തമിഴ്നാട് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ തഞ്ചാവൂർ കേന്ദ്രത്തിൽനിന്ന് പ്രഫസർ ആൻഡ് ഹെഡ് ചുമതലയിൽ വിരമിച്ച ഡോ. എൻ.പുണ്യമൂർത്തി പാരമ്പര്യ മൃഗചികിത്സാശാഖ(Ethno Veterinary Medicine)യുമായി ബന്ധപ്പെട്ട് ഇന്നു രാജ്യത്തും രാജ്യാന്തരതലത്തിലും ആദരിക്കപ്പെടുന്ന ഗവേഷകനും പ്രഭാഷകനുമാണ്. പഠിച്ചതും

തമിഴ്നാട് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ തഞ്ചാവൂർ കേന്ദ്രത്തിൽനിന്ന് പ്രഫസർ ആൻഡ് ഹെഡ് ചുമതലയിൽ വിരമിച്ച ഡോ. എൻ.പുണ്യമൂർത്തി പാരമ്പര്യ മൃഗചികിത്സാശാഖ(Ethno Veterinary Medicine)യുമായി ബന്ധപ്പെട്ട് ഇന്നു രാജ്യത്തും രാജ്യാന്തരതലത്തിലും ആദരിക്കപ്പെടുന്ന ഗവേഷകനും പ്രഭാഷകനുമാണ്. പഠിച്ചതും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമിഴ്നാട് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ തഞ്ചാവൂർ കേന്ദ്രത്തിൽനിന്ന് പ്രഫസർ ആൻഡ് ഹെഡ് ചുമതലയിൽ വിരമിച്ച ഡോ. എൻ.പുണ്യമൂർത്തി പാരമ്പര്യ മൃഗചികിത്സാശാഖ(Ethno Veterinary Medicine)യുമായി ബന്ധപ്പെട്ട് ഇന്നു രാജ്യത്തും രാജ്യാന്തരതലത്തിലും ആദരിക്കപ്പെടുന്ന ഗവേഷകനും പ്രഭാഷകനുമാണ്. പഠിച്ചതും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമിഴ്നാട് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ തഞ്ചാവൂർ കേന്ദ്രത്തിൽനിന്ന് പ്രഫസർ ആൻഡ് ഹെഡ് ചുമതലയിൽ വിരമിച്ച ഡോ. എൻ.പുണ്യമൂർത്തി പാരമ്പര്യ മൃഗചികിത്സാശാഖ(Ethno Veterinary Medicine)യുമായി ബന്ധപ്പെട്ട് ഇന്നു രാജ്യത്തും രാജ്യാന്തരതലത്തിലും ആദരിക്കപ്പെടുന്ന ഗവേഷകനും പ്രഭാഷകനുമാണ്. പഠിച്ചതും ദീർഘകാലം പ്രാക്ടീസ് ചെയ്തതും അലോപ്പതിയെങ്കിലും ഇടക്കാലത്ത് ഡോ. പുണ്യമൂർത്തിയുടെ ശ്രദ്ധ തമിഴ്നാടിന്റെ പാരമ്പര്യവൈദ്യമായ സിദ്ധയിലേക്കു തിരിഞ്ഞു. തുടർച്ചയായ പരീക്ഷണങ്ങളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിൽ മൃഗചികിത്സയില്‍ ദൂരവ്യാപക മാറ്റങ്ങൾ സൃഷ്ടിക്കാൻ പാരമ്പര്യവൈദ്യത്തിനു കഴിയുമെന്ന് അദ്ദേഹത്തിനു ബോധ്യപ്പെട്ടു. ഡോ. പുണ്യമൂർത്തി സ്വാംശീകരിച്ച പാരമ്പര്യമൃഗചികിത്സാവിധികൾക്ക് ഇന്ന് എൻഡിഡിബി (National Dairy Development Board) ഉൾപ്പെടെ ഈ രംഗത്തെ പ്രമുഖ സ്ഥാപനങ്ങൾ പിന്തുണയും പ്രചാരവും നൽകുന്നുണ്ട്. തഞ്ചാവൂരിൽവച്ച് അദ്ദേഹവുമായി നടത്തിയ അഭിമുഖം:

? ആധുനിക വൈദ്യശാസ്ത്രം വൻ പുരോഗതി നേടുമ്പോള്‍ പാരമ്പര്യ മൃഗചികിത്സാവിധികൾക്ക് എന്താണ് പ്രസക്തി

ADVERTISEMENT

ചികിത്സയുടെ അടിസ്ഥാന ലക്ഷ്യം രോഗം ഭേദമാക്കുകയാണ്. ആധുനികമായാലും പാരമ്പര്യമായാലും ആദ്യ ഊന്നൽ  അതിനുതന്നെ. അതേസമയം ചികിത്സയുമായി ബന്ധപ്പെട്ട് പരിഗണിക്കേണ്ട മറ്റനേകം ഘടകങ്ങളുമുണ്ട്. ഉദാഹരണത്തിന്, അകിടുവീക്കം വന്ന പശുവിന് അലോപ്പതി ചികിത്സയും അതിന്റെ ഭാഗമായി ആന്റിബയോട്ടിക്കും നൽകുകയാണെന്നു കരുതുക. ആദ്യ തവണ ഡോക്ടർ വരുമ്പോൾത്തന്നെ മരുന്നിന്റെ തുക, ഫീസ്, യാത്രാച്ചെലവ് എന്നിവയെല്ലാം ചേർന്ന് 1,500 രൂപയെങ്കിലും ചെലവുവരും. ഈ രീതിയിൽ 3 തവണയെങ്കിലും ഡോക്ടർ വരേണ്ടി വരും. ഏതാണ്ട് 4,500 രൂപ ചെലവ്. പാവപ്പെട്ട ക്ഷീരകർഷകനു താങ്ങാവുന്നതല്ല അത്. ആ സ്ഥാനത്ത് അകിടുവീക്കത്തിനുള്ള പാരമ്പര്യചികിത്സയ്ക്കു ചെലവ് 300 രൂപയിലൊതുങ്ങും. അലോപ്പതിയില്‍ ചെലവു മാത്രമല്ല പ്രശ്നം. രോഗം ഭേദമാകുമെങ്കിലും ആന്റിബയോട്ടിക് ചികിത്സയ്ക്കു ശേഷം ഉരുവിന്റെ ഉൽപാദനം ഗണ്യമായി ഇടിയുന്നത് പല കർഷകരുടെയും അനുഭവമാണ്. ദിവസം 14–15 ലീറ്റർ കറവയുണ്ടായിരുന്നത് 4–5 ലീറ്റർ ആയി കുറഞ്ഞേക്കാം. 

അടുത്ത പ്രശ്നം, ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് (AMR) ആണ്. മനുഷ്യശരീരത്തിൽ ആന്റിബയോട്ടിക്കുകൾക്കെതിരെ പ്രതിരോധശേഷി രൂപപ്പെടുകയും ചികിത്സ ഫലിക്കാതെ വരുകയും ചെയ്യുന്ന അവസ്ഥയാണ് എഎംആർ. ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗവും ചികിത്സയിലൂടെയല്ലാതെ ഇതര വഴികളിലൂടെ ആന്റിബയോട്ടിക്കുകൾ നമ്മുടെ ശരീരത്തിലെത്തുന്നതുമാണു ഇതിനു കാരണം. മരുന്നുകളിലൂടെ മാത്രമല്ല പാൽ, മുട്ട, ഇറച്ചി എന്നിങ്ങനെ നാം കഴിക്കുന്ന ആഹാരത്തിലൂടെയും നമ്മളറിയാതെ തന്നെ ആന്റിബയോട്ടിക്കുകൾ ശരീരത്തിലെത്താം. അകിടുവീക്കത്തിനെതിരെ ആന്റിബയോട്ടിക് കുത്തിവയ്പെടുത്ത പശുവിന്റെ പാൽ നിശ്ചിത ദിവസത്തേക്ക് ഉപയോഗിക്കരുതെന്ന് ഡോക്ടർമാർ നിഷ്കർഷിക്കുന്നതിനു കാരണമിതാണ്. എന്നാൽ, അറിഞ്ഞോ അറിയാതെയോ ഈ നിർദേശം ലംഘിക്കപ്പെടാറുണ്ട്. ചുരുക്കത്തിൽ, ചികിത്സയെന്നത് രോഗം ഭേദമാകുന്നതിനൊപ്പം ആരോഗ്യവും സാമ്പത്തികവും പാരിസ്ഥി തികവുമായ ഒട്ടേറെ ഘടകങ്ങൾ ചേരുന്നതാണ്. അതൊന്നും അവഗണിക്കാനാവില്ലതാനും. ചികിത്സയെ ഈയൊരു പശ്ചാത്തലത്തിൽക്കൂടി നാം സമീപിക്കേണ്ടതുണ്ട്. ഏതെങ്കിലുമൊരു വൈദ്യശാസ്ത്ര ശാഖ തെറ്റാണെന്നോ ശരിയാണെന്നോ സ്ഥാപിക്കാനല്ല എത്ത്നോ വെറ്ററിനറി മെഡിസിനിലൂടെ ശ്രമിക്കുന്നത്. മറിച്ച്, പ്രകൃതിയുടെയും മനുഷ്യന്റെയും സമഗ്രമായ ക്ഷേമത്തിന് കൂടുതൽ ഊന്നൽകൊടുക്കുന്ന ഈ പാരമ്പര്യചികിത്സാവിജ്ഞാനത്തിനുകൂടി ആധുനിക മൃഗവൈദ്യത്തിൽ ഇടം കൊടുക്കുക എന്ന ലക്ഷ്യമാണ് എന്നെപ്പോലെയുള്ളവർക്കുള്ളത്.

Also read: മൃഗചികിത്സയ്ക്ക് ആയുർവേദം; 8 ഔഷധങ്ങളുമായി മലബാർ മിൽമ; പ്രധാനമന്ത്രിയുടെ പ്രശംസ നേടിയ സംരംഭം

? ആധുനിക വൈദ്യശാസ്ത്രം അടിസ്ഥാനമാക്കുന്നത് പരീക്ഷണങ്ങളെയും തെളിവുകളെയുമാണല്ലോ. പാരമ്പര്യവൈദ്യത്തിന് അങ്ങനെയൊരു അടിത്തറയും ഫലപ്രാപ്തിയും അവകാശപ്പെടാൻ കഴിയുമോ

ADVERTISEMENT

ഏതാണ്ട് 27 വർഷങ്ങൾ മുൻപ് നാമക്കൽ വെറ്ററിനറി കോളജിൽ വിദ്യാർഥികളെ പഠിപ്പിക്കുന്ന കാലത്താണ് തമിഴ്നാടിന്റെ പാരമ്പര്യവൈദ്യമായ സിദ്ധയിലെ മൃഗചികിത്സാവിധികൾ ഞാൻ ആദ്യമായി ശ്രദ്ധിക്കുന്നത്. അക്കാലത്ത് പഠനത്തിനായി യുഎസ്, കാനഡ എന്നിവിടങ്ങൾ സന്ദർശിക്കാൻ അവസരം ലഭിച്ചു. അലോപ്പതി തന്നെയാണ് അവരും ചെയ്യുന്നതെങ്കിലും അതിന്റെ ദോഷകരമായ പരിണതഫലങ്ങളില്‍ അന്നേ അവർക്ക് ആശങ്കയുണ്ടായിരുന്നു. ഈവ്‌ലിൻ മത്തിയാസിനപ്പോലെ ചില ഗവേഷകർ എത്ത്നോ വെറ്ററിനറി സംബന്ധിച്ചു നടത്തിയ ചില പഠനങ്ങളും അക്കാലത്തു ശ്രദ്ധയിൽപെട്ടു. ഈ പശ്ചാത്തലത്തിലാണ് രണ്ടായിരത്തിൽ മധുരയിൽ ഒരു പാരമ്പര്യവൈദ്യസംഗമത്തിൽ പങ്കെടുത്തത്. അയ്യാദുരൈയെപ്പോലെ 100 വയസ്സുള്ള പാരമ്പര്യവൈദ്യന്മാർവരെ അവിടെയുണ്ടായിരുന്നു. അവരിൽ പലരും ചികിത്സയ്ക്കു പണം വാങ്ങുന്നവരേ ആയിരുന്നില്ല.  സേവനവും സന്തോഷവുമായാണ് അവർ ചികിത്സയെ കണ്ടത്. പലരും വനപ്രദേശങ്ങളിലും അതിവിദൂരഗ്രാമങ്ങളിലും താമസിക്കുന്നവരായിരുന്നു. ഔഷധസസ്യങ്ങളെ സംബന്ധിച്ചും അവയുടെ രോഗശമനശേഷിയെക്കുറിച്ചും അവർക്ക് ആഴത്തിലുള്ള അറിവുണ്ടായിരുന്നു. ആധുനിക ശാസ്ത്രത്തിനു പക്ഷേ വിശ്വസനീമായ ഡേറ്റയും തെളിവും ആവശ്യമുണ്ട്. ഡേറ്റ സൂക്ഷിക്കാൻ അവർക്കറിയില്ലല്ലോ. മറ്റൊന്ന്, ഒരു കാര്യം വിലയിരുത്താനുള്ള അളവുകോൽ എല്ലായിടത്തും ഒന്നാവണമെന്നില്ല. ജീവിതത്തിലൊരിക്കലും ലഡു കഴിക്കാത്ത സായിപ്പിന് ലഡു നൽകി ഇതെങ്ങനെയുണ്ട്, നല്ലതാണോ എന്നു ചോദിക്കുംപോലെയാണത്. ആദ്യമായി കഴിച്ച ലഡു കൂടുതൽ നല്ലതോ ചീത്തയോ എന്നു പറയാൻ അയാളുടെ രുചിബോധത്തിൽ മറ്റൊരു ലഡുവില്ലല്ലോ. പാരമ്പര്യവൈദ്യത്തിന്റെ കാര്യവും അതുപോലെയാണ്. നമ്മുടെ അളവുകോലുകളും അവരുടേതും വ്യത്യസ്തമാണ്. എന്നിരുന്നാലും പരീക്ഷിച്ചു വിലയിരുത്താൻ തന്നെയാണു ഞാൻ തീരുമാനിച്ചത്. എന്റെ പശുക്കളിൽത്തന്നെ ആദ്യം പരീക്ഷിച്ചു. ചികിത്സയ്ക്കു മൃഗങ്ങളുമായി എത്തുന്നവരിൽ താൽപര്യമുള്ള ചിലർക്ക് ഔഷധസസ്യങ്ങളും മരുന്നുകൂട്ടുകളും കുറിച്ചു നൽകി. 

പച്ചമരുന്നുകൾ പക്ഷേ പല നാട്ടിലും പല പേരുകളിൽ അറിയപ്പെടുന്നതിനാൽ കർഷകർക്ക് അവ കണ്ടെത്തി മരുന്നു തയാറാക്കുക എളുപ്പമായിരുന്നില്ല. അങ്ങനെയാണ് കറ്റാർവാഴ, തുളസി, ചങ്ങലംപരണ്ട, മഞ്ഞൾ, കുരുമുളക് എന്നിങ്ങനെ എല്ലാവർക്കും എല്ലായിടത്തും ഒരുപോലെ മനസ്സിലാകുന്നവ ചേർത്തുള്ള മരുന്നുകൾ വികസിപ്പിക്കുന്നത്. കാലിരോഗങ്ങളിൽ കർഷകർക്ക് എറ്റവും നഷ്ടമുണ്ടാക്കുന്ന അകിടുവീക്കത്തിന് കറ്റാർവാഴയും മഞ്ഞളും ചുണ്ണാമ്പും ചേരുന്ന മരുന്നു രൂപപ്പെടുത്തിയതാണ് അതിൽ ഏറ്റവും വലിയ വിജയം. വർഷങ്ങൾ നീണ്ട പരീക്ഷണത്തിന്റെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിൽ തുടർന്നും ഒട്ടേറെ മികച്ച മരുന്നുകൂട്ടുകൾ രൂപപ്പെടുത്താനായി. പതിവു രോഗങ്ങൾ മാത്രമല്ല, പുതിയവയ്ക്കും മരുന്നുകൂട്ടുകൾ വികസിപ്പിക്കുന്നുണ്ട്. പലതുമിന്ന് ബോട്ടിൽ രൂപത്തിൽ വാങ്ങാനും കഴിയും. പാരമ്പര്യവൈദ്യത്തെ ശാസ്ത്രീയ അടിത്തറയോടെയാണ് ഇന്ന് അവതരിപ്പിക്കുന്നത്, അതുകൊണ്ടുതന്നെ ഈ മരുന്നുകൂട്ടുകളുടെ ഫലപ്രാപ്തി ആധികാരികമായി വിലയിരുത്താനാകും.

? തത്വദീക്ഷയോടെയുള്ള മരുന്നുപ്രയോഗത്തെക്കുറിച്ച് ഇന്ന് ലോകമാകെ ചർച്ച നടക്കുന്നുണ്ടല്ലോ. ഈ പശ്ചാത്തലത്തിൽ എത്ത്നോ വെറ്ററിനറി ശാഖ ആധുനിക വൈദ്യശാസ്ത്രപഠനത്തിന്റെ ഭാഗമാകേണ്ടതല്ലേ

അക്കാര്യത്തിൽ തമിഴ്നാട് സർക്കാർ നടപടികളെടുത്തു കഴിഞ്ഞു. വെറ്ററിനറി സിലബസിൽ എത്ത്നോ വെറ്ററിനറിക്കും ഇടം ലഭിച്ചു കഴിഞ്ഞു. എത്ത്നോ വെറ്ററിനറി ശാഖയുടെ പ്രധാന്യമിന്ന് വൈജ്ഞാനിക സമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു. പ്രകൃതിയിലെ ഓരോ ഘടകവുമായും ഇണങ്ങിയുള്ള സുസ്ഥിര കൃഷി രീതിയായ അഗ്രോ ഇക്കോളജിയുടെ പ്രാധാന്യത്തെക്കുറിച്ച്  ഇന്നു നമുക്കറിയാം. അതിന്റെ അടുത്ത ഘട്ടമാണ് മെഡിസിനൽ അഗ്രോ ഇക്കോളജി. സന്തുലിത ജീവിതമാണ് അതു മുന്നോട്ടുവയ്ക്കുന്നത്. കൃഷിയും പ്രകൃതിയും ഔഷധപ്രയോഗവുമെല്ലാം പരസ്പരം ഇണങ്ങി നിൽക്കുന്ന രീതി. മണ്ണ്, വിളകൾ, പക്ഷി മൃഗാദികൾ, മനുഷ്യർ, പരിസ്ഥിതി എന്നീ  5 ഘടകങ്ങളെയും ആരോഗ്യത്തോടെ നിലനിർത്തുന്നതാവണം നമ്മുടെ പ്രവർത്തനങ്ങളെല്ലാം. എത്ത്നോ വെറ്ററിനറിയുടെ പ്രാധാന്യം വർധിക്കുന്നതും ഈ പശ്ചാത്തലത്തിൽത്തന്നെ. 

ADVERTISEMENT

? പാരമ്പര്യ അറിവുകൾ സംരക്ഷിക്കാനും വിലയിരുത്താനുമുള്ള ശ്രമങ്ങൾ പക്ഷേ ഇപ്പോഴും അക്കാദമിക് രംഗത്ത് കാര്യക്ഷമമായി നടക്കുന്നില്ലല്ലോ

തലമുറകളിലൂടെ രൂപപ്പെട്ട അറിവുകളാണവ. അവയെ സംരക്ഷിക്കാനും പ്രയോജനപ്പെടുത്താനും കൂടുതൽ കാര്യക്ഷമമായ പ്രവർത്തനങ്ങളും കരുതലും ആവശ്യമാണ്. നമ്മുടെ നാട്ടില്‍ ഇന്ന് എത്ര ചെറുപ്പക്കാർക്ക് ബെൽറ്റിന്റെ തുണയില്ലാതെ മുണ്ട് ഉറപ്പിച്ച് ഉടുക്കാനറിയാം. ഉടുത്തു ശീലിച്ചിട്ടില്ല, അതാണു കാര്യം. അതുപോലെയാണ് പാരമ്പര്യ അറിവുകളും. നമ്മൾ പ്രാക്ടീസ് ചെയ്യുന്നില്ലെങ്കിൽ അതു മറവിയിലാകും. അങ്ങനെ സംഭവിക്കാതിരിക്കാൻ അക്കാദമിക് സമൂഹം ജഗ്രത പുലർത്തണം.

ഫോൺ: 9842455833

English Summary:

Dr. Punyamurthy: Revolutionizing Animal Healthcare with Traditional Siddha Medicine, Ethno-Veterinary Medicine: A Sustainable Approach to Animal Care in Tamil Nadu, From Allopathy to Siddha: Dr. Punyamurthy's Journey in Traditional Animal Healing, Combating Antimicrobial Resistance: The Role of Ethno-Veterinary Medicine, Holistic Animal Healthcare: Integrating Traditional and Modern Veterinary Practices