ബാൽക്കണിയിൽ പൂക്കൂടകൾ

മുറ്റത്തിന്റെ അതിരിലായി കിട്ടിയ പൂച്ചെടികളൊക്കെ നട്ടുവച്ചിരുന്ന പഴയകാലമൊന്നുമല്ല. വീടിന്റെ എക്സ്റ്റീരിയറിനും വീട്ടുകാരുടെ അഭിരുചിക്കും ഇണങ്ങുന്ന ഗാർ‍ഡൻ വീടിന്റെ പ്ലാൻ വരയ്ക്കുമ്പോൾ തന്നെ ഉൾപ്പെടുത്തുന്ന ആർക്കിടെക്ചറൽ കൺസപ്റ്റിനാണ് ഇപ്പോൾ നൂറിൽ നൂറു മാർക്കും.

നല്ല അടുക്കും ചിട്ടയുമായി അസംബ്ലിക്ക് ലൈൻ നിൽക്കുന്ന കുട്ടികളെപ്പോലെ ഒരുക്കുന്ന കണ്ടംപററി ഗാർഡനോ ചെറുപ്പം മുതൽ കണ്ടു പരിചയിച്ച മുല്ലയും മുക്കുറ്റിയും പോലുള്ള ചെടികളുമായി ട്രഡീഷനൽ ഗാർഡനോ ഉണ്ടാക്കാം. വെർട്ടിക്കൽ, ഹൊറിസോണ്ടൽ, ഹാങ്ങിങ് എന്നിങ്ങനെ മതിലിലും വീടിന്റെ ചുവരിലും വരെ ഗാർഡൻ ഒരുക്കാം.

പക്ഷേ, ഇതൊന്നുമല്ല വലിയ കാര്യം, ഏതു പൂന്തോട്ടത്തിനും ഒരു മനസ്സുണ്ട് എന്ന് മനസ്സിലാക്കുകയാണ്. വീട്ടിലുള്ളവരുടെ മൂഡിനനുസരിച്ച് പൊസിറ്റീവ് എനർജി നിറച്ചു തരുന്ന കൂട്ടുകാരിയുടെ മനസ്സാകണം പൂന്തോട്ടത്തിന്.

ഇതാ മനസ്സിനിണങ്ങുന്ന പൂന്തോട്ടമൊരുക്കാൻ ചില ഗാർഡനിങ് മന്ത്രങ്ങൾ.

∙ തണലിൽ വളരുന്ന, വേരുകൾ ആഴത്തിൽ പോകാത്ത ചെടികള്‍ വേണം ബാൽക്കണിയിലേക്ക്. പ്ലാന്റർ ബോക്സുകളിൽ ഇവ വയ്ക്കാം. അഭിരുചി അനുസരിച്ച് പ്ലാന്റർ ബോക്സുകൾ ഡിസൈൻ ചെയ്താൽ പഴ്സനൽ ടച്ച് നൽകാം.

∙ ഹാൻഡ് റെയിലിൽ തൂക്കിയിടാവുന്ന പ്ലാന്റർ ബോക്സുകൾ വാങ്ങി ചെടികൾ നടാം. പൂക്കൂടകൾ തൂങ്ങി കിടക്കുന്നതു പോലെയുള്ള ഈ കാഴ്ച മുറിക്കുള്ളിൽ നിന്നു നോക്കിയാലും പുറത്തുനിന്ന് നോക്കിയാലും ഒരേപോലെ സുന്ദരമായിരിക്കും.

∙ മൂൺ ഗാർഡൻ ബാൽക്കണികളിൽ മാത്രമല്ല വീട്ടുമുറ്റത്തും വരാന്തയിലുമൊക്കെ ഇണങ്ങുന്നതാണ്. വെള്ള പൂക്കൾ വിരിക്കുന്ന ചെടികളാണ് ഇവിടെ നടേണ്ടത്. നിലാവെളിച്ചത്തിൽ ഇവ കാണുമ്പോഴുള്ള ഭംഗിയാണ് മൂൺ ഗാർഡന്റെ സൗന്ദര്യം.

∙ ഒരു മതിലിൽ തിട്ട കെട്ടി അല്പം പൊക്കിയെടുത്താൽ വാൾ ഗാർഡനാക്കാം. പച്ചപ്പുല്ലും പൂ വിരിക്കുന്ന കുഞ്ഞൻ ചെടികളും അങ്ങിങ്ങായി അലങ്കാര വസ്തുക്കളും വയ്ക്കാം.

വിവരങ്ങൾക്ക് കടപ്പാട്: അബ്ദുൾ കലാം, ലാൻഡ്സ്കേപ്പ് കൺ‍സൽറ്റന്റ്, ജിസിസി ലാൻഡ്സ്കേപ്സ് ആൻഡ് എക്സ്പോർട്ട്സ്, കൊച്ചി