വെള്ളം കയറി നശിച്ച പൂന്തോട്ടത്തെ പൂർവസ്ഥിതിയിലാക്കാനുള്ള വഴികള്‍

വീടും പറമ്പും കൃഷിയിടവുമെല്ലാം താറുമാറാക്കിയ പ്രളയത്തില്‍ നമ്മള്‍  ഓമനിച്ചു പരിപാലിച്ചുവന്ന ഉദ്യാനവും ചെടികളുമെല്ലാം മുഴുവനായോ ഭാഗികമായോ നശിച്ചു പോയിട്ടുണ്ട്. വെള്ളം കയറിയിറങ്ങിപ്പോയ ഉദ്യാനവും മൂന്നു നാലു ദിവസം വെള്ളം തങ്ങിനിന്ന ഉദ്യാനവുമൊക്കെ  എങ്ങനെ  വീണ്ടെടുക്കാമെന്നു നോക്കാം.

വെള്ളം അധികം സമയം തങ്ങി നിന്നിട്ടില്ലാത്ത പൂന്തോട്ടത്തിലെ ചെടികളും പുൽത്തകിടിയും കുറെയൊക്കെ പൂർവസ്ഥിതിയിലേക്ക് മാറ്റിയെടുക്കാം. എന്നാൽ ഒന്നിൽ കൂടുതൽ ദിവസം വെള്ളം കെട്ടിനിന്നിടത്തെ മരങ്ങളും കുറ്റിച്ചെടികളുമൊഴികെ മറ്റെല്ലാം നശിച്ചുപോകാനാണ് സാധ്യത. മഹാപ്രളയത്തെ അതിജീവിച്ചവയിൽ നല്ല പങ്കും നാടൻ ചെടികളാണെന്നത് ശ്രദ്ധേയം.

മണ്ണിൽ അധികസമയം വെള്ളം തങ്ങിനിൽക്കുന്നപക്ഷം വേരുകൾക്ക് പ്രാണവായുവിന്റെ ലഭ്യത ഇല്ലാതാകുകയും നശിച്ചുപോവുകയും ചെയ്യും. മണ്ണിൽ സ്വാഭാവികമായി കാണുന്നതും മണ്ണിന്റെ ഫലപുഷ്ടി കൂട്ടാൻ കെൽപ്പുള്ളതുമായ പലതരം സൂക്ഷ്മജീവികളും മണ്ണിരയും ഇല്ലാതാകും. വെള്ളത്തിൽ മുങ്ങിനിൽക്കുന്ന ചെടിയുടെ ഇലകൾ മഞ്ഞളിച്ചോ അല്ലെങ്കിൽ വാടിയോ കൊഴിഞ്ഞുപോകും.

ഉദ്യാനം പൂർവസ്ഥിതിയിലാക്കുന്നതിന്റെ ആദ്യപടിയായി വെള്ളപ്പാച്ചിലിൽ അടിഞ്ഞുകൂടിയ ഒടിഞ്ഞ കമ്പുകൾ, പാഴ്‌വസ്തുക്കൾ, കേടുവന്നു നശിച്ച ചെടികൾ എന്നിവ നീക്കം ചെയ്യണം. മലവെള്ളത്തിൽ എത്തിയ മണ്ണ് ഏറെയും ചെളിയും പൊടിമണ്ണുമാണ്. ഇതിൽ ചെടികൾ വളരാത്തതുകൊണ്ട് മുഴുവനായി നീക്കി പകരം മേൽത്തരം ചുവന്ന മണ്ണ് നിറയ്ക്കണം.

പേമാരിയും വെള്ളപ്പൊക്കവും മണ്ണിന്റെ വളക്കൂറ് ഇല്ലാതാക്കും. അതുകൊണ്ട് പുതുതായി ചെടികൾ നടുമ്പോൾ മണ്ണിന്റെ ഫലപുഷ്ടി വർധിപ്പിക്കാനും ചെടികളുടെ ആരോഗ്യകരമായ വളർച്ച ഉറപ്പാക്കാനും ഉപകരിക്കുന്ന സൂക്ഷ്മാണുക്കളുടെ വളർച്ച പ്രോത്സാഹിപ്പിക്കണം. ജീവാണു വളങ്ങളും മണ്ണിരക്കമ്പോസ്റ്റും ചാണകപ്പൊടിയും ഇതിനായി പ്രയോജനപ്പെടുത്താം. 

പുൽത്തകിടി

ചെളി നിറഞ്ഞ വെള്ളം പുൽത്തകി‌ടിയിൽനിന്ന് ഇറങ്ങിയ ശേഷം ഉണങ്ങുന്നതിനു മുൻപായി ശക്തമായി വെള്ളം ചീറ്റിച്ചാൽ ചെളി മുഴുവന്‍ നീക്കാം. വെള്ളം ഉപയോഗിച്ച് പുല്ലിലും ഇടയിലുമുള്ള ചെളി കഴുകിക്കളയാം. ഈ അവസ്ഥയിൽ പുൽത്തകിടിയിൽ ചവിട്ടാതെ ശ്രദ്ധിക്കണം. പുല്ല് നശിച്ചുപോയ ഭാഗത്തെ ചെളി നീക്കം ചെയ്തശേഷം നന്നായി കുത്തിയിളക്കി ആറ്റുമണലും അൽപം കുമ്മായവും കലർത്തിയത് നിറച്ചു കൊടുത്ത് വീണ്ടും പുല്ല് നട്ടുവളർത്തിയെടുക്കാം. വെള്ളം കെട്ടിനിന്നതിന്റെ ഫലമായി പുൽത്തകിടിയിൽ പായൽ (ആൽഗ) വളരാനിടയുണ്ട്. ഇരുണ്ട പച്ച നിറത്തിൽ ഉറച്ചുപോകുന്ന ഈ ഭാഗത്ത് പായൽ നീക്കം ചെയ്യാൻ കുമ്മായം വിതറണം. പായൽ മുഴുവനായി നശിച്ചു പോയശേഷം മണ്ണ് കുത്തിയിളക്കി പുതിയ പുല്ല് നടാം. പുൽത്തകിടിയിലെ ചെളി മുഴുവനായി നീക്കം ചെയ്യാൻ സാധിക്കാത്ത ഭാഗങ്ങളിൽ വാർക്ക കമ്പി ഉപയോഗിച്ച് അടുത്തടുത്തായി കുഴികൾ ഉണ്ടാക്കണം. ഈ കുഴികളിലേക്ക് ആറ്റുമണലിൽ അൽപം കുമ്മായവും വേപ്പിൻപിണ്ണാക്കും കലർത്തിയ മിശ്രിതം നിറച്ചു കൊടുക്കണം. ഇങ്ങനെ മണ്ണിൽ വായുസഞ്ചാരം വർധിപ്പിക്കാനും വേരുകൾക്ക് പ്രാണവായു ലഭിക്കാനും ഇതുപകരിക്കും.

അലങ്കാരക്കുളം

പ്രളയം മിച്ചംവച്ച അലങ്കാരക്കുളം നിറയെ ചെളിയും ചപ്പും കയറി നശിച്ചു പോയിട്ടുണ്ടാകും. ചെളിയും ചപ്പുമെല്ലാം നീക്കി കുളം വൃത്തിയാക്കിയശേഷം വെ‌ള്ളം മുഴുവനായി വറ്റിക്കണം. കുമ്മായം കലർത്തിയ വെ‌ള്ളം ഉപയോഗിച്ച് കുളം ഒന്നുരണ്ടു തവണ കഴുകണം. ഇതിനുശേഷം ജൈവവളം ചേർത്ത് ചുവന്ന മണ്ണ് അടിത്തട്ടിൽ നിറച്ച് ആമ്പൽ, താമര തുടങ്ങിയ ജലസസ്യങ്ങൾ നടാം. ജലസസ്യങ്ങൾ ഭാഗികമായി മുങ്ങുന്ന വിധത്തിൽ മാത്രം ആദ്യം ശുദ്ധജലം നിറയ്ക്കണം. ചെടികൾ പുതിയ ഇലകൾ ഉൽപാദിപ്പിച്ചു തുടങ്ങിയാൽ ആവശ്യാനുസരണം ജലം വീണ്ടും നിറച്ചു കൊടുക്കാം.

ചട്ടിയിൽ വളർത്തുന്ന ചെടികൾ

ചട്ടിയും ചെടിയും മുഴുവനായി വെ‌ള്ളത്തിൽ മുങ്ങിയിട്ടുണ്ടെങ്കിൽ  ചട്ടിയിൽനിന്നു ചെ‌ടി മിശ്രിതമുൾപ്പെടെ  പുറത്തെ‌ടുക്കണം. ചെളിയും മറ്റ് അവശിഷ്ടവുമെല്ലാം നിറഞ്ഞ മിശ്രിതം മുഴുവന്‍ നീക്കണം. ഒപ്പം കേടുവന്ന ഇലയും വേരും. ഇലകൾ അടിഭാഗമുൾപ്പെടെ കഴുകി വൃത്തിയാക്കിയശേഷം പുതിയതായി തയാറാക്കിയ മിശ്രിതത്തിലേക്ക് ചെ‌ടി മാറ്റി നടാം. നടുന്നതിനു മുൻപ് ചെ‌ടി മുഴുവനായി കുമിൾനാശിനി തളിച്ച് സംരക്ഷിക്കണം. മിശ്രിതത്തിൽ ജൈവവളങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. 

നിലത്തു നട്ട ചെ‌ടികൾ

വെള്ളത്തിൽ അധിക സമയം മുങ്ങി നിന്ന കുറ്റിച്ചെ‌ടികൾ പലതും നശിച്ചു പോയിട്ടുണ്ടാകും. അല്ലെങ്കിൽ ഇലകൾ എല്ലാം കൊഴിഞ്ഞു നിൽപ്പുണ്ടാകും. വേരുകൾക്ക് പ്രാണവായു ലഭിക്കാത്തതുകൊണ്ടാണ് ഇലകൾ കൊഴിയുന്നത്. ഇത്തരം ചെടികൾ നിൽക്കുന്നിടത്തെ മണ്ണിൽ അധിക വായുസഞ്ചാരം കിട്ടുവാൻ വാർക്ക കമ്പി ഉപയോഗിച്ച് ധാരാളം നേർത്ത കുഴികൾ തയാറാക്കണം. ഒപ്പം ചെളി നിറഞ്ഞ മേൽമണ്ണ് നീക്കി മണൽ ചേർത്ത ചുവന്ന മണ്ണ് നിറയ്ക്കണം. മണ്ണിൽനിന്നു ധാതുലവണങ്ങൾ നഷ്ടപ്പെട്ടതുകൊണ്ട് ജൈവവളങ്ങൾ പുതുതായി നിറയ്ക്കുന്ന മണ്ണിൽ കലർത്തിക്കൊടുക്കാം. കേടുവന്ന കമ്പുകൾ മുറിച്ചു നീക്കണം. ഇലകളിൽ അടിഞ്ഞുകൂടിയ ചെ‌ളിയും മറ്റ് മാലിന്യവും കഴുകി വൃത്തിയാക്കുകയും വേണം. ഇത്തരം പ്രഥമശുശ്രൂഷകൾക്കൊപ്പം ചെടി മുഴുവനായി കുമിൾനാശിനി തളിച്ച് രോഗമുക്തമാക്കണം.

ഓർക്കിഡുകൾ

അലങ്കാര ഓർക്കിഡുകളിൽ ഒരു തണ്ടുമായി വളരുന്ന ഫലനോപ്സിസ്, ബാസ്കറ്റ് വാൻ‍‍ഡ, മൊക്കാറ എല്ലാം മുഴുവനായോ ഭാഗികമായോ അധിക സമയം വെള്ളത്തിൽ മുങ്ങിക്കിടന്നാൽ നശിച്ചു പോകും. എന്നാൽ ഒന്നിൽ കൂടുതൽ തണ്ടുകളുമായി വളരുന്ന ഡെൻഡ്രോബിയം ഇനങ്ങളുടെ ഒന്നുരണ്ടു തണ്ടുകൾ കേടുവന്നാലും ഇലകൾ മുഴുവനായി കൊഴിഞ്ഞാലും ചെടി വീണ്ടും പുതിയ നാമ്പുകൾ ഉൽപാദിപ്പിച്ച് വളർന്നുവരും. ചെടി വീണ്ടെടുക്കുന്നതിന്റെ ആദ്യപടിയായി മുഴുവനായി കേടുവന്ന തണ്ടുകൾ ചുവടെ മുറിച്ചു നീക്കണം. ചെ‌ടിയും മിശ്രിതവും കുമിൾനാശിനി തളിച്ച് സംരക്ഷിക്കുകയും വേണം. പുതിയതായി വന്ന നാമ്പുകൾക്ക് ആവശ്യമായ വളർച്ചയായാൽ മാത്രം വളങ്ങൾ തളിച്ചു നൽകാം.