നിലത്തു വളരുന്ന ഓർക്കിഡിന് സാധാരണ ജൈവവളം മാത്രമാണ് നൽകുക. കടലപ്പിണ്ണാക്ക്, പച്ചച്ചാണക സ്ലറി എന്നിവ ഉപയോഗിക്കാം. എന്നാൽ കരുത്തു കുറവാണെങ്കിൽ അഞ്ചു ഗ്രാം 19–19–19 വളം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് മാസത്തിൽ രണ്ടു തവണ കൊടുക്കാം. ഹാങ്ങിങ് വിഭാഗത്തിൽ ഇടയ്ക്കിടെ പച്ചച്ചാണക സ്ലറി അരിച്ചു തളിക്കാം. ഇതിന് ബാക്ടീരിയയെ നിയന്ത്രിക്കാൻ കഴിവുണ്ട്. കായികവളർച്ചയുടെ കാലത്ത് എൻപികെ. 3:1:1 എന്ന അനുപാതത്തിലാണ് വളപ്രയോഗം. ഈ അനുപാതത്തിൽ വളം ലഭ്യമാണെങ്കിൽ രണ്ട് – മൂന്നു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് ആഴ്ചയിൽ രണ്ടു തവണ തളിക്കുക. പുഷ്പിക്കുന്ന കാലമാണെങ്കിൽ എൻപികെ. 1:2:2 എന്ന അനുപാതത്തിലുള്ള വളമാണ് വേണ്ടത്. ഇതിനു വിപണിയിൽ 5:10:10 അനുപാതത്തിലുള്ള ദ്രാവകവളം ലഭ്യമാണ്. ഇതിന്റെ രണ്ടു മി.ലീ. ഒരു
ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് ആഴ്ചയിൽ രണ്ടു തവണ തളിക്കാം.
ആന്തൂറിയം
റീപോട്ടിങ് നടത്താം. ചുവന്ന കരമണ്ണ്, മണൽ, ചാണകപ്പൊടി എന്നിവ തുല്യ അളവിൽ ഒന്നിച്ചെടുത്താൽ പോട്ടിങ് മിശ്രിതമായി. കടലപ്പിണ്ണാക്ക് ഒരാഴ്ച കുതിർത്തുകിട്ടുന്ന തെളി, ചാണകസ്ലറി, എല്ലുപൊടി, മണ്ണിരക്കമ്പോസ്റ്റ് എന്നിവ ഇടയ്ക്കിടെ ചേർക്കാം. ജൈവവളങ്ങൾ മാറിമാറി ചേർക്കാം. രാസവളങ്ങൾ മിതമായി ഉപയോഗിക്കുക. 19–19–19 വളം അഞ്ചു ഗ്രാംവരെ ഒരു ലീറ്റർ വെള്ളത്തിൽ കലക്കി ആഴ്ചതോറും ഒഴിക്കാം. നീർവാർച്ച നന്നായിരിക്കണം. അല്ലെങ്കിൽ കുമിൾരോഗങ്ങളും ഒച്ചുകളും കൂടും. ഒച്ചിനെ രാത്രിയിൽപെറുക്കിയെടുത്ത് നശിപ്പിക്കുക. കുമിൾരോഗങ്ങൾക്കെതിരെ ട്രൈക്കോഡെർമ ചുവട്ടിൽ ചേർക്കുകയും സ്യൂഡോമോണാസ് ചെടികളിൽ തളിക്കുകയും ചെയ്യാം (20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ).
റോസ്
ഈ മാസം പ്രൂണിങ് മിതമായി നടത്തുക. നീർവാർച്ച നന്നാകണം. പച്ചച്ചാണകസ്ലറി, കടലപ്പിണ്ണാക്ക് ഒരാഴ്ച കുതിർത്തു കിട്ടുന്ന തെളി, മണ്ണിരക്കമ്പോസ്റ്റ്, ഉണങ്ങിപ്പൊടിച്ച കാലിവളം എന്നിവ റോസിന് ഉപയോഗിക്കാവുന്ന ജൈവവളങ്ങളാണ്. രാസവളത്തിന്റെ കൂട്ട് ഇങ്ങനെ: യൂറിയ 100 ഗ്രാം, സൂപ്പർ ഫോസ്ഫേറ്റ് 150 ഗ്രാം, എല്ലുപൊടി 125 ഗ്രാം, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് 125 ഗ്രാം. ഈ മിശ്രിതം 50 ഗ്രാം വീതം ജൈവവളത്തോടുകൂടി ഈ മാസം ചേർക്കുക. ഇലകളിൽ കറുത്ത പൊട്ട് വന്ന് ഇലകൾ കൊഴിയുന്നതു തടയാൻ ബ്ലിട്ടോക്സ് മൂന്നു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ സ്പ്രേ ചെയ്യുക