ബേബി ഗിരിജയ്ക്കു പ്രിയം കരിമണിയോട്; നെല്ലിനേക്കാൾ ഇരട്ടിയിലധികം ലാഭം നൽകി കുറ്റിപ്പയർക്കൃഷി
Mail This Article
രണ്ടു നെല്ലും ഒരു പയറും; അതാണ് കൊല്ലം പൂതക്കുളംകാരുടെ കൃഷിവഴി. അതിൽത്തന്നെ രണ്ടു സീസണിലെ നെൽക്കൃഷിക്കു ശേഷം മൂന്നാം വിളയായി കൃഷിയിറക്കുന്ന കുറ്റിപ്പയറിനമായ കരിമണിയോടാണ് നെല്ലിനേക്കാൾ കൃഷിക്കാർക്കു പ്രിയമെന്ന് പൂതക്കുളം കലക്കോടുള്ള ബേബി ഗിരിജ പറയുന്നു. കാരണം. ഒരേക്കർ നെല്ലിൽനിന്നു ലഭിക്കുന്നതിനെക്കാൾ ഒന്നര ഇരട്ടിയോളം ലാഭം നൽകും ഒരേക്കർ കരിമണിപ്പയർക്കൃഷി.
കൊല്ലത്തും പരവൂരിലുമെല്ലാമുള്ള കമ്പോളങ്ങളിൽ ഉണക്കപ്പയറായി ലഭിക്കുന്ന കരിമണിക്ക് എക്കാലവും വല്യ ഗമയും മൂല്യവുമുണ്ട്. കരിമണി ഉണക്കപ്പയറിന് വർഷങ്ങളായി കിലോ 200 രൂപ യിൽ കുറയാതെ വില ലഭിക്കുന്നുണ്ടെന്ന് ഒന്നര ഏക്കറിൽ കരിമണിക്കൃഷി ചെയ്യുന്ന ഗിരിജ പറയുന്നു. കിലോ 200 രൂപ കർഷകർക്കു ലഭിക്കുമ്പോൾ അവരിൽനിന്നു കരിമണി വാങ്ങി കിലോ 300–350 രൂപയ്ക്കു വരെ വിൽക്കുന്ന കച്ചവടക്കാരുണ്ട്.
കരിമണിയുടെ പാചകഗുണവും രുചിയും മികച്ചതായതിനാൽ ഇനം ചോദിച്ചു വാങ്ങുന്ന ഉപഭോക്താക്കളാണ് നല്ല പങ്കും. പൂതക്കുളം വിട്ട് മറ്റു പ്രദേശങ്ങളിൽ ഈയിനം കൃഷി ചെയ്യുമ്പോൾ ഇവിടെ വിളയുന്ന കരിമണിയുടെ തനതു രുചി ലഭിക്കുന്നില്ലെന്നും ഗിരിജ പറയുന്നു. അതുകൊണ്ടുതന്നെ ഭൗമസൂചികാപദവി(GI)യിലേക്കു പരിഗണിക്കപ്പെടാവുന്ന ഇനമാണ് കരിമണിയെന്നും ഗിരിജ. കരിമണിയിൽത്തന്നെ മണിയുടെ നിറത്തിലും വലുപ്പത്തിലും വ്യത്യാസങ്ങൾ കാണാം. ഈ ഇനങ്ങൾ വേർതിരിച്ച് കൊല്ലം കൃഷിവിജ്ഞാനകേന്ദ്രത്തിനു പരിചയപ്പെടുത്താനും ഗിരിജ തയാറായി.
കരിമണിക്കൃഷി
രണ്ടാം വിള നെൽകൃഷി കഴിഞ്ഞ് ഫെബ്രുവരി അല്ലെങ്കിൽ മാർച്ച് ആദ്യത്തോടെ പാടത്ത് ചാണകം വിതറി പൂട്ടിയടിച്ചാണ് കരിമണി വിതയ്ക്കുന്നത്. തുടർവളങ്ങളൊന്നും ആവശ്യമില്ലാത്തതിനാൽ പൂർണമായും ജൈവകൃഷിയാണ് ഗിരിജയുടേത്. ഗിരിജയുടെ രണ്ടു വിള നെൽകൃഷിയും ജൈവമാർഗത്തിലാണ്.
ഏക്കറിന് 8 കിലോ വിത്തു വേണ്ടി വരും. വിതച്ച് 30–ാം ദിവസം പൂവിട്ടു തുടങ്ങും. 50 ദിവസം പിന്നിടുന്നതോടെ വിളവെടുപ്പു തുടങ്ങും. വീട്ടാവശ്യത്തിനുള്ളതല്ലാതെ കരിമണി പച്ചപ്പയറായി വിളവെടുക്കുകയോ വിൽക്കുകയോ ചെയ്യുന്ന പതിവില്ലെന്നു ഗിരിജ. ചെടിയിൽനിന്ന് ഉണങ്ങിയ ശേഷമാകും വിളവെടുപ്പ്. 70 ദിവസം എത്തുന്നതോടെ ഏതാണ്ട് 70 ശതമാനവും വിളവെടുത്തു തീരും. എങ്കിലും മേയ് അവസാനം വരെയും വിളവെടുപ്പു തുടരും. വിളവെടുത്ത ഉണക്കപ്പയർ ടാർപ്പായയിൽ നിരത്തി ഒറ്റ ദിവസം വെയിലത്തിട്ടാൽത്തന്നെ തോടുപൊട്ടി പയർ ശേഖരിക്കാം.
പാടത്തു കൃഷി ചെയ്യുന്നതുകൊണ്ടാണ് മൂന്നാം വിള സീസൺ തിരഞ്ഞെടുക്കുന്നത്. കരയിലാണ് ചെയ്യുന്നതെങ്കിൽ ഏതു സീസണിലും കരിമണി കൃഷി ചെയ്യാം. പാടത്ത് കൃഷി ചെയ്യുമ്പോൾ ഏക്കറിന് കുറഞ്ഞത് 200 കിലോ ഉണക്കപ്പയർ ലഭിക്കുന്നുവെന്നു ഗിരിജ. കിലോ 200 രൂപ വിലയിട്ടാൽ ഏക്കറിന് 40,000 രൂപ നേട്ടം. ഏക്കറിനു കൃഷിച്ചെലവ് 3000 രൂപയിൽ താഴെ മാത്രം. മികച്ച ഡിമാൻഡുള്ളതിനാൽ വിൽപന പ്രശ്നമേയല്ല.
നെല്ലിന്റെ കാര്യത്തിലും വിപണനമൂല്യമുള്ള ഇനങ്ങളാണ് ഗിരിജ തിരഞ്ഞെടുക്കുന്നത്: രക്തശാലി, നവര തുടങ്ങിയ ഒൗഷധനെല്ലിനങ്ങൾ. മറ്റിനങ്ങളെ അപേക്ഷിച്ച് ഉൽപാദനം കുറവെങ്കിൽപ്പോലും മികച്ച വില ലഭിക്കുന്നതിനാൽ അതും ലാഭക്കൃഷി തന്നെയെന്നു ഗിരിജ.
ഫോൺ: 9995540745
കരിമണിയുടെ കരുത്ത്
കരിമണിയുടെ മേന്മകള്‍ സംബന്ധിച്ച് കൊല്ലം കൃഷിവിജ്ഞാനകേന്ദ്രം പഠനങ്ങൾ നടത്തുന്നുണ്ടെന്ന് കെവികെയിലെ ഡോ. പൂർണിമ യാദവ്. കാർഷിക സർവകലാശാലയുടെ കൃഷ്ണമണി പയർ തന്നെയാണോ കരിമണിയെന്ന് ആദ്യ കാഴ്ചയിൽ സംശയിച്ചെങ്കിലും കരിമണി പൂതക്കുളത്തിന്റെ സ്വന്തം ഇനമെന്ന് തുടർപഠനങ്ങളിൽ വ്യക്തമായെന്നും ഡോ. പൂർണിമ. അതുകൊണ്ടുതന്നെ മറ്റു വൻപയർ ഇനങ്ങളുമായി താരതമ്യപ്പെടുത്തി കരിമണിയിൽ കൂടുതൽ പഠനങ്ങൾ കെവികെ നടത്തുന്നുമുണ്ട്. അനുകൂല സാഹചര്യങ്ങളിൽ ഹെക്ടറിന് 500–600 കിലോയാണ് കരിമണിയുടെ ഉൽപാദനം. മറ്റ് സംസ്ഥാനങ്ങളിലുള്ള, ഉൽപാദനശേഷി കൂടിയ വൻപയർ ഇനങ്ങളോട് കിടപിടിക്കുന്നതാണിത്. മറ്റിനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വിളവെടുപ്പു പൂർത്തിയാകാനെടുക്കുന്ന കാലെദെര്‍ഘ്യവും കുറവ്. എല്ലാറ്റിനുമുപരി വിപണിയിൽ ഏറെ പ്രിയമുള്ള ഇനമാണെന്നതും കരിമണിക്ക് അനുകൂല ഘടകമാണ്. ഈ സാഹചര്യത്തിൽ കരിമണിക്കൃഷി തുടരുന്നത് കർഷകർക്കു നേട്ടം തന്നെയെന്നും ഡോ. പൂർണിമ പറയുന്നു.