംവിധാനമെന്നു സമിതി കണ്ടെത്തി. ഒരു കിലോ നെല്ല് കേരളത്തിൽ ഉൽപാദിപ്പിച്ച് അരിയാക്കി ഉപഭോക്താവിന് എത്തിക്കാൻ സംസ്ഥാന സർക്കാർ 80.4 രൂപ ചെലവാക്കുന്നുണ്ടെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. വിപണിവിലയുടെ ഇരട്ടിയോളം വരും ഇത്. അതേസമയം 28.20 രൂപ മാത്രമാണ് കർഷകനു ലഭിക്കുന്നത്. ബാക്കി തുക മറ്റു കാര്യങ്ങൾക്കു ചെലവഴിക്കുകയാണ്. നെല്ലിന്റെ പേരിലുള്ള ദുർച്ചെലവ് ഒഴിവാക്കിയാൽ കൃഷിക്കാർക്ക് കൂടുതൽ ആനുകൂല്യം നേരിട്ടു ബാങ്ക് അക്കൗണ്ടിലൂടെ നൽകാൻ കഴിയുമെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തൽ. ലളിതമായി ആരംഭിച്ച നെല്ലുസംഭരണത്തിൽ കാലക്രമേണ കടന്നുകൂടിയ കാര്യക്ഷമതക്കുറവും ദുർച്ചെലവുകളുമാണ് ഇപ്പോഴത്തെ ദുഃസ്ഥിതിക്കു കാരണം. താൽക്കാലിക പരിഹാരങ്ങൾക്കു പിന്നാലെ പോകാതെ മൗലികമായ തിരുത്തലുകളാണ് നടപ്പാക്കേണ്ടതെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പുറമെനിന്ന് നെല്ലെത്തിക്കുന്ന ‘വെർച്വൽ ട്രേഡും’ കൊയ്ത്തുപാടങ്ങളിൽ മുതലെടുപ്പുനടത്തുന്ന ഏജന്റുമാരുമില്ലാത്ത സംഭരണപ്രക്രിയയാണ് കമ്മിറ്റി നിർദേശിക്കുന്നത്. ജനുവരിയിൽ സമർപ്പിച്ച ഈ ശുപാർശകൾ ബന്ധപ്പെട്ട മന്ത്രിസഭാ ഉപസമിതി പരിഗണിച്ചശേഷം സംസ്ഥാന സർക്കാർ അംഗീകരിക്കേണ്ടതുണ്ട്.
ഡോ. വി.കെ.ബേബി കമ്മിറ്റിയുടെ പ്രധാന ശുപാർശകളും നിരീക്ഷണങ്ങളും
സംഭരണകേന്ദ്രങ്ങള്‍
പഞ്ചായത്തുകൾതോറും ആവശ്യാനുസരണം സംഭരണകേന്ദ്രം. പ്രാഥമിക സഹകരണ സംഘങ്ങൾ/കർഷകോൽപാദക കമ്പനികൾ എന്നിവയുടെ ചുമതലയിൽ ഇതു സ്ഥാപിക്കാം. വെയർഹൗസിങ് കോർപറേഷന്റെയും മറ്റും കാലിയായ ഗോഡൗണുകൾ ഉൾപ്പെടെ പ്രാദേശികമായി ലഭ്യമാ യ കെട്ടിടസൗകര്യം ഇതിനായി ഉപയോഗിക്കാം. സ്വകാര്യ കെട്ടിടങ്ങൾ വാടകയ്ക്ക് എടുക്കുകയുമാകാം. ഇവിടെ നെല്ലിന്റെ ഭാരം അളക്കുന്നതിനും നിലവാരം പരിശോധിക്കുന്നതിനും ഈർപ്പം കുറയ്ക്കുന്നതിനും പതിരു കളയുന്നതിനുമൊക്കെ ആവശ്യമായ ഉപകരണങ്ങളുണ്ടാകണം. സംഭരിച്ച നെല്ല് നിശ്ചിത നിലവാരത്തിലാക്കി വേണം മില്ലുകളിലേക്ക് അയയ്ക്കാന്‍. സംഭരണകേന്ദ്രങ്ങൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാരിന്റെ സഹായധനം ലഭ്യമാണെന്നതിനാൽ സംസ്ഥാന സർക്കാരിനു വലിയ സാമ്പത്തികബാധ്യത വരില്ല. സംഭരണകേന്ദ്രത്തിൽ നെല്ല് എത്തിക്കുന്നതിനു കടത്തു കൂലി സർക്കാർ കൃഷിക്കാർക്കു നൽകണം. വലിയ ലോറികളും മറ്റും കടന്നുവരാത്തതുമൂലം സംഭ രണം പ്രയാസമായ പാടങ്ങളിലെ കർഷകർക്ക് ഇത്തരം കേന്ദ്രങ്ങൾ പ്രയോജനപ്പെടും.
രൊക്കം പണം
നെല്ല് നൽകുന്ന കർഷകർക്ക് തൂക്കത്തിനും നിലവാരത്തിനും ആനുപാതികമായി വില രൊക്കം നൽകണം. ഇതിനുള്ള പ്രവർത്തന മൂലധനം കണ്ടെത്താൻ ഭൂരിപക്ഷം പ്രാഥമിക സഹകരണ സംഘങ്ങൾക്കും സാമ്പത്തികശേഷിയുണ്ടെന്ന് കമ്മിറ്റി വിലയിരുത്തി. മതിയായ സാമ്പത്തികശേഷിയില്ലാത്ത സ്ഥാപനങ്ങൾക്കു സർക്കാർ കടം നൽകണം. സംഭരിക്കുന്ന നെല്ലിന്റെ നിലവാരമനു സരിച്ച് വില നിശ്ചയിക്കാൻ മിൽമയുടെ പാൽസംഭരണത്തിന്റെ മാതൃകയിൽ പ്രത്യേക ചാർട്ട് ഉണ്ടാക്കണം. ഓരോ ദിവസവും വിലയായി നൽകുന്ന പണത്തിന്റെ രേഖകൾ ഓൺലൈനായി സർക്കാരിനു നൽകുകയും ഏതാനും ദിവസങ്ങൾക്കുള്ളിൽ ആ തുക സംഭരണകേന്ദ്രത്തിന്റെ നടത്തിപ്പ് ഏജൻസി(പ്രാഥമിക സഹകരണസംഘം/ കർഷകോൽപാദക സമിതി)ക്കു തിരികെ നൽകുകയും വേണം. തുക കൈമാറാൻ വൈകിയാൽ, വൈകുന്ന ഓരോ ദിവസത്തിനും സർക്കാർ പലിശ നൽകണം. സംഭരണം ഒരു സാഹചര്യത്തിലും പ്രാഥമികസംഘങ്ങൾക്ക് ബാധ്യതയാവരുത്. ഇപ്രകാരം സംഭരണത്തിനു വേണ്ട തുക കണ്ടെത്താനായി സംസ്ഥാന സർക്കാരിന് റിവോൾവിങ് ഫണ്ട് ഉണ്ടാകണം. വിവിധ പദ്ധതികളിൽ ചെലവാക്കാതെ കിടക്കുന്ന തുക ഇതിനായി വകമാറ്റാം.
വിസ്തൃതി നോക്കി ബോണസ്
ഓരോ കർഷകനിൽനിന്നും സംഭരിക്കുന്ന നെല്ലിന്റെ തൂക്കമനുസരിച്ചാണ് കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്ന താങ്ങുവില നൽകേണ്ടത്. നിശ്ചിത സ്ഥലത്തെ ഉൽപാദനത്തിനു പരിധി വയ്ക്കുന്നത് മികച്ച കർഷകരെ നിരുത്സാഹപ്പെടുത്തും. എന്നാൽ, സംസ്ഥാന സർക്കാർ അധികവിലയായി നൽകുന്ന ഇൻസന്റീവ് ബോണസ് കൃഷി ചെയ്ത സ്ഥലത്തിന്റെ വിസ്തൃതിയനുസരിച്ചു നൽകാം. പാടത്തെ നെല്ലിനൊപ്പം മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തിക്കുന്ന വില കുറഞ്ഞ നെല്ലു ചേർത്ത് ‘വെർച്വൽ ട്രേഡ്’ നടത്താനുള്ള സാധ്യത ഇതുവഴി ഇല്ലാതാകും. എന്നാൽ പ്രാദേശികമായി 3 വർഷം ലഭിച്ച ശരാശരി ഉൽപാദനക്ഷമത കൈവരിക്കുന്ന കർഷകർക്കേ പൂർണതോതിൽ ഇൻസെന്റീവ് ലഭിക്കൂ. ഓരോ പാടത്തിനും നിലവിൽ നിശ്ചയിച്ചിരിക്കുന്ന ഉൽപാദനസാധ്യതയും മാനദണ്ഡമാക്കാം. ഉൽപാദനക്ഷമത കുറഞ്ഞാൽ ആനുപാതികമായി ഇൻസെന്റീവ് കുറയും. ആനുകൂല്യം കൈപ്പറ്റാനുള്ള‘ഉഴപ്പൻ കൃഷി’ ഇതുവഴി തടയാം. പ്രകൃതിക്ഷോഭംപോലെ നിയന്ത്രണാതീത കാ രണങ്ങളാൽ ഉൽപാദനക്ഷമത കുറയുന്നവർക്ക് ഇൻഷുറൻസ് വഴിയുള്ള നഷ്ടപരിഹാരം മതി . മൊത്തം സംഭരണവില നിർണയിക്കാൻ, ശാസ്ത്രീയമായി പുനനിർണയിച്ച ഉൽപാദനച്ചെലവ് മാനദണ്ഡമാക്കണം. ഉൽപാദനച്ചെലവിന്റെ 50% കൂടി കർഷകനു ലഭിക്കുന്നവിധം താങ്ങു വില നിശ്ചയിക്കണമെന്ന സ്വാമിനാഥൻ കമ്മിഷന്റെ ശുപാർശ ഒരു പരിധിവരെ മാതൃകയാക്കാം. ഉൽപാദനച്ചെലവ് കണക്കാക്കുമ്പോൾ ഭൂമിയുടെ ചെലവും കുടുംബാംഗങ്ങളുടെ അധ്വാനമൂല്യവു മൊക്കെ പരിഗണിക്കണം. എന്നാൽ, ഭൂമിയുടെ റിയൽ എസ്റ്റേറ്റ് മൂല്യത്തെക്കാൾ വാടകമൂല്യമാവണം ഇതിനു പരിഗണിക്കേണ്ടത്.
ഉടന്‍തന്നെ പിആർഎസ്
നെല്ല് നൽകുമ്പോൾത്തന്നെ പിആർഎസ് (പാഡി റെസിപ്റ്റ് സ്ലിപ്) നൽകാൻ കഴിയുന്ന ഏകീകൃത റിയൽ ടൈം സോഫ്റ്റ്‌വെയർ തയാറാക്കണം. ഓരോ ദിവസവും സംഭരിച്ച മുഴുവൻ നെല്ലിന്റെ തൂക്കവും അത് വിവിധ ഘട്ടങ്ങളിൽ കൈമാറപ്പെടുന്നതിന്റെ വിവരങ്ങളും ഇതുവഴി പങ്കാളികളായ എല്ലാ വർക്കും ലഭ്യമാക്കാം. ഇതിനായി ഓരോ ദിവസത്തെയും സംഭരണവിവരങ്ങൾ ഏകോപിപ്പിച്ച് അപ്ഡേറ്റ് ചെയ്യുന്ന ഡാഷ്ബോർഡും ശുപാർശയിലുണ്ട്. ബന്ധപ്പെട്ട മന്ത്രിസഭാ ഉപസമിതിയുടെയും മറ്റും കൃത്യമായ മേൽനോട്ടത്തിനും ഈ സംവിധാനം ഉപകരിക്കും. നെല്ലുസംഭരണത്തിനായി സപ്ലൈകോയ്ക്ക് പ്രത്യേക ബാങ്ക് അക്കൗണ്ട് ഉണ്ടാവണം. മറ്റൊന്നിനും ഈ അക്കൗണ്ട് വിനിയോഗിക്കരുത്. നിലവിൽ കോർപറേഷന്റെ മറ്റ് ബാങ്കിങ് പ്രവർത്തനങ്ങൾക്കൊപ്പമാണ് സംഭരണവുമായി ബന്ധപ്പെട്ട ഇടപാടുകളും നടക്കുന്നത്. ഇതുമൂലം സപ്ലൈകോയുടെ വ്യത്യസ്ത ആവശ്യങ്ങൾക്കു പണം കണ്ടെത്താൻ നെല്ലുസംഭരണം അവസരമാക്കുന്ന സാഹചര്യമുണ്ട്. ദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിജിറ്റൽ രേഖകളുള്ളതിനാൽ സംഭരണം സംബന്ധിച്ച കണക്ക് കേന്ദ്രസർക്കാരിനു നൽകുന്നതിൽ കാലതാമസം വരില്ല. അതു കാരണം കേന്ദ്രഫണ്ട് വൈകുകയുമില്ല.
റേഷന്‍ വിതരണം വേർപെടുത്താം
സംഭരിച്ച നെല്ലിൽനിന്നുള്ള അരി തൽക്കാലം പൊതുവിതരണത്തിനുതന്നെ ഉപയോഗിക്കാം. എന്നാൽ, ഭാവിയിൽ സർക്കാരിന് ഇച്ഛാശക്തിയും താല്‍പര്യവുമുണ്ടെങ്കിൽ റേഷനരി വിതരണവും നെല്ലുസംഭരണവും തമ്മില്‍ വേർപെടുത്താം. ഇതുവഴി സംഭരണം മൂലം സർക്കാരിനുണ്ടാകുന്ന സാമ്പത്തിക ബാധ്യത കുറയും. റേഷൻവിതരണത്തിനു വേണ്ട ഏകദേശം12 ടൺ അരി കേന്ദ്ര പൂളിൽനിന്ന് നാലര രൂപ നിരക്കിൽ ലഭിക്കുമെന്നിരിക്കെ, മൂല്യമേറിയ കുത്തരിയുടെ വിപണനസാധ്യത കൃഷിക്കാർക്ക് നിഷേധിക്കേണ്ടതില്ല. നെല്ല് സംഭരിച്ചുണ്ടാക്കുന്ന അരി സപ്ലൈകോ കടകളിലൂടെ പ്രീമിയം വിലയ്ക്ക് മറ്റു ബ്രാൻഡുകളുമായി മത്സരിച്ചു വിൽക്കാം. സപ്ലൈകോയ്ക്കും സർക്കാരിനും സംഭരണം ബാധ്യതയാകുന്നത് ഒഴിവാകുമെന്നു മാത്രമല്ല, അധിക വരുമാനത്തിനു വഴിയൊരുങ്ങുകയും ചെയ്യും. ഒപ്പം കൃഷിക്കാർക്കു വിപണിവിലയ്ക്ക് ആനുപാതികമായ ഉയർന്ന വില നൽകാനുമാവും.
മില്ലില്‍ സംസ്കരണം മാത്രം
സര്‍ക്കാര്‍ സംഭരിക്കുന്ന നെല്ല് സർക്കാർ/ പൊതുമേഖലാമില്ലുകളിൽ കുത്തി അരിയാക്കാം. ആവശ്യമെങ്കിൽ ഇതു സ്വകാര്യമില്ലുകളിലുമാവാം. എന്നാൽ, സംസ്കരണപ്രക്രിയയ്ക്കു മാത്രമേ ഈ സൗകര്യം പ്രയോജനപ്പെടുത്താവൂ. നിലവിൽ നെല്ല് സംഭരിച്ചശേഷം അരിയാക്കി വിതരണം ചെയ്യുന്നതുവരെ മില്ലുകളിലാണു സൂക്ഷിക്കുന്നത്. ഇതൊഴിവാക്കണം.
നെല്ല്– അരി നീക്കം നിരീക്ഷിക്കണം
സർക്കാർ സംഭരിച്ചു മില്ലുകളിൽ സംസ്കരിച്ചശേഷം അവിടെത്തന്നെ സൂക്ഷിക്കുന്ന അരിയാണ് റേഷൻകടകളിലെത്തുന്നത് എന്നുറപ്പാക്കാൻ നിലവില്‍ മതിയായ സംവിധാനങ്ങളില്ല. സര്‍ക്കാർ നെല്ലിന്റെ നാടൻ കുത്തരി വിപണിയില്‍ വിറ്റു നല്ല വില നേടാനും സർക്കാര്‍ ആവശ്യപ്പെടുമ്പോള്‍ ഗുണനിലവാരവും വിലയും കുറഞ്ഞ അരി പകരം നല്‍കി തടിതപ്പാനും നിലവിലുള്ള സംഭരണ സംവിധാനം മില്ലുകൾക്ക് അവസരം നൽകുന്നോയെന്നു സംശയിക്കാതെ വയ്യ. ഉല്‍പാദിപ്പിക്കുന്ന നെല്ലില്‍ ഏറക്കുറെ മുഴുവൻതന്നെ സർക്കാർ സംഭരിക്കുമ്പോഴും പാലക്കാടൻ മട്ടയരി വിപണിയിൽ സുലഭമാണെന്നത് ഈ സംശയത്തിനു ബലം നല്‍കുന്നു. മില്ലുകളില്‍ നെല്ല് കുത്തിയെടുത്ത അരി സർക്കാർ സംഭരണകേന്ദ്രങ്ങളിലേക്കു മാറ്റി സൂക്ഷിക്കുകയാണ് ഇതിനു പ്രതിവിധി. നെല്ല്/ അരി കയറ്റുന്ന ലോറികളെ എല്ലാ ഘട്ടത്തിലും ജിപിഎസ്–കാമറ അധിഷ്ഠിത നിരീക്ഷണത്തിലാക്കുകയും വേണം. സംഭരണകേന്ദ്രങ്ങളിൽനിന്നു മില്ലിലേക്കും തിരികെ സപ്ലൈകോയുടെ വിൽപന കേന്ദ്രങ്ങളിലേക്കുമുള്ള നെല്ല്/ അരിയുടെ നീക്കം ഏകീകൃത സോഫ്റ്റ്‌വെയർ / ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിരീക്ഷിക്കണം.
ഒടിആർ 68 ശതമാനമാക്കണം
നെല്ലിൽനിന്നു ലഭിക്കേണ്ട അരിയുടെ അളവ് (ഒടിആർ) 68 ശതമാനത്തിൽനിന്ന് 64 ശതമാനമായി കുറച്ചതിന് ഒരു ശാസ്ത്രീയ അടിസ്ഥാനവുമില്ല. ശാസ്ത്രീയമായി കണ്ടെത്തിയതും കേന്ദ്രസർക്കാർ അംഗീകരിച്ചതുമായ 68% ഒടിആർ പുനഃസ്ഥാപിക്കണം. അതുവഴി ഗണ്യമായ തോതിൽ പണച്ചോർച്ച തടയാം. നെല്ലുസംസ്കരണത്തിന്റെ ഉപോൽപന്നങ്ങളായ ഉമി, തവിട് എന്നിവയ്ക്ക് വിലയിടുന്നില്ലെന്നതും നിലവിലുള്ള സംഭരണത്തിന്റെ പോരായ്മയാണ്. മില്ലുകൾക്ക് വാങ്ങാൻ താൽപര്യമുണ്ടെങ്കിൽ ഇവയുടെ വില കണക്കാക്കി അവരുടെ പ്രതിഫലത്തിൽ കുറച്ചാല്‍ മതി. അവർക്കു താൽപര്യമില്ലെങ്കിൽ തവിടും ഉമിയുമൊക്കെ മാനദണ്ഡങ്ങൾ പാലിച്ചു വിൽക്കണം.
ഓട്ടമേഷന്‍ വരണം
സംഭരണകേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ യന്ത്രവൽക്കരിക്കുകയും ഓട്ടമേറ്റ് ചെയ്യുകയും വേണം. എല്ലാ ഇടപാടുകളും ഡിജിറ്റൽ ടോക്കൺ അടിസ്ഥാനത്തിലാക്കണം. സംഭരണപ്രക്രിയയിൽ പങ്കാ ളികളായ എല്ലാവർക്കും ഉപയോഗിക്കാവുന്ന മൊബൈൽ ആപ് തയാറാക്കണം. ആധാർ, ജിയോ ടാഗ് ചെയ്ത കൃഷിഭൂമി എന്നിവയുമായി ലിങ്ക് ചെയ്യാനും ഒറ്റത്തവണ റജിസ്റ്റർ ചെയ്ത് സംഭരണ പ്രക്രിയയുടെ ഭാഗമാകാനും ആപ്പിലൂടെ കർഷകർക്കു കഴിയണം. നിർമിതബുദ്ധി, മെഷീൻ ലേണിങ്, ജിയോ ടാഗിങ്, ബ്ലോക്ചെയിൻ തുടങ്ങിയ സാങ്കേതികവിദ്യകൾ സംഭരണത്തിൽ പ്രയോജന പ്പെടുത്തണം.
സംഭരണനയവും സമയക്രമവും
ഓരോ വർഷവും തുടക്കത്തിൽത്തന്നെ സംഭരണവില ഉൾപ്പെടെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനതലത്തിൽ സംഭരണനയം പ്രഖ്യാപിക്കണം. സംഭരണം സുഗമമാക്കാന്‍ വിള–സംഭരണ കലണ്ടർ മുൻകൂട്ടി തയാറാക്കുകയും കൃത്യമായി നടപ്പാക്കുകയും വേണം.