മാലിന്യ സംസ്കരണം മഴക്കാലത്ത്: വേണം ‘RRR’ അധിഷ്ഠിത സംസ്കരണം, അറിയാം ചില മാലിന്യസംസ്കരണ രീതികൾ
മനുഷ്യനും പരിസ്ഥിതിക്കും പരമാവധി ഉപദ്രവരഹിതമായി, മാലിന്യങ്ങളുടെ ശേഖരണം, വിനിമയം, സംസ്കരണം, പുനരുപയോഗം അല്ലെങ്കിൽ നശിപ്പിക്കൽ എന്നിവയും, അവയെ യഥാവിധി കൈകാര്യം ചെയ്യുന്നതുമാണ് മാലിന്യസംസ്കരണം. ഫാമുകളിൽ ദിവസേന കുമിഞ്ഞുകൂടുന്ന മാലിന്യം അന്നുതന്നെ യഥാവിധം സംസ്കരിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന പ്രത്യാഘാതം
മനുഷ്യനും പരിസ്ഥിതിക്കും പരമാവധി ഉപദ്രവരഹിതമായി, മാലിന്യങ്ങളുടെ ശേഖരണം, വിനിമയം, സംസ്കരണം, പുനരുപയോഗം അല്ലെങ്കിൽ നശിപ്പിക്കൽ എന്നിവയും, അവയെ യഥാവിധി കൈകാര്യം ചെയ്യുന്നതുമാണ് മാലിന്യസംസ്കരണം. ഫാമുകളിൽ ദിവസേന കുമിഞ്ഞുകൂടുന്ന മാലിന്യം അന്നുതന്നെ യഥാവിധം സംസ്കരിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന പ്രത്യാഘാതം
മനുഷ്യനും പരിസ്ഥിതിക്കും പരമാവധി ഉപദ്രവരഹിതമായി, മാലിന്യങ്ങളുടെ ശേഖരണം, വിനിമയം, സംസ്കരണം, പുനരുപയോഗം അല്ലെങ്കിൽ നശിപ്പിക്കൽ എന്നിവയും, അവയെ യഥാവിധി കൈകാര്യം ചെയ്യുന്നതുമാണ് മാലിന്യസംസ്കരണം. ഫാമുകളിൽ ദിവസേന കുമിഞ്ഞുകൂടുന്ന മാലിന്യം അന്നുതന്നെ യഥാവിധം സംസ്കരിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന പ്രത്യാഘാതം
മനുഷ്യനും പരിസ്ഥിതിക്കും പരമാവധി ഉപദ്രവരഹിതമായി, മാലിന്യങ്ങളുടെ ശേഖരണം, വിനിമയം, സംസ്കരണം, പുനരുപയോഗം അല്ലെങ്കിൽ നശിപ്പിക്കൽ എന്നിവയും, അവയെ യഥാവിധി കൈകാര്യം ചെയ്യുന്നതുമാണ് മാലിന്യസംസ്കരണം. ഫാമുകളിൽ ദിവസേന കുമിഞ്ഞുകൂടുന്ന മാലിന്യം അന്നുതന്നെ യഥാവിധം സംസ്കരിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന പ്രത്യാഘാതം വളരെ വലുതാണ്. മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യ പ്രശ്‍നങ്ങൾ, ജലമലിനീകരണം, ദുർഗന്ധം, ഉയരുന്ന ആഗോള താപനില എന്നിവയെല്ലാം ചില ഉദാഹരണങ്ങൾ മാത്രം. ഈ സാഹചര്യത്തിലാണ് മാലിന്യ സംസ്കരണത്തിന് ഇന്നത്തെ കാലഘട്ടത്തിൽ പ്രസക്തി ഏറുന്നത്.
വിപുലമായ കാർഷിക സമ്പ്രദായത്തിൽനിന്നും കേരളം ഊർജിത കൃഷി രീതിയിലേക്ക് നീങ്ങിയപ്പോഴാണ് മാലിന്യം ഒരു പ്രശ്‌നമായി രൂപപ്പെട്ടതും അതിനെ മറികടക്കാൻ മാലിന്യ സംസ്കരണം ഒരു മാർഗമായിത്തീർന്നതും. മഴ ഏറെ ലഭിക്കുന്ന സംസ്ഥാനമാണ് കേരളം എന്നതിനാൽ തന്നെ, മാലിന്യ നിർമാർജനത്തിനും സംസ്കരണത്തിനും ഇവിടെ അവലംബിക്കുന്ന മാർഗങ്ങൾക്ക് പ്രസക്തി കൂട്ടുന്നു.
മാലിന്യ സംസ്കരണം 3R തത്വത്തിനുമേലാണ് അധിഷ്ഠിതമാക്കിയിരിക്കുന്നത്. അതായിത് Reduce (കുറയ്ക്കുക), Reuse (പുനരുപയോഗം), Recycle (പുനർചംക്രമണം). കുറയ്ക്കുക എന്നർഥമാക്കുന്നത് ഫാമുകളിലെ മാലിന്യം നമ്മളാൽ കഴിയും വിധം കുറയ്ക്കുക എന്നതാണ്. പാഴായ തീറ്റയും പുല്ലും, വിസർജ്യ വസ്തുക്കൾ, ചത്ത മൃഗങ്ങൾ, പ്രസവ അവശിഷ്ട്ടങ്ങൾ ഇവയെല്ലാമാണ് സാധാരണയായി ഫാമുകളിൽ കാണപ്പെടുന്ന മാലിന്യങ്ങൾ. പുനരുപയോഗത്തിനു പറ്റിയ ഒരുദാഹരണമാണ് തൊഴുത്ത് കഴുകുന്നതുമൂലം ഉണ്ടാകുന്ന മലിനജലം സംഭരിച്ചു പുൽക്കൃഷിക്ക് ഉപയോഗപ്പെടുത്തുന്നത്. മാലിന്യം സംസ്‌കരിച്ച് അതിനെ പുതിയ രൂപത്തിലുള്ള ഉപയോഗ വസ്തുവാക്കി തീർക്കുന്നതിനെയാണ് പുനർചംക്രമണം എന്ന് ഉദ്ദേശിക്കുന്നത്.
സാധാരണയായി മൂന്ന് തരത്തിലുള്ള മാലിന്യമാണ് കണ്ടുവരിക - ഖരമാലിന്യം, ജലമാലിന്യം, സ്ലറി. മഴക്കാലത്ത് ഖരമാലിന്യങ്ങളുടെ സംസ്കരണത്തിനായി ബയോഗ്യാസ്, കമ്പോസ്റ്റിങ്, ഇൻസിനറേഷൻ എന്നിവ ഉപയോഗപ്പെടുത്താവുന്നതാണ്. ജലമാലിന്യം ടാങ്കുകളിൽ ശേഖരിച്ചു ഊറൽ അടിഞ്ഞതിനുശേഷം കൃഷിക്ക് ഉപയോഗിക്കുകയോ അല്ലെങ്കിൽ കൂടുതൽ സംസ്കരണ മാർഗ്ഗങ്ങൾ അവലംബിച്ചു ശുദ്ധീകരിച്ചു ഷെഡ്ഡുകൾ വൃത്തിയാക്കാൻ ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്. സ്ലറിയും ടാങ്കുകളിൽ ശേഖരിച്ചു ആവശ്യാനുസരണം പുൽക്കൃഷിക്ക് ഉപയോഗിക്കാവുന്നതാണ്.
Also read: 15 അടി ഉയരം വയ്ക്കുന്ന തീറ്റപ്പുല്ല്, ഫാമുകൾക്ക് മുതൽക്കൂട്ട്; സൂപ്പറാണ് സൂപ്പർ നേപ്പിയർ
ബയോഗ്യാസ്
മിക്ക കർഷകർക്കും സുപരിചിതമായ മാലിന്യ സംസ്കരണ രീതിയാണ് ബയോഗ്യാസ് പ്ലാന്റ് മുഖേനെയുള്ളത്. ഈ സാങ്കേതികവിദ്യയുടെ പ്രധാന സവിശേഷത ഇതിന്റെ സഹായത്താല്‍ ഖരമാലിന്യങ്ങള്‍ മാത്രമല്ല മലിനജലവും സംസ്‌കരിക്കാന്‍ കഴിയും എന്നുള്ളതാണ്. സാധാരണയായി ഇവയെ രണ്ടു തരത്തിലാണ് പണിയാറുള്ളത് - ഫിക്സഡ് ഡോം ടൈപ്പും ഫ്ലോട്ടിങ് ഡ്രം ടൈപ്പും. ഫ്ലോട്ടിങ് ഡ്രം ടൈപ്പിൽ ബയോഗ്യാസ് ഉൽപ്പാദനത്തിന്റെ അളവനുസരിച്ച് ഡ്രം പൊങ്ങുകയും താഴുകയും ചെയ്യുന്നതൊഴിച്ചാൽ രണ്ടിന്റെയും പ്രവർത്തന രീതി ഏകദേശം ഒരേപോലാണ്.
മിക്സിങ് ടാങ്ക്, ഇൻലെറ്റ് ചേംബർ, ഡൈജസ്റ്റർ, ഔട്ട്ലെറ്റ് ചേംബർ, ഓവർഫ്ലോ ടാങ്ക് എന്നിങ്ങനെ പ്രധാനമായി അഞ്ചു ഭാഗങ്ങളാണ് ബയോഗ്യാസ് പ്ലാന്റിനുള്ളത്. ഖരമാലിന്യവും വെള്ളവും 1 : 1 എന്ന അനുപാതത്തിൽ മിക്സിങ് ടാങ്കിൽ നിക്ഷേപിക്കേണ്ടതാണ്. മാലിന്യ സംസ്കരണത്തിനായി ഇടുന്ന വസ്തുക്കളിൽ കാർബണിന്റെയും നൈട്രജന്റെയും അനുപാതം 20 : 1 എന്ന തോതിലാണെന്നു നാം ഉറപ്പുവരുത്തേണ്ടതുണ്ട്. ഇൻലെറ്റ് ചേംബർ വഴി ഇവ ഡൈജസ്റ്ററിൽ എത്തിയതിനുശേഷം നാൽപതു ദിവസത്തോളം സൂക്ഷ്മാണു പ്രവർത്തനത്തിനു വിധേയമാകുന്നു. തന്മൂലം ഉൽപാദിപ്പിക്കപ്പെടുന്ന മീഥേൻ, കാർബൺ ഡൈ ഓക്സൈഡ് അടങ്ങിയ ബയോഗ്യാസ് ശേഖരിച്ചു പാചക വാതകമായോ വൈദ്യുതി ഉൽപാദനത്തിനോ ഇന്ധനമായോ ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ദഹന പ്രക്രിയ കഴിഞ്ഞ മാലിന്യം സ്ലറിയായി ഓവർ ഫ്ലോ ടാങ്കിലേക്ക് പുറംതള്ളപ്പെടുന്നു. ശരിയായ രീതിയിൽ സൂഷ്മാണു പ്രവർത്തനം നടന്നിട്ടുള്ള സ്ലറിയിൽനിന്ന് യാധൊരുവിധ ദുർഗന്ധവും വമിക്കില്ല.
തുമ്പൂർമുഴി മോഡൽ എയ്റോബിക് കമ്പോസ്റ്റ് (TMAC)
കേരളത്തിലെ മാലിന്യ സംസ്കരണത്തിനുവേണ്ടി തുമ്പൂർമുഴി കന്നുകാലി പ്രജനന കേന്ദ്രത്തിന്റെ ഏറ്റവും വിലപ്പെട്ട സംഭാവനയായി കണക്കാക്കപ്പെടുന്ന ഒന്നാണ് TMAC അഥവാ Thumburmuzhy Model Aerobic Compost. മഴ നനയാതിരിക്കാൻ മേൽക്കൂരയുള്ള എന്നാൽ നല്ല വായു സഞ്ചാരമുള്ള സ്ഥലത്ത് TMAC യൂണിറ്റ് പണിയുന്നതാവും ഉത്തമം. നാലടി വീതം വീതിയും നീളവും ഉയരവുമുള്ള വായു കടക്കത്തക്കരീതിയിൽ ഫെറോസ്ളാബ് ഉപയോഗിച്ചാണ് ഈ കമ്പോസ്റ്റിംഗ് യൂണിറ്റ് പണിയുന്നത്. ചാണകം, കരിയില, ജൈവമാലിന്യം എന്നിവ ആവർത്തിച്ച് അടുക്കുകൾ ആക്കുന്ന രീതിയിലൂടെയാണ് തുമ്പൂർമുഴി മോഡൽ കമ്പോസ്റ്റ് തയാറാക്കുന്നത്. ഓരോ അടുക്കും ആറിഞ്ച് കനത്തിലാണിടുന്നത്. കമ്പോസ്റ്റ് യൂണിറ്റ് നിറഞ്ഞു കഴിഞ്ഞാൽ ഏറ്റവും മുകളിലായി ആറിഞ്ച് കനത്തിൽ ചാണകം നിരത്തണം. ഇങ്ങനെ അടുക്കിവച്ചിരിക്കുന്ന കമ്പോസ്റ്റ് യൂണിറ്റിൽ സൂക്ഷ്മാണുക്കളുടെ പ്രവർത്തനം മൂലം ഏകദേശം രണ്ടാഴ്ചയ്ക്കുള്ളിൽത്തന്നെ യൂണിറ്റിന്റെ ഉള്ളിലെ താപനില ഏകദേശം 70 ഡിഗ്രി സെൽഷ്യസ് ആയി ഉയരും. ഈ ഉയർന്ന താപനിലയിൽ രോഗാണുക്കൾ, വിരകളുടെ മുട്ടകൾ, കളകളുടെ വിത്തുകൾ ഇവയെല്ലാം നശിപ്പിക്കപ്പെടുന്നു. ഒട്ടും മഴ നനയാതെ 90 ദിവസം സൂക്ഷിക്കുക. ഇതിനോടകം മാലിന്യം പൂർണമായും കമ്പോസ്റ്റായി മാറിയിട്ടുണ്ടാകും.
മണ്ണിര കമ്പോസ്റ്റ്
മാലിന്യ സംസ്കരണത്തിന് അവലംബിക്കുന്ന മറ്റൊരു രീതിയാണ് മണ്ണിര കമ്പോസ്റ്റിങ്. സാധാരണയായി 75 സെ.മീ. ഉയരവും 1 മീറ്റർ വീതിയുമുള്ള ടാങ്കുകളിലാണ് മണ്ണിര കമ്പോസ്റ്റ് തയാറാക്കുന്നത്. മഴ നനയാതിരിക്കാൻ ഈ മണ്ണിര ടാങ്കുകളുടെ മീതെയും മേൽക്കൂര അത്യാവശ്യമാണ്. ടാങ്കിന്റെ അടിയിൽ ഈർപ്പം നിലനിൽക്കാൻ ചകിരി വിരിക്കുന്നു. അതിനു മുകളിൽ ഒരടുക്ക് ചാണകം ഇടുന്നു. ഇതിനു മുകളിലായിട്ടു സംസ്കരിക്കാനുള്ള ജൈവമാലിന്യം നിരത്തുന്നു. വീണ്ടും ചാണകം നിരത്തുന്നു. ഈ പ്രക്രിയ ടാങ്ക് നിറയുന്നത് വരെ തുടരുന്നു. ഇതിനു മുകളിലായി Eisenia fetida, Lumbricus rubellus മണ്ണിരകളെ 1 കിലോ മാലിന്യത്തിന് 150 മണ്ണിര എന്ന തോതിൽ ഇടുന്നു. എല്ലാ രണ്ടു ദിവസം കൂടുംതോറും സ്ലറി തളിച്ച് കൊടുക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. സാധാരണയായി 60 ദിവസത്തിനുള്ളിൽ മണ്ണിര മാലിന്യത്തെ കമ്പോസ്റ്റാക്കി മാറ്റാറുണ്ട്.
മറ്റു മാലിന്യ സംസ്കരണ മാർഗ്ഗങ്ങൾ
മുകളിൽ പരാമർശിച്ച രീതികൾ ഖരമാലിന്യ സംസ്കരണത്തിന് ഉപകരിക്കുന്നവയാണ്. ഖരമാലിന്യത്തെക്കാൾ കൈകാര്യം ചെയ്യാൻ പ്രയാസമേറിയതാണ് ജലമാലിന്യം. അതുകൊണ്ടുതന്നെ ജലമാലിന്യം പരാമവിധി കുറയ്ക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ട ആദ്യത്തെ നടപടി. മിതമായി വെള്ളം ഉപയോഗിച്ച് ഷെഡുകൾ വൃത്തിയാക്കാൻ നാം ശ്രമിക്കേണ്ടതുണ്ട്. ജലമാലിന്യം ടാങ്കുകളിൽ ശേഖരിച്ചു ഊറൽ അടിഞ്ഞതിനുശേഷം കൃഷിക്ക് ഉപയോഗിക്കുകയോ അല്ലെങ്കിൽ കൂടുതൽ സംസ്കരണ മാർഗ്ഗങ്ങൾ അവലംബിച്ചു ശുദ്ധീകരിച്ചു ഷെഡ്ഡുകൾ വൃത്തിയാക്കാൻ ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.
മറ്റൊരു മാലിന്യ സംസ്കരണ മാർഗമാണ് സംയോജിത കൃഷി. ഒന്നിന്റെ അവശിഷ്ടം മറ്റൊന്നിനു പോഷകമാകുന്ന രീതിയാണിത്. സാധാരണയായി കണ്ടുവരുന്നത് മത്സ്യക്കുളങ്ങളുടെ മുകളിൽ കൂടു കെട്ടി താറാവിനെയോ കോഴിയെയോ വളർത്തുന്നതാണ്. ഇവയുടെ കാട്ടം വെള്ളത്തിൽ വീഴുകയും അതിൽ വളരുന്ന കാർപ്, മുഷി, തിലാപ്പിയ എന്നീയിനം മീനുകൾ അവ ഭക്ഷിച്ചു വളരുന്നതാണ് രീതി. മീൻകുളത്തിലെ വെള്ളം പച്ചക്കറി കൃഷിക്കോ പുല്ല് കൃഷിക്കോ ഉപയോഗിക്കാവുന്നതാണ്.
നൂതനമായ ഒരു മാർഗമാണ് പുഴുക്കളെ ഉപയോഗിച്ച് മാലിന്യത്തെ സംസ്കരിക്കുക എന്നത്. ബ്ലാക്ക് സോൾജ്യർ ഫ്ലൈ എന്ന ഈച്ചയെയാണ് ഇതിനുപയോഗിക്കുന്നത്. ഒരീച്ച ശരാശരി ആയിരത്തോളം മുട്ടകൾ ഇടും. ഇവയ്ക്കു അഞ്ചു ദിവസം പ്രായമാകുമ്പോൾ നാം അതിനെ ജൈവമാലിന്യത്തിലേക്കു മാറ്റുന്നു. അവ ലാർവയായി മാലിന്യം കഴിച്ചു വളരുന്നതിനോടൊപ്പം മാലിന്യ പരിവർത്തനവും നടക്കുന്നു. ഏകദേശം 25 ദിവസത്തിനകം ഈ പുഴുക്കളെ കോഴിക്കോ മീനിനോ തീറ്റയായി ഉപയോഗിക്കാവുന്നതാണ്. ജൈവമാലിന്യത്തെ മാംസ്യമാക്കി മാറ്റുന്ന പ്രക്രിയയാണ് ഇതിൽ അവലംബിക്കുന്നത്. ലോകമെമ്പാടും ഈ രീതിയിലുള്ള മാലിന്യ സംസ്കരണ മാർഗങ്ങളുടെ സാധ്യതകളെക്കുറിച്ചുള്ള പഠനങ്ങൾ നടന്നുവരികയാണ്.
മഴക്കാല മുന്നൊരുക്കങ്ങളും ശ്രദ്ധിക്കേണ്ടതും
- വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കുന്നതുമൂലം ജലമാലിന്യത്തിന്റെ അളവ് ഒരു പരിധി വരെ കുറയ്ക്കാൻ പറ്റും.
- ഈച്ച ശല്യം കുറക്കാനുള്ള പ്രതിവിധികൾ ചെയ്യുക. ആവണക്കെണ്ണ പുരട്ടിയ നീല പ്ലാസ്റ്റിക് കുടത്തിൽ 5W LED ബൾബ് കടത്തി പശുവിന്റെ ഒരടി മുകളിലായി തൂക്കിയിടുന്നതുമൂലം ഈച്ച ശല്യം കുറക്കാൻ സാധിക്കും.
- മഴവെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്.
- മഴവെള്ളവും ഷെഡിലെ വെള്ളവും കലരാൻ അനുവദിക്കരുത്.
- ഷെഡ്ഡും പരിസരവും ചാലുകളും വൃത്തിയാക്കുക.
- സ്ലറി പിറ്റും ചാണകക്കുഴിയും നന്നാക്കുന്നതിനോടൊപ്പം അവയ്ക്കു മേൽക്കൂര ഉണ്ടെന്നു ഉറപ്പു വരുത്തുക.
- വർഷക്കാല വിരയിളക്കൽ കൃത്യമായി നടത്തുക.
- ജൈവമാലിന്യ സംസ്കരണം ശീലമാക്കുക.