ഗ്രോബാഗുകളിലും വിരിയിക്കാം സൂര്യകാന്തി

പള്ളിക്കത്തോട് ∙ ഗ്രോബാഗുകളിലും വിരിയിക്കാം സൂര്യകാന്തി പൂവുകളുടെ മനോഹാരിത. ആനിക്കാട് കൊമ്പാറ സ്മിജ അനീഷിന്റെ വീട്ടുമുറ്റത്താണ് സൂര്യകാന്തി പൂവുകളുടെ സൗന്ദര്യം ഗ്രോബാഗുകളിലും പൂത്തുലഞ്ഞു നിൽക്കുന്നത്. ഇംഗ്ലണ്ടിൽ നിന്നു നാട്ടിലെത്തിയ സ്നേഹിതയായ ലീന വിനോദ് നൽകിയ സൂര്യകാന്തിയുടെ ഹൈബ്രിഡ് വിത്തുകളാണ് പരീക്ഷണാടിസ്ഥാനത്തിൽ ഗ്രോബാഗിൽ കൃഷി ചെയ്തത്. 

വിദേശത്തു നിന്നുള്ള മികച്ച ഇനം വിത്തിനു നാട്ടിലെ കാലാവസ്ഥ അനുകൂലമാകുമോ എന്ന സംശയം ആദ്യം ഉണ്ടായിരുന്നു. പക്ഷെ വിത്ത് പാകി ഒരുമാസത്തിനുള്ളിൽ വിരിഞ്ഞത് വലുപ്പമേറിയ പൂവുകൾ. പാമ്പാടി കൃഷി അസി.ഡയറക്ടർ കോര തോമസിന്റെ നിർദേശാനുസരണം ഗ്രോബാഗിൽ ചാണകവെള്ളം കലക്കി ഒഴിച്ചു മാത്രമാണ് സൂര്യകാന്തികൾക്കു വളം നൽകിയത്. 28 സെന്റിമീറ്റർ വ്യാസമുള്ള പൂവുകൾ വരെയാണ് ഒരു ചെടിയിൽ നിന്നു വിരിഞ്ഞു തുടങ്ങിയത്. 

ചെടിയുടെ മധ്യഭാഗത്തു ആദ്യം വിരിയുന്ന പൂവുകൾക്കു താഴെയായി തണ്ടുകളിൽ നിന്നു കൂടുതൽ പൂവുകളും വിരിഞ്ഞു തുടങ്ങി. ഒരു ചെടിയിൽ നിന്നു പത്ത് പൂവുകൾ വരെ വിരിഞ്ഞു നിൽക്കുന്നു. ദിവസങ്ങളോളം പൂത്തുലഞ്ഞ് നിൽക്കുന്ന പൂവുകളി‍ൽ തേനും കൂടുതലാണ്. തേനീച്ചകളും, ശലഭങ്ങളും മധു നുകരാൻ സൂര്യകാന്തി പൂവുകളിൽ സദാസമയവും കാണാം. ഗ്രോബാഗുകളിൽ പരീക്ഷണടിസ്ഥാനത്തിൽ നട്ട പതിനഞ്ച് മൂട് സൂര്യകാന്തികളും പൂവിട്ടു. 

മികച്ച ഇനം വിത്ത് ലഭിച്ചാൽ മുറ്റം നിറയെ ദിവസങ്ങളോളം പൂത്തുലഞ്ഞ് നിൽക്കുന്ന സൂര്യകാന്തി ചെടികൾ വളർത്താമെന്നും ബോധ്യപ്പെട്ടു. എണ്ണക്കുരു എന്ന നിലയിൽ സൂര്യകാന്തി  കൃഷി നടത്തുന്നതിനെക്കുറിച്ചു പഠിച്ചു വരികയാണെന്നു കൃഷി അസി.ഡയറക്ടർ കോര തോമസ് പറഞ്ഞു. നേരത്തെ പാമ്പാടി ബ്ലോക്കിൽ ബന്ദികൃഷി വ്യാപകമായി വിജയിച്ചിരുന്നു.