മലയാളി കഴിക്കുന്നത് ആഴ്ചയിൽ ഒരു കോടി കിലോ കോഴി; അശാസ്ത്രീയ കണ്ടെത്തലുകൾ പരക്കുമ്പോൾ സംഭവിക്കുന്നത്
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷന്റെ നേതൃത്വത്തിൽ ദക്ഷിണേന്ത്യയിൽ ഇറച്ചിക്കോഴികളിലെ കാഷ്ഠം വിലയിരുത്തിയുള്ള പഠന റിപ്പോർട്ടുമായി ബന്ധപ്പെട്ട വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തെറ്റായ വിശകലനങ്ങൾ കൂടുതൽ വാർത്താ പ്രാധാന്യം
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷന്റെ നേതൃത്വത്തിൽ ദക്ഷിണേന്ത്യയിൽ ഇറച്ചിക്കോഴികളിലെ കാഷ്ഠം വിലയിരുത്തിയുള്ള പഠന റിപ്പോർട്ടുമായി ബന്ധപ്പെട്ട വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തെറ്റായ വിശകലനങ്ങൾ കൂടുതൽ വാർത്താ പ്രാധാന്യം
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷന്റെ നേതൃത്വത്തിൽ ദക്ഷിണേന്ത്യയിൽ ഇറച്ചിക്കോഴികളിലെ കാഷ്ഠം വിലയിരുത്തിയുള്ള പഠന റിപ്പോർട്ടുമായി ബന്ധപ്പെട്ട വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തെറ്റായ വിശകലനങ്ങൾ കൂടുതൽ വാർത്താ പ്രാധാന്യം
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷന്റെ നേതൃത്വത്തിൽ ദക്ഷിണേന്ത്യയിൽ ഇറച്ചിക്കോഴികളിലെ കാഷ്ഠം വിലയിരുത്തിയുള്ള പഠന റിപ്പോർട്ടുമായി ബന്ധപ്പെട്ട വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തെറ്റായ വിശകലനങ്ങൾ കൂടുതൽ വാർത്താ പ്രാധാന്യം കൈവരിച്ചുവരുന്നു. സോഷ്യൽ മീഡിയയിൽ തെറ്റായ വാർത്തകൾ നൽകി ഇറച്ചിക്കോഴി വളർത്തൽ, ഉപഭോഗം എന്നിവയ്‌ക്കെതിരെ തെറ്റായ വാർത്തകൾ മെനയാൻ തൽപരകക്ഷികൾ അവസരം പരമാവധി പ്രയോജനപ്പെടുത്തി വരുന്നു.
പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തികഞ്ഞ അശാസ്ത്രീയത നിലനിൽക്കുന്നു. കോഴിക്കാഷ്ഠത്തിലെ വിവിധയിനം ബാക്ടീരിയകളെ കണ്ടെത്തി രോഗപ്രതിരോധശേഷിയുള്ള അണു ജീവികളെയും, രോഗപ്രതിരോധശേഷിയാർജിച്ച ജീനുകളെയും കണ്ടെത്തിയെന്ന് പഠനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കണ്ടെത്തിയ രോഗാണുക്കൾ കാലങ്ങളായി മണ്ണിലും, മൃഗങ്ങളിലും, കോഴികളിലും കണ്ടുവരുന്നവയാണ്. എല്ലാ ജീവജാലങ്ങളിലും രോഗാണുക്കളുടെ സാന്നിധ്യവും, രോഗങ്ങളും സാധാരണയായി കണ്ടുവരുന്നു. ദക്ഷിണേന്ത്യയിലാണ് പഠനം നടന്നതെന്ന് ഇതുമായിബന്ധപ്പെട്ട ശാസ്ത്രലേഖനങ്ങളിൽനിന്ന് വ്യക്തമാണ്.
ഗ്രാം നെഗറ്റീവ്, പോസിറ്റീവ്, ഇ കോളി, ക്ലോസ്ട്രിഡിയം തുടങ്ങി ഒട്ടേറെ ബാക്റ്റീരിയകളെ കണ്ടെത്തിയെന്ന് പറയുന്നു. അന്തരീക്ഷത്തിലുള്ള കോഴിക്കാഷ്ഠത്തിൽ ഇവയുണ്ടാകുന്നത് സ്വാഭാവികം മാത്രം. സാമ്പിളുകൾ കോഴിയുടെ കുടലിൽനിന്നും നേരിട്ട് ശാസ്ത്രീയമായി, രോഗാണുവിമുക്തമായ രീതിയിൽ ശേഖരിക്കേണ്ടതുണ്ട്. ആന്റിബയോട്ടിക്കുകൾക്കെതിരായി രോഗപ്രതിരോധശേഷി ആർജിച്ചത് തെളിയിക്കാൻ ആന്റിബയോട്ടിക് സെൻസിറ്റിവിറ്റി പരീക്ഷണവും ആവശ്യമാണ്. കോഴിക്കാഷ്ഠം വിലയിരുത്തി രോഗാണുക്കളെ കണ്ടെത്തി അവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ പർവതികരിക്കുന്ന ഗവേഷണം തീർത്തും ആശാസ്ത്രീയമാണ്. ഇത്തരം അശാസ്ത്രീയ കണ്ടെത്തലുകൾ പൊതുജനങ്ങളിലും ഉപഭോക്താക്കളിലും ആശങ്കയുള്ളവക്കാനേ ഉപകരിക്കൂ. മനുഷ്യനും, മൃഗങ്ങൾക്കും, പക്ഷികൾക്കും, പ്രകൃതിയോടു ചേർന്നുള്ള 'വൺ ഹെൽത്ത്' എന്ന ആശയത്തിന് പ്രസക്തിയേറുമ്പോൾ രോഗപ്രതിരോധശേഷിയെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകുന്നത് ധാർമികതയ്ക്കു നിരക്കുന്നതല്ല.
വർഷങ്ങളായി ഇറച്ചിക്കോഴി വളർത്തലിനെതിരെ ഹോർമോണുകൾ, ആന്റിബയോട്ടിക്കുകൾ എന്നിവയെ ഉപയോഗിച്ച് അശാസ്‌ത്രീയ വിവരങ്ങൾ നൽകാൻ ശ്രമിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ അറിയാൻ ശ്രമിക്കണം.
കേരളത്തിൽ കർഷകരും സംരംഭകരുമടക്കം അഞ്ചു ലക്ഷം പേരുടെ ജീവനോപാധിയാണ് ഇറച്ചിക്കോഴി കോഴിവളർത്തൽ. തീറ്റച്ചെലവിലും ഉൽപാദനച്ചെലവിലുമുണ്ടായ ഭീമമായ വർധന, തീറ്റയ്ക്കാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വർധിച്ച വില, കടുത്ത വിപണന സമ്മർദ്ദം, ഗുണനിലവാരത്തെ തകർക്കുന്ന വസ്തുതയില്ലാത്ത ആരോപണങ്ങൾ എന്നിവ ഈ മേഖലയെ പ്രതികൂലമായി ബാധിച്ചുവരുന്നു. അയൽസംസ്ഥാനങ്ങളിൽനിന്നുള്ള വിപണന സമ്മർദ്ദവും, ഉൽപാദനച്ചെലവിലുണ്ടായ ഭീമമായ വർധനയും ഇറച്ചിക്കോഴി കർഷകരെ ഈ മേഖലയിൽനിന്നും പിന്തിരിയാൻ പ്രേരിപ്പിക്കുന്നു. ബാങ്ക് വായ്പയടയ്ക്കാൻ ബുദ്ധിമുട്ടുന്ന കോഴിവളർത്തൽ സംരംഭകരും കേരളത്തിലേറെയാണ്.
നിർഭാഗ്യവശാൽ ഇറച്ചിക്കോഴി വളർത്തലിനെ കൃഷിയുടെയോ, വ്യവസായത്തിന്റെയോ ഭാഗമായി പരിഗണിക്കുന്നുമില്ല. വർഷത്തിൽ ആറു മാസത്തിലധികവും ഉൽപാദനച്ചെലവിനേക്കാൾ കുറഞ്ഞ വിലയ്ക്ക് കോഴിയെ വിൽക്കാൻ കർഷകർ നിർബന്ധിതരാകുന്നു. ഒരു ദിവസം പ്രായമായ ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളുടെ വിലയിൽ ഇടയ്ക്കിടെയുണ്ടാകുന്ന വർധന ഉൽപാദനച്ചെലവ് വർധിപ്പിക്കുന്നു.
രാജ്യത്തെ മൊത്തം കാർഷിക ഉൽപാദനത്തിന്റെ 26 ശതമാനത്തോളം സംഭവന ചെയ്യുന്നത് മൃഗസംരക്ഷണ മേഖലയാണ്. ഈ മേഖലയിൽ കോഴിവളർത്തൽ രംഗത്തെ വാർഷിക വളർച്ച നിരക്ക് 16 ശതമാനത്തോളം വരും. കോഴിയിറച്ചി ഉപഭോഗത്തിൽ കേരളം ഏറെ മുന്നിലാണ്. രാജ്യത്തെ കോഴിയിറച്ചി ഉൽപാദനത്തിന്റെ 4.38 ശതമാനം കേരളത്തിൽനിന്നാണ്. പ്രതിശീർഷ കോഴിയിറച്ചി ഉപഭോഗം പ്രതിവർഷം ദേശീയ തലത്തിൽ 3.1 കിലോയാണ്. എന്നാൽ കേരളത്തിലിത് 10 കിലോയോളം വരും. കോഴിവളർത്തലിന്റെ ചെലവിൽ 75 ശതമാനവും തീറ്റച്ചെലവാണ്. ഉൽപാദനച്ചെലവിന് ആനുപാതികമായി കോഴിമുട്ടയുടെയും ഇറച്ചിയുടെയും വിലയിൽ വർധനയുണ്ടാകുന്നില്ല. ഉയർന്ന ഉൽപാദനച്ചെലവ് താങ്ങാൻ കഴിയാത്തതിനാൽ കർഷകരും സംരംഭകരും കോഴിവളർത്തലിൽനിന്ന് പിന്തിരിയുന്ന പ്രവണത വർധിച്ചു വരുന്നു.
ആഴ്ചയിൽ ഒരു കോടി കിലോ, അതായത് മാസത്തിൽ 40,000 ടൺ കോഴിയിറച്ചിയാണ് മലയാളി കഴിക്കുന്നത്. ഇതിൽ 75 ശതമാനത്തോളം അതായത് 30,000 ടണ്ണാണ് കേരളത്തിന്റെ ആഭ്യന്തര ഉൽപാദനം. ആവശ്യകതയുടെ 30 ശതമാനം തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലെത്തുന്നു. കോഴിക്കുഞ്ഞിന്റെയും തീറ്റയുടെയും വിതരണത്തിനുള്ള കണക്കാണിത്. 1.75 കോടിയോളം കോഴിക്കുഞ്ഞുങ്ങളെയാണ് മാസം തോറും കേരളത്തിൽ വളർത്തുന്നത്. തെറ്റായ വാർത്തകളും, വിശകലനങ്ങളും കോഴിക്കർഷകർ, സംരംഭകർ മുതലായവരെ പ്രതികൂലമായി ബാധിക്കുകയും, അവരെ കോഴിവളർത്തലിൽനിന്ന് പിന്മാറാൻ പ്രേരിപ്പിക്കുകയും ചെയ്തുവരുന്നു. ഇതു മറ്റു സംസ്ഥാനങ്ങളെ കോഴിയിറച്ചിയുടെ വർധിച്ച ഉപഭോഗത്തിനുവേണ്ടി അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കാൻ വഴിയൊരുക്കുന്നു. കേരളത്തിലെ ഇറച്ചിക്കോഴിവളർത്തലിനെ നശിപ്പിച്ച് അയൽ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളാണ് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർ ശ്രമിക്കുന്നത്. ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞിന്റെ വില 40 രൂപയാണ്. ഒരു കിലോ കോഴിയിറച്ചിക്ക് 1.75 കിലോ തീറ്റ വേണ്ടിവരും. ഒരു കിലോ കോഴിയിറച്ചി ഉൽപാദനച്ചെലവ് 97 രൂപയോളം വരും. ഇതിൽ മരുന്ന്, വളർത്തു ചെലവുകൾ, തീറ്റ എന്നിവ ഉൾപ്പെടുന്നു. എന്നാൽ റിട്ടെയിൽ വില 95 രൂപ മാത്രമാണ്.
കോഴിത്തീറ്റയ്ക്കാവശ്യമായ അസംസ്കൃത ചേരുവകൾ അയൽ സംസ്ഥാനങ്ങളിൽനിന്നാണ് കേരളത്തിലെത്തുന്നത്. സോയമീൽ, ചോളം, തവിടെണ്ണ എന്നിവയുടെ വിലയിലുണ്ടായ വർധന 200 ശതമാനത്തിലധികമാണ്. കോഴിവളർത്തലിന്റെ ചെലവിൽ 75 ശതമാനവും തീറ്റച്ചെലവാണെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. ഉൽപാദനച്ചെലവിന് ആനുപാതികമായി കോഴിയിറച്ചിയുടെയും മുട്ടയുടെയും വിലയിൽ വർധനയുണ്ടാകുന്നില്ല. വർധിച്ചുവരുന്ന ഉൽപാദനച്ചെലവ് താങ്ങാൻ കഴിയാത്തതിനാൽ കോഴിവളർത്തലിൽനിന്ന് പിന്മാറുന്നവരുടെ എണ്ണം വർധിച്ചുവരുന്നു.
കുപ്രചരണങ്ങളെ സൂക്ഷിക്കുക
ഇറച്ചി കോഴികളുടെ ശരീരതൂക്കം, തീറ്റ പരിവർത്തനശേഷി, വളർച്ച നിരക്ക് എന്നിവ ജനിതക സെലക്ഷൻ, പോഷണം, ശാസ്ത്രീയ പരിചരണം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഇതിനെ തെറ്റായി വ്യാഖ്യാനിച്ചു ഹോർമോണുകൾ, ആന്റിബയോട്ടിക്കുകൾ നൽകിയാണെന്ന തെറ്റിദ്ധാരണ പരത്തുന്നവരുണ്ട്. ഹോർമോണുകൾ നൽകിയല്ല കോഴികളെ വളർത്തുന്നത് എന്നത് ഗവേഷണ ഫലങ്ങളിലൂടെ വ്യക്തമാണ്. കോഴിവളർത്തലിൽ ഹോർമോണുകൾ തീരെ ഉപയോഗിക്കുന്നില്ല. ശുപാർശ ചെയ്യുന്നതിലധികം ആന്റിബയോട്ടിക്കുകളും നൽകുന്നില്ല. മാത്രമല്ല ആവശ്യമായ വിടുതൽ കാലയളവ് അനുവർത്തിക്കുകയും ചെയ്യുന്നു.
സുസ്ഥിര ഇറച്ചിക്കോഴി വളർത്തൽ പ്രോത്സാഹിപ്പിക്കാനും, സംരംഭകരെ സഹായിക്കുവാനും തൊഴിലവസരങ്ങൾ വിപുലപ്പെടുത്താനും സർക്കാർ തലത്തിൽ കോഴിവളർത്തൽ ഉത്തേജന പാക്കേജ് നടപ്പിലാക്കണം. സോഷ്യൽ മീഡിയ, മറ്റു മാധ്യമങ്ങൾ എന്നിവ വഴി ഹോർമോൺ, ആന്റിബയോട്ടിക്കുകൾ നൽകുന്നുവെന്ന അടിസ്ഥാനരഹിതമായ ദുഷ്പ്രചരണം അവസാനിപ്പിക്കണം. ഗുണമേന്മ, ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് എന്നിവ വിലയിരുത്താൻ ഗവേഷണ പരിപാടികൾ നടപ്പിലാക്കുകയും വേണം.
(ലേഖകൻ ബംഗളുരുവിലെ ട്രാൻസ്‌ഡിസ്‌സിപ്ലിനറി ഹെൽത്ത് യൂണിവേഴ്സിറ്റി പ്രൊഫസറും ലോകബാങ്ക് കൺസൾട്ടന്റും കേരള വെറ്ററിനറി സർവകലാശാല മുൻ ഡയറക്ടറുമാണ്)