പൂക്കളിലെ ‘റാണി’ എന്നാണ് റോസാപ്പൂക്കളെ വിശേഷിപ്പിക്കാറ്. ആരെയും ആകര്‍ഷിക്കുന്ന സുഗന്ധം തന്നെയാണ് ഈ പട്ടം റോസാപ്പൂവിനു നേടിക്കൊടുത്തതും. റോസാപ്പൂവിന്റെ സുഗന്ധത്തെപ്പറ്റി പുതിയ ചില നിർണായക കണ്ടെത്തലുകളാണ് ഒരുപറ്റം ഗവേഷകര്‍ നടത്തിയിരിക്കുന്നത്. റോസാപുഷ്പത്തിന്റെ ഗന്ധം എന്നും ഇതുപോലെയായിരുന്നില്ല എന്നാണ് ഇവരുടെ കണ്ടെത്തൽ. ഇപ്പോഴത്തേതിന്റെ വളരെ ചെറിയ അളവില്‍ മാത്രം സുഗന്ധമുള്ള ഒരു പൂവായിരുന്നു റോസാപ്പൂവെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
കാലം കഴിയും തോറും റോസാപ്പൂക്കളുടെ സുഗന്ധം വർധിച്ചു വരികയായിരുന്നു. അതുകൊണ്ടു തന്നെ വരുംകാലങ്ങളില്‍ ഇപ്പോഴത്തേക്കാളും റോസാപ്പൂക്കള്‍ക്ക് സുഗന്ധം വർധിക്കുമെന്നാണ് ഇവര്‍ വിശദീകരിക്കുന്നത്.ഇതാദ്യമായാണ് റോസാച്ചെടികളുടെ ജനിതക രഹസ്യം മുഴുവനായി മനസ്സിലാക്കാന്‍ ഗവേഷകര്‍ക്കു സാധിക്കുന്നത്. ഇതിലൂടെയാണ് ഇവയുടെ സുഗന്ധം സംബന്ധിച്ച നിർണായക കണ്ടെത്തലുകള്‍ സാധ്യമായതും.
റോസാച്ചെടികള്‍ സ്ട്രോബറി ച്ചെടികളുടെ അടുത്ത ബന്ധുക്കളാണെന്ന കണ്ടെത്തലും ഇപ്പോഴത്തെ പഠനത്തിലൂടെയാണ് സാധ്യമായതെന്നും ഗവേഷകര്‍ പറയുന്നു. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നാല്‍പ്പതു ഗവേഷകരാണ് ഈ പഠനത്തില്‍ പങ്കെടുത്തത്. ഫ്രാന്‍സിലെ ഗവേഷണ സ്ഥാപനമായ ഇഎന്‍എസ് ഡി ലിയോണിന്റെ കീഴിലായിരന്നു പഠനം.
ചൈനയിലാണ് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് റോസാപുഷ്പങ്ങള്‍ വളര്‍ത്താന്‍ തുടങ്ങിയത്. പിന്നീട് റോമാ സാമ്രാജ്യത്തിന്റെ കാലത്ത് ഈജിപ്തില്‍ വ്യാപകമായി റോസാച്ചെടികള്‍ കൃഷി ചെയ്തിരുന്നു. ഏതാണ്ട് അഞ്ഞൂറു വര്‍ഷം മുന്‍പു മാത്രമാണ് യൂറോപ്പില്‍ വ്യാപകമായി റോസാച്ചെടികള്‍ കൃഷിചെയ്തു തുടങ്ങിയതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
പൂവേ, നിന്റെ സുഗന്ധം...!
SHOW MORE