കൊക്കഡാമ എന്നു കേട്ടിട്ടുള്ളവർ ചിലരെങ്കിലും കാണും. ജപ്പാൻകാർ വികസിപ്പിച്ച ഉദ്യാനനിർമാണ രീതിയാണിത്. പാവപ്പെട്ടവന്റെ ബോൺസായ് എന്നും കൊക്കഡാമ അറിയപ്പെടുന്നു. പന്നൽചെടികളും പായലും മണ്ണുമൊക്കെ ഉപയോഗിച്ചുണ്ടാക്കുന്ന ഗോളരൂപത്തിനുള്ളിൽ ചെടി വളർത്തുന്ന സമ്പ്രദായം. കൊക്കഡാമ നിർമാണ കലയിൽ പ്രാവീണ്യമുള്ളവർ കേരളത്തിൽ അധികമുണ്ടാവില്ല. നമ്മുെട നാട്ടിൽ ഈ ഉദ്യാനകലയ്ക്കു തുടക്കം കുറിക്കുകയും ഇന്ത്യയിൽ തന്നെ ആദ്യമായി കൊക്കഡാമ ഇൻസ്റ്റലേഷൻ പ്രദർശനം നടത്തുകയും ചെയ്ത പ്രിൻസ് കുമ്പുക്കാട് ശ്രദ്ധേയനാകുന്നതിനു കാരണവും ഇതുതന്നെ.
കാർത്തികപ്പള്ളി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ ഈ കലാകാരൻ വ്യത്യസ്തങ്ങളായ നിർമിതികൾക്കു വേണ്ടിയുള്ള അന്വേഷണത്തിനിടയിലാണ് കൊക്കഡാമയെക്കുറിച്ച് മനസ്സിലാക്കി ഈ രംഗത്തേക്ക് കടന്നുവന്നത്. ജപ്പാനിൽ പോകാതെ തന്നെ കൊക്കഡാമ നിർമാണം പഠിക്കുന്നതിനായി ഇന്റർനെറ്റിനെയാണ് പ്രിൻസ് കൂടുതലായി ആശ്രയിച്ചത്. ഗൂഗിളിൽ പരതി കൊക്കഡാമ നിർമാണമവുമായി ബന്ധപ്പെട്ടുള്ള ലേഖനങ്ങളും മറ്റും വായിച്ചു മനസ്സിലാക്കി. വിഡിയോകൾ കണ്ടു.എന്നാൽ ആദ്യമായി ഒരു കൊക്കഡാമ സൃഷ്ടിക്കാനുള്ള ശ്രമത്തിനു തിരിച്ചടിയുണ്ടായി. ജപ്പാൻകാർ ചെയ്യുന്നതുപോലെ മണ്ണ് കുഴച്ച് പന്തുപോലെയാക്കിയാൽ കേരളത്തിലെ കാലാവസ്ഥയിൽ വിജയിക്കില്ലെന്ന് മനസ്സിലായി. വേനലാവുമ്പോൾ മണ്ണ് ഉണങ്ങി വിണ്ടുകീറുന്നതായിരുന്നു പ്രശ്നം. മൺരൂപത്തെ പൊതിഞ്ഞു പിടിപ്പിക്കാനുള്ള പായൽ വേണ്ടത്ര കിട്ടാനില്ലാത്തതും തലവേദനയായി. മണ്ണ് വിണ്ടുകീറാതിരിക്കാൻ ചകിരിച്ചോറ് ചേർത്ത് മിശ്രിതമുണ്ടാക്കി പരീക്ഷിച്ചു. ഈർപ്പം നിലനിർത്താനുള്ള ചകിരിച്ചോറിന്റെ ശേഷി പ്രയോജനപ്പെടുത്തിയുള്ള ആ പരീക്ഷണം വിജയിച്ചു. അതിന്റെ അടിസ്ഥാനത്തിൽ വികസിപ്പിച്ച കൊക്കഡാമ നിർമാണരീതി മറ്റുള്ളവരുമായി പങ്കുവയ്ക്കാനും അദ്ദേഹത്തിനു മടിയില്ല.
കൊക്കഡാമ സൃഷ്ടിക്കാനുള്ള ചെടിയുടെ വേരുപടലത്തിനു ചുറ്റും മണ്ണ്– ചാണകപ്പൊടി– ചകിരിച്ചോർ മിശ്രിതം കൊണ്ട് ഗോളാകൃതിയിൽ പൊതിയുകയാണ് ആദ്യപടി. അതിനു ചുറ്റും നൈലോൺ നൂൽ ചുറ്റി പൊതിയണം. തുടർന്ന് മതിലിൽ വളരുന്ന പ്രത്യേകതരം പായൽ അതിനുമീതേ ചേർത്തുവച്ച് വീണ്ടും നൂലുപയോഗിച്ചു കെട്ടുന്നു.രണ്ടു വർഷമായി കൊക്കഡാമ സംബന്ധിച്ച പരീക്ഷണങ്ങളിലായിരുന്നു പ്രിൻസ്. വീടിനു ചുറ്റുമുള്ള മുറ്റം പന്തലിട്ട് കൊക്കഡാമ രൂപങ്ങൾക്കായി മാറ്റിയിരിക്കുകയാണ്.
ഇതുവരെയുള്ള കൊക്കഡാമ സൃഷ്ടികളെല്ലാം പ്രിൻസ് അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ആകെ 300 കൊക്കഡാമ രൂപങ്ങളാണ് ഇപ്പോൾ ഇദ്ദേഹത്തിന്റെ കൈവശമുള്ളത്. ഇവയ്ക്ക് അർഹമായ അംഗീകാരം നേടണമെന്ന് സുഹൃത്തുക്കളുെട നിർദേശം മാനിച്ച് മൂന്നു മാസം മുമ്പ് പത്തനംതിട്ടയിൽ ഒരു കൊക്കഡാമ പ്രദർശനവും നടത്തി. കേരളത്തിലെ പ്രഥമ കൊക്കഡാമ ഇൻസ്റ്റലേഷൻ പ്രദർശനമായിരുന്നു അത്. വൈകാതെ തന്നെ ലിംക ബുക്ക് അധികൃതർക്കു വേണ്ടി മറ്റൊരു കൊക്കഡാമ പ്രദർശനം കൂടി നടത്താൻ ഉദ്ദേശിക്കുന്നുണ്ടെന്ന് പ്രിൻസ് പറഞ്ഞു. പ്രിൻസിന്റെ കൊക്കഡാമ സംരംഭത്തിൽ കോന്നി സെന്റ് തോമസ് കോളജ് അധ്യാപികയായ ഭാര്യ സോണിയയും സജീവ പങ്കാളിയാണ്. അമ്പതോളം കൊക്കഡാമകൾ സോണിയയുടെ കൂടി സഹായത്തോെടയാണ് പൂർത്തിയാക്കിയത്. അമ്മ പൊന്നമ്മയും മക്കളായ സെറാഫിൻ, എഫ്രായിം എന്നിവരും പ്രിൻസിന്റെ പുതുസംരംഭത്തിനുപ്രോത്സാഹനവുമായി കൂടെയുണ്ട്.
ഫോൺ: 9539850880