കിളികളും പൂമ്പാറ്റകളും വിരുന്നെത്തുന്ന മുറ്റമാണ് കൊതിക്കുന്നതെങ്കിൽ അവയ്ക്ക് പാർക്കാനുള്ള എല്ലാ സൗകര്യങ്ങളും പൂന്തോട്ടത്തിൽ ഒരുക്കണം.
∙ ശലഭങ്ങൾക്ക് തേൻ ലഭിക്കാനും മുട്ടയിടാനും മുട്ട വിരിഞ്ഞു വരുന്ന പുഴുക്കൾക്ക് ഇലകൾ തിന്നു വളരാനും യോജിച്ച ചെടികൾ തിരഞ്ഞെടുക്കാം.
∙ മിൽക്ക് വീഡ്, മുസാൻഡ, വാക, കൂവളം, നീർമാതളം, നാരകം, മൾബെറി, ഗരുഡക്കൊടി എന്നിവയുടെ ഇലകളിലാണ് പൂമ്പാറ്റകൾ മുട്ടയിടുന്നത്. വാടാമുല്ല, മാരിഗോൾഡ്, ചെമ്പരത്തി, ലില്ലി, കോറിയാപ്സിസ്, അഡീനിയം, കൊങ്ങിണിച്ചെടി എന്നിവയൊക്കെ ഈ പൂന്തോട്ടങ്ങൾക്കിണങ്ങും.
∙ ദിവസവും അഞ്ച്– ആറ് മണിക്കൂർ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം വേണം തിരഞ്ഞെടുക്കാൻ. വലിയ കാറ്റുവീശാതെ തടഞ്ഞുനിർത്താൻ പാകത്തിന് ചെറുപനകളും മുളകളും വേലിയിൽ നടാം.
∙ കിളികൾക്ക് കൂട് കൂട്ടാൻ ചെറി പോലുള്ള ഫലവൃക്ഷങ്ങളുണ്ടെങ്കിൽ അവ എന്നും വിരുന്നെത്തും. കിളികൾക്കുള്ള ഭക്ഷണം നിറച്ച ഫീഡർ മരങ്ങളിൽ തൂക്കിയിടണം.
∙ കിളികൾക്ക് കുളിക്കാനും കുടിക്കാനും ബേർഡ് ബാത്ത് ഒരുക്കാം. കുഴിഞ്ഞ ട്രേയിൽ ഉരുളൻ കല്ലുകൾ നിരത്തി വെള്ളമൊഴിക്കാം. ഇത് തണലത്തുള്ള മരക്കുറ്റിയിലോ ചെറുതൂണിലോ വച്ചാൽ മതി. രണ്ടുദിവസം കൂടുമ്പോൾ വെള്ളം മാറ്റിക്കൊടുക്കണം.
വിവരങ്ങൾക്ക് കടപ്പാട്: അബ്ദുൾ കലാം, ലാൻഡ്സ്കേപ്പ് കൺസൽറ്റന്റ്, ജിസിസി ലാൻഡ്സ്കേപ്സ് ആൻഡ് എക്സ്പോർട്ട്സ്, കൊച്ചി