വർഷത്തിൽ പല തവണ പൂക്കുന്ന അഡീനിയം ചട്ടിയില്‍ വളർത്താൻ ഏറ്റവും യോജിച്ച അലങ്കാരച്ചെടി

ഉദ്യാനച്ചെടികളിൽ കൊങ്ങിണി, നന്ത്യാർവട്ടം, ചെത്തി, ഹെലിക്കോണിയ തുടങ്ങിയവ കൂട്ടമായി നടുമ്പോഴാണ് ഭംഗി ഉണ്ടാകുക. എന്നാൽ അഡീനിയത്തിന്റെ ഒറ്റച്ചെടിപോലും കാണുന്നവരിൽ ആനന്ദമുണ്ടാക്കും. പുഷ്പിച്ചു നിൽക്കുന്ന അഡീനിയത്തെ പൂച്ചെടികളുടെ ഗണത്തിലും ഒപ്പം ബോൺസായ് വർഗത്തിലും ഉൾപ്പെടുത്തും. നമ്മുടെ നാട്ടിൽ ജനസമ്മതിയുള്ള വിദേശ പൂച്ചെടികളിൽ ഒന്നാംനിരയിലാണ് അഡീനിയത്തിന്റെ സ്ഥാനം.

ഒരു നിര ഇതളുകളുള്ള പരമ്പരാഗത ഇനങ്ങൾക്കു പകരം റോസാപ്പൂവിനോടു കിടപിടിക്കുന്ന നിറത്തിലും ആകൃതിയിലുമുള്ള പൂക്കളുമായി അഡീനിയത്തിന്റെ ഡബിൾ പെറ്റൽ, ട്രിപ്പിൾ പെറ്റൽ ഇനങ്ങൾക്കാണ് ഇന്നു വിപണിയിൽ ഏറ്റവും ഡിമാൻഡ്. മുൻപു ലഭ്യമായിരുന്നത് പിങ്ക് പൂക്കളുള്ള ഇനം മാത്രമായിരുന്നു. എന്നാൽ ഇന്ന് മഞ്ഞ, ചുവപ്പ്, വെള്ള, വയലറ്റ് തുടങ്ങി ഒട്ടേറെ നിറങ്ങളിലും  മിശ്രിതനിറങ്ങളിലുമുള്ള ഇനങ്ങൾ ലഭ്യമാണ്. വർഷത്തിൽ പല ആവൃത്തി പുഷ്പിക്കുന്ന അഡീനിയം, ചട്ടികളിൽ വളർത്താൻ ഏറ്റവും യോജിച്ച അലങ്കാരച്ചെടിയാണ്. എളുപ്പത്തിൽ ബോൺസായ് ആകൃതി രൂപപ്പെടുത്താൻ യോജിച്ച അഡീനിയത്തിന്റെ 2–3 ചെടികൾ ഒരുമിച്ചു വളർത്തി മുടി പിന്നുന്നതുപോലെ തണ്ടുകൾ പിണച്ചെടുത്ത് പ്രത്യേക ആകൃതിയിൽ ഒരുക്കിയെടുക്കാം. ഡ്രൈ ഗാർഡൻ തയാറാക്കുമ്പോൾ വെള്ളാരംകല്ലുകൾക്കിടയിൽ അഡീനിയം നട്ടുവളര്‍ത്തിയാലുള്ള  ഭംഗി ഒന്നു വേറെതന്നെ. നിറയെ ജലം ശേഖരിക്കുന്ന തരം തണ്ടുകളുള്ള അഡീനിയത്തിന്റെ പ്രാകൃതയിനങ്ങളെല്ലാം വരണ്ട കാലാവസ്ഥയിലാണ് സ്വാഭാവികമായും കാണപ്പെടുക. അതുകൊണ്ടാവാം ഇംഗ്ലിഷിൽ ‘ഡെസേർട്ട് റോസ്’ എന്ന് ഇതിനു വിളിപ്പേരു കിട്ടിയത്. 

നടീൽവസ്തു: ആദ്യകാലത്ത്  വിത്തുപയോഗിച്ചാണ് തൈകൾ വളർത്തിയെടുത്തിരുന്നത്. എന്നാൽ ഇവയില്‍ പലതും പൂക്കളുടെ നിറത്തിൽ മാതൃസസ്യത്തിൽനിന്നു വ്യത്യാസം കാണിച്ചതുകൊണ്ട് ഇന്ന് ഗ്രാഫ്റ്റ് ചെയ്ത ചെടികളാണ് സാധാരണയായി നടാൻ ഉപയോഗിക്കുക. ഗ്രാഫ്റ്റ് ചെയ്തവ വേഗത്തിൽ പൂവിടുമെന്നതു കൂടാതെ, മാതൃസസ്യത്തിന്റെ സ്വഭാവം കാണിക്കുകയും ഒപ്പം അനായാസം ബോൺസായ് ആകൃതി രൂപപ്പെടുകയും ചെയ്യും. ഫ്ലാറ്റ് ഗ്രാഫ്റ്റ് ചെയ്ത ചെടികളാണ് വിപണിയിൽ ലഭ്യമായത്. വേഗത്തിൽ ബോൺസായ് ആകൃതിയാകാൻ അഡീനിയത്തിന്റെ ‘അറബിക്കം’ ഇനം പ്രയോജനപ്പെടുത്താം.

നടീൽരീതി, പരിപാലനം: അഡീനിയം വളർത്താൻ പ്ലാസ്റ്റിക് ചട്ടിയാണ് യോജിച്ചത്. പത്തിഞ്ച് വലുപ്പമുള്ള പ്ലാസ്റ്റിക് ചട്ടി, ആഴം കുറഞ്ഞ പ്ലാസ്റ്റിക് ബൗൾ, ബോൺസായ് ചട്ടി എല്ലാം ഇതിനായി ഉപയോഗിക്കാം. ഒരുഭാഗം ആറ്റുമണൽ അല്ലെങ്കിൽ പെർലൈറ്റ്, ഒരുഭാഗം ചകിരിച്ചോറ്, അരഭാഗം നല്ല ചുവന്ന മണ്ണ്, വളമായി ഉണങ്ങിയ ആട്ടിൻകാഷ്ഠം, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി, അൽപം കുമ്മായവും കലർത്തിയ നല്ല നീർവാർച്ചയുള്ള നടീൽമിശ്രിതമാണ് ചെടി വളർത്താൻ ആവശ്യമായത്. വിത്തുപയോഗിച്ചോ ഗ്രാഫ്റ്റിങ് വഴിയോ വളർത്തിയെടുത്ത ചെടിയുടെ ഗോളാകൃതിയിലുള്ള താഴ്ഭാഗം മിശ്രിതത്തിനു മുകളിൽ കാണുന്ന വിധത്തിൽ ചെടി നടാം. 

ബോൺസായ് ആകൃതിയും കുള്ളൻ പ്രകൃതവും നിലനിർത്താനും സമൃദ്ധമായി പുഷ്പിക്കാനും അഡീനിയത്തിനു കമ്പുകോതൽ അഥവാ പ്രൂണിങ് ആവശ്യമാണ്. വിത്തുവഴി വളർത്തിയെടുത്ത ചെടിയുടെ തലപ്പ് ചെറുപ്രായത്തിൽതന്നെ മുറിച്ചു നീക്കിയാൽ തണ്ടിന്റെ താഴ്ഭാഗം എളുപ്പത്തിൽ ഗോളാകൃതിയിലാകും. ബോൺസായ് ആകൃതിയിലായ ചെടി  ചട്ടിയിലേക്കോ ബൗളിലേക്കോ മാറ്റി നടാം. ഗ്രാഫ്റ്റ് ചെയ്ത ചെടിയുടെ പൂവിട്ടു കഴിഞ്ഞ തണ്ടുകളാണ് പ്രൂൺ ചെയ്യേണ്ടത്. കടുത്ത മഴക്കാലം കഴിഞ്ഞുള്ള കാലാവസ്ഥയാണ് അഡീനിയം പ്രൂൺ ചെയ്യാന്‍  ഏറ്റവും യോജിച്ച സമയം. പ്രൂൺ ചെയ്ത ചെടി അനുകൂല കാലാവസ്ഥയിൽ ഉൽപാദിപ്പിക്കുന്ന തളിർപ്പുകളാണ് നന്നായി പൂക്കുന്നത്.

നാലഞ്ചു മണിക്കൂർ നേരിട്ട് വെയിൽ കിട്ടുന്നിടത്തു വേണം  അഡീനിയം പരിപാലിക്കാന്‍. വേനൽക്കാലത്ത് ദിവസവും ഒരു നേരം നേരിയ തോതിൽ നനയ്ക്കണം.  ദിവസവുമുള്ള നന ചെടിയിൽ പൂക്കളുടെ ആയുസ് കൂട്ടാൻ സഹായിക്കും. മഴക്കാലത്തു നേരിട്ട് മഴവെള്ളം വീഴാത്തയിടങ്ങളിൽ ചെടികൾ  വച്ച് സംരക്ഷിക്കണം. നടീല്‍ മിശ്രിതം ഉണങ്ങുന്നതായി കണ്ടാല്‍  നനയ്ക്കണം. ചെടികളുടെ ആരോഗ്യമുള്ള വളർച്ചയ്ക്ക് ഉണക്കിപ്പൊടിച്ച ആട്ടിൻകാഷ്ഠം, കപ്പലണ്ടിപിണ്ണാക്കും വേപ്പിൻപിണ്ണാക്കും പുളിപ്പിച്ചെടുത്തതിന്റെ തെളി നേർപ്പിച്ചത്, ഗോമൂത്രം 20 ഇരട്ടിയായി നേർപ്പിച്ചത്, എൻ.പി.കെ. 18:18:18  എന്നിവയെല്ലാം  വളമായി ഉപയോഗിക്കാം. മിശ്രിതത്തിൽ എല്ലുപൊടി കലർത്തി നൽകുന്നത് നന്നായി പൂക്കാനും കായ്ക്കാനും ഉപകരിക്കും. രണ്ടു മൂന്നു വർഷത്തിലൊരിക്കൽ ചട്ടിയിലെ പഴയ മിശ്രിതം മാറ്റി പുതിയതു നിറച്ച് ചെടി വീണ്ടും നടണം. 

സംരക്ഷണം: ചെടി നടുന്ന മിശ്രിതത്തിൽ ഇൻഡോഫിൽ കുമിൾ നാശിനി (മൂന്നു ഗ്രാം / ലീറ്റർ വെള്ളത്തിൽ) കലർത്തുന്നത് വേരുചീയൽ രോഗത്തിൽനിന്ന് അഡീനിയത്തെ സംരക്ഷിക്കും. മഴക്കാലത്ത് ഈ കുമിൾനാശിനി രണ്ടാഴ്ചയിലൊരിക്കൽ ചെടിയിൽ തളിച്ച് കുമിൾബാധ ഒഴിവാക്കാം.

പൂമൊട്ടുകളുടെ ആകൃതി മാറി വിരിയാതെ കൊഴിയുന്നതും ഒപ്പം ഇലകൾ മഞ്ഞളിച്ച് പൊഴിയുന്നതും ചെറുപ്രാണികൾ വഴി ഉണ്ടാകുന്ന കീടബാധയുടെ ലക്ഷണമാണ്.  രണ്ടാഴ്ചയിലൊരിക്കൽ ‘കോണ്ടാഫ്’ കുമിൾനാശിനി (ഒരു മില്ലി / ലീറ്റർ വെള്ളം) യും ‘ടാറ്റാമിഡാ’ കീടനാശിനി (ഒരു മില്ലി / ലീറ്റർ വെള്ളം)യും  കലർത്തിയത് ചെടി മുഴുവനായി തളിച്ച് കീടബാധ ഒഴിവാക്കാം. ചട്ടിയിലെ മിശ്രിതം വൃത്തിയായി സൂക്ഷിക്കുന്നത് തണ്ടുതുരപ്പൻപുഴുവിന്റെ ശല്യം അകറ്റാൻ ഉപകരിക്കും. ഇലകൾ വാടി തണ്ട് ക്ഷീണിച്ചു നിൽക്കുന്നത് തണ്ടുതുരപ്പൻപുഴുവിന്റെ കീടബാധകൊണ്ടാകാം. ഇത്തരം കമ്പുകൾ മുറിച്ചു നീക്കി മുറിഭാഗത്ത് ഇൻഡോഫിൽ കുമിൾനാശിനി പേസ്റ്റ് രൂപത്തിലാക്കി തേച്ച് സംരക്ഷിക്കണം.

നക്ഷത്രത്തിളക്കമായി അഡീനിയം

സംസ്ഥാന സർക്കാരിന്റെ 2010ലെ ഉദ്യാനശ്രേഷ്ഠ അവാർഡ്, കൊടുങ്ങല്ലൂർ, മതിലകം, കാക്കാശേരി വീട്ടിൽ ഹസീന സുലൈമാനു നേടിക്കൊടുത്തതിൽ പ്രധാന പങ്കുവഹിച്ചത് അഡീനിയം ചെടികള്‍. ഓർക്കിഡ്, ബൊഗേൻവില്ല, കാക്റ്റസ് തുടങ്ങി തന്റെ ശേഖരത്തിലുള്ള അലങ്കാരച്ചെടികളിൽ ഹസീനയ്ക്ക് കൂടുതൽ പ്രിയം അഡീനിയത്തോടാണ്. പതിനെട്ടു വർഷമായി അരുമകളായി പരിപാലിച്ചുവരുന്ന അഡീനിയം ശേഖരത്തിൽ ഇന്ന് നൂറിനുമേൽ ഇനങ്ങളിലായി പല വലുപ്പത്തിലും ആകൃതിയിലുമുള്ള മുന്നൂറോളം ചെടികൾ. പുണെയിലെയും ബെംഗളൂരുവിലെയും നഴ്സറികളിൽ നിന്നാണ് ഇവയില്‍ നല്ല പങ്കുമെത്തിയത്. 

വേനലിലെ വസന്തമായി വീടിന്റെ പൂമുഖം നിറയെ പൂവിട്ടു നിൽക്കുന്ന അഡീനിയം ചെടികൾ ഈ വീട്ടമ്മയ്ക്ക് ആത്മസംതൃപ്തിക്കൊപ്പം വരുമാനമാർഗവുമാണ്. ഇവരുടെ അഭിപ്രായത്തിൽ  പൂവിട്ട അഡീനിയത്തിന് ഇപ്പോള്‍ നല്ല ഡിമാൻഡാണ്. 10–15 വർഷം വളർച്ചയെത്തിയതും ബോൺസായി ആകൃതിയുള്ളതുമായ ചെടികൾക്കു വിപണിയിൽ മുന്തിയ വിലയുണ്ട്.

വിത്തും ഗ്രാഫ്റ്റിങ് വിദ്യയും വഴിയാണ് ഹസീന അഡീനിയത്തിന്റെ വംശവർധന നടത്തുന്നത്. ഇവരുടെ അനുഭവത്തിൽ, മിക്കയിനങ്ങളുടെയും വിത്തുവഴി വളർത്തിയെടുത്ത ചെടി പൂവിന്റെ നിറത്തിൽ മാതൃസസ്യത്തിന്റെ സ്വഭാവം കാണിക്കാറുണ്ട്. മിക്ക ചെടികളും  വിത്തുവഴിയും ബാക്കിയുള്ളവ ഫ്ലാറ്റ് ഗ്രാഫ്റ്റ് വഴിയുമാണ് ഉൽപാദിപ്പിച്ചത്.രാവിലെയും വൈകുന്നേരവുമായി ദിവസവും 4–5 മണിക്കൂർ ഹസീന ചെടിപരിപാലനത്തിനു ചെലവഴിക്കുന്നു. പുതിയ ഇനങ്ങള്‍  ചെടികൾ തേടിയുള്ള  യാത്രയിലും ചെടികളുടെ വിപണനത്തിനുമെല്ലാം ഭർത്താവ് സുലൈമാന്റെ അകമഴിഞ്ഞ സഹായമുണ്ട്.

ഫോൺ (ഹസീന) : 9349318417