ADVERTISEMENT

കാർത്തിക ഇനം ഇഞ്ചിയിൽനിന്നു പൊടിരൂപത്തിലുള്ള ജിൻജറോൾ വികസിപ്പിച്ചതിന് കേരള കാർഷിക സർവകലാശാലയ്ക്കും ആലുവയിലെ അർജുന നാച്ചുറൽ പ്രൈവറ്റ് ലിമിറ്റഡിനും പേറ്റന്റ്. കേന്ദ്ര ജൈവ സാങ്കേതികവകുപ്പിന്റെ ധനസഹായത്തോടെ ഇരു സ്ഥാപനങ്ങളും നടത്തിയ ഗവേഷണപദ്ധതിയുടെ ഫലമാണ് ഈ പേറ്റന്റ്.

ഇഞ്ചിയിലെ വിവിധ സംയുക്തങ്ങളിൽ ഏറ്റവും ശക്തവും ഔഷധഗുണമേറിയതുമാണ് ജിൻജറോൾ.  അതുകൊണ്ടുതന്നെ ആഭ്യന്തര, വിദേശ വിപണികളിൽ ഏറെ ആവശ്യക്കാരുണ്ട്. ചുക്കിലെ കുറഞ്ഞ അളവും സ്ഥിരതയില്ലായ്മയും മൂലം ജിൻജറോൾ ഉൽപാദനം സാധ്യമായിരുന്നില്ല.

കേരള കാർഷിക സർവകലാശാല 2010ൽ പുറത്തിറക്കിയ കാർത്തിക ഇനം ഇഞ്ചിയിൽ ജിൻജറോളിന്റെ അളവു കൂടുതലാണ്. മാരൻ എന്ന ഇനത്തിൽനിന്നു ടിഷ്യൂകൾച്ചറിലൂടെ  ഉരുത്തിരിച്ച കാര്‍ത്തികയിനം ഇടവിളയായും തനിവിളയായും കൃഷി ചെയ്യാം. മൃദുചീയലും ബാക്ടീരിയൽ വാട്ടവും പ്രതിരോധിക്കാൻ ശേഷിയുമുണ്ട്. കാർത്തികയുടെ വളർച്ചകാലം 220–240 ദിവസമാണ്. ഒരു ഹെക്ടറിൽ ശരാശരി 19 ടൺ വിളവ് പ്രതീക്ഷിക്കാം. ഇതിൽ 7.2% ഒലിയോറെസിനും ഒലിയോറെസിന്റെ 21.3% ജിൻജറോളുമുണ്ട്. 

വെള്ളാനിക്കര കാർഷിക കോളജിലെ സെന്റർ ഫോർ പ്ലാന്റ് ബയോടെക്നോളജി ആൻഡ് മോളിക്യുലാർ ബയോളജിയിലും അർജുന നാച്ചുറൽസിലുമായാണ് ഗവേഷണം നടത്തിയത്. സംയോജിത ഗവേഷണത്തില്‍ സ്ഥിരതയുള്ള, പൊടിരൂപത്തിലുള്ള ജിൻജറോൾ കിട്ടി. ഉല്‍പന്നത്തിനും ഉല്‍പാദന പ്രക്രിയയ്ക്കുമാണ് പേറ്റന്റ്. 20 വർഷമാണ് കാലാവധി. ഇതിന്റെ വാണിജ്യവൽക്കരണമാണ് അടുത്ത പടി. ഇതിനായി കാർത്തികയുടെ രാസകീടനാശിനിരഹിതമായ ചുക്ക് വലിയ അളവിൽ ആവശ്യമാണ്. സൽകൃഷിരീതികളിലൂടെ ഇത് ഉൽപാദിപ്പിക്കാനാവും. ഉയർന്ന വിപണി സാധ്യതയുള്ള ന്യൂട്രാസ്യൂട്ടിക്കൽ/ ഫാർമസ്യൂട്ടിക്കൽ ഘടകമായി പൊടിരൂപത്തിലുള്ള ജിൻജറോൾ ഉപയോഗിക്കാം. വിത്ത്, ചുക്ക്, ജിൻജറോൾ, മറ്റു മൂല്യവർധിത ഉല്‍പന്നങ്ങൾ എന്നീ സംരംഭ ങ്ങൾക്കും സാധ്യതയേറെ.

വാണിജ്യക്കൃഷിക്കു കാര്‍ത്തിക ഇനത്തിന്റെ നടീൽവസ്തുവായി സാധാരണ കിഴങ്ങുകള്‍ക്കു പുറമേ, ഒറ്റ മുകുളങ്ങളുള്ള പ്രോട്രേ തൈകളും മൈക്രോ റൈസോമുകളും ലഭ്യമാണ്. കേരള കാർഷിക സർവകലാശാലയിലെ ഡോ. എം.ആർ.ഷൈലജ, അർജുന നാച്ചുറൽ പ്രൈവറ്റ് ലിമിറ്റഡിലെ ഡോ. മെറീന ബെന്നി എന്നിവരാണ് ഗവേഷണത്തിനു നേതൃത്വം നൽകിയത്. ഡോ. സാമുവൽ മാത്യു, ഡോ. പി.എ.നസീം, ഡോ. ബെന്നി ആന്റണി, ഡോ. ഇ.വി.നൈബി എന്നിവരാണ് ഗവേഷണസംഘത്തിലെ മറ്റ് അംഗങ്ങൾ.

ഫോൺ: 9446364216 (ഡോ. ഷൈലജ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com