അന്തിക്കാടു ഗ്രാമത്തിൽ, സംവിധായകൻ സത്യൻ അന്തിക്കാടിന്റെ അയൽപക്കക്കാരാണ് കത്രിനാ കൈഫ്, പ്രിയങ്കാ ചോപ്ര, ലാറാ ദത്ത തുടങ്ങിയ താരങ്ങൾ. പക്ഷേ ഇവർക്കാർക്കും സത്യൻ ഇന്നേവരെ തന്റെ സിനിമകളിൽ അവസരം കൊടുത്തിട്ടില്ല. അതിലവർക്കു പക്ഷേ പരിഭവമില്ല. പകരം കളിച്ചും കടിച്ചും (ഇല്ല, കടിക്കില്ല) കുരച്ചും (ആളു ശരിയല്ലെന്നു കണ്ടാൽ മാത്രം) സുഷമയുടെ അരുമകളായി അവർ അന്തിക്കാടിന്റെ ഗ്രാമീണ ജീവിതം ആസ്വദിക്കുന്നു.
നായ്ക്കൾക്ക് ഇങ്ങനെ നടിമാരുടെ പേരിടുന്നത് തമാശയ്ക്കല്ലെന്ന് സുഷമ. ഉദാഹരണത്തിന്, ഒറ്റനോട്ടത്തിൽ ഒരു മാൻകുട്ടിയെപ്പോലെ തോന്നുന്ന മിനിയേച്ചർ പിൻഷർ എന്ന മിൻപിൻ നായ്ക്കുട്ടിയെ നോക്കിയിരിക്കുമ്പോൾ നീണ്ടു കൊലുന്നനെയുള്ള സുന്ദരി കത്രീന കൈഫിനെ ഓർമവരുമത്രേ. അതുകൊണ്ട് അവൾക്ക് ആ പേരു തന്നെയിട്ടു. പ്രിയങ്കാ ചോപ്രയുടെയും ലാറാ ദത്തയുടെയുമെല്ലാം പേരിടീൽ നടന്നത് ഇങ്ങനെതന്നെ.
പോമറേനിയൻ പ്രണയം
ഇരുപത്തിയഞ്ചു വർഷം മുമ്പ് തൃശൂർ കേരളവർമ കോളജിൽ ബിഎ പൊളിറ്റിക്സ് വിദ്യാർഥിനിയായിരുന്നു സുഷമ. അന്ന് എംഎ പൊളിറ്റിക്സ് വിദ്യാർഥിയായ പ്രശാന്ത്, ഇരുവരും തമ്മിലുള്ള അടുത്ത ചങ്ങാത്തത്തിന്റെ ഓർമയ്ക്കായി സുഷമയ്ക്ക് ഒരു സമ്മാനം നൽകി; ചന്തമുള്ള പോമറേനിയൻ നായ്ക്കുട്ടി. സുഷമയ്ക്കു നായ്ക്കളോടും പൂച്ചകളോടും തീവ്രമായ ഇഷ്ടമുണ്ടെന്ന് അറിഞ്ഞുതന്നെയായിരുന്നു പ്രശാന്തിന്റെ നീക്കം. ഏതായാലും പഠനം കഴിഞ്ഞതോടെ ഇരുവരുടെയും വിവാഹവും കഴിഞ്ഞു.
ജൂലിയെന്നു പേരിട്ടു വിളിച്ച പ്രിയപ്പെട്ട പോമറേനിയൻ തെളിച്ച വഴിയിലൂടെയാണ് തൃശൂർ അന്തിക്കാട് വാത്തിയത്തു വീട്ടിൽ സുഷമ പ്രശാന്തിന്റെ പിന്നീടുള്ള സഞ്ചാരം. നാൽപ്പത്തിയഞ്ചു നായ്ക്കൾ വളരുന്ന കെന്നൽ സംരംഭത്തിലും അരുമകൾക്കുള്ള ഭക്ഷ്യോൽപന്നങ്ങളും കളിപ്പാട്ടങ്ങളുമെല്ലാം വിൽക്കുന്ന പെറ്റ്ഷോപ്പിലുമെത്തി നിൽക്കുന്നു സുഷമയുടെ അരുമപ്രേമം. അധ്യാപനത്തിലും തുടർന്ന് ഫിനാൻസ് രംഗത്തുമെത്തിയ പ്രശാന്തിനുമുണ്ട് ഇന്ന് നായ്ക്കളോട് സുഷമയ്ക്കുള്ള അത്രയും തന്നെ ഇഷ്ടം.
പതിനേഴു വർഷം മുമ്പ് 2500 രൂപ മുടക്കി വാങ്ങിയ ജർമൻ ഷെപ്പേർഡിൽ നിന്നാണു തുടക്കം. പിന്നാലെ ഡോബർമാൻ. അവയുടെ കുഞ്ഞുങ്ങൾക്കുള്ള ആവശ്യക്കാർ നാൾക്കുനാൾ വർധിച്ചുവന്നു; ഒപ്പം സുഷമയുടെ വരുമാനവും. ഇന്റർനെറ്റും ലോകവിജ്ഞാനവുമൊക്കെ വിരൽത്തുമ്പിലെത്തിയതോടെ നായപ്രേമികള്‍ പുതിയ നായ ഇനങ്ങളെയും തേടി വന്നുതുടങ്ങി. ഏതു സംരംഭവും കാലാനുസൃതമായ അഭിരുചികൾക്കനുസരിച്ചു മാറണമല്ലോ. സുഷമയും തിരഞ്ഞു; പേരും പെരുമയുമുള്ള ഇനങ്ങൾ.
എന്നാൽ കേരളത്തിന്റെ ഉഷ്ണമേഖലാ കാലാവസ്ഥയോട് ഇണങ്ങുന്നതും സാധാരണക്കാർക്കു താങ്ങാവുന്ന വിലയുള്ളതുമായ ഇനങ്ങൾ മതിയെന്നും വച്ചു. മിൻപിൻ, ഷിവാവ, ബീഗിൾ, ഫ്രഞ്ച് ബുൾഡോഗ്, പഗ്ഗ് എന്നീ ഇനങ്ങളിൽ ശ്രദ്ധയൂന്നുന്നത് അങ്ങനെ. ഒപ്പം എല്ലാക്കാലത്തും ഡിമാൻഡുള്ള ലാബ്രഡോർ, ഡാഷ്ഹണ്ട്, റോട്ട് വെയ്‌ലർ, ഡോബർമാൻ ഇനങ്ങളെ ചേർത്തുനിർത്തുകയും ചെയ്തു. മേൽപറഞ്ഞ ഓരോ ഇനത്തിന്റെയും ഓരോ ആണും നാലും അഞ്ചും വീതം പെണ്ണുങ്ങളുമാണ് സുഷമയുടെ കെന്നലിലുള്ളത്.
മിൻപിൻ, ഷിവാവ, ബീഗിൾ, ഫ്രഞ്ച് ബുൾഡോഗ്, പഗ്ഗ് എന്നിവയെ പൊതുവേ ടോയ് ബ്രീഡ് എന്നു വിളിക്കാമെന്നു സുഷമ. വലുപ്പം കുറവായതുകൊണ്ടുതന്നെ പരിപാലനം എളുപ്പം. ഇവർ ചുണയും ചൊടിയുമുള്ള കുട്ടികളെപ്പോലെയാണ്. കുട്ടികളോടു ചങ്ങാത്തം കൂടാനും അവർക്കൊപ്പം ഉല്ലസിക്കാനും ഏറെ ഇഷ്ടം. കുളിപ്പിക്കാൻ സോപ്പും ബ്രഷും എടുക്കുന്നുവെന്നു കണ്ടാൽ കുട്ടികളെപ്പോലെ ഓടിയൊളിക്കുകയും വട്ടംചുറ്റിക്കുകയും ചെയ്യുന്ന കുസൃതികളാണ് ഇവരിൽ പലരുമെന്നും സുഷമ.
ലോകത്തിലെ ഏറ്റവും ചെറിയ നായ് എന്നാണ് ഷിവാവയ്ക്കു വിശേഷണം. ഭാരം ഒരു കിലോയിൽ താഴെ. ആപ്പിൾപോലെ ഉരുണ്ട തലയും തിളങ്ങുന്ന ഉണ്ടക്കണ്ണുകളുമുള്ള ഷിവാവയെ കൈനീട്ടിയെടുക്കാൻ ആരും ഇഷ്ടപ്പെടും. പക്ഷേ, സൂക്ഷിക്കണം; കുരയിലും ശൗര്യത്തിലും കുഞ്ഞുവാവയല്ല ഷിവാവ. കുഞ്ഞിനു ശരാശരി 25,000 രൂപ വില. തീരെ ചെറിയ ബ്രീഡ് ആയതുകൊണ്ട് പ്രസവം സിസേറിയനാണെന്നു സുഷമ. മാസം തികയുമ്പോൾ കൊച്ചിൻ പെറ്റ്സ് ഹോസ്പിറ്റലിൽ അഡ്മിറ്റാക്കുകയാണു പതിവ്.
മിനിയേച്ചർ പിൻഷർ എന്ന മിൻപിൻന്റെ ചെവികളും നേർത്ത കാലുകളും ചാടിച്ചാടിയുള്ള നടപ്പുമാണ് അതിനു കലമാനിന്റെ ചന്തം പകരുന്നത്. ഓടിക്കളിക്കാൻ ഇഷ്ടപ്പെടുന്നതിനാൽ മതിൽക്കെട്ടില്ലാതെ വളർത്തിയാൽ അന്വേഷിച്ചു നടക്കേണ്ടിവരും. മൊബൈൽ കമ്പനിയുടെ പരസ്യത്തിലൂടെ പ്രശസ്തനായ പഗ്ഗിനെക്കുറിച്ചു കൂടുതൽ പറയേണ്ടല്ലോ. കരിപുരണ്ടതുപോലുള്ള മുഖവും കുസൃതി നിറഞ്ഞ കണ്ണുകളും വെൽവെറ്റ് ചർമവുമുള്ള പഗ്ഗ് മലയാളിക്കു ചിരപരിചിതമാണിന്ന്. ചെറിയ വിലയ്ക്ക് നല്ല നായ, അതാണു പഗ്ഗ്. മണം പിടിക്കാൻ സമർഥരാണ് ബീഗിൾ. സദാ ഉല്ലാസഭരിതമായ പ്രകൃതം. എളുപ്പം പ്രകോപിതരാകില്ല എന്നതിനാൽ കൈകാര്യം ചെയ്യാനും എളുപ്പം. ഏറക്കുറെ ബീഗിളിന്റെ പ്രകൃതം തന്നെയാണ് ഫ്രഞ്ച് ബുൾഡോഗിനും. ഓട്ടവും കളിയും കൂടുതൽ. വളർത്തണമെങ്കിൽ മതിൽക്കെട്ട് അത്യാവശ്യം. കുഞ്ഞിനു വില 35,000 എത്തും.
ഈ ചെറിയ ബ്രീഡുകളുടെയെല്ലാം പരിപാലനം എളുപ്പമെന്നതിനാലും മികച്ച ഡിമാൻഡുള്ളതിനാലും ഇവയുടെ പ്രജനനവും വിൽപനയും വീട്ടമ്മമാർക്കു യോജിച്ച സംരംഭമെന്നു സുഷമ. സുസ്ഥിര വിപണിയുണ്ടെന്നതാണ് കെന്നൽ സംരംഭത്തിലെ നേട്ടം. ഒഎൽഎക്സ് പോലുള്ള ഓൺലൈൻ സെറ്റുകളിൽ കുഞ്ഞുങ്ങളുടെ ചിത്രം, വില എന്നീ വിവരങ്ങൾ നൽകിയും പരിചയക്കാർ വഴിയുമെല്ലാം സുഷമ ഉപഭോക്താക്കളെ നേടുന്നു. ഓൺലൈനിൽ പരസ്യം കണ്ട് തമിഴ്നാട്ടിൽനിന്നും കർണാടകയിൽനിന്നും ടോയ് ബ്രീഡുകൾ തേടിയെത്തുന്ന ഒട്ടേറെപ്പേരുണ്ട്. തുടക്കക്കാർക്ക് ഓൺലൈൻ വിപണി അനുഗ്രഹമാണെന്നും സുഷമ.
ഫോൺ: 9539709228
പെറ്റ് ഷോപ്പിങ്
ഗ്രാമത്തിൽ പെറ്റ് ഷോപ്പ് തുടങ്ങുമ്പോൾ കച്ചവടത്തെക്കാൾ, മറ്റൊന്നായിരുന്നു ലക്ഷ്യം. ഏജൻസി കമ്മീഷൻ കിഴിച്ചുള്ള വിലയ്ക്ക് മുന്തിയ ഡോഗ് ഫുഡ് തങ്ങളുടെ നായ്ക്കൾക്ക് ലഭിക്കുമല്ലോ. എന്നാൽ കട തുടങ്ങിയതോടെ കഥ മാറി. അന്തിക്കാടുനിന്നു മാത്രമല്ല സമീപപ്രദേശങ്ങളിൽനിന്നെല്ലാം നായ്ക്കൾക്കും പൂച്ചകൾക്കും മൽസ്യങ്ങൾക്കുമെല്ലാം ബ്രാൻഡഡ് ഭക്ഷ്യോൽപന്നങ്ങൾ തേടി ആളുകളെത്തി. അരുമമൃഗങ്ങളെ പരിപാലിക്കുന്നവരുടെയും അവർക്കു മുന്തിയ സൗകര്യങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവരുടെയും എണ്ണം കേരളത്തിൽ വർധിക്കുന്നുവെന്നതിന് ഗ്രാമത്തിലെ പെറ്റ് ഷോപ്പിനു പോലും കിട്ടുന്ന സ്വീകാര്യത തെളിവെന്നു സുഷമ.