‘ഓർമ’പ്പൂക്കൾ

വിവിധ തരത്തിലും നിറത്തിലുമുള്ള ചെമ്പരത്തി പൂവുകൾ

ഇനി ഓണപ്പൂക്കളങ്ങളുടെയും പൂക്കള മത്സരങ്ങളുടെയും കാലം. എന്നാൽ, നമ്മുടെ തൊടിയിലും പറമ്പിലും വിരിഞ്ഞു നിൽക്കുന്ന പൂക്കൾ പറിച്ചു പൂക്കളമിട്ടിരുന്ന പഴയ തലമുറ അന്യംനിന്നുകൊണ്ടിരിക്കുന്നു.

വിവിധ നിറത്തിലുള്ള കൊങ്ങിണി പൂവ്

നാടൻ പൂക്കളിൽ പലതും നമ്മുടെ പറമ്പുകളിൽനിന്ന് അപ്രത്യക്ഷമാവുകയാണ്. ബാക്കിയുള്ള പൂക്കൾ കുരുന്നുകളുടെ കരസ്പർശമേൽക്കാതെ വാടി കൊഴി‍ഞ്ഞു പോവുകയും ചെയ്യുന്നു.

വിവിധ നിറത്തിലുള്ള നാടൻ നന്ത്യാർവട്ടം പൂവ്

പറമ്പുകളിലും വയലുകളിലുമായി വിരിഞ്ഞു നിന്നിരുന്ന നാലുമണി, കാശിതുമ്പ, തുമ്പ, മുക്കുറ്റി, ചെമ്പരത്തി, നന്ത്യാർവട്ടം, കട്ട ചെമ്പരത്തി, കൊങ്ങിണി, ജമന്തി, ആകാശമല്ലി, കോളാമ്പി, ചെത്തി, ഓണം വയ്ക്കുമ്പോൾ തൃക്കാക്കരയപ്പനെ അലങ്കരിക്കാൻ ഉപയോഗിച്ചിരുന്ന ആറു മാസം പൂവ് തുടങ്ങിയവയൊക്കെ അയൽ സംസ്ഥാനങ്ങളിൽനിന്നെത്തുന്ന പൂവുകൾ സജീവമായതോടെ ഓണപ്പൂക്കളങ്ങളിൽനിന്ന് അരങ്ങൊഴിഞ്ഞു. ഈ പൂക്കൾ പഴയ തലമുറയുടെ ഗൃഹാതുര ഓർമ മാത്രമായി ഒതുങ്ങി.

കാശിത്തുമ്പ, മുക്കുറ്റി, തുമ്പ

ഇപ്പോഴത്തെ തലമുറയിലുള്ളവരിൽ പലർക്കും ഈ പൂക്കളെ കണ്ടുപരിചയംപോലുമില്ല. പൂക്കൾ പറിക്കാൻ പോകുന്നതും അയൽപക്കത്തെ പറമ്പിലെ പൂക്കൾ ആരും കാണാതെ കട്ടു പറിച്ചുകൊണ്ടുവരുന്നതും ശേഷം ചാണകം മെഴുകി ഒരുക്കിയ കളത്തിൽ ഏറെ സമയം ചെലവിട്ട് അയൽപക്കക്കാരോടുള്ള മത്സരബുദ്ധിയോടെ പൂക്കളമിട്ടിരുന്നതും മുത്തശ്ശിക്കഥ മാത്രമായി.

കോളാമ്പി പൂവ്, നാടൻ ചെത്തിപ്പൂവ്, ആകാശമല്ലി

മുൻകാലങ്ങളിൽ ഒരു പ്രദേശത്തെ എല്ലാവരും ഒത്തുചേർന്നു സഹകരിച്ചശേഷം പൂക്കളം ഒരുക്കുന്നതും ശേഷം ആരാണു നല്ല പൂക്കളം ഇട്ടത് എന്ന് അറിയുവാൻ അയൽപക്കത്തെ പൂക്കളം കാണാൻ പോകുന്നതും പതിവായിരുന്നു. ഇത്തവണത്തേതു മോശമായെങ്കിൽ അടുത്ത ദിവസം കൂടുതൽ വാശിയോടെ പൂക്കളം തീർത്തിരുന്നത് ഓർക്കുന്നതു പഴമക്കാർക്ക് ഇപ്പോഴും ആവേശംകൊള്ളിക്കുന്ന അനുഭവമാണ്.

നാലുമണി പൂ, ഓണത്തിനു തൃക്കാക്കരയപ്പനെ അലങ്കരിക്കാനായി വച്ചിരുന്ന ആറുമാസം പൂവ്.