വർണവസന്തമായി വാൻഡ ഓർക്കിഡുകൾ

അലങ്കാര ഓർക്കിഡുകൾ മലയാളിക്കു ഹരമാണ്; ബലഹീനതയാണ്. നാനാ വർണങ്ങളിലും ആകൃതിയിലുമുള്ള പൂക്കൾ വിടർത്തി ആരെയും മോഹിപ്പിക്കുന്ന ഓർക്കിഡ് ഇനങ്ങൾ തന്നെയാണ് വീടും ഉദ്യാനവും മോടിയാക്കാൻ ഏറ്റവും യോജിച്ച പൂച്ചെടിയിനം. വിവാഹം

പോലുള്ള ആഘോഷവേളകളിൽവീട് അലങ്കരിക്കാന്‍  ഇന്നു കൂടുതൽ ഉപയോഗിക്കുന്നതും ഓർക്കിഡുകൾ തന്നെ. നമ്മുടെ കാലാവസ്ഥയ്ക്ക് യോജിച്ച ഒട്ടേറെയിനം ഓർക്കിഡുകൾ ഇന്നു ലഭ്യമാണ്. ഇവയിൽ പ്രധാനപ്പെട്ട  വർഗമാണ് വാൻഡ. നല്ല വലുപ്പത്തിലും അപൂർവ നിറത്തിലുമുള്ള പൂക്കളുമായി വാൻഡയ്ക്കു വേറിട്ടൊരു ഭംഗിയാണ്. ഒറ്റത്തണ്ടിൽ വശങ്ങളിലേക്ക് ഇലകൾ അടുക്കായി ക്രമീകരിച്ചിട്ടുള്ള ഇവയുടെ സസ്യപ്രകൃതിയിൽ സ്വാഭാവികമായി ശാഖകളോ ചുവട്ടിൽനിന്നു തൈകളോ ഉണ്ടാകാറില്ല. മൂന്നു ഗണത്തിൽപ്പെട്ട വാൻഡകളാണ് നമ്മുടെ നാട്ടിൽ യോജിച്ചത്.

ടെറേറ്റ് വാൻഡ

പൂർണ വളർച്ചയെത്തുമ്പോൾ 5–6 അടി ഉയരമെത്തുന്ന ഇവയുടെ ഇലകൾ പെൻസിൽപോലെ നീണ്ട് ഉരുണ്ടതാണ്. സിങ്കപ്പൂരിൽ തയാറാക്കിയ ടെറേറ്റ് വാൻഡ ഇനമായ മിസ് ജോവാക്വിൻ ഈ രാജ്യത്തിന്റെ ദേശീയ പുഷ്പമാണ്. നേരിട്ട് വെയിൽ കിട്ടുന്നിടത്ത് വളർത്താൻ യോജിച്ച ഇവയുടെ പൂക്കൾക്ക് മറ്റു വാൻഡകളെ അപേക്ഷിച്ച് ആയുസ് കുറവാണ്. തണ്ടിന്റെ താഴെ ഭാഗത്തുള്ള മുട്ടുകളിൽനിന്നു വേരുകൾ ഉൽപാദിപ്പിക്കും.

സ്ട്രാപ് ലീഫ് വാൻ‍ഡ

വാച്ചിന്റെ സ്ട്രാപ്‌പോലെ നീണ്ട്, നാടപോലുള്ള ഇലകൾ തണ്ടിന്റെ ഇരുവശങ്ങളിലേക്കും അടുക്കായാണ് ക്രമീകരിച്ചിരിക്കുന്നത്. ടെറേറ്റ് വാൻഡയെ അപേക്ഷിച്ച് ഏറെ ഭംഗിയും നിറവുമുള്ള പൂക്കളാണ് സ്ട്രാപ് ലീഫ് വാൻ‍ഡ ഇനങ്ങൾ ഉൽപാദിപ്പിക്കുക. ഇരുനിറങ്ങളുടെ മിശ്രിതത്തിലുള്ള പൂക്കളും ഇവയുടെ സവിശേഷതയാണ്. പാതി തണൽ ഉള്ളിടത്ത് ഫലനോപ്സിസ് ഓർക്കിഡ് വളരുന്ന അതേ സാഹചര്യത്തിൽ പരിപാലിക്കാൻ പറ്റിയ വാൻഡകളാണ് ഇവ. അധികചൂടും നേരിട്ടുള്ള സൂര്യപ്രകാശവും നല്ലതല്ല.

സെമിടെറേറ്റ് വാൻഡ

സ്ട്രാപ് ലീഫ് വാൻ‍ഡയും ടെറേറ്റ് വാൻഡയും സങ്കരണം നടത്തി ഉൽപാദിപ്പിച്ചതായതിനാല്‍  സസ്യപ്രകൃതവും വളരുന്ന സാഹചര്യവും ഈ രണ്ടു വർഗങ്ങളുടെയും  സമ്മിശ്രമാണ്. നീണ്ട്, പാതി ചുരുണ്ട ഇലകൾ തണ്ടിൽ അടുക്കായിട്ടാണ് കാണപ്പെടുക. ടെറേറ്റ് വാൻഡയിൽനിന്നു വിഭിന്നമായി നേരിട്ടുള്ള വെയിൽ ഇവയ്ക്കു യോജിച്ചതല്ല. ഉച്ച കഴിഞ്ഞുള്ള വെയിൽ തട്ടാത്ത ഇടങ്ങളിൽ ഇവ പരിപാലിക്കാം.  ഈ വർഗത്തിലെ സങ്കരയിനങ്ങളിൽ മിക്കവയുടെയും പൂക്കൾ മനോഹരമാണ്. മേൽവിവരിച്ചവയിൽ സ്ട്രാപ് ലീഫ്, സെമിടെറേറ്റ് ഇനങ്ങൾ മിശ്രിതമൊന്നുമില്ലാതെ നെറ്റ് ബാസ്കറ്റുകളിൽ വളർത്താം. ഇവ ബാസ്കറ്റ് വാൻഡ എന്നും അറിയപ്പെടുന്നു. സ്ട്രാപ് ലീഫ് വാൻഡയും ആസ്കോസെൻട്രം ജനുസ്സും സങ്കരണം ചെയ്തുണ്ടാക്കിയ  ആസ്കോസെൻഡയും ബാസ്കറ്റ് വാ‍ൻ‍ഡയായി വളർത്തിവരുന്നു.

നടീൽവസ്തു, നടീൽ രീതി

ടിഷ്യൂകൾച്ചർ തൈകളും തലപ്പുമാണ് വാൻഡയുടെ നടീൽവസ്തു. ഒരടി നീളവും രണ്ട്–മൂന്ന് വേരുകളുമുള്ള തലപ്പാണ് ഉചിതം.

മുഖ്യതണ്ടിൽനിന്ന് എടുത്ത തലപ്പ് വേഗത്തിൽ വളർന്നു പൂവിടുമെന്നതുകൊണ്ട് നടാനായി ഇവ തിരഞ്ഞെടുക്കുക. ഇലകൾക്ക് മഞ്ഞനിറമോ തണ്ടിന്റെ താഴെഭാഗത്ത് കറുപ്പോ ഉണ്ടെങ്കിൽ അത് രോഗലക്ഷണമാവാം. ഇത്തരം തലപ്പുകൾ ഒഴിവാക്കണം. സ്ട്രാപ് ലീഫ് വാ‍ൻ‍‍ഡയുടെ ടിഷ്യൂകൾച്ചർ തൈകളും നടീൽവസ്തുവായി വിപണിയിൽ ലഭ്യമാണ്. കൂടാതെ, മാതൃസസ്യം പ്രത്യേക സാഹചര്യത്തിൽ ഉൽപാദിപ്പിക്കുന്ന തൈകളും വേർപെടുത്തിയെടുത്ത് നടാം.  മൺചട്ടിയിലും നെറ്റ് ബാസ്കറ്റിലും വാൻഡ വളർത്താം. ഓടിന്റെയും തേങ്ങയുടെ നന്നായി ഉണങ്ങിയ പൊതിമടലിന്റെയും കഷണങ്ങൾ ചട്ടി നിറയ്ക്കാൻ ഉപയോഗിക്കാം. ചട്ടിയുടെ നടുവിൽ മൂന്നു–നാല്  അടി നീളമുള്ള പിവിസി പൈപ്പ് ഇറക്കി ഉറപ്പിക്കണം. തലപ്പിന്റെ മുറിഭാഗത്ത് കുമിൾനാശിനി പുരട്ടി സംരക്ഷിക്കണം. തലപ്പിന്റെ ചുവടുഭാഗം മിശ്രിതത്തിൽ മുട്ടാത്ത വിധത്തിൽ പൈപ്പിലേക്ക് വള്ളി ഉപയോഗിച്ചു കെട്ടിവയ്ക്കണം.

വിപണിയിൽ ലഭ്യമായ നെറ്റ് ബാസ്കറ്റുകളിൽ സ്ട്രാപ് ലീഫ് വാൻഡ, സെമിടെറേറ്റ് വാൻ‍ഡ എല്ലാം മിശ്രിതമൊന്നുമില്ലാതെതന്നെ വളർത്താം. തലപ്പ്  അല്ലെങ്കിൽ മൂന്നു–നാല്  മാസം പ്രായമായ ടിഷ്യുകൾച്ചർ തൈ ബാസ്കറ്റിൽ ഇറക്കിവച്ച് തൂക്കിയിടാൻ ഉപയോഗിക്കുന്ന വള്ളിയിലേക്കു കെട്ടി ബലപ്പെടുത്തി ചെടി നിവർത്തി നിർത്താം. നെറ്റ് ബാസ്കറ്റിൽ ചെടി തൂക്കിയിട്ടാണ് വളർത്തേണ്ടത്.

പരിപാലനം

വാൻഡ ഇനത്തിന്റെ സസ്യസ്വഭാവമനുസരിച്ച് നേരിട്ട് വെയിൽ കിട്ടുന്നിടത്തോ പാതി തണലുള്ളിടത്തോ ഇവ പരിപാലിക്കാം. ചെടികൾക്കു തുള്ളിനനയാണു വേണ്ടത്. വേനൽക്കാലത്ത് രണ്ടു നേരം നന വേണ്ടിവരും. സ്ട്രാപ് ലീഫ് വാൻഡ വർഗം മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതൽ ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ളവയാണ്. ഇവ നേരിട്ടുള്ള വെയിലും മഴയും കൊള്ളാത്ത തണൽവീ

ടുകളിൽ സംരക്ഷിക്കണം. മഴക്കാലം ആരംഭിക്കുന്നതിനു മുമ്പും പിന്നീട് മാസത്തിലൊരിക്കലും കൊണ്ടാഫ് കുമിൾനാശിനി (ഒരു മില്ലി / ലീറ്റർ വെള്ളം) തളിച്ചു സംരക്ഷിക്കണം. ബാസ്കറ്റിൽ തൂക്കിയിട്ടു വളർത്തുന്നവ തമ്മിൽ ആവശ്യത്തിന് അകലം നൽകി നന്നായി വായുസഞ്ചാരം ഉറപ്പാക്കണം. ചെടികളുടെ പ്രാരംഭദശയിലുള്ള വളർച്ചയ്ക്ക് വെള്ളത്തിൽ പൂർണമായി ലയിക്കുന്ന എൻപികെ (രണ്ടു ഗ്രാം/ ലീറ്റർ വെള്ളം) ആഴ്ചയിലൊരിക്കൽ നൽകാം. ചെടികൾ വളർച്ചയെത്തുന്നതോടെ ജൈവവളങ്ങളും നൽകാം. അര കിലോ വീതം കടലപ്പിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക്, ശീമക്കൊന്നയില, കാൽ കിലോ എല്ലുപൊടി ഇവ 10 ലീറ്റർ വെള്ളത്തിൽ അഞ്ചു ദിവസം പുളിപ്പിച്ചെടുത്തതിന്റെ തെളി ആറിരട്ടിയായി നേർപ്പിച്ചത് നല്ലൊരു ജൈവവളമാണ്. പൂവിടാനായി എൻപികെ 13 : 13 : 22 (രണ്ടു ഗ്രാം / ലീറ്റർ‌ വെള്ളം) പ്രയോജനപ്പെടുത്താം. മഴക്കാലത്തു ജൈവവളങ്ങൾ ഒഴിവാക്കുക.

ടിഷ്യൂകൾച്ചർ തൈകൾ പൂവിടാൻ 9–15 മാസംവരെ എടുക്കും. എന്നാൽ തലപ്പ് ഉപയോഗിച്ചു വളർത്തിയവ വേഗത്തിൽ പൂവിടും. ബാസ്കറ്റിൽ പരിപാലിക്കുന്ന വാൻഡ ഇനങ്ങൾക്ക് മൊളാസസ് (മൂന്നു ഗ്രാം / ലീറ്റർ വെള്ളം) മാസത്തിലൊരിക്കൽ നൽകുന്നത് വേരുകളുടെ കരുത്തുള്ള വളർച്ചയ്ക്ക് പ്രയോജനപ്പെടും. കരുത്തോടെ വളരുന്ന വേരുകളാണ് ഇത്തരം വാൻഡകളുടെ ആരോഗ്യരഹസ്യം.

സംരക്ഷണം

ഒറ്റത്തണ്ടുമായി വളരുന്ന വാൻഡകളുടെ കുമിൾവഴി ഉണ്ടാകുന്ന കൂമ്പുചീയൽ രോഗം മാരകമാണ്. മഴക്കാലത്തും നനയ്ക്കുമ്പോഴും കൂമ്പിൽ വെള്ളം തങ്ങിനിൽക്കാതെ നോക്കണം. കറുപ്പുനിറത്തിൽ കൂമ്പിനും ഇളം ഇലകൾക്കും ഉണ്ടാകുന്ന ചീയൽരോഗത്തിൽനിന്നു സംരക്ഷിക്കാൻ കൊണ്ടാഫ് കുമിൾനാശിനി നല്ലതാണ്. രോഗലക്ഷണം കണ്ടാൽ കേടുവന്ന തലപ്പ് മുറിച്ചുനീക്കി ബാക്കി ഭാഗത്ത് കുമിൾനാശിനി തളിച്ചുകൊടുക്കണം. ഓർക്കിഡ്ഇലകളുടെ അടിഭാഗത്ത് നിറയെ മൊട്ടുസൂചിക്കുത്തുപോലെ ചെറുപ്രാണികൾ വഴി ഉണ്ടാകുന്ന കീടബാധ കാണാറുണ്ട്. പ്രാരംഭദശയിൽ തവിട്ടുനിറത്തിലും പിന്നീട് കറുപ്പുമാകുന്ന ഈ കീടബാധ കാരണം  ഇലകൾ അധികമായി കൊഴിയുന്നു.  പ്രതിവിധിയായി ഒബറോൺ കുമിൾനാശിനി (ഒരു മില്ലി / ലീറ്റർ വെള്ളം) രണ്ടു മൂന്നു തവണ തളിച്ചാൽ മതി.

ഓർക്കിഡ് ഈ വീടിന്റെ ഐശ്വര്യം

തൃശൂർ മണലൂർ ചാലിശേരി വീട്ടിൽ ആൻസിയോട് ഏറ്റവും പ്രിയപ്പെട്ടത് എന്തെന്നു ചോദിച്ചാൽ തിടുക്കത്തിലുള്ള ഉത്തരം ഓർക്കിഡുകൾ എന്നായിരിക്കും. രണ്ടാമത്തെ ആലോചനയിലാകും ഭർത്താവ് വർക്കിയും മക്കളും വരിക. ആൻസിക്ക് ചെടികളോടുള്ള സ്നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.14 വർഷമായി വീടും തൊടിയുമെല്ലാം നിറയെ പൂച്ചെടികളാണ്.ചെടിയിനങ്ങളിൽ താൽപര്യം മാറിമാറി വന്നെങ്കിലും അന്നും ഇന്നും പ്രിയം ഓർക്കിഡുകൾ തന്നെ. ആദ്യകാലത്ത് കുറെയേറെ ഡാലിയ ചെടികള്‍ വളർത്തിയിരുന്നു. പൂവിട്ട ഡാലിയ കാണാൻ പ്രത്യേക അഴകാണ്. പക്ഷേ, പൂക്കൾക്ക് ചെടിയിൽ ആയുസ് കുറയും. പിന്നീട് കട്ട്ഫ്ളവർ ആവശ്യത്തിനായി ഹെലിക്കോണിയ, ബീഹൈവ് ജിൻജർ, ആന്തൂറിയം എന്നിവയുടെ കൃഷിയായിരുന്നു. ഇവയുടെ കൃഷി തുടരുന്നുണ്ടെങ്കിലും ഇന്ന് അധിക ഇഷ്ടം ഓർക്കിഡുകളോടാണ്. 

ബാങ്കിൽനിന്നു വിരമിച്ച ഭർത്താവ് വർക്കിയുടെ അകമഴിഞ്ഞ പ്രോത്സാഹനം കൂടിയായപ്പോൾ ഓർക്കിഡ് ശേഖരത്തില്‍ നാൾക്കുനാൾ ചെടികളുടെ എണ്ണം വർധിച്ചു. ഇന്ന് നാലു സംരക്ഷിത ഗൃഹങ്ങളിലായി 2000–നുമേൽ ചതുരശ്ര അടി സ്ഥലത്ത് ഓർക്കിഡുകളുടെ പൂങ്കാവനമാണ്. വാൻഡ, ഫലനോപ്സിസ്, ഡെൻഡ്രോബിയം, ക്യാറ്റലിയ, മൊക്കാഗ തുടങ്ങി പല വർഗത്തിലുള്ള ഓർക്കിഡുകൾ എല്ലാം ഈ വീട്ടമ്മയു ടെ ശേഖരത്തിലുണ്ട്. ഇവയിൽ ആൻസിക്ക് ഏറ്റവും ഇഷ്ടം വാൻഡയും ഫലനോപ്സിസുമാണ്.

ദിനചര്യയിൽ ആൻസിയും ഭർത്താവും രാവിലെ കടുത്ത വെയിൽ ആകുന്നതുവരെ ചെടികൾക്കൊപ്പമാണ്, പിന്നീട് വൈകുന്നേരം ഇരുട്ടാകുന്നതുവരെയും. ആദ്യകാലത്ത് ഓർക്കിഡ് ചെടികൾ നല്ല വില കൊടുത്താണ് വാങ്ങിയിരുന്നത്. ലളിതമായ പരിചരണവും വേഗത്തിൽ പൂവിടുന്ന പ്രകൃതവുമുള്ള ഡെൻഡ്രോബിയം ഇനങ്ങളായിരുന്നു എല്ലാംതന്നെ. പിന്നീടാണ് കൂടുതൽ ശ്രദ്ധ ആവശ്യമായ വാൻഡയും ഫലനോപ്സിസുമെല്ലാം വാങ്ങിവളർത്തുന്നത്.  

ഹോബിക്കായി തുടങ്ങിയ ഓർക്കിഡ് ശേഖരത്തിൽനിന്ന് ആവശ്യക്കാർക്ക് ചെടികൾ വിൽക്കുന്നുമുണ്ട് ഈ വീട്ടമ്മ. കേട്ടറിഞ്ഞെത്തുന്നവർ വെറും കൈയോടെ ഈ വീട്ടിൽനിന്നു തിരിച്ചു പോകാറില്ല. പൂത്തുലഞ്ഞു നിൽക്കുന്ന ഓർക്കിഡുകൾക്കൊപ്പമുള്ള സഹവാസമാണ് തങ്ങളുടെ സന്തോഷത്തിന്റെയും ആരോഗ്യത്തിന്റെയും രഹസ്യമെന്ന് ഈ ദമ്പതികൾ സാക്ഷ്യപ്പെടുത്തുന്നു.

വിലാസം: ആൻസി, ചാലിശേരി വീട്,. മണലൂർ, തൃശൂർ. 

ഫോൺ: 97476 19771