റോസിന്റെ സങ്കരയിനങ്ങളെയും നടീൽവസ്തുവിനെയും കുറിച്ചാണല്ലോ കഴിഞ്ഞ ലക്കത്തിൽ പറഞ്ഞത്. ഈ ലക്കത്തിൽ ഈ പൂച്ചെടിയുടെ നടീൽരീതി, പരിപാലനം, സംരക്ഷണം എന്നിവ വിശദമാക്കാം. ഇന്ന് വിപണിയിൽ കിട്ടുന്ന ബഡ് റോസുകൾ വളർത്തുക അത്ര എളുപ്പമല്ല. ശ്രദ്ധ അൽപം കുറഞ്ഞാൽ കുരുടിപ്പും മറ്റു രോഗങ്ങളും വന്ന് ചെടി നശിച്ചുപോകും. നമ്മുടെ നാട്ടിൽ മഴക്കാലം കഴിഞ്ഞാൽ നഴ്സറികളിൽ റോസ് ചെടികൾ വന്നുതുടങ്ങും. പലരും ഇവ വാങ്ങി ഉദ്യാനത്തിൽ നട്ടുവളർത്തും. ആദ്യമൊക്കെ നന്നായി പൂവിടുമെങ്കിലും വേനൽക്കാലമായാൽ രോഗം വന്നു ചെടി നശിച്ചുപോകുന്നു. അടുത്ത സീസണിൽ പുതിയ റോസ് ചെടി വാങ്ങി നടണം അതായത്, സീനിയ, മാരിഗോൾഡ് തുടങ്ങിയവപോലെ റോസും വാർഷിക ചെടിയായി മാറിയിരിക്കുന്നു. അൽപം ശ്രദ്ധയും ക്രമമായ പരിചരണവും നൽകിയാൽ ചിരസ്ഥായി പ്രകൃതമുളള പനിനീര്‍ച്ചെടി പൂന്തോട്ടത്തിലെ മുഖ്യ ആകർഷണമായി കൂടുതൽ നാള്‍ നിലനിൽക്കും.
നടീൽ രീതി ഒരേ അളവിൽ എടുത്ത ആറ്റുമണൽ, പശപ്പില്ലാത്ത ചുവന്ന മണ്ണ്, നന്നായി ഉണങ്ങിയ ചാണകപ്പൊടി എന്നിവയ്ക്കൊപ്പം ഒരുപിടി സ്റ്റെറാമീലോ ബോൺമീലോ കൂടി ചേർത്താൽ റോസ് നടാനുളള മിശ്രിതമായി. ചട്ടിയിൽ ഈർപ്പം നിലനിർത്താൻ ആവശ്യമെങ്കിൽ ഉണങ്ങിയ പൊതിമടലിന്റെ ചെറിയ കഷണങ്ങൾ കൂടി മിശ്രിതത്തിൽ ഇട്ടുകൊടുക്കാം. ഇല മഞ്ഞളിപ്പ് നിയന്ത്രിക്കാൻ 20 ഗ്രാം സ്യൂഡോമോണാസ് ബാക്ടീരിയപ്പൊടി ഈ മിശ്രിതത്തിൽ കലർത്താം. ഒരടി വലുപ്പമുളള ചട്ടിയിലാണ് മിശ്രിതം നിറയ്ക്കേണ്ടത്. തൈ നട്ടിരിക്കുന്ന പ്ലാസ്റ്റിക് കവർ ശ്രദ്ധാപൂർവം നീക്കി ചട്ടിയിലേക്ക് മാറ്റി നടുക. നടുമ്പോൾ ബഡ് ചെയ്ത ഭാഗം മിശ്രിതത്തിൽ നിന്ന് രണ്ട് ഇഞ്ചോളം ഉയർന്നിരിക്കണം. മിശ്രിതം നന്നായി നനച്ചശേഷം 6–7 മണിക്കൂർ നേരിട്ട് സൂര്യപ്രകാശം കിട്ടുന്നിടത്ത് ചട്ടി സ്ഥിരമായി വയ്ക്കാം.
ചെടികൾക്ക് നന്നായി വായുസഞ്ചാരം ലഭിക്കാൻ ചട്ടികൾ തമ്മിൽ ഒന്നര അടി അകലം നൽകണം. റോസ് വളർത്തുന്ന ചട്ടികൾ മറ്റു ചെടികൾ (വിശേഷിച്ച് വാർഷിക ചെടികൾ) ക്കൊപ്പം വയ്ക്കാതെ പ്രത്യേകം ഒരു ഭാഗത്ത് വച്ച് പരിപാലിക്കുക. കൂടാതെ, നിലത്ത് പ്ലാസ്റ്റിക് ഷീറ്റ് (മൾച്ചിങ് ഷീറ്റ്) വിരിച്ച് അതിനുമുകളിൽ ചട്ടികൾ നിരത്തണം. ഇതുവഴി ഒരു പരിധിവരെ രോഗ കീടബാധ നിയന്ത്രിക്കാം. ബഡ് റോസ് ഇനങ്ങൾ ചട്ടിയിൽത്തന്നെ നട്ടുവളർത്തുന്നതാണ് നല്ലത്. കാശ്മീരി ഇനം പോലെ കമ്പുവഴി വളർത്തിയവ നിലത്ത് പൂത്തടം തയാറാക്കാനായി ഉപയോഗിക്കാം.
പരിപാലനം: ചെടിയുടെ ബഡ് ചെയ്ത ഭാഗം മനസ്സിലാക്കി പുതിയ മുളകളും ശിഖരങ്ങളും ആ ഭാഗത്തുനിന്നുണ്ടായ ചിനപ്പിൽ നിന്നു മാത്രമേ വളരാന്‍ അനുവദിക്കുകയുളളൂ. ചിലപ്പോൾ ചുവട്ടിലുളള കാട്ടുറോസിൽ നിന്നു ചിനപ്പുകൾ ഉണ്ടായിവരും. ഇവ കാണുമ്പോൾത്തന്നെ നീക്കണം. പൂവിട്ടുനിൽക്കുന്ന ചെടിയാണ് വാങ്ങുന്നതെങ്കിൽ കൂടുതൽ ചിനപ്പുകളും ശാഖകളും ഉണ്ടാകാൻ പൂവിന്റെ ഇതളുകൾ കൊഴിയുന്നതിനു മുമ്പ് ആ കമ്പ് പ്രൂൺ ചെയ്യുന്നതു കൊള്ളാം. റോസ് ചെടി നന്നായി പൂവിടുന്നതിന്റെ കാതലായ കാര്യം റോസിന്റെ പ്രൂണിങ് അഥവാ കമ്പുകോതൽ ആണ്.
പൂവ് കൊഴിയാറായ കമ്പ് പുറത്തേക്ക് വളർന്നുനിൽക്കുന്ന അഞ്ച് ഇലകളുളള മുട്ടിനു തൊട്ടുമുകളില്‍വച്ച് മുറിച്ചു നീക്കം ചെയ്യണം. പുറത്തേക്കു വളർന്നു വരുന്ന ശിഖരങ്ങൾക്കാണ് പൂവിടുന്ന സ്വഭാവമുളളതും. ചില സങ്കരയിനങ്ങളിൽ ഇലകൾ കൂട്ടമായി ഉണ്ടായി പൂവിടാത്ത ശിഖരങ്ങൾ അഥവാ ബ്ലൈൻഡ് ഷൂട്ടുകൾ കാണാം. ഇവ യഥാകാലം തിരഞ്ഞുപിടിച്ച് നീക്കണം. വർഷത്തിലൊരിക്കൽ, കഴിയുമെങ്കില്‍ മഴക്കാലത്തിനു തൊട്ട്മുമ്പ് ശിഖരങ്ങളെല്ലാം താഴ്ത്തി പ്രൂൺ ചെയ്യുന്നത് പുതിയ ചിനപ്പുകളും കൂടുതൽ പൂക്കളും ഉണ്ടാകാൻ സഹായിക്കും.
രണ്ട് വർഷത്തിലൊരിക്കൽ ചട്ടിയിലെ മിശ്രിതം മാറ്റി പുതിയത് നിറച്ചു കൊടുക്കണം. ഈ പ്രക്രിയയിൽ കമ്പുകൾ മുഴുവനായി കോതി വളർത്തുന്നതും ചെടിയുടെ കരുത്തുളള വളര്‍ച്ചയ്ക്കു നല്ലതാണ്. റോസ് പ്രൂൺ ചെയ്ത ശേഷം വിപണിയിൽ ലഭ്യമായ കോൺണ്ടാഫ് കുമിൾനാശിനി 2 മി.ലീ ഒരു ലീറ്റർ വെള്ളത്തിൽ ലായനിയായി തളിച്ചുകൊടുക്കണം.
റോസ് തൈ നട്ടശേഷം 2–3 ആഴ്ചത്തേക്ക് വളപ്രയോഗം ആവശ്യമില്ല. മിശ്രിതത്തിൽ ചേർത്ത വളം മാത്രം മതി. ചെടി നന്നായി വളർന്നുതുടങ്ങിയാൽ വളപ്രയോഗമാകാം. റോസിന് നേരിയ അളവിൽ കൂടെക്കൂടെ വളം നൽകണം. ജൈവവളമായി പൊടിച്ചെടുത്ത ഉണങ്ങിയ ആട്ടിൻ കാഷ്ഠം, ചാണകപ്പൊടി, മീൻ ചേർത്ത ജൈവവളം ഇവയെല്ലാം മാറി മാറി നൽകാം. കൂടാതെ, കപ്പലണ്ടിപ്പിണ്ണാക്ക് 3–4 ദിവസം വെള്ളത്തിൽ പുളിപ്പിച്ചെടുത്തത് 5 ഇരട്ടിയായി നേർപ്പിച്ചു ചുവട്ടിൽ ഒഴിച്ചുകൊടുക്കാം. രാസവളമായ 18:18:18 ഒരു സ്പൂൺ മിശ്രിതത്തിൽ മാസത്തിലൊരിക്കൽ നൽകാം. മിശ്രിതത്തിലെ മേൽമണ്ണ് ഇളക്കിയശേഷം വേണം വളപ്രയോഗം നടത്താൻ. ചട്ടിയിലെ മിശ്രിതം ഉണങ്ങാത്ത വിധത്തിൽ റോസിന് നന നൽകാം. വേനൽക്കാലത്ത് നന ദിവസവും രണ്ടുനേരം വേണ്ടിവരും. രാവിലെ നനയ്ക്കുമ്പോൾ ഇലകളിൽ വെള്ളം തളിക്കുന്നത് നല്ലതാണ്. വൈകുന്നേരം മിശ്രിതം മാത്രമായി നനയ്ക്കണം.
കീട–രോഗങ്ങൾ പ്രതിവിധി
ഇല മുരടിക്കൽ ഏറ്റവും ഗൗരവമുളള കീടബാധയാണിത്. പനനീർപ്പൂക്കൾ ഇഷ്ടപ്പെടുന്നവർ പോലും ചെടി വളർത്താൻ മടിക്കുന്നത് ഈ കീടബാധ കാരണമാണ്. തിളർപ്പുകൾ, ഇളം ഇല, പൂമൊട്ടുകൾ ഇവയിലാണ് ലക്ഷണങ്ങൾ മുഖ്യമായും കാണുന്നത്. ചെറുപ്രാണികൾ (ത്രിപ്പ്സ്, മൈറ്റുകൾ) ചെടിയുടെ പൂമൊട്ടുകളിലും ഇളം ഇലകളിലും കൂട്ടമായി വന്നിരുന്ന് നീര് ഊറ്റിക്കുടിക്കുമ്പോഴാണ് കീടശല്യത്തിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക. ചെടിയും മിശ്രിതവും വളർത്തുന്നയിടവും വൃത്തിയായി സൂക്ഷിക്കുകയും ചട്ടികൾ മൾച്ചിങ് ഷീറ്റ് വിരിച്ച് അതിനു മുകളിൽ നിരത്തി പരിപാലിക്കുന്നതും ഒരു പരിധി വരെ ഈ കീടബാധയിൽനിന്നു ചെടിയെ രക്ഷിക്കും. ബന്തി, വെർബീന മുതലായ ഏകവർഷ പൂമൊട്ടുകള്‍ ഈ ചെറുപ്രാണികളുടെ താവളമായതുകൊണ്ട് റോസ് വളർത്തുന്ന ചട്ടികൾ ഇവയ്ക്കൊപ്പം വയ്ക്കരുത്.
തളിര്‍പ്പുകളും പൂമൊട്ടുകളും മുരടിച്ചു തവിട്ടുനിറത്തിൽ വരകൾ കാണാം. പൂമൊട്ടുകൾ വിരിയാതെയും ഇലകൾ സാധാരണരീതിയിൽ തുറന്നുവരാതെയും ചെടി ആകെ കുരുടിച്ച് അനാകർഷകമാകും. ഈ കീടശല്യത്തിന്റെ നിവാരണത്തിന്റെ ആദ്യപടിയായി മുരടിച്ചുനില്‍ക്കുന്ന ശാഖകളും പൂമൊട്ടുകളും നീക്കം ചെയ്യണം. വിപണിയിൽ ലഭ്യമായ ഒബറോൺ അല്ലെങ്കില്‍ ഇമിഡാക്ലോപ്രിഡ് അടങ്ങിയ കീടനാശിനി ഒരു മി.ലി ഒരു ലിറ്റർ വെള്ളത്തിൽ ലായനിയായി ഇലകളുടെ അടിഭാഗമുൾപ്പെടെ ചെടി മുഴുവനായി തളിച്ചുകൊടുക്കണം. ൈവകുന്നേരമാണ് കീടനാശിനി പ്രയോഗിക്കേണ്ടത്. നാലു ദിവസത്തിലൊരിക്കൽ എന്ന ക്രമത്തിൽ 3–4 ആവൃത്തി നൽകണം.
കറുത്ത പുള്ളിരോഗം: അന്തരീക്ഷത്തിൽ ഈർപ്പം അധികമുളള മഴക്കാലത്ത് റോസിൽ കണ്ടുവരുന്ന കുമിൾരോഗമാണിത്. മൂപ്പെത്തിയ ഇലകളിൽ കറുത്ത വലിയ പുളളികൾ വന്ന് ഇലകൾ കൊഴിഞ്ഞുപോകുന്നതാണ് രോഗലക്ഷണം. രോഗപ്രതിരോധത്തിനായി വർഷകാലത്ത് മാസത്തിലൊരിക്കൽ സ്യൂഡോമോണാസ് പ്രയോഗം പ്രയോജനം ചെയ്യും.രോഗാവസ്ഥയിൽ ഇലകൾ കൂട്ടമായി കൊഴിയാൻ തുടങ്ങും. രോഗനിയന്ത്രണത്തിന്റെ ആദ്യപടിയായി മിശ്രിതത്തിൽ കൊഴിഞ്ഞു കിടക്കുന്ന ഇലകൾ നീക്കം ചെയ്യണം. ഇതിനുശേഷം ആൻട്രാകോൾ കുമിൾനാശിനി മൂന്നു ഗ്രാം ഒരു ലിറ്റർ വെള്ളത്തില്‍ ലായനിയായി നാലു ദിവസത്തിലൊരിക്കൽ 3–4 തവണ തളിച്ചുകൊടുക്കണം.
കമ്പുണങ്ങൽ അഥവാ ഡൈബാക്ക് രോഗം: റോസ് പ്രൂൺ ചെയ്യുമ്പോഴുണ്ടാകുന്ന അപാകതയാണ് ഈ രോഗത്തിനു വഴിയൊരുക്കുക. കമ്പു കോതിനിർത്തിയ തണ്ടുകളുടെ അഗ്രഭാഗത്തുനിന്നു കറുപ്പു നിറം വന്ന് താഴേക്ക് വ്യാപിച്ച് ഉണങ്ങിപ്പോകുന്നതാണ് ലക്ഷണം. പൂവിട്ടുകഴിഞ്ഞ കമ്പ് നീക്കുമ്പോഴും ചെടിമുഴുവനായി പ്രൂൺ ചെയ്യുമ്പോഴും ഈ രോഗം വരാനിടയുണ്ട്. കമ്പുകോതിയ തണ്ടിന്റെ മുറിഭാഗം കുമിൾ ഉളളിലേക്ക് പ്രവേശിച്ചാണ് രോഗം ഉണ്ടാകുക. അതുകൊണ്ടുതന്നെ പ്രൂൺചെയ്ത ശേഷം കുമിൾനാശിനി ചെടി മുഴുവൻ തളിച്ചുകൊടുക്കണം. കറുപ്പുനിറം വന്ന് കേടായ കമ്പുകൾ നീക്കം ചെയ്യുന്നതും പ്രതിവിധിയാണ്.
ശല്ക കീടബാധ: ഇവ വെളുത്ത നിറത്തിൽ പൊറ്റപോലെ റോസിന്റെ കമ്പുകളിൽ പറ്റിയിരുന്ന് ചെടിയുടെ നീര് ഊറ്റിയെടുത്ത് കമ്പുണങ്ങൽ രോഗം ഉണ്ടാക്കുന്നു. ഉണങ്ങിനിൽക്കുന്ന കമ്പുകളിൽ വെളുപ്പുനിറത്തിൽ ഇവയെ കാണാം. ഉണങ്ങിയ കമ്പുകൾ നീക്കംചെയ്ത ശേഷം മറ്റു കമ്പുകളിൽ ഇവ പറ്റിയിരിക്കുന്ന ഭാഗങ്ങളിൽ പെയിന്റിങ് ബ്രഷ് ഉപയോഗിച്ച് സ്പിരിറ്റ് പൂശുക വഴി നിയന്ത്രിക്കാം.
email: jacobkunthara123@gmail.com