പേരിനൊത്ത കൃഷിയിൽ പേരെടുത്ത് ഫ്ലോറി

flory-xavier1
SHARE

പേരിലൊരു ഫ്ലോറി ഉള്ളതുകൊണ്ടുമാത്രം പുഷ്പക്കൃഷി ചെയ്യണമെന്നില്ല. എന്നാൽ തൃശൂർ അരണാട്ടുകര പാലാട്ടി വീട്ടിൽ ഫ്ലോറി സേവ്യർ എന്ന വീട്ടമ്മ ഫ്ലോറികൾച്ചറിലൂടെ (പുഷ്പക്കൃഷി) തന്റെ പേര് അന്വർഥമാക്കുകയാണ്. പൂക്കൃഷി ഇവർ‌ക്കു ഹോബിയും മികച്ച വരുമാനമാർഗവുമാണ്.കുട്ടിക്കാലം മുതലേ പൂക്കളോടും പൂച്ചെടികളോടും പ്രത്യേക താൽപര്യമുണ്ടായിരുന്നു ഫ്ലോറിക്ക്. വിവാഹശേഷവും അതു കൈമോശം വന്നില്ല. മക്കളെ സ്കൂളിലേക്കു വിട്ടുകഴിഞ്ഞാലുള്ള സമയമത്രയും ഉദ്യാനപരിപാലനത്തിനായാണ് ഫ്ലോറി ഉപയോഗിച്ചിരുന്നത്. 

ആന്തൂറിയം ചെടികൾ വളർത്തിക്കൊണ്ടാണ് പുഷ്പക്കൃഷി തുടങ്ങുന്നത്. വിപണിയിൽ ഏറ്റവും ഡിമാൻഡ് ഉള്ള ഓർക്കിഡുകളിലേക്കു ശ്രദ്ധ മുഴവനായി തിരിച്ചത് ആറു വർഷം മുമ്പു മാത്രം. അതിനുമുമ്പ് പരിശീലന ക്ലാസുകളിൽ പങ്കെടുത്ത് ഓർക്കിഡ് പരിപാലനത്തിന്റെ വിവിധ വശങ്ങൾ മനസ്സിലാക്കിയിരുന്നു. വിപണിയിൽ ഇവയുടെ ഡിമാൻഡ് കണ്ടറിഞ്ഞപ്പോൾ ഭർത്താവ് സേവ്യറിന്റെ സഹായത്തോടെ ഇറക്കുമതിക്കുള്ള ലൈസൻസും സമ്പാദിച്ചു.

ആദ്യകാലത്ത് ഡെൻഡ്രോബിയം ഓർക്കിഡ് ഇനങ്ങളാണ് ഇറക്കുമതി ചെയ്തിരുന്നത്. പിന്നീട് നാട്ടിലെ ഓർക്കിഡ് പ്രേമികളുടെ ആവശ്യപ്രകാരം മറ്റ് ഇനങ്ങളും വിപണിയിലിറക്കാൻ തുടങ്ങി. അയണോപ്സിസ്, ഡോറൈറ്റിസ്, ഓൺസീഡിയം, റിൻകോസ്റ്റൈലിസ്, ഫെലനോപ്സിസ്, ബ്രാസിയ, ബൾബോഫില്ലം തുടങ്ങി അലങ്കാര ഓർക്കിഡുകളുടെ നീണ്ട നിരതന്നെ വിപണനത്തിനായി ഇവരുടെ വീടിനോടു ചേർന്നുള്ള ഫാമിൽ ഉണ്ട്. ഓർക്കിഡ് പരിപാലനത്തിലെ ചെടികളുടെ നന, വളം നൽകൽ, തൈകൾ പിരിച്ചുവച്ച് നടീൽ തുടങ്ങി ആയാസകരമല്ലാത്ത ജോലികളെല്ലാം ഈ വീട്ടമ്മ തന്നെയാണ് ചെയ്യുന്നത്.

ഓർക്കിഡ് കൃഷിക്ക് ലോകപ്രസിദ്ധമായ തായ്‌ലൻഡിൽ പല തവണപോയിട്ടുള്ള ഈ വീട്ടമ്മ നാടൻ ജൈവവളങ്ങൾക്കൊപ്പം നൂതന വളങ്ങളും പരീക്ഷിക്കുന്നുണ്ട്. സ്വന്തം ശേഖരത്തിലെ ഏറ്റവും പ്രിയമുള്ള ഓർക്കി‍ഡ് ഇനമേതെന്ന് ചോദിച്ചാൽ ഫെലനോപ്സിസ് എന്നാണ് ഉത്തരം. ഓർക്കിഡുകൾക്കൊപ്പം വിവിധതരം വാക്സ് പ്ലാന്റ്, എയർ പ്ലാന്റ്സ്, ലിപ്സ്റ്റിക് ചെടി എന്നിവയും ഈ വീട്ടമ്മയുടെ ഫാമിനെ ആകർഷകമാക്കുന്നു. ഫോൺ: 94958 52615.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FLORICULTURE
SHOW MORE
FROM ONMANORAMA