വറ്റൽ മുളകു വിപ്ലവം 70 ഏക്കറിൽ; വറ്റൽമുളകു കൃഷിയുമായി 7 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ
കണ്ണൂരില്‍ വിപ്ലവസ്വപ്നങ്ങളെക്കാൾ വീര്യത്തോടെ വറ്റൽമുളകുകൃഷി. കൂത്തുപറമ്പിലെ കുന്നിൻചരിവുകളിൽ വിളഞ്ഞുകിടക്കുന്ന മുളകുതോട്ടങ്ങൾക്ക് ചെങ്കൊടി ചുവപ്പ്. ആന്ധ്രയിലെ ഗുണ്ടൂർ ചില്ലിയുടെ അതേ എരിവും വീര്യവുമുണ്ട് കൂത്തുപറമ്പിലെ ‘റെഡ് ചില്ലീസി’നും. ഏഴു തദ്ദേശഭരണ സ്ഥാപനങ്ങളിലായി ഒട്ടേറെ കൃഷിയിടങ്ങളെയും
കണ്ണൂരില്‍ വിപ്ലവസ്വപ്നങ്ങളെക്കാൾ വീര്യത്തോടെ വറ്റൽമുളകുകൃഷി. കൂത്തുപറമ്പിലെ കുന്നിൻചരിവുകളിൽ വിളഞ്ഞുകിടക്കുന്ന മുളകുതോട്ടങ്ങൾക്ക് ചെങ്കൊടി ചുവപ്പ്. ആന്ധ്രയിലെ ഗുണ്ടൂർ ചില്ലിയുടെ അതേ എരിവും വീര്യവുമുണ്ട് കൂത്തുപറമ്പിലെ ‘റെഡ് ചില്ലീസി’നും. ഏഴു തദ്ദേശഭരണ സ്ഥാപനങ്ങളിലായി ഒട്ടേറെ കൃഷിയിടങ്ങളെയും
കണ്ണൂരില്‍ വിപ്ലവസ്വപ്നങ്ങളെക്കാൾ വീര്യത്തോടെ വറ്റൽമുളകുകൃഷി. കൂത്തുപറമ്പിലെ കുന്നിൻചരിവുകളിൽ വിളഞ്ഞുകിടക്കുന്ന മുളകുതോട്ടങ്ങൾക്ക് ചെങ്കൊടി ചുവപ്പ്. ആന്ധ്രയിലെ ഗുണ്ടൂർ ചില്ലിയുടെ അതേ എരിവും വീര്യവുമുണ്ട് കൂത്തുപറമ്പിലെ ‘റെഡ് ചില്ലീസി’നും. ഏഴു തദ്ദേശഭരണ സ്ഥാപനങ്ങളിലായി ഒട്ടേറെ കൃഷിയിടങ്ങളെയും
കണ്ണൂരില്‍ വിപ്ലവസ്വപ്നങ്ങളെക്കാൾ വീര്യത്തോടെ വറ്റൽമുളകുകൃഷി. കൂത്തുപറമ്പിലെ കുന്നിൻചരിവുകളിൽ വിളഞ്ഞുകിടക്കുന്ന മുളകുതോട്ടങ്ങൾക്ക് ചെങ്കൊടി ചുവപ്പ്. ആന്ധ്രയിലെ ഗുണ്ടൂർ ചില്ലിയുടെ അതേ എരിവും വീര്യവുമുണ്ട് കൂത്തുപറമ്പിലെ ‘റെഡ് ചില്ലീസി’നും. ഏഴു തദ്ദേശഭരണ സ്ഥാപനങ്ങളിലായി ഒട്ടേറെ കൃഷിയിടങ്ങളെയും കൃഷിക്കാരെയും ചേർത്തിണക്കി എഴുപതേക്കറിലേറെ സ്ഥലത്ത് മുളകു വിളയിക്കുന്ന ഈ പദ്ധതി കൂട്ടുകൃഷിവിജയത്തിന്റെ മികച്ച മാതൃകയാണ്.
വാണിജ്യാടിസ്ഥാനത്തിലുള്ള വറ്റൽമുളകുകൃഷി സംസ്ഥാനത്തുതന്നെ ആദ്യമായതിനാൽ ഒട്ടേറെ വെല്ലു വിളികൾ നേരിടുന്നുണ്ടെന്ന് പദ്ധതിക്കു നേതൃത്വം നൽകുന്ന കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. അതിനെയെല്ലാം അതിജീവിക്കാൻ കഴിഞ്ഞാൽ രണ്ടു പ്രധാന നേട്ടങ്ങളാവും ഈ മാതൃക മുന്നോട്ടു വയ്ക്കുക. ആളോഹരി കൃഷിഭൂമി പരിമിതമായ സംസ്ഥാനമാണു നമ്മുടേത്. പല കൃഷിക്കാരുടെ തുണ്ടുകൃഷിയിടങ്ങള്‍ കൂട്ടിയിണക്കി വാണിജ്യാടിസ്ഥാനത്തിൽ ഒരേ വിള കൃഷി ചെയ്യാനുള്ള സാധ്യതയാണ് ഒന്ന്. കാലങ്ങളായി വിലയിടിവു നേരിടുന്ന പാരമ്പര്യവിളകളിൽനിന്നു മാറി മികച്ച ഉൽപാദനവും ഉയർന്ന വിപണനമൂല്യവുമുള്ള ഇനങ്ങളിലേക്കു തിരിയാനുള്ള പ്രചോദനം രണ്ടാമത്തേത്.
ആദ്യ പടവുകൾ
കൂത്തുപറമ്പ് ബ്ലോക്കിന്റെ ചുമതലയിലിരിക്കെ കൃഷിവകുപ്പ് അസി. ഡയറക്ടർ ബിന്ദു കെ. മാത്യു ആവിഷ്കരിച്ച പദ്ധതിയാണ് റെഡ് ചില്ലീസ്. വിപണിയിലെത്തുന്ന കറിപ്പൊടികളിൽ മാരക കീടനാശിനി സാന്നിധ്യം സ്ഥിരീകരിക്കുന്ന കേരള കാർഷിക സർവകലാശാലയുടെ പഠനമാണ് പദ്ധതിക്കു പ്രേരണയായതെന്ന് ബിന്ദു. ഭൂപ്രകൃതി, കാലാവസ്ഥ, യോജിച്ച ഇനം, കൃഷിയിടലഭ്യത, ഉൽപാദനം, വിപണനം, പദ്ധതി രൂപീകരണം എന്നിങ്ങനെ കടമ്പകൾ പലതുണ്ടായി. വിളയുന്ന മുളകിന് ഗുണ്ടൂർ ചില്ലിയുടെ നിലവാരം കാണുമോ, പൊടിച്ചാൽ നല്ല നിറം കിട്ടുമോ തുടങ്ങിയ ആശങ്കകൾ വേറെ. കണ്ണൂരിലെതന്നെ അഞ്ചരക്കണ്ടിയിൽ തലമുറകൾക്കു മുൻപ് വറ്റൽമുളകുകൃഷി ചെയ്തിരുന്നെന്നും അത് ‘അഞ്ചരക്കണ്ടി മുളക്’ എന്ന ബ്രാൻഡ് മൂല്യത്തോടെ വിപണി നേടിയിരുന്നു എന്നുമുള്ള കേട്ടറിവ് ആദ്യ കുതിപ്പിന് ഊർജം നൽ കിയെന്നു ബിന്ദു. ആദ്യം പരിചയക്കാർ മുഖേന ഗുണ്ടൂരിലെ കൃഷിക്കാരെയും വ്യാപാരികളെയും ബന്ധപ്പെട്ട് യോജിച്ച ഇനം കണ്ടെത്തി. ബിഎഎസ്എഫ് കമ്പനിയുടെ നന്നെംസ് ബ്രാൻഡിൽനിന്നുള്ള ആർമർ ഇനം. വാണിജ്യക്കൃഷിയിൽ സമ്പൂർണ ജൈവരീതി പറ്റില്ലെന്നു തീര്‍ച്ചയാണെങ്കിലും ഇതര സംസ്ഥാനങ്ങളിലേതുപോലെ രാസകീടനാശിനിയിൽ മുക്കിയുള്ള കൃഷി വേണ്ടെന്നു വച്ചു. പകരം സുരക്ഷിത കൃഷി രീതി (safe to eat) നിശ്ചയിച്ചു.
വറ്റൽമുളകിന്റെ വിപണിമൂല്യത്തെക്കുറിച്ചുള്ള അന്വേഷണമായിരുന്നു അടുത്തത്. കൂത്തുപറമ്പ് ബ്ലോക്കിൽത്തന്നെ ഏകദേശം 65,000 കുടുംബങ്ങള്‍. ഒരു കുടുംബം വർഷം ശരാശരി 2 കിലോ മുളകുപൊടി ഉപയോഗിക്കുന്നുണ്ടെന്നു കരുതാം. അത്രയും കുടുംബങ്ങളുടെ വാർഷിക ഉപഭോഗം 130 മെട്രിക് ടൺ. അതിൽ ഒരു കിലോപോലും ഇവിടെ ഉൽപാദിപ്പിക്കുന്നില്ല. അവശ്യവസ്തുവായ മുളകുപൊടി കീടനാശിനി സാന്നിധ്യത്തിന്റെ പേരില്‍ വേണ്ടെന്നുവയ്ക്കാനുമാവില്ല. അതായത്, ഉൽപാദനവും ഉപഭോഗവും തമ്മിലുള്ള അന്തരവും അതു തുറന്നിടുന്ന സാധ്യതയും വലുതാണ്. മുളകുപൊടിക്കു വില കൂടുകയല്ലാതെ കുറയാറുമില്ല. ഗുണമേന്മയുള്ള, സുരക്ഷിതമായ മുളകുപൊടി ഉൽപാദിപ്പിക്കാൻ കഴിഞ്ഞാൽ വിപണനം പ്രശ്നമാവില്ലെന്ന് ഉറപ്പിച്ചതോടെ മുന്നോട്ടുപോകാന്‍ ആത്മവിശ്വാസമായെന്നു ബിന്ദു.
കൂട്ടായ്മകളുടെ കൂട്ടുപിടിച്ച്
കഴിഞ്ഞ വർഷം പകുതിയോടെ ബ്ലോക്ക് തല പരിശീലനപരിപാടിയിൽ പങ്കെടുക്കാനെത്തിയ കർഷകരോടാണ് ആദ്യം ആശയം പങ്കുവച്ചത്. എല്ലാവരും പരീക്ഷണത്തിനു തയാർ. നല്ല നീർവാർച്ചയും സൂര്യപ്രകാശലഭ്യതയുമുള്ള 25 സെന്റ് സ്ഥലമെങ്കിലും മുളകിനു മാത്രമായി നീക്കിവയ്ക്കാൻ കഴിയുന്നവരെയാണ് തിരഞ്ഞെടുത്തത്. ഇവരെ ക്ലസ്റ്ററുകളായി തിരിച്ച് അതത് കൃഷി ഓഫിസർമാരെയും മറ്റ് ഉദ്യോഗസ്ഥരെയും ചേർത്ത് ബ്ലോക്കിലെ ഓരോ കൃഷിഭവന്റെയും കീഴില്‍ പ്രത്യേകം വാട്സാപ്പ് ഗ്രൂപ്പുകളുണ്ടാക്കി. എല്ലാ ഗ്രൂപ്പുകളിലും അസി. ഡയറക്ടര്‍ അംഗമായി. പദ്ധതിയുടെ തയാറെടുപ്പുകളും പുരോഗതിയും വാട്സാപ്പ് ഗ്രൂപ്പുകളില്‍ ചർച്ച ചെയ്തു. 7 തദ്ദേശഭരണ സ്ഥാപനങ്ങളില്‍നിന്നായി എഴുപതേക്കറിലേറെ സ്ഥലമാണ് ലഭിച്ചത്. അതിൽ മൂന്നിലൊന്നും മാങ്ങാട്ടിടം പഞ്ചായത്തിൽ. കൃഷി ഓഫിസർ എ. സൗമ്യ, കൃഷി അസിസ്റ്റന്റുമാരായ എം. വിപിൻ, ആർ. സന്തോഷ് കുമാർ എന്നിവരുടെ ഉത്സാഹത്തിൽ കര്‍ഷകര്‍ കൂട്ടത്തോടെ വരികയായിരുന്നു. 3 ഏക്കറില്‍ കൃഷിയുള്ള മാങ്ങാട്ടിടം സുലഭ ക്ലസ്റ്റർവരെ ഇക്കൂട്ടത്തിലുണ്ട്.
അടുത്ത ഘട്ടത്തിൽ, ഹൈബ്രിഡ് വിത്തു വാങ്ങി നഴ്സറിയിൽ മുളപ്പിച്ചെടുത്തു. നിലമിളക്കി കുമ്മായം വിതറി, തുടർന്ന് ഒരാഴ്ചയ്ക്കു ശേഷം തടമെടുത്ത് ജൈവവളം അടിവളമായി നൽകി തടമൊരുക്കല്‍, തൈ നടീൽ, നന എല്ലാം സമയബന്ധിതമായി നീങ്ങി. 45X45 സെ.മീറ്ററാണ് മുളകിനു നടീൽ അകലം. ഈ അകലത്തിൽ ഏക്കറിൽ 20,000 തൈകൾ നടാം. എന്നാൽ ഇത്രയധികം തൈകൾ ഒറ്റയടിക്ക് ഉൽപാദിപ്പിക്കുക സാധ്യമായിരുന്നില്ല. കഴിഞ്ഞ ഒക്ടോബർ പകുതിയോടെ ഘട്ടം ഘട്ടമായി തുടങ്ങിയ കൃഷിക്കായി ഇതുവരെ ഉൽപാദിപ്പിച്ചു കൈമാറിയത് നാലര ലക്ഷത്തിലേറെ തൈകൾ. അനുകൂല സാഹചര്യത്തിൽ ഒരു ചെടിയിൽനിന്ന് ശരാശരി 4 കിലോ പച്ചമുളകു ലഭിക്കാമെന്നാണ് കണക്ക്. ശരാശരി രണ്ടര കിലോ ലഭിച്ചാൽപോലും കൃഷി ലാഭമാകുമെന്നു ബിന്ദു പറയുന്നു. നന, വളപ്രയോഗം എന്നിവയിലെല്ലാം സൂക്ഷ്മതയുള്ള കൃത്യതാക്കൃഷിയിലാണ് മികച്ച വിളവു ലഭിക്കുക. ആദ്യവട്ടമായതിനാൽ ചെലവേറിയ ഈ രീതി നടപ്പാക്കാനായില്ല.
നട്ട് 60 ദിവസം പിന്നിട്ടതോടെ വിളവെടുപ്പു തുടങ്ങി. മികച്ച ഗുണമേന്മയും ഉയർന്ന എരിവുമുള്ള വറ്റൽമുള കുതന്നെ കൂത്തുപറമ്പിലും വിളഞ്ഞു. വിളവും മോശമായില്ല. വിളവെടുത്തതിൽ ഒരു പങ്ക് ഉണക്കിപ്പൊടിച്ചപ്പോൾ ലഭിച്ചതാകട്ടെ, നല്ല ചുകചുകപ്പൻ പൊടി. 5 കിലോ മുളകു പൊടിക്കുമ്പോൾ ഒരു കിലോ പൊടിയാണ് ലഭിക്കുക. കർഷകർക്കു നൽകേണ്ട വിലയെ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. എങ്കിലും മുളകിന് കിലോയ്ക്ക് 100 രൂപ കർഷകർക്കു നൽകാമെന്നും കിലോയ്ക്ക് 1050 രൂപ വിലയിട്ട് മുളകുപൊടി വിൽക്കാമെന്നുമാണ് കണക്കുകൂട്ടൽ. ഇതിനിടെ ബിന്ദുവിന് സ്ഥലംമാറ്റമായി. എങ്കിലും പുതിയ എഡിഎ ബേബി റീന, മാങ്ങാട്ടിടം കൃഷി ഓഫിസർ സൗമ്യ, മറ്റ് കൃഷി ഓഫിസർമാർ എന്നിവരുമായെല്ലാം നിരന്തരം സംവദിച്ച് ഇന്നും ബിന്ദു റെഡ് ചില്ലീസിനൊപ്പമുണ്ട്.
വെല്ലുവിളികൾ
വിപണിയല്ല വാട്ടരോഗമാണ് മുളകുകൃഷിയെ വെട്ടിലാക്കുന്ന പ്രശ്നമെന്ന് ബിന്ദു. കേരളത്തിൽനിന്നു വ്യത്യസ്തമായി മറ്റു സംസ്ഥാനങ്ങളിലെ മണ്ണ് പൊതുവെ ക്ഷാരസ്വഭാവമുള്ളതായതുകൊണ്ട് അവിടെയൊന്നും വാട്ടരോഗം കാണാറില്ല. മണ്ണിന്റെ അമ്ലത കുറയ്ക്കാൻ കുമ്മായപ്രയോഗം നടത്തുന്നുണ്ടെങ്കിലും രോഗഭീഷണി പല കൃഷിയിടങ്ങളും നേരിടുന്നുണ്ട്. ഹൈബ്രിഡ് ഇനമായ സിറ പച്ചമുളകു തൈകള്‍ ഉജ്വല മുളകിനത്തിൽ ഗ്രാഫ്റ്റ് ചെയ്ത് വാട്ടരോഗത്തെ ചെറുക്കാൻ പ്രാപ്തിയുള്ള തൈകൾ കേരള കാർഷിക സർവകലാശാല ഉൽപാദിപ്പിച്ചിരുന്നു. ഇനിയുള്ള കൃഷിയിൽ വറ്റൽ ഇനത്തിലും ഈ രീതി സാധ്യമാകുമോ എന്നു റെഡ് ചില്ലീസ് ചിന്തിക്കുന്നു. വറ്റൽമുളകിനൊപ്പം എരിവില്ലാത്ത കാശ്മീരി പിരിയൻ മുളകു പരീക്ഷിച്ചതും വെല്ലുവിളിയായി. മുളകുപൊടിയുടെ ചുവപ്പുനിറം വർധിപ്പിക്കാനാണ് കാശ്മീരി ഉപയോഗിക്കുന്നത്. കീട–രോഗബാധ കൂടുതൽ നേരിട്ടത് ഈയിനത്തിനാണ്. തിരഞ്ഞെടുത്ത ഇനത്തിന്റെ പോരായ്മയാണോ എന്നതുൾപ്പെടെ വിശദമായി പഠിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്താനാണ് ശ്രമം.
രോഗ, കീടബാധ നേരിടാൻ കൂടുതൽ ഫലപ്രദമായ മാർഗങ്ങളും തുള്ളിനനപോലുള്ള ഹൈടെക് രീതികളും വഴി ഉൽപാദനവർധനയ്ക്കുള്ള ശ്രമങ്ങളുമുണ്ടായാൽ വറ്റൽമുളകുകൃഷിയില്‍ കൂടുതൽ നേട്ടമുണ്ടാക്കാമെന്ന് സുലഭ ക്ലസ്റ്റർ കൺവീനർ എ. വത്സനും ക്ലസ്റ്റർ അംഗം പി. പ്രേമനും പറയുന്നു. അതിനുള്ള ധനസഹായം സര്‍ക്കാര്‍ നല്‍കണമെന്ന് ഇരുവരും ആവശ്യപ്പെടുന്നു.
മാങ്ങാട്ടിടത്തെ മുളകുപാടം
മാങ്ങാട്ടിടം കൈതേരിയിലുള്ള രാജൻ മാഷിന്റെ 30 സെന്റ് കൃഷിയിടത്തിൽനിന്ന് ആദ്യ വിളവെടുപ്പിൽ തന്നെ ലഭിച്ചത് മികച്ച വിളവ്. സ്കൂൾ അധ്യാപനത്തിൽനിന്നു വിരമിച്ച ശേഷം മുഴുവൻ സമയ കൃഷിക്കാരനായ രാജൻ മാഷ്, രണ്ടു വട്ടം പച്ചക്കറിക്കൃഷി ചെയ്ത്, മൂന്നാം വിളയായിട്ടാണ് മുളകു ചെയ്തത്. പുതയിട്ട തടങ്ങളിൽ 30 സെന്റിൽ 1000 തൈകളാണു നട്ടത്. ശരിയായ പരിചരണവും പുതയും നല്‍കിയതു കൊണ്ടാവാം രോഗകീടങ്ങൾ നന്നേ കുറവാണെന്ന് മാഷ്. 1000 തൈകളിൽ മൂന്നെണ്ണത്തിനു മാത്രമാണ് വാട്ടരോഗം വന്നത്. വിളവെടുപ്പാണ് ഈ കൃഷിയിലെ ഏറ്റവും വലിയ അധ്വാനം. അതിനു ചെലവ് കൂടു മെങ്കിലും വറ്റൽമുളകുകൃഷി മികച്ച വിജയം തന്നെയെന്ന് അദ്ദേഹം പറയുന്നു.
‘കൂട്ടുകൃഷിയിൽ കർഷകർക്കിടയിൽ ഒരേ മനസ്സ് എക്കാലവും നിലനിർത്തുക എന്നത് വലിയ വെല്ലുവിളിയാണ്. വിളവെടുത്ത് പൊതുവായി സംഭരിച്ച് ഒരേ നിലവാരത്തിൽ സംസ്കരിച്ച് ഉൽപന്നം മാർക്കറ്റിലെത്തിക്കാൻ കഴിയണം. കൂട്ടായ്മയിലുള്ളവർ സ്വന്തം നിലയ്ക്ക് വിൽക്കാനോ വില നിശ്ചയിക്കാനോ തുനി ഞ്ഞാൽ ഏകോപനം നഷ്ടമാകും. കെട്ടുറപ്പോടെ മുന്നോട്ടു പോകാൻ കഴിഞ്ഞാൽ റെഡ് ചില്ലീസ് മികച്ച മാതൃകയാകുമെന്നതിൽ സംശയം വേണ്ട.’ –ബിന്ദു കെ. മാത്യു, അസി. ഡയറക്ടർ, കൃഷിവകുപ്പ്
‘വാട്ടരോഗവും കീടശല്യവുമെല്ലാം നേരിടുന്നുണ്ടെങ്കിലും വറ്റൽമുളകുകൃഷി കണ്ണൂരിൽ വിജയകരമായി ചെയ്യാനാവുമെന്ന് തെളിഞ്ഞു. പോരായ്മകൾ പരിഹരിച്ച് കൂടുതൽ വ്യാപിപ്പിച്ച് വറ്റൽ മുളകിനെ കണ്ണൂർ ജില്ലയുടെ മുഖ്യ ഉൽപന്നമായി മാറ്റാനാണ് ശ്രമം.’ – പി.കെ.ബേബി റീന, അസി. ഡയറക്ടർ, കൂത്തുപറമ്പ്
ഫോൺ: 9496850476 (വിപിൻ), 9961068827 (സന്തോഷ് കുമാർ) മാങ്ങാട്ടിടം കൃഷിഭവൻ