കേരളം നട്ടുനനച്ചു വളർത്തുന്നത് 452 വിളകൾ: കാർഷിക ജൈവവൈവിധ്യത്തിലും ദൈവത്തിന്റെ സ്വന്തം നാട്
പെറ്റമ്മയായും പോറ്റമ്മയായും കേരളത്തിന്റെ മണ്ണ് നെഞ്ചോടുചേർത്ത് വളർത്തുന്നത് 452 വിളകൾ! ഇതിൽ തനിനാട്ടുകാരും വരത്തന്മാരുമുണ്ട്. നൂറ്റാണ്ടുകൾക്കു മുൻപ് മലയാളമണ്ണിലെത്തിയവരും ഇന്നലെ വന്നവരുമുണ്ട്. നാടിന്റെ പേരിൽത്തന്നെ നാളികേരത്തിന്റെ നാമം പതിഞ്ഞ മലയാളനാട് പുത്തൻവിളകളെ പ്രത്യേകിച്ച് പഴം–പച്ചക്കറികളെ
പെറ്റമ്മയായും പോറ്റമ്മയായും കേരളത്തിന്റെ മണ്ണ് നെഞ്ചോടുചേർത്ത് വളർത്തുന്നത് 452 വിളകൾ! ഇതിൽ തനിനാട്ടുകാരും വരത്തന്മാരുമുണ്ട്. നൂറ്റാണ്ടുകൾക്കു മുൻപ് മലയാളമണ്ണിലെത്തിയവരും ഇന്നലെ വന്നവരുമുണ്ട്. നാടിന്റെ പേരിൽത്തന്നെ നാളികേരത്തിന്റെ നാമം പതിഞ്ഞ മലയാളനാട് പുത്തൻവിളകളെ പ്രത്യേകിച്ച് പഴം–പച്ചക്കറികളെ
പെറ്റമ്മയായും പോറ്റമ്മയായും കേരളത്തിന്റെ മണ്ണ് നെഞ്ചോടുചേർത്ത് വളർത്തുന്നത് 452 വിളകൾ! ഇതിൽ തനിനാട്ടുകാരും വരത്തന്മാരുമുണ്ട്. നൂറ്റാണ്ടുകൾക്കു മുൻപ് മലയാളമണ്ണിലെത്തിയവരും ഇന്നലെ വന്നവരുമുണ്ട്. നാടിന്റെ പേരിൽത്തന്നെ നാളികേരത്തിന്റെ നാമം പതിഞ്ഞ മലയാളനാട് പുത്തൻവിളകളെ പ്രത്യേകിച്ച് പഴം–പച്ചക്കറികളെ
പെറ്റമ്മയായും പോറ്റമ്മയായും കേരളത്തിന്റെ മണ്ണ് നെഞ്ചോടുചേർത്ത് വളർത്തുന്നത് 452 വിളകൾ! ഇതിൽ തനിനാട്ടുകാരും വരത്തന്മാരുമുണ്ട്. നൂറ്റാണ്ടുകൾക്കു മുൻപ് മലയാളമണ്ണിലെത്തിയവരും ഇന്നലെ വന്നവരുമുണ്ട്. നാടിന്റെ പേരിൽത്തന്നെ നാളികേരത്തിന്റെ നാമം പതിഞ്ഞ മലയാളനാട് പുത്തൻവിളകളെ പ്രത്യേകിച്ച് പഴം–പച്ചക്കറികളെ നാളെയും സ്വീകരിക്കുമെന്നതിനാൽ എണ്ണമിനിയും കൂടുകയും ചെയ്യും. ജൈവ വൈവിധ്യത്തിനൊപ്പം കാർഷിവൈവിധ്യത്തിനാലും അനുഗ്രഹിക്കപ്പെട്ട കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിലും വീട്ടുവളപ്പിലുമായി വളർത്തപ്പെടുന്ന കാർഷികവിളകളുടെ എണ്ണമെത്രയെന്ന് കണ്ടെത്താൻ അന്വേഷണവും പഠനവും നടത്തി ഗവേഷണപ്രബന്ധമായി 2022ൽ പ്രസിദ്ധീകരിച്ചത് അന്നത്തെ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാനും കാർഷിക സർവകലാശാല റിട്ടയേർഡ് പ്രഫസറുമായ ഡോ. സി.ജോർജ് തോമസാണ്. തന്റെ പഠനത്തിൽനിന്നും സമാഹരിച്ച വിവരങ്ങളിൽ അതിശയപ്പെടുത്തുന്നതായി അദ്ദേഹം രേഖപ്പെടുത്തുന്നത് 82 സസ്യകുടുംബങ്ങളിൽ ഉൾപ്പെടുന്ന 452 വിളകൾ ഏറിയും കുറഞ്ഞുമായി കൃഷി ചെയ്യുന്ന നമ്മുടെ വിളവൈവിധ്യത്തേക്കുറിച്ചും പുത്തൻ പഴങ്ങളും പച്ചക്കറികളും പലനാടുകളിൽനിന്നു കൊണ്ടുവന്നു വളർത്തുന്ന പ്രവണതയുടെ ഗുണദോഷങ്ങളേക്കുറിച്ചുമാണ്. കർഷകർക്കും കാർഷിക മേഖലയ്ക്കും ആവേശം കൊള്ളാനും ആഘോഷിക്കാനും കാര്യമായൊന്നും അവശേഷിക്കാതെ കർഷകദിനങ്ങൾ കടന്നുപോകുന്നുവെന്നതാണ് പൊതുബോധമെങ്കിലും പ്രകൃതി മലയാളമണ്ണിന്റെ ഇലയിൽ വിളമ്പിയിരിക്കുന്ന വിഭവസമൃദ്ധിയേക്കുറിച്ച് ഓർക്കാതിരിക്കാൻ നമുക്കെങ്ങനെ കഴിയും?
വിളകൾ പലത്, ഉപയോഗങ്ങളും
കേരളത്തിലെ കാർഷികവിളകളെ എണ്ണിയെടുത്തതിനുശേഷം അവയുടെ പ്രാഥമിക ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ തരം തിരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഓരോ വിളകൾക്കും ഉപയോഗങ്ങൾ പലതുണ്ടാകുമല്ലോ? പ്രഥമവും പ്രധാനവുമായ ഉപയോഗമനുസരിച്ച് 452 വിളകളിൽ ഭക്ഷ്യയോഗ്യമായവ 256 എണ്ണമാണെന്ന് പ്രബന്ധം പറയുന്നു. കേരളത്തിൽ വളർത്തപ്പെടുന്ന വിളകളുടെ ഓരോ വിഭാഗത്തിലും വരുന്ന നാടനും വിദേശിയുമടക്കമുള്ള ഇനങ്ങളുടെഎണ്ണം താഴെ പറയുന്നവിധമാണ്.
- ധാന്യങ്ങൾ, ചെറുധാന്യങ്ങൾ - 11
- പുല്ലിന്റെ കുടുംബമല്ലാത്ത ധാന്യങ്ങൾ - 4
- പഴവർഗങ്ങൾ, നട്‌സ് - 118
- പച്ചക്കറികൾ - 73
- പയർവർഗങ്ങൾ - 10
- എണ്ണക്കുരുക്കൾ - 8
- കിഴങ്ങുവിളകൾ - 24
- സ്റ്റാർച്ച് മധുര വിളകൾ - 8
- സുഗന്ധവിളകൾ - 21
- പാനീയവിളകൾ - 5
- ഉത്തേജകങ്ങൾ - 3
- അലങ്കാരഇലകൾ - 14
- മുറിച്ചുപയോഗിക്കുന്ന പൂക്കൾ - 20
- പച്ചിലവള വിളകൾ - 10
- ആവരണവിളകൾ - 14
- തീറ്റപ്പുല്ലിനങ്ങൾ - 42
- നാര് വിളകൾ - 6
- റബർ - 1
- അവശ്യതൈലവിളകൾ - 7
- സാധാരണ വളർത്തുന്ന ഔഷധച്ചെടികൾ- 45
- പലവക ഉപയോഗവിളകൾ - 18
കാർഷിക വിളയായി പരിഗണിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടാണ് മേൽപറഞ്ഞ എണ്ണത്തിൽ എത്തിയത്. എന്നാൽ പുത്തൻ ഇനങ്ങൾ പ്രത്യേകിച്ച് വിദേശ പഴവർഗങ്ങൾ നമ്മുടെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ എപ്പോഴുമുള്ളതിനാൽ എണ്ണത്തിന്റെ അതിസൂക്ഷ്മമായ കൃത്യത പ്രബന്ധത്തിൽ അവകാശപ്പെടുന്നില്ല. എങ്കിലും കേരളത്തിന്റെ വിലപ്പെട്ട കാർഷികജൈവവൈവിധ്യത്തിന്റെ കൃത്യമായ സൂചന നൽകാൻ ഈ കണക്കുകൾക്ക് കഴിയുന്നുണ്ട്.
കച്ചവടകൃഷിയല്ല, പുരയിടത്തിലെ പരിപാലനം
വിളകളേറെയുണ്ടെങ്കിലും വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയിലേക്കു വ്യാപിക്കപ്പെട്ട വിളകൾ പരിമിതമാണെന്ന് പഠനം പറയുന്നു. സ്ഥിതിവിവരക്കണക്കുകളനുസരിച്ച് കേരളത്തിൽ ഒരു ലക്ഷം ഹെക്ടറിലധികം കൃഷി ചെയ്യുന്ന വിളകൾ നാലെണ്ണം മാത്രമാണ്. തെങ്ങ്, റബർ, നെല്ല്, വാഴ എന്നിവയാണ് ഈ ലിസ്റ്റിലെ ആദ്യത്തെ നാലു സ്ഥാനക്കാർ. ഇതിൽ തെങ്ങും റബറും കൃഷിഭൂമിയുടെ മൂന്നിൽ രണ്ടും കയ്യടക്കിയിരിക്കുന്നു. പതിനായിരം ഹെക്ടറിലധികം വിതയ്ക്കപ്പെടുന്ന വിളകൾ മേൽപ്പറഞ്ഞവ ഉൾപ്പെടെ 17 എണ്ണമാണ്. കേരളത്തിന്റെ തനതായ വീട്ടുവളപ്പിലെ കൃഷിയെന്ന രീതിയിലാണ് ബഹുഭൂരിപക്ഷവും പരിപാലിക്കപ്പെടുന്നത്. കൃഷിഭൂമിയുടെ വിസ്തൃതിയുസരിച്ച് കേരളത്തിലെ 22 പ്രധാനവിളകൾ റാങ്കടിസ്ഥാനത്തിൽ താഴെ പറയുന്നവയാണ്.
- തെങ്ങ്
- റബർ
- നെല്ല്
- വാഴ
- കമുക്
- പ്ലാവ്
- കാപ്പി
- കുരുമുളക്
- മാവ്
- മരച്ചീനി
- കശുമാവ്
- ഏലം
- തേയില
- ജാതി
- പപ്പായ
- മുരിങ്ങ
- കൊക്കോ
- വാളൻപുളി
- കൈതച്ചക്ക
- ചേമ്പ്
- ചേന
- പച്ചപ്പയർ
കൃഷിയും കൃഷിക്കാരും പിന്നിൽ, വിളകളുടെ എണ്ണം മുൻപിൽ: കാരണങ്ങളിവയാണ്
ഭൂപ്രകൃതിയിലെ വൈവിധ്യവും കാലാവസ്ഥയുടെ പ്രത്യേകതയും പ്രകൃതിവിഭവങ്ങളുടെ സമൃദ്ധിയുമൊക്കെ വരദാനമായി ലഭിച്ച നാടാണ് കേരളം. കേരം തിങ്ങിയ കേരളനാട്ടിലെ നെൽകൃഷി ഏറെ പ്രസിദ്ധമായിരുന്നു. സുഗന്ധവ്യഞ്ജനങ്ങളുടെ സൗരഭ്യം തേടി വന്നവർ ഏറെയായിരുന്നല്ലോ? മറ്റു നാടുകളുമായി മലയാളിയോളം ബന്ധം പുലർത്താൻ കഴിവുള്ളവർ വേറെയില്ലായിരുന്നു, പണ്ടും ഇന്നും. ഈ ബാന്ധവവും കാർഷികവിളകളുടെ വരവിനു കാരണമായിട്ടുണ്ട്. പുതിയ വിളകൾ പരീക്ഷിക്കാനാള്ള മലയാളിയുടെ ഇന്നും തുടരുന്ന വ്യക്തിപരമായ അഭിനിവേശവും വിളവൈവിധ്യത്തിനുള്ള കാരണങ്ങളിലൊന്നായി വിദഗ്ദർ ചൂണ്ടിക്കാട്ടുന്നുണ്ട്. തുണ്ടുതുണ്ടായി മാറിയ കൃഷിയിടങ്ങളിൽ പലവിളകൾ തനിനിറച്ച് നട്ട് വരുമാനം കൂട്ടാനും വീട്ടിലേക്കുള്ള വൈവിധ്യമാർന്ന പഴങ്ങളും പച്ചക്കറികളും മറ്റ് ഉൽപന്നങ്ങളും വിളയിക്കാനുള്ള തന്ത്രമാണ് മലയാളി ഇപ്പോൾ അനുവർത്തിക്കുന്നതെന്നതും പലവിളകൾ പരീക്ഷിക്കാൻ കാരണമായിട്ടുണ്ട്. ആർദ്രഉഷ്ണമേഖലയിൽപ്പെടുന്ന കേരളത്തിലെ ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും ഉഷ്ണമേഖലയിൽ വളരുന്ന വിളകളാണ് കൃഷി ചെയ്യപ്പെടുന്നത്. എന്നാൽ തണുപ്പുള്ള ഹൈറേഞ്ച് മേഖലകൾ ശീതകാലാവസ്ഥയിൽ വളരുന്ന വിളകൾക്കും സാധ്യത നൽകുന്നു. ആപ്പിൾ, പീച്ച്, പ്ലം, സ്ട്രോബറി എന്നിവയൊക്കെ വിളയുന്ന ഇടുക്കിയിലെ കാന്തല്ലൂരും വട്ടവടയും ഉദാഹരണങ്ങൾ. എന്തായാലും മണ്ണും മഴയും വെയിലും കനിഞ്ഞനുഗ്രഹിച്ചതിനാൽ കാർഷികവൈവിധ്യത്തിന്റെ നാടെന്ന പുകഴും കേരളത്തിനു ചേരും.
ഗുണവും ദോഷവും ഓർക്കണം
ഭക്ഷ്യസുരക്ഷയ്ക്കും, പോഷകലഭ്യതയ്ക്കും, വരുമാനഭദ്രതയ്ക്കും കാർഷിക വിളവൈവിധ്യം അനിവാര്യമായി ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യകാർഷികസംഘടന വിലയിരുത്തുന്നു. എന്നാൽ വിവേചനരഹിതമായി പുത്തൻവിളകകൾ നാട്ടിലെത്തുന്നതിൽ ചില അപകടങ്ങളുമുണ്ട്. പുതിയവിളകളുടെ ഗുണഗണങ്ങളേക്കുറിച്ച് അശാസ്ത്രീയമായ പ്രചരണങ്ങൾ നടത്താൻ വിൽപനക്കാർ ശ്രമിക്കാറുണ്ട്. നിയമപരവും ശാസ്ത്രീയുമായ നടപടിക്രമങ്ങൾ പാലിച്ചില്ലെങ്കിൽ രോഗകീടങ്ങളും അസുഖങ്ങളും വിളകൾക്കൊപ്പം നാട്ടിലെത്താം. വിദേശവിള ചിലപ്പോൾ നാട്ടിലെ കളയായി വളർന്ന് ശല്യമായേക്കാം. എങ്കിലും യുക്തിഭദ്രമായി ശാസ്ത്രീയരീതിയിൽ ചെയ്താൽ തളരുന്ന കേരളത്തിലെ കാർഷിക മേഖലയ്ക്ക് ഉണർവേകാൻ പുതുവിളകൾക്ക് കഴിയും. ഇന്ന് നാം നാടനെന്നു കരുതുന്ന മിക്കവിളകളും വിദേശികകളായിരുന്നു എന്നതോർക്കുക. കൃഷിചെയ്ത് അഭിമാനത്തോടെ ജീവിക്കാൻ കഴിയുമെന്ന സാഹചര്യം ഉണ്ടാക്കുകയാണ് ഈ മേഖലയെ ഉയർത്താനുള്ള പ്രധാനവഴി. പ്രകൃതി കൈയയച്ചു നൽകിയ കാർഷികവിള വൈവിധ്യത്തേക്കുറിച്ചുള്ള അറിവ് ഈ കർഷക ദിനത്തിന് കൂടുതൽ ആവേശം നൽകട്ടെ.