വേലിച്ചെടി, അലങ്കാരച്ചെടി, ഔഷധം; വെറും പുഷ്പമല്ല ശംഖുപുഷ്പം, ഔഷധഗുണവും ആരോഗ്യമേന്മയും അറിയാം
Mail This Article
ഔഷധമേന്മയും ആരോഗ്യഗുണവുമുള്ള ശംഖുപുഷ്പം (ശാസ്ത്രനാമം–ക്ലിറ്റോറിയ ടെർണേറ്റിയ) ഉഷ്ണമേഖലാപ്രദേശത്ത് തനിയെ മുളച്ചു വളർന്ന് നശിക്കുന്ന സസ്യമാണ്. പഴയകാലത്ത് നീല, വെള്ള നിറത്തിലുള്ളവയെ മാത്രമേ കണ്ടിരുന്നുള്ളൂ. ഇന്ന് പല നിറത്തിലും കാണപ്പെടുന്നു. എന്നാൽ, ഔഷധ നിർമാണത്തിൽ നീലയും വെള്ളയും മാത്രമേ ഉപയോഗിക്കുകയുള്ളൂ. ഔഷധത്തിനായി ഇലയും തണ്ടും വേരും സമൂലവും വേര് ഒറ്റയ്ക്കും ഉപയോഗിക്കുന്നു.
വിത്തുകൾ വഴിയാണ് വംശവർധന. ഒരു കായയിൽ പത്തോളം വിത്തുകളുണ്ടാവും. ഇവയ്ക്കു തവിട്ട്, കറുപ്പ് നിറങ്ങളാണ്. താങ്ങു കിട്ടിയാൽ വളർന്നു പന്തലിച്ച് എപ്പോഴും പൂക്കൾ ഉണ്ടാകും. ചെടി വർഷങ്ങളോളം നിലനിൽക്കും. വേലിച്ചെടിയായും അലങ്കാരച്ചെടിയായും ഔഷധത്തിനു വേണ്ടിയും വളർത്തുന്നു. നീല ശംഖുപുഷ്പസേവ ഓർമശക്തിക്കു വിശേഷപ്പെട്ടതെന്നു നാട്ടറിവ്. പുഷ്പങ്ങൾ പാനീയമാക്കിയും കഴിക്കാം. നീലശംഖുപുഷ്പം ഇട്ട് തിളപ്പിച്ചു തണുപ്പിച്ച വെള്ളം കൊണ്ടു മുഖം കഴുകിയാൽ കൺകുരു മാറും. ശംഖുപുഷ്പജലം ദിവേസന കുടിച്ചാൽ സൗന്ദര്യവും രോഗപ്രതിരോധ ശേഷിയും കൂടുമെന്നും ആയുർവേദം. പച്ചവേര് വെളിച്ചെണ്ണയിൽ അരച്ച് വെറും വയറ്റിൽ പതിവായി കഴിച്ചാൽ കുട്ടികൾക്ക് ഓർമശക്തി കൂടുമത്രെ. ശംഖുപുഷ്പവേര് കഷായം വച്ച് ഉന്മാദരോഗികൾക്കും ശ്വാസകോശരോഗികൾക്കും ഉറക്കം കുറഞ്ഞവർക്കും നൽകിവന്നിരുന്നു. വേര് പാലിൽ അരച്ചു കലക്കി കുടിച്ചാൽ വയറിളക്കാമെന്നും പറയുന്നുണ്ട്. തൊണ്ടവീക്കം, പനി, ശരീരബലം, സ്ത്രീകളുടെ ലൈംഗിക അസുഖങ്ങൾ എന്നിവയ്ക്കു മരുന്നാണ്.
ഒരു ഗ്ലാസ് വെള്ളത്തിൽ 3 പുഷ്പങ്ങൾ ഇട്ട് തിളപ്പിച്ച വെള്ളം ചായപോലെ കുടിക്കാം. ശരീരക്ഷീണം മാറും. ശംഖുപുഷ്പത്തിന്റെ ഞെട്ടു കളഞ്ഞ ഇതളുകൾ മാത്രം എടുത്ത് തേൻ ചേർത്തു കഴിക്കുന്നതു ഗ്ലൂക്കോസിന്റെ ആഗിരണം നിയന്ത്രിച്ച് അർബുദസാധ്യത കുറയ്ക്കുമെന്നും അഭിപ്രായമുണ്ട്.
ഫോൺ: 9745770221