കൊതുകിനെ തുരത്തുന്ന പൂച്ചെടികൾ

ജമന്തി, കൊങ്ങിണി, മെലലൂക്ക, ഇഞ്ചിപ്പുല്ല് തുടങ്ങിയ ചെടികൾക്കു കൊതുക് ഉൾപ്പെടെ പല കീടങ്ങളെയും തുരത്താൻ കഴിയും.

കൊതുകിനെ തുരത്താൻ കൃത്രിമ രാസപദാർഥങ്ങൾ ഉപയോഗിക്കുന്നതു മനുഷ്യരിൽ പലതരം ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകാം. ജമന്തി, കൊങ്ങിണി, മെലലൂക്ക, ഇഞ്ചിപ്പുല്ല് തുടങ്ങിയ ചെടികൾക്കു കൊതുക് ഉൾപ്പെടെ പല കീടങ്ങളെയും തുരത്താൻ കഴിയും. അതായതു വീട്ടുമുറ്റത്തെ പൂന്തോട്ടത്തിൽ ഇത്തരം ചെടികൾ നട്ടു വളർത്തിയാൽ രണ്ടുണ്ട് ഗുണം. ഒന്ന് ഇവയിൽ പലതും ഗൃഹവൈദ്യത്തിനും പാചകത്തിനും ഉപകരിക്കുന്നവയാണ്. രണ്ടാതായി പൂന്തോട്ടത്തിൽ ഇവ അഴകു വിടർത്തുന്നതിനൊപ്പം കൊതുക് ഉൾപ്പെടെയുള്ള പ്രാണികളെയും കീടങ്ങളെയും തുരത്താനും ഉപകരിക്കുന്നു. ഇത്തരം ചില ചെടികളെ പരിചയപ്പെടാം.

ജമന്തി

ജമന്തി

മാരിഗോൾഡ് എന്ന് ഇംഗ്ലിഷിൽ അറിയപ്പെടുന്ന ഇൗ വാർഷിക പൂച്ചെടി നമ്മുടെ കാലാവസ്ഥയിൽ മഴക്കാലം കഴിഞ്ഞാൽ ഉദ്യാനത്തിൽ പൂത്തടം തയാറാക്കാൻ ഉപയോഗിച്ചുവരുന്നു. ജമന്തിയുടെ മഞ്ഞയും ഓറഞ്ചും നിറമുള്ള പൂക്കൾ കോർത്തുണ്ടാക്കിയ മാല അലങ്കാരത്തിനും പൂജാദികർമ്മങ്ങൾക്കും ധാരാളമായി ഉപയോഗിക്കുന്നു. വീടിനോടു ചേർന്നു നന്നായി വെയിലുള്ളിടത്ത് ജമന്തിച്ചെടിയുടെ പൂത്തടം ഒരുക്കിയാൽ ഉദ്യാനത്തിന്റെ അഴക് വർധിക്കും. വീടും പരിസരവും കൊതുകുൾപ്പെടെയുള്ള പ്രാണികളിൽനിന്നു മുക്തമാകുകയും ചെയ്യും. കൃഷിയിടങ്ങളിൽ ശാസ്ത്രീയ കീടനിയന്ത്രണത്തിനു ജമന്തി നട്ടുപരിപാലിക്കുന്ന രീതി ഇന്നു പ്രചാരത്തിലുണ്ട്. കടുത്ത മഴക്കാലവും വേനൽക്കാലവുമൊഴിച്ചുള്ള കാലാവസ്ഥയിൽ ജമന്തി നമ്മുടെ നാട്ടിൽ നന്നായി വളരുകയും പുഷ്പിക്കുകയും ചെയ്യും. വിത്തുവഴി വളർത്തിയെടുക്കുന്ന ചെടി 45—50 ദിവസത്തിനുള്ളിൽ പൂവിട്ടുതുടങ്ങും. പൂക്കളാണു കീടങ്ങളെ അകറ്റിനിർത്തുന്നതിൽ മുന്നിൽ. പൂവിടാറായ ചെടിയുടെ കൂമ്പ് നുള്ളിക്കളയുന്നത് കൂടുതൽ ശാഖകളും പൂക്കളും ഉൽപാദിപ്പിക്കാൻ സഹായിക്കും. അനുകൂലാവസ്ഥയിൽ പൂക്കൾ ചെടിയിൽ രണ്ടു മാസത്തോളം കേടാകാതെ നിൽക്കുമെന്ന മെച്ചവുമുണ്ട്.

മെലലൂക്ക

ഗോൾഡൻ ബോട്ടിൽ ബ്രഷ് ട്രീ എന്നറിയപ്പെടുന്ന മെലലൂക്ക.

സ്വർണനിറത്തിൽ നിറയെ കുഞ്ഞൻ ഇലകളും ഇടതൂർന്ന ശാഖകളും ഉപശാഖകളുമുള്ള ‘ഗോൾഡൻ ബോട്ടിൽ ബ്രഷ്ട്രീ’ എന്ന് അറിയപ്പെടുന്ന മെലലൂക്ക ഉദ്യാനത്തിലെ അലങ്കാരവൃക്ഷമാണ്. അത്ര ഉയരംവയ്ക്കാത്ത ഈ ചെറുമരത്തിന്റെ ഇലയുൾപ്പെടെയുള്ള എല്ലാ ഭാഗത്തിനും യൂക്കാലിപ്റ്റസ് തൈലത്തിന്റെ സുഗന്ധമുണ്ട്. മെലലൂക്കയുടെ ഞാന്നുകിടക്കുന്ന ഇലനിബിഡമായ ഉപശാഖകളാണ് ഈ മരത്തിന്റെ അഴക്. ചിലയിനങ്ങളിൽ ഇലകൾ പ്രായമെത്തുമ്പോൾ മഞ്ഞനിറം മാറി പച്ചയാകും. ഇലകളിൽ അടങ്ങിയിട്ടുള്ള തൈലം കീടനാശിനി സ്വഭാവമുള്ളതാണ്. ഈ തൈലമാണ് കൊതുകുൾപ്പെടെ ഒട്ടുമിക്ക പ്രാണികളെയും ചെടിയിൽനിന്നും പരിസരത്തുനിന്നും അകറ്റിനിർത്തുന്നത്. എന്നാൽ തേനീച്ചകൾക്കും പൂമ്പാറ്റകൾക്കും പ്രിയങ്കരമാണ് മെലലൂക്ക.

ഉദ്യാനത്തിൽ അതിരായും മതിലിനോടു ചേർന്നും നിരയായും നട്ടാൽ പൂന്തോട്ടവും വീടുൾപ്പെടെ പരിസരവും കൊതുക് ഇല്ലാത്ത ഇടമാക്കുവാൻ സാധിക്കും. നന്നായി സൂര്യപ്രകാശം ലഭിക്കുന്നിടത്തു മാത്രമേ ചെടിക്ക് സ്വർണവർണം കിട്ടുകയുള്ളൂ. ബോട്ടിൽ ബ്രഷ് മരം പോലെ തണ്ടു മുറിച്ചുനട്ട് മെലലൂക്കയും വളർത്തിയെടുക്കാം. വേഗത്തിൽ വളരുന്ന ഈ മരം നമ്മുടെ നാട്ടിൽ വിരളമായേ പുഷ്പിക്കാറുള്ളൂ.

ഇഞ്ചിപ്പുല്ല്

ഇഞ്ചിപ്പുല്ല്.

പുൽത്തൈലവും അതു വാറ്റിയെടുക്കാൻ ഉപയോഗിക്കുന്ന ഇഞ്ചിപ്പുല്ലും മലയാളിക്ക് സുപരിചിതം. കേരളത്തിന്റെ പല ഭാഗങ്ങളിലും പുൽത്തൈലത്തിനായി വ്യാവസായികാടിസ്ഥാനത്തിൽ ഇഞ്ചിപ്പുല്ല് കൃഷി ചെയ്തുവരുന്നുണ്ട്. വേഗത്തിൽ വളർന്നുവന്ന് കൂട്ടമായിത്തീരുന്ന ഇഞ്ചിപ്പുല്ല് അഥവാ ലെമൺഗ്രാസിന്റെ ഇലകളിലാണ് സുഗന്ധതൈലം അധികമുള്ളത്. പുൽത്തൈലം ചേർന്ന ലോഷനുകൾ തറയും കുളിമുറിയും രോഗാണുവിമുക്തമാക്കാൻ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ഈ തൈലത്തിലുള്ള മിക്ക രാസപദാർഥങ്ങളും കൊതുക് ഉൾപ്പെടെ പലതരം കീടങ്ങളെയും തുരത്തിപ്പായിക്കാൻ കഴിവുള്ളവയാണ്.

തവിട്ടുകലർന്ന പച്ചനിറമുള്ള ഇലകളും ചെടിയിൽനിന്നും ഉയർന്നുനിൽക്കുന്ന പൂങ്കുലയും ഇഞ്ചിപ്പുല്ലിന്റെ സവിശേഷതയാണ്. മതിലിനരികിലും ഉദ്യാനത്തിന്റെ നോട്ടം കിട്ടാത്ത മൂലകളിലും അലങ്കാരക്കുളത്തിനോടു ചേർന്നും മരത്തണലിലുമെല്ലാം നിരയായോ കൂട്ടമായോ ഈ പുല്ല് നട്ടു പരിപാലിക്കാം. തലപ്പ് നീക്കി വേരുൾപ്പെടെയുള്ള ചുവടുഭാഗമാണ് നടീൽവസ്തു. ആവശ്യത്തിനു വളർച്ചയായാൽ തലപ്പു വെട്ടി ക്രമീകരിച്ച് ഉയരം കുറഞ്ഞമതിലുപോലെ രൂപപ്പെടുത്താം. ചുവട്ടിൽനിന്നു തൈകൾ ഉണ്ടായിവന്ന് കൂട്ടമായിത്തീരുന്ന ഇഞ്ചിപ്പുല്ല് നടുമ്പോൾ ഒരടി അകലം നൽകിയാൽ മതി.

പുതിന

പുതിന.

മിന്റ് എന്നും അറിയപ്പെടുന്ന പുതിന നമ്മുടെ നാട്ടിൽ സുഗന്ധവ്യഞ്ജനമായി ഉപയോഗമുള്ള ലഘുസസ്യമാണ്. പുതിനയുടെ സുഗന്ധം ചട്നിക്കും ചായയ്ക്കും ബോഡിലോഷനിലുമെല്ലാം നറുമണം നൽകാൻ ഉപയോഗിക്കുകവഴി ലോകമെമ്പാടും പ്രസിദ്ധം. പുതിനതൈലം അടങ്ങിയ ‘മെന്തോൾ ഫ്രഷ്’, മൗത്ത് വാഷ്, ചൂയിങ്ഗം, മിഠായി തുടങ്ങി എത്രയോ ഉൽപന്നങ്ങൾ പ്രായവ്യത്യാസമില്ലാതെ എല്ലാവർക്കും ഇഷ്ടമാണ്. ഗൃഹവൈദ്യത്തിൽ തലവേദനസംഹാരിയായും ദഹനക്കേടിനു പ്രതിവിധിയായും ചുമനിവാരിണിയായുമെല്ലാം പുതിനയ്ക്ക് നല്ല ഡിമാൻഡാണ്.

ഇലകളിൽ ധാരാളമായുള്ള സുഗന്ധ തൈലം മിക്ക പ്രാണികളെയും ചെടിയുടെ പരിസരത്തുനിന്ന് അകറ്റിനിർത്തുന്നു. എന്നാൽ പുതിനച്ചെടി പൂവിട്ടാൽ പൂക്കൾ നിറയെ തേനും അതു നുകരാനായി തേനീച്ചകളും എത്തുകയായി. പൂവിടാത്ത തലപ്പുപയോഗിച്ച് പുതിന അനായാസം വളർത്തിയെടുക്കാം. ചകിരിച്ചോറും ആറ്റുമണലും വളമായി ചാണകപ്പൊടിയും കലർത്തി കുതിർത്തെടുത്ത മിശ്രിതം നഴ്സറി കവറിൽ നിറച്ചതിൽ തലപ്പു നടാം. തലപ്പു നട്ട കവർ തണലത്തുവച്ചു സംരക്ഷിക്കണം. മിശ്രിതം ഉണങ്ങുമ്പോൾ മാത്രം നനയ്ക്കുക. ചെടി വളർന്നുവന്ന് ആവശ്യത്തിനു വലുപ്പമായാൽ തൂക്കുചട്ടിയിലേക്കോ നിലത്തേക്കോ മാറ്റിനടാം. രണ്ടു മൂന്നു ചെടികൾ ഒന്നിച്ചു നട്ടാൽ മാത്രമേ വളർന്നുവന്ന് ചട്ടി നിറയുകയുള്ളൂ. പൂർണ വളർച്ചയെത്തിയ ചെടി തണ്ടിന്റെ മുട്ടുകളിൽനിന്നു വേരുകൾ ഉൽപാദിപ്പിച്ച് പടർന്നുവന്ന് കൂട്ടമാകും. ഭാഗികമായി വെയിൽ കിട്ടുന്നിടങ്ങളിൽപോലും ഈ ലഘുസസ്യം നന്നായി വളരും. എന്നാൽ വളർത്തുന്നിടത്ത് അധിക ഈർപ്പം നിൽക്കാതെ ശ്രദ്ധിക്കണം.

കൊങ്ങിണി

കൊങ്ങിണി.

മഞ്ഞ, ചുവപ്പ്, ഓറഞ്ച്, പിങ്ക്, വെള്ള പൂക്കളുള്ള കൊങ്ങിണി (അരിപ്പൂച്ചെടി) ഉദ്യാനം മോടിയാക്കാൻ പലരും ഉപയോഗിച്ചുവരുന്നു. കൂട്ടമായി വളരുന്ന ഇവയെ അതിർവേലിയായും വളർത്തുന്നുണ്ട്. മതിലിന്റെ മുകളിൽനിന്നു ഞാത്തിവളർത്താനും ഇതു നന്ന്. മറ്റ് അലങ്കാരച്ചെടികളെ അപേക്ഷിച്ച് ഇതിൽ കീടശല്യം വളരെക്കുറവാണ്. ഇതിൽ അടങ്ങിയ ക്യാരിയോ ഫില്ലിൻ, യൂക്കാലിപ്റ്റോൾ, ഹ്യൂമിലിൻ തുടങ്ങിയ രാസപദാർഥങ്ങളാണ് ചെടിയെ കീടങ്ങളിൽനിന്നു സംരക്ഷിക്കുന്നത്. വെയിലത്ത് ഇവയിൽ പലതും ചെടിയിൽനിന്ന് ആവിയായി ചുറ്റുപാടും പരക്കുകയും കൊതുകുൾപ്പെടെ പലതരം പ്രാണികളെ അകറ്റിനിർത്തുകയും ചെയ്യും.

മലേറിയ രോഗം പടരുന്നതു നിയന്ത്രിക്കുന്നതിനായി ആഫ്രിക്കൻ രാജ്യങ്ങളിൽ കൊതുകുകളെ നിർമാർജനം ചെയ്യാൻ ചെലവു കുറഞ്ഞ ഉപാധിയായി കൊങ്ങിണി നട്ടുവളർത്തുന്നു. നന്നായി സൂര്യപ്രകാശം കിട്ടുന്നിടത്തുമാത്രമേ ഈ ചെടി പൂവിടുകയുള്ളൂ. പൂക്കളിലാണ് കീടനാശിനി സ്വഭാവമുള്ള ഇൗ പദാർഥങ്ങൾ അധികമുള്ളത്. കമ്പു മുറിച്ചു നട്ട് അനായാസം വളർത്തിയെടുക്കാം. നന്നായി പൂവിടാൻ കമ്പുകോതൽ ആവശ്യമാണ്. വേനൽക്കാലത്തുപോലും അധികം നനയ്ക്കേണ്ടതില്ല. കൊങ്ങിണി ഉപയോഗിച്ചു തയാറാക്കിയ ജൈവവേലി ഉദ്യാനത്തിന്റെ അഴകു വർധിപ്പിക്കുന്നതിനൊപ്പം കൊതുകിനെതിരെ പ്രതിരോധവുമാണ്. വേനൽപ്പച്ചയുടെ അലങ്കാരയിനം, തുളസി ഇവയും കൊതുകിനെ തുരത്തും.

ലേഖകൻ: ജേക്കബ് വർഗീസ് കുന്തറ, അസോഷ്യേറ്റ് പ്രഫസർ, ബോട്ടണി വിഭാഗം, ഭാരതമാത കോളജ്, തൃക്കാക്കര, കൊച്ചി—21
ഫോൺ: 94470 02211